ക്വുർആൻ ഗ്രീക്ക്-യഹൂദ-ഭാരതീയ ഗ്രന്ഥങ്ങൾ കോപ്പിയടിച്ചുവോ?

/ക്വുർആൻ ഗ്രീക്ക്-യഹൂദ-ഭാരതീയ ഗ്രന്ഥങ്ങൾ കോപ്പിയടിച്ചുവോ?
/ക്വുർആൻ ഗ്രീക്ക്-യഹൂദ-ഭാരതീയ ഗ്രന്ഥങ്ങൾ കോപ്പിയടിച്ചുവോ?

ക്വുർആൻ ഗ്രീക്ക്-യഹൂദ-ഭാരതീയ ഗ്രന്ഥങ്ങൾ കോപ്പിയടിച്ചുവോ?

നുഷ്യസൃഷ്ടിപ്പിന്റെ വ്യത്യസ്ത ഘട്ടങ്ങളെക്കുറിച്ച് പ്രതിപാദിച്ചുകൊണ്ട് സ്രഷ്ടാവിനെ അറിയുവാനും പുനരുത്ഥാനത്തെ നിഷേധിക്കാതിരിക്കാനും മനുഷ്യരെ ഉദ്്‌ബോധിപ്പിക്കുന്ന ക്വുര്‍ആനിക വചനങ്ങള്‍ അനേകമുണ്ട്. ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ മാത്രം മനുഷ്യര്‍ക്ക് മനസ്സിലാക്കാനായ ഭ്രൂണോല്‍പത്തിയെയും പരിണാമത്തെയും കുറിച്ച പരാമര്‍ശങ്ങള്‍ നടത്തുമ്പോഴും ക്വുര്‍ആന്‍ പുലര്‍ത്തുന്ന കൃത്യതയും സൂക്ഷ്മതയും വിസ്മയാവഹമാണ്.

മുഹമ്മദ് നബി(സ)യുടെ മസ്തിഷ്‌കത്തില്‍ വിരിഞ്ഞ ചിന്തകളുടെ സമാഹാരമാണ് ക്വുര്‍ആന്‍ എന്ന് വാദിക്കുന്നവര്‍ക്ക് അതില്‍ പ്രതിപാദിക്കപ്പെട്ട സൂക്ഷ്മവും കൃത്യവുമായ പ്രസ്താവനകള്‍ തലവേദനയുണ്ടാക്കാറുണ്ട്. പതിനാലു നൂറ്റാണ്ടുകള്‍ക്കു മുമ്പു ജീവിച്ച ഒരു അറബിനിരക്ഷരന്റെ വായില്‍നിന്ന് ലോകം ശ്രവിച്ച ഒരു ഗ്രന്ഥത്തില്‍ ഇത്ര കൃത്യമായ പരാമര്‍ശങ്ങളുണ്ടാകുന്നതെങ്ങനെയെന്ന ചോദ്യത്തിന് ഉത്തരം പറയുവാന്‍ അവര്‍ ഏറെ പ്രയാസപ്പെടാറുമുണ്ട്. പ്രസ്തുത തലവേദനയില്‍നിന്നുള്ള മോചനത്തിന് ക്വുര്‍ആന്‍ വിമര്‍ശകര്‍ കണ്ടെത്തിയ പരിഹാരമാണ് മുഹമ്മദ് നബി(സ)ക്കു മുമ്പുതന്നെ ലോകത്തെങ്ങും ഭ്രൂണവിജ്ഞാനീയങ്ങള്‍ നിലനിന്നിരുന്നുവെന്നും പ്രസ്തുത വിജ്ഞാനീയങ്ങളില്‍നിന്ന് കടമെടുത്തതാണ് ക്വുര്‍ആനിലും ഹദീഥുകളിലുമുള്ള ഭ്രൂണശാസ്ത്ര പരാമര്‍ശങ്ങളെന്നുമുള്ള വാദം. ക്വുര്‍ആനിന്റെ അവതരണ കാലത്ത് ലോകത്തിന്റെ വിവിധ വശങ്ങളില്‍ നിലനിന്നിരുന്ന ഭ്രൂണവിജ്ഞാനീയങ്ങളെക്കുറിച്ച പഠനം ഈ വാദത്തിന്റെ നട്ടെല്ലൊടിക്കുമെന്നതാണ് സത്യം

ഭാരതീയ സങ്കൽപം:

