മതവും ജാതിയുമെല്ലാം ദോഷകരമല്ലേ?

/മതവും ജാതിയുമെല്ലാം ദോഷകരമല്ലേ?
/മതവും ജാതിയുമെല്ലാം ദോഷകരമല്ലേ?

മതവും ജാതിയുമെല്ലാം ദോഷകരമല്ലേ?

സ്വന്തം അറിവിന്റെയും യുക്തിയുടെയും ശാസ്ത്രത്തിന്റെയും വെളിച്ചത്തില്‍ ചിന്തിച്ചാൽ തന്നെ സ്രഷ്ടാവുണ്ടെന്നും സൃഷ്ടിപൂജയുടെ നിരര്‍ഥകതയും ബോധ്യപ്പെടുമെന്നിരിക്കെ തമ്മിൽ തല്ലാൻ വേണ്ടി മാത്രം എന്തിനാണ് മനുഷ്യന് മതങ്ങളും ജാതികളും? ദൈവത്തോട് പ്രാര്‍ഥിക്കാന്‍ മതത്തിന്റെ ആവശ്യമുണ്ടോ? വിശ്വാസങ്ങളും ആചാരങ്ങളുമെല്ലാം മനുഷ്യസൃഷ്ടിയല്ലേ?

ലോകരക്ഷിതാവ് കാലാകാലങ്ങളിൽ നിയോഗിച്ച പ്രവാചകന്മാരും അവരുടെ യഥാര്‍ഥ ശിഷ്യന്മാരും സ്വീകരിച്ച വിശ്വാസമാണ് ശരിയെന്നാണ് മുസ്‌ലിംകള്‍ കരുതുന്നത്. പ്രവാചകന്മാരാരും ഈ വിശ്വാസം ജനങ്ങളുടെമേല്‍ അടിച്ചേല്‍പിച്ചിട്ടില്ല. വിശ്വസിക്കാത്തവരെ തല്ലാനും കൊല്ലാനും മുതിര്‍ന്നിട്ടുമില്ല. അതിനാല്‍ ഈ വിശ്വാസം കലഹത്തിന് നിമിത്തമാവുകയില്ല . അല്ലാഹു പ്രവാചകന്മാര്‍ക്ക് അവതരിപ്പിച്ചുകൊടുത്ത വേദഗ്രന്ഥങ്ങളെല്ലാം അവയുടെ സാക്ഷാല്‍ രൂപത്തില്‍ സത്യമാണെന്നാണ് മുസ്‌ലിംകള്‍ വിശ്വസിക്കുന്നത്. ഒട്ടും സങ്കുചിതത്വമില്ലാത്ത വിശ്വാസമാണിത്. ഒരു പ്രവാചകനില്‍ വിശ്വസിക്കുകയും മറ്റൊരു പ്രവാചകനെ തള്ളിക്കളയുകയും ചെയ്യുന്നവന്‍ യഥാര്‍ഥ മുസ്‌ലിമല്ല. അതുപോലെതന്നെയാണ് ഒരു വേദഗ്രന്ഥത്തില്‍ വിശ്വസിക്കുകയും മറ്റൊരു വേദഗ്രന്ഥത്തെ തള്ളിക്കളയുകയും ചെയ്യുന്നവന്റെ സ്ഥിതിയും.

മനുഷ്യന്റെ അറിവിനും യുക്തിക്കും ശാസ്ത്രത്തിനുമെല്ലാം അതാതിന്റേതായ മൂല്യമുണ്ട്. എന്നാല്‍ സര്‍വജ്ഞനായ ലോകരക്ഷിതാവിന്റെ അറിവ്‌പോലെ ഒട്ടും തെറ്റുപറ്റാത്ത അവസ്ഥ മനുഷ്യരുടെയൊന്നും അറിവിനില്ല. ഇറാഖിലെ അമേരിക്കന്‍ അധിനിവേശം തികച്ചും ന്യായമാണെന്ന് കരുതുന്നവരും തികച്ചും അന്യായവും തെറ്റുമാണെന്ന് കരുതുന്നവരുമുണ്ട്; അറിവും യുക്തിയും ശാസ്ത്രബോധവുമെല്ലാമുള്ള ആളുകളുടെ കൂട്ടത്തില്‍. വിവാഹം പവിത്രവും മൗലികവുമാണെന്ന് കരുതുന്നവരും, അത് കാലഹരണപ്പെട്ട ഒരു പഴഞ്ചന്‍ ഏര്‍പ്പാടാണെന്ന് കരുതുന്നവരും ഏറെയുണ്ട് വലിയ ബുദ്ധിമാന്മാരുടെ കൂട്ടത്തില്‍. വിവാഹത്തിന് പുറത്തുള്ള സ്വതന്ത്രരതിയെയും പ്രകൃതിവിരുദ്ധ രതിയെയും മ്ലേഛമായിഗണിക്കുന്നവരും അതിനെയൊക്കെ ന്യായീകരിക്കുന്നവരും ശാസ്ത്രബോധമുള്ളവരുടെ കൂട്ടത്തില്‍തന്നെയുണ്ട്. ഈ കാരണത്താല്‍ സത്യവും അസത്യവും ആത്യന്തികമായി നിര്‍ണയിക്കുന്നതിന്, പരിമിതികള്‍ പലതുമുള്ള മനുഷ്യന്റെ ജ്ഞാനത്തെയും യുക്തിയെയും ശാസ്ത്രത്തെയും അവലംബിക്കുന്നത് അന്യൂനമായ മാര്‍ഗമല്ലെന്ന് വ്യക്തമാകുന്നു.

