മലക്കുകൾ ദൈവ കൽപന ധിക്കരിക്കാത്തവരെങ്കിൽ ഇബ്‌ലീസ് എങ്ങനെ ധിക്കാരിയായി ?

/മലക്കുകൾ ദൈവ കൽപന ധിക്കരിക്കാത്തവരെങ്കിൽ ഇബ്‌ലീസ് എങ്ങനെ ധിക്കാരിയായി ?
/മലക്കുകൾ ദൈവ കൽപന ധിക്കരിക്കാത്തവരെങ്കിൽ ഇബ്‌ലീസ് എങ്ങനെ ധിക്കാരിയായി ?

മലക്കുകൾ ദൈവ കൽപന ധിക്കരിക്കാത്തവരെങ്കിൽ ഇബ്‌ലീസ് എങ്ങനെ ധിക്കാരിയായി ?

മലക്കുകൾ ദൈവിക കൽപന ധിക്കരിക്കാത്തവരാണെന്ന് 16:49, 50 സൂക്തങ്ങളിൽ പറയുന്നതിന് വിരുദ്ധമായി, ആദമിനെ സാഷ്ടാംഗം നമിക്കാന്‍ മലക്കുകളോട് പറഞ്ഞപ്പോൾ ഇബ്‌ലീസ് വിസമ്മതിച്ചുവെന്ന് 2:34 ല്‍ പറയുന്നു. ഈ വൈരുധ്യം എങ്ങനെ വിശദീകരിക്കാനാവും?

ഇബ്‌ലീസ് മലക്കല്ല, പ്രത്യുത ജിന്നുകളില്‍പ്പെട്ടവനാണെന്ന വസ്തുത ഖുര്‍ആന്‍ 18:50 ല്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ദൈവികശാസനകള്‍ ചോദ്യം ചെയ്യാതെ അനുസരിക്കുന്നവരാണ് മലക്കുകള്‍ എന്ന വസ്തുതയുമായി ഇബ്‌ലീസിന്റെ അനുസരണക്കേട് യാതൊരുവിധ വൈരുധ്യവും പുലര്‍ത്തുന്നില്ല.

മലക്കുകളോട് ആദമിനെ സാഷ്ടാംഗം നമിക്കുവാന്‍ അല്ലാഹുകല്‍പിച്ചപ്പോള്‍ പിന്നെ എന്തിന് ജിന്നുകളില്‍ പെട്ട ഇബ്‌ലീസ് ആ കല്‍പന അനുസരിക്കണം എന്ന ചോദ്യം ഉയരാറുണ്ട്. ഇതിന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ മറുപടി പറഞ്ഞിട്ടുണ്ട്. ജിന്നുകളുടെ തലവനായിരുന്ന ഇബ്‌ലീസ് തന്റെ ജ്ഞാനം കൊണ്ടും വിശുദ്ധികൊണ്ടും മലക്കുകളോടൊപ്പമെത്താന്‍ അര്‍ഹത നേടിയെടുത്തിരുന്നു. മലക്കുകള്‍ക്കിടയില്‍ കഴിഞ്ഞു കൂടിയവനെന്ന നിലക്ക് ആദമിന് സാഷ്ടാംഗം നമിക്കാന്‍ വേണ്ടിയുള്ള കൽപന അവന് കൂടി ബാധകമായിരുന്നു. തന്റെ പുത്രന്‍മാരോടൊപ്പം ജീവിക്കുന്ന ദത്തുപുത്രനുള്ള ഒരു പിതാവ് തന്റെ മക്കളോടായി എന്തെങ്കിലും ഒരു കാര്യം കല്പിച്ചാല്‍ ദത്ത് പുത്രന്‍ കൂടി അത്ചെയ്യണം എന്ന് പ്രത്യേകമായി പറഞ്ഞിട്ടില്ലെങ്കിലും പ്രസ്തുത കല്‍പന പാലിക്കുവാന്‍ അയാള്‍ കൂടി ബാധ്യസ്ഥനാണ് എന്നത് പോലെ മലക്കുകളോടൊപ്പം കഴിയാന്‍ അര്‍ഹത നേടിയെടുത്തിരുന്ന ഇബ്‌ലീസ് കൂടി മലക്കുകളോടുള്ള ദൈവിക കല്‍പന അനുസരിക്കുവാന്‍ ബാധ്യസ്ഥനാണ്. വിദേശത്ത് ജീവിക്കുന്ന ഒരാള്‍ താന്‍ ജീവിക്കുന്ന രാജ്യത്തിലെ നിയമങ്ങള്‍അനുസരിക്കുവാന്‍ ബാധ്യസ്ഥനായതിനോടും ഇത് ഉപമിക്കാവുന്നതാണ്. ഏതായിരുന്നാലും ജിന്നുകളില്‍പ്പെട്ട ഇബ്‌ലീസ് പ്രസ്തുത ദൈവിക കല്‍പന ധിക്കരിക്കുകയും മ്ലേച്ഛനായി ദൈവ കോപത്തിന് പാത്രമാവുകയുമാണുണ്ടായത്. ഇതാണ് 2:34 ല്‍ പറഞ്ഞിരിക്കുന്നത്.

print