ബഹുഭാര്യത്വം നിരോധിച്ചുകൂടെ?

/ബഹുഭാര്യത്വം നിരോധിച്ചുകൂടെ?
/ബഹുഭാര്യത്വം നിരോധിച്ചുകൂടെ?

ബഹുഭാര്യത്വം നിരോധിച്ചുകൂടെ?

ബഹുഭാര്യത്വം പ്രാകൃതമല്ല; മാനവികമാണ്, അത് ഇസ്‌ലാം അനുവദിച്ചതാണ്. പരിശുദ്ധഖുര്‍ആനും തിരുസുന്നത്തും വരച്ചുകാണിക്കുന്ന ധാര്‍മികജിവിതം നയിക്കാന്‍ സദാചാരത്തിലധിഷ്ഠിതമായ സമൂഹത്തില്‍ ചിലര്‍ക്കെങ്കിലും ബഹുഭാര്യത്വം അനിവാര്യമായിത്തീരും; പ്രകൃതിവിരുദ്ധമായ വിവാഹേതരരതിയെ അംഗീകരിക്കാത്തേടത്തോളം കാലം ഒരു സമൂഹത്തിലും ബഹുഭാര്യത്വത്തെ നിയമം മൂലം നിരോധിക്കാന്‍ സാധ്യമല്ല. ഇന്ത്യയിലെ നിലവിലുള്ള മുസ്‌ലിം വ്യക്തിനിയമം വ്യക്തിപരമായ വിഷയങ്ങളില്‍ (വിവാഹം, വിവാഹമോചനം, വഖ്ഫ്, അനന്തരാവകാശം) മുസ്‌ലിംകള്‍ക്ക് അവരുടെ പ്രമാണങ്ങളനുസരിച്ച് ജീവിക്കുവാനുള്ള അവകാശം നല്‍കുന്നുണ്ട്. ഈ അവകാശം നിലനിര്‍ത്തേണ്ടതുണ്ടോ എന്ന പ്രശ്‌നമുന്നയിച്ചുകൊണ്ടാണ് ബഹുഭാര്യത്വവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ചൂടുപിടിക്കാറുള്ളത്. മുസ്‌ലിം വ്യക്തിനിയമത്തിന് പകരം ഏകസിവില്‍കോഡ് നടപ്പാക്കണമെന്ന വാദത്തിന് ഉപോല്‍ബലകമായാണ് ബഹുഭാര്യത്വം മൂലം കഷ്ടപ്പെടുന്ന മുസ്‌ലിം പെണ്ണുങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചക്ക് വരാറുള്ളത്.

ഇന്ത്യയിലെ പ്രബലന്യൂനപക്ഷമാണ് മുസ്‌ലിംകള്‍. അങ്ങനെ പ്രബല ന്യൂനപക്ഷമായ മുസ്‌ലിംകള്‍ക്ക് ഭരണഘടന നല്‍കുന്ന അടിസ്ഥാനപരമായ അവകാശമാണ് അവരുടെ വ്യക്തിനിയമമനുസരിച്ച് ജീവിക്കുവാനുള്ള അവകാശം. ഇത് ആരുടെയെങ്കിലും ഔദാര്യമായി കിട്ടിയതല്ല. മറിച്ച്, ഈ രാഷ്ട്രത്തിലെ പൗരന്മാരെന്ന നിലയ്ക്ക് ഈ രാജ്യത്തിന്റെ പുനര്‍നിര്‍മാണത്തിലെ പങ്കാളികളെന്ന നിലയ്ക്ക്, ഈ രാഷ്ട്രത്തിന്റെ ഭരണഘടന അനുവദിച്ചു തന്നിട്ടുള്ളതാണ്. ആ അനുവാദം എന്തെങ്കിലും ഒരു പ്രത്യേകസംഭവത്തിന്റെ അടിസ്ഥാനത്തില്‍ എടുത്തുകളയുവാന്‍ അനുവദിക്കേണമോ എന്നതാണ് വിഷയത്തിന്റെ മര്‍മം. സ്വാഭാവികമായും നിയമത്തിന് അതിന്റേതായ രീതിയുണ്ട്. നിയമത്തെ ദുര്‍വിനിയോഗിക്കുന്ന ആളുകളുണ്ടാകാം. ആ ആളുകളെ നിലയ്ക്ക് നിര്‍ത്തേണ്ടതുമുണ്ട്. പക്ഷെ, അത് മറ്റൊരാളുടെ അവകാശത്തെ ഹനിച്ചുകൊണ്ടായിക്കൂടാ. ഒരാള്‍ ബഹുഭാര്യത്വത്തിലേര്‍പ്പെടുകയും ആദ്യഭാര്യയെ പരിഗണിക്കാതെ അവള്‍ക്കാവശ്യമായ അവകാശങ്ങള്‍ നല്‍കാതിരിക്കുകയും ചെയ്യുന്നത് തെറ്റാണ്. അതിനെന്ത് പരിഹാരമുണ്ടെന്ന് ആലോചിക്കണം. അതിന് നിയമം മൂലമാണോ ബോധവല്‍ക്കരണം വഴിയാണോ, അതല്ല സമൂഹ്യമായ മറ്റു മാര്‍ഗങ്ങളുപയോഗിച്ചുകൊണ്ടാണോ പരിഹാരം കാണേണ്ടത് എന്ന് ആലോചിക്കേണ്ടതാണ്.

എന്നാല്‍ ഒറ്റപ്പെട്ട സംഭവങ്ങളെ ചൂണ്ടിക്കാണിച്ച് ധാര്‍മിക ജീവിതം നയിക്കുന്നതിന് വേണ്ടി അനിവാര്യമായ അവസരത്തില്‍ ബഹുഭാര്യത്വത്തിലേര്‍പ്പെടുനുള്ള ഒരാളുടെ അവകാശം നിഷേധിക്കുന്നതിന് മേല്‍നിയമം കാരണമായിക്കൂടാ. ഇന്ത്യന്‍ ഭരണഘടന അനുവദിച്ച മതമനുസരിച്ച് ജീവിക്കാനുള്ള അവകാശം ഒറ്റപ്പെട്ട സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ നിഷേധിക്കാന്‍ കഴിയുമോ? അത് പാടില്ലെന്ന് വ്യക്തം. ബഹുഭാര്യത്വം നിരോധിക്കണമെന്നാണ് ഇസ്‌ലാം വിരുദ്ധര്‍ക്ക് പറയാനുള്ളത്. പക്ഷെ, ബഹുഭാര്യത്വം നിരോധിക്കണം, ബഹുഭാര്യത്വം പാടില്ല, ബഹുഭാര്യത്തിന് ഇന്നിന്ന പ്രശ്‌നങ്ങളുണ്ട് എന്നെല്ലാം പറയുന്നവരോട് പുരുഷന് ഒന്നിലധികം സ്ത്രീകളുമായി ബന്ധപ്പെടുന്ന കാര്യത്തിലും ഇത്തരം നിയമങ്ങള്‍ വേണമെന്ന് നിങ്ങള്‍ വാദിക്കുമോ എന്ന് ചോദിച്ചു നോക്കുക. ഉത്തരമില്ലാത്ത ഉരുണ്ടുകളി മാത്രമേ അവരില്‍ നിന്നുണ്ടാകൂ.

ഇന്ത്യയിലൊരു നിയമവും വ്യഭിചാരത്തിന് തടസ്സം നില്‍ക്കുന്നില്ല. അതിന് ആര്‍ക്കും യാതൊരു പ്രശ്‌നവുമില്ല. ഇന്ത്യയില്‍ ഒരു പുരുഷന് ഒന്നിലധികം ഭാര്യമാരുണ്ടാകുകയാണെങ്കില്‍ പ്രശ്‌നമാണ്; എന്നാല്‍ ഭാര്യയുണ്ടായിരിക്കെ അയാള്‍ മറ്റൊരു സ്ത്രീയുമായി ശാരീരികമായി ബന്ധപ്പെട്ടാലോ? ആ ബന്ധം തെളിയിച്ചാല്‍ വേണമെങ്കില്‍ ഭാര്യക്ക് വിവാഹമോചനത്തിന്നവകാശമുണ്ടെന്നതൊഴിച്ച് ആ ബന്ധം പാടില്ലാ എന്ന് വിധിക്കാന്‍, ആ ബന്ധത്തിലേര്‍പ്പെട്ടതുകൊണ്ട് എന്തെങ്കിലും ശിക്ഷ വിധിക്കാന്‍ ഇന്ത്യയില്‍ യാതൊരു മാര്‍ഗവുമില്ല. അതേ സമയം അത് നിയമപരമാകുമ്പോഴാണ്; അതായത് വിവാഹത്തിലൂടെയാകുകയാകുമ്പോഴാണ് പ്രശ്‌നം. ഒരാള്‍ക്ക് പത്തോ ഇരുപതോ സ്ത്രീകളുമായി ബന്ധപ്പെടാം. പക്ഷെ, രണ്ടാമതൊരു ഭാര്യയായാല്‍ കുഴപ്പമായി. പത്തോ ഇരുപതോ സ്ത്രീകളുമായി തന്റെ ഭര്‍ത്താവ് ബന്ധപ്പെടുമ്പോള്‍ ഭാര്യക്ക് അതിനെതിരെ കേസ് കൊടുക്കാന്‍ വല്ല വകുപ്പുമുണ്ടോ? വകുപ്പില്ല. അയാള്‍ക്കെന്തുമാകാം. ഭാര്യക്ക് വിവാഹമോചനമാവശ്യപ്പെടാം. അങ്ങനെ അവള്‍ക്കു കിട്ടുന്ന ജീവിതവിഭവങ്ങള്‍കൂടി ഇല്ലാതെയാകുന്ന അവസ്ഥ സംജതമാകാം. ഇതല്ലാതെ അതിനെതിരില്‍ നിയമപരമായി നടപടിയെടുക്കാന്‍ ഇന്ത്യയില്‍ എന്തെങ്കിലും സംവിധാനങ്ങളുണ്ടോ? നിയമങ്ങളുണ്ടോ? ഇല്ല. അതേസമയം ബന്ധം നിയമപരമായ വിവാഹത്തിലൂടെയാകുമ്പോള്‍ കുഴപ്പമായി. ഇതാണ് ജനാധിപത്യം പെണ്ണിന് നൽകുന്ന അംഗീകാരം !!!

ഇസ്‌ലാം അനുവദിച്ച ബഹുഭാര്യത്വത്തില്‍ പുരുഷന്‍ വിവാഹം ചെയ്യുന്ന സ്ത്രീകള്‍ക്കെല്ലാം നിയമപരമായ അവകാശങ്ങളുണ്ട്. അവള്‍ക്ക് അടിസ്ഥാനപരമായ അവകാശങ്ങള്‍ നല്‍കിയിട്ടില്ലെങ്കില്‍ കോടതിയില്‍ പോകാനുള്ള അധികാരമുണ്ട്. പെണ്ണിന്റെ ഏതൊരവകാശമാണെങ്കിലും അത് ജീവിത വിഭവങ്ങളുടെ കാര്യത്തിലും നീതിയോടുകൂടി വര്‍ത്തിക്കുക എന്നുള്ള കാര്യത്തിലുമെല്ലാം അവഗണിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നുവെങ്കില്‍ അതിനെതിരെ കോടതിയെ സമീപിക്കാന്‍ ഇസ്‌ലാം അവള്‍ക്കനുവാദം നല്‍കുന്നുണ്ട്.

