മുഹമ്മദ്‌ നബി ഉമ്മു ഹബീബിനെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചുവോ ?!

/മുഹമ്മദ്‌ നബി ഉമ്മു ഹബീബിനെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചുവോ ?!
/മുഹമ്മദ്‌ നബി ഉമ്മു ഹബീബിനെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചുവോ ?!

മുഹമ്മദ്‌ നബി ഉമ്മു ഹബീബിനെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചുവോ ?!

വിമർശനം:

അബ്ബാസിന്റെ മകളായ ഉമ്മു ഹബീബ് ഓടിക്കളിക്കുന്നതു കണ്ട് “അവൾ പ്രായപൂർത്തിയാകുന്ന കാലം വരെ ഞാൻ ജീവിച്ചിരുന്നാൽ ഞാൻ അവളെ വിവാഹം കഴിക്കും” എന്നു മുഹമ്മദ് നബി പറഞ്ഞു. ഇത് നബി കുട്ടികളോട് ആസക്തിയുള്ള വ്യക്തിയായിരുന്നു (pedophile) എന്ന് തെളിയിക്കുന്നു.

മറുപടി:

ഒരു വ്യാജ നിവേദനത്തെ അടിസ്ഥാനപ്പെടുത്തി പ്രചരിക്കപ്പെടുന്ന കള്ളകഥയാണ് ഇത്.

നിവേദനം വ്യാജമാണ് എന്ന വസ്തുതയുടെ തെളിവുകൾ ചർച്ച ചെയ്യുന്നതിന് മുമ്പ് ഈ കഥ, പ്രവാചകൻ ‘പീഡൊഫൈൽ’ (കുട്ടികളോട് ലൈംഗീകാസക്തിയുള്ള വ്യക്തി) ആയിരുന്നു എന്ന് തെളിയിക്കുന്നുണ്ടോ എന്നതാണ് ആദ്യം ചർച്ച ചെയ്യേണ്ട ചോദ്യം. ഇല്ല, എന്നു മാത്രമല്ല പ്രവാചകൻ (സ) പീഡൊഫൈൽ ആയിരുന്നില്ല എന്നാണ് ഈ കഥ തെളിയിക്കുന്നത്. കാരണം, ഒരു പീഡോഫൈലും ഒരു കുഞ്ഞ് വളർന്നു വലുതായിട്ട് അവളെ വിവാഹം ചെയ്യാനല്ലല്ലൊ ആഗ്രഹിക്കുക; അവളുടെ ചെറുപ്രായത്തിൽ തന്നെ അവളെ ലഭിക്കണമെന്നല്ലെ ആശിക്കുക ?! ഉമ്മു ഹബീബിനെ വിവാഹം കഴിക്കാൻ പ്രവാചകനെ പ്രേരിപ്പിച്ച ഘടകം അവളുടെ ചെറുപ്രായമായിരുന്നു എങ്കിൽ വലുതായിട്ട് വിവാഹം ചെയ്യാമെന്നായിരുന്നോ പ്രവാചകൻ (സ) ആഗ്രഹിക്കുക ?! വിമർശകർ സാധാരണയായി വാദിക്കുന്നതു പോലെ പ്രവാചകൻ (സ) ഒരു സ്വേച്ഛാധിപതിയും അവിഹിത ബന്ധക്കാരനും ഒന്നും ആയിരുന്നില്ല എന്ന് കൂടി ഈ കഥ തെളിയിക്കുന്നു. കാരണം ഒരു ഏകാധിപതി, അയാൾ പീഡൊഫൈൽ ആയിരുന്നെങ്കിൽ ആ കുട്ടി വലുതാവാൻ കാത്തിരിക്കുമായിരുന്നോ, ഉടനെ ആഗ്രഹം സഫലീകരിക്കുമായിരുന്നില്ലേ?! ആസക്തി ശമിപ്പിക്കാൻ എന്തിന് ‘വിവാഹം’ ചെയ്യാൻ ആഗ്രഹിക്കുന്നു ?! അവിവാഹിത ബന്ധത്തിൽ ഏർപ്പെടുകയല്ലെ ഒരു പീഡോഫൈൽ ചെയ്യുക?! യുക്തിക്കും ബുദ്ധിക്കും മനശ്ശാസ്ത്രത്തിനും എതിരായ ഇത്തരം പീഡോഫൈൽ ആരോപണം വിമർശകരുടെ ഉള്ളിലെ പീഡോഫീലിയയെ മാത്രമാണ് പ്രതിബിംബിപ്പിക്കുന്നത്.

വിവാഹങ്ങളിലൂടെ ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കുക എന്നത് അക്കാലഘട്ടത്തിൽ വളരെ പ്രബലമായ ഒരു സാമൂഹിക ശൈലിയായിരുന്നു. തന്റെ പ്രിയ സുഹൃത്തുക്കളും സന്തതസഹചാരികളുമായിരുന്ന അബൂബക്കറിന്റെയും(റ) ഉമറിന്റെയും(റ) മക്കളായ ആഇശയേയും ഹഫ്സയേയും പ്രവാചകൻ (സ) വിവാഹം ചെയ്തത് ഇതേ സാമൂഹിക കാരണങ്ങളിലും സൗഹൃദ പ്രചോദനങ്ങളിലും പ്രേരിതമായി കൊണ്ടായിരുന്നു. അല്ലാതെ അവരുടെ പ്രായമോ സൗന്ദര്യമോ പരിഗണിച്ചു കൊണ്ടായിരുന്നില്ല. ആ കാലഘട്ടത്തിലെ സാമൂഹിക ശീലങ്ങൾ മനസ്സിലാക്കിക്കൊണ്ട് നബി ചരിത്രം പഠിച്ച നിഷ്പക്ഷരായ അമുസ്‌ലിം ചരിത്രകാരന്മാർ പോലും ഈ വസ്തുത വ്യക്തമാക്കിയിട്ടുണ്ട്.

സ്കോട്ടിഷ് ഒറിയന്റലിസ്റ്റും, ചരിത്ര പണ്ഡിതനും, എഡിംഗ്ബർഗ് സർവ്വകലാശാലയിലെ പ്രൊഫസറും, ആംഗ്ലിക്കൻ (കത്തോലിക്കൻ) പുരോഹിതനുമായ വില്യം മോണ്ട്ഗോമറി വാട്ട് (W. Montogomory Watt) പറഞ്ഞു:

“ഇവിടെ നാം ഓർക്കേണ്ട ഒരു വസ്തുത, തീർച്ചയായും ഏഴാം നൂറ്റാണ്ടിലെ അറേബ്യയിലെ പെൺകുട്ടികൾ വളരെ നേരത്തെ പ്രായപൂർത്തി എത്തിയിരുന്നു എന്നതാണ്… ഒരു ബഹുഭാര്യത്വ കുടുംബത്തിൽ ഒരു പെൺകുട്ടിക്ക് ഉണ്ടാകാവുന്നതിൽ വെച്ച് ഏറ്റവും സന്തുഷ്ടയായിരുന്നു ആഇശ എന്ന് നാം കാണുന്നു. അവളുടെ വിവാഹം വ്യക്തമായും അബുബക്കറിനെയും മുഹമ്മദിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള രാഷ്ട്രീയ കാരണത്താലായിരുന്നു, അബുബക്കർ മുഹമ്മദിന്റെ ചീഫ് ലെഫ്റ്റനന്റ് ആയിരുന്നതുപോലെ, ആഇശ അദ്ദേഹത്തിന്റെ ഭാര്യമാരിൽ മുഖ്യയായിരുന്നു…”
(W. Montgomary Watt, Muhammad: Prophet and Statesman, p.102, ഉദ്ധരണം: ibnehashim.blogspot.com)

മത താരതമ്യ ഗവേണപുസ്തകങ്ങൾക്ക് പേരുകേട്ട ബ്രിട്ടീഷ് എഴുത്തുകാരിയും ഐറിഷ് കത്തോലിക്കാ ബൈബിൾ വ്യാഖ്യാതാവുമായിരുന്ന കാരെൻ ആംസ്ട്രോംഗ് എഴുതി:

