ക്രൂരമായ യുദ്ധങ്ങൾ അനുവദിച്ചതിന്റെ ഇസ്‌ലാമിക യുക്തിയെന്താണ് ?

/ക്രൂരമായ യുദ്ധങ്ങൾ അനുവദിച്ചതിന്റെ ഇസ്‌ലാമിക യുക്തിയെന്താണ് ?
/ക്രൂരമായ യുദ്ധങ്ങൾ അനുവദിച്ചതിന്റെ ഇസ്‌ലാമിക യുക്തിയെന്താണ് ?

ക്രൂരമായ യുദ്ധങ്ങൾ അനുവദിച്ചതിന്റെ ഇസ്‌ലാമിക യുക്തിയെന്താണ് ?

ക്രൂരവും രക്തരൂക്ഷിതവുമാണല്ലോ യുദ്ധങ്ങളെല്ലാം. മാനവികതയുടെ മതമാണെന്ന് അവകാശപ്പെടുന്ന ഇസ്‌ലാം യുദ്ധം അനുവദിച്ചത് അതിന്റെ ഈ അവകാശവാദം പൊള്ളയാണെന്നല്ലേ വ്യക്തമാക്കുന്നത്?

യുദ്ധം എക്കാലത്തുമുണ്ടായിരുന്നു. മാനവ സംസ്‌കാരത്തിന്റെ ആദ്യകാലം മുതല്‍ അത് നിലനിന്നിരുന്നു. യുദ്ധം നിലനിന്നിരുന്ന സമൂഹങ്ങളിലേക്കാണ് ദൈവിക മാര്‍ഗദര്‍ശനങ്ങള്‍ക്കനുസരിച്ച് പ്രസ്തുത സമൂഹങ്ങളിലെ ജനങ്ങളെ നയിക്കുവാനായി പ്രവാചകന്‍മാര്‍ നിയോഗിക്കപ്പെട്ടത്. മനുഷ്യരെ നേരായ പാതയിലൂടെ നയിക്കാന്‍ ശ്രമിച്ച ദൈവദൂതന്‍മാര്‍ യുദ്ധരംഗത്തേക്കും ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കണം. അക്രമത്തിന്റെയും അധര്‍മത്തിന്റെയും കറ പുരളാതെ യുദ്ധരംഗത്തെ നിലനിര്‍ത്താനാവശ്യമായ, അവര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പ്രകാരം നടന്ന യുദ്ധങ്ങള്‍ വഴി നന്മ പുലരുകയും തിന്മ തകരുകയും ചെയ്തിരിക്കണം. സ്വന്തം നാടുകളില്‍ നിന്ന് പുറത്താക്കപ്പെട്ട ഇസ്രാഈല്യര്‍ യുദ്ധം ചെയ്തു വിജയിക്കുകയും അങ്ങനെ അത് ദാവൂദിന്റെ രാജാധിപത്യത്തിലേക്ക് നയിക്കുകയും ചെയ്ത സംഭവം ക്വുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്. (2:246)

