മുസ്‌ലിംകളുടെ മാത്രം ദൈവമല്ലേ ‘അല്ലാഹു’?

/മുസ്‌ലിംകളുടെ മാത്രം ദൈവമല്ലേ ‘അല്ലാഹു’?
/മുസ്‌ലിംകളുടെ മാത്രം ദൈവമല്ലേ ‘അല്ലാഹു’?

മുസ്‌ലിംകളുടെ മാത്രം ദൈവമല്ലേ ‘അല്ലാഹു’?

അല്ല. പ്രപഞ്ചത്തിലെ വലുതും ചെറുതുമായ സകലവിധ പ്രതിഭാസങ്ങ ളുടെയും സൃഷ്ടിക്കും സ്ഥിതിക്കും സംഹാരത്തിനും കാരണഭൂതമായിരിക്കുന്ന ഏകാസ്തിത്വത്തിന് അറബിയില്‍ പറയുന്ന പേരാണ് അല്ലാഹു. സ്വന്തത്തെയും തന്റെ ചുറ്റുപാടുകളെയും കുറിച്ച് ഗൗരവതരമായി പഠിച്ചുമനസ്സിലാക്കുന്ന ഒരാള്‍ക്കും അവയ്ക്കു പിന്നിലുള്ള ഒരു മഹാചൈതന്യത്തിന്റെ അസ്തിത്വത്തെ നിഷേധിക്കുവാനാവില്ലെന്നതാണ് വസ്തുത. പരമാണുവിനുള്ളിലെ ആന്ദോളനങ്ങളുടെ മുതല്‍ താരാസമൂഹങ്ങളുടെ നിലനില്‍പിന്നാധാരമായ വ്യവസ്ഥകളുടെ വരെ കാരണം അല്ലാഹുവാണ്. എന്നാല്‍, അല്ലാഹു കേവലമായ ഒരു ശക്തിയോ അന്ധമായ ഒരു കാരണമോ ഉണ്മയില്ലാത്ത ഒരു ഊര്‍ജരൂപമോ മാത്രമാണെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നില്ല. ദൈവിക സത്ത മനുഷ്യന്റെ വിശദീകരണത്തിന്നതീതമാണ്. അല്ലാഹുതന്നെ അറിയിച്ചുതന്ന ദിവ്യവെളിപാടുകളിലൂടെ മാത്രമേ അവന്റെ സത്തയുടെ സ്വഭാവമെന്താണെന്ന് നമുക്ക് മനസ്സിലാക്കാനാവൂ. എങ്കിലും അവന്റെ ശക്തിയാല്‍ നിലനില്‍ക്കുന്ന പ്രാപഞ്ചികവസ്തുക്കള്‍ അവന്റെ അസ്തിത്വത്തെയും സ്വഭാവങ്ങളെയും ഒരു പരിധിവരെ വെളിപ്പെടുത്തുന്നുവെന്ന് പറയാം.

മലയാളത്തില്‍ ‘ദൈവ’മെന്നും ഇംഗ്ലീഷില്‍ ‘ഗോഡ്’ എന്നും ഉറുദുവില്‍ ‘ഖുദാ’ എന്നും പറയുമ്പോഴുണ്ടാകുന്ന അര്‍ഥകല്‍പനയിലുള്ള അറബിപദമല്ല ‘അല്ലാഹു’വെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. ദൈവം, ഗോഡ്, ഖുദാ തുടങ്ങിയ പദങ്ങള്‍ക്ക് ആരാധിക്കപ്പെടുന്നത് എന്നു മാത്രമേ അര്‍ഥമുള്ളൂ. ഇവയ്ക്ക് തത്തുല്യമായ അറബിപദമാണ് ‘ഇലാഹ്’. ആരാധിക്കപ്പെടുന്ന ആരെയും ‘ഇലാഹുകള്‍’ എന്ന് വിളിക്കാം. ഇലാഹ് എന്ന പൊതുനാമത്തെ ‘അല്‍’ എന്ന അവ്യയം ചേര്‍ത്ത് വിശേഷവത്കരിച്ചതാണ് ‘അല്ലാഹു’ എന്ന പദമെന്നാണ് പദോല്‍പത്തിശാസ്ത്രജ്ഞന്മാരുടെ പക്ഷം. അപ്പോള്‍ അല്ലാഹു എന്ന പദത്തിനര്‍ഥം അല്‍ഇലാഹ് എന്നാണ്. ‘ആരാധിക്കപ്പെടുവാന്‍ യഥാര്‍ഥത്തില്‍ അര്‍ഹതയുള്ളവന്‍’ എന്നോ ‘സാക്ഷാല്‍ ദൈവം’ എന്നോ ഇതിന് അര്‍ഥം പറയാവുന്നതാണ്. ‘അല്ലാഹു’വെന്ന പദത്തിന്റെ ഉല്‍പത്തിയെ സംബന്ധിച്ച് ഇതല്ലാത്ത അഭിപ്രായങ്ങളുമുണ്ട്. ഏതായിരുന്നാലും യഥാര്‍ഥ ദൈവത്തിനുള്ള സംജ്ഞാനാമമെന്ന നിലയ്ക്കാണ് ഇന്ന് അതുപയോഗിക്കപ്പെടുന്നത്. സത്യദൈവം എന്ന നിലയ്ക്കാണ് വിശുദ്ധ ഖുര്‍ആന്‍ ‘അല്ലാഹു’വെന്ന പദത്തെ പരിചയപ്പെടുത്തുന്നത്.

