മുഹമ്മദ് നബി (സ്വ) ഒരു സ്ത്രീയുടെ ശവത്തെ ഭോഗിച്ചുവെന്ന പ്രചാരണം ഉണ്ടല്ലോ?

/മുഹമ്മദ് നബി (സ്വ) ഒരു സ്ത്രീയുടെ ശവത്തെ ഭോഗിച്ചുവെന്ന പ്രചാരണം ഉണ്ടല്ലോ?
/മുഹമ്മദ് നബി (സ്വ) ഒരു സ്ത്രീയുടെ ശവത്തെ ഭോഗിച്ചുവെന്ന പ്രചാരണം ഉണ്ടല്ലോ?

മുഹമ്മദ് നബി (സ്വ) ഒരു സ്ത്രീയുടെ ശവത്തെ ഭോഗിച്ചുവെന്ന പ്രചാരണം ഉണ്ടല്ലോ?

ശുദ്ധ അസംബന്ധം. ഏതോ മാനസിക രോഗികളുടെ തെറ്റിദ്ധരിപ്പിക്കൽ മാത്രം. മുഹമ്മദ് നബിയുടെ(സ്വ) ജീവിത വിശുദ്ധിയെ കുറിച്ച് അറിയുന്ന ഒരാളും ആരോപിക്കാത്ത നീച ആരോപണം. പ്രമാണങ്ങളിലെ പരാമർശങ്ങൾ ഹീനമായ താല്പര്യങ്ങൾക്ക് വളച്ചൊടിച്ചുകൊണ്ടുള്ള തരംതാണ പ്രോപഗണ്ട.

നീതിയും സത്യസന്ധതയും ഇല്ലാത്ത ഇസ്‌ലാം വിരോധികൾ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്തുത സംഭവത്തിന്റെ യാഥാർഥ്യം ഇങ്ങനെയാണ്: ബാല്യത്തിൽ ഉമ്മ മരണപ്പെട്ട മുഹമ്മദ് നബിയുടെ(സ്വ) വളർത്തുമ്മയാണ് ഫാത്തിമ ബിൻത് അസദ്. സ്വന്തം അമ്മയേക്കാൾ ഏറെക്കാലം നബിയെ പരിചരിച്ച നബിയുടെ സ്നേഹവതിയായ മാതാവ്. നബിയുടെ(സ്വ) വത്സല പിതൃവ്യൻ അബൂ ത്വാലിബിന്റെ ഭാര്യ. നബിയുടെ(സ്വ) വളർത്തുമകനും സന്തത സഹചാരിയും പിന്നീട് മരുമകനുമായ അലിയുടെ ഉമ്മ. നബിയുടെ(സ്വ) ധീര അനുയായികളായിരുന്ന ജഅഫറിന്റെയും അഖീലിന്റെയും ജുമാന(1)യുടെയും ഉമ്മ. ഭർത്താവ് ഇസ്‌ലാമിലേക്ക് വരാൻ മടിച്ചപ്പോഴും, നബിയുടെ അനുയായി ആയി പ്രവർത്തിച്ച ധീര വനിത. ഭർത്താവിന്റെ വിയോഗത്തിന് ശേഷം മക്കളോടൊപ്പം ഇസ്‌ലാമിനെയും നബിയെയും പ്രതിരോധിക്കാൻ മുന്നണിയിൽ നിരന്ന ആദർശശാലിനി. ഒരു ഹാശിമിക്ക് പിറന്ന ചരിത്രത്തിലെ ആദ്യത്തെ ഹാശിമി വനിതയെന്ന കുടുംബ അന്തസ്സിന്റെ ഉടമയും, ഒരു ഖലീഫയുടെ മാതാവായ ആദ്യത്തെ ഹാശിമി വനിതയെന്ന വ്യക്തിഗത നേട്ടത്തിന്റെ ഉടമയുമായ മഹതിയെകുറിച്ച് പ്രമുഖ ചരിത്രകാരൻമാരായ ഇബ്‌നു സഅദ് ‘ത്വബഖാത്തുൽ കുബ്റാ’യിലും, ഇബ്‌നുൽ അസീർ ‘ഉസുദുൽ ഗ്വാബ’യിലും (7168), ഇബ്‌നു അബ്ദിൽ ബർറ് ‘അൽ ഇസ്തീആബി’ലും, ഹാഫിള് ഇബ്‌നു ഹജർ അൽ അസ്ഖലാനി ‘അൽ ഇസ്വാബ’യിലും പരിചയപ്പെടുത്തുന്നു. പ്രമുഖരായ മൂന്നു മുഹദ്ദിസുകൾ മഹതിയിലൂടെ കടന്നുവന്ന ധാരാളം ഹദീസുകൾ ഉദ്ധരിച്ചിട്ടുണ്ട്.

