മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത്, രക്തപിണ്ഡം, കളിമണ്ണ്, ജലം,….എന്തിൽ നിന്നാണ്?

/മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത്, രക്തപിണ്ഡം, കളിമണ്ണ്, ജലം,….എന്തിൽ നിന്നാണ്?
/മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത്, രക്തപിണ്ഡം, കളിമണ്ണ്, ജലം,….എന്തിൽ നിന്നാണ്?

മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത്, രക്തപിണ്ഡം, കളിമണ്ണ്, ജലം,….എന്തിൽ നിന്നാണ്?

മനുഷ്യന് എന്തിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്? രക്തക്കട്ടയിൽ നിന്നാണെന്നും (96:2) വെള്ളത്തിൽ നിന്നാണെന്നും (21: 30, 24: 45, 25: 54) ശബ്ദമുണ്ടാക്കുന്ന കളിമണ്ണിൽ നിന്നാണെന്നും(15:26) മണ്ണിൽ നിന്നാണെന്നും (3:59,30:20,35:11) ഭൂമിയിൽ നിന്നാണെന്നും (11:61) ശുക്ലത്തിൽ നിന്നാണെന്നു (16:4,75:37)മെല്ലാം ഖുര്‍ആനിൽ പറയുന്നുണ്ടല്ലോ. ഇത് വ്യക്തമായ വൈരുധ്യമല്ലേ?

മനുഷ്യന്റെ സൃഷ്ടിയെകുറിച്ച് പ്രതിപാദിക്കുമ്പോള്‍ ഖുര്‍ആന്‍ നടത്തുന്ന പ്രസ്താവനകളില്‍ വൈവിധ്യം കാണപ്പെടുന്നുവെന്നത് ഒരു നേരാണ്. ഈ വൈവിധ്യങ്ങള്‍ പക്ഷേ വൈരുധ്യങ്ങളല്ല. മനുഷ്യ സൃഷ്ടിയെപ്പറ്റി ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട എല്ലാം ശരിയാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ഖുര്‍ആനില്‍ മനുഷ്യ സൃഷ്ടിയെ കുറിച്ച് പറയുന്ന സൂക്തങ്ങള്‍ രണ്ടുതരത്തിലുള്ളവയാണ്. മനുഷ്യന്റെ ആദിമ സൃഷ്ടിയെ കുറിച്ച് പ്രതിപാദിക്കുന്നവയാണ് ഒന്ന്. രണ്ടാമത്തെതാകട്ടെ, സ്ത്രീപുരുഷ സംഗമത്തിലൂടെയുള്ള പ്രത്യുല്‍പാദനത്തെ സൂചിപ്പിക്കുന്നവയാണ്. രണ്ടും കൂട്ടിക്കലര്‍ത്തി കൊണ്ടാണ് പലപ്പോഴും വൈരുധ്യങ്ങള്‍ ആരോപിക്കപ്പെടുന്നത്. ഇവയെ രണ്ടായി കണ്ടുകൊണ്ട് തന്നെ പഠനത്തിന്വിധേയമാക്കിയാല്‍ ഇവയില്‍ യാതൊരു വിധ വൈരുധ്യങ്ങളുമില്ലെന്ന് മാത്രമല്ല, ഇവയെല്ലാം കൃത്യവും ശാസ്ത്രീയവുമാണെന്ന് വ്യക്തമാവും.

ആദിമ മനുഷ്യന്റെ സൃഷ്ടിയെ കുറിച്ച് പ്രതിപാദിക്കുന്ന സൂക്തങ്ങള്‍താഴെ:

കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ (മുട്ടിയാല്‍)മുഴക്കമുണ്ടാകുന്ന കളിമണ്‍ രൂപത്തില്‍ നിന്ന് നാം മനുഷ്യരെസൃഷ്ടിച്ചിരിക്കുന്നു-(15:26)

അവനെ(ആദമിനെ) മണ്ണില്‍ നിന്നും അവന്‍ സൃഷ്ടിച്ചു. പിന്നീട് അതിനോട് ഉണ്ടാകൂ എന്ന് പറഞ്ഞപ്പോള്‍ അവന്‍ (ആദം) അതാ ഉണ്ടാകുന്നു -(3:59)

