മരണത്തിന്റെ ഉത്തരവാദിത്തം ഒരു മലക്കിനോ, ഒരു കൂട്ടം മലക്കുകൾക്കോ ?

/മരണത്തിന്റെ ഉത്തരവാദിത്തം ഒരു മലക്കിനോ, ഒരു കൂട്ടം മലക്കുകൾക്കോ ?
/മരണത്തിന്റെ ഉത്തരവാദിത്തം ഒരു മലക്കിനോ, ഒരു കൂട്ടം മലക്കുകൾക്കോ ?

മരണത്തിന്റെ ഉത്തരവാദിത്തം ഒരു മലക്കിനോ, ഒരു കൂട്ടം മലക്കുകൾക്കോ ?

മനുഷ്യന്‍ മരണപ്പെടുമ്പോള്‍ അവന്റെ ആത്മാവ് പിടിക്കുന്നത് മരണത്തിന്റെ മാലാഖയാണെന് 32:11ലും മാലാഖമാരാണെന്ന് 47:27ലും അല്ലാഹു തന്നെയാണെന്ന് 39:42 ലും പറയുന്നുണ്ടല്ലോ. ഈ സൂക്തങ്ങളിൽ വ്യക്തമായ വൈരുധ്യമില്ലേ?

(നബിയേ) പറയുക: നിങ്ങളുടെ കാര്യത്തില്‍ ഏല്‍പ്പിക്കപ്പെട്ട മരണത്തിന്റെ മലക്ക് നിങ്ങളെ മരിപ്പിക്കുന്നതാണ്. പിന്നീട് നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് നിങ്ങള്‍ മടക്കപ്പെടുന്നതാണ്. (32:11) അപ്പോള്‍ മലക്കുകള്‍ അവരുടെ മുഖത്തും പിന്‍ഭാഗത്തും അടിച്ചുകൊണ്ട് അവരെ മരിപ്പിക്കുന്ന സന്ദര്‍ഭത്തില്‍ എന്തായിരിക്കും അവരുടെ സ്ഥിതി? (47:27)

ആത്മാവുകളെ അവരുടെ മരണവേളയില്‍ അല്ലാഹു പൂര്‍ണ്ണമായിഏറ്റെടുക്കുന്നു. മരണപ്പെടാത്തവയെ അവരുടെ ഉറക്കത്തിലും. (39:42)

ഈ സൂക്തങ്ങളിലാണ് വൈരുധ്യം ആരോപിക്കപ്പെട്ടിരിക്കുന്നത്. മരണസമയത്തെ സംഭവങ്ങളുമായി ബന്ധപ്പെട്ട സൂക്തങ്ങളാണ് ഇവ. അല്ലാഹുവാണ് ജീവിതവും മരണവുമെല്ലാം നിശ്ചയിക്കുന്നത്. മനുഷ്യന് ജീവന്‍ നല്‍കിയതും മരണത്തിലേക്ക് നയിക്കുന്നതുമെല്ലാം അല്ലാഹുവാണ്. എല്ലാ പ്രാപഞ്ചിക പ്രതിഭാസങ്ങളും നടക്കുന്നത് അല്ലാഹുവിന്റ അലംഘനീയമാ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍ ഇവയെല്ലാം നടന്നു പോകുന്നതിന്നായി അവന്‍ തന്നെ ചിലവ്യവസ്ഥകള്‍ വെച്ചിട്ടുണ്ട്.

മഴ പെയ്യിക്കുന്നതിനും ഇടിമിന്നലുണ്ടാകുന്നതിനുമെല്ലാം അല്ലാഹുഭൂമിയില്‍ ചില വ്യവസ്ഥകളേര്‍പ്പെടുത്തിയതുപോലെ മനുഷ്യനെ മരണപ്പെടുത്തുന്നതിനും അവന്‍ ചില സംവിധാനങ്ങള്‍ ചെയ്തിട്ടുണ്ട്. മലക്കുകളിലൂടെയാണ് അല്ലാഹു മനുഷ്യരെ മരണപ്പെടുത്തുന്നത്. മലക്കുകളാണ് മനുഷ്യരെ മരണപ്പെടുത്തുന്നതെങ്കിലും അതിന്റെ ആത്യന്തികമായ കാരണക്കാരന്‍ അല്ലാഹുവാണെന്നര്‍ത്ഥം. അല്ലാഹുവിന്റെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ മാത്രമേ മലക്കുകള്‍ക്ക് അധികാരമുള്ളൂ. ഇക്കാര്യമാണ് സൂറത്തു സുമറിലെ (39:42) വാക്യം വ്യക്തമാക്കുന്നത്. മനുഷ്യരേ മലക്ക് മരണപ്പെടുത്തിയ ശേഷം നിങ്ങളുടെ രക്ഷതാവിങ്കലേക്ക് നിങ്ങള്‍ മടക്കപ്പെടുന്നതാണ് എന്ന സൂറത്തു സജദയിലെ (32:11) പരാമര്‍ശവും വ്യക്തമാക്കുന്നത് മരണത്തിലെ അല്ലാഹുവിന്റെ ആത്യന്തികമായ നിയന്ത്രണത്തെയാണ്.

