മക്കയിൽ ഹനീഫുകൾ ഇല്ലായിരുന്നുവോ ?

/മക്കയിൽ ഹനീഫുകൾ ഇല്ലായിരുന്നുവോ ?
/മക്കയിൽ ഹനീഫുകൾ ഇല്ലായിരുന്നുവോ ?

മക്കയിൽ ഹനീഫുകൾ ഇല്ലായിരുന്നുവോ ?

 അബ്രഹാമും ഇശ്മയേലും ഏകദൈവാരാധക്കുവേണ്ടി സ്ഥാപിച്ച പ്രാര്‍ത്ഥനാമന്ദിരത്തോടനുബന്ധിച്ച് പില്‍ക്കാലത്ത് ബഹുദൈവവിശ്വാസപരമായ ചടങ്ങുകള്‍ രൂപം കൊണ്ടതാണെന്നും കഅ്ബയുടെ സാക്ഷാല്‍ ലക്ഷ്യം പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയാണെന്നും പല അറബികള്‍ക്കും പ്രവാചകനിയോഗത്തിന്റെ കാലഘട്ടത്തില്‍പോലും അറിയാമായിരുന്നുവെന്നും അവരാണ് ഹനീഫുകള്‍ എന്നറിയപ്പെട്ടതെന്നും ഉള്ള മുസ്‌ലിം ചരിത്രകാരന്‍മാരുടെ വാദം അടിസ്ഥാനരഹിതമാണ്. ഹനീഫുകള്‍ എന്ന പേരില്‍ ജാഹിലിയ്യ അറബികള്‍ക്കിടയില്‍ ജീവിച്ചിരുന്നവരൊന്നും ഈ വിശ്വാസമുള്ളവരല്ലായിരുന്നുവെന്ന് അവരെക്കുറിച്ചുള്ള നിവേദനങ്ങളില്‍ നിന്ന് സ്പഷ്ടമാണ്. മക്കയുടെ അബ്രഹാമിക പാരമ്പര്യത്തെ നിഷേധിക്കുന്ന ഓറിയന്റലിസ്റ്റ്-മിഷനറി രചനകളില്‍ സര്‍വസാധാരണമായ ഈ വാദങ്ങള്‍ ഹനീഫിയ്യത്തിനെ സംബന്ധിച്ച മുസ്‌ലിം അവകാശവാദത്തെ പുനപരിശോധിക്കാന്‍ പ്രേരിപ്പിക്കുന്നവയല്ലേ?

ല്ല. മക്കയുടെ ഇബ്‌റാഹീമീ പാരമ്പര്യം മുഹമ്മദ് നബി (സ) പറഞ്ഞുണ്ടാക്കിയതാണ് എന്ന വിമര്‍ശനത്തെ എല്ലാ അര്‍ത്ഥത്തിലും കടപുഴക്കുന്നതാണ് പ്രവാചകനിയോഗത്തിനുമുമ്പേ അറേബ്യയിലുണ്ടായിരുന്ന ഹനീഫുകളുടെ സാന്നിധ്യം. അറബികള്‍ ഇബ്‌റാഹീമീ ഏകദൈവാരാധനയില്‍നിന്ന് വ്യതിചലിച്ചുപോയതായി മനസ്സിലാക്കുകയും ബഹുദൈവാരാധനാപരമായ അറബ് അനുഷ്ഠാനങ്ങളോട് വിരക്തി പ്രകടിപ്പിച്ച് ഇബ്‌റാഹീമീ മാര്‍ഗത്തിന്റെ വീണ്ടെടുപ്പ് സ്വന്തം ജീവിതത്തില്‍ ആഗ്രഹിക്കുകയും ചെയ്ത ന്യൂനപക്ഷമാണ് മക്കയിലും പരിസരപ്രദേശങ്ങളിലും ഹനീഫുകള്‍ എന്നു വിളിക്കപ്പെട്ടത് എന്ന് അവരെ സംബന്ധിച്ച നിവേദനങ്ങളെല്ലാം വ്യക്തമാക്കുന്നുണ്ട്. ഇബ്‌റാഹീമീ രക്തത്തോടൊപ്പം ആദര്‍ശവും കുറേയെങ്കിലും അറേബ്യയില്‍ മുഹമ്മദ് നബി(സ)യുടെ കാലം വരെ നിലനിന്നുവെന്ന് ഹനീഫുകളുടെ ചരിത്രം ബോധ്യപ്പെടുത്തുന്നു എന്നതിനാലാണ് ഹനീഫുകള്‍ ഇബ്‌റാഹീമീ നിലപാടുകളുടെ പുനരുജ്ജീവനത്തിന് പരിശ്രമിച്ചവരായിരുന്നില്ലെന്ന് ചില നിവേദനങ്ങളിലെ പരാമര്‍ശങ്ങളുടെ വെളിച്ചത്തില്‍ സ്ഥാപിച്ചെടുക്കാന്‍ ഓറിയന്റലിസ്റ്റുകള്‍ പരിശ്രമിച്ചു നോക്കിയിട്ടുള്ളത്.