തന്റെ മകൻ അലിയെ(റ) വീട്ടിലാക്കി നബി (സ്വ) മദീനയിലേക്ക് പലായനം ചെയ്തപ്പോൾ, മറ്റു വിശ്വാസികളോടൊപ്പം മദീനയിലേക്ക് ഹിജ്‌റ ചെയ്ത മുഹാജിറ. അലി വൈകാതെ മദീനയിലെത്തി. ജഅഫർ മറ്റു വിശ്വാസികളോടൊപ്പം ആഫ്രിക്കയിലെ എത്യോപ്പ്യയിലേക്ക് ഹിജ്‌റ പോയതാണ്). മദീനയിൽ കുറച്ചുകാലം ജീവിച്ച മഹതിയുടെ വിയോഗം മദീനയിൽ തന്നെയായിരുന്നുവെന്ന് ഇബ്‌നുൽ അസീർ, ഇബ്‌നു അബ്ദിൽ ബർറ്, ഇബ്‌നു അസാകിർ (താരീഖ് ദിമിശ്ഖ്), ദഹബി (താരീഖുൽ ഇസ്‌ലാം) മുതലായ എല്ലാ ജീവചരിത്രകാരന്മാരും രേഖപ്പെടുത്തുന്നു. ഹിജ്‌റ രണ്ടാം വർഷം ബദ്ർ പോരാട്ടത്തിന് ശേഷം, മകൻ അലി നബിയുടെ പുത്രി ഫാഥ്വിമയെ വിവാഹം ചെയ്ത ശേഷക്കാലവും മഹതി ജീവിച്ചിരുന്നിട്ടുണ്ട്. ഫാഥ്വിമയുടെ വീട്ടുജോലിഭാരങ്ങൾ സംബന്ധമായി അലി ഉമ്മയോട് സങ്കടപ്പെടുന്ന രംഗം ചരിത്രത്തിൽ രേഖപ്പെട്ടിട്ടുണ്ട്. അലിയുടെയും ഫാഥ്വിമയുടെയും കൂടെ അവരുടെ വീട്ടിൽ മഹതിയും ഉണ്ടായിരുന്നുവെന്നാണ് വിവിധ പരാമർശങ്ങൾ വ്യക്തമാക്കുന്നത്. ഹിജ്‌റ മൂന്നാം വർഷം ശവ്വാലിൽ നടന്ന ഉഹ്ദ് പോരാട്ടത്തിലായിരുന്നുവല്ലോ, നബിയുടെ പിതൃവ്യൻ ഹംസ വധിക്കപ്പെട്ടത്. ഹംസയുടെ മകൾ ഫാഥ്വിമയുടെ രക്ഷാധികാരം നബിയിലെത്തി. നബി (സ്വ) അവളെ സലമത്ത് ബ്‌നു അബീ സലമത്തിന് പിന്നീട് വിവാഹം ചെയ്തു കൊടുത്തു. നബിയ്ക്ക്(സ്വ) ഈയ്യിടെ കുറച്ചു കസവുപട്ടുതുണി സമ്മാനമായി ലഭിച്ചിരുന്നു. അത് ‘ഫാഥ്വിമമാർക്ക് മുഖമക്കനയാക്കി നൽകു’വാൻ നബി (സ്വ) നിർദ്ദേശിച്ചു. അതുപ്രകാരം, ആ തുണി ഉപയോഗിച്ച് നബിയുടെ പുത്രി ഫാഥ്വിമ, ചർച്ച ചെയ്യപ്പെടുന്ന അലിയുടെ ഉമ്മ ഫാഥ്വിമ, ഹംസയുടെ മകൾ ഫാഥ്വിമ, അലിയുടെ സഹോദരൻ അഖീലിന്റെ പത്നി ഫാഥ്വിമ എന്നിവർക്ക് മക്കനയുണ്ടാക്കി നൽകി. ഇക്കാര്യം പ്രമുഖ ഹദീസ് സമാഹാരമായ ഇബ്‌നു മാജയിൽ (ഹദീസ് നമ്പർ 3596) രേഖപ്പെടുത്തിയതിനു പുറമെ, ഹാഫിള് അസ്ഖലാനിയെ പോലുള്ള ചരിത്രകാരന്മാരും സ്ഥിരീകരിച്ചിട്ടുണ്ട്. ഹിജ്‌റ മൂന്നാം വർഷാവസാനം വരെയെങ്കിലും ഫാഥ്വിമ ബിൻത് അസദ് മദീനയിൽ ജീവിച്ചിരുന്നിട്ടുണ്ടെന്ന്‌ ഈ സംഭവം തെളിയിക്കുന്നു. പ്രവാചകൻ (സ്വ) മഹതിയുടെ ഭവനം സന്ദർശിക്കാറുണ്ടായിരുന്നുവെന്നും അവിടെ ‘ഉച്ചയുറക്കം’ (ഖൈലൂലത്ത്) നടത്താറുണ്ടായിരുന്നുവെന്നും ഇബ്‌നു സഅദ് രേഖപ്പെടുത്തുന്നു. وَكَانَ رَسُولُ اللَّهِ – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – يزورها ويقيل في بيتها.

നബിയ്ക്ക് പ്രിയപ്പെട്ട മാതാവായിരുന്നു ഫാഥ്വിമ ബിൻത് അസദ്. അബൂ ത്വാലിബിന് ശേഷം മഹതിയെക്കാൾ തന്നോട് രക്തബന്ധപരിഗണന കാണിച്ച മറ്റാരേയും ഞാൻ കണ്ടിട്ടില്ല’ (لم نلق بعد أبي طالب أبرّ بي منها) എന്ന് നബി (സ്വ) പറയുകയുണ്ടായി. മഹതി മരണപ്പെട്ടപ്പോൾ, വീട്ടിലെത്തി, മഹതിയുടെ തലയുടെ ഭാഗത്തിരുന്ന് ഇങ്ങനെ അനുശോചിച്ചു: “എന്റെ പ്രിയ മാതാവേ, അങ്ങയെ അല്ലാഹു അനുഗ്രഹിക്കട്ടെ. എന്റെ പെറ്റുമ്മയുടെ വിയോഗാനന്തരം അങ്ങായിരുന്നു എന്റെ ഉമ്മ. വിശപ്പ് സഹിച്ചും ഉള്ളതെടുത്ത് അങ്ങ് എന്റെ വയറു നിറയെ തീറ്റി. ഉടുക്കാൻ ആവശ്യമുണ്ടായിട്ടും കിട്ടുന്ന വസ്ത്രങ്ങൾ അങ്ങെന്നെ അണിയിച്ചു. സ്വന്തം ഇഷ്ടങ്ങൾ വെടിഞ്ഞും അങ്ങെന്നെ രുചിയുള്ളത് ഭക്ഷിപ്പിച്ചു. അല്ലാഹുവിന്റെ പ്രീതിയും പരലോക മോക്ഷവും മാത്രമായിരുന്നു, ഇതുകൊണ്ടെല്ലാം അങ്ങ് ലക്ഷ്യം വെച്ചത്”. رَحِمَكِ اللَّهُ يَا أُمِّي، كُنْتِ أُمِّي بَعْدَ أُمِّي، تَجُوعِينَ وَتُشْبِعِينِي، وَتَعْرَيْنَ وَتَكْسِينِي، وَتَمْنَعِينَ نَفْسَكِ طَيِّبًا وَتُطْعِمِينِي، تُرِيدِينَ بِذَلِكَ وَجْهَ اللَّهِ وَالدَّارَ الْآخِرَةَ “. പിന്നെ, മഹതിയെ മൂന്നുവട്ടം ദേഹമാസകലം വെള്ളമൊഴിച്ചു കുളിപ്പിക്കാൻ നിർദ്ദേശിച്ചു. കർപ്പൂരം ഒഴിച്ചിട്ടുള്ള വെള്ളം മൃത ശരീരത്തിൽ ഒഴിക്കാൻ സമയമായപ്പോൾ, നബി (സ്വ) തന്നെ അതുവാങ്ങി, മഹതിയുടെ ശരീരത്തിൽ ഒഴിച്ചു. കുളിപ്പിച്ച് കഴിഞ്ഞപ്പോൾ, നബി അണിഞ്ഞിരുന്ന നീളക്കുപ്പായം (ഖമീസ്) അഴിച്ചു മഹതിയെ ഉടുപ്പിച്ചു. അതിനുമുകളിൽ രോമത്തിന്റെ കറുത്ത തുണികൊണ്ട് പൊതിഞ്ഞു. ശേഷം, ഉസാമത്ത് ബ്‌നു സൈദ്, അബൂ അയ്യൂബിൽ അൻസ്വാരി, ഉമർ ബ്‌നുൽ ഖത്വാബ്, ഒരു കറുത്ത സേവകൻ എന്നിവരെ വിളിച്ചു ഖബർ കുഴിക്കാൻ ആവശ്യപ്പെട്ടു. അവർ കുഴിക്കാൻ തുടങ്ങി. കുഴിയായപ്പോൾ, നബി (സ്വ) തന്നെ കുഴിയിലിറങ്ങി, തന്റെ കൈകൾ കൊണ്ട് കുഴിയുടെ ഒരുവശത്തുനിന്നും(2) മണ്ണ് മാന്തിയെടുക്കാൻ തുടങ്ങി. ആവശ്യത്തിന് മണ്ണെടുത്ത ശേഷം, നബി (സ്വ) അതിൽ ചെരിഞ്ഞു കിടന്നു (മയ്യിത്ത് വെക്കാറുള്ള പോലെ). എന്നിട്ടിങ്ങനെ പ്രാർത്ഥിച്ചു: “ജീവിച്ചിരിക്കുന്നവനും മരിക്കാത്തവനുമായ അല്ലാഹുവേ, എന്റെ പ്രിയമാതാവ് ഫാഥ്വിമ ബിൻത് അസദിന് നീ പൊറുത്തുകൊടുക്കണേ, അവർക്ക് (ഖബറിലെ ചോദ്യസമയത്ത്) സത്യപ്രമാണം നൽകി അനുഗ്രഹിക്കണേ. നിന്റെ ഈ പ്രവാചകന്റെയും എനിക്കുമുമ്പുള്ള പ്രവാചകന്മാരുടെയും മഹത്വത്തെ പരിഗണിച്ച് അവരുടെ ഖബർ നീ വിശാലമാക്കണേ, നിശ്ചയം നീ മഹാ കാരുണ്യവാനല്ലോ’. اللَّهُ الَّذِي يُحْيِي وَيُمِيتُ، وَهُوَ حَيٌّ لَا يَمُوتُ، اغْفِرْ لِأُمِّي فَاطِمَةَ بِنْتِ أَسَدٍ، وَلَقِّنْهَا حُجَّتَهَا، وَوَسِّعْ عَلَيْهَا مُدْخَلَهَا بِحَقِّ نَبِيِّكَ وَالْأَنْبِيَاءِ الَّذِينَ مِنْ قَبْلِي ; فَإِنَّكَ أَرْحَمُ الرَّاحِمِينَ” ശേഷം, നാല് തക്ബീറുകൾ ചൊല്ലി മയ്യിത്ത് നിസ്കരിച്ചു. നബിയും അബൂബക്കർ സ്വിദ്ധീഖും നബിയുടെ മൂത്ത പിതൃവ്യൻ അബ്ബാസും ചേർന്ന് മഹതിയെ ലഹ്‌ദിലേക്ക് ചെരിച്ചുകടത്തിവെച്ചു. ഹദീസ് സമാഹർത്താക്കളായ ത്വബ്റാനി തന്റെ കബീറിലും ഔസത്തിലും ഈ സംഭവം ഇതുപോലെ ഉദ്ധരിച്ചിരിക്കുന്നു(3). പതിവില്ലാത്ത ഒരു പ്രവൃത്തി നബിയിൽ നിന്നും കാണാനിടയായ അനുയായികൾ, മഹതിയെ അടക്കം ചെയ്ത ശേഷം നബിയോട് അന്വേഷിച്ചു: “അല്ലാഹുവിന്റെ ദൂതരേ, മറ്റാരുടെയും ഖബറടക്ക സമയത്ത് ചെയ്യാത്ത ചില കാര്യങ്ങൾ അങ്ങ് ഇവിടെ ചെയ്തല്ലോ?!”. അപ്പോൾ നബി പ്രതിവചിച്ചു: “എന്റെ ഖമീസ് ഞാൻ അവർക്ക് അണിഞ്ഞുകൊടുത്തത്, അവർക്ക് സ്വർഗ്ഗത്തിലെ പുടവകൾ അണിയക്കപ്പെടുവാനായിട്ടാകുന്നു. അവർ കിടക്കുന്ന ഖബ്‌റിൽ ഞാൻ കയറിക്കിടന്നത് അവർക്ക് ഖബറിന്റെ ഇടുക്കം ലഘൂകരിക്കപ്പെടാൻ വേണ്ടിയാകുന്നു. കാരണം, അബൂ ത്വാലിബ് മരണപ്പെട്ട ശേഷം ഏറ്റവും മെച്ചപ്പെട്ട രീതിയിൽ എന്നെ സംരക്ഷിച്ച സ്ത്രീയാണവർ.” (ത്വബ്റാനി)

أَلْبَسْتُهَا قَمِيصِي ; لِتَلْبَسَ مِنْ ثِيَابِ الْجَنَّةِ، وَاضْطَّجَعْتُ مَعَهَا فِي قَبْرِهَا ; خُفِّفَ عَنْهَا مِنْ ضَغْطَةِ الْقَبْرِ؛ إِنَّهَا كَانَتْ مِنْ أَحْسَنِ خَلْقِ اللَّهِ إِلَيَّ صَنِيعًا بَعْدَ أَبِي طَالِبٍ. അനേകം ചരിത്രകാരന്മാരും ഈ സംഭവം ഉദ്ധരിച്ചിട്ടുണ്ട്. തന്റെ വളർത്തുമ്മയായ അമ്മായിയോട് നബി (സ്വ) കാണിച്ച മാതൃകാപരമായ സ്നേഹകടപ്പാടുകൾ എത്ര മഹോന്നതമായിരുന്നു എന്ന് ഈ സംഭവം കാണിക്കുന്നു.

