ഭീകരവാദികളുടെ കലാപങ്ങൾ ഇസ്‌ലാമികമോ?

/ഭീകരവാദികളുടെ കലാപങ്ങൾ ഇസ്‌ലാമികമോ?
/ഭീകരവാദികളുടെ കലാപങ്ങൾ ഇസ്‌ലാമികമോ?

ഭീകരവാദികളുടെ കലാപങ്ങൾ ഇസ്‌ലാമികമോ?

ഇസ്‌ലാമിക സമൂഹത്തിന്റെ നേതൃത്വത്തിന്റെ നിര്‍ദേശാനുസരണം കൃത്യവും നിയതവുമായ സൈനിക സന്നാഹങ്ങളോടെ നടക്കുന്നതാണ് ക്വുര്‍ആനും നബിവചനങ്ങളും നിഷ്‌കര്‍ഷിക്കുന്ന യുദ്ധം. രഹസ്യ കേന്ദ്രങ്ങളിലിരുന്ന് ആരെങ്കിലും ആഹ്വാനം ചെയ്യുകയും നിയതമായ ക്രമങ്ങളൊന്നുമില്ലാതെ നടപ്പാക്കപ്പെടുകയും ചെയ്യുന്ന കലാപമല്ല അത്. യുദ്ധം നിര്‍ബന്ധമാണെന്നും അതില്‍ പങ്കെടുത്താല്‍ വമ്പിച്ച പ്രതിഫലമുണ്ടെന്നും രക്തസാക്ഷികള്‍ക്ക് പാപമോചനവും സ്വര്‍ഗപ്രവേശവും ഉറപ്പാണെന്നുമെല്ലാം പഠിപ്പിക്കുന്ന ഇസ്‌ലാമിക പ്രമാണങ്ങള്‍ തന്നെ ആര്, എപ്പോള്‍, എങ്ങനെ യുദ്ധം ചെയ്യണമെന്നും കൂടി വ്യക്തമാക്കിയിട്ടുണ്ട്. നേതൃത്വത്തിന്റെ കീഴിലല്ലാതെയുള്ള സായുധ സമരങ്ങളൊന്നും തന്നെ പ്രവാചകൻ (സ)അനുവദിച്ചതായി കാണാന്‍ കഴിയില്ല. ‘നിങ്ങള്‍ ആയുധമണിയാന്‍വേണ്ടി കല്‍പിക്കപ്പെട്ടാല്‍ അതിന്നായി മുന്നിട്ടിറങ്ങുക'(1)യെന്ന പ്രവാചക നിര്‍ദേശം വ്യക്തമാക്കുന്നത് നേതൃത്വത്തിന്റെ കല്‍പനയനുസരിക്കുകയാണ് പൗരന്‍മാര്‍ ചെയ്യേണ്ടതെന്നാണ്. പൗരന്‍മാര്‍ക്ക് കല്‍പന നല്‍കുവാന്‍ അധികാരമുള്ള നേതൃത്വമാണ് അവരോട് ആയുധമണിയുവാന്‍ പറയേണ്ടതെന്നും അങ്ങനെയുള്ള നേതൃത്വത്തിന്റെ നിര്‍ദേശമുണ്ടായാല്‍ ആയുധമണിയേണ്ടത് പൗരന്‍മാരുടെ ബാധ്യതയാണെന്നും ഇത് വ്യക്തമാക്കുന്നു. ഏതെങ്കിലുമൊരു ഭൂഭാഗത്ത് തങ്ങളുദ്ദേശിക്കുന്ന നിയമങ്ങള്‍ നടപ്പാക്കുവാനുള്ള അധികാരമോ തങ്ങളുടെ അനുയായികളുടെ പോലും മേല്‍ ശിക്ഷാവിധികള്‍ നടത്താനുള്ള നിയതമായ അവകാശമോ ഇല്ലാത്ത, സ്വന്തമായ മേല്‍വിലാസം പോലും രഹസ്യമായി വെക്കാന്‍ വിധിക്കപ്പെട്ട നേതൃത്വത്തിന് കീഴില്‍ നടക്കുന്ന കലാപമല്ല, പൗരന്‍മാരുെട മേല്‍ അവകാശവും അധികാരവുമുള്ള നേതൃത്വത്തിന് കീഴില്‍ നടക്കുന്ന, നിയമങ്ങള്‍ അനുസരിച്ചുകൊണ്ട് നടത്തുന്ന സായുധ സമരമാണ് ഇസ്‌ലാം അനുവദിക്കുകയും മഹത്ത്വവല്‍ക്കരിക്കുകയും ചെയ്തിട്ടുള്ളത്. നിയതമായ നേതൃത്വത്തിന് കീഴിലാണ് ഇസ്‌ലാം അനുവദിച്ച യുദ്ധമെന്ന് പ്രവാചകൻ (സ) വ്യക്തമാക്കിയിട്ടുണ്ട്.

”അബൂഹുറയ്‌റയില്‍നിന്ന്: നബി (സ) പറഞ്ഞു: ഇമാം ഒരു പരിച മാത്രമാകുന്നു. അദ്ദേഹത്തിന്റെ പിന്നില്‍നിന്ന് യുദ്ധം ചെയ്യപ്പെടുകയും അദ്ദേഹത്തെക്കൊണ്ട് സംരക്ഷിക്കപ്പെടുകയും ചെയ്യും. ഇനി, അദ്ദേഹം അല്ലാഹുവെ സൂക്ഷിക്കാന്‍ കല്‍പിക്കുകയും നീതിപൂര്‍വ്വം വര്‍ത്തിക്കുകയും ചെയ്താല്‍ അതിന് അദ്ദേഹത്തിന് പ്രതിഫലമുണ്ട്. ഇനി മറ്റ് വല്ലതിനുമാണ് അദ്ദേഹം കല്‍പിക്കുന്നതെങ്കില്‍ അതിന്റെ കുറ്റം അയാള്‍ക്കുണ്ട്.”(2)

”അബൂഹുറയ്‌റയില്‍നിന്ന്: അല്ലാഹുവിന്റെ ദൂതന്‍ പ്രസ്താവിക്കുന്നത് ഞാന്‍ കേട്ടു: ‘നാം (ഇഹലോകത്തെ) അവസാനത്തെ ആളുകളും (പരലോകത്തെ) മുന്‍ഗാമികളുമായിരിക്കും. എന്നെ അനുസരിച്ചവന്‍ തീര്‍ച്ചയായും അല്ലാഹുവെ അനുസരിച്ചു. എന്നെ ധിക്കരിച്ചവന്‍ തീര്‍ച്ചയായും അല്ലാഹുവെ ധിക്കരിച്ചു. (സേനാ)നായകനെ അനുസരിച്ചവന്‍ തീര്‍ച്ചയായും എന്നെ അനുസരിച്ചു. സേനാനായകനെ ധിക്കരിച്ചവന്‍ തീര്‍ച്ചയായും എന്നെ ധിക്കരിച്ചു. നേതാവ് പരിചയാണ്. അദ്ദേഹത്തിന്റെ പിന്നില്‍ നിന്നാണ് യുദ്ധം ചെയ്യപ്പെടുന്നത്. അദ്ദേഹത്തിലൂടെയാണ് ശത്രുവില്‍നിന്ന് സുരക്ഷ നേടുന്നത്. അദ്ദേഹം അല്ലാഹുവോട് ഭക്തിപുലര്‍ത്താന്‍ കല്‍പിക്കുകയും നീതി പുലര്‍ത്തുകയുമാണെങ്കില്‍ തീര്‍ച്ചയായും അയാള്‍ക്ക് അതുവഴി പ്രതിഫലം ലഭിക്കും. അതല്ലാത്തതാണ് അയാള്‍ പറയുന്നതെങ്കില്‍ അയാള്‍ക്കായിരിക്കും അതിന്റെ പാപം.”(3)

അബുഹുറയ്റ(റ)ല്‍നിന്ന്: മഅ്കൂല്‍് (റ) നിവേദനം ചെയ്യുന്നു: അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: ‘നല്ലയാളാണെങ്കിലും ചീത്തയാളാണെങ്കിലും ഭരണാധികാരിയോടൊപ്പം ജിഹാദ് ചെയ്യല്‍ നിങ്ങളുടെ ബാധ്യതയാണ്’.(4)