“ഭൗമിക ആനന്ദങ്ങളുടെ ഒരു പൂന്തോട്ടത്തിൽ അത്യന്തം സുഖലോലുപനായി മുഹമ്മദ്‌ വെയിൽ കായുകയായിരുന്നു എന്ന് സങ്കൽപ്പിക്കുന്നത് തികച്ചും അനർത്ഥമാണ്… നാം രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കണം. ഒന്ന്, സൗദയെയും ആഇശയെയും അവരുടെ ലൈംഗിക ആകർഷണീയതയാലല്ല തിരഞ്ഞെടുക്കപ്പെട്ടത്. ആഇശ ഒരു കൊച്ചു പെൺകുട്ടി മാത്രമായിരുന്നു, മുപ്പതാം വയസ്സിൽ, സൗദ തന്റെ ആദ്യ യൗവനത്തെ മറികടന്ന് തടികൂടാൻ തുടങ്ങിയിരുന്നു. (രണ്ടു പേരിലും ലൈംഗീക ആകർഷണീയതയൊന്നുമുണ്ടായിരുന്നില്ല) രണ്ട്, രണ്ട് വിവാഹങ്ങൾക്കും ഒരു രാഷ്ട്രീയ മാനമുണ്ടായിരുന്നു: മുഹമ്മദ് പ്രധാനപ്പെട്ട പല ബന്ധങ്ങളും സൃഷ്ടിക്കുകയായിരുന്നു ആ വിവാഹങ്ങളിലൂടെ.”
(Karen Armstrong, Muhammad: A Biography, p.145)

പ്രവാചകന്റെ പിതൃവ്യനായിരുന്നു അബ്ബാസ്. അദ്ദേഹത്തിന്റെ മകൾ ഉമ്മു ഹബീബ് ഏതോ ഒരു പെൺകുട്ടിയായിരുന്നില്ല… പ്രവാചകന്റെ ‘മുറപ്പെണ്ണി’ന്റെ സ്ഥാനമായിരുന്നു അവൾക്കുണ്ടായിരുന്നത്. “വഴിയിൽ ഓടി കളിക്കുന്ന ഏതോ പെൺകുട്ടിയെ പ്രവാചകൻ (സ) വിവാഹം ചെയ്യാൻ ആഗ്രഹിച്ചു” എന്ന രൂപേണ കഥയെ അവതരിപ്പിക്കുന്ന വിമർശകരുടെ ശൈലി ദുർവ്യാഖ്യാനമാണെന്നർത്ഥം.

“അബ്ബാസിന് നൽകുന്ന സ്ഥാനമോ ആദരവോ മറ്റൊരാൾക്കും പ്രവാചകൻ (സ) നൽകുന്നതായി ഞാൻ കണ്ടിട്ടില്ല..” എന്ന് ആഇശ (റ) പറയുകയുണ്ടായി. (അൽ ഫവാഇദ്: അബൂബക്കർ അൽബസ്സാസ്: 266 )

പ്രവാചകൻ (സ) അങ്ങേയറ്റം ആദരിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്ന പിതൃവ്യൻ അബ്ബാസിന്റെ മകളെ, അവൾ വലുതായാൽ -വിവാഹങ്ങളിലൂടെ ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കുക എന്ന അക്കാലഘട്ടത്തിലെ സാമൂഹിക സമ്പ്രദായമനുസരിച്ച് – വിവാഹം ചെയ്യണമെന്ന് പ്രവാചകൻ (സ) ആഗ്രഹിച്ചു. ഇതിൽ ആസക്തിയും പീഡോഫീലിയയുമൊക്കെ കുത്തി കയറ്റപ്പെടുന്നത് വിമർശകരിലൂടെ മാത്രണ്. വിമർശകരുടെ രോഗാതുര മനസ്സുകളിലെ ലൈംഗീക ഭാവനകളിൽ നിന്നാണ് ഇത്തരം അശ്ലീല വ്യാഖ്യാനങ്ങൾ ഉടലെടുക്കുന്നത്. വസ്തുനിഷ്ഠമായ ഒരു തെളിവിന്റേയും അടിസ്ഥാനത്തിലല്ല.

ഇനി ആദ്യത്തെ പോയന്റിലേക്ക് മടങ്ങി വരാം. ഒരു വ്യാജ നിവേദനത്തെ ലൈംഗിക വ്യാഖ്യാനങ്ങളുടെ മസാല തേച്ച് അവതരിപ്പിക്കപ്പെട്ടതാണ് ഈ കഥ എന്ന് പറഞ്ഞുവല്ലൊ. നിവേദനം വ്യാജമാണെന്നതിന് ഒരുപാട് തെളിവുകളുണ്ട്. അവയിൽ പ്രധാനപ്പെട്ടവ ഇവിടെ ഹ്രസ്വമായി സൂചിപ്പിക്കാം:

1. ഇമാം അഹ്‌മദാകട്ടെ മറ്റാരുമാകട്ടെ ഈ കഥ ഉദ്ധരിക്കുന്നത് ‘ഇബ്നു ഇസ്ഹാക്കി’ൽ നിന്നാണ്. കഥയുടെ നിവേദനങ്ങളുടെയെല്ലാം മൂല സ്രോതസ്സ് ഇബ്നു ഇസ്ഹാക്കിന്റെ നബിചരിത്ര കൃതിയായ (സീറ) ‘സീറത്തുന്നബവിയ്യ’യിൽ ഉദ്ധരിച്ച ഒരു വ്യാജ നിവേദനമാണ്.

