ജീവപരിണാമത്തെ അംഗീകരിക്കാത്ത ഖുർആൻ അശാസ്ത്രീയമല്ലേ ?

/ജീവപരിണാമത്തെ അംഗീകരിക്കാത്ത ഖുർആൻ അശാസ്ത്രീയമല്ലേ ?
/ജീവപരിണാമത്തെ അംഗീകരിക്കാത്ത ഖുർആൻ അശാസ്ത്രീയമല്ലേ ?

ജീവപരിണാമത്തെ അംഗീകരിക്കാത്ത ഖുർആൻ അശാസ്ത്രീയമല്ലേ ?

 

കകോശജീവിയിൽ നിന്ന് പ്രകൃതിനിർധാരണത്തിലൂടെ മാത്രമായി പരിണമിച്ചാണ് ജീവികളെല്ലാം ഉണ്ടായത് എന്നും ജൈവപ്രപഞ്ചത്തിന്റെ നിലനിൽപിന് പിന്നിൽ പ്രകൃത്യാതീതമായ യാതൊന്നുമില്ലെന്നും പറയുന്നതാണ് പരിണാമവാദമെങ്കിൽ അതിനെ ഖുർആൻ അംഗീകരിക്കുന്നില്ല. ജീവികൾക്കിടയിൽ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ലെന്നാണ് ഖുർആൻ പറയുന്നത് എന്നല്ല ഇതിനർത്ഥം. ജീവജാതികൾക്കകത്ത് നിരവധി മാറ്റങ്ങളുണ്ടായിട്ടുണ്ടായിരിക്കാം; പുതിയ ജീവജാതികളുടെ ഉല്പത്തിക്ക് വരെ പ്രസ്തുത മാറ്റങ്ങൾ കാരണമായിരുന്നിരിക്കാം. ഇതൊന്നും തന്നെ ഖുർആൻ നിഷേധിക്കുന്നില്ല. എന്നാൽ അന്ധമായ പ്രകൃതിനിര്ധാരണം വഴി മാത്രമാണ് പ്രസ്തുത മാറ്റങ്ങളുണ്ടാവുന്നതെന്ന വാദത്തെ ക്വുർആൻ നിരാകരിക്കുന്നു.ജീവവര്ഗങ്ങളുടെ സൃഷ്ടിക്കും നിലനിൽപ്പിനും പിന്നിൽ വ്യക്തമായ ആസൂത്രണമുണ്ടെന്നാണ് ക്വുർആനും ഹദീഥുകളും പഠിപ്പിക്കുന്നത്. “എല്ലാ ജന്തുക്കളെയും അല്ലാഹു വെള്ളത്തില്‍ നിന്ന്‌ സൃഷ്ടിച്ചിരിക്കുന്നു. അവരുടെ കൂട്ടത്തില്‍ ഉദരത്തില്‍മേല്‍ ഇഴഞ്ഞ്‌ നടക്കുന്നവരുണ്ട്‌. രണ്ട്‌ കാലില്‍ നടക്കുന്നവരും അവരിലുണ്ട്‌. നാലുകാലില്‍ നടക്കുന്നവരും അവരിലുണ്ട്‌. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത്‌ സൃഷ്ടിക്കുന്നു. തീര്‍ച്ചയായും അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാകുന്നു.” (ക്വുർആൻ 24 :45)