സ്വന്തം താമസസ്ഥലത്ത് നിന്നും സന്തതികള്‍ക്കിടയില്‍ നിന്നും പുറത്താക്കപ്പെട്ട ഇസ്രാഈല്യർ യുദ്ധം ചെയ്തപ്പോൾ അവര്‍ക്ക് ദൈവിക സഹായം ഉണ്ടായി എന്നും പ്രാര്‍ത്ഥനയോടു കൂടി അവര്‍ യുദ്ധത്തിനിറങ്ങിയപ്പോൾ അഹങ്കാരിയായ ജാലൂത്തിനെ വധിക്കാന്‍ കഴിഞ്ഞുവെന്നും ഖുർആൻ പറയുന്നുണ്ട്. (2:250,251) താലൂത്തിന്റെ നേതൃത്വത്തില്‍ ജാലൂത്തിനെതിരെ നടന്ന യുദ്ധത്തെയും അതില്‍വെച്ച് ദാവീദ് ജാലൂത്തിനെ വധിച്ചതിനെയും അങ്ങനെ അദ്ദേഹം ഇസ്രാഈല്യരുടെ രാജാവായിത്തീര്‍ന്നതിനെയും പറ്റി പരാമര്‍ശിച്ചുകൊണ്ട് ഈ വിഷയം അല്ലാഹു അവസാനിപ്പിക്കുന്നത് ‘മനുഷ്യരില്‍ ചിലരെ ചിലര്‍മ മുഖേന അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ ഭൂലോകം കുഴപ്പത്തിലാകുമായിരുന്നു. പക്ഷേ, അല്ലാഹു ലോകരോട് വളരെ ഉദാരനത്രെ’ എന്ന് പ്രസ്താവിച്ചുകൊണ്ടാണെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. മുഹമ്മദ് നബി(സ)ക്ക് യുദ്ധാനുമതി നല്‍കിക്കൊണ്ടുള്ള ആദ്യ കല്‍പനയിലും ‘മനുഷ്യരില്‍ ചിലരെ മറ്റു മനുഷ്യരെക്കൊണ്ട് തടുക്കുന്നില്ലായിരുന്നുവെങ്കില്‍ സന്യാസിമഠങ്ങളും, ക്രിസ്തീയദേവാലയങ്ങളും, യഹൂദദേവാലയങ്ങളും, അല്ലാഹുവിന്റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന മുസ്‌ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു’ (22:40) എന്ന് പറയുന്നതായി കാണാം.

പ്രവാചകന്‍മാരിലൂടെ പഠിപ്പിക്കപ്പെട്ട യുദ്ധങ്ങളുടെ ലക്ഷ്യം മനുഷ്യരില്‍ ചിലരെ മറ്റു ചിലരെക്കൊണ്ട് തടഞ്ഞുനിര്‍ത്തിക്കൊണ്ട് അവര്‍ നടത്തുന്ന മര്‍ദ്ദനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും അറുതിവരുത്തി ഭൂമിയെ കുഴപ്പത്തില്‍നിന്ന് സംരക്ഷിക്കുവാനും ആരാധനാ സ്വാതന്ത്ര്യവും പ്രബോധന സ്വാതന്ത്ര്യവും സ്ഥാപിച്ചെടുക്കുകയുമായിരുന്നുവെന്നാണ് ഈ വചനങ്ങള്‍ വ്യക്തമാക്കുന്നത്. യുദ്ധം ചെയ്ത പ്രവാചകന്‍മാരെല്ലാം ഈയൊരു ലക്ഷ്യത്തിനുവേണ്ടി തന്നെയായിരിക്കണം ആയുധമെടുത്തത്. പ്രവാചകന്‍മാര്‍ അതിക്രമകാരികളോ പീഡകരോ ആയിരുന്നില്ല, മനുഷ്യരുടെ വിമോചകരായിരുന്നു. അവര്‍ ചെയ്ത യുദ്ധങ്ങളെല്ലാം, അതുകൊണ്ട് തന്നെ മനുഷ്യരെ പീഡനങ്ങളില്‍ നിന്നും മോചിപ്പിക്കാന്‍ വേണ്ടിയുള്ളതായിരുന്നു. മുഹമ്മദ് നബി (സ) നയിച്ച യുദ്ധങ്ങളെടുത്ത് പരിശോധിച്ചാൽ നമുക്ക് കാണാനാവുക മനുഷ്യവിമോചനമെന്ന ഈ ഉന്നത ലക്ഷ്യമായിരുന്നു; ആളുകളെ കൂട്ടക്കൊല ചെയ്യാനോ സാമ്രാജ്യം സ്ഥാപിക്കുവാനോ വേണ്ടിയുള്ളതായിരുന്നില്ല പ്രസ്തുത യുദ്ധങ്ങളൊന്നുമെന്ന വസ്തുത സത്യസന്ധമായി ചരിത്രം പരിശോധിക്കുന്ന ആർക്കും ബോധ്യപ്പെടും.

പ്രവാചകനിൽ നിന്ന് മതം പഠിച്ച ശിഷ്യന്മാരും പിൽക്കാല മുസ്ലിംകളുമെല്ലാം യുദ്ധം ചെയ്തത് വലിയ മാനവികലക്ഷ്യങ്ങളോട് കൂടിയായിരുന്നു. അതുകൊണ്ടാണ് ഭരണാധികാരികളുടെ പീഡനങ്ങളാൽ പൊരുതി മുട്ടിയിരുന്ന ജനങ്ങൾ മുസ്ലിം ഭരണാധികാരികളെ തങ്ങളുടെ നാടുകളിലേക്ക് ക്ഷണിച്ചു വരുത്തിയ സംഭവങ്ങളുണ്ടായത്. ഇങ്ങനെ പോയ മുസ്ലിം പടയാളികളാണ് മാന്യവും മാനവികവുമായി എങ്ങനെ യുദ്ധം ചെയാമെന്ന് ലോകത്തെ പഠിപ്പിച്ചത്.

കുരിശുയുദ്ധങ്ങളുടെ കാര്യമെടുക്കുക. മുസ്‌ലിം ലോകത്ത് നടത്തിയ ക്രൂരതകളുടെ ഭീതിപപെടുത്തുന്ന കഥകളാണ് ഓരോ കുരിശു യുദ്ധത്തിനും പറയാനുളളത്. നിയമങ്ങളോ നീതിയോ ധാര്‍മികതയോ ഇല്ലാത്ത കാടന്‍ യുദ്ധങ്ങളാണ് കുരിശുയുദ്ധക്കാര്‍ നടത്തിയത്. ഇവയിൽ ലക്ഷക്കണക്കിന് മനുഷ്യര്‍ കൊല്ലപ്പെട്ടു. മരിച്ചവരുടെ ശവശരീരങ്ങളെ കുരിശു പടയാളികള്‍ വികൃതമാക്കി. എട്ടും പൊട്ടും തിരിച്ചറിയാത്ത പൈതങ്ങളെപ്പോലും കൊല്ലുന്നതില്‍ നിന്ന് അവരെ പിന്‍തിരിപ്പിക്കുവാന്‍ ‘ഒരു മുഖത്തടിച്ചാല്‍ മറ്റേ മുഖവും കാണിച്ചു കൊടുക്കണം’ എന്ന ബൈബിള്‍ പാഠത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ നയിക്കുന്നവരെന്ന് അവകാശപ്പെടുന്ന സഭാനേതൃത്വം സന്നദ്ധമായില്ല. ക്രിസ്തുവിന്റെ പേരില്‍ ആരോപിക്കപ്പെട്ട, അദ്ദേഹത്തിന്റെതല്ലാത്ത ഉപദേശം അപ്രായോഗികവും അക്രമികളെ സഹായിക്കുന്നതുമാണെന്ന വസ്തുതയ്ക്ക് സഭാനേതൃത്വം തന്നെ സ്വയം തെളിവായിത്തീരുകയായിരുന്നു എന്ന് പറയുന്നതാവും ശരി. അതല്ലായിരുന്നുവെങ്കില്‍ ഈ കുരിശുയുദ്ധങ്ങളുടെപേരില്‍ ഏഴു നൂറ്റാണ്ടുകള്‍ക്ക് ശേഷം ലോകത്തെ പരമോന്നത ക്രിസ്ത്യാനിക്ക് കുമ്പസരിക്കേണ്ടി വരികയില്ലായിരുന്നല്ലോ!

