മക്കയിൽ വെച്ച് നബി (സ) ആയുധമെടുക്കാതിരുന്നത് ശക്തിയില്ലാത്തതിനാലല്ലേ?

/മക്കയിൽ വെച്ച് നബി (സ) ആയുധമെടുക്കാതിരുന്നത് ശക്തിയില്ലാത്തതിനാലല്ലേ?
/മക്കയിൽ വെച്ച് നബി (സ) ആയുധമെടുക്കാതിരുന്നത് ശക്തിയില്ലാത്തതിനാലല്ലേ?

മക്കയിൽ വെച്ച് നബി (സ) ആയുധമെടുക്കാതിരുന്നത് ശക്തിയില്ലാത്തതിനാലല്ലേ?

പീഡനങ്ങളുടെ മക്കാനാളുകളില്‍ പ്രവാചകന്‍(സ)സായുധമായി പ്രതികരിക്കാതിരുന്നത് ശക്തിയില്ലാത്തതിനാലായിരുന്നുവെന്നും മദീനയിലെത്തി താന്‍ ശക്തനാണെന്ന് തോന്നിയതു മുതല്‍ക്കാണ് സായുധപ്രതികരണങ്ങളും അതിക്രമങ്ങളുമാരംഭിച്ചതെന്നും വിമര്‍ശിക്കുന്നവര്‍ രണ്ടുസ്ഥലത്തെയും നബി(സ)യുടെ ഉത്തരവാദിത്തങ്ങളിലുള്ള വ്യത്യാസത്തെക്കുറിച്ച് നിശ്ശബ്ദരാവുകയാണ് ചെയ്യുന്നത്. രഹസ്യമായി ഇസ്‌ലാമികപ്രബോധനം നടന്നിരുന്ന ആദ്യകാലത്ത് മുസ്‌ലിംകള്‍ തീരെ ദുര്‍ബലരായിരുന്നുവെന്നും തിരിച്ചടിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുവാന്‍ പോലും കഴിയാത്തവരായിരുന്നുവെന്നും പറയുന്നത് വാസ്തവമാണ്.എന്നാൽ മക്കാകാലം മുഴുവൻ തിരിച്ചടിയെക്കുറിച്ച് ആലോചിക്കാൻ പോലും കഴിയാത്തവിധം മുസ്ലിംകൾ ദുര്ബലരായിരുന്നുവെന്ന് പറയുന്നത് ശരിയല്ല. തിരിച്ചടിയെപ്പറ്റി പ്രവാചകാനുചരന്മാർ പോലും ചിന്തിച്ചിരുന്ന സന്ദർഭങ്ങൾ മക്കാകാലഘട്ടത്തിലുണ്ടായിരുന്നു എന്നതാണ് നേര്.