വാസ്തവത്തില്‍, അറേബ്യയില്‍ നിലനിന്നിരുന്ന ഹനീഫിയ്യത്തിനെ സംബന്ധിച്ച ചരിത്രനിവേദനങ്ങളുടെ വിശകലനം ഇബ്‌റാഹീം നബി(അ)യുടെ ആദര്‍ശമനുസരിച്ച് ജീവിക്കാനുളള അദമ്യമായ ആഗ്രഹമാണ് ഹനീഫുകളെ വ്യതിരിക്തരാക്കിയത് എന്നുതന്നെയാണ് ബോധ്യപ്പെടുത്തുന്നത്. ഇബ്‌റാഹീമിലേക്ക് മടങ്ങുവാനുള്ള ത്വര മുഹമ്മദ് നബി (സ) പുതിയ ദേശപാരമ്പര്യം മെനഞ്ഞുണ്ടാക്കി മക്കക്കാരില്‍ കൃത്രിമമായി സന്നിവേശിപ്പിച്ചതാണെന്ന വിമര്‍ശക വീക്ഷണം പ്രസ്തുത നിവേദനങ്ങള്‍ക്കുമുന്നില്‍ ഒരിക്കലും നിലനില്‍ക്കുകയില്ല. തങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന വിശ്വാസ-കര്‍മ മാര്‍ഗം പൂര്‍ണമായും ഇബ്‌റാഹീമിന്റെയും ഇസ്മാഈലിന്റേതുമാണ് എന്ന് വലിയൊരു വിഭാഗം അറബികള്‍ തെറ്റിദ്ധരിച്ചപ്പോഴും അങ്ങനെയല്ലെന്നും അതില്‍ കലര്‍പ്പുകള്‍ വന്നിട്ടുണ്ടെന്നും ശരിയായി തിരിച്ചറിഞ്ഞ ഒറ്റപ്പെട്ട വ്യക്തികളായിരുന്നു ഹനീഫുകള്‍. അല്ലാഹുവിനു മാത്രം ആരാധനകള്‍ സമര്‍പ്പിക്കണമെന്നു വാദിച്ചിരുന്നതുകൊണ്ടാണ് അവര്‍ ഹനീഫുകള്‍ (ഋജുമാനസ്‌കര്‍-കലര്‍പ്പുകള്‍ അനുവദിക്കാത്തവര്‍) എന്നറിയപ്പെട്ടത്.