ആയുധങ്ങളെടുത്ത് ആളുകളെ കൂട്ടക്കൊല ചെയ്യുക മാത്രമാണ് യുദ്ധമെന്ന് പഠിച്ച കുരിശുയോദ്ധാക്കള്‍ക്ക് മാന്യമായി എങ്ങനെ യുദ്ധം ചെയ്യണമെന്ന് പഠിപ്പിച്ചത് സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയായിരുന്നു. നീണ്ട രണ്ട് നൂറ്റാണ്ടു കാലത്തെ കുരിശു യോദ്ധാക്കളുടെ ദുര്‍ഭരണത്തില്‍ നിന്ന് മസ്ജിദുല്‍ അക്വ്‌സയെയും ജറുസലേമിനേയും മോചിപ്പിച്ചത് അദ്ദേഹത്തിന്റെ കീഴിലുളള അബ്ബാസിയ്യാ മുസ്‌ലിം പടയാളികളായിരുന്നു. 1187 ജൂലൈ നാല് ശനിയാഴ്ച നടന്ന ഹത്തീന്‍ യുദ്ധത്തില്‍ കുരിശു പടയാളികള്‍ പരാജയപ്പെടുകയും ജറുസലേമിന്റെ അധികാരം സ്വലാഹുദ്ദീന്റെ കൈകളില്‍ വന്നു ചേരുകയും ചെയ്തു. കുരിശുയോദ്ധാക്കളുടെ നേതാക്കളായ ഗൈ രാജാവും സോഹദരങ്ങളുമടക്കം നിരവധി പേരെ ബന്ധികളാക്കി സ്വലാഹുദ്ദീനുമുന്നില്‍ ഹാജരാക്കപ്പെട്ടു. അവര്‍ക്കെല്ലാം തണുത്ത പാനീയം നല്‍കി സ്വീകരിക്കുവാനാണ് സ്വലാഹുദ്ദീന്‍ തന്റെ സേവകന്മാരോട് ആവശ്യപ്പെട്ടത്. സ്വലാഹുദ്ദീനെയും മുസ്‌ലിം പടയാളികളെയും വഞ്ചിച്ചതിന് രാജസഹോദരനായ റെയ്‌നാള്‍ഡും മറ്റു ചിലരും മാത്രമാണ് വധിക്കപ്പെട്ടത്. ഗൈ രാജാവടക്കമുള്ളവരെ ആദ്യം ജയിലിലടയ്ക്കുകയും പിന്നെ വെറുതെ വിടുകയുമാണ് ചെയ്തത്. കുരിശുയോദ്ധാക്കള്‍ ജറുസലേമില്‍ നിന്ന് പുറത്താക്കിയ ജൂതന്മാരുടെ പിന്‍ഗാമികളെ വരുത്തി അവിടെ പുനരധിവസിപ്പിക്കുകയാണ് ഭരണമേറ്റെടുത്തയുടനെ സ്വലാഹുദ്ദീന്‍ ചെയ്തത്. മനുഷ്യ രക്തം നീന്തി രക്തദാഹം തീര്‍ക്കുകയും പൈതങ്ങളെയടക്കം കൊന്നൊടുക്കുകയും ചെയ്ത് ജെറുസലേം പിടിച്ചടക്കിയവര്‍ക്ക് അത് തിരിച്ചു പിടിച്ചശേഷം യുദ്ധനേതൃത്വത്തിലുണ്ടായിരുന്നവര്‍ക്കടക്കം മാപ്പ് നല്‍കി വിട്ടയച്ചുകൊണ്ട് എന്തായിരിക്കണം യുദ്ധമര്യാദ എന്ന് പഠിപ്പിക്കുന്നതായിരുന്നു സ്വലാഹുദ്ദീന്റെ നടപടി.