ധീരവീരശൂര പരാക്രമികളായി അറിയപ്പെട്ടിരുന്ന ഹംസ(റ)യു  ഉമറിന്റെയും(റ) ഇസ്‌ലാം സ്വീകരണത്തോടെത്തന്നെ തങ്ങളുടെ ആദർശം പരസ്യമായി പ്രഖ്യാപിക്കുവാനുള്ള ധൈര്യം മുസ്ലിംകൾക്കുണ്ടാകാൻ തുടങ്ങിയിരുന്നു. കഅ്ബാലയത്തിനു മുമ്പില്‍ വെച്ച് പരസ്യമായി നമസ്കരിക്കുവാനും  ഇസ്‌ലാമിനെക്കുറിച്ച് ഉറക്കെ ചര്‍ച്ച ചെയ്യുവാനും സത്യമതത്തിലേക്ക് പൊതുസ്ഥലങ്ങളില്‍ വെച്ച് ആളുളെ ക്ഷണിക്കുവാനുമെല്ലാമുള്ള ധൈര്യം അതിന്നുശേഷം മുസ്‌ലിംകള്‍ പ്രകടിപ്പിക്കാൻ തുടങ്ങി. . മക്കയില്‍ തങ്ങളെ പ്രയാസപ്പെടുത്തിക്കൊണ്ടിരിക്കുന്നവര്‍ക്കെതിരെ ഒരു കലാപം അഴിച്ചുവിടുവാന്‍ പ്രവാചകന്‍(സ)കല്‍പിച്ചാല്‍ അത് ശിരസ്സാവഹിക്കുവാന്‍ അവര്‍ക്ക് കഴിയുമായിരുന്നു. ഉമറിനെ(റ)പ്പോലുള്ളവരുടെ നേതൃത്വത്തില്‍ അത്തരമൊരു കലാപമുണ്ടായാല്‍ അതുമൂലം മക്കാമുശ്‌രിക്കുകള്‍ക്ക് വമ്പിച്ച നാശനഷ്ടങ്ങളുണ്ടാക്കുവാനും അത് നിമിത്തമാകുമായിരുന്നു. എന്നാല്‍ തങ്ങള്‍ ജീവിക്കുന്ന നാട്ടില്‍ കുഴപ്പുമുണ്ടാക്കുവാനല്ല, പ്രത്യുത നിലനില്‍ക്കുന്ന സാമൂഹ്യസാഹചര്യങ്ങളുടെ സാധ്യതകളുപയോഗിച്ച് തങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പീഡനങ്ങള്‍ക്ക് അറുതിവരുത്തുവാനും തങ്ങള്‍ക്ക് മുസ്‌ലിംകളായി നിലനില്‍ക്കുവാനുമുള്ള സാഹചര്യങ്ങളൊരുക്കുവാനാണ് പ്രവാചകന്‍(സ)പരിശ്രമിച്ചത്. കലാപങ്ങള്‍ സമൂഹത്തിന്റെ സുസ്ഥിതിയെ ദോഷകരമായി ബാധിക്കുമെന്നതുകൊണ്ടാവാം, അത്തരമൊരു മുന്നേറ്റത്തിന് പ്രവാചകന്‍(സ)  പ്രചോദനം നല്‍കാതിരുന്നത്.

സായുധസന്നാഹങ്ങളും സംഘട്ടനങ്ങളുമെല്ലാം നന്നായി അറിയുവന്നവരായിരുന്നു മുസ്‌ലിംകളായിത്തീര്‍ന്ന മക്കയിലുള്ളവര്‍. ഗോത്രാഭിമാനത്തിനുവേണ്ടി തലമുറകള്‍ നീണ്ട യുദ്ധം ചെയ്തു പരിചയമുള്ള അവര്‍ക്ക് ശത്രുവിനെതിരെ സായുധസമരം നടത്തുന്നതിനുള്ള നിര്‍ദേശം മാത്രം മതിയായിരുന്നു, തങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കെതിരെ ആഞ്ഞടിക്കുവാന്‍. ഉമര്‍(റ)ഇസ്‌ലാം സ്വീകരിച്ചതോടെ മുശ്‌രിക്കുകള്‍ പോലും തിരിച്ചടി പ്രതീക്ഷിച്ചിരുന്നുവെന്ന് അവരുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ടെന്ന വസ്തുത ഹദീഥ് ഗ്രൻഥങ്ങളിൽ നിന്ന് മനസ്സിലാകുന്നുണ്ട്. സ്വഹാബിമാരില്‍ പലരും അത്തരമൊരു തിരിച്ചടി ആഗ്രഹിക്കുകയും അതാണ് തങ്ങള്‍ക്ക് അഭിമാനകരമായ അസ്തിത്വം പ്രദാനം ചെയ്യുകയെന്ന് കരുതുകയും ചെയ്തുവെങ്കിലും പ്രവാചകന്‍(സ)അതിന് അനുവദിച്ചില്ല. ഒരു ഹദീഥ് നോക്കുക: ഇബ്‌നു അബ്ബാസില്‍ നിന്ന്: മക്കയില്‍ വെച്ച് അബ്ദുര്‍റഹ്മാനു ബ്‌നു ഔഫും അദ്‌ദേഹത്തിന്റെ സഖാക്കളും കൂടി പ്രവാചകന്റെ(സ)യടുക്കല്‍ ചെന്നു ചോദിച്ചു: ‘ദൈവദൂതരേ, ഞങ്ങള്‍ ബഹുദൈവാരാധകരായിരുന്നപ്പോള്‍ ഞങ്ങള്‍ ആത്മാഭിമാനമുള്ളവരും ആദരിക്കപ്പെട്ടവരുമായിരുന്നു; വിശ്വാസികളായേതാടെ ഞങ്ങള്‍ അധഃസ്ഥിതരും അടിച്ചമര്‍ത്തപ്പെടുന്നവരുമായിത്തീര്‍ന്നു.’ പ്രവാചകന്‍(സ)പറഞ്ഞു: ‘ഞാന്‍ ക്ഷമിക്കുവാനാണ് കല്‍പിക്കപ്പെട്ടരിക്കുന്നത്; അതിനാല്‍ നിങ്ങള്‍ സായുധ സമരം നടത്തരുത്.'(സുനനുന്നസാഈ, കിതാബുല്‍ ജിഹാദ്, മുഹമ്മദ് ബിന്‍ അലി ബിന്‍ അല്‍ ഹസനില്‍ നിന്ന് ഇമാം ത്വബ്‌രി തന്റെ തഫ്‌സീറില്‍ (5/108) ഉദ്ധരിച്ച ഈ ഹദീഥ് സ്വഹീഹാണെന്ന്ഇമാം ഹാകിം (2/66) വ്യക്തമാക്കിയിട്ടുണ്ട്. Hafiz Abu Tahir Zubair Ali Za’i (Ed& Ref) English Translation of Sunan An-Nasai, Riyadh, 2008, Page 16)

