മുഹമ്മദ് നബി വിളക്കും അല്ലാഹു പ്രകാശവുമാണോ ?

/മുഹമ്മദ് നബി വിളക്കും അല്ലാഹു പ്രകാശവുമാണോ ?
/മുഹമ്മദ് നബി വിളക്കും അല്ലാഹു പ്രകാശവുമാണോ ?

മുഹമ്മദ് നബി വിളക്കും അല്ലാഹു പ്രകാശവുമാണോ ?

സൂര്യനെ വിളക്കായും ചന്ദ്രനെ പ്രകാശമായും വിശേഷിപ്പിച്ച ക്വുർആൻ സൂര്യൻ പ്രക്സശസ്രോതസ്സാണെന്നും ചന്ദ്രൻ അതിന്റെ പ്രകാശം പ്രതിഫലിപ്പിക്കുകയാണ് ചെയ്യുന്നതെന്നുമാണ് വ്യക്തമാക്കുന്നതെന്നും കൃത്യമായ പരാമർശങ്ങളാണ് ക്വുർആൻ നടത്തുന്നതെന്ന് ഇതിന്റെ അടിസ്ഥാനത്തിൽ വാദിക്കുന്നത് ശുദ്ധ തട്ടിപ്പാനിന്നും യുക്തിവാദികൾ പറയുന്നു. ഖുര്‍ആന്‍ 33:45,46ല്‍ മുഹമ്മദ് നബിയെ വിളക്കായും (സിറാജ്) 24:35ല്‍ അല്ലാഹുവിനെ പ്രകാശമായും (നൂര്‍) ഉപമിച്ചിട്ടുണ്ട്. മുഹമ്മദ് നബിയാണ് പ്രകാശ സ്രോതസ്സെന്നും അല്ലാഹു അദ്ദേഹത്തിന്റെ പ്രകാശം പ്രതിഫലിപ്പിക്കുകയാണെന്നുമല്ലേ നടേ പറഞ്ഞ വ്യാഖ്യാനം അംഗീകരിച്ചാല്‍ വന്നു ചേരുക. യുക്തിവാദികളുടെ വിമര്ശനത്തെപ്പറ്റി എന്ത് പറയുന്നു?

സൂര്യനെ വിളക്കായും ചന്ദ്രനെ പ്രകാശമായും ക്വുർആൻ വിശേഷിപ്പിച്ചിട്ടുണ്ട്. സൂര്യൻ പ്രക്സശസ്രോതസ്സാണെന്ന് അതിനെ വിശേഷിപ്പിച്ച സിറാജ് എന്ന പദം തന്നെ വ്യക്തമാക്കുന്നുണ്ട്. വിളക്ക് എന്നാണ് ആ പദത്തിന്റെ നേർക്ക് നേരെയുള്ള അർഥം. എന്നാൽ ചന്ദ്രനെ വിശേഷിപ്പിച്ച നൂർ എന്ന പദത്തിന് നേർക്ക് നേരെ പ്രതിഫലിക്കപ്പെട്ട പ്രകാശം എന്ന അർത്ഥമില്ല; പ്രകാശം എന്ന് മാത്രമാണ് അതിന്റെ അർത്ഥം . ചന്ദ്രൻ സൂര്യന്റെ പ്രകാശം പ്രതിഫലിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് നമുക്കറിയാം. ഏത് തരം പ്രകാശമായാലും അതിന് നൂർ എന്ന് പറയും; പ്രതിഫലിക്കപ്പെട്ടതാവട്ടെ അല്ലാത്തതാകട്ടെ. സൂര്യനെക്കുറിച്ച് മാത്രമേ സിറാജ് എന്ന് ക്വുർആൻ പ്രയോഗിച്ചിട്ടുള്ളൂവെന്നും ചന്ദ്രനെക്കുറിച്ച് നൂർ എന്നും മുനീർ എന്നുമാണ് പ്രയോഗിച്ചതെന്നുമുള്ള വസ്തുതകൾ വ്യക്തമാക്കുന്നത് പ്രകാശസ്രോതസ്സാണ് സൂര്യനെന്ന വസ്തുത അറിയാവുന്നവനിൽ നിന്നാണ് അത് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത് എന്നാണ്. ഇതാണ് ഇവ്വിഷയകമായി ഇസ്‌ലാമിക പ്രബോധകർ പറയാറുള്ളത്. രാത്രിയിൽ കാണുന്ന ചന്ദ്രനെയാണ് വിളക്ക് എന്ന അർത്ഥത്തിൽ സിറാജ് എന്ന് വിളിക്കാൻ ഒരു മരുഭൂനിവാസിക്ക് അനുയോജ്യമെങ്കിലും ഖുർആൻ ഒരിക്കലും ചന്ദ്രനെ അങ്ങനെ വിളിക്കുന്നില്ലെന്നതാണ് അതിലെ പദപ്രയോഗങ്ങളിലെ കൃത്യതയും സൂക്ഷ്മതയും അങ്ങനെ ദൈവികതയും വ്യക്തമാക്കുന്നത്.