യുദ്ധത്തിന് ആഹ്വാനം ചെയ്യുകയും നേതൃത്വം വഹിക്കുകയും ചെയ്യേണ്ടത് മുസ്‌ലിം ഭരണാധികാരിയാണെന്ന് ക്വുര്‍ആനിന്റെയും നബിവചനങ്ങളുടെയും വെളിച്ചത്തില്‍ മതവിധികള്‍ നല്‍കിയ പൗരാണികരും ആധുനികരുമായ പണ്ഡിതന്മാരെല്ലാം വ്യക്തമാക്കിയിട്ടുള്ളതാണ്. ഹിജ്‌റ ആറാം നൂറ്റാണ്ടില്‍ ജീവിച്ച ഇമാം മവഫ്ഫവദ്ദീന്‍ ഇബ്‌നു ഖുദാമ (റഹ്) നല്‍കിയ ഫത്‌വ നോക്കുക: ‘ഭരണാധികാരിയുടെ കൈകളാലും ഗവേഷണത്തിന്റെ (ഇജ്തിഹാദ്) അടിസ്ഥാനത്തിലുമാണ് ജിഹാദ് നടക്കേണ്ടത്. അത് എപ്പോഴാണ് നടക്കേണ്ടതെന്ന് ഭരണാധികാരി തീരുമാനിച്ചാല്‍ ജനങ്ങള്‍ അദ്ദേഹത്തെ അനുസരിക്കേണ്ടതാണ്’.(5)

ഹനഫീ പണ്ഡിതനായ ഇമാം സഫര്‍ അഹ്മദ് ഉഥ്മാനി (ഹിജ്‌റ 1310-1394) പറയുന്നത് ഇങ്ങനെയാണ്: ‘മഅ്കൂലിന്റെ ഹദീഥില്‍നിന്ന് ഭരണാധികാരിയോടൊപ്പം ജിഹാദ് ചെയ്യല്‍ നിര്‍ബന്ധമാണെന്ന് വ്യക്തമാകുന്നുണ്ട്; അബൂബക്കര്‍്(റ) തന്റെ പിന്‍ഗാമിയായി ഉമറിനെ (റ) നിശ്ചയിച്ചതുപോലെ മുന്‍ ഭരണാധികാരിയാല്‍ നാമനിര്‍ദേശം ചെയ്യപ്പെടുന്ന ഭരണാധികാരിയാണെങ്കിലും പണ്ഡിതന്മാരും സമൂഹത്തിലെ വേണ്ടപ്പെട്ടവരും കൂടിയാലോചിച്ച് തീരുമാനമെടുക്കപ്പെടുന്ന ഭരണാധികാരിയാണെങ്കിലും അയാളോടൊപ്പം പ്രജകള്‍ ജിഹാദ് ചെയ്യേണ്ടതാണ്… അതിര്‍ത്തികള്‍ സംരക്ഷിക്കുവാനോ ജനങ്ങളുടെ അഭിമാനം സംരക്ഷിക്കുവാനോ രാഷ്ട്രീധികാരം ഉപയോഗിച്ച് സൈന്യത്തെ സംഘടിപ്പിക്കുവാനോ അധികാരവും ശക്തിയും ഉപയോഗിച്ച് മര്‍ദിതകര്‍ക്ക് നീതി നേടിക്കൊടുക്കുവാനോ കഴിയാത്ത ഒരാളെ പണ്ഡിതന്‍മാരും സമൂഹത്തിലെ വേണ്ടപ്പെട്ടവരും കൂടി നേതാവായി നിശ്ചയിച്ചാലും അയാള്‍ ഭരണാധികാരിയെന്നോ (അമീര്‍) നേതാവെന്നോ (ഇമാം) വിളിക്കപ്പെടാന്‍ അര്‍ഹനല്ലെന്നാണ് എന്റെ അഭിപ്രായം. ഭരണാധികാരത്തിന്റെയും നേതൃത്വത്തിന്റെയും അടിസ്ഥാനം അധികാരത്തിലും അവകാശത്തിലുമാണ് എന്നതിനാലും നേതാവെന്ന് വിളിക്കപ്പെടുന്നതുകൊണ്ടുമാത്രം അവ ൈകവരുകയില്ല എന്നതുകൊണ്ടുമാണ് ഇത്. അത്തരം ഒരാള്‍ക്ക് അനുസരണ പ്രതിജ്ഞ ചെയ്യുവാനോ അയാളെ അനുസരിക്കുവാനോ ജനങ്ങള്‍ ബാധ്യസ്ഥരല്ല. അയാളോടൊപ്പം ചേര്‍ന്ന് ജിഹാദ് ചെയ്യുവാനും പാടില്ല’.(6)