മനുഷ്യഭ്രൂണത്തിന്റെ പരിണാമദശകളെക്കുറിച്ച് പ്രതിപാദിക്കുന്ന ലഭ്യമായതില്‍വെച്ച് ഏറ്റവും പുരാതനമായ ഗ്രന്ഥം കൃഷ്ണയജുര്‍വേദത്തിന്റെ സംന്യാസ ഉപനിഷത്തായി ഗണിക്കപ്പെടുന്ന ഗര്‍ഭോപനിഷത്താണ്. ക്രിസ്തുവിന് ആയിരത്തിനാനൂറ് വര്‍ഷങ്ങള്‍ക്കുമുമ്പ് പിപ്പലാദ ഋഷി രചിച്ചതായി  കരുതപ്പെടുന്ന ഗര്‍ഭോപനിഷത്തില്‍ ശുക്ലത്തിന്റെ ആവിര്‍ഭാവത്തെയും ഭ്രൂണനിര്‍മാണത്തില്‍ പെണ്‍ശരീരത്തിന്റെ സംഭാവനയെയും ഗര്‍ഭാവസ്ഥയിലെ ഭ്രൂണമാറ്റങ്ങളെയും കുറിച്ച വിശദമായ പരാമര്‍ശങ്ങളുണ്ട്. ഗര്‍ഭോപനിഷത്തിലെ രണ്ടും മൂന്നും വചനങ്ങളിലുള്ള ആശയങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം:

1. വിവിധങ്ങളായ പദാര്‍ത്ഥങ്ങളില്‍നിന്ന് ഉല്‍ഭൂതമാകുന്ന രസത്തില്‍നിന്ന് രക്തവും അതില്‍നിന്ന് മാംസവും അതില്‍നിന്ന് മേദസ്സും അതില്‍നിന്ന് സ്‌നായുവും അതില്‍നിന്ന് അസ്ഥിയും അതില്‍നിന്ന് മജ്ജയുമുണ്ടാകുന്നു. മജ്ജയില്‍നിന്നാണ് ശുക്ലമുണ്ടാകുന്നത്.

2. പുരുഷന്റെ ശുക്ലവും സ്്ത്രീയുടെ ആര്‍ത്തവരക്തവും (ശോണിതം) ചേര്‍ന്നാണ് ഗര്‍ഭമുണ്ടാകുന്നത്.

3. ഋതുസമയത്ത് ഉചിതമായ രീതിയില്‍ ഗര്‍ഭധാരണം നടന്നാല്‍ ശുക്ലവും ശോണിതവും ചേര്‍ന്ന് ഒരൊറ്റ രാത്രികൊണ്ട് കലലമായിത്തീരും.

4. ഗര്‍ഭസ്ഥശിശു ഏഴു രാത്രികള്‍കൊണ്ട് ബുദ്ബുദവും പതിനഞ്ച് ദിവസങ്ങള്‍കൊണ്ട് പിണ്ഡാകാരവും ഒരു മാസം കൊണ്ട് കഠിനവുമായിത്തീരുന്നു.

5. രണ്ടുമാസം കൊണ്ട് തലയും മൂന്ന് മാസം കൊണ്ട് കാലും നാലാം മാസം മുട്ടുകളും അരയും വയറും അഞ്ചാം മാസം പൃഷ്ഠം, നട്ടെല്ല് എന്നിവയും രൂപപ്പെടുന്നു.

6. ആറാം മാസത്തിലാണ് വായ്, മൂക്ക്, ചെവി, കണ്ണുകള്‍ എന്നിവ രൂപപ്പെടുന്നത്.

7. ഏഴാം മാസത്തില്‍ കുഞ്ഞ് ജീവസ്പന്ദത്തോടെ പുഷ്ടിപ്പെടുന്നു.

8. പരിപൂര്‍ണ ശരീരം രൂപം പ്രാപിക്കുന്നത് എട്ടാം മാസത്തിലാണ്.

9. ശുക്ലമാണ് അധികമെങ്കില്‍ ആണ്‍കുഞ്ഞും ആര്‍ത്തവരക്തമാണ് അധികമെങ്കില്‍ പെണ്‍കുഞ്ഞും രണ്ടും തുല്യമാണെങ്കില്‍ നപുംസകവുമാണുണ്ടാവുക.

10. സ്ത്രീപുരുഷ സംയോഗം നടക്കുന്ന സന്ദര്‍ഭത്തിലെ ദമ്പതിമാരുടെ മനോവ്യഥ കാരണമാണ് കുഞ്ഞിന് അംഗവൈകല്യങ്ങളുണ്ടാകുന്നത്.

