മൂസാ-ഖിദ്റ് സംഭവം യഹൂദ പുരാണത്തിൽ നിന്നുള്ള കോപ്പിയടിയല്ലേ?

/മൂസാ-ഖിദ്റ് സംഭവം യഹൂദ പുരാണത്തിൽ നിന്നുള്ള കോപ്പിയടിയല്ലേ?
/മൂസാ-ഖിദ്റ് സംഭവം യഹൂദ പുരാണത്തിൽ നിന്നുള്ള കോപ്പിയടിയല്ലേ?

മൂസാ-ഖിദ്റ് സംഭവം യഹൂദ പുരാണത്തിൽ നിന്നുള്ള കോപ്പിയടിയല്ലേ?

 

മൂസാ (അ) യും ഖിള്‌റും (അ)  തമ്മില്‍ നടന്ന സംഭാഷണങ്ങളും പിന്നീടുണ്ടായ സംഭവങ്ങളുമെല്ലാം സാമാന്യം വിശദമായിത്തന്നെ ഖുര്‍ആനിലെ സൂറത്തുല്‍ കഹ്ഫില്‍ (18:65-82) വിവരിക്കുന്നുണ്ട്. ഏലിജായും യോശുവ ബെന്‍ ലെവിയെന്ന റബ്ബിയും കൂടി നടത്തിയതായി യഹൂദ ഐതിഹ്യത്തില്‍ പറയുന്ന യാത്രയ്ക്കും സംഭവങ്ങ ള്‍ക്കും മൂസാ-ഖിള്ര്‍ സംഭവത്തെക്കുറിച്ച ഖുര്‍ആനിക വിശദീകരണങ്ങളുമായി സാമ്യമുണ്ടെന്നും അതുകൊണ്ട് യഹൂദ ഐതിഹ്യ ത്തില്‍നിന്ന് കടമെടുത്തുകൊണ്ട് മുഹമ്മദ് നബി (സ) കെട്ടിച്ചമച്ചുണ്ടാക്കിയ ഒരു കഥയാണിതെന്നുമാണ് വാദം. Jellinek, Betha-Midrasch, V, 1335ല്‍ ഈ ഐതിഹ്യം വിശദീകരിച്ചിട്ടുണ്ടെന്നും, Zunz, Gesmmelt Vortrage, X, 130ലാണ് ഇതും ഖുര്‍ആനിക കഥയും തമ്മില്‍ സാമ്യമുണ്ടെന്ന് ആദ്യമായി സൂചിപ്പിച്ചിട്ടുള്ളതെന്നും ഓറിയന്റലിസ്റ്റുകളുടെ രചനയായ Encyclopedia of Islam (Page 903 Under the title “Al-Khidr”)ല്‍ പറയുന്നുണ്ട്. ചരിത്ര വസ്തുതകളും പ്രമാണങ്ങളും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ ഈ വാദം അടിസ്ഥാനരഹിതമാണെന്ന് ബോധ്യമാകും:

(1) യഹൂദന്മാര്‍ക്കിടയില്‍ മുഹമ്മദ് നബി (സ) യുടെ കാലത്ത് ഇത്തരം ഒരു ഐതിഹ്യം നിലനില്‍ക്കുകയും അതില്‍ ചില മാറ്റങ്ങള്‍ വരുത്തി മുഹമ്മദ് നബി (സ) ഖുര്‍ആനിലൂടെ അവതരിപ്പിക്കുകയും ചെയ്തിരുന്നുവെങ്കില്‍ അന്നുണ്ടായിരുന്ന യഹൂദന്മാര്‍ ഇക്കാര്യം എടുത്തുപറയുകയും നബി (സ) യെ വിമര്‍ശിക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ യാതൊന്നും സംഭവിച്ചതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല.

(2) യഹൂദ മതത്തില്‍നിന്ന് ഇസ്‌ലാം സ്വീകരിച്ച ഒട്ടനവധി പ്രവാചക ശിഷ്യന്മാരുണ്ടായിരുന്നു. തങ്ങള്‍ കേട്ടുവളര്‍ന്ന ഒരു ഐതിഹ്യം ഏതാനും മാറ്റങ്ങളോടെ അവതരിപ്പിച്ച രീതിയാണ് മൂസാ-ഖിള്ര്‍ (അ)  സംഭവ വിവരണത്തിന്റെ കാര്യത്തില്‍ ഖുര്‍ആനിലുള്ളതെ ങ്കില്‍ അവര്‍ ഇക്കാര്യം സൂചിപ്പിക്കുകയും പ്രവാചകനുമായും മറ്റു ഹാബിമാരുമായും ഇത് ചര്‍ച്ച നടത്തുകയും ചെയ്യുമായിരുന്നു. അത്തരം യാതൊരു സംഭവവും രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്തതിനാല്‍തന്നെ അക്കാലത്തെ യഹൂദര്‍ക്കിടയില്‍ ഇത്തരമൊരു ഐതിഹ്യം പ്രചാരത്തിലില്ലായിരുന്നുവെന്ന് വ്യക്തമാകുന്നുണ്ട്.

(3) പതിനൊന്നാം നൂറ്റാണ്ടിന് മുമ്പ് നിലനിന്ന യാതൊരു യഹൂദ രേഖയിലും ഏലിജാ-യോശുവാ ഐതിഹ്യം പ്രതിപാദിക്കുന്നില്ല. (Brannon-M. Wheeler: “The Jewish Origins of Quran IB: 65-82? Re examining Arent Jan Wensinck’s Theory”: Journel of the American Oriental Society Vol 118, Page 115). മുഹമ്മദ് നബി (സ) യുടെ കാലത്ത് ഇത് പ്രചാരത്തിലിരുന്നെങ്കില്‍ ഇതിനേക്കാള്‍ പ്രാചീനമായ യഹൂദ രേഖകളില്‍ ഈ കഥ കാണേണ്ടതായിരുന്നു.

(4) ഖുര്‍ആനില്‍ പറഞ്ഞ മൂസാ-ഖിള്ര്‍ സംഭവവും യഹൂദ ഐ തിഹ്യങ്ങളും സൂക്ഷ്മ പഠനത്തിന് വിധേയമാക്കിയശേഷം ഓറിയന്റലിസ്റ്റായ ബ്രന്നോന്‍ എം. വീലര്‍ എത്തിച്ചേരുന്ന നിഗമനമിങ്ങനെയാണ്: ”ഈ പണ്ഡിതരോ (യൂദ ഐതിഹ്യത്തില്‍നിന്ന് കോപ്പിയടിച്ചതാണ് മൂസാ-ഖിള്ര്‍ കഥയെന്ന് വാദിക്കുന്നവര്‍) വെന്‍സില്‍ക്കോ Hibbur Yafeh me-ka-yeshuaയുടെ തലക്കെട്ടിന് കീഴില്‍ നല്‍കിയിട്ടുള്ള ഈ കഥ പതിനൊന്നാം നൂറ്റാണ്ടിലെ ഖൈറവാന്‍കാരനായ നി സ്സിം ബിന്‍ ഷഹിനിന്റെ പേരിലുള്ള ഒരു അറബി രചനയുടെ ഹിബ്രു പരാവര്‍ത്തനം മാത്രമാണെന്ന വസ്തുത ശ്രദ്ധിച്ചിട്ടേയില്ല……. ഇതിന്റെ അറബി ഒറിജിനല്‍ കണ്ടെത്തിയശേഷവും, പതിനൊന്നാം നൂറ്റാണ്ടിന് മുമ്പുള്ള ഒരു ഹിബ്രു സ്രോതസ്സും ഈ കഥയുള്‍ക്കൊള്ളുന്നില്ലെന്ന വസ്തുത പരിഗണിക്കാതെ ഇതിനെയാണ് ഖുര്‍ആന്‍ ആശ്രയിച്ചതെന്ന് പണ്ഡിതന്മാര്‍ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുകയാണ്……. ഏലിജയുടെയും യോശുവ ബിന്‍ലെവിയുടെയും കഥയെ ആശ്രയിച്ച് എഴുതപ്പെട്ടതല്ല ഖുര്‍ആന്‍ 18:65-82 എന്ന് ലഭ്യമായ തെളിവുകളെല്ലാം വ്യക്തമാക്കുന്നുണ്ട്. ഖുര്‍ആന്‍ 18:65-82ന്റെ വ്യാഖ്യാനങ്ങളെ, വിശേഷിച്ചും ഉബയ്യുബ്‌നു കഅ്ബിന്റെ കഥയെയും അതിന്റെ പില്‍ക്കാല വിശദീകരണങ്ങളെയും ആശ്രയിച്ചുകൊണ്ടാണോ ഇബ്‌നു ഷാഹിനിന്റെ കഥ രചിക്കപ്പെട്ടിട്ടുള്ളതെന്ന കാര്യം ഇപ്പോഴും ഒരു പ്രശ്‌നമായിത്തന്നെ അവശേഷിക്കുന്നു. ഖുര്‍ആനും ഉബയ്യുബ്‌നു കഅ്ബിന്റെ കഥയുടെ മൂലരൂപവുമായി താരതമ്യം ചെയ്യുമ്പോള്‍, ഇബ്‌നു ഷാഹിന്റെ രചന പുതിയതും ആദ്യകാല ഇസ്‌ലാമിക സ്രോതസ്സുകളുമായി യോജിക്കുന്ന നിരവധി കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമാണ്. ഏലീജയുടെയും യോ ശുവ-ബിന്‍ലെവിയുടെയും കഥയില്‍ ഖുര്‍ആന്‍ 18:65-82ലില്ലാത്തതും ഈ വചനങ്ങളുടെ വ്യാഖ്യാന ഗ്രന്ഥങ്ങളിലുള്ളതുമായ പല കാര്യങ്ങളുടെയും പ്രതിഫലനങ്ങളുണ്ട്. ഖിള്‌റിനുപകരം ഏലീജായെ ഉപയോഗിക്കുവാന്‍ ഇബ്‌നുഷാഹിനെ പ്രേരിപ്പിച്ചത് ഇസ്‌ലാമിക സ്രോതസ്സുകളില്‍ ഈ രണ്ട് വ്യക്തിത്വങ്ങളും തമ്മിലുള്ള അടുത്ത ബന്ധമായിരിക്കാമെന്ന് വ്യാഖ്യാനിക്കാവുന്നതാണ്”. (Ibid Page 155-171) ഖുര്‍ആനിക കഥയുടെ അടിസ്ഥാനത്തില്‍ പതിനൊന്നാം നൂറ്റാണ്ടിലെ ഏതോ യഹൂദന്റെ മനസ്സില്‍ രൂപംകൊണ്ട ഐതിഹ്യമെടുത്ത് പൊക്കി ഈ ഐതിഹ്യത്തിന്റെ അടിസ്ഥാനത്തില്‍ മുഹമ്മദ് നബി (സ) പടച്ചുണ്ടാക്കിയതാണ് മൂസാ-ഖിള്‌റ് സംഭവമെന്ന് വാദിക്കുന്നവര്‍ സ്വന്തം കണ്ണുപൊട്ടിച്ച് അന്ധനാകാന്‍ ശ്രമിക്കുന്നവനെപ്പോലെയാണെന്ന് പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല.

print