ജൈവവൈവിധ്യത്തെ വിശദീകരിക്കുവാനുള്ള സര്‍ഗാത്മകവും സുന്ദരവുമായ ഒരു പരിശ്രമമാണ് പരിണാമസിദ്ധാന്തം. ചാൾസ് ഡാർവിൻ 1859 ൽ എഴുതിയ ദി ഒറിജിൻ ഓഫ് സ്പെസിസ് എന്ന ഗ്രന്ഥത്തിലൂടെയാണ് പ്രകൃതി നിർധാരണത്തിലൂടെയുള്ള ജീവജാതികളുടെ പരിണാമമെന്ന സിദ്ധാന്തം ആദ്യമായി മുന്നോട്ടു വെക്കപ്പെടുന്നത്. പിന്നീട് നിയോഡാർവിനിസ്റ്റുകൾ ജനിതകത്തിന്റെ വെളിച്ചത്തിൽ പരിണാമത്തെ വിശദീകരിക്കാൻ ശ്രമിച്ചു. പ്രസ്തുത ശ്രമം ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു. ജീവികളുടെ വൈവിധ്യത്തെ വിശദീകരിക്കാൻ ശ്രമിക്കുന്ന ഒരു സങ്കല്പം എന്നതിലുപരിയായി ഒരു ശാസ്ത്രസിദ്ധാന്തത്തിന്റെ രീതിയോ രൂപമോ നല്‍കാനാവുന്ന തത്ത്വമല്ല ജീവപരിണാമമെന്ന വസ്തുത ശക്തരായ പരിണാമവാദികള്‍ക്കുപോലും ബോധ്യമുള്ളതാണ്. പരിണാമവാദം ഒരു കേവല സാങ്കല്‍പിക തത്ത്വം മാത്രമാണെന്നും ഊഹങ്ങളല്ലാതെ ഒരു ശാസ്ത്രസിദ്ധാന്തത്തിനുണ്ടാവേണ്ട വസ്തുനിഷ്ഠ തെളിവുകളുടെ പിന്‍ബലം അതിനില്ലെന്നും പറയുന്നത് ഇവ്വിഷയകമായി ഇതഃപര്യന്തം നടന്ന ഗവേഷണങ്ങളെയൊന്നും അവഗണിച്ചുകൊണ്ടല്ല; പ്രത്യുത, പ്രസ്തുത ഗവേഷണങ്ങളൊന്നും തന്നെ ഉദ്ദേശിച്ച  ഫലം നല്‍കിയിട്ടില്ലെന്ന അതിന്റെ വക്താക്കളുടെ തന്നെ വെളിപ്പെടുത്തലുകളുടെ വെളിച്ചത്തിലാണ്. പരിണാമവാദത്തിനെതിരെ ശാസ്ത്രലോകത്തുനിന്ന് ഉന്നയിക്കപ്പെടുന്ന വിമര്‍ശനങ്ങള്‍ താഴെ പറയുന്നവയാണ്:

1. നാം ജീവിക്കുന്നത് ലക്ഷക്കണക്കിന് ജീവിവര്‍ഗങ്ങള്‍ക്കിടയിലാണ്. ഇവയിലൊന്നും തന്നെ മറ്റൊരു ജീവിവര്‍ഗമായി പരിണമിക്കുന്നത് നാം കാണുന്നില്ല. രേഖപ്പെട്ടിടത്തോളമുള്ള ചരിത്രത്തിലെവിടെയും ആരെങ്കിലും അത്തരമൊരു പരിണാമം നിരീക്ഷിച്ചതായി രേഖപ്പെടുത്തിയിട്ടില്ല.

2. ലഘുജീവികളില്‍ നിന്ന് സങ്കീര്‍ണമായവ പരിണമിച്ചുണ്ടായിയെന്ന തന്റെ വാദത്തെ സത്യപ്പെടുത്തുന്ന തെളിവുകള്‍ പുരാവസ്തുപഠനങ്ങള്‍ നല്‍കുമെന്ന ചാള്‍സ് ഡാര്‍വിന്റെ പ്രതീക്ഷയുടെ പൂര്‍ത്തീകരണത്തിനുവേണ്ടി ഒന്നരനൂറ്റാണ്ടുകള്‍ നീണ്ട പരിശ്രമങ്ങളൊന്നും തന്നെ ഫലം കണ്ടിട്ടില്ല. ഭൂമിയില്‍ നിലനില്‍ക്കുന്നതായി കണക്കാക്കപ്പെടുന്ന 87 ലക്ഷം ജീവിവര്‍ഗങ്ങളില്‍ ഏതെങ്കിലും രണ്ട് ജീവി വര്‍ഗങ്ങളെ കൂട്ടിയോജിപ്പിക്കുന്ന മുറിഞ്ഞ കണ്ണിയെ കണ്ടെത്തുവാന്‍ ഫോസില്‍ പഠനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല.