ഇസ്‌ലാം വിമര്‍ശകര്‍ പകരം നിര്‍ദേശിക്കുന്ന സ്വതന്ത്രരതിയില്‍ ഇത്തരം അവകാശങ്ങളൊന്നും അനുവദിക്കപ്പെടുന്നില്ല. അവളൊരു കേവലം സുഖഭോഗ വസ്തു മാത്രമാണവിടെ. സ്ത്രീത്വമാണ് അവിടെ അപമാനിക്കപ്പെടുന്നത്. അതിനെതിരെ ഒന്നും ഉരിയാടാന്‍ പെണ്‍വാദികള്‍ക്കൊന്നും തന്നെ നട്ടെല്ലുമില്ല. ഏകസിവില്‍കോഡ് വിവാദങ്ങള്‍ യഥാര്‍ഥത്തില്‍ നിയമത്തിനോടോ മുസ്‌ലിം സമുദായത്തിനോടോ ഉള്ള മമതയില്‍ നിന്നുണ്ടായതല്ല. സമൂഹത്തെ വളരെ മെല്ല ധാര്‍മികമായ ചട്ടക്കൂടുകളില്‍ നിന്നകറ്റി സ്വതന്ത്രരതിയുടെ പ്രദേശമാക്കി ഇന്ത്യയെ മാറ്റുവാന്‍ വേണ്ടിയുള്ള കരുതിക്കൂട്ടിയ ഗൂഢാലോചനകളുടെ ഭാഗമാണിത്.

ബഹുഭാര്യത്വം നിയന്ത്രിക്കുന്നതിനായി നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന ബില്ലില്‍ ബഹുഭാര്യത്വത്തിലേര്‍പ്പടുകയാണെങ്കില്‍ ഉണ്ടാകേണ്ട കുറെ നിബന്ധനകളെക്കുറിച്ച് പറയുന്നുണ്ട്. പലപ്പോഴും വൈയക്തികമായ പ്രശ്‌നങ്ങളാണ് ബഹുഭാര്യത്വത്തിന് നിമിത്തമായി വരുന്നത്. അതിന് നിബന്ധനകള്‍ നിര്‍ദേശിക്കുമ്പോള്‍ മനുഷ്യന്റെ അടിസ്ഥാനപരമായ അവകാശമാണ് നിഷേധിക്കപ്പെടുന്നത്. ലൈംഗികത അടിസ്ഥാനപരമായ ചോദനയാണ്. ആ ചോദനയുടെ പൂര്‍ത്തീകരണമെന്നുള്ളത് അവന്റെ അടിസ്ഥാനാവശ്യമാണ്. അതിന് നിയതമായ മാര്‍ഗങ്ങളുണ്ടാകണം എന്നതാണ് ഇസ്‌ലാമികനിയമങ്ങളുടെ താല്‍പര്യം.

തന്റെ മതമനുസരിച്ച് ജീവിക്കുവാന്‍ ഓരോ ഇന്ത്യക്കാരനും അവകാശമുണ്ട്. മുസ്‌ലിമിനെസംബന്ധിച്ചേടത്തോളം മതമെന്നാല്‍ ജീവിതത്തെ പ്രകാശമാനമാക്കുന്ന ദൈവിക വിധിവിലക്കുകളുടെ പ്രയോഗമാണ്. അവ പ്രയോഗവല്‍ക്കരിക്കുവാന്‍ ഇന്ത്യന്‍ മുസ്‌ലിമിന് അവകാശമുണ്ട്. ആ അവകാശത്തെ നിഷേധിക്കാന്‍ ഒരു ജനാധിപത്യസമ്പ്രദായം സന്നദ്ധമാകുകയെന്നു പറഞ്ഞാല്‍ അതിന് ജനാധിപത്യസ്വഭാവം നഷ്ടപ്പെടുന്നുവെന്നതാണ് അര്‍ഥം. മറ്റുള്ള മതസമൂഹങ്ങള്‍ക്ക് ഇതേ പ്രശ്‌നങ്ങളില്ലേ എന്നു ചോദിക്കാവുന്നതാണ്. മറ്റുള്ള മതസമൂഹങ്ങളെ സംബന്ധിച്ചേടത്തോളം ഉദാരലൈംഗികതയുടെ തലത്തിലേക്ക് പോകുന്നതില്‍ നിന്ന് അവരെ തടയുന്ന ഇസ്‌ലാമിലേത് പോലെയുള്ള ശക്തമായ വിലക്കുകളില്ലായിരിക്കാം. എല്ലാവരും അങ്ങനെ ചെയ്യുന്നുണ്ടോ എന്നയാരിക്കും അടുത്ത ചോദ്യം. ഇല്ലായിരിക്കാം. പക്ഷെ, അവര്‍ക്ക് സ്വതന്ത്രലൈംഗികത ആസ്വദിക്കുവാന്‍ ഇന്ത്യയില്‍ അനുവാദമുണ്ട്. എന്നാല്‍ മുസ്‌ലിന് ഒരു കാരണവശാലും അതു പറ്റുകയില്ല. മുസ്‌ലിംകളെ മതേതരവല്‍ക്കരിച്ച് ഇവര്‍ പറയുന്ന ഉദാരലൈംഗികതയുടെ വക്താക്കളാക്കുകയാണ് ഈ ഉദ്യമങ്ങളുടെയെല്ലാം ആത്യന്തികലക്ഷ്യം.

ഉദാരലൈംഗികതയുടെ വക്താക്കള്‍ പറയുന്ന രൂപത്തിലുള്ള ധാര്‍മികത നടപ്പിലാക്കിയ പ്രദേശങ്ങളുടെ അവസ്ഥയെന്താണെന്ന് പരിശോധിക്കപ്പെടേണ്ടത് തന്നെയാണ്. ചൈനയാണെങ്കിലും റഷ്യയാണെങ്കിലും എല്ലാം ദീര്‍ഘകാലത്തെ മതേതരവല്‍ക്കരണത്തിലൂടെ എവിടെയെത്തി എന്നു നാം കണ്ടതാണ്. ഈ ഒരു അവസ്ഥയിലേക്ക് ഇന്ത്യയും പോയിക്കൊണ്ടിരിക്കുകയാണ്. പക്ഷെ, അങ്ങോട്ട് മുസ്‌ലിംകളെക്കൂടി കൂടെ കൊണ്ടുപോകേണമോ എന്നതാണ് പ്രശ്‌നം. ബുദ്ധിജീവികളെ സംബന്ധിച്ചേടത്തോളം മുസ്‌ലിം സ്ത്രീകളുടെ കണ്ണുനീരാണ് അവരെ ഏകസിവില്‍കോഡിന് വേണ്ടി വാദിപ്പിക്കുന്നതിന് പിന്നിലുള്ള പ്രശ്‌നമെന്നാണ് പറയുന്നത്. അവരുടെ സ്ത്രീസ്‌നേഹം ആത്മാര്‍ഥമാണെങ്കില്‍ മുസ്‌ലിം സമൂഹത്തിന്റെ മതവല്‍ക്കരണത്തിനാണ് അവര്‍ ശ്രമിക്കേണ്ടത്. മുസ്‌ലിം സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ മുസ്‌ലിം സമൂഹത്തിന്റെ തന്നെ പൂര്‍ണമായ അര്‍ഥത്തിലുള്ള മതവല്‍ക്കരണമാണാവശ്യം, മതപരമായ ബോധവല്‍ക്കരണമാണാവശ്യം.

മുസ്‌ലിം സമൂഹത്തിലെ ഒരു പ്രശ്‌നമായിരുന്നു ത്വലാഖ്. പക്ഷെ, കേരളമുസ്‌ലിം സമൂഹത്തെ സംബന്ധിച്ചേടത്തോളം മതപരമായി കൂടുതല്‍ ബോധം നേടിയപ്പോള്‍ വിവാഹമോചനത്തിന്റെ തോത് സമുദായത്തില്‍ ഗണ്യമായി കുറഞ്ഞു. മതവല്‍ക്കരണമാണ് അവിടെ നടന്നത്. അത് നാം മനസ്സിലാക്കണം. മതനിഷേധത്തിനപ്പുറത്ത് മതപരമായ വിഷയങ്ങള്‍ കൃത്യമായി പഠിക്കുവാനും മതമനുസരിച്ചുള്ള ബോധനം നേടുവാനും സാധിക്കണം. അപ്പോള്‍ ഈ രംഗത്തെല്ലാമുള്ള ചൂഷണങ്ങളെ ഇല്ലാതാക്കാന്‍ കഴിയും.

മുസ്‌ലിം സമുദായത്തിലെ പ്രശ്‌നങ്ങളില്‍ കണ്ണുനീരുമായി നടക്കുന്ന ആളുകളെ സംബന്ധിച്ചേടത്തോളം യഥാര്‍ഥത്തിലുള്ള സ്ത്രീ പ്രശ്‌നത്തില്‍ അവര്‍ക്കൊന്നും ചെയ്യാനില്ല. സ്ത്രീധനത്തെപ്പോലെയുള്ള പ്രശ്‌നങ്ങളില്‍ അവരെന്തു ചെയ്തു? സ്ത്രീധനം നിയമം മൂലം നിരോധിക്കപ്പെട്ട നാടാണ് ഇന്ത്യ. ഏറ്റവും വലിയ സ്ത്രീവിരുദ്ധമായ, സ്ത്രീകളെ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കുന്ന ഇക്കാര്യം പക്ഷെ, നിയമം മൂലം നിരോധിക്കപ്പെട്ട നാട്ടില്‍ നിര്‍ലോഭം നടന്നുകൊണ്ടിരിക്കുന്നു. അതില്‍ യാതൊരു കുഴപ്പവും ആരും കാണുന്നില്ല. അതിനെതിരെ എന്തെങ്കിലും ശക്തമായ കാല്‍വെയ്പ് നടത്തുന്നുണ്ടെങ്കില്‍ അത് ഈ രാജ്യത്തെ മതസംഘടനകളാണ്. അവരോടൊപ്പം നില്‍ക്കാന്‍ ഈ സ്ത്രീസ്‌നേഹികള്‍ സന്നദ്ധമാകുമോ?

നിയമം എന്തിനുവേണ്ടി എന്ന ചോദ്യത്തിന് നിയമമനുസരിച്ച് ജീവിക്കുന്നവനെ പ്രയാസപ്പെടുത്തുന്നതിന് വേണ്ടി എന്നാകരുത് ഉത്തരം. നിയമം, അതനുസരിച്ച് ജീവിക്കുന്നവന് നീതി ലഭിക്കുന്നതിന് വേണ്ടിയാണ്. പൗരന്മാരില്‍ പലരും നിയമമനുസരിച്ച് ജീവിക്കുന്നില്ല എന്നതാണ് നമ്മെ സംബന്ധിച്ചേടത്തോളമുള്ള പ്രശ്‌നം, അല്ലാതെ ബഹുഭാര്യത്വത്തിനുള്ള അനുവാദമല്ല. പൗരബോധമുള്ളവരാക്കി ഭാരതീയരെ മാറ്റിത്തീര്‍ക്കുന്നതിനും നിയമലംഘനത്തില്‍ നിന്ന് അവരെ അകറ്റി നിര്‍ത്തുന്നതിനും വേണ്ടിയുള്ള കൂട്ടായ പരിശ്രമമാണ് വേണ്ടത്. അതല്ലാതെ മതമനുസരിച്ച് ജീവിക്കുവാനുള്ള മൗലികാവകാശത്തിനെതിരെയുള്ള ചന്ദ്രഹാസമല്ല. ധാര്‍മികജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരെ പ്രയാസപ്പെടുത്താന്‍ വേണ്ടിയുള്ളതാകരുത് നിയമങ്ങള്‍; ഭാരതീയസമൂഹത്തെ ലൈംഗിക ഉദാരീകരണത്തിലേക്ക് നയിക്കുന്നതിന് വേണ്ടിയുള്ള പദ്ധതികളില്‍ നിന്ന് മാറി നില്‍ക്കുവാന്‍ മുസ്‌ലിംകളെ അനുവദിക്കണം. അത് അവരുടെ മതപരമായ അനിവാര്യതയാണ്; ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അവകാശവും.

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