നിങ്ങളെ അവന്‍ മണ്ണില്‍ നിന്ന് സൃഷ്ടിച്ചു-(30:20)

അല്ലാഹു നിങ്ങളെ മണ്ണില്‍ നിന്നും പിന്നീട് ബീജകണത്തില്‍ നിന്നുംസൃഷ്ടിച്ചു-(35:11)

അവനത്രേ കളി മണ്ണില്‍ നിന്നും നിങ്ങളെ സൃഷ്ടിച്ചത്-(6:2)

എല്ലാ ജന്തുക്കളെയും അവന്‍ വെള്ളത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു-(24:45)

അവന്‍ തന്നെയാണ് വെള്ളത്തില്‍നിന്ന് മനുഷ്യനെ സൃഷ്ടിക്കുകയും, അവനെ
രക്തബന്ധമുള്ളവനും വിവാഹബന്ധമുള്ളവനും ആക്കുകയും ചെയ്തിരിക്കുന്നത്. (25:54)

ആദി മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത് മണ്ണില്‍ നിന്നാണെന്നാണ് ഈ സൂക്തങ്ങളില്‍ നിന്ന് നാം ഒന്നാമതായി മനസ്സിലാക്കേണ്ടത്. മണ്ണില്‍ നിന്ന് എന്നപ്രയോഗം പൊതുവായ ഒരു പരാമര്‍ശമാണ്. തുറാബ് എന്നാണ് മണ്ണിന് അറബിയില്‍ പറയുക. ഏതു തരം മണ്ണിനും പറയാവുന്ന ഒരു പൊതുനാമമാണിത്. ഏതുതരം മണ്ണില്‍ നിന്നാണ് മനുഷ്യ സൃഷ്ടി നടന്നത് എന്ന ചോദ്യത്തിന് കളിമണ്ണില്‍ (ഹമഅ്,ത്വീന്‍) നിന്ന് എന്ന ഉത്തരമാണ് ഖുര്‍ആന്‍ നല്‍കുന്നത്. ഏതുതരം കളിമണ്ണ് എന്ന ചോദ്യത്തിനാണ് ഖുര്‍ആന്‍ സ്വല്‍സ്വാല്‍ എന്നും മസ്‌നൂന്‍ എന്നും ഉത്തരം പറയുന്നത്. കളിമണ്ണിന്റെ രണ്ട് സ്വഭാവങ്ങളാണ് ഈ നാമങ്ങളില്‍ പ്രകടമാവുന്നത്. മുട്ടിയാല്‍ ശബ്ദിക്കുന്ന മണ്ണ് എന്നും പശിമയുള്ള കുഴഞ്ഞ മണ്ണ് എന്നുമാണ് യഥാക്രമം ഈ പദങ്ങളുടെ അര്‍ത്ഥം. അഥവാ, ആദിമനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത് മണ്ണില്‍ നിന്നാണ് എന്ന പൊതു പ്രസ്താവനയുടെ വിശദീകരണങ്ങളാണ് നാം മറ്റു സൂക്തങ്ങളില്‍ കാണുന്നത്.