ആളുകളുടെ എണ്ണക്കുറവാണ് പ്രവാചകനെ(സ) മക്കയില്‍വെച്ച് സായുധപ്രതികരണങ്ങളില്‍ നിന്ന് തടഞ്ഞുനിര്‍ത്തിയതെന്ന വിമര്‍ശനവും അടിസ്ഥാനരഹിതമാണ്. എണ്ണക്കുറവ് മുസ്‌ലിംകളെ സായുധ സമരത്തില്‍ നിന്ന് തടഞ്ഞുനിര്‍ത്തുകയില്ലെന്ന് ബദ്‌റിന്റെ ചരിത്രം പഠിച്ചാല്‍ ആര്‍ക്കും ബോധ്യപ്പെടും. മുസ്‌ലിം സൈന്യത്തിന്റെ എണ്ണം ശത്രുക്കളുടേതിന്റെ മൂന്നിലൊന്ന് മാത്രമാണന്ന വസ്തുതയോ അവരുടെയത്ര ആയുധങ്ങളോ വാഹനങ്ങളോ തങ്ങളുടെ പക്കലില്ലെന്ന ബോധമോ മുസ്‌ലിംകളെ ബദ്‌റില്‍ നിന്ന് പിന്തിരിപ്പിച്ചില്ലെങ്കില്‍ മക്കയില്‍ വെച്ച് മാത്രം തങ്ങള്‍ എണ്ണത്തില്‍ കുറവാണെന്ന ബോധം അവരെ സായുധ പ്രതികരണത്തില്‍ നിന്ന് തടഞ്ഞുവെന്ന് കരുതുന്നതില്‍ ന്യായമില്ല. അല്ലാഹുവിന്റെ അനുഗ്രഹമുണ്ടെങ്കില്‍ ചെറിയ സംഘങ്ങള്‍ക്ക് വലിയ സംഘങ്ങളെ തോല്‍പിക്കാനാകുമെന്ന വസ്തുത ക്വുര്‍ആന്‍ വ്യക്തമാക്കുന്നുമുണ്ട്. ”എത്രയെത്ര ചെറിയ സംഘങ്ങളാണ് അല്ലാഹുവിന്റെ അനുമതിയോടെ വലിയ സംഘങ്ങളെ കീഴ്‌പെടുത്തിയിട്ടുള്ളത്! അല്ലാഹു ക്ഷമിക്കുന്നവരുടെ കൂടെയാകുന്നു.” (2:249)

വിശ്വാസികള്‍ക്ക് തങ്ങളെക്കാള്‍ പത്തിരട്ടി വരുന്നവരെ നേരിടാനാകുമെന്നാണ് ക്വുര്‍ആന്‍ നല്‍കുന്ന ഉല്‍ബോധനം. ”നബിയേ, നീ വിശ്വാസികളെ യുദ്ധത്തിന് പ്രോത്‌സാഹിപ്പിക്കുക. നിങ്ങളുടെ കൂട്ടത്തില്‍ ക്ഷമാശീലരായ ഇരുപത് പേരുണ്ടായിരുന്നാല്‍ ഇരുനൂറ് പേരെ അവര്‍ക്ക് ജയിച്ചടക്കാവുന്നതാണ്. നിങ്ങളുടെ കൂട്ടത്തില്‍ നൂറ് പേരുണ്ടായിരുന്നാല്‍ സത്യനിഷേധികളില്‍ നിന്ന് ആയിരം പേരെ അവര്‍ക്ക് ജയിച്ചടക്കാവുന്നതാണ്. അവര്‍ കാര്യം ഗ്രഹിക്കാത്ത ഒരു ജനവിഭാഗമാണ് എന്നതുകൊണ്ടത്രെ അത്.” (8:65).