മക്കന്‍ മുഖ്യധാരയോട് കലഹിച്ച് ഇബ്‌റാഹീമീ സരണിയോട് വിഗ്രഹാരാധനയും അറബ് അനാചാരങ്ങളും ഒത്തുപോവുകയില്ലെന്ന് ഒറ്റയാനായി പ്രഖ്യാപിച്ച സയ്ദ്ബ്‌നു അംറുബ്‌നു നുഫയ്ല്‍ ആണ് ചരിത്രത്തിലെ ഏറ്റവും പ്രഖ്യാതനായ ഹനീഫ്. മുഹമ്മദ് നബി(സ)യുടെ സമകാലീനനായിരുന്നെങ്കിലും അദ്ദേഹത്തിന്റെ പ്രവാചകത്വത്തിനുമുമ്പ് മരണപ്പെട്ടുപോയ വ്യക്തിയായിരുന്നു സയ്ദ് എന്നാണ് മനസ്സിലാകുന്നത്. മക്കന്‍ വിഗ്രഹാരാധന ശരിയല്ലെന്ന് മനസ്സിലാക്കി ശരിയായ ദൈവികപാത തേടി സിറിയയിലേക്കടക്കം യാത്ര പോയ സയ്ദിന് ജൂത, ക്രൈസ്തവ പണ്ഡിതരടക്കം ഉപദേശിച്ചുകൊടുത്തത് ഇബ്‌റാഹീമീ ഹനീഫിയ്യത്തായിരുന്നുവെന്ന് സ്വഹീഹുല്‍ ബുഖാരിയിലെ തീര്‍ത്തും പ്രബലമായ നിവേദനത്തിലുണ്ട്. സിറിയയില്‍ നിന്നു മടങ്ങിയപ്പോള്‍ അദ്ദേഹം കൈകളുയര്‍ത്തി ”എന്റെ രക്ഷിതാവേ, ഞാന്‍ ഇബ്‌റാഹീമിന്റെ മതത്തിലാണെന്നതിന് നീ സാക്ഷ്യം വഹിച്ചുകൊള്ളുക” എന്ന് പ്രഖ്യാപിച്ചതായി ഇബ്‌നു ഉമര്‍ (റ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് (ബുഖാരി). താന്‍ അല്ലാഹുവിനെ മാത്രമേ ആരാധിക്കുകയുള്ളൂവെന്നും അതാണ് ഇബ്‌റാഹീമിന്റെ ശരിയായ മതം എന്നും താനാണ് അതില്‍ നിലനില്‍ക്കുന്നതെന്നും ഇബ്‌റാഹീമിന്റെ പൈതൃകം അവകാശപ്പെടുമ്പോഴും മറ്റു മക്കക്കാര്‍ അദ്ദേഹത്തിന്റെ മതത്തില്‍ നിന്നും വ്യതിചലിച്ചുപോയിരിക്കുന്നുവെന്നും വ്യക്തമാക്കിക്കൊണ്ട് സയ്ദ്ബ്‌നു അംറ് കഅ്ബയുടെ ചാരത്തുനിന്ന് ”ഖുറയ്ശികളേ, സയ്ദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവനാണ് (അല്ലാഹു) സത്യം; നിങ്ങളിലൊരാളുമല്ല, മറിച്ച് ഞാനാണ് ഇബ്‌റാഹീമിന്റെ മതത്തിലുള്ളത്” (മാ അസ്ബ്ഹ മിന്‍കും അഹദുന്‍ അലാ ദീനി ഇബ്‌റാഹീമ ഗ്വയ്‌രീ) എന്നു പ്രഖ്യാപിച്ചത് ഇബ്‌നു ഇസ്ഹാക്വിന്റെ സീറയിലുണ്ട് (Guillaume, 99-100).

താന്‍ ഇബ്‌റാഹീമിന്റെ മാര്‍ഗം തെരഞ്ഞെടുക്കുന്നു എന്ന് സയ്ദ് പറയുന്നത് ആ മാര്‍ഗം മക്കക്കാര്‍ നേരത്തെ അവകാശപ്പെട്ടുകൊണ്ടിരുന്നതാണ് എന്ന അവബോധത്തോടെയാണ് എന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ സുതരാം വ്യക്തമാക്കുന്നുണ്ട്. ഹനീഫിയ്യാ ഏകദൈവാരാധനാനിഷ്ഠ സ്വീകരിച്ചതിന്റെ ഫലമായി, അദ്ദേഹം വിഗ്രഹാരാധനയും വിഗ്രഹങ്ങള്‍ക്ക് നിവേദിക്കപ്പെട്ട ഭക്ഷണം കഴിക്കുന്നതും പൂര്‍ണമായി ഉപേക്ഷിച്ചുവെന്നും ഇബ്‌നു ഇസ്ഹാക്വ് രേഖപ്പെടുത്തുന്നു (Ibid, p. 99). മദീനയില്‍ പ്രവാചകാഗമനത്തിനു മുമ്പുതന്നെ ഹനീഫ് ആയി ജീവിച്ചിരുന്ന ബനൂ അദിയ്യ ഗോത്രക്കാരന്‍ അബൂ ക്വയ്‌സ് ബിന്‍ അബൂ അനസിന്റെയും കഥ ഏതാണ്ട് സമാനം തന്നെയാണ്. വിഗ്രഹങ്ങളുപേക്ഷിക്കുകയും ജൂതനോ ക്രൈസ്തവനോ ആകുന്നതിനുപകരം ശുദ്ധമായ ഇബ്‌റാഹീമീ സരണി പുല്‍കുന്നുവെന്ന് പ്രഖ്യാപിക്കുകയും ചെയ്ത അദ്ദേഹം ”ഞാന്‍ ഇബ്‌റാഹീമിന്റെ നാഥനെയാണ് ആരാധിക്കുന്നത്” എന്ന് വിശദീകരിച്ച് പ്രാര്‍ത്ഥന നിര്‍വഹിക്കുവാന്‍ വേണ്ടി ഒരു ആരാധനാലയം പണിതതായി ഇബ്‌നു ഇസ്ഹാക്വില്‍ തന്നെയുണ്ട്. ഇദ്ദേഹം നബി (സ) മദീനയിലെത്തിയപ്പോള്‍ ഇസ്‌ലാം സ്വീകരിച്ചു (Ibid, pp. 236-9).