മനുഷ്യന്‍ ജലത്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടത് എന്ന് പറയുന്ന ഖുര്‍ആന്‍ സൂക്തം(25:54) മണ്ണില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടത് എന്നു വ്യക്തമാക്കുന്ന സൂക്തങ്ങളുമായി വൈരുധ്യം പുലര്‍ത്തുന്നില്ലേയെന്ന് ചോദിക്കാവുന്നതാണ്. ഇല്ലയെന്നു തന്നെയാണ് ഉത്തരം. മനുഷ്യനെ മണ്ണില്‍നിന്നു മാത്രമായി സൃഷ്ടിച്ചിരിക്കുന്നുവെന്നോ ജലത്തില്‍ നിന്നു മാത്രമായി പടക്കപ്പെട്ടിരിക്കുന്നുവെന്നോ ഖുര്‍ആനിലൊരിടത്തും പരാമര്‍ശമില്ല. അതുകൊണ്ട് തന്നെ ഈ വചനങ്ങള്‍ തമ്മില്‍ വൈരുധ്യമുണ്ടെന്ന് പറയാനാവില്ല. മനുഷ്യനെ വെള്ളത്തില്‍ നിന്നും മണ്ണില്‍ നിന്നുമായി വെള്ളത്തിന്റെയും മണ്ണിന്റെയും മിശ്രിതത്തില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടുവെന്ന് മാത്രമെ ഈ വചനങ്ങളുടെ അടിസ്ഥാനത്തില്‍ പറയാനാകൂ. വെള്ളം ചേര്‍ത്ത് മണ്ണ് കുഴച്ച് കളിമണ്‍ രൂപമുണ്ടാക്കുക എന്നത് സ്വാഭാവികമായകാര്യമാണല്ലോ. ഇപ്രകാരമായിരിക്കും അല്ലാഹു ആദിമനുഷ്യന്റെ രൂപം നിര്‍മിച്ചത്. ആദി മനുഷ്യന്റെ രൂപം കളിമണ്ണില്‍ നിന്ന് രൂപപ്പെടുത്തിയശേഷം അല്ലാഹുവിന്റെ ആത്മാവില്‍ നിന്ന് ഊതിയപ്പോഴാണ് മനുഷ്യനുണ്ടായതെന്നത്രെ ഖുര്‍ആനില്‍ പറയുന്നത്.(15:28,29). ആദ്യത്തെ മനുഷ്യന്റെ മാത്രമല്ല എല്ലാ മനുഷ്യരുടെ ഘടനയിലും വെള്ളം ഒരുനിര്‍ണ്ണായക ഘടകം തന്നെയാണ്. അതുപോലെ
തന്നെ മണ്ണിലെ മൂലകങ്ങളും.

എല്ലാ ജൈവ വസ്തുക്കളും ജലത്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടത് എന്ന ഖുര്‍ആനിക പരാമര്‍ശ(24:45,21:30)ത്തിന്റെ വരുതിയില്‍ വരുന്നവനാണ് മനുഷ്യനുമെന്ന വസ്തുത വ്യക്തമാക്കുക കൂടിയാണ് സൂറത്തുല്‍ ഫുര്‍ഖാനിലെ വചനം(25:54) ചെയ്യുന്നത്. സത്യത്തില്‍ ജൈവ വസ്തുവിന്റെ അടിസ്ഥാന ഘടകം ജലമാണ്. കോശത്തിന്റെ ചൈതന്യം നിലനില്‍ക്കുന്നതു തന്നെ ജലത്തിന്റെ സാന്നിധ്യത്തെ ആശ്രയിച്ചാണ്. ഏതൊരു ജൈവ ശരീരത്തെയും വിഘടനത്തിന് വിധേയമാക്കിയാല്‍ പ്രധാനമായും ലഭിക്കുക ജലമായിരിക്കും. മനുഷ്യശരീരമെടുക്കുക അതിന്റെ മൂന്നില്‍ രണ്ടു ഭാഗവും ജലമാണ്. അസ്ഥികളില്‍ പോലും 22 ശതമാനത്തോളം ജലം അടങ്ങിയിട്ടുണ്ട്. മനുഷ്യന്‍ ജലത്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് എന്ന ഖുര്‍ആനിക പരാമര്‍ശം തികച്ചും വാസ്തവമാകുന്നു. മനുഷ്യശരീരത്തില്‍ മണ്ണിലുള്ള ധാതുലവണങ്ങളും ജലവുമാണ് അടങ്ങിയിരിക്കുന്നത്. മനുഷ്യന്‍ കളിമണ്ണില്‍ നിന്നും ജലത്തില്‍ നിന്നുമാണ് സൃഷ്ടിക്കപ്പെട്ടതെന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ മനുഷ്യ സൃഷ്ടി വിശദീകരിക്കുമ്പോള്‍ വന്ന വൈരുധ്യങ്ങളല്ല, പ്രത്യുത, സൃഷ്ടിക്കുവേണ്ടി അല്ലാഹു ഉപയോഗിച്ച വസ്തുക്കളുടെ വൈവിധ്യമാണ് വ്യക്തമാക്കുന്നത്.