സ്വലാഹുദ്ദീന്‍ അയ്യൂബി ജറുസലേം പിടിച്ചടക്കിയതറിഞ്ഞ പോപ്പ് അര്‍ബന്‍ മൂന്നാമന്‍ മാര്‍പാപ്പ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ജറുസലേം നഷ്ടപ്പെട്ടതറിഞ്ഞ ക്രിസ്ത്യന്‍ യൂറോപ്പ് ഞെട്ടി. പുതുതായി സ്ഥാനമേറ്റെടുത്ത പോപ്പ് ഗ്രിഗറി എട്ടാമന്‍ മാര്‍പാപ്പ ജറുസലേമിന്റെ നഷ്ടം ക്രൈസ്തവരുടെ പാപങ്ങള്‍ക്കുള്ള ശിക്ഷയാണെന്നും അത് തിരിച്ചു പിടിച്ചാല്‍ മാത്രമെ പ്രസ്തുത പാപങ്ങള്‍ക്ക് പരിഹാരമാവുകയുള്ളൂ എന്നും പ്രഖ്യാപിച്ചു. പരസ്പരം യുദ്ധത്തിലായിരുന്ന ഇംഗ്ലണ്ടിലെ ഹെന്‍ട്രി രണ്ടാമനും ഫ്രാന്‍സിലെ ഫിലിപ്പ് രണ്ടാമനും വൈര്യങ്ങള്‍ വെടിഞ്ഞ് ഐക്യപ്പെടാനും സ്വലാഹുദ്ദീനെതിരെ ഒരുമിച്ചു പോരാടി ജറുസലേം വീണ്ടെടുക്കുവാനും തീരുമാനിച്ചു. സലാദിന്‍ നികുതി (Saladin tithe) എന്ന പേരില്‍ രണ്ടു നാട്ടിലുമുള്ള പൗരന്മാരില്‍ നിന്ന് ചുങ്കം പിരിച്ച് യുദ്ധത്തിനുള്ള സമ്പത്ത് സമാഹരിച്ചു. 1189 ജൂലൈ ആറിന് ഇംഗ്ലണ്ടിലെ രാജാവായ ഹെന്‍ട്രി രണ്ടാമന്‍ മരണപ്പെട്ടതോടെ യുദ്ധനേതൃത്വം മകന്‍ സിംഹഹൃദയനായ റിച്ചാര്‍ഡ് (Richard the lion hearted) എന്നറിയപ്പെട്ട റിച്ചാര്‍ഡ് ഒന്നാമന്റെ ചുമതലയായിത്തീര്‍ന്നു. റിച്ചാര്‍ഡ് ഒന്നാമന്റെയും ഫിലിപ്പ് രണ്ടാമന്റെയും നേതൃത്വത്തിലുള്ള കുരിശുയോദ്ധാക്കളുടെ സൈന്യത്തോട് സ്വലാഹുദ്ദീന്‍ ജയില്‍ മോചിതനാക്കിയ ഗൈ രാജാവും ഒന്നിക്കുകയും ഒരു വലിയ സൈന്യം സ്വലാഹുദ്ദീനെ അക്രമിക്കാനെത്തുകയും ചെയ്തു. വഴിയില്‍ വച്ച് നടന്ന അക്രമങ്ങളിലൂടെ സ്ത്രീകളും കുട്ടികളും അടക്കമുള്ള മുസ്‌ലിംകളെ കൊന്നുകൂട്ടിക്കൊണ്ടായിരുന്നു കുരിശ് സൈന്യം മുന്നേറിയത്. 1191 സെപ്റ്റംബര്‍ ഏഴിന് ജെറുസലേം പിടിച്ചടക്കുക എന്ന ലക്ഷ്യത്തോടെ സിംഹഹൃദയനായ റിച്ചാര്‍ഡിന്റെ നേതൃത്വത്തിലുള്ള സൈന്യം ഫലസ്തീനിലുള്ള അല്‍സൂഫില്‍ വച്ച് സ്വലാഹുദ്ദീനോട് ഏറ്റുമുട്ടിയെങ്കിലും അദ്ദേഹത്തിന് ലക്ഷ്യം നേടാന്‍ കഴിഞ്ഞില്ല. നിരന്തരമായുണ്ടായ യുദ്ധങ്ങള്‍ക്ക് വിരാമമുണ്ടായത് 1192 സെപ്റ്റംബര്‍ രണ്ടിന് സ്വലാഹുദ്ദീനും റിച്ചാര്‍ഡും തമ്മിലുണ്ടാക്കിയ സന്ധിയോടുകൂടിയാണ്. ജറുസലേം മുസ്‌ലിംകളുടെ നിയന്ത്രണത്തിലായിരിക്കുമെന്നും എന്നാല്‍ നിരായുധരായ ക്രൈസ്തവരെ അവിടെയുള്ള ക്രിസ്ത്യന്‍ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കുമെന്നും ആയിരുന്നു കരാര്‍. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് മുമ്പും സ്വലാഹുദ്ദീന്‍ ക്രൈസ്തവരെ വിലക്കിയിട്ടില്ല. എന്നതുകൊണ്ടു തന്നെ കരാര്‍ വഴി കുരിശുയോദ്ധാക്കള്‍ക്ക് ഒന്നും നേടാനായില്ലെങ്കിലും, 1192 ഒക്‌ടോബര്‍ ഒന്‍പതിന് റിച്ചാര്‍ഡ് ജറുസലേമില്‍ നിന്ന് മടങ്ങിയത് യുദ്ധരംഗത്ത് പാലിക്കപ്പെടേണ്ട മര്യാദകളെന്തൊക്കെയാണെന്ന് പഠിച്ചുകൊണ്ടായിരുന്നു. ശത്രുവിനെ സ്‌നേഹിക്കേണ്ടത് എങ്ങനെയാണെന്ന് സഭയില്‍ നിന്ന് പഠിക്കാത്ത അദ്ദേഹത്തിന് അത് പഠിപ്പിച്ചത് സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ യുദ്ധരംഗത്തെ വര്‍ത്തനങ്ങളായിരുന്നു.