സൂക്ഷ്മവും സ്ഥൂലവുമായ സകലമാന വസ്തുക്കളുടെയും സ്രഷ്ടാവും സംരക്ഷകനും നിയന്താവും സര്‍വശക്തനും സര്‍വജ്ഞനുമായവനാണ് അല്ലാഹു. ഇത് ഒരു കുലദൈവത്തിന്റെയോ ഗോത്രദൈവത്തിന്റെയോ പേരല്ല. എല്ലാ ദേശക്കാരുടെയും ഭാഷക്കാരുടെയും വര്‍ഗക്കാരുടെയും യഥാര്‍ഥമായ ദൈവത്തിന്റെ പേരാണ് അല്ലാഹു.നിരവധി ദൈവനാമങ്ങൾ ഖുർആനിലുണ്ട്. അത്യുന്നതനായ അവന്റെ ഗുണവിശേഷങ്ങളെ കുറിക്കുന്നവയാണ് ആ നാമങ്ങളെല്ലാം. അല്ലാഹുവെന്ന നാമത്തെ ഖുർആൻ പരിചയപ്പെടുത്തുന്നത് അവന്റെ യഥാർത്ഥ നാമമായിക്കൊണ്ടാണ്.

സ്രഷ്ടാവും പ്രപഞ്ചകര്‍ത്താവുമായ ദൈവത്തിന് വ്യത്യസ്തഭാഷകളില്‍ വ്യത്യസ്ത പേരുകളുപയോഗിച്ചതായി കാണാന്‍ കഴിയും. സംസ്‌കൃതത്തില്‍ ‘പരബ്രഹ്മം’ എന്നും ‘പരമാത്മാവ്’ എന്നുമാണ് സര്‍വശക്തനും സര്‍വലോകസ്രഷ്ടാവുമായ ദൈവത്തിന് പറയുന്ന പേരെന്ന് ഉപനിഷത്തുകളിലെ വിവരണങ്ങള്‍ വായിച്ചാല്‍ ബോധ്യമാവും. ബൈബിള്‍ പഴയ നിയമത്തില്‍ പല പേരുകളിലും സ്രഷ്ടാവായ ദൈവം അഭിസംബോധന ചെയ്യപ്പെട്ടിട്ടുണ്ട്. ഏല്‍, എലോഹിം, ഏല്‍ശദ്ദായി, ഏല്‍എല്യോന്‍, അഡോണായി, യാഹ്, യഹ്‌വെ (യഹോവ) തുടങ്ങിയ നാമങ്ങളെല്ലാം സര്‍വശക്തനായ ദൈവത്തിന് നല്‍കപ്പെട്ടിട്ടുണ്ട്. യേശുവിന്റെ ഉപദേശങ്ങളൊന്നും അദ്ദേഹത്തിന്റെ ഭാഷയായ അരമായഭാഷയില്‍ ലഭ്യമല്ലാത്തതിനാല്‍ അദ്ദേഹം എങ്ങനെയാണ് ദൈവത്തെ സംബോധന ചെയ്തതെ ന്ന് മനസ്സിലാക്കാന്‍ നിര്‍വാഹമില്ല. എങ്കിലും ‘എലോഹി’ എന്നായിരിക്കും അദ്ദേഹം ദൈവത്തെ സംബോധന ചെയ്തതെന്നാണ് ബൈബിള്‍ പണ്ഡിതന്മാരുടെ അഭിപ്രായം. ഇന്ന് നിലവിലുള്ള അറബി ബൈബിളുകളിലെല്ലാം അത്യുന്നതനായ ദൈവത്തെ വിളിച്ചിരിക്കുന്നതും അല്ലാഹു എന്നു തന്നെയാണ്.