ജാതിയെയും മതത്തെയും ഇണചേര്‍ത്തുകൊണ്ടാണ് പല വിമര്‍ശകരും സംസാരിക്കാറുള്ളത്. ഇത് ശരിയല്ല. മതങ്ങൾ മനുഷ്യനിര്‍മിതമാണ്.  മതങ്ങളില്‍ സാക്ഷാല്‍ ലോകരക്ഷിതാവായ ദൈവം തന്റെ ദൂതന്മാര്‍ മുഖേനയും വേദഗ്രന്ഥങ്ങളിലൂടെയും അറിയിച്ച കാര്യങ്ങളും പുരോഹിതന്മാരും മറ്റും സ്വന്തം വകയായി കൂട്ടിച്ചേര്‍ത്ത അധികപ്പറ്റുകളുമുണ്ട്. മതവും ജാതിയും ഒന്നല്ല. ജാതിചിന്തകൊണ്ട് മനുഷ്യര്‍ക്ക് എക്കാലത്തും ദോഷം മാത്രമെ ഉണ്ടായിട്ടുള്ളൂ. ഉയര്‍ന്ന ജാതിക്കാര്‍ അഹങ്കാരികളും അതിക്രമകാരികളുമായിത്തീരുകയും അതവര്‍ക്ക് പലവിധത്തില്‍ ദോഷകരമായിത്തീരുകയും ചെയ്തിട്ടുണ്ട്. താഴ്ന്ന ജാതിക്കാര്‍ക്കൊക്കെ മിക്കപ്പോഴും അവഹേളനവും പീഡനവും ഏറ്റുവാങ്ങേണ്ടിവരികയാണുണ്ടായിട്ടുള്ളത്.ജാതി കൊണ്ട് മാനവരാശിക്ക് നാശം മാത്രമേയുണ്ടായിട്ടുള്ളൂ; മതം അങ്ങനെയല്ല.  ദൈവദൂതന്മാര്‍ പഠിപ്പിച്ച സാക്ഷാല്‍ മതം മാനവരാശിക്ക് എപ്പോഴും അളവറ്റ നന്മ നേടിക്കൊടുത്തിട്ടുണ്ട്.

‘മനുഷ്യമതം’ അബദ്ധങ്ങളില്‍നിന്ന് മുക്തമാവുകയില്ല. സ്ഥലകാല പരിമിതികള്‍ക്കുള്ളില്‍ കഴിയുന്ന മനുഷ്യന്‍ എത്ര വലിയ പ്രതിഭാശാലിയാണെങ്കിലും അവന്‍ സ്വയം ആവിഷ്‌കരിക്കുന്ന മതം പ്രമാദമുക്തമാവുകയില്ല. മറ്റുള്ളവര്‍ക്കെല്ലാം അതിനോട് യോജിക്കാന്‍ കഴിയുകയുമില്ല. ലോകം കണ്ട ഏറ്റവും വലിയ ബുദ്ധിമാന്മാരില്‍ പലരുടെയും സ്വഭാവ സമീപനങ്ങളിലെ വൈകല്യങ്ങള്‍ ചരിത്രകാരന്മാരും സാമൂഹ്യശാസ്ത്രജ്ഞരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആയതിനാല്‍ ത്രികാലജ്ഞാനിയായ, മനുഷ്യജീവിതത്തിന്റെ എല്ലാ തലങ്ങളെയും സംബന്ധിച്ച് സമ്പൂര്‍ണ ജ്ഞാനമുള്ള ലോകരക്ഷിതാവിന്റെ മാര്‍ഗദര്‍ശനം പിന്തുടരുന്നത് അനുപേക്ഷ്യമാകുന്നു. സാക്ഷാല്‍ ലോകരക്ഷിതാവ് പഠിപ്പിച്ച വിശ്വാസങ്ങളും ആചാരങ്ങളുമുണ്ട്. അതൊക്കെ ഗുണകരവും മോക്ഷദായകവുമാണ്. പുരോഹിതന്മാരും മറ്റും കെട്ടിച്ചമച്ച അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇതില്‍നിന്ന് വ്യത്യസ്തമാണ്. അവയെ അനുധാവനം ചെയ്യുന്നവര്‍ ദുര്‍മാര്‍ഗത്തിലാണ് ചെന്നെത്തുക.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