ഇന്ത്യന്‍ പണ്ഡിതനായ ഇമാം ഹമീദുദ്ദീന്‍ ഫറാഹിയുടെ (ക്രി. 1862-1930) വീക്ഷണമാണിത്: ‘സ്വതന്ത്രമായ ഒരു നാട്ടിലേക്ക് പലായനം ചെയ്യാതെ, സ്വന്തം നാട്ടില്‍വെച്ച് ജിഹാദ് ചെയ്യാന്‍ പാടുള്ളതല്ല. ഇബ്‌റാഹീം നബി (സ)യുടെ ചരിത്രവും പലായനത്തെക്കുറിച്ച വചനങ്ങളും ഇതാണ് വ്യക്തമാക്കുന്നത്. പ്രവാചകൻ(സ)ന്റെ ജീവിതവും ഇതിനെയാണ് ബലപ്പെടുത്തുന്നത്. രാഷ്ട്രീയമായ അധികാരമില്ലാത്ത ഒരാളാണ് ജിഹാദ് നടത്തുന്നതെങ്കില്‍ അതുവഴി വ്യാപകമായ കുഴപ്പങ്ങളും അരാജകത്വവുമാണ് ഉണ്ടാകുകയെന്നതിനാലാണിത്’.(7)

പൗരാണിക പണ്ഡിതന്മാരുടെ വീക്ഷണങ്ങളെ പരാമര്‍ശിച്ചശേഷം ആധുനിക കര്‍മശാസ്ത്ര ഗ്രന്ഥകാരനായ സയ്യിദ് സാബിഖ് (ക്രി.1915-2000) ഈ വിഷയതതെ ക്രോഡീകരിക്കുന്നത് ഇങ്ങനെയാണ്: ‘സാമൂഹിക ബാധ്യതകളില്‍ (ഫര്‍ദ് കിഫാഇ) ഭരണാധികാരിക്ക് നിര്‍ബന്ധമായ കാര്യങ്ങളുടെ ഉദാഹരണങ്ങളാണ് ജിഹാദും ശിക്ഷാവിധികളുടെ നിര്‍വഹണവും’.(8)

ആധുനിക പണ്ഡിതന്‍മാരില്‍ അഗ്രേസരനായ ശൈഖ് മുഹമ്മദ് ബിന്‍ സാലിഹ്ബ്‌നുല്‍ ഉഥൈമിന്‍ (ക്രി. 1925-2001) എഴുതുന്നു: ‘ഏത് അവസരത്തിലാണെങ്കിലും ഭരണാധികാരിയുടെ നിര്‍ദേശമില്ലാതെ സൈന്യത്തിന് യുദ്ധത്തിന് പോകാന്‍ പാടുള്ളതല്ല. വ്യക്തികളല്ല, ഭരണാധികാരികളാണ് യുദ്ധം ചെയ്യുവാനും ജിഹാദിന് പുറപ്പെടുവാനും കല്‍പിക്കപ്പെട്ടിട്ടുള്ളത് എന്നതുകൊണ്ടാണിത്. തീരുമാനത്തിന് അധികാരമുള്ളവരെ അനുധാവനം ചെയ്യുകയാണ് വ്യക്തികളുടെ ഉത്തരവാദിത്തം. ഇമാമിന്റെ അനുവാദമില്ലാതെ ഒരാളും യുദ്ധത്തിന് ഇറങ്ങിപ്പുറപ്പെടാന്‍ പാടുള്ളതല്ല; പ്രതിരോധം ആവശ്യമുള്ളപ്പോഴല്ലാതെ. ശത്രുക്കള്‍ പൊടുന്നനെ ജനങ്ങെള അക്രമിക്കുകയും, അവര്‍ അത്തരം തിന്മകള്‍ ഭയപ്പെടുകയും ചെയ്യുന്നുവെങ്കില്‍, അവര്‍ക്ക് സ്വയം പ്രതിരോധിക്കാവുന്നതാണ്. അത്തരം അവസരങ്ങളില്‍ പ്രതിരോധത്തിന് വേണ്ടിയുള്ള പോരാട്ടം ഒരു വൈയക്തിക ബാധ്യതയായിത്തീരും എന്നതുകൊണ്ടാണിത്.’

