ഹദീഥ് നിവേദകരായ സ്വഹാബിമാർ സത്യസന്ധരായിരുന്നുവോ?

/ഹദീഥ് നിവേദകരായ സ്വഹാബിമാർ സത്യസന്ധരായിരുന്നുവോ?
/ഹദീഥ് നിവേദകരായ സ്വഹാബിമാർ സത്യസന്ധരായിരുന്നുവോ?

ഹദീഥ് നിവേദകരായ സ്വഹാബിമാർ സത്യസന്ധരായിരുന്നുവോ?

ഖുര്‍ആന്‍ ദൈവവചനവും മുഹമ്മദ് നബിﷺ ദൈവദൂതനുമാണെന്ന് മനസ്സിലാക്കുന്നവരെ സംബന്ധിച്ചിടത്തോളം സ്വഹാബിമാരുടെ സത്യസന്ധതയില്‍ യാതൊരു സംശയവുമുണ്ടാകുവാന്‍ തരമില്ല. മക്കയില്‍ വെച്ച് നബിﷺയില്‍ വിശ്വസിക്കുകയും ത്യാഗങ്ങള്‍ സഹിച്ച് പലായനം നടത്തുകയും ചെയ്ത മുഹാജിറുകളും മദീനയില്‍ അവര്‍ക്ക് ആതിഥ്യമരുളുകയും അവിടെ ഒരു ഇസ്‌ലാമിക സമൂഹത്തിന് രൂപം നല്‍കാന്‍ സഹായിക്കുകയും ചെയ്ത അന്‍സ്വാറുകളും ഇവരുടെ പിന്‍ഗാമികളായി ഇസ്‌ലാമിലെത്തിച്ചേര്‍ന്നവരുമടങ്ങുന്ന സ്വഹാബീസഞ്ചയത്തെ പ്രശംസിക്കുകയും അവരില്‍ അല്ലാഹു സംപ്രീതനായിരിക്കുന്നുവെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്, ഖുര്‍ആന്‍: ”മുഹാജിറുകളില്‍ നിന്നും അന്‍സ്വാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം” (9:100).

”വിശ്വസിക്കുകയും സ്വദേശം വെടിഞ്ഞ് പോകുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടുകയും ചെയ്തവരും, അവര്‍ക്ക് അഭയം നല്‍കുകയും സഹായിക്കുകയും ചെയ്തവരും തന്നെയാണ് യഥാര്‍ഥത്തില്‍ സത്യവിശ്വാസികള്‍. അവര്‍ക്ക് പാപമോചനവും മാന്യമായ ഉപജീവനവും ഉണ്ടായിരിക്കും” (8:74).

അനുചരന്‍മാരെക്കുറിച്ച പ്രവാചക പരാമര്‍ശങ്ങളിലും അവര്‍ സത്യസന്ധരും സന്‍മാര്‍ഗനിഷ്ഠരുമാണെന്ന വസ്തുത ഊന്നിപ്പറഞ്ഞത് കാണാനാവും. ”അബൂബുര്‍ദാ(റ)അബൂമൂസല്‍ അശ്അരിയിവേില്‍ നിന്ന് നിവേദനം: നബിﷺ തന്റെ മുഖം ആകാശത്തേക്ക് ഉയര്‍ത്തിക്കൊണ്ട് പറഞ്ഞു: ”നക്ഷത്രങ്ങള്‍ ആകാശത്തിനുള്ള സുരക്ഷിതത്വമാണ്. നക്ഷത്രങ്ങള്‍ നശിച്ചുകഴിഞ്ഞാല്‍ ആകാശത്തിന് മുന്നറിയിപ്പ് നല്‍കപ്പെട്ടത് വന്നു ഭവിക്കുകയായി. ഞാന്‍ എന്റെ അനുചരന്മാര്‍ക്കുള്ള സുരക്ഷിതത്വമാണ്. ഞാന്‍ പോയിക്കഴിഞ്ഞാല്‍ എന്റെ അനുചരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കപ്പെട്ടത് വന്നു ഭവിക്കുകയായി. എന്റെ അനുചരന്മാര്‍ എന്റെ സമുദായത്തിനുള്ള സുരക്ഷിതത്വമാണ്. എന്റെ അനുചരന്മാര്‍ പോയിക്കഴിഞ്ഞാല്‍ എന്റെ സമുദായത്തിനും മുന്നറിയിപ്പ് നല്‍കപ്പെട്ടത് വന്നു ഭവിക്കുകയായി”(1)

