ബഹുഭാര്യത്വം ഭാര്യമാർക്ക് വേദനയുണ്ടാക്കില്ലേ?

/ബഹുഭാര്യത്വം ഭാര്യമാർക്ക് വേദനയുണ്ടാക്കില്ലേ?
/ബഹുഭാര്യത്വം ഭാര്യമാർക്ക് വേദനയുണ്ടാക്കില്ലേ?

ബഹുഭാര്യത്വം ഭാര്യമാർക്ക് വേദനയുണ്ടാക്കില്ലേ?

തന്റെ ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യുമ്പോഴുണ്ടാകുന്ന ആദ്യഭാര്യയുടെ വൈകാരിക പ്രയാസങ്ങള്‍ക്കുള്ള പരിഹാരമെന്ത് എന്ന ചോദ്യം പ്രസക്തമാണ്. ബഹുഭാര്യത്വത്തിലേര്‍പ്പെടുന്ന തന്റെ ഭര്‍ത്താവിനെ മറ്റൊരു സ്ത്രീയും കൂടി പങ്കുവെക്കുമെന്നുള്ള അറിവ് സ്ത്രീയെ സംബന്ധിച്ചേടത്തോളം വൈകാരികമായി പ്രയാസമുണ്ടാക്കുന്നത് തന്നെയാണ്. ഈ രംഗത്തുള്ള പെണ്ണിന്റെ സ്വാര്‍ഥത അവളുടെ അസ്തിത്വത്തിന്റെ ഭാഗം തന്നെയാണ്. നശീകരണാത്മകമായ തലത്തിലുള്ള സ്വാര്‍ഥതയല്ല ഇത്. പൊസസ്സീവ്‌നസ്സ് എന്നു പറയാം. തന്റേത് മാത്രമാകണമെന്ന വിചാരം എന്നര്‍ഥം.

തന്റേത് മാത്രമാക്കി നിലനിർത്താനാഗ്രഹിക്കുകയെന്ന പൊസസ്സീവ്‌നസ് നിലനില്‍ക്കേണ്ടത് സ്ത്രീയുടെ ലൈംഗികജീവിതത്തിനും കുടുംബജീവിതത്തിനും ആവശ്യം തന്നെയാണ്. ഇണക്ക് മുമ്പില്‍ അവള്‍ക്ക് സ്‌നേഹം ചൊരിയാന്‍ കഴിയണമെങ്കിലും നിസ്വാര്‍ഥമായി അവള്‍ക്ക് അവളുടെ കുഞ്ഞുങ്ങളെ വളര്‍ത്താന്‍ കഴിയണമെങ്കിലും ആ കുഞ്ഞുങ്ങളെ വളര്‍ത്തുന്ന രംഗത്ത് അവളുടെ പൂര്‍ണമായ ആ സമര്‍പ്പണത്തിന് വേണ്ടിയുല്ലൊം തന്നെ ഈ ഒരടിസ്ഥാനപരമായ സ്വാര്‍ഥതയുണ്ടാകണം.

വൈകാരികമായ ഈ സ്വാർത്ഥത നിലനില്‍ക്കുന്നതുകൊണ്ട് തന്നെ തന്റെ ഇണ പങ്കുവെക്കപ്പെടുന്നുവെന്ന അറിവ് സ്വാഭാവികമായും അവള്‍ക്ക് മനഃപ്രയാസമുണ്ടാക്കിയേക്കാം. ഒരു മുസ്‌ലിം സ്ത്രീയെസംബന്ധിച്ചേടത്തോളം അവള്‍ക്ക് മതം തുണയാകുന്നതവിടെയാണ്. മതത്തിന്റെ നിര്‍ദേശങ്ങള്‍ അവിടെയാണ് അവള്‍ക്ക് സമാധാനമേകേണ്ടത്. ജീവിതത്തിലുണ്ടാവുന്ന പല തരാം പരീക്ഷണങ്ങളെപ്പോലെ ഇതുമൊരു പരീക്ഷണമായി അവള്‍ക്ക് കാണാൻ കഴിയും. തനിക്കുണ്ടായ ഈ വൈകാരിക പരീക്ഷണത്തിൽ സഹനമവലംബിച്ച് പടച്ചവന്‍ പറഞ്ഞതനുസരിച്ച് അവള്‍ മുന്നോട്ട് പോകുമ്പോള്‍ തീര്‍ച്ചയായും തനിക്ക് ഇഹലോകത്തും പരലോകത്തും അതിനുള്ള പ്രതിഫലം നല്‍കപ്പെടുമെന്ന ചിന്ത അവൾക്ക് ആശ്വാസം നൽകും.