സര്‍വലോകസ്രഷ്ടാവും സര്‍വശക്തനുമായ ദൈവത്തെ വിളിക്കുവാന്‍ ഖുര്‍ആന്‍ ഉപയോഗിച്ച പദമാണ് ‘അല്ലാഹു’വെന്നും ‘ആരാധിക്കാന്‍ യഥാര്‍ഥത്തില്‍ അര്‍ഹതയുള്ളവന്‍’ എന്നാണ് ആ നാമത്തിന് അര്‍ഥമെന്നും പറഞ്ഞുവല്ലോ.’അല്ലാഹുവെന്ന പദത്തിന് തുല്യമായി മറ്റു ഭാഷകളിലൊന്നുംതന്നെ ഒറ്റവാക്കുകളില്ലെന്ന് പറയുന്ന പണ്ഡിതന്മാരുണ്ട്. അതെന്തായിരുന്നാലും, ‘യഥാര്‍ഥത്തിലുള്ള ദൈവം’ എന്ന അര്‍ഥത്തിലാണ്, ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെയോ ഗോത്രത്തിന്റെയോ ദൈവം എന്ന അര്‍ഥത്തിലല്ല ഖുര്‍ആന്‍ ‘അല്ലാഹു’വെന്ന് പ്രയോഗിച്ചിരിക്കുന്നത്. മുസ്‌ലിംകളുടെയും ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും യഹൂദരുടെയും പാര്‍സികളുടെയും മറ്റെല്ലാ ജനവിഭാഗങ്ങളുടെയും കറുത്തവരുടെയും വെളുത്തവരുടെയും പാശ്ചാത്യരുടെയും പൗരസ്ത്യരുടെയും അവര്‍ണരുടെയും സവര്‍ണരുടെയും അഖിലചരാചരങ്ങളുടെയും എല്ലാം സ്രഷ്ടാവും സംരക്ഷകനും പരിപാലകനുമാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന അല്ലാഹു.

”അല്ലാഹു എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാകുന്നു. അവന്‍ എല്ലാ വസ്തുക്കളുടെ മേലും കൈകാര്യകര്‍ത്താവാകുന്നു” (39:62).

”അവനാകുന്നു നിങ്ങളുടെ രക്ഷിതാവും എല്ലാ വസ്തുക്കളുടെ സൃഷ്ടികര്‍ത്താവുമായ അല്ലാഹു. അവനല്ലാതെ യാതൊരു ദൈവവുമില്ല. എന്നിരിക്കെ നിങ്ങള്‍ എങ്ങനെയാണ് (സന്മാര്‍ഗത്തില്‍ നിന്ന്) തെറ്റിക്കപ്പെടുന്നത്?” (40:62).

”തീര്‍ച്ചയായും അല്ലാഹുതന്നെയാണ് എന്റെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവും. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതാകുന്നു നേരായ പാത” (43:64).

”ആകാശങ്ങളുടെയും ഭൂമിയുടെയും നിര്‍മാതാവാണവന്‍. അവന്ന് എങ്ങനെ ഒരു സന്താനമുണ്ടാകും? അവന്നൊരു കൂട്ടുകാരിയുമില്ലല്ലോ. എല്ലാ വസ്തുക്കളെയും അവന്‍ സൃഷ്ടിച്ചതാണ്. അവന്‍ എല്ലാ കാര്യത്തെപ്പറ്റിയും അറിയുന്നവനുമാണ്. അങ്ങനെയുള്ളവനാണ് നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനല്ലാതെ ഒരു ദൈവവുമില്ല. എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാണവന്‍. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. അവന്‍ സകല കാര്യങ്ങളുടെയും കൈകാര്യക്കാരനാകുന്നു” (6:101,102).

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