11. വായുവിനാല്‍ ശുക്ല-ശോണിതങ്ങള്‍ ഭേദിക്കപ്പെടുന്നതിനാലാണ് ഇരട്ടകളും മറ്റുമുണ്ടാകുന്നത്.

12. ജ്ഞാനേന്ദ്രിയാദികള്‍ ചേര്‍ന്ന് ശിശു പൂര്‍ണത പ്രാപിക്കുന്നത് ഒമ്പതാം മാസത്തിലാണ്.

ഇസ്രായീല്യരുടെ സങ്കല്‍പം:

ഭാഷാശാസ്ത്ര പ്രകാരം പരിശോധിച്ചാല്‍ എഴുതപ്പെട്ടതില്‍ വെച്ച് ഏറ്റവും പുരാതനമായ ബൈബിള്‍ പുസ്തകമെന്ന് മനസ്സിലാക്കാനാകുന്ന ഇയ്യോബിന്റെ പുസ്തകത്തില്‍ തന്നെ ഭ്രൂണോല്‍പാദനത്തെക്കുറിച്ച പരിമിതമായ ചില പരാമര്‍ശങ്ങളുണ്ട്. അതിങ്ങനെ വായിക്കാം:

”കളിമണ്ണുകൊണ്ടാണ് അങ്ങ് എന്നെ സൃഷ്ടിച്ചതെന്ന് അനുസ്മരിക്കേണമേ! പൊടിയിലേക്കുതന്നെ അങ്ങ് എന്നെ തിരിച്ചയക്കുമോ? അങ്ങ് എന്നെ പാലുപോലെ പകര്‍ന്ന് തൈരുപോലെ ഉറ കൂട്ടിയില്ലേ? അങ്ങ് ചര്‍മവും മാംസവും കൊണ്ട് എന്നെ ആവരണം ചെയ്തു; അസ്ഥിയും സ്‌നായുക്കളുംകൊണ്ട് എന്നെ തുന്നിച്ചേര്‍ത്തു.”( ഇയ്യോബ് 10: 9-11).

മനുഷ്യരെ പാല്‍ പോലെ പകരുകയും തൈരുപോലെ ഉറ കൂടിപ്പിക്കുകയും അതിനുശേഷം ത്വക്കും മാംസവും ധരിപ്പിക്കുകയും അസ്ഥിയും ഞരമ്പും കൊണ്ട് മെടയുകയും ചെയ്തവനായി സ്രഷ്ടാവിനെ അഭിസംബോധന ചെയ്യുന്ന ഇയ്യോബിന്റെ വരികള്‍ ഭ്രൂണോല്‍പത്തിയെക്കുറിച്ച് അന്ന് നിലനിന്നിരുന്ന സങ്കല്‍പമെന്തായിരുന്നുവെന്ന് മനസ്സിലാക്കിത്തരുന്നുണ്ട്. പുരുഷ ശുക്ലം കട്ട പിടിച്ചാണ് കുഞ്ഞുണ്ടാവുന്നതെന്നും അതില്‍നിന്നാണ് അവയവങ്ങള്‍ രൂപീകരിക്കപ്പെടുന്നതെന്നുമായിരുന്നു അന്നു നിലനിന്നിരുന്ന സങ്കല്‍പം. ഇയ്യോബില്‍നിന്ന് വ്യത്യസ്തമായ വീക്ഷണങ്ങളെന്തെങ്കിലും ഔദ്യോഗിക കാനോനില്‍ ഉള്‍പ്പെടുത്തപ്പെട്ട ബൈബിള്‍ ഗ്രന്ഥങ്ങളുടെ കര്‍ത്താക്കള്‍ക്ക് ഉണ്ടെന്ന് വ്യക്തമാക്കുന്ന പരാമര്‍ശങ്ങളൊന്നും തന്നെ ബൈബിള്‍ പുസ്തകങ്ങളിലില്ല.

