മക്കയിൽ വെച്ച് നബി (സ) ജിഹാദ് ചെയ്തിരുന്നോ ? ഉണ്ടെങ്കിൽ എങ്ങനെ?

/മക്കയിൽ വെച്ച് നബി (സ) ജിഹാദ് ചെയ്തിരുന്നോ ? ഉണ്ടെങ്കിൽ എങ്ങനെ?
/മക്കയിൽ വെച്ച് നബി (സ) ജിഹാദ് ചെയ്തിരുന്നോ ? ഉണ്ടെങ്കിൽ എങ്ങനെ?

മക്കയിൽ വെച്ച് നബി (സ) ജിഹാദ് ചെയ്തിരുന്നോ ? ഉണ്ടെങ്കിൽ എങ്ങനെ?

മുസ്ലിമിന്റെ ജീവിതത്തിൽ നിന്ന് ഒഴിച്ചുനിർത്താനാത്ത കാര്യമാണ് ജിഹാദ് എന്നാണ് ഖുർആനും നബിവചനങ്ങളും വ്യക്തമാക്കുന്നത്. നബിജീവിതത്തിന്റെ തുടക്കം മുതൽ തന്നെ ജിഹാദ് നിറഞ്ഞുനിന്നിരുന്നുവെന്നതാണ് സത്യം.
ജിഹാദിനെക്കുറിച്ച ക്വുര്‍ആന്‍ നിര്‍ദേശങ്ങള്‍ അവതരിക്കുവാനാരംഭിച്ചത് മക്കയില്‍വെച്ചാണ്. പീഡനങ്ങളും പ്രയാസങ്ങളും സഹിച്ച് ഇസ്‌ലാമിക പ്രബോധനം നിര്‍വഹിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ അവതരിപ്പിക്കപ്പെട്ട ക്വുര്‍ആന്‍ സൂക്തങ്ങളില്‍ ജിഹാദിന് പ്രേരിപ്പിക്കുന്ന വചനങ്ങള്‍ കാണാം. മക്കയില്‍വെച്ച് അവതരിപ്പിക്കപ്പെട്ട സൂറത്തുല്‍ അന്‍കബൂത്തിലെ അവസാനത്തെ വചനം കാണുക: ”നമ്മുടെ മാര്‍ഗത്തില്‍ ജിഹാദില്‍ ഏര്‍പെട്ടവരാരോ, അവരെ നമ്മുടെ വഴികളിലേക്ക് നാം നയിക്കുക തന്നെ ചെയ്യുന്നതാണ്. തീര്‍ച്ചയായും അല്ലാഹു സദ്‌വൃത്തരോടൊപ്പമാകുന്നു” (29:69).

മക്കയില്‍വെച്ച് ചെയ്യേണ്ട ജിഹാദ് എന്താണ്?

പൂര്‍ണമായും മക്കയില്‍വെച്ച് അവതരിച്ചതെന്ന് വ്യാഖ്യാതാക്കള്‍ വ്യക്തമാക്കിയ സൂറത്തുല്‍ ഫുര്‍ഖാനിലെ 52-ാമത്തെ സൂക്തം ഈ ചോദ്യത്തിനുള്ള കൃത്യമായ ഉത്തരം നല്‍കുന്നുണ്ട്: ”അതിനാല്‍ സത്യനിഷേധികളെ നീ അനുസരിച്ചു പോകരുത്. ഇത് (ക്വുര്‍ആന്‍) കൊണ്ട് നീ അവരോട് വലിയൊരു ജിഹാദ് നടത്തിക്കൊള്ളുക” (25:52)

ക്വുര്‍ആന്‍ ഉപയോഗിച്ച് ശത്രുക്കളോട് മഹത്തായ ജിഹാദ് നടത്തുക! ഏതാണീ ജിഹാദ്? ക്വുര്‍ആനുപയോഗിച്ചു കൊണ്ടുള്ള ജിഹാദ് ആശയസമരമാണെന്ന് വ്യക്തം. മുഹമ്മദ് നബി(സ)യുടെ നീണ്ട പതിമൂന്ന് വര്‍ഷത്തെ ജിഹാദിനുള്ള ആയുധം ക്വുര്‍ആനായിരുന്നു. അവതരിപ്പിക്കപ്പെടുന്ന മുറയ്ക്ക് ക്വുര്‍ആന്‍ വചനങ്ങളുപയോഗിച്ച് സമൂഹത്തില്‍ നിലനിന്നിരുന്ന തിന്‍മകള്‍ക്കും അധര്‍മങ്ങള്‍ക്കുമെതിരെ അദ്ദേഹം ജിഹാദ് നടത്തുകയായിരുന്നു. ഈ ജിഹാദാണ് മക്കയിലെ പലരുടെയും മനസ്സുകളില്‍ പരിവര്‍ത്തനത്തിന്റെ കൊടുങ്കാറ്റ് സൃഷ്ടിച്ചത്. ബഹുദൈവാരാധനയും തന്നിഷ്ടപ്രകാരമുള്ള ജീവിതവും കാരണം ശിലാഹൃദയരായിത്തീര്‍ന്നവരുടെ മനസ്സുകളില്‍ നിന്ന് ഏകദൈവാരാധനയും ദൈവിക വെളിപാടുപ്രകാരമുള്ള ജീവിതവും സൃഷ്ടിക്കുന്ന ആര്‍ദ്രതയുടെ തെളിനീരുകള്‍ അരിച്ചിറങ്ങുകയും അത് നദികളായിത്തീര്‍ന്ന് അറേബ്യയിലും പ്രാന്തപ്രദേശങ്ങളിലുമുള്ളവര്‍ക്ക് ദൈവിക ദര്‍ശനത്തിന്റെ തീര്‍ത്ഥമായിത്തീരുകയും ചെയ്തത് ക്വുര്‍ആന്‍ ഉപയോഗിച്ചുള്ള ജിഹാദ് കൊണ്ടായിരുന്നു. എത്രയെത്ര ശിലാഹൃദയരെയാണ് ക്വുര്‍ആന്‍ നിര്‍മലമാനസന്‍മാരാക്കിത്തീര്‍ത്തത്! പ്രവാചകശിഷ്യരില്‍ പ്രമുഖനായിത്തീര്‍ന്ന ഉമറുബ്‌നുല്‍ ഖത്ത്വാബിന്റെ പരിവര്‍ത്തന ചരിത്രം ഉദാഹരണമാണ്.
നബിയോടുള്ള ശത്രുത കാരണം അദ്ദേഹത്തെ വധിച്ചുകളയാനായി വാളുമേന്തി പുറപ്പെട്ട ഉമറാണ് (റ) സഹോദരിയുടെ ക്വുർആൻ പാരായണം കേട്ട് അതിൽ ആകൃഷ്ടനായി നബിയുടെ (സ) ശക്തനായ അനുയായിയായിത്ത്തീർന്നത്.
ക്വുര്‍ആന്‍ വചനങ്ങളുടെ വശ്യതയില്‍ പെട്ട് പ്രവാചകവിരോധികളായ മക്കാമുശ്‌രിക്കുകള്‍ പോലും അതിന്റെ കല്‍പന സ്വീകരിക്കുന്ന സ്ഥിതിക്ക് മക്കാരാജ്യം സാക്ഷിയായിട്ടുണ്ട്. നബില ക്വുര്‍ആനിലെ 53ാം അധ്യായമായ സൂറത്തുന്നജ്മ് പാരായണം ചെയ്തപ്പോള്‍ സ്രഷ്ടാവിന് സാഷ്ടാംഗം നമിക്കുവാനുള്ള അതിലെ കല്‍പനക്ക് വിധേയമായി അദ്ദേഹവും അനുചരന്‍മാരും സാഷ്ടാംഗം ചെയ്തപ്പോള്‍ അതോടൊപ്പം പാരായണം കേട്ടുനിന്ന മുശ്‌രിക്കുകയും സാഷ്ടാംഗം ചെയ്തതായി പ്രബലമായ ഹദീഥുകളില്‍ കാണാതാവും.
പരിശുദ്ധ ക്വുര്‍ആനിന് ജനഹൃദയങ്ങളില്‍ മാറ്റമുണ്ടാക്കുവാനുള്ള അപാരമായ ശേഷിയുണ്ടെന്ന് മക്കാമുശ്‌രിക്കുകള്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ടു തന്നെ തങ്ങളുടെ ഭാര്യമാരും മക്കളുമൊന്നും ക്വുര്‍ആന്‍ പാരായണം കേള്‍ക്കരുതെന്ന് അവര്‍ ആഗ്രഹിക്കുകയും അതിന്നായുള്ള കരുതല്‍ നടപടികളെടുക്കുകയും ചെയ്തു. സത്യസന്ധരും സദ്‌വൃത്തരുമായ മുസ്‌ലിംകള്‍ മക്കയില്‍ തന്നെയുണ്ടാകണമെന്നാണ്, അവരെ പീഡിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ പോലും മക്കാമുശ്‌രിക്കുകള്‍ ആഗ്രഹിച്ചതെങ്കിലും അവരുടെ ക്വുര്‍ആന്‍ പാരായണം ജനഹൃദയങ്ങളെ മാറ്റിമറിക്കുമെന്ന് അവര്‍ ഭയപ്പെട്ടു. മുസ്‌ലിംകള്‍ക്ക് സംരക്ഷണം നല്‍കിയവരോട് അവര്‍ ഉറക്കെ ക്വുര്‍ആന്‍ പാരായണം ചെയ്യരുതെന്നും അതുകേട്ട് തങ്ങളുടെ നാട്ടുകാരും കുടുംബക്കാരും അതിന്റെ ആശയങ്ങളിലേക്ക് ആകൃഷ്ടരാകാന്‍ ഇടയാകരുതെന്നും അവര്‍ നിബന്ധനവെക്കുവാന്‍ കാരണമതായിരുന്നു

ക്വുര്‍ആനിന്റെ സ്വാധീനവലയത്തില്‍ പെടാത്തവരായി മക്കയില്‍ ആരും തന്നെയുണ്ടായിരുന്നില്ല. തങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സൗകര്യങ്ങള്‍ ഇല്ലാതെയാവുകയും സ്ഥാനമാനങ്ങള്‍ നഷ്ടപ്പെടുകയും ചെയ്യുമോയെന്ന ഭയമായിരുന്നു സത്യമതം സ്വീകരിക്കുന്നതില്‍ നിന്ന് അവരെ തടഞ്ഞു നിര്‍ത്തിയത്. ഖുറൈശി നേതാവും കവിയും സാഹിത്യകാരനുമായിരുന്ന വലീദുബ്‌നു മുഗീറ തന്നെ ഉദാഹരണം. ക്വുര്‍ആനില്‍ ആകൃഷ്ടനായ അദ്ദേഹം, പക്ഷേ, തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സ്ഥാനമാനങ്ങള്‍ നഷ്ടപ്പെടുമോയെന്ന ഭയം കാരണം അതിനെ നിഷേധിക്കുവാനും തള്ളിപ്പറയുവാനും ധൃഷ്ടനായി. സൂറത്തുല്‍ മുദ്ദഥിറിലെ പതിനൊന്ന് മുതല്‍ മുപ്പതു വരെയുള്ള വചനങ്ങളുടെ അവതരണ പശ്ചാത്തലത്തെക്കുറിച്ച് വിവരിക്കുന്ന വ്യാഖ്യാതാക്കള്‍ ഈ സംഭവം ഉദ്ധരിക്കുന്നുണ്ട്. അതിന്റെ സംക്ഷിപ്തം ഇങ്ങനെയാണ്: ഖുറൈശികള്‍ക്കിടയിലെ ബനൂമഖ്‌സൂം ഗോത്രത്തിലെ ധനാഢ്യനും നേതാവും സാഹിത്യകാരനുമായിരുന്ന വലീദുബ്‌നു മുഗീറ ‘ഖുറൈശികളുടെ സുഗന്ധച്ചെടി’ (റൈഹാനത്തു ഖുറൈശ്) എന്ന പേരില്‍ പ്രസിദ്ധനായിരുന്നു. അദ്ദേഹം ഒരിക്കല്‍ മുഹമ്മദ് നബിയെ സമീപിച്ചു. പ്രവാചകന്‍ല വലീദിന് ക്വുര്‍ആനിലെ 41ാം അധ്യായമായ ‘ഹാമിം സജദഃ’ പാരായണം ചെയ്തു കേള്‍പിച്ചു. ക്വുര്‍ആന്‍ വചനങ്ങളില്‍ ആകൃഷ്ടനായ അദ്ദേഹം അതിനെ പുകഴ്ത്തിക്കൊണ്ടുള്ള പ്രസ്താവന നടത്തി. ഈ വിവരമറിഞ്ഞ, നബിലയുടെ കഠിന ശത്രുവായിരുന്ന അബൂജഹല്‍ അദ്ദേഹത്തെ പരിഹസിക്കുകയും മുഹമ്മദ് നബി(സ)യെയും