എന്നാൽ, ഇസ്‌ലാമിനെയും നബിയെയും എങ്ങനെയെങ്കിലും അവഹേളിക്കാൻ ആഗ്രഹിക്കുന്ന മലിനമനസ്‌കർ ഈ സംഭവത്തെ ശവഭോഗത്തിലേക്ക് തിരിച്ചുവിട്ടത് കാണുമ്പോൾ, വിരോധം മനുഷ്യരെ എത്ര അധമരാക്കിത്തീർക്കുന്നു എന്ന് മനസ്സിലാകും. ഒരു സംഭവം ഹദീസുകളിൽ രണ്ടുവിധത്തിൽ ഉദ്ധരിക്കാറുണ്ട്. സാമാന്യം വിശദമായും, വളരെ ചുരുക്കിയും. രണ്ടും രണ്ടു സന്ദർഭങ്ങളിൽ പ്രസക്തവുമാണ്. എന്നാൽ, ചുരുക്ക വിവരണത്തിൽ പറയുന്ന കാര്യങ്ങളെ തെറ്റിദ്ധരിപ്പിച്ചു, യഥാർത്ഥ വശം മറച്ചുവെക്കുകയായിരുന്നു ആരോപകർ. ഈ സംഭവത്തെ നരാധമർ അവതരിപ്പിച്ച രീതി ഇങ്ങനെയായിരുന്നു: മദീനയിൽ ഒരു സ്ത്രീ മരണപ്പെടുന്നു. അവരുടെ കുഴിമാടത്തിൽ പ്രവാചകൻ ഇറങ്ങുന്നു. തന്റെ വസ്ത്രം അഴിച്ചു ആ ശവത്തോടൊപ്പം കിടക്കുന്നു?! നോക്കൂ, ആ സ്ത്രീ നബിയുടെ അമ്മായിയും മാതാവുമാണെന്ന കാര്യം മറച്ചുവെച്ചു. മയ്യിത്തിനെ പുടവ അണിയിക്കുന്ന സമയത്ത് അവിടെവെച്ചാണ് തന്റെ ഖമീസ് അഴിച്ചു അതിൽ ഉമ്മയെ പൊതിഞ്ഞതെന്ന കാര്യം ഒളിച്ചുവെച്ചു. മദീനയിൽ തന്റെ അനുയായികൾ ചേർന്ന് ഖബർ കുഴിക്കുന്നതിനിടയിൽ, അവർക്ക് മുന്നിൽ വെച്ചായിരുന്നു നബി, മയ്യിത്ത് കിടത്തേണ്ട മടയിൽ ചെരിഞ്ഞുകിടന്നതെന്നും അതിനു ശേഷമായിരുന്നു മയ്യിത്ത് മറ്റുള്ളവരുടെ സഹായത്തോടെ അതേസ്ഥാനത്തേക്ക് കടത്തിവെക്കുന്നതെന്നുമുള്ള സംഗതി പുറത്തുപറഞ്ഞില്ല. മയ്യിത്ത് കിടത്തുന്ന ഇത്തരം ഖബറിലെ മടയിൽ രണ്ടാമതൊരാൾക്ക് കിടക്കാൻ കഴിയില്ലെന്ന നാട്ടനുഭവം പൂഴ്ത്തിവെച്ചു. എന്തിനാണിതെല്ലാം?! മുഹമ്മദ് ശവത്തെ ഭോഗിച്ചുവെന്നു വരുത്താൻ!! അസൂയയും വിദ്വേഷവും മനുഷ്യരെ കൊണ്ടെത്തിക്കുന്ന അനാവസ്ഥ എത്ര ഭീകരമാണ്!!