സ്ത്രീപുരുഷ സംഗമത്തിലൂടെയുള്ള മനുഷ്യസൃഷ്ടിയെ കുറിച്ച് പ്രതിപാദിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ തമ്മിലും വൈരുധ്യങ്ങളൊന്നും വെച്ചു പുലര്‍ത്തുന്നതായി കാണുവാന്‍ സാധിക്കുന്നില്ല. ഏതാനും സൂക്തങ്ങള്‍ കാണുക:

അവന്‍ സ്രവിക്കപ്പെടുന്ന ശുക്ലത്തില്‍ നിന്നുള്ള ഒരു കണമായിരുന്നില്ലേ? (75:37)

മനുഷ്യനെ അവന്‍ ഒരു ബീജകണത്തില്‍ നിന്ന് സൃഷ്ടിച്ചു.(16:4)

കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന് നാം മനുഷ്യനെ സൃഷ്ടിച്ചു. (76:2)

മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു.(96:2)

ഈ വാക്യങ്ങളെല്ലാം തന്നെ ലൈംഗിക പ്രത്യുല്‍പാദനത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളെ ക്കുറിക്കുന്നവയാണ്. സൂറത്തുല്‍ ഖിയാമയില്‍ (75:37)പറഞ്ഞിരിക്കുന്ന ശുക്ലത്തില്‍ നിന്നുള്ള കണം (നുത്വ്ഫത്തന്‍ മിന്‍ മനിയ്യ്)ബീജ സങ്കലനം നടക്കാത്ത പുംബീജത്തെ ഉദ്ദേശിച്ചുകൊണ്ടുള്ള പ്രയോഗമാണ്. സൂറത്തു ന്നഹ്‌ലില്‍ (16:4) പ്രതിപാദിക്കപ്പെട്ട ബീജകണം (നുത്വ്ഫ) എന്ന പദപ്രയോഗത്തിന്റെ വിവക്ഷയും അതുതന്നെ. ബീജ സങ്കലനം
കഴിഞ്ഞശേഷമുള്ള അവസ്ഥയെകുറിക്കുന്നതാണ് സൂറത്തുല്‍ ഇന്‍സാനിലെ(76:2)
കൂടിച്ചേര്‍ന്നുണ്ടായ ബീജം (നുത്വ്ഫത്തിന്‍ അംശാജിന്‍) എന്ന പ്രയോഗം. സൂറത്തുല്‍ അലഖില്‍ ഭ്രൂണമെന്ന് (അലഖ്) പറഞ്ഞിരിക്കുന്നത് ബീജസങ്കലനത്തിന് ശേഷമുള്ള സിക്താണ്ഡത്തെ കുറിക്കുന്നതിനാണ്. അലഖ് എന്നഅറബി പദത്തിനര്‍ത്ഥം പറ്റിപിടിക്കുന്നത് എന്നാണ്. ജന്തുശരീരത്തില്‍ അള്ളിപിടിക്കുന്നതിനാല്‍, അട്ട എന്ന ജീവിക്ക് ‘അലഖ്‘ എന്നുപറയാറുണ്ട്. ബീജസങ്കലനത്തിനു ശേഷമുണ്ടാകുന്ന സിക്താണ്ഡം ഗര്‍ഭാശയഭിത്തിയില്‍ അള്ളിപിടിച്ചാണ് വളരാനാരംഭിക്കുന്നത്. ഈ അവസ്ഥയിലുള്ള ഭ്രൂണത്തിന്റെ രൂപം അട്ടയുടേതിന് സമാനവുമാണ്. (അലഖ് എന്ന പദത്തിനാണ് മുന്‍കാലത്തെ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അവരുടെ കാലഘട്ടത്തിലെ ധാരണ പ്രകാരം രക്തക്കട്ടയെന്ന് അര്‍ത്ഥം പറഞ്ഞിരിക്കുന്നത്). ഭ്രൂണവളര്‍ച്ചയുടെ വ്യത്യസ്ത ഘട്ടങ്ങള്‍ പ്രതിപാദിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളെല്ലാം കൃത്യവും സൂക്ഷ്മവുമായ വിവരങ്ങളാണ് നല്‍കുന്നത് എന്ന വസ്തുതയാണ് നമുക്ക് ഇവിടെ കാണാന്‍ കഴിയുന്നത്. മനുഷ്യന്റെ ആദി സൃഷ്ടിയും ബീജസങ്കലനവും ഭ്രൂണവളര്‍ച്ചയുടെ വ്യത്യസ്ത ഘട്ടങ്ങളും പ്രതിപാദിക്കുന്ന സൂറത്തുല്‍ മുഅ്മിനൂനിലെ സൂക്തങ്ങളില്‍ (23:12-14) ഇക്കാര്യം കുറേകൂടി വ്യക്തമായി കാണാനാവും: തീര്‍ച്ചയായും മനുഷ്യനെ കളിമണ്ണിന്റെ സത്തയില്‍ നിന്ന് നാംസൃഷ്ടിച്ചിരിക്കുന്നു. പിന്നീട് ഒരു ബീജ(നുത്വ്ഫ)മായി കൊണ്ട് അവനെ നാംഭദ്രമായ ഒരുസ്ഥാനത്ത് വെച്ചു. പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി(അലഖ) രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി (മുള്ഗഃ) രൂപപ്പെടുത്തി. തുടര്‍ന്ന് നാം ആ മാംസപിണ്ഡത്തെ അസ്ഥികൂട(ഇളാം)മായി രൂപപ്പെടുത്തി. എന്നിട്ട് നാം അസ്ഥികൂടത്തെ മാംസം(ലഹ്മ്) കൊണ്ട് പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണനായിരിക്കുന്നു.’’