പുരുഷബീജത്തില്‍ നിന്നാണ് കുഞ്ഞുണ്ടാവുന്നതെങ്കിലും അത് പുഷ്ടി പ്രാപിക്കുന്നത് മാതാവിന്റെ ആര്‍ത്തവരക്തത്താലാണെന്നായിരുന്നു ഇസ്രായീല്യരുടെ വിശ്വാസമെന്ന് വ്യക്തമാക്കുന്ന ഒരു പരാമര്‍ശം കത്തോലിക്കാ ബൈബിളിലുണ്ട്. യഹൂദന്‍മാരുടെ കാനോനിലോ പ്രൊട്ടസ്റ്റന്റ് ബൈബിളിലോ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത, കത്തോലിക്കര്‍ ഉത്തര കാനോനിക ഗ്രന്ഥങ്ങളെന്ന് വിളിച്ച് അവരുടെ ബൈബിളിന്റെ ഭാഗമായി ആദരിക്കുന്ന സോളമന്റെ വിജ്ഞാനത്തിലാണ് പ്രസ്തുത പരാമര്‍ശമുള്ളത്. അതിങ്ങനെ വായിക്കാം: ”ദാമ്പത്യത്തിന്റെ ആനന്ദത്തില്‍ പുരുഷബീജത്തില്‍ നിന്ന് ജീവന്‍ ലഭിച്ചു, പത്തു മാസം കൊണ്ട് അമ്മയുടെ രക്തത്താല്‍ പുഷ്ടി പ്രാപിച്ചു.”( (വിജ്ഞാനം 7: 2)

ഇവയിൽ നിന്നും അന്നത്തെ യഹൂദറബ്ബിമാരുടെ തൽമുദിൽ നിന്നുമായി ഇസ്രാഈല്യർക്കിടയിൽ നിലനിന്നിരുന്ന ഭ്രൂണഘട്ടങ്ങളെക്കുറിച്ച വിവരങ്ങൾ നമുക്ക് ലഭിക്കും. അവയെ ഇങ്ങനെ സംക്ഷേപിക്കാം:

1. പുരുഷ ശുക്ലം ഗര്‍ഭാശയത്തിലെത്തിയ ശേഷം പാലില്‍നിന്ന് തൈരുണ്ടാകുന്നതുപോലെ കട്ടിയായിത്തീര്‍ന്നാണ് ഭ്രൂണമുണ്ടാകുന്നത്.

2. ശുക്ലത്തില്‍നിന്നുണ്ടാകുന്ന ഭ്രൂണം വളരുമ്പോള്‍ ആര്‍ത്തവരക്തം അതിനെ പരിപോഷിപ്പിക്കുന്നു.

3. പിതാവില്‍നിന്നുണ്ടാകുന്ന വെളുത്ത ശുക്ലത്തില്‍നിന്നാണ് അസ്ഥികള്‍, സ്‌നായുക്കള്‍, നഖങ്ങള്‍, മസ്തിഷ്‌കം എന്നിവയുണ്ടാകുന്നത്.

4. മാതാവില്‍നിന്നുള്ള ചുവന്ന ശുക്ലത്തില്‍നിന്നാണ് തൊലി, മാംസം, മുടി, രക്തം, കണ്ണിന്റെ കറുപ്പ് എന്നിവയുണ്ടാകുന്നത്.

5. ദൈവദത്തമായ ആത്മാവിന്റെ പ്രവര്‍ത്തനഫലമായാണ് ജീവനും ജൈവപ്രതിഭാസങ്ങളുമുണ്ടാകുന്നത്.

ഹിപ്പോക്രാറ്റസിന്റെ സങ്കല്‍പം:

പാശ്ചാത്യ ചികിത്സാ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഹിപ്പോക്രാറ്റസാണ് (460 BC-377 BC) ഭ്രൂണത്തിന്റെ രൂപീകരണത്തെയും പരിണാമത്തെയും കുറിച്ച വീക്ഷണങ്ങളവതരിപ്പിച്ച ഗ്രീക്കുകാരില്‍ പ്രഥമ ഗണനീയന്‍. ഹിപ്പോക്രാറ്റസ് തന്റെ ഭ്രൂണശാസ്ത്ര വീക്ഷണങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത് ചികിത്സാക്രമം (Regimen), വിത്ത് (The Seed), കുഞ്ഞിന്റെ പ്രകൃതി (The Nature of the Child) എന്നീ രചനകളിലാണ്.

ഈ കൃതികളിലൂടെ ഹിപ്പോക്രാറ്റസ് അവതരിപ്പിച്ച മനുഷ്യോല്‍പത്തി സങ്കല്‍പങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം.