അനിവാര്യമായ സാഹചര്യത്തിൽ തന്റെ ഇണ മറ്റൊരു ഭാര്യയെ സ്വീകരിക്കുമ്പോൾ അയാളും ആ സമയത്ത് ക്ഷമ അവലംബിക്കുന്ന താനും പടച്ചവന്റെ കല്‍പന അനുസരിക്കുകയാണെന്ന ചിന്ത അവൾക്ക് സന്തോഷവും സമാധാനവും നൽകും. ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാകാം. പ്രയാസങ്ങളുണ്ടാകാം. ആ സമയത്ത് ഒരു വിശ്വാസി ഏത് രൂപത്തില്‍ ക്ഷമിക്കേണമോ അതേ രൂപത്തില്‍ ഈ രംഗത്തും ക്ഷമിക്കുവാന്‍ വിശ്വാസിയായ അവള്‍ക്ക് കഴിയും.. ക്ഷമ പ്രതിഫലദായകമാണെന്ന പാഠം അവള്‍ക്ക് ആശ്വാസം നല്‍കും.

സ്ത്രീകളുടെ വൈകാരികപ്രയാസങ്ങൾക്കു പോലും മതത്തിന് അതിന്റേതായ കൃത്യമായ കാഴ്ചപ്പാടുണ്ട്. ഒന്നിലധികം ഇണകളുള്ള പുരുഷന്മാരുടെ ഭാര്യമാരായ സ്ത്രീകൾക്ക് സംതൃപ്തിയും ശാന്തിയുമുണ്ടാകുന്നതിനു വേണ്ടിയുള്ള നിര്‍ദേശങ്ങളുണ്ട്. നിയമത്തിന്റെ രീതിയില്‍ ഈ വൈകാരികപ്രയാസത്തെ പരിഹരിക്കാന്‍ കഴിയുമോ? കഴിയില്ല. നിയമം സംസാരിക്കുന്നത് നീതിയുമായി ബന്ധപ്പെട്ടാണ്. പെണ്ണിനെതിരില്‍ എന്തെങ്കിലും അനീതിയുണ്ടാകുന്നുവെങ്കില്‍ നിയമത്തിന് പരിഹരിക്കാന്‍ കഴിയും. പെണ്ണിനെതിരില്‍ ഒരക്രമം ഉണ്ടാകുന്നുവെങ്കില്‍ നിയമത്തിന് അവള്‍ക്കായി സംസാരിക്കാന്‍ കഴിയും. പെണ്ണിനെ ഏതെങ്കിലും രൂപത്തില്‍ അവഗണിക്കുന്നുവെങ്കില്‍ നിയമത്തിന് അതില്ലാതെയാക്കുവാന്‍ കഴിയും. എന്നാല്‍ ഇവിടെ പെണ്ണിന് മാനസികമായുണ്ടാകുന്ന പ്രയാസങ്ങള്‍ നിയമം മൂലം പരിഹരിക്കാന്‍ കഴിയുന്നതല്ല. അതൊരു വൈകാരികപ്രശ്‌നമാണ്. അതുകൊണ്ട് തന്നെ ധാര്‍മികമായ മതത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചുകൊണ്ട് അവിടെ പരിഹാരം നിര്‍ദേശിക്കുവാനേ സാധിക്കൂ. അതല്ലാതെ മറ്റു മാര്‍ഗങ്ങളില്ല.

വിശ്വാസിയായ മുസ്‌ലിം പുരുഷൻ അഥവാ ബഹുഭാര്യത്വത്തിലേര്‍പ്പെടുമ്പോള്‍ അതുവഴിയുണ്ടാകുന്ന ഇണയുടെ പ്രയാസങ്ങളില്‍ കൂടി താങ്ങായിത്തീരാന്‍ അയാള്‍ക്ക് കഴിയും. സ്‌നേഹത്തിന്റെ കവിഞ്ഞൊഴുക്ക് വഴി ഇത്തരം പ്രയാസങ്ങള്‍ കൂടി പരിഹരിക്കാന്‍ കഴിയും എന്നാണ് പ്രവാചകന്റെയും സഹാബിമാരുടെയും അതേ പോലെ പിന്‍കാലമുസ്‌ലിംകളുടെയുമെല്ലാം സംഭവങ്ങളും ജീവചരിത്രവും നമുക്ക് മനസ്സിലാക്കിത്തരുന്നത്.

print

1 Comment

  • ഇത് മനസ്സിലാകുന്നു. ഇത്തരത്തിൽ ഒരു പരീക്ഷണമാണ് എന്ന് മനസ്സിലാക്കി തങ്ങൾ ക്ഷമിക്കേണ്ട ഒരു സാഹചര്യം വരുമ്പോൾ തന്നെ തങ്ങൾക്ക് ഇസ്ലാം പുരുഷന്റെ താഴെ ആണ് സ്ഥാനം നൽകിയത് എന്ന് വ്യക്തമല്ലെ എന്ന് എന്റെ സഹോദരി ചോദിക്കുന്നു.

    ASHIO ALI 10.02.2021