സയ്ദിനെയും അബൂക്വയ്‌സിനെയും സംബന്ധിച്ചുള്ള നിവേദനങ്ങള്‍ വ്യക്തമാക്കുന്ന ഒരു കാര്യം, ഇബ്‌റാഹീം നബി(അ)യും ഇസ്മാഈല്‍ നബി(അ)യും പഠിപ്പിച്ചിരുന്നത് ശുദ്ധ ഏകദൈവാരാധനയാണെന്നും എന്നാല്‍ അറബികള്‍ അവരുടെ മാര്‍ഗത്തില്‍നിന്ന് വ്യതിചലിച്ച് വിഗ്രഹാരാധനയിലും അധാര്‍മികതകളിലും എത്തിപ്പെട്ടു എന്നുമുള്ള അടിസ്ഥാന ബോധ്യങ്ങളാണ് അവര്‍ക്കുണ്ടായിരുന്നത് എന്നാണ്. ഇബ്‌റാഹീമീ സരണിക്ക് നിരക്കുന്നതല്ലെന്ന് തങ്ങള്‍ക്ക് ബോധ്യം വന്ന തിന്മകളില്‍ നിന്ന് വിട്ടുനില്‍ക്കുകയും സാധ്യമാകുന്ന തരത്തില്‍ ഏകദൈവാരാധന നിര്‍വഹിക്കുകയും ചെയ്ത് മനസ്സാക്ഷിയെ തൃപ്തിപ്പെടുത്താന്‍ ശ്രമിച്ചവരായിരുന്നു അവര്‍. അതല്ലാതെ, അല്ലാഹുവിനുവേണ്ടി നിര്‍വഹിക്കേണ്ടുന്ന ആരാധനകളുടെ വിശദമായ കര്‍മശാസ്ത്രത്തെക്കുറിച്ചോ അനുഷ്ഠിക്കേണ്ട സല്‍പ്രവര്‍ത്തനങ്ങളെക്കുറിച്ചോ ജീവിതവിശുദ്ധി നിലനിര്‍ത്താന്‍ ഉപേക്ഷിക്കേണ്ട തിന്മകളെക്കുറിച്ചോ കൃത്യവും സമഗ്രവുമായ ധാരണകളൊന്നും അവര്‍ക്കുണ്ടായിരുന്നില്ല. വഹ്‌യ് ലഭിക്കുന്ന ഒരു പ്രവാചകന്റെ അസാന്നിധ്യമായിരുന്നു ഈ പ്രതിസന്ധിക്കു കാരണം.