1. എല്ലാ പ്രാപഞ്ചിക പ്രതിഭാസങ്ങളും അഗ്നിയും ജലവും ചേര്‍ന്നാണ് ഉണ്ടാകുന്നത്. ഇതില്‍ അഗ്നിയാണ് ഭ്രൂണത്തിന് കാരണമായിത്തീരുന്നത്.

2. മാതാവും പിതാവും ശുക്ലം ഉല്‍പാദിപ്പിക്കുന്നുണ്ട്. ഗര്‍ഭധാരണത്തിന്റെ സമയത്തല്ലാതെ പിതാവും മാതാവും വിസര്‍ജിക്കാത്ത ശുക്ലങ്ങള്‍ മാതാവിന്റെ ജനനേന്ദ്രിയത്തില്‍നിന്ന് പുറംതള്ളപ്പെടുകയാണ് ചെയ്യുന്നത്. ഗര്‍ഭധാരണ കാലത്തെ ഈര്‍പ്പത്താല്‍ ഗര്‍ഭാശയരന്ധ്രം ചുരുങ്ങുന്നതിനാല്‍ രണ്ടുപേരുടെയും ശുക്ലങ്ങള്‍ അവിടെ തങ്ങുകയും കൂടിച്ചേരുകയും ചെയ്യുന്നു.

3. ശരീരത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍നിന്നാണ് ശുക്ലമുണ്ടാകുന്നത്. ശക്തമായ ശാരീരികാവയവങ്ങളില്‍നിന്ന് ബലമുള്ള ബീജവും അശക്തമായ ശാരീരികാവയവങ്ങളില്‍നിന്ന് അബല ബീജവുമുണ്ടാകുന്നു.

4. രണ്ടുപേരുടെയും ശുക്ലത്തില്‍ സ്ത്രീബീജവും പുരുഷബീജവും ഉണ്ടായിരിക്കും.

5. ബലബീജവും അബല ബീജവും എങ്ങനെ യോജിക്കുന്നുവെന്നതിനനുസരിച്ചായിരിക്കും കുഞ്ഞിന്റെ ലിംഗം നിര്‍ണയിക്കപ്പെടുക. സ്ത്രീയും പുരുഷനും ഉല്‍പാദിപ്പിക്കുന്നത് ശക്തമായ ബീജങ്ങളാണെങ്കില്‍ അവ കൂടിച്ചേര്‍ന്നുണ്ടാകുന്നത് ആണ്‍കുഞ്ഞും അശക്തങ്ങളായ ബീജങ്ങളാണെങ്കില്‍ അവ കൂടിച്ചേര്‍ന്നുണ്ടാകുന്നത് പെണ്‍കുഞ്ഞുമായിരിക്കും.

6. ഒരാള്‍ ശക്തമായ ബീജവും മറ്റേയാള്‍ അശക്തമായ ബീജവുമാണ് ഉല്‍പാദിപ്പിക്കുന്നതെങ്കില്‍ ഏത് ബീജമാണോ കൂടുതലുള്ളത് അതിനനുസരിച്ചാണ് കുഞ്ഞിന്റെ ലിംഗം നിര്‍ണയിക്കപ്പെടുക.

7. ബീജങ്ങള്‍ കൂടിച്ചേര്‍ന്നുണ്ടാകുന്ന ഭ്രൂണത്തിലേക്ക് മാതൃരക്തമെത്തി അത് കട്ടപിടിച്ചുകൊണ്ടാണ് ഗര്‍ഭസ്ഥശിശുവിന്റെ ശരീരത്തില്‍ മാംസം വളരുന്നത്.

8. മാംസം വളരുന്നതനുസരിച്ച് അവയവങ്ങളെല്ലാം ഒന്നിച്ചാണ് രൂപീകരിക്കപ്പെടുന്നത്.

9. ആണ്‍കുഞ്ഞിന്റെ അവയവങ്ങള്‍ വളരാന്‍ മുപ്പതുദിവസങ്ങള്‍ മതി. പെണ്‍കുഞ്ഞിന്റെ അവയവവളര്‍ച്ചയ്ക്ക് പരമാവധി നാല്‍പത്തിരണ്ടു ദിവസങ്ങളാണ് വേണ്ടത്.