ഇബ്നു ഇസ്ഹാകിൽ നിന്ന് ഈ നിവേദനം ഉദ്ധരിച്ച ഇമാം അഹ്‌മദ് തന്നെ ഇബ്നു ഇസ്ഹാകിനെ സംബന്ധിച്ച് അഭിപ്രായപ്പെട്ടത് ഇപ്രകാരമാണ്:
“ഹദീസിന്റെ വിഷയത്തിൽ അദ്ദേഹം പ്രമാണമല്ല. വിശ്വസ്ഥരല്ലാത്ത പലരിൽ നിന്നും ഇബ്നു ഇസ്ഹാക് നിവേദനങ്ങൾ ഉദ്ധരിച്ചിരുന്നു…”
(സിയറു അഅ്ലാമിന്നുബലാഅ്: 7:46)

ഇബ്നു ഇസ്ഹാക് ഒരു ‘സീറ’ക്കാരനാണ്; ഹദീസ് പണ്ഡിതനല്ല. ആണെന്ന് അദ്ദേഹം സ്വയം വാദിച്ചിട്ടുമില്ല. അദ്ദേഹത്തിന്റേയും മറ്റു ചരിത്രകാരന്മാരുടേയും ചരിത്ര ഗ്രന്ഥങ്ങളിൽ ഏത് സംഭവം ഉദ്ധരിക്കുമ്പോഴും അതിനോടൊപ്പം സനദും (നിവേദക പരമ്പര) ഉദ്ധരിച്ചിരിക്കും. ഇബ്നു ഇസ്ഹാകിന്റെ സീറ ആരംഭിക്കുന്നതു തന്നെ ഇപ്രകാരം പറഞ്ഞു കൊണ്ടാണ്:
ﻛﻞ ﺷﻲء ﻣﻦ ﺣﺪﻳﺚ اﺑﻦ ﺇﺳﺤﻖ ﻣﺴﻨﺪ
“ഇബ്നു ഇസ്ഹാക്കിന്റെ എല്ലാ നിവേദനങ്ങളും സനദ് (നിവേദക പരമ്പര) ഉള്ളതാണ്.”

ഈ സനദുകൾ (നിവേദക പരമ്പരകൾ) എന്തിനാണ് ഇബ്നു ഇസ്ഹാക്കടക്കമുള്ള ചരിത്രകാരന്മാർ ഓരോ നിവേദനത്തിനൊപ്പവും എഴു വെച്ചിരിക്കുന്നത് എന്ന് വിമർശകർ ചിന്തിച്ചിട്ടുണ്ടോ ? മൈലാഞ്ചി എഴുത്തു പോലെയോ കാലിഗ്രഫി പോലെയോ ചന്തം കൂട്ടാനല്ല ഇത്. എഴുതപ്പെട്ട സംഭവം സത്യമാണോ നുണയാണോ, സ്ഥാപിതമാണോ അതോ കേവല ആരോപണമാണോ എന്ന് വായനക്കാർക്ക് പരിശോധിക്കാനാണ് ഈ സനദുകൾ.
“ഈ സനദുകളിലെ നിവേദകർ വിശ്വസ്ഥരല്ലെങ്കിൽ അവർ പറഞ്ഞ കഥയും വിശ്വസ്ഥമല്ലെന്നും അവ സ്വീകരിക്കരുതെന്നും” ചരിത്രകാരന്മാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
(മുഖദ്ദിമി: താരീഖുത്വബ്‌രി: 5)

വിശ്വാസ്യതയിൽ ദുർബലരോ, വ്യാജന്മാരോ ആയിട്ടുള്ള നിവേദകർ ഉദ്ധരിച്ച നിവേദനങ്ങൾ വല്ലതും ഇത്തരം ഗ്രന്ഥങ്ങളിൽ ചേർക്കപ്പെട്ടിട്ടുണ്ടെങ്കിൽ അവ സ്ഥാപിത വസ്തുതകളല്ലെന്നും കേവല കള്ള കഥകളാണെന്നും അവ തള്ളിക്കളയണമെന്നും ഈ ചരിത്ര ഗ്രന്ഥകാരന്മാർ തന്നെ വായനക്കാരോട് അഭ്യർത്ഥിക്കുന്നുണ്ട് എന്നർത്ഥം.