ക്വുര്‍ആനിനെയും വിമര്‍ശിച്ചു പറഞ്ഞിട്ടില്ലെങ്കില്‍ ജനങ്ങളെല്ലാം അദ്ദേഹത്തിന് എതിരാകുമെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അവനെപ്പറ്റി ഞാനെന്തു പറയാനാണ്? അല്ലാഹുവാണ! എന്നെക്കാള്‍ കവിതയും പദ്യവും പാട്ടും ജിന്നുകളുടെ കാവ്യവുമറിയുന്നവരായി നിങ്ങളില്‍ ഒരാളും തന്നെയില്ല. അല്ലാഹുവാണ! അവന്‍ പറയുന്ന വചനത്തിനൊരു മാധുര്യമുണ്ട്. അതിനു താഴെയുള്ളതെല്ലാം അതു ചവിട്ടിത്താഴ്ത്തുക തന്നെ ചെയ്യും. അത് ഉന്നതമായിത്തീരും. അതിനുപരിയായി ഒന്നും നിലകൊള്ളുകയില്ല’. മുഹമ്മദ് നബി(സ)യെയും ക്വുര്‍ആനിനെയും നിന്ദിച്ചുകൊണ്ട് എന്തെങ്കിലും പറയണമെന്ന അബൂജഹ്‌ലിന്റെ നിര്‍ബന്ധത്തിന് വഴങ്ങി അവസാനം ‘ക്വുര്‍ആന്‍ ഒരു മാരണമാണെന്ന്’ പറഞ്ഞ് രക്ഷപ്പെടുകയാണ് വലീദ് ചെയ്തത്.
ക്വുര്‍ആനിന്റെ വശ്യതയിലും ആശയ ഗാംഭീര്യത്തിലും ആകൃഷ്ടരായി ഇസ്‌ലാമില്‍ എത്തിച്ചേര്‍ന്ന നിരവധിപേരെക്കുറിച്ച് ചരിത്രം നമുക്ക് പറഞ്ഞുതരുന്നുണ്ട്. ക്വുര്‍ആനിന് മറുപടിയെഴുതാന്‍ വേണ്ടിയുള്ള ശ്രമത്തിനിടയില്‍ ഒരു മുസ്‌ലിം ബാലന്‍ സൂറത്തുല്‍ ഹൂദിലെ 44-ാമത്തെ വചനം പാരായണം ചെയ്യുന്നത് കേട്ട് മനഃപരിവര്‍ത്തനമുണ്ടാവുകയും ”അല്ലാഹുവാണെ! ക്വുര്‍ആനിന് മറുപടിയെഴുതുക അസാധ്യമാണെന്നും അത് മനുഷ്യവചനമല്ലെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു”വെന്ന് പ്രഖ്യാപിക്കുകയും ചെയ്ത ജാഹിലിയ്യാകാലത്തെ അറിയപ്പെടുന്ന എഴുത്തുകാരനായിരുന്ന അബ്ദുല്ലാഹിബ്‌നു മുഖാഫ്; പ്രവാചകനില്‍നിന്ന് സൂറതുത്ത്വൂറിലെ ഏഴ്, എട്ട് വചനങ്ങള്‍ ശ്രവിച്ച് മനഃപരിവര്‍ത്തനമുണ്ടായി ഇസ്‌ലാമിലെത്തിയ ജുബൈറുബ്‌നു മുത്അം; മദീനയില്‍ പ്രവാചക പ്രതിനിധിയായെത്തിയ മുസ്അബുബ്‌നു ഉമൈറിനോട് യഥ്‌രിബുകാരായ മൃദുലഹൃദയരെ വഴിതെറ്റിക്കുന്നവിധത്തില്‍ ക്വുര്‍ആന്‍ പാരായണം ചെയ്യരുതെന്ന് ആവശ്യപ്പെട്ടെത്തിയപ്പോള്‍ മുസ്അബിന്റെ അഭ്യര്‍ഥനയെ മാനിച്ച്
അല്‍പനേരം ക്വുര്‍ആന്‍ പാരായണം ശ്രവിച്ചതോടെ അതില്‍ ആകൃഷ്ടനായി ഇസ്‌ലാം സ്വീകരിച്ച ഉസൈദുബ്‌നു ഹുദൈര്‍; ഉസൈദിന്റെ നിര്‍ദേശപ്രകാരം മുസ്അബില്‍നിന്ന് ക്വുര്‍ആന്‍ ശ്രവിച്ചതോടെ അതിന്റെ അനുയായിയായിത്തീര്‍ന്ന ഔസ് ഗോത്രനേതാവ് സഅദ്ബ്‌നു മുആദ്… ഇങ്ങനെ ക്വുര്‍ആന്‍ പാരായണം കേട്ടതുകൊണ്ടുമാത്രം ഇസ്‌ലാമിലെത്തിച്ചേര്‍ന്ന നിരവധിയാളുകളെക്കുറിച്ച് ചരിത്രം നമുക്ക് പറഞ്ഞുതരുന്നുണ്ട്. മുസ്അബുബ്‌നു ഉമൈറിന്റെ േക്വുര്‍ആന്‍ പാരായണം വഴിയാണ്, വാളുകൊണ്ടല്ല മദീനയെ ഇസ്‌ലാം കീഴടക്കിയതെന്ന വസ്തുത ചരിത്രകാരന്‍മാരെല്ലാം അംഗീകരിക്കുന്നതാണ് .