3. ഫോസില്‍ പഠനങ്ങള്‍ വ്യക്തമാക്കുന്നത് വ്യത്യസ്ത ജീവവര്‍ഗങ്ങള്‍ക്കിടയില്‍ പ്രകടമായ വ്യത്യാസമുണ്ടെന്നും പ്രസ്തുത വ്യത്യാസം എന്നെന്നും നിലനിന്നിരുന്നുവെന്നും തന്നെയാണ്. ഡാര്‍വിന്റെ പ്രകൃതിനിര്‍ധാരണതത്ത്വവും നിയോഡാര്‍വിനിസ്റ്റുകളുടെ ഉല്‍പരിവര്‍ത്തന സിദ്ധാന്തവുമുപയോഗിച്ച് ജീവവര്‍ഗങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന വിടവ് വിശദീകരിക്കാനാവാത്തതുകൊണ്ടാണ് ‘വിരാമമിടുന്ന സന്തുലിതാവസ്ഥ’ (Punctuated equilibriium) എന്ന, ഓരോ ജീവിവര്‍ഗവും മറ്റേ ജീവിവര്‍ഗത്തില്‍ നിന്ന് പെട്ടെന്ന് പരിണമിക്കുകയായിരുന്നുവെന്ന സിദ്ധാന്തത്തില്‍ ഇക്കാലത്തെ പരിണാമവാദികള്‍ക്ക് അഭയം തേടേണ്ടിവരുന്നത്. ഓരോ ജീവവര്‍ഗവും പ്രത്യേകമായി സൃഷ്ടിക്കപ്പെടുകയാണുണ്ടായത് എന്നു തന്നെയാണ് ഇത് വ്യക്തമാക്കുന്നത്.

4. ജീവന്റെ ഉല്‍പത്തിയെക്കുറിച്ച് വിശദീകരിക്കുകയെന്ന, ജൈവലോകത്ത് നടന്നുവെന്ന് സങ്കല്‍പിക്കപ്പെട്ട പരിണാമത്തെക്കുറിച്ച് പറയുന്ന ഒരു സിദ്ധാന്തത്തിന്റെ ബാധ്യത നിര്‍വഹിക്കുവാന്‍ പരിണാമവാദത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഭൂമിയില്‍ നിലനിന്ന ഏതെങ്കിലുമൊരു സാഹചര്യത്തില്‍ ജീവന്‍ യാദൃച്ഛികമായി ഉണ്ടാകുവാന്‍ യാതൊരു സാധ്യതയുമില്ലെന്ന വസ്തുത പരിണാമവാദികള്‍ തന്നെ സമ്മതിക്കുന്നുണ്ട്.(18) നക്ഷത്രാന്തരപടലത്തിലെവിടെയോ നിലനിന്നിരുന്ന ഒരു പ്രത്യേക സാഹചര്യത്തില്‍ അവിടെ രൂപം കൊള്ളുകയും പിന്നീട് ഭൂമിയോട് അടുത്തു വന്ന ഏതോ ധൂമകേതു വഴി ഭൂമിയിലെത്തുകയും ചെയ്ത പ്രതിഭാസമാണ് ജീവനെന്ന വിശദീകരണത്തില്‍ അഭയം തേടുകയാണ് പരിണാമവാദികള്‍ ഇപ്പോള്‍ ചെയ്യുന്നത്. (Sir Fred Hoyle& Chandra Wickramasinghe: Evolution from Space, New York, 1984)