ഭരണാധികാരികളുടെ ഉത്തരവാദിത്തമാണ് ജിഹാദ് സംബന്ധിയായ കാര്യങ്ങള്‍ എന്നതിനാലാണ് വ്യക്തികള്‍ക്ക് യുദ്ധം അനുവദനീയമല്ലാതിരിക്കുന്നതിന്റെ ഒന്നാമത്തെ കാരണം. ഭരണാധികാരിയുടെ അനുവാദമില്ലാതെ യുദ്ധത്തിന് പുറപ്പെടല്‍ അയാളുടെ അവകാശങ്ങളെ ലംഘിക്കുകയും പരിധി വിടലുമായിത്തീരുന്നു. ഭരണാധികാരിയുടെ സമ്മതമില്ലാതെ യുദ്ധംചെയ്യാന്‍ ജനങ്ങളെ അനുവദിച്ചാല്‍ അന് വ്യാപകമായ കുഴപ്പങ്ങളിലേക്കാണ് നയിക്കുക. കുതിരയെ സജ്ജമാക്കുവാനും യുദ്ധം ചെയ്യുവാനും ആഗ്രഹിക്കുന്നവരെയെല്ലാം അതിന് അനുവദിച്ചാല്‍ അതുമൂലമുണ്ടാകാവുന്ന വിപത്തുകള്‍ ചില്ലറയൊന്നുമല്ല. ശത്രുവിനെതിരെയെന്ന വ്യാജേന ഭരണാധികാരിക്കെതിരെ ആയുധമെടുക്കുവാനും മറ്റു ജനസമൂഹങ്ങള്‍ക്കെതിരെ കലാപങ്ങള്‍ അഴിച്ചുവിടുവാനുമായിരിക്കും ചിലര്‍ ശ്രമിക്കുക. ‘സത്യവിശ്വാസികളായ രണ്ട് വിഭാഗം തമ്മില്‍ സംഘട്ടനത്തിലാവുകയാണെങ്കില്‍ അവര്‍ തമ്മില്‍ രഞ്ജിപ്പുണ്ടാക്കുക(ക്വുര്‍ആന്‍ 49:9)യെന്നാണ് അല്ലാഹുവിന്റെ കല്‍പന. ഈ മൂന്ന് കാരണങ്ങളാലും അതല്ലാത്ത മറ്റ് കാര്യങ്ങളാലും ഭരണാധികാരിയുടെ അനുവാദമില്ലാതെ യുദ്ധം ചെയ്യല്‍ അനുവദനീയമല്ല’.

സുഊദി അറേബ്യയിലെ ഉന്നതരായ പണ്ഡിതന്മാരുടെ സഭയായ ‘അല്ലജ്‌നത്തുദ്ദാഇമലില്‍ ബുഹൂഥുല്‍ ഇല്‍മിയ്യ വല്‍ ഇഫ്താഅ്’ ഇവ്വിഷയകമായി നല്‍കിയ ഫത്‌വ ഇങ്ങനെയാണ്: ‘അല്ലാഹുവിന്റെ വചനത്തിന്റെ ഔന്നത്യത്തിനും ഇസ്‌ലാംമതത്തെ സംരക്ഷിക്കുന്നതിനും അത് എത്തിച്ചുകൊടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിനുമുള്ള സൗകര്യമൊരുക്കുന്നതിനും അതിന്റെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനും വേണ്ടി ജിഹാദ് ചെയ്യല്‍ അത് ചെയ്യാന്‍ സാധിക്കുന്നവരുടെയെല്ലാം കടമയാണ്. അതിന്നായുള്ള സംഘത്തെ ഒരുക്കുകയും സംഘടിപ്പിക്കുകയും അയക്കുകയും ചെയ്യുന്നത് കൃത്യതയോടെയും അച്ചടക്കത്തോടെയുമാകാതിരുന്നാല്‍ അത് അരാജകത്വത്തിനും കുഴപ്പങ്ങള്‍ക്കും കാരണമാകുകയും ദൗര്‍ഭാഗ്യകരമായ പരിണിതിയില്‍ ചെന്നെത്തുന്ന അവസ്ഥയുണ്ടാവുകയുമാണ് ചെയ്യുക. അതിനാല്‍ ജിഹാദിന് തുടക്കം കുറിക്കുകയും സജ്ജീകരിക്കുകയും ചെയ്യേണ്ടത് മുസ്‌ലിം ഭരണാധികാരിയുടെ കര്‍ത്തവ്യമാണ്; അതിന് പ്രചോദിപ്പിക്കുകയാണ് പണ്ഡിതധര്‍മം. ഭരണാധികാരി ജിഹാദിനൊരുങ്ങുകയും മുസ്‌ലിംകളെ സംഘടിപ്പിക്കുകയും ചെയ്താല്‍ അയാളുടെ വിളിക്ക് ഉത്തരം നല്‍കേണ്ടത് അതിന് സാധിക്കുന്നവരുടെയെല്ലാം കടമയാണ്. അല്ലാഹുവിനെ കണ്ടുമുട്ടാന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചും സത്യത്തെ സഹായിക്കാനാകുമെന്ന് പ്രതീക്ഷിച്ചും ഇസ്‌ലാമിനെ സംരക്ഷിക്കണമെന്ന് ആഗ്രഹിച്ചും കൊണ്ടാണ് അത് ചെയ്യേണ്ടത്. ജിഹാദിനുവേണ്ടി വിളിക്കപ്പെട്ടാല്‍ കാരണങ്ങളൊന്നുമില്ലാതെ അതില്‍ നിന്നൊഴിഞ്ഞ് നില്‍ക്കുന്നത് കുറ്റകരമാണ്’.(9)

സുഊദി അറേബ്യയുടെ മതകാര്യവകുപ്പ് മന്ത്രിയും പ്രഗത്ഭ പണ്ഡിതനുമായ ശൈഖ് സ്വാലിഹ് ആലുശൈഖും ഇക്കാര്യം അസന്ദിഗ്ധമായി തുറന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ‘മുസ്‌ലിം ഭരണാധികാരികള്‍ക്ക് മാത്രമെ ജിഹാദിനുവേണ്ടി ആഹ്വാനം ചെയ്യാന്‍ അവകാശമുള്ളൂ; പണ്ഡിതന്‍മാര്‍ക്കോ മറ്റ് ആര്‍ക്കെങ്കിലുമോ അതിനുള്ള അധികാരമില്ല. ഭരണാധികാരികളല്ലാത്തവര്‍ ജിഹാദിന് ആഹ്വാനം ചെയ്താല്‍ അത് വമ്പിച്ച കുഴപ്പങ്ങള്‍ക്കും അരാജകത്വത്തിനുമാണ് നിമിത്തമാവുക. ഭരണാധികാരിയുടെ സമ്മതമില്ലാതെ ആരെങ്കിലും ജിഹാദിന് ആഹ്വാനം ചെയ്താല്‍ അയാള്‍ ഇസ്‌ലാമിക തത്ത്വങ്ങള്‍ക്ക് എതിര് പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. അമുസ്‌ലിംകളുമായി കരാറുകളും സന്ധികളും ഉണ്ടാക്കുക ഭരണാധികാരിയുടെ നിയമപരമായ അധികാര പരിധിയില്‍ വരുന്ന കാര്യങ്ങളാണ്. പ്രമാണങ്ങളും പണ്ഡിതന്മാരുടെ ഏകോപിച്ച അഭിപ്രായങ്ങളും വ്യക്തമാക്കുന്നത്, ഭരണാധികാരികളെ അനുസരിക്കല്‍ നിര്‍ബന്ധവും അവരോട് അനുസരണക്കേട് കാണിക്കുന്നത് ഗുരുതരമായ അപരാധവുമാണ് എന്നാണ്’.(10)

ഭരണാധികാരിയുടെ നേതൃത്വത്തില്‍ മുസ്‌ലിംകള്‍ അച്ചടക്കത്തോടെയും ആത്മാര്‍ഥതയോടെയും നടത്തുന്ന പടയോട്ടമാണ് ജിഹാദായിത്തീരുന്ന യുദ്ധം. ആര്‍ക്കാണ് നേതൃത്വമെന്ന് തിട്ടമില്ലാത്ത കലാപങ്ങളോ രാഷ്ട്രീയവും സാമുദായികവുമായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി നടത്തപ്പെടുന്ന സായുധ സമരങ്ങളോ ജിഹാദിന്റെ ഗണത്തില്‍പെടുത്താനാവുന്നവയാണെന്ന് പ്രമാണങ്ങളൊന്നും പഠിപ്പിക്കുന്നില്ല. ഇസ്‌ലാമിനുവേണ്ടി നടത്തപ്പെടുന്ന യുദ്ധങ്ങളില്‍ മുസ്‌ലിം പടയാളിയുടെ ലക്ഷ്യം അല്ലാഹുവിന്റെ തൃപ്തിയും അവന്‍ തൃപ്തിപ്പെട്ടവര്‍ക്ക് നല്‍കുന്ന സ്വര്‍ഗവും മാത്രമായിരിക്കണം.

  1. സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ ജിഹാദ്; സ്വഹീഹു മുസ്‌ലിം, കിതാബുല്‍ ഹജ്ജ്
  2. സ്വഹീഹു മുസ്‌ലിം, കിതാബുല്‍ ഇമാറ
  3. സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ ജിഹാദ്
  4. സുനനു അബൂദാവൂദ്, കിതാബുല്‍ ജിഹാദ്; ഇത് ദ്വഈഫാണ്. ഇമാം അല്‍ബാനി: സുനനു അബൂദാവൂദ്, ഹദീഥ്: 2532
  5. ഇബ്‌നു ഖുദാമ അല്‍ മഖ്ദസീ: അല്‍ മുഗ്‌നി, അമ്മാന്‍, 2004, കിതാബുല്‍ ജിഹാദ്, വാല്യം 2, പുറം 2275
  6. Zafar Ahmad Uthmani: Ii’la’al-Sunan, 3rd ed., vol. 12, Karachi, 1415 AH, Pages15-16, Quoted by Dr. ShehzadSaleem: “No Jihad without the State”” (http://www.monthly-renaissance.com)
  7. Farahi: Majmu’ah Tafasiri Farahi, 1st ed., Lahore, 1991 Quoted by Al Mawrid: in “No Jihad without the State: View of the Jurists” (http://www.al-mawrid.org)
  8. സയ്യിദ് സാബിഖ്: ഫിഖ്ഹു സ്‌സുന്ന:, ബൈറൂത്, 1980, വാല്യം 3, പുറം 30
  9. ശൈഖ് മുഹമ്മദ് ബിന്‍ സ്വാലിഹ് ബിനുല്‍ ഉഥൈമീന്‍: അശ് ശറഹല്‍ മുംതിഅ്, 8/22 (http://archive.org/details/sharh_Mu-mti3)
  10. ഫതാവാ ലജ്‌നത്തുല്‍ ദാഇമ’(12/12)യില്‍ നിന്ന് ശൈഖ് മുഹമ്മദ് സ്വാലിഹ് അല്‍ മുനജ്ജിദ് ഉദ്ധരിച്ചത് Islam QA (http://islam-qa.info/en/ref/69746/jihad)
print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