യുദ്ധരംഗത്തായിരിക്കുമ്പോള്‍ പോലും ശത്രുവിന്റെ മാനുഷികമായ ആവശ്യങ്ങള്‍ നിര്‍വ്വഹിച്ചു കൊടുക്കുവാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി സന്നദ്ധമായി. റിച്ചാര്‍ഡിന് പനി പിടിച്ചപ്പോള്‍ തന്റെ വൈദ്യനെ അയച്ച് ചികില്‍സിക്കുകയും മരുന്ന നല്‍കുകയും നല്ല നല്ല പഴങ്ങളും ശുദ്ധമായ തണുത്ത ജലവും കൊടുത്തയക്കുകയും ചെയ്തത് സ്വലാഹുദ്ദീനായിരുന്നു. യുദ്ധത്തിനിടയില്‍ റിച്ചാര്‍ഡിന് കുതിര നഷ്ടപ്പെട്ടപ്പോള്‍ പകരം രണ്ടു കുതിരകളെ നല്‍കിയതും അദ്ദേഹം തന്നെ. അതുകൊണ്ട് തന്നെ കുരിശുയോദ്ധാക്കള്‍ക്കിടയില്‍ പോലും സ്വലാഹുദ്ദീന്‍ നായകനായിത്തീര്‍ന്നു. തന്റെ സഹോദരിയും സിസിലിയിലെ രാജ്ഞിയുമായ ജോനിനെ സ്വലാഹുദ്ദീന്റെ സഹോദരന് വിവാഹം ചെയ്തു കൊടുക്കുവാന്‍ സന്നദ്ധമാണന്ന് അറിയിച്ചുകൊണ്ടാണ് അദ്ദേഹം ജറുസലേം വിട്ടത്. കാടനായി വന്നയാളെ മാന്യനാക്കിത്തീര്‍ത്ത് തിരിച്ചയച്ചത് ശത്രുവിനെ സ്‌നേഹിക്കണമെന്ന പ്രവാചകന്‍മാരുടെ നിര്‍ദ്ദേശം യഥാവിധി പാലിക്കുവാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി തയ്യാറായതു കൊണ്ടായിരുന്നു.