മനുഷ്യരെ മരണപ്പെടുത്തുക എന്ന ചുമതലയേല്‍പ്പിക്കപ്പെട്ടിരിക്കുന്നത് ഒരു പ്രത്യേക മാലാഖയെയാണ്. നിങ്ങളുടെ കാര്യത്തില്‍ ഏല്‍പ്പിക്കപ്പെട്ട മരണത്തിന്റെ മലക്ക് നിങ്ങളെ മരിപ്പിക്കുന്നതാണ് എന്ന് പറയുമ്പോള്‍ (32:11)അക്കാര്യത്തിനു വേണ്ടി ചുമതലയേല്‍പ്പിക്കപ്പെട്ട പ്രത്യേക മാലാഖയെയാണ് ഖുര്‍ആന്‍ വിവക്ഷിക്കുന്നത്.

മരണത്തിന്റെ ഈ മാലാഖയക്ക് കീഴില്‍ മലക്കുകളില്‍ നിന്ന് തന്നെയുള്ള ഒരു വലിയ പ്രവര്‍ത്തക വ്യൂഹമുണ്ട്. ഈ മാലാഖമാര്‍ മരണത്തോടനുബന്ധിച്ച വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതേ കുറിച്ച് വ്യക്തമാക്കുന്ന പലഖുര്‍ആന്‍ സൂക്തങ്ങളില്‍ ഒന്നു മാത്രമാണ് സൂറത്തു മുഹമ്മദില്‍ നിന്ന് ആദ്യം ഉദ്ധരിക്കപ്പെട്ട സൂക്തം (47:27). മരണത്തോടനുബന്ധിച്ച് മലക്കുകള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന മറ്റു ചില സൂക്തങ്ങള്‍ കാണുക:

സ്വന്തത്തോട് അന്യായം ചെയ്തവരെ മരിപ്പിക്കുമ്പോള്‍ മലക്കുകള്‍ അവരോട് ചോദിക്കും: നിങ്ങള്‍ എന്തൊരു നിലപാടിലായി രുന്നു? (4:97).

നിങ്ങള്‍ നിങ്ങളുടെ ആത്മാക്കളെ പുറത്തിറക്കുവിന്‍ എന്ന് പറഞ്ഞുകൊണ്ട് മലക്കുകള്‍ അവരുടെ നേരെ തങ്ങളുടെ കൈകള്‍ നീട്ടിക്കൊണ്ടിരിക്കുകയാണ്. (6:93)

നല്ലവരായിരിക്കെ മലക്കുകള്‍ ഏതൊരു കൂട്ടരുടെ ജീവിതം അവസാനിപ്പിക്കുന്നുവോ അവരോട് മാലാഖമാര്‍ പറയും: നിങ്ങള്‍ക്ക് സമാധാനം! നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ ഫലമായി നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചുകൊള്ളുക. (16:32).

ഈ സൂക്തങ്ങളിലെല്ലാം മനുഷ്യരുടെ മരണത്തോടനുബന്ധിച്ച് വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന മാലാഖമാരുടെ വ്യുഹത്തെപ്പറ്റിയാണ് വിശദീകരിക്കപ്പെട്ടിരിക്കുന്നത്. ഈ വ്യൂഹം മരണത്തിന്റെ മലക്കിന്റെ കീഴിലുള്ളതാണ്. മരണവും മരണത്തോടനുബന്ധിച്ച പ്രവര്‍ത്തനങ്ങളും ചെയ്യാനായി ഒരു മാലാഖവ്യൂഹത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ വ്യൂഹത്തിന്റെ നേതാവാണ് മരണത്തിന്റെ മലക്ക് എന്ന് അറിയപ്പെടുന്നത്. ഈ വ്യൂഹവും നേതാവുമെല്ലാം അല്ലാഹുവിന്റെ നിയന്ത്രണത്തിന് കീഴിലാണ്. ഇക്കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍ വൈരുധ്യം ആരോപിക്കപ്പെട്ടിരിക്കുന്ന സൂക്തങ്ങളില്‍ യാതൊരു വൈരുധ്യവുമില്ലെന്ന വസ്തുത സുവ്യക്തമാകും.

print