ഒരു വിഷയത്തെയൊ ഒരു കാലഘട്ടത്തെയൊ ചർച്ച ചെയ്യുമ്പോൾ അവയുമായി ബന്ധപ്പെട്ട്, തങ്ങൾക്കു ലഭിച്ച സർവ്വ നിവേദനങ്ങളും ചരിത്രകാരന്മാർ അവരുടെ ഗ്രന്ഥങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആ നിവേദനങ്ങളിൽ ഏതൊക്കെയാണ് സത്യസന്ധം ഏതൊക്കെയാണ് വ്യാജം എന്നത് വേർത്തിരിച്ച് മനസ്സിലാക്കൽ ആ ഗ്രന്ഥങ്ങൾ പഠനവിധേയമാക്കുന്നവരുടെ ബാധ്യതയായാണ് ആ ഗ്രന്ഥങ്ങളുടെ രചയിതാക്കൾ മനസ്സിലാക്കിയത്.

2. ഇനി, ചർച്ച ചെയ്യപ്പെടുന്ന നിവേദനത്തിന്റെ ഉള്ളടക്കവും (മത്‌ന്) അതിന്റെ നിവേദക പരമ്പരയും (സനദ്) കാണുക:

സനദ്:
ﻧﺎ ﺃﺣﻤﺪ: ﻧﺎ ﻳﻮﻧﺲ ﻋﻦ اﺑﻦ ﺇﺳﺤﻖ ﻗﺎﻝ: ﺣﺪﺛﻨﻲ اﻟﺤﺴﻴﻦ ﺑﻦ ﻋﺒﺪ اﻟﻠﻪ ﺑﻦ ﻋﺒﻴﺪ اﻟﻠﻪ ﺑﻦ ﻋﺒﺎﺱ ﻋﻦ ﻋﻜﺮﻣﺔ ﻋﻦ اﺑﻦ ﻋﺒﺎﺱ ﻗﺎﻝ:

ഇബ്നു ഇസ്ഹാക് പറഞ്ഞു: എന്നോട് ഹസനിബ്നു അബ്ദുല്ലാഹിബ്നു ഉബൈദുല്ലാഹിബ്നു അബ്ബാസ് പറഞ്ഞു: അദ്ദേഹം ഇക്‌രിമയിൽ നിന്ന് ഉദ്ധരിക്കുന്നു: അദ്ദേഹം അബ്ബാസിൽ നിന്ന് ഉദ്ധരിക്കുന്നു: അദ്ദേഹം പറഞ്ഞു:…

മത്‌ന്:
ﻧﻈﺮ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺇﻟﻰ ﺃﻡ ﺣﺒﻴﺐ اﺑﻨﺔ ﻋﺒﺎﺱ ﻭﻫﻲ ﺑﺪﺭ ﺑﻴﻦ ﻳﺪﻳﻪ ﻓﻘﺎﻝ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ: ﻟﺌﻦ ﺑﻠﻐﺖ ﻫﺬﻩ ﻭﺃﻧﺎ ﺣﻲ ﻷﺗﺰﻭﺟﻨﻬﺎ…

അബ്ബാസിന്റെ മകൾ ഉമ്മു ഹബീബ് ചെറുതായിരിക്കെ അവളെ നോക്കി അല്ലാഹുവിന്റെ ദൂതൻ (സ) പറഞ്ഞു: ഇവൾക്ക് പ്രായപൂർത്തിയാവുമ്പോൾ ഞാൻ ജീവിച്ചിരിക്കുന്നുവെങ്കിൽ ഞാൻ ഇവളെ വിവാഹം ചെയ്യും…
(സീറത്തു ഇബ്നു ഇസ്ഹാക്: 1: 268)