”അബ്ദുല്ലാ(റ)നിവേദനം: നബിﷺപറഞ്ഞു: ”ജനങ്ങളില്‍ ഏറ്റവും ഉത്തമര്‍ എന്റെ തലമുറയാണ്. പിന്നീട് അവരെ തുടര്‍ന്ന് വരുന്നവരും പിന്നീട് അവരെ തുടര്‍ന്ന് വരുന്നവരും”(2)

”അബൂസഈദ് അല്‍ ഖുദ്‌രി(റ)നിവേദനം: തിരുമേനിﷺപറഞ്ഞു: ”എന്റെ അനുചരന്മാരെ നിങ്ങള്‍ പഴി പറയരുത്. നിങ്ങളില്‍ ഒരാള്‍ ഉഹ്ദ് മലയോളം സ്വര്‍ണം ചെലവഴിച്ചാലും അവരിലൊരാള്‍ ചെലവഴിച്ച ഒരു മുദ്ദിനോ (രണ്ട് കൈപ്പത്തികള്‍ ചേര്‍ത്തുവെച്ചുകൊണ്ടുള്ള ഒരു വാരല്‍) അതിന്റെ പകുതിക്കുപോലുമോ എത്തുകയില്ല”(3)

ക്വുര്‍ആനിന്റെയോ നബി വചനങ്ങളുടെയോ പ്രാമാണികത അംഗീകരിക്കാത്ത ഓറിയന്റലിസ്റ്റുകളെ സംബന്ധച്ചിടത്തോളം സ്വഹാബികളുടെ സത്യസന്ധതയ്ക്ക് അവ നല്‍കുന്ന സാക്ഷ്യം സ്വീകാര്യമാവില്ല. ചരിത്രവിമര്‍ശനരീതി പ്രകാരം ഒരു കാലഘട്ടത്തിലെ ജനങ്ങളുടെയോ പ്രത്യേകമായ ഒരു ആദര്‍ശത്തിന്റെ വക്താക്കളുടെയോ സത്യസന്ധത നിര്‍ണയിക്കുവാനുള്ള മാനദണ്ഡമെന്താണെന്ന് ആരും വ്യക്തമാക്കിയിട്ടുമില്ല. വ്യക്തികളുടെ സത്യസന്ധത പരിശോധിച്ച് അവര്‍ പറഞ്ഞ കാര്യങ്ങളിലെ നെല്ലും പതിരും വേര്‍തിരിക്കുന്ന ആത്മനിഷ്ഠമായ അപഗ്രഥന രീതി വസ്തുനിഷ്ഠവിശകലനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചരിത്രവിമര്‍ശകന്‍മാര്‍ക്ക് പരിചയമുള്ളതല്ല. എന്നാല്‍ സ്വഹാബിമാരെപ്പറ്റി ഏതൊരാള്‍ക്കും മനസ്സിലാക്കാനാവുന്ന ചില വസ്തുതകളുണ്ട്. അവര്‍ ജീവിച്ച സമൂഹം അവരുടെ സത്യസന്ധതയ്ക്ക് അന്യോന്യം സാക്ഷികളായിരുന്നുവെന്നതാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. അവര്‍ പരസ്പരം വിശ്വസിക്കുകയും പ്രവാചകനെക്കുറിച്ച് അവരില്‍ ആരെങ്കിലുമൊരാള്‍ എന്തെങ്കിലും പറഞ്ഞാല്‍ അത് സത്യം തന്നെയാണെന്ന് കരുതുകയും ഇക്കാര്യത്തില്‍ അവരെല്ലാവരും പരസ്പരം സഹകരിക്കുകയും ചെയ്തിരുന്നു. ‘എന്നെക്കുറിച്ച് ആരെങ്കിലും ബോധപൂര്‍വം കളവുകളെന്തെങ്കിലും പറഞ്ഞാല്‍ നരകത്തില്‍ അവന്‍ അവന്റെ ഇരിപ്പിടം തയാറാക്കിക്കൊള്ളട്ടെ'(4)യെന്ന് നബിﷺയില്‍ നിന്ന് പഠിച്ചവരായിരുന്നു അവര്‍. അതുകൊണ്ടുതന്നെ, അവരില്‍പെട്ട ഒരാളും നബിﷺയെക്കുറിച്ച് എന്തെങ്കിലുമൊരു കളവു പറയാന്‍ യാതൊരു സാധ്യതയുമില്ലെന്ന് അവരെല്ലാവരും പരസ്പരം അംഗീകരിച്ചിരുന്നു. അതുകൊണ്ടാണല്ലോ നബില പറഞ്ഞുവെന്നോ ചെയ്തുവെന്നോ അനുവദിച്ചുവെന്നോ ഏതെങ്കിലുമൊരു സ്വഹാബി പറഞ്ഞാല്‍ മറ്റുള്ളവര്‍ അത് ചോദ്യംചെയ്യാതെ അംഗീകരിച്ചുവന്നത്. ഓറിയന്റലിസ്റ്റുകളുടെ ശക്തമായ കടന്നാക്രമണത്തിന് വിധേയനായ സ്വഹാബി അബൂഹുറയ്‌റ(റ)നബിﷺ പറഞ്ഞതായി ഉദ്ധരിച്ച കാര്യങ്ങള്‍ മറ്റു സ്വഹാബിമാര്‍ ചോദ്യം ചെയ്യാതെ സ്വീകരിച്ചതായി വ്യക്തമാക്കുന്ന നിരവധി ഹദീഥുകളുണ്ട്. സ്ത്രീകള്‍ പച്ചകുത്തുന്നതിനെക്കുറിച്ച് പ്രവാചകന്‍ﷺഎന്തെങ്കിലും പറഞ്ഞിട്ടുണ്ടോയെന്ന് ആരാഞ്ഞ ഉമറി(റ)നോട് പച്ചകുത്തുന്നത് വിരോധിച്ചുകൊണ്ടുള്ള നബികല്‍പനയെക്കുറിച്ച് അബൂഹുറയ്‌റ(റ)തെര്യപ്പെടുത്തുകയും അതനുസരിച്ച് ഉമര്‍ േവിധിച്ചതായും വ്യക്തമാക്കുന്ന സ്വഹീഹുല്‍ ബുഖാരിയിലെ ഹദീഥ് ഉദാഹരണം.(5) ഒരു സ്വഹാബിയുടെ സാക്ഷ്യം മറ്റു സ്വഹാബിമാര്‍ ചോദ്യം ചെയ്യാതെ അംഗീകരിച്ചിരുന്നുവെന്നാണല്ലോ ഇത് വ്യക്തമാക്കുന്നത്.

നബിﷺയുടെ ജീവിതത്തെക്കുറിച്ച പരാമര്‍ശങ്ങളില്‍ സ്വഹാബിമാരാരും കളവു പറയുകയില്ലെന്ന് പരസ്പരം അംഗീകരിച്ചിരുന്നുവെന്ന് പറഞ്ഞാല്‍ ഓരോരുത്തരുടെയും സത്യസന്ധതയ്ക്ക് ഒരു ലക്ഷത്തിലധികം പേരുടെ സാക്ഷ്യമുണ്ടെന്നാണര്‍ഥം. നബിﷺയുടെ അറഫാ പ്രസംഗത്തിനെത്തിയ സ്വഹാബിമാരുടെ എണ്ണം ഒരു ലക്ഷത്തിലധികമായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. ഓരോരുത്തരുടെയും സത്യസന്ധതയ്ക്ക് ഒരു ലക്ഷത്തിലധികം പേരുടെ സാക്ഷ്യം ലഭിച്ചാലും, വസ്തുനിഷ്ഠമായ തെളിവുകള്‍ മാത്രമെ അംഗീകരിക്കൂവെന്ന് വാശിപിടിക്കുന്ന ഓറിയന്റലിസ്റ്റുകള്‍ക്ക്  അത് അംഗീകരിക്കുവാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. എന്നാല്‍ ഹദീഥുകള്‍ നിവേദനം ചെയ്ത ഓരോ സ്വഹാബിയുടെയും സത്യസന്ധതയ്ക്ക് നൂറുകണക്കിനാളുകളുടെ സാക്ഷ്യമുണ്ട് എന്ന വസ്തുനിഷ്ഠ യാഥാര്‍ഥ്യത്തിനു നേരെ കണ്ണടയ്ക്കുവാന്‍ അവര്‍ക്ക് കഴിയുമോ? ഏറെ വിമര്‍ശിക്കപ്പെട്ട അബൂഹുറയ്‌റേയുടെ കാര്യം തന്നെയെടുക്കുക. സത്യസന്ധരും വിശ്വസ്തരുമെന്ന് തെളിയിക്കപ്പെട്ട സ്വഹാബികളും താബിഉകളുമുള്‍പ്പെടുന്ന എണ്ണൂറോളം പേര്‍ അബൂഹുറയ്‌റ(റ)യില്‍ നിന്ന് ഹദീഥുകള്‍ നിവേദനം ചെയ്തിട്ടുണ്ട്.(6) ഈ എണ്ണൂറോളമാളുകളും നബിﷺയുടെ പേരില്‍ കള്ളം പറയുന്നത് നരകപ്രവേശത്തിന് കാരണമാകുന്ന മഹാപാപമാണെന്ന് വിശ്വസിക്കുന്നവരും ആയിരുന്നുവെന്നുറപ്പ്. അബൂഹുറയ്‌റ(റ)നബിﷺയുടെ പേരില്‍ കളവു പറയുവാന്‍ വല്ല സാധ്യതയുമുണ്ടെന്ന് അവര്‍ക്ക് തോന്നിയാല്‍ അവരിലൊരാള്‍പോലും അദ്ദേഹത്തില്‍നിന്ന് ഹദീഥുകള്‍ നിവേദനം ചെയ്യുമായിരുന്നില്ല. അബൂഹുറയ്‌റ(റ)യെ കുറിച്ച് ഈ എണ്ണൂറോളം പേരുടെ സാക്ഷ്യം രേഖപ്പെടുത്തപ്പെട്ടതാണ്. ഇതിനെതിരെ അതിനെക്കാളധികം പേരുടെ സാക്ഷ്യമുണ്ടെങ്കില്‍ മാത്രമെ അദ്ദേഹത്തിന്റെ സത്യസന്ധതയെ ചോദ്യം ചെയ്യാനായി പ്രസ്തുത സാക്ഷ്യത്തെ തെളിവായി സ്വീകരിക്കാനാവൂ. സ്വഹാബിമാരിലാരെങ്കിലും അബൂഹുറയ്‌റ(റ)ടെ സത്യസന്ധതയെ സംശയിച്ചിരുന്നതായി തെളിയിക്കുന്ന യാതൊരു രേഖയും ഉദ്ധരിക്കുവാന്‍ അദ്ദേഹത്തിന്റെ വിമശകര്‍ക്ക് കഴിഞ്ഞിട്ടില്ല. അബൂഹുറയ്‌റ(റ)യുടെ സത്യസന്ധതയ്ക്ക് സാക്ഷ്യം വഹിക്കുന്ന എണ്ണൂറിലധികമാളുകളുടെ മൊഴിക്കെതിരായി സംസാരിക്കാനാകുന്ന സമകാലികനായ ഒരാളെപ്പോലും ഹാജരാക്കുവാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ലാത്തതിനാല്‍ നൂറുകണക്കിന് സാക്ഷികളുടെ മൊഴി സ്വീകരിക്കുവാന്‍ വസ്തുനിഷ്ഠതയുടെ വക്താക്കളെന്ന് അവകാശപ്പെടുന്ന ചരിത്ര വിമര്‍ശനരീതിക്കാര്‍ നിര്‍ബന്ധിതരാണ്. അബൂഹുറയ്‌റ(റ)സത്യസന്ധനല്ലെന്ന് തെളിയിക്കുവാന്‍ ചരിത്ര വിമര്‍ശനരീതിയുടെ വക്താക്കളുടെ പക്കല്‍ കോപ്പുകളൊന്നുമില്ലെന്നര്‍ഥം. ഹദീഥുകള്‍ നിവേദനം ചെയ്ത മുഴുവന്‍ സ്വഹാബിമാരുടെയും സ്ഥിതി ഇതുതന്നെയാണ്. അവരുടെയെല്ലാം സത്യസന്ധതയ്ക്ക് നൂറുകണക്കിന് ആളുകളുടെ സാക്ഷ്യമുണ്ട്. തിരിച്ചാകട്ടെ, വിശ്വസ്തരും സമകാലികരുമായ ഒരാള്‍പോലും സാക്ഷ്യത്തിനില്ലതാനും!

print