വിഷയാവതരണത്തില്‍ ഖുര്‍ആന്‍ സ്വീകരിച്ചിരിക്കുന്ന വൈവിധ്യത്തിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് മനുഷ്യ സൃഷ്ടിയെ കുറിച്ച് ഖുര്‍ആന്‍ നടത്തുന്ന പരാമര്‍ശങ്ങള്‍. ശുക്ലകണത്തില്‍ നിന്നാണ് മനുഷ്യ സൃഷ്ടിനടന്നത് എന്ന പരാമര്‍ശവും കൂടിച്ചേര്‍ന്നുണ്ടായ ഭ്രൂണമാണ് മനുഷ്യശിശുവായി മാറുന്നത് എന്ന പ്രസ്താവനയും ഒരേ പോലെ ശരിയാണ്. നുത്വ്ഫ, അലഖ, മുള്ഗ, ഇളാം തുടങ്ങി ബീജസങ്കലനത്തെയും ഭ്രൂണവളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളെയും കുറിക്കാന്‍ വേണ്ടി ഖുര്‍ആന്‍ ഉപയോഗിച്ച പദപ്രയോഗങ്ങളെല്ലാം ശരിയാണെന്ന് ഭ്രൂണശാസ്ത്ര പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇതേ പോലെ തന്നെയാണ് മനുഷ്യരുടെ ആദിമ സൃഷ്ടിനടന്നത് മണ്ണില്‍ നിന്നാണെന്നും ഭൂമിയില്‍ നിന്നാണെന്നും കളിമണ്ണില്‍ നിന്നാണെന്നും വെള്ളത്തില്‍ നിന്നാണെന്നുമെല്ലാം ഉള്ള പരാമര്‍ശങ്ങള്‍. ഇവയെല്ലാം ശരിയാണ്. ഇവയില്‍ യാതൊരു വൈരുധ്യവുമില്ല. ഒരേകാര്യത്തിന്റെ വ്യത്യസ്ത മാനങ്ങള്‍ പ്രതിപാദിക്കുകയെന്ന വൈവിധ്യത്തിന്റെ രീതി സ്വീകരിച്ചുകൊണ്ട് മനുഷ്യന് അസ്തിത്വ ബോധംപ്രദാനം ചെയ്യുകയാണ് ഈ സൂക്തങ്ങളെല്ലാം ചെയ്യുന്നത്.

print