യുദ്ധഭൂമികളില്‍ പൈശാചികമായ രക്തദാഹവുമായി ഉറഞ്ഞു തുള്ളുകയാണ് മതധര്‍മ്മമെന്ന് പഠിപ്പിക്കപ്പെട്ട ക്രൈസ്തവ പടയാളികള്‍ക്ക് മനുഷ്യപക്ഷത്തുനിന്ന് യുദ്ധം ചെയ്യേണ്ടതെങ്ങനെയെന്ന് കാണിച്ചുകൊടുക്കാന്‍ ഒരു സ്വലാഹുദ്ദീന്‍ വേണ്ടി വന്നത് തീരെ യാദൃഛികമായിരുന്നില്ല. യുദ്ധ ധാര്‍മികത അജ്ഞാതമായിരുന്ന ക്രൈസ്തവ ലോകത്തിന് ആര്‍ദ്രതയെ മത പ്രചോദിതമായി രണവീറിലേക്ക് ചേര്‍ത്തുപിടിക്കേണ്ടതുണ്ടെന്ന് മനസ്സിലാക്കിക്കൊടുക്കാന്‍ മുഹമ്മദ് നബി(സ)യുടെ അനുയായികള്‍ക്കല്ലാതെ കഴിയുമായിരുന്നില്ല, ഇസ്‌ലാമിക ഭീകരതയുടെ മീഡിയാ വിശകലനങ്ങള്‍ അന്ധമാക്കിയ നമ്മുടെ പൊതുബോധം അതുള്‍ക്കൊള്ളാന്‍ ഇന്ന് പ്രയാസപ്പെടുമെങ്കിലും. ജീവിതത്തിന്റെ മറ്റു രംഗങ്ങളിലേതു പോലെത്തന്നെ സമാധാന സന്ദര്‍ഭത്തിലും യുദ്ധരംഗത്തുമെല്ലാം പാലിക്കേണ്ട നിയമങ്ങളെന്തൊക്കെയാണെന്ന് മുഹമ്മദ് നബി(സ) പഠിപ്പിച്ചു തരികയും പ്രായോഗികമാക്കി കാണിച്ചുതരുകയും ചെയ്തിട്ടുണ്ട്. പീഡനങ്ങള്‍ സഹിച്ച് പ്രബോധനം ചെയ്യുമ്പോഴും ആദര്‍ശജീവിതത്തിന് നിവൃത്തിയില്ലാതെ പാലായനം ചെയ്യുമ്പോഴും വിവിധ സമുദായങ്ങള്‍ ജീവിക്കുന്ന നാട് ഭരിക്കേണ്ടി വരുമ്പോഴും ഭരണാധികാരിയായി ശത്രുരാജ്യങ്ങളോട് യുദ്ധം ചെയ്യുമ്പോഴും യുദ്ധത്തില്‍ ജയിക്കുമ്പോഴും ശത്രുരാജ്യങ്ങളോട് സന്ധിയുണ്ടാക്കുമ്പോഴും ശത്രുരാജ്യത്തിനുമേല്‍ അധീശത്വം ലഭിക്കുമ്പോഴുമെല്ലാം എങ്ങനെ പെരുമാറണമെന്ന് അദ്ദേഹം കൃത്യമായി പഠിപ്പിച്ചിട്ടുണ്ട്. യുദ്ധരംഗത്തും സമാധാനരംഗത്തുമെല്ലാം മാനവവല്‍ക്കരിക്കുവാന്‍ ആ ജീവിതം തന്നെയാണ് മനുഷ്യര്‍ മാതൃകയാക്കേണ്ടത്. എല്ലാ രംഗത്തുമുള്ള സല്‍സ്വഭാവങ്ങളുടെ പൂര്‍ത്തീകരണത്തിനു വേണ്ടിയാണല്ലോ നബി നിയോഗമുണ്ടായിട്ടുള്ളത്.

print