സംഭവം വളച്ചൊടിക്കാൻ ദുഷ്ടമനസ്കർ നിവേദനത്തിൽ വന്ന وَاضْطَّجَعْتُ مَعَهَا فِي قَبْرِهَا എന്ന പദത്തിന്, സംഭവത്തിന്റെ സന്ദർഭവും സാഹചര്യവും മറച്ചുവെച്ചുകൊണ്ട്, തെറ്റായി അർത്ഥം കല്പിക്കുകയായിരുന്നു. ‘ഇള്തജഅ’ =’ഭോഗിച്ചു’ എന്ന അർത്ഥത്തിൽ അവർ ചാടിപ്പിടിക്കുകയായിരുന്നു. പദപ്രയോഗത്തെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട്, താന്തോന്നികൾക്ക് ശവഭോഗത്തെ അനുക്കൂലമാക്കിയെടുക്കാനും സംസ്കാരസമ്പന്നർക്ക് മുന്നിൽ പ്രവാചകനെ അവഹേളിക്കാനും നടത്തുന്ന സാഹസം പക്ഷേ, പഠിതാക്കൾക്ക് നബിയിലെ മനുഷ്യനെ മനസ്സിലാക്കാൻ കൂടുതൽ അവസരമുണ്ടാക്കി എന്നതാണ് ഗുണഫലം.

കുറിപ്പുകൾ

(1) ഹിജ്‌റ ഏഴാം വർഷം മുഹറമിലെ ഖൈബർ പോരാട്ട ശേഷം, മഹതിയുടെ മകൾ ജുമാനയ്ക്ക് നബി (സ്വ) മുപ്പത് വസ്ഖ് (ഏതാണ്ട് നൂറ്റി അമ്പത് കിലോ ഭാരം വരുന്ന ഒട്ടകച്ചുമടാണ്‌ വസ്ഖ് (30 * 150 = 4500 kg) വസ്തുക്കൾ സമ്മാനമായി കൊടുത്തയച്ച സംഭവം ചരിത്രത്തിലുണ്ട്. (അർറൗളത്തുൽ ഫൈഹാ/ യാസീനിൽ ഉമരി/മ. ഹി. 1232 )
(2)രണ്ടുതരം ഖബ്ർ ഉണ്ട്. നേരെ താഴേക്ക് കുഴിക്കുന്ന സാധാരണ രൂപം. താഴേക്ക് കുഴിച്ച ശേഷം, ഒരാളെ ചെരിച്ച് കിടത്താവുന്നവിധം ഖിബ്‌ലയുടെ ഭാഗത്തുനിന്നും മണ്ണെടുക്കുന്ന രണ്ടാം രൂപം. മുകളിൽ നിന്നും നോക്കിയാൽ മയ്യിത്ത് ഒറ്റനോട്ടത്തിൽ കാണില്ല. മുകൾ ഭാഗം അടയ്ക്കുമ്പോൾ മയ്യിത്തിനു മേൽ മണ്ണോ മറ്റോ വീഴാതെ സംരക്ഷിക്കുകയാണ് ഒരു ലക്ഷ്യം. ഉറച്ച മണ്ണുള്ളിടത്താണ് ഇത് പ്രായോഗികമാവുക. ലഹ്ദ് എന്നാണിതിന് പേര്.
(3) ഹദീസ് നിവേദകരിൽ റൗഹ്ബ്നു സ്വലാഹ് എന്ന വ്യക്തി ദുർബ്ബലനാണെന്ന അഭിപ്രായം നൂറുദ്ധീൻ അൽഹൈസമി (ഹി 807) പ്രകടിപ്പിക്കുന്നുവെങ്കിലും, ആദ്യകാല നിരൂപകനായ ഇബ്നു ഹിബ്ബാൻ, ഹാകിം എന്നിവർ അദ്ദേഹം വിശ്വസ്തനാണെന്ന് സമ്മതിച്ചകാര്യം ശ്രദ്ധേയമാണ്. ഒരു മതവിധി പറയാനുള്ള ബലം ഇല്ലെന്നു വന്നാലും, ഒരു സംഭവം സ്ഥിരീകരിക്കാൻ ഈ നിവേദനം ധാരാളം മതി.

print