അരിസ്റ്റോട്ടിലിന്റെ സങ്കൽപം:

  ഹിപ്പോക്രാറ്റസിന് ശേഷം ശ്രദ്ധേയമായ ഭ്രൂണപരിണാമപരാമര്‍ശങ്ങള്‍ നടത്തിയ ഗ്രീക്കുകാരന്‍ തത്ത്വജ്ഞാനിയും ശാസ്ത്രജ്ഞനുമായിരുന്ന അരിസ്റ്റോട്ടിലാണ് (384-322 BC).താനെഴുതിയ നാനൂറിലധികം പുസ്തകങ്ങളില്‍ ഭ്രൂണത്തിന്റെ ഉല്‍പത്തിയെയും പരിവര്‍ത്തനങ്ങളെയും കുറിച്ച് അരിസ്റ്റോട്ടില്‍ വിവരിക്കുന്നത് ജന്തുക്കളുടെ ഉല്‍പത്തിയെപ്പറ്റി (On the Generation of Animals) എന്ന ഗ്രന്ഥത്തിലാണ്.

അതിൽ പറഞ്ഞിരിക്കുന്ന അരിസ്റ്റോട്ടിലിന്റെ വീക്ഷണങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം:

1. പാല്‍ ഉറ കൂട്ടാന്‍ വേണ്ടി റെന്നറ്റ് ഉപയോഗിക്കപ്പെടുന്നതുപോലെ മാതൃശരീരത്തില്‍നിന്നുള്ള സ്രവങ്ങളെ കട്ടിയാക്കുകയാണ് പുരുഷശരീരത്തില്‍നിന്ന് സ്രവിക്കപ്പെടുന്ന ശുക്ലത്തിന്റെ ധര്‍മം. അതിനാല്‍ മാതൃസ്രവമാണ് യഥാര്‍ഥത്തില്‍ അടിസ്ഥാന വസ്തു. പാലിനെ കട്ടിയാക്കുകയെന്നതില്‍ കവിഞ്ഞ ധര്‍മമൊന്നും തന്നെ ഉറ കൂട്ടുന്ന പ്രക്രിയയില്‍ റെന്നറ്റിന് ഇല്ലാത്തതുപോലെ മാതൃരക്തത്തെ കട്ടിയാക്കുക മാത്രമാണ് ശുക്ലം ചെയ്യുന്നത്.

2. ഇങ്ങനെ കട്ടിയായിത്തീര്‍ന്ന് ഉറ കൂടിയ മാതൃരക്തത്തില്‍നിന്ന് രൂപപ്പെടുന്ന ഭ്രൂണം മണ്ണില്‍ നട്ടുപിടിപ്പിച്ച വിത്ത് വളരുന്നതുപോലെ മെല്ലെ വളര്‍ന്നുവരികയാണ് ചെയ്യുന്നത്.

3. ഗര്‍ഭസ്ഥ ശിശുവിന്റെ ശരീരത്തില്‍ ആദ്യമായി പ്രവര്‍ത്തനമാരംഭിക്കുന്നത് ഹൃദയമാണ്.

4. ഹൃദയത്തില്‍ നിന്നാരംഭിക്കുന്ന രക്തധമനികള്‍ ശരീരത്തിലാകമാനം വിന്യസിക്കപ്പെടുന്നു.

5. ശരീരാവയവങ്ങളുടെ രൂപീകരണം നടക്കുന്നത് താപത്തിന്റെയും തണുപ്പിന്റെയും പ്രവര്‍ത്തനഫലമായിട്ടാണ്. ചില അവയവങ്ങള്‍ ഘനീഭവിക്കപ്പെടുന്നത് താപത്താലാണെങ്കില്‍ മറ്റ് ചിലവയുണ്ടാകുന്നത് തണുപ്പിനാലാണ്.

6. പോഷകാഹാരം രക്തത്തിലൂടെ ശരീരാവയവങ്ങളിലേക്ക് ഒലിച്ചിറങ്ങുമ്പോഴാണ് അതിന്റെ ഒപ്പം തന്നെയുള്ള മാംസം രൂപീകരിക്കപ്പെടുന്നത്. മാംസം രൂപീകരിക്കപ്പെടുന്നതോടെ തണുപ്പ് അതിനെ ഘനീഭവിപ്പിക്കുന്നു.

7. ആന്തരികതാപത്താല്‍ ദ്രാവകങ്ങള്‍ ദൃഢമായിത്തീരുന്നതിനാലാണ് എല്ലുകളും സ്‌നായുക്കളുമെല്ലാം ഉണ്ടാകുന്നത്. അതുകൊണ്ടാണ് ഇവയെ തീ കൊണ്ട് വിഘടിപ്പിച്ച് നശിപ്പിക്കാന്‍ കഴിയാത്തത്.

8. നാം ഭക്ഷണപദാര്‍ത്ഥങ്ങള്‍ ചൂടാക്കിയും തണുപ്പിച്ചുമെല്ലാം നിര്‍മിച്ചെടുക്കുന്നതുപോലെ തന്നെ ഗര്‍ഭാശയത്തിനകത്തെ ചൂടും തണുപ്പും നമ്മുടെ അവയവങ്ങളെയെല്ലാം ചുട്ടെടുക്കുകയാണ് ചെയ്യുന്നത്.

9.  ചൂടാക്കിയ ദ്രാവകങ്ങള്‍ക്കു മുകളിലുണ്ടാവുന്ന പാടയെപ്പോലെയാണ് മാംസത്തിന് പുറത്തെ പാടയായി തൊലിയുണ്ടാകുന്നത്.

10. എല്ലാവിധ ഇന്ദ്രിയാനുഭവങ്ങളുടെയും കേന്ദ്രമായ ഹൃദയം രൂപീകരിക്കപ്പെട്ടശേഷം അതിന്റെ താപഫലമായിട്ടാണ് മസ്തിഷ്‌കം രൂപപ്പെടുന്നത്. മറ്റു ശാരീരികാവയവങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പുതന്നെ മസ്തിഷ്‌കത്തെ പൊതിഞ്ഞുകൊണ്ടുള്ള ശാരീരികവ്യവസ്ഥകള്‍ രൂപപ്പെടുന്നത് അതുകൊണ്ടാണ്.

 

ഗാലന്റെ സങ്കൽപം

ഹിപ്പോക്രാറ്റസിന്റെയും അരിസ്‌റ്റോട്ടിലിന്റെയുമെല്ലാം ഭ്രൂണപരിണാമത്തെക്കുറിച്ച വീക്ഷണങ്ങളെ അപഗ്രഥിച്ചുകൊണ്ട് തന്റേതായ ഭ്രൂണശാസ്ത്ര കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ച ശ്രദ്ധേയനായ ഗ്രീക്ക് തത്ത്വജ്ഞാനിയാണ് ഗാലന്‍ എന്നറിയപ്പെടുന്ന ക്ലോഡിയസ് ഗാലെനെസ് (ക്രി.വ 129-200). വിവിധ ശാസ്ത്രവിഷയങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന അഞ്ഞൂറോളം വരുന്ന പ്രബന്ധങ്ങളില്‍ ‘ശുക്ലത്തെപ്പറ്റി’ (On semen), ‘പ്രകൃതി പ്രഭാവങ്ങളെപ്പറ്റി’ (On the Natural Faculties), ‘ഗര്‍ഭസ്ഥ ശിശുവിന്റെ രൂപീകരണത്തെപ്പറ്റി’ (On the Formation of the Foetus) എന്നീ മൂന്നെണ്ണത്തിലാണ് തന്റെ ഭ്രൂണപരിണാമവീക്ഷണങ്ങള്‍ അദ്ദേഹം അവതരിപ്പിക്കുന്നത്.

ഇവയിലുള്ള ഗാലന്റെ ഭ്രൂണശാസ്ത്ര വീക്ഷണങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം.

1. ഗര്‍ഭാശയത്തിലെത്തുന്ന ശുക്ലമാണ് ജന്തുവിന്റെ രൂപീകരണത്തിന് നിമിത്തമാകുന്ന സജീവമായ തത്ത്വം.

2. ആറാം ദിവസം ശുക്ലം ഇല്ലാതാവുകയും പകരം ഭ്രൂണം വളരാനാരംഭിക്കുകയും ചെയ്യും. ഭ്രൂണവളര്‍ച്ച നടക്കുന്നത് മാതൃശരീരത്തില്‍ രൂപപ്പെടുന്ന ആര്‍ത്തവരക്തം ശുക്ലത്തെ പോഷിപ്പിക്കുമ്പോഴാണ്.

3. ശുക്ലത്തെ രക്തം പരിപോഷിപ്പിക്കുമ്പോള്‍ അത് ഒരു മാംസപിണ്ഡമായിത്തീരുന്നു. ഹൃദയമോ കരളോ മസ്തിഷ്‌കമോ ഇല്ലാതെതന്നെ ഈ മാംസപിണ്ഡം നിലനില്‍ക്കുകയും വളരുകയും ചെയ്യുന്നു.