അബൂക്വയ്‌സും സയ്ദും ആര്‍ത്തവകാരികളുമായുള്ള ലൈംഗിക ബന്ധത്തില്‍നിന്ന് വിട്ടുനിന്നതും സയ്ദ് ശവവും രക്തവും ഭക്ഷിക്കുന്നത് ഒഴിവാക്കിയതും പെണ്‍മക്കളെ ജീവനോടെ കുഴിച്ചുമൂടുന്നതിനെ എതിര്‍ത്തതുമെല്ലാം ഇബ്‌നു ഇസ്ഹാക്വ് വിവരിക്കുന്നുണ്ട്. ഇവയെല്ലാം അവരുടെ അന്വേഷണങ്ങളില്‍ നിന്ന് അവരെത്തിപ്പെട്ട ധാര്‍മിക നിലപാടുകളായിരുന്നു. കുറേക്കൂടി നിഷ്‌കൃഷ്ടമായ മാര്‍ഗദര്‍ശനത്തിനുവേണ്ടി അവര്‍ ദാഹിച്ചിരുന്നുവെന്ന് സയ്ദ്ബ്‌നു അംറിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞു : ”എന്റെ രക്ഷിതാവേ, നിന്നെ ആരാധിക്കാനുള്ള കൂടുതല്‍ നല്ല മാര്‍ഗങ്ങള്‍ അറിയുമായിരുന്നുവെങ്കില്‍ ഞാനത് സ്വീകരിക്കുമായിരുന്നു; പക്ഷേ എന്തു ചെയ്യാം, എനിക്കതറിയില്ല!” തുടര്‍ന്ന് കഅ്ബക്കുനേരെ തിരിഞ്ഞ് അല്ലാഹുവിനു സുജൂദ് ചെയ്ത് അദ്ദേഹം വാക്കുകള്‍ ഇങ്ങനെ മുഴുമിപ്പിച്ചു: ”എന്റെ നാഥന്‍ ഇബ്‌റാഹീമിന്റെ നാഥനാണ്, എന്റെ മതം ഇബ്‌റാഹീമിന്റെ മതവുമാണ്.” (Ibid, p. 100; Dr. Mahdi  Rizqullah Ahmad, A Biography of the Prophet of Islam in the light of Original Sources  (Riyadh: Darussalam, 2005), p. 58).

മക്കയിലും മദീനയിലുമുണ്ടായിരുന്ന ഹനീഫുകളായി അറിയപ്പെട്ടിരുന്ന  ചില വ്യക്തികള്‍ നബി(സ)യുടെ പ്രവാചകത്വം അംഗീകരിക്കുവാന്‍ വിസമ്മതിക്കുകയും അദ്ദേഹത്തോട് ആശയപരമായ വിയോജിപ്പുകള്‍ രേഖപ്പെടുത്തുകയും ചെയ്തതായി പറയുന്ന ചില നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് വിമര്‍ശകര്‍ ഹനീഫുകള്‍ ഇബ്‌റാഹീമീ മാര്‍ഗത്തിന്റെ പുനരുജ്ജീവനത്തിനു ശ്രമിച്ചവരല്ലായിരുന്നു എന്ന് സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നത്. അവര്‍ക്കുള്ള മറുപടി സയ്ദിന്റെ വാക്കുകളില്‍ തന്നെയുണ്ട് എന്നുള്ളതാണ് വാസ്തവം. ഇബ്‌റാഹീമീ ഏകദൈവാരാധനയുടെ അടിസ്ഥാനമൂല്യങ്ങള്‍ ഉള്‍ക്കൊണ്ടിരുന്നവരെല്ലാം അറേബ്യയില്‍ ഹനീഫുകളായാണ് അറിയപ്പെട്ടിരുന്നത്. അവരില്‍ നബി(സ)യുടെ പ്രവാചകത്വം അംഗീകരിച്ചവരും നിഷേധിച്ചവരുമുണ്ടാകാം, പ്രവാചകന്‍ സ) പ്രബോധനം ചെയ്ത ധാര്‍മിക പദ്ധതിയുടെ വിശദാംശങ്ങളോട് യോജിച്ചവരും വിയോജിച്ചവരുമുണ്ടാകാം, ഏകദൈവാരാധന മനസ്സിലുള്‍ക്കൊണ്ടാല്‍ മതിയെന്നും നബി (സ) ചെയ്യുന്നതുപോലെ സമൂഹത്തില്‍ അത് വ്യാപകമായി പ്രചരിപ്പിക്കേണ്ടതില്ലെന്നും കരുതിയ ആദര്‍ശ പ്രതിബദ്ധത കുറഞ്ഞ വ്യക്തികളുമുണ്ടാകാം. ഹനീഫുകള്‍ ആരാണെന്ന് മനസ്സിലാക്കിയവര്‍ക്ക് ചരിത്രപരമായി ഇവയിലൊന്നും യാതൊരു അസാംഗത്യവും അനുഭവപ്പെടുകയില്ല.

ഏകശിലാത്മകമായ ഒരു സമൂഹമായിരുന്നില്ല ഹനീഫുകളുടേത്; മറിച്ച് ഇബ്‌റാഹീമീ ഏകദൈവാരാധനയെക്കുറിച്ച് നിശ്ചയവും വ്യക്തതയുമുണ്ടായിരുന്ന, എന്നാല്‍ അനുബന്ധങ്ങളില്‍ ആശയക്കുഴപ്പങ്ങളും അഭിപ്രായാന്തരങ്ങളുമുണ്ടായിരുന്ന ഒറ്റയും തെറ്റയുമായ വ്യക്തിത്വങ്ങളാണ്. അതുകൊണ്ടുതന്നെ വിമര്‍ശകര്‍ എടുത്തുദ്ധരിക്കുന്ന നിവേദനങ്ങള്‍ നിദാനശാസ്ത്രപരമായി ആധികാരികമാണെങ്കിലും അല്ലെങ്കിലും, അവരുടെ വാദം സ്ഥാപിക്കുവാന്‍ പര്യാപ്തമായവയല്ല എന്നതാണ് വാസ്തവം. ചില ഹനീഫുകള്‍ പ്രവാചകന്റെ കൂടെ നിന്നില്ല എന്നുമാത്രമാണ് പരാമൃഷ്ട നിവേദനങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇബ്‌റാഹീം നബി(അ)യുടെ ആശയങ്ങളിലേക്ക് മടങ്ങിപ്പോകണമെന്ന കാര്യത്തില്‍ അവര്‍ക്ക് നബി(സ)യുമായി യാതൊരു അഭിപ്രായവ്യത്യാസവുമുണ്ടായിരുന്നില്ല  എന്ന് അതേ നിവേദനങ്ങള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. മക്കയില്‍ പൂര്‍വപിതാക്കളായ ഇബ്‌റാഹീമിെനയും ഇസ്മാഈലിനെയും കുറിച്ചുള്ള ബോധ്യവും അവരുടെ ചര്യകള്‍ മുറുകെപ്പിടിക്കണമെന്ന വികാരവും പ്രവാചകന്‍ (സ) പുതുതായി സൃഷ്ടിച്ചെടുത്തതല്ലെന്ന് എല്ലാ അര്‍ത്ഥത്തിലും സ്ഥാപിക്കുന്നവയാണ് ആ ഉദ്ധരണികള്‍. ഹനീഫുകള്‍ എന്നാല്‍ മുഹമ്മദീയ ഇസ്‌ലാമിന്റെ എല്ലാ ആശയങ്ങളും അംഗീകരിച്ചവരായിരുന്നു എന്ന് മുസ്‌ലിംകള്‍ വാദിക്കുന്നതായി തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് വിമര്‍ശകര്‍ അവയുടെ വിശകലനം നിര്‍വഹിക്കുന്നത്. ഈ തെറ്റിദ്ധാരണയില്‍ നിന്ന് മോചിതരായാല്‍  വിമര്‍ശകര്‍ സ്വന്തം അടിസ്ഥാനങ്ങളെയാണ് തകര്‍ത്തുകളയുന്നത് എന്ന് ആര്‍ക്കും ബോധ്യമാകും.