ഇബ്നു ഇസ്ഹാകിനോട് ഈ കഥ ഉദ്ധരിക്കുന്നത്, ഹസനിബ്നു അബ്ദുല്ലാഹിബ്നു ഉബൈദുല്ലാഹിബ്നു അബ്ബാസ് എന്ന റാവിയാണ് (നിവേദകൻ) എന്ന് സനദിൽ നിന്നും വ്യക്തം. ഈ റാവിയുടെ സത്യസന്തതയെയും വിശ്വാസ്യതയേയും സംബന്ധിച്ച് ഹദീസ് നിദാന ശാസ്ത്ര പണ്ഡിതന്മാരും ചരിത്രകാരന്മാരും വിശദീകരിക്കുന്നത് ഇപ്രകാരമാണ്:

ഇമാം നസാഈ പറഞ്ഞു:
ഹസനിബ്നു അബ്ദുല്ലാഹിബ്നു ഉബൈദുല്ലാഹിബ്നു അബ്ബാസ് നുണയനാണെന്ന് ആരോപിതനാണ്.
(അൽ കാമിൽ ഫി ദുഅഫാഉർ രിജാൽ: ഇബ്നു അദിയ്യ: 3:214)

ഇമാം ബുഖാരി പറയുന്നു:
ഹസനിബ്നു അബ്ദുല്ലാഹിബ്നു ഉബൈദുല്ലാഹിബ്നു അബ്ബാസ് വ്യാജനാണ്.
(അദ്ദുഅഫാഉ വൽമത്റൂകൂൻ: 145)

ഹസനിബ്നു അബ്ദുല്ലാഹിബ്നു ഉബൈദുല്ലാഹിബ്നു അബ്ബാസ് വ്യാജനാണ് എന്ന് ഇബ്നു ഹജറും (തഹ്ദീബുൽ കമാൽ: 6:385, ഉകൈലിയും (അദ്ദുഅഫാ: 111) സ്വാലിഹ് ഇബ്നു അലി നൗഫലിയും വ്യക്തമാക്കുന്നുണ്ട്.

ഹാകിം പറഞ്ഞു: അയാൾ ശക്തനല്ല.

അബൂ ബിശ്ർ അദ്ദൗലാബി പറഞ്ഞു: അയാളുടെ ഹദീസുകൾ വളരെയധികം മുൻകർ (വാസ്തവ വിരുദ്ധം) ആകുന്നു.

* ബൈഹകി, അബൂഹാതിം അർറാസ്സി, ദഹബി, ഇബ്നു ഹജർ, ഇബ്നുൽ മദീനി എന്നിവർ പറഞ്ഞു: അയാൾ ദുർബലനാണ്.

* ഇബ്നുഹിബ്ബാൻ പറഞ്ഞു: അയാൾ സനദുകൾ കോട്ടിമാട്ടുമായിരുന്നു.

* അഹ്‌മദ് പറഞ്ഞു: വിശ്വസ്ഥർക്കെതിരായ നിവേദനങ്ങൾ ഉദ്ധരിക്കുന്ന വ്യക്തിയാണയാൾ.

* ജൊസ്ജാനി പറഞ്ഞു: അയാളുടെ നിവേദനങ്ങൾ വായിച്ച് സമയം കളയരുത്.
(https://hadith.islam-db.com/narrators/1334/)

അപ്പോൾ, ഒരു ചരിത്രകാരൻ, ആയിരക്കണക്കിന് നിവേദനങ്ങളുള്ള തന്റെ ഒരു ഗ്രന്ഥത്തിൽ, ഏതോ ഒരു മൂലയിൽ ഒരു നാലു വരി നീളത്തിൽ എഴുതി ചേർത്ത, ‘നുണയനെന്ന് ആരോപിക്കപ്പെട്ട ഒരു റാവി’യിൽ നിന്ന് ഉദ്ധരിക്കപ്പെട്ട ഒരു ‘വ്യാജ നിവേദന’ത്തിൽ, പ്രവാചകൻ (സ) തന്റെ ‘മുറപ്പെണ്ണായ’ ഉമ്മു ഹബീബ് ചെറുതായിരിക്കുമ്പോൾ, ‘വലുതായാൽ’ ഞാൻ ഇവളെ വിവാഹം ചെയ്യുമെന്ന് പറഞ്ഞതിനെ മസാല തേച്ച് കുട്ടികളോടുള്ള ആസക്തിയാക്കി ദുർവ്യാഖ്യാനിക്കുകയാണ് വിവർശകർ ചെയ്തിരിക്കുന്നത് !! ആരോപണത്തിന് വസ്തുതകളുമായി അകന്ന ബന്ധം പോലുമില്ല.

print