5. പരിണാമത്തിന് അനുകൂലമായി അവതരിപ്പിക്കപ്പെട്ടിരുന്ന തെളിവുകളൊന്നും തന്നെ ജീവപരിണാമത്തെ സാധൂകരിക്കുന്നില്ലെന്ന വസ്തുത വ്യക്തമാക്കുകയാണ് പിന്നീടുള്ള ഗവേഷണങ്ങള്‍ ചെയതത്. സസ്തനികളുടെ ഭ്രൂണഘട്ടങ്ങളിലെ സാദൃശ്യം കെട്ടിച്ചമയ്ക്കപ്പെട്ടതാണെന്ന് ഈ രംഗത്തെ ആദ്യകാല പരിശ്രമങ്ങളിലൊന്നായ ഏണസ്റ്റ് ഹെയ്ക്കലിന്റെ ഭ്രൂണപരിണാമഘട്ടങ്ങളുടെ താരതമ്യചിത്രത്തെ പഠനവിധേയമാക്കിയ പരിണാമവാദികള്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.(Michael K. Richardson& Gerhard Keuck: Haeckel’s ABC of evolution and development, ýBiological Reviews, 2002, No: 77, Pages 495–528)

വ്യത്യസ്ത ജീവികളുടെ ജനിതകഘടനയുടെ താരതമ്യം വഴിയുള്ള പരിണാമവൃക്ഷത്തിന്റെ നിര്‍മാണമെന്ന ആശയവും പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങളാല്‍ വഴിമുട്ടി നില്‍ക്കുകയാണ്. മനുഷ്യനും ആള്‍കുരങ്ങും തമ്മിലുള്ള ജനിതകസാദൃശ്യം 96 ശതമാനത്തോളം വരുമെന്നും അതിനാല്‍ ആള്‍ക്കുരങ്ങില്‍ നിന്നാണ് മനുഷ്യനുണ്ടായതെന്നും വാദിക്കുകയാണെങ്കില്‍ പശുവിനോട് കുതിരയെക്കാള്‍ ബന്ധം ഡോള്‍ഫിനാണെന്നുകൂടി വാദിക്കേണ്ടിവരുമെന്നും ഇതേപോലെയുള്ള കാരണങ്ങളാല്‍ ജനിതകവസ്തുവിന്റെ സാദൃശ്യത്തിന്റെ വെളിച്ചത്തില്‍ മാത്രമായി പരിണാമത്തെ സമര്‍ത്ഥിക്കാനാവില്ലെന്നും വാദിക്കുന്ന വലിയൊരു വിഭാഗം ജീവശാത്രജ്ഞന്മാരുണ്ട്.(Michael Denton:  Evolution: Theory in Crisis, London, 1985. Pages 233-249)

ജനിതകരേഖകള്‍ക്കിടയില്‍ കാണപ്പെടുന്ന, ധര്‍മങ്ങളൊന്നും ഇല്ലാത്തതായി  കരുതിയിരുന്ന ചവറ് ഡി.എന്‍.എകള്‍ (Junk DNA) പരിണാമത്തിനുള്ള തെളിവുകളായി കരുതിയത് തെറ്റാണെന്ന് അവ ചവറുകളല്ലെന്നും അവയ്ക്ക് ധര്‍മങ്ങളുണ്ടെന്നും മനസ്സിലായതോടെ ജീവശാസ്ത്രലോകത്തിന് ബോധ്യപ്പെട്ടു. (Alice Park: Junk DNA — Not So Useless After All, Time Magazine, Sept. 06, 2012) പരിണാമത്തിന് അനുകൂലമായി വ്യാഖ്യാനിക്കപ്പെട്ടിരുന്ന തെളിവുകള്‍ യഥാര്‍ത്ഥ തെളിവുകളല്ലെന്ന് ബോധ്യപ്പെട്ടുകൊണ്ടിരിക്കുന്നത് പരിണാമവാദത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്നതാണെന്നതില്‍ സംശയമില്ല.