മദീനയിലെ ഔസ് ഗോത്രത്തിന്റെ നേതാക്കളിലൊരാളായിരുന്ന അബൂ ആമിര്‍ അംറുബ്‌നു സയ്ഫും ഔസ് ഗോത്രക്കാരന്‍ തന്നെയായിരുന്ന കവി അബുക്വയ്‌സ് ബിന്‍ അസ്‌ലതും ത്വാഇഫുകാരനായ ഉമയ്യയുമാണ് ഹനീഫുകളായി അറിയപ്പെട്ടിരുന്ന, ഇസ്‌ലാം സ്വീകരിച്ചിട്ടില്ലെന്ന് ചില നിവേദനങ്ങള്‍ പറയുന്ന വ്യക്തികള്‍. അബൂ ആമിറും നബി(സ)യും തമ്മില്‍ മദീനയില്‍വെച്ച് നേരില്‍ കണ്ടുമുട്ടിയപ്പോള്‍ അവര്‍ തമ്മില്‍ നടന്ന സംഭാഷണം ഇബ്‌നു ഇസ്ഹാക്വിന്റെ, വിമര്‍ശകര്‍ ആശ്രയിക്കുന്ന നിവേദനത്തില്‍ തന്നെയുണ്ട്. ഏതു മതവുമായാണ് പ്രവാചകന്‍ (സ) നിയോഗിക്കപ്പെട്ടതെന്ന അബൂ ആമിറിന്റെ ചോദ്യത്തിന് ‘ഹനീഫിയ്യ; ഇബ്‌റാഹീമിന്റെ മതം’ എന്ന് നബി (സ) മറുപടി പറഞ്ഞപ്പോള്‍ താനും ആ മതത്തില്‍ തന്നെയാണ് എന്നായിരുന്നു അബൂ ആമിറിന്റെ പ്രത്യുത്തരം. അബൂ ആമിര്‍ ഇബ്‌റാഹീമിന്റെ മതം ശരിയായി പിന്തുടരുന്നില്ലെന്ന് പറഞ്ഞ പ്രവാചകന്‍(സ)യോട് അദ്ദേഹം പറഞ്ഞത് ‘ഹനീഫിയ്യത്തില്‍ ഇല്ലാത്ത പലതും, മുഹമ്മദ്, താങ്കള്‍ അതില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു’ (ഇന്നക്ക അദ്ഖല്‍ത, യാ മുഹമ്മദ്, ഫില്‍ ഹനീഫിയ്യ മാ ലയ്‌സ മിന്‍ഹാ) എന്നായിരുന്നുവെന്നും ഇബ്‌റാഹീമിന്റെ മതത്തെ അതിന്റ ശുദ്ധതയില്‍ അപ്പടി പ്രബോധനം ചെയ്യുക മാത്രമാണ് താന്‍ ചെയ്യുന്നതെന്ന് നബി (സ) ഇതിനോട് പ്രതിവചിച്ചുവെന്നും ഇബ്‌നു ഇസ്ഹാക്വ് രേഖപ്പെടുത്തുന്നു. ഇബ്‌റാഹീമീ സരണി പിന്തുടരുന്നുവെന്ന് അവകാശപ്പെട്ടതിനാല്‍ തന്നെയാണ് അബൂ ആമിര്‍ ഹനീഫ് ആയി അറയപ്പെട്ടതെന്നും ഇബ്‌റാഹീമിന്റെ മാര്‍ഗത്തിന്റെ വിശദാംശങ്ങളില്‍ എന്തെല്ലാം വരുമെന്ന കാര്യത്തിലാണ് അദ്ദേഹത്തിന് പ്രവാചകനുമായി അഭിപ്രായവ്യത്യാസമുണ്ടായതെന്നും നിവേദനത്തില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന സംവാദത്തില്‍ നിന്ന് വ്യക്തമാണ്. അറേബ്യയില്‍ പ്രവാചകനുമുമ്പേ ഇബ്‌റാഹീമീ വികാരങ്ങള്‍ നിലനിന്നിരുന്നുവെന്നതിന്റെ സൂചകമാണ് ഫനീഫുകള്‍ എന്ന നിരീക്ഷണത്തെ ഈ നിവേദനം എങ്ങനെ തകര്‍ക്കുമെന്നാണ് വിമര്‍ശകര്‍ പറയുന്നത്?