ഖുര്‍ആന്‍ 33:45,46ല്‍ മുഹമ്മദ് നബിയെ വിളക്കായും (സിറാജ്) 24:35ല്‍ അല്ലാഹുവിനെ പ്രകാശമായും (നൂര്‍) ഉപമിച്ചിട്ടുണ്ടെന്നും മുഹമ്മദ് നബിയാണ് പ്രകാശ സ്രോതസ്സെന്നും അല്ലാഹു അദ്ദേഹത്തിന്റെ പ്രകാശം പ്രതിഫലിപ്പിക്കുകയാണെന്നുമല്ലേ നടേ പറഞ്ഞ വിശദീകരണം അംഗീകരിച്ചാല്‍ വന്നു ചേരുകയെന്നുമാണ് വിമര്‍ശകർ ചോദിക്കുന്നത്.

ഉദ്ധരിക്കപ്പെട്ട ഖുര്‍ആന്‍ വചനങ്ങള്‍ പരിശോധിക്കുക. ”നബിയേ, തീര്‍ച്ചയായും നിന്നെ നാം ഒരു സാക്ഷിയും സന്തോഷവാര്‍ത്ത അറിയിക്കുന്നവനും, താക്കീതുകാരനും ആയിക്കൊണ്ട് നിയോഗിച്ചിരിക്കുന്നു. അല്ലാഹുവിന്റെ ഉത്തരവനുസരിച്ച് അവങ്കലേക്ക് ക്ഷണിക്കുന്നവനും, പ്രകാശം നല്‍കുന്ന ഒരു വിളക്കും ആയിക്കൊണ്ട്.” (33:45,46)

”അല്ലാഹു ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമാകുന്നു. അവന്റെ പ്രകാശത്തിന്റെ ഉപമയിതാ: (ചുമരില്‍ വിളക്ക് വെക്കാനുള്ള) ഒരു മാടം അതില്‍ ഒരു വിളക്ക്. വിളക്ക് ഒരു സ്ഫടികത്തിനകത്ത്. സ്ഫടികം ഒരു ജ്വലിക്കുന്ന നക്ഷത്രം പോലെയിരിക്കുന്നു. അനുഗൃഹീതമായ ഒരു വൃക്ഷത്തില്‍ നിന്നാണ് അതിന് (വിളക്കിന്) ഇന്ധനം നല്‍കപ്പെടുന്നത്. അതായത് കിഴക്ക് ഭാഗത്തുള്ളതോ പടിഞ്ഞാറ് ഭാഗത്തുള്ളതോ അല്ലാത്ത ഒലീവ് വൃക്ഷത്തില്‍ നിന്ന്. അതിന്റെ എണ്ണ തീ തട്ടിയില്ലെങ്കില്‍ പോലും പ്രകാശിക്കുമാറാകുന്നു. (അങ്ങനെ) പ്രകാശത്തിന്‍മേല്‍ പ്രകാശം. അല്ലാഹു തന്റെ പ്രകാശത്തിലേക്ക് താന്‍ ഉദ്ദേശിക്കുന്നവരെ നയിക്കുന്നു. അല്ലാഹു ജനങ്ങള്‍ക്ക് വേണ്ടി ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനത്രെ.” (24:35)

ഈ രണ്ട് വചനങ്ങളും രണ്ട് സ്വതന്ത്ര വചനങ്ങളാണ്; ഒന്ന് മറ്റേതിന്റെ ബാക്കിയോ വിശദീകരണമോ അല്ല. സൂറത്തു അഹ്‌സാബിലെ 45,46 വചനങ്ങള്‍ മുഹമ്മദ് നബി(സ)യുടെ സവിശേഷതകള്‍ വിവരിക്കുകയാണ് ചെയ്യുന്നത്. അദ്ദേഹം സാക്ഷിയും സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീതുകാരനും അല്ലാഹുവിന്റെ ഉത്തരവനുസരിച്ച് അവങ്കലേക്ക് ക്ഷണിക്കുന്നവനുമാണ്; അതോടൊപ്പംതന്നെ അദ്ദേഹം ജനങ്ങള്‍ക്ക് പ്രകാശം നല്‍കുന്നവനും സ്വയം തന്നെ പ്രകാശിക്കുന്നവനമാണ്. അത് ക്പന്റാണ് അദ്ദേഹത്തെ സിറാജന്‍ മുനീറാ എന്ന് വിളിച്ചിരിക്കുന്നത്. ഇതൊരു ഉപമാലങ്കാരമാണ്. മുഹമ്മദ് നബി (സ) സ്വയം പ്രകാശിക്കുന്ന വിളക്കാണ് എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. അദ്ദേഹത്തിന്റെ കര്‍മ്മങ്ങളും നിര്‍ദ്ദേശങ്ങളും അനുവാദങ്ങളുമെല്ലാം അവസാനനാളുവരെയുള്ള മനുഷ്യര്‍ക്കെല്ലാം വെളിച്ചമായിത്തീരുന്നവയാണ്. മുഹമ്മദ് നബി (സ)യെന്ന വിളക്കില്‍ നിന്ന് പുറപ്പെടുന്ന വെളിച്ചമാണ് സുന്നത്ത്. ഇസ്‌ലാമിന്റെ രണ്ടാമത്തെ പ്രമാണമാണത്. മുഹമ്മദ് നബി (സ) സ്വയം വിളക്കായിത്തീര്‍ന്നതല്ല, പ്രത്യുത അല്ലാഹു അദ്ദേഹത്തെ വിളക്കാക്കിത്തീര്‍ത്തതാണ്. സ്വന്തം ജീവിതത്തിന്റെ പ്രകാശത്തിലൂടെ അവസാനനാളുവരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കും വഴികാട്ടിയായിത്തീരുവാനുള്ള വിളക്ക്. കെട്ടുപോയ വിളക്കല്ല അദ്ദേഹം; പ്രകാശം നല്‍കികൊണ്ടിരിക്കുന്ന സജീവമായ വിളക്കാണ്-സിറാജന്‍ മുനീറാ. എത്ര സുന്ദരമായ ഉപമാലങ്കാരം!