6. ജീവപരിണാമമെന്ന ആശയം പ്രകൃതി നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നതിനാല്‍ അശാസ്ത്രീയമാണ്. ‘ഒരു വ്യവസ്ഥയുടെ എന്‍ട്രോപ്പി ഒരിക്കലും കുറയുകയില്ല, അത്തരം വ്യവസ്ഥകള്‍ പരമാവധി എന്‍ട്രോപ്പിയിലെത്തി താപഗതിക സന്തുലിതത്വം പാലിക്കുവാനാണ് സദാ ശ്രമിച്ചുകൊണ്ടിരിക്കുകയെന്ന രണ്ടാം താപഗതിക നിയമത്തിന് എതിരാണ് ജീവപരിണാമം എന്ന ആശയം. ഒറ്റപ്പെട്ട ഒരു വ്യവസ്ഥയില്‍ സ്വാഭാവികമായും സങ്കീര്‍ണവസ്തുകള്‍ വിഘടിച്ച് ലഘുവായിത്തീരുകയാണ് ചെയ്യുകയെന്നാണ് പരമാവധി എന്‍ട്രോപ്പിയിലെത്താനാണ് വ്യവസ്ഥ പരിശ്രമിക്കുകയെന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം. ജീവപരിണാമം എന്ന ആശയം തന്നെ ലഘു ജീവവസ്തുകളില്‍ നിന്ന് സങ്കീര്‍ണ ജീവജാലങ്ങളിലേക്കുള്ള സ്വാഭാവികപരിവര്‍ത്തനത്തെയാണല്ലോ കുറിക്കുന്നത്. അങ്ങനെ സംഭവിക്കുവാന്‍ ഒരു ബാഹ്യ ഇടപെടലില്ലാതെ   യാതൊരു സാധ്യതയുമില്ലെന്നാണ് രണ്ടാം താപഗതിക നിയമം അര്‍ഥശങ്കയ്ക്കിടയില്ലാത്തവണ്ണം വ്യക്തമാക്കുന്നത്. സൂക്ഷ്മജീവികളില്‍ നിന്ന് സങ്കീര്‍ണജീവികളുണ്ടാവുകയെന്ന പരിണാമം സംഭവിച്ചുവെന്നതിന് സമൃദ്ധമായ മറ്റു തെളിവുകളുണ്ടെങ്കില്‍ പോലും അങ്ങനെ സംഭവിക്കണമെങ്കില്‍ ഒരു ബാഹ്യശക്തിയുടെ ഇടപെടലുണ്ടായിട്ടുണ്ടെന്ന് സമ്മതിക്കേണ്ടിവരും.

പരിണാമവാദം ശാസ്ത്രീയമായി സ്ഥിരീകരിക്കപ്പെടാത്ത ഒരു സിദ്ധാന്തമായി മാത്രം നില നിൽക്കുന്നിടത്തോളം അതേക്കുറിച്ച് ഇസ്ലാമികനിലപാടെന്ത് എന്ന ചോദ്യം അപ്രസക്തമാണ്. മനുഷ്യൻ പടച്ചവന്റെ ഒരു സവിശേഷസൃഷ്ടിയാണെന്ന് ക്വുർആൻ അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു. ജീവികൾക്കിടയിൽ നടന്നേക്കാവുന്ന മാറ്റങ്ങളെ ഇസ്‌ലാം നിഷേധിക്കുന്നില്ല. പക്ഷെ, പ്രസ്തുത മാറ്റങ്ങൾക്കു പിന്നിൽ അന്ധമായ യാദൃച്ഛികതയാണെന്ന വാദം ഇസ്‌ലാം നിരാകരിക്കുന്നു. മാറ്റങ്ങളുണ്ടായിട്ടുണ്ടെങ്കിൽ അവയടക്കം അല്ലാഹുവിന്റെ വിശാലമായ ആസൂത്രണത്തിന്റെ ഭാഗമായി നടന്നതായിരിക്കുമെന്നാണ് ഇസ്‌ലാമിന്റെ വീക്ഷണം.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