രണ്ടാമത്തെയാളായ അബൂ ക്വയ്‌സ് ബിന്‍ അസ്‌ലത്, ‘ഞാന്‍ ഇബ്‌റാഹീമിന്റെ മതം പിന്തുടരുന്നു; മരണം വരെ ഞാനതില്‍ നിന്ന് പിന്‍മാറുകയില്ല’ എന്ന് പ്രസ്താവിക്കുമായിരുന്നുവെന്ന് ഓറിയന്റലിസ്റ്റുകള്‍ ആശ്രയിക്കുന്ന ഇബ്‌നു സഅദിന്റെ നിവേദനത്തില്‍ തന്നെയുണ്ട്. ഹനീഫിയ്യത്തിന് ഏകദൈവാരാധനാ നിലപാടുകളുമായി ബന്ധമുണ്ടായിരുന്നില്ലെന്ന വിമര്‍ശകവാദത്തെ എല്ലാ അര്‍ത്ഥത്തിലും പൊളിച്ചുകളയുന്നതാണ് ഉമയ്യയെക്കുറിച്ചുള്ള നിവേദനങ്ങളെല്ലാം. അദ്ദേഹം വിഗ്രഹാരാധനയില്‍ നിന്ന് വിട്ടുനില്‍ക്കുകയും അതിന്റെ പേരില്‍ ജൂതനായിപ്പോലും വിചാരിക്കപ്പെടുകയും ചെയ്ത, ഇബ്‌റാഹീമിന്റെയും ഇസ്മാഈലിന്റെയും യഥാര്‍ത്ഥ പൈതൃകം ഹനീഫിയ്യത്താണെന്ന് സ്ഥാപിച്ചുകൊണ്ട് സമൃദ്ധമായി കവിതകളെഴുതിയ ആളായിരുന്നുവെന്നാണ് ചരിത്രഗ്രന്ഥങ്ങള്‍ പറയുന്നത്. അദ്ദേഹത്തിന്റെ ‘ഹനീഫീ’ കവിതള്‍ അറബ് വാമൊഴി പാരമ്പര്യത്തില്‍ സജീവമായി നിലനിന്നതുകൊണ്ടുതന്നെ, ജാഹിലിയ്യാ കാലഘട്ടം മുതല്‍ ഒന്‍പതാം നൂറ്റാണ്ടുവരെയുള്ള അറബിക്കവിതകളുടെ ബൃഹദ്‌ശേഖരം അരനൂറ്റാണ്ടു കാലത്തെ അധ്വാനംകൊണ്ട് അബുല്‍ ഫറജ് ഇസ് ഫഹാനി സി. ഇ പത്താം നൂറ്റാണ്ടില്‍ അഗാനി എന്ന പേരില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ അതില്‍പോലും ഇടം പിടിച്ചിട്ടുണ്ട്. വിമര്‍ശകര്‍ക്കാവശ്യമുള്ളതൊന്നും ഉമയ്യയെ വിശകലനം ചെയ്തതുകൊണ്ട് ലഭിക്കുകയില്ലെന്ന് ഇതില്‍ നിന്നുതന്നെ വ്യക്തമാണ്. ”ഹനീഫിയ്യത്ത് സത്യമാണെന്നെനിക്കറിയാം; എന്നാല്‍ മുഹമ്മദിന്റെ കാര്യത്തിലാണ് എനിക്ക് തീര്‍ച്ചയില്ലാത്തത്” (വ അന അഅ്‌ലമു അന്നല്‍ ഹനീഫിയ്യ ഹക്വുന്‍ വലാകിന്നശ്ശക്ക്വ യുദാഖിലുനീ ഫീ മുഹമ്മദ്) എന്നാണ് ഉമയ്യ പ്രവാചകനുമായുള്ള തന്റെ അഭിപ്രായവ്യത്യാസത്തെക്കുറിച്ച് പറഞ്ഞത് (ഫത്ഹുല്‍ബാരി). മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വം അംഗീകരിക്കാന്‍ വിമുഖത കാണിച്ചുവെന്നതുകൊണ്ട് ഉമയ്യ ഇബ്‌റാഹീമീ ആദര്‍ശ പിന്തുടര്‍ച്ച അവകാശപ്പെട്ടിരുന്നുവെന്ന വസ്തുത എങ്ങനെയാണ് ഇല്ലാതാവുക? അറബികള്‍ക്കിയടിലുണ്ടായിരുന്ന ഇബ്‌റാഹീമീ ബോധത്തെ അദ്ദേഹത്തെ സംബന്ധിച്ച നിവേദനങ്ങള്‍ സാധൂകരിക്കുകയല്ലാതെ എങ്ങനെയാണ് നിരാകരിക്കുക? ചുരുക്കത്തില്‍, ഹനീഫുകളെക്കുറിച്ചുള്ള ചരിത്ര/ഹനീഥ് നിവേദനങ്ങള്‍ അവര്‍ ഇബ്‌റാഹീമീ ആദര്‍ശ വ്യതിരിക്തത അവകാശപ്പെട്ടിരുന്നവരല്ല എന്ന് സൂചിപ്പിക്കുന്നുവെന്ന വിമര്‍ശകരുടെ വാദം ഒരു കഴമ്പുമില്ലാത്തതാണ്.

print