അനുയായികളുടെ എണ്ണക്കുറവോ മുശ്‌രിക്കുകളെ തങ്ങള്‍ക്ക് തോല്‍പിക്കാന്‍ കഴികയില്ലെന്ന തിരിച്ചറിവോ അനുചരന്‍മാര്‍ യുദ്ധസന്നദ്ധരല്ലാത്തതോ അല്ല മക്കയിലെ പീഡകര്‍ക്കെതിരെ ഒരു സായുധ കലാപത്തിന് ആഹ്വാനം ചെയ്യുന്നതില്‍ നിന്ന് മുഹമ്മദ് നബി(സ)യെ തടഞ്ഞു നിര്‍ത്തിയതെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. ജനിച്ചു വളര്‍ന്ന നാട്ടില്‍ കലാപമുണ്ടാക്കുകയോ നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ത്ത് തന്റെ ആധിപത്യം സ്ഥാപിക്കുകയോ തങ്ങളെ എതിര്‍ത്തവരെയെല്ലാം സായുധമായി സംഹരിക്കുകയോ ആയിരുന്നില്ല അദ്‌ദേഹത്തിന്റെ ലക്ഷ്യം. പ്രത്യുത സത്യമതത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുകയും അങ്ങനെ അവര്‍ക്ക് സമാധാന സംതൃപ്തമായ ഇഹലോക ജീവിതവും ശാന്തസുന്ദരമായ മരണാനന്തര ജീവിതവും നേടിയെടുക്കുവാനുള്ള മാര്‍ഗമൊരുക്കുകയുമായിരുന്നു അദ്‌ദേഹം ചെയ്തത്. തന്നെ പീഡിപ്പിക്കുന്നവര്‍ക്കെതിരെ കലാപമുണ്ടാക്കാതെയും തന്നെ നശിപ്പിക്കാന്‍ ശ്രമിച്ചവരെ നശിപ്പിക്കുവാന്‍ ശ്രമിക്കാതെയും തന്നിലേര്‍പിക്കപ്പെട്ട ദൗത്യം നിര്‍വഹിക്കുകയായിരുന്നു മക്കയില്‍ വെച്ച് പ്രവാചകന്‍(സ) ചെയ്തത്. ആളോ അര്‍ഥമോ ഇല്ലാത്തതുകൊണ്ടല്ല ജീവിക്കുന്ന നാട്ടില്‍ കുഴപ്പങ്ങളുണ്ടാക്കുവാന്‍ ദൈവകല്‍പനയില്ലാത്തതിനാലാണ് മക്കയില്‍വെച്ച് സായുധ കലാപത്തിന് അദ്ദേഹം മുതിരാതിരുന്നത്. ത്യാഗങ്ങള്‍ സഹിച്ചും പീഡനങ്ങളില്ലാതെയാക്കുവാന്‍ പ്രാര്‍ഥിച്ചും നിയതമായ മാര്‍ഗങ്ങളിലൂടെ പ്രവര്‍ത്തിച്ചും കൊണ്ട് തന്നിലര്‍പിക്കപ്പെട്ട ആദര്‍ശ പ്രചരണമെന്ന ദൗത്യം നിര്‍വഹിക്കുന്നതില്‍ മാത്രമാണ് മക്കയില്‍ വെച്ച് മുഹമ്മദ് നബി(സ) ബദ്ധശ്രദ്ധനായത്. അതായിരുന്നു മക്കയിലെ ജിഹാദ്; ക്വുര്‍ആന്‍ പറഞ്ഞ, ക്വുര്‍ആനുപയോഗിച്ചുകൊണ്ടുള്ള ഏറ്റവും വലിയ ജിഹാദ്.

print