4. ശരീരത്തെ ഭരിക്കുന്ന മൂന്ന് അവയവങ്ങള്‍ ഒരു നിഴല്‍ ചിത്രത്തിലെന്നവണ്ണം പ്രത്യക്ഷപ്പെടുന്ന ഘട്ടമാണ് അടുത്തത്. ഈ അവയവങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ ദൃശ്യമാകുന്നതോടൊപ്പം തന്നെ വയറിന്റെ ഭാഗങ്ങളും മെല്ലെ പ്രത്യക്ഷപ്പെടാനാരംഭിക്കുന്നു.

5. ഇതിനുശേഷം ശാരീരികാവയവങ്ങള്‍ വേര്‍പിരിയുകയും കൃത്യമായി കാണാനാവുന്ന അവസ്ഥ സംജാതമാവുകയും ചെയ്യുന്നു.
6. പിന്നീട് ശരീരത്തിലെ കൊമ്പുകളും ചില്ലകളുമെല്ലാം പ്രത്യക്ഷീഭവിക്കുന്നു.

 

ക്വുര്‍ആനിന്റെ അവതരണ കാലത്ത് ലോകത്തെങ്ങും നിലനിന്നിരുന്ന ഭ്രൂണ വിജ്ഞാനീയങ്ങളുടെ ഒരു ഏകദേശചിത്രമാണിത്. ഇതില്‍ ഹിപ്പോക്രാറ്റസിന്റെയും അരിസ്‌റ്റോട്ടിലിന്റെയും ഗാലന്റെയുമെല്ലാം ഭ്രൂണപരിണാമത്തെക്കുറിച്ച വീക്ഷണങ്ങളാണ് നവോത്ഥാനകാലം വരെ യൂറോപ്പില്‍ നിലനിന്നിരുന്നത്.   ഈ ധാരണകളില്ലെല്ലാം നിരവധി അബദ്ധങ്ങളുണ്ടെന്ന് ഇന്ന് നമുക്കറിയാം. എന്നാല്‍ ഈ അബദ്ധധാരണകള്‍ നിലനിന്നിരുന്ന കാലത്ത് അവതരിപ്പിക്കപ്പെട്ട ക്വുര്‍ആന്‍സൂക്തങ്ങളില്‍ ഈ ധാരണകളുടെ സൂക്ഷ്മമായ സ്വാധീനം പോലുമില്ല. അബദ്ധധാരണകള്‍ മാത്രം നിലനിന്നിരുന്ന ഭ്രൂണവിജ്ഞാനീയത്തെകുറിച്ച് പരാമര്‍ശിക്കുമ്പോള്‍ പ്രസ്തുത ധാരണകളുടെ യാതൊരു സ്വാധീനവുമില്ലാതെ കാര്യങ്ങള്‍ വിശദീകരിക്കുന്നത് തന്നെ അത്ഭുമാണ്. ക്വുര്‍ആനാകട്ടെ അബദ്ധധാരണകളുടെ സ്വാധീനമൊന്നുമില്ലാതെ കാര്യങ്ങള്‍ വ്യക്തമാക്കുക മാത്രമല്ല, പ്രത്യുത ആധുനികശാസ്ത്രവിദ്യകളുടെ സഹായത്താല്‍ മാത്രം നാം കണ്ടെത്തിയ കാര്യങ്ങള്‍ വളരെ കൃത്യമായി പരാമര്‍ശിക്കുക കൂടി ചെയ്യുന്നു. ഇത് ക്വുര്‍ആനിനെ അത്ഭുതങ്ങളുടെ അത്ഭുതമാക്കിത്തീര്‍ക്കുകയാണ് ചെയ്യുന്നത്. സര്‍വജ്ഞനായ അല്ലാഹുവിനല്ലാതെ ഇത്ര കൃത്യമായ പ്രസ്താവനകള്‍ നടത്താന്‍ കഴിയില്ല. അവതരണകാലത്ത് നിലനിന്നിരുന്ന അബദ്ധധാരണകളുടെ സ്വാധീനമില്ലാതെയും ആധുനികശാസ്ത്രം സ്ഥിരീകരിച്ച വസ്തുതകളിലേക്ക് വെളിച്ചംവീശിയും ക്വുര്‍ആന്‍ അതിന്റെ അപ്രമാദിത്വം വെളിപ്പെടുത്തുകയും ദൈവികത പ്രഖ്യാപിക്കുകയുമാണ് ചെയ്യുന്നത്

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