അല്ലാഹുവിനെ പരിചയപ്പെടുത്തുന്ന അതിസുന്ദരമായ ഖുര്‍ആന്‍ വചനങ്ങളിലൊന്നാണ് സൂറത്തുന്നൂറിലെ 35ാമത്തെ വചനം. ഇതും ഒരു ഉപമാലങ്കാരമാണ്. ആകാശഭൂമികളുടെ പ്രകാശമാണ് അല്ലാഹു. പ്രപഞ്ചത്തിന് മുഴുവന്‍ വെളിച്ചം നല്‍കുന്ന അവന്റെ പ്രകാശം മറ്റേതെങ്കിലും സ്രോതസ്സില്‍ നിന്ന് വരുന്നതല്ല. അവന്‍തന്നെയാണ് വിളക്കും വിളക്കുമാടവും അത് വെച്ചിരിക്കുന്ന സ്ഫടികക്കൂടുമെല്ലാം. പ്രകാശത്തിനു മേല്‍ പ്രകാശമാണവന്‍. അവന്റെ പ്രകാശത്തിലേക്ക് ആളുകളെ നയിക്കുന്നതും അവന്‍തന്നെ. ഇവിടെ അല്ലാഹുവിനെ കേവല പ്രകാശത്തോടല്ല ഉപമിച്ചിട്ടുള്ളതെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. അവന്‍തന്നെയാണ് വിളക്കും വിളക്കുമാടവും സ്ഫടികക്കൂടുമെല്ലാം എന്ന് വ്യക്തമാക്കുകയും അവന്റെ പ്രകാശത്തിലേക്ക് അവന്‍ തന്നെയാണ് ജനങ്ങളെ നയിക്കുന്നതെന്ന് പഠിപ്പിക്കുകയും ചെയ്യുന്നതാണ് ഈ വചനം. അല്ലാഹുവിനെ എത്ര സുന്ദരമായാണ് ഈ ഉപമയിലൂടെ ഖുര്‍ആന്‍ പരിചയപ്പെടുത്തിയിരിക്കുന്നത്!

സൂറത്തുല്‍ അഹ്‌സാബിലെ വചനം മുഹമ്മദ് നബി(സ)യെയും സൂറത്തുന്നൂറിലെ വചനം അല്ലാഹുവിനെയും സ്വതന്ത്രമായി ഉപമാലങ്കാരത്തിലൂടെ പരിചയപ്പെടുത്തുകയാണ് ചെയ്യുന്നത്. മുഹമ്മദ്‌നബി (സ) വിളക്കും അദ്ദേഹത്തില്‍നിന്നു പുറപ്പെടുന്ന പ്രകാശം അല്ലാഹുവുമാണെന്ന് ഈ വചനങ്ങള്‍ സൂചിപ്പിക്കുന്നുപോലുമില്ല. സ്വയം പ്രകാശിച്ചുകൊണ്ട് മനുഷ്യര്‍ക്ക് വെളിച്ചമാകുവാന്‍ അല്ലാഹു നിയോഗിച്ചതാണ് മുഹമ്മദ് നബി (സ)യെയെന്ന് ഒന്നാമത്തെ വചനവും പ്രപഞ്ചത്തിന്റെ വിളക്കും വെളിച്ചവുമാണ് അല്ലാഹുവെന്ന് രണ്ടാമത്തെ വചനവും വ്യക്തമാക്കുന്നു. സൂര്യനെ വിളക്കും ചന്ദ്രനെ പ്രകാശവുമായി പരിചയപ്പെടുത്തിയ വചനങ്ങളിലാകട്ടെ രണ്ടും ഒരേ വചനത്തില്‍തന്നെ പ്രതിപാദിക്കുകയും ഒന്ന് മറ്റേതിന് ഉപോല്‍ബലകമാണെന്ന് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. സൂര്യനെ സിറാജും ചന്ദ്രനെ നൂറുമായി പരിചയപ്പെടുത്തിയതും അല്ലാഹുവിനെ നൂറും മിസ്വ്ബാഹുമായും മുഹമ്മദ് നബിയെ സിറാജന്‍ മുനീറയായും പരിചയപ്പെടുത്തിയതും തമ്മില്‍ താരതമ്യത്തിനുതന്നെ പറ്റാത്തത്ര വ്യത്യാസമുണ്ടെന്ന് സാരം.

print