പ്രവാചകന്റെ കാലത്ത് മാത്രമല്ല, അതിന് ശേഷം ഇന്നുവരെയും ക്വുര്‍ആന്‍ ജനമനസ്സുകളില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റ് വിതയ്ക്കുകയെന്ന ദൗത്യം നിര്‍വഹിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. ആംഗ്ലിക്കന്‍ പാതിരിയുടെ മകനായി ജനിച്ച് ക്വുര്‍ആന്‍ പഠനത്തിലൂടെ ഇസ്‌ലാമിലെത്തിച്ചേരുകയും പിന്നീട് പ്രസിദ്ധമായ ഇംഗ്ലീഷ് ക്വുര്‍ആന്‍ വിവര്‍ത്തനം രചിക്കുകയും ചെയ്ത ബ്രിട്ടീഷ് നോവലിസ്റ്റ് മുഹമ്മദ് മാര്‍മഡ്യൂക് പിക്താള്‍; യഹൂദ റബ്ബിമാരുടെ പാരമ്പര്യമുള്‍ക്കൊള്ളുന്ന കുടുംബത്തില്‍ ജനിക്കുകയും ക്വുര്‍ആന്‍ പഠനത്തിലൂടെ ഇസ്‌ലാമിലെത്തിച്ചേര്‍ന്ന് മുഹമ്മദ് അസദ് എന്ന പേര് സ്വീകരിക്കുകയും സ്വന്തമായി ഇംഗ്ലീഷിലുള്ള ക്വുര്‍ആന്‍ വിവരണം രചിക്കുകയും ചെയ്ത ഓസ്ട്രിയന്‍ സഞ്ചാരിയും യഹൂദ പണ്ഡിതനുമായിരുന്നു ലിയോ പോള്‍ഡ് വെയ്സ്സ്. ക്വുര്‍ആനിന്റെ വെളിച്ചത്തിലൂടെ ഇസ്‌ലാമില്‍ എത്തുകയും അങ്ങനെ ക്വുര്‍ആനിന്റെ വെളിച്ചം ലോകത്തിന് എത്തിച്ചുകൊടുക്കുവാന്‍ മുന്നില്‍ നടക്കുകയും ചെയ്ത രണ്ട് മഹാരഥന്‍മാര്‍-പാശ്ചാത്യന്‍ സംഗീത ലോകത്തിന്റെ ഉന്നത വിതാനത്തില്‍ വിരാജിക്കവെ ക്വുര്‍ആനിന്റെ സന്ദേശം മനസ്സിലാക്കുവാന്‍ അവസരമുണ്ടാവുകയും യൂസുഫ് ഇസ്‌ലാം എന്ന പേര് സ്വീകരിച്ച് ഇസ്‌ലാമിക പ്രബോധന രംഗത്തേക്ക് കടന്നുവരികയും ചെയ്ത കാറ്റ് സ്റ്റീവന്‍സ്; പന്ത്രണ്ടാം വയസ്സില്‍ അഭിനയരംഗത്തെത്തുകയും നിരവധി ഹോളിവുഡ് സിനിമകളില്‍ അഭിനയിക്കുകയും
തന്റെ അഭിനയ ജീവിതത്തിനിടയ്ക്ക് ക്വുര്‍ആനിനെ പരിചയപ്പെട്ട് അതിന്റെ പഠനത്തിലൂടെ ഇസ്‌ലാമിലെത്തുകയും ഇപ്പോള്‍ മറിയം ഫ്രാന്‍കോയിസ് എന്ന പേര് സ്വീകരിച്ച് ക്വുര്‍ആനിന്റെ ആശയ പ്രചാരണത്തിനായി പരിശ്രമിക്കുകയും ചെയ്യുന്ന എമിനി ഫ്രാന്‍കോയ്‌സ് സിര്‍റ; ബൈബിള്‍ പഠനത്തിനിടയില്‍ അവിചാരിതമായി ക്വുര്‍ആന്‍ പരിഭാഷ വായിക്കുവാന്‍ അവസരമുണ്ടാവുകയും അത് ക്വുര്‍ആനിന്റെ പ്രചാരകനാക്കിത്തീര്‍ക്കുന്നതിലേക്ക് നയിക്കുകയും ചെയ്ത ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തകന്‍ ജോഷുവ ഇവാന്‍സ്, സ്വിറ്റ്‌സര്‍ലാന്റില്‍ മുസ്‌ലിംകള്‍ക്ക് പള്ളി നിര്‍മിക്കുവാന്‍ അവസരം നല്‍കരുതെന്ന് വാദിക്കുകയും അതിനായി ജനഹിതമുണ്ടാക്കിയെടുക്കാന്‍ പരിശ്രമിക്കുകയും ചെയ്ത സ്വിസ് പീപ്പിള്‍സ് പാര്‍ട്ടിയുടെ മുന്നില്‍നിന്ന് പ്രവര്‍ത്തിക്കുന്നതിനിടെ ക്വുര്‍ആനികാശയങ്ങളെപ്പറ്റി പഠിക്കുവാന്‍ അവസരമുണ്ടാകുകയും ഇസ്‌ലാം സ്വീകരിക്കുന്നതിലേക്ക് അത് നയിക്കുകയും ചെയ്ത ഡാനിയല്‍ സ്ട്രീക്ക്-അന്ധകാര നിബിഡമായ മനസ്സുകളില്‍ ക്വുര്‍ആന്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മാറ്റത്തിന് പാശ്ചാത്യനാടുകളില്‍ നിന്നും ഇന്നും ജീവിച്ചിരിക്കുന്ന ഉദാഹരണങ്ങളാണിവ.
നാടോടികളും അധര്‍മങ്ങളില്‍ നിമഗ്‌നരുമായിരുന്ന അറബികളെ ലോകത്തിന് വഴി കാണിക്കുവാന്‍ പര്യാപ്തരാക്കുകയെന്ന അത്ഭുതമാണ് ക്വുര്‍ആന്‍ ഉപയോഗിച്ചുകൊണ്ടുള്ള ജിഹാദ് വഴി പ്രവാചകന്‍(സ) സൃഷ്ടിച്ചത്. അന്ധവിശ്വാസങ്ങളില്‍നിന്നും അനാചാരങ്ങളില്‍നിന്നും ആധുനികത സൃഷ്ടിക്കുന്ന പുതിയ അടിമത്തങ്ങളില്‍നിന്നും മനുഷ്യരെ രക്ഷപ്പെടുത്തുകയും വിമലീകൃതമായ വിശുദ്ധ ജീവിതംവഴി കുടുംബത്തിലും സമൂഹത്തിലുമെല്ലാം പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കുവാന്‍ കഴിയുന്നവരാക്കി അവരെ മാറ്റിയെടുക്കുകയും ചെയ്തുകൊണ്ട് ക്വുര്‍ആനിന്റെ ജിഹാദ് ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ആയുധങ്ങളല്ല ക്വുര്‍ആനികാശയങ്ങളാണ് അന്നും ഇന്നും ജനഹൃദയങ്ങളെ മാറ്റുവാനുള്ള നിമിത്തങ്ങളായിത്തീരുന്നത്. ജനഹൃദയങ്ങളെ മാറ്റിമറിക്കുവാനാകുന്ന ക്വുര്‍ആന്‍കൊണ്ടുള്ള ജിഹാദാണ് ഏറ്റവും വലിയ ജിഹാദ് എന്നാണല്ലോ ക്വുര്‍ആന്‍തന്നെ പരിചയപ്പെടുത്തുന്നത്.

print