ബലികർമം ക്രൂരതയല്ലേ?

/ബലികർമം ക്രൂരതയല്ലേ?
/ബലികർമം ക്രൂരതയല്ലേ?

ബലികർമം ക്രൂരതയല്ലേ?

ഇസ്‌ലാമിനെക്കുറിച്ച് പഠിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. പക്ഷേ, ഇസ്‌ലാമിലെ ചില ആചാരരീതികള്‍ വളരെ ക്രൂരമായി തോന്നുന്നു. ഒരു മുസ്‌ലിമിന് ജീവിതത്തില്‍ ഒരിക്കല്‍ (കഴിവുണ്ടെങ്കില്‍) നിര്‍ബന്ധമായും ചെയ്യേണ്ടുന്ന ഏറ്റവും വലിയ പുണ്യകര്‍മമാണ് ഹജ്ജ്. എന്നാല്‍ ഇത്രയും വലിയ ഈ പുണ്യകര്‍മത്തില്‍ ഒരു മിണ്ടാപ്രാണിയെ കൊല്ലുന്നതും പുണ്യമാകുമോ? ഈ പ്രാവശ്യം ചുരുങ്ങിയത് 25 ലക്ഷം തീര്‍ഥാടകര്‍ ഹജ്ജ് ചെയ്യാനെത്തിയെന്നറിഞ്ഞു. എങ്കില്‍ ഒരാള്‍ ഒരാട് വീതമാണെങ്കില്‍പോലും 25 ലക്ഷം ആടുകള്‍ അറുക്കപ്പെട്ടിട്ടുണ്ടാകും. മനുഷ്യര്‍ക്ക് പുണ്യം കിട്ടാന്‍വേണ്ടി ആ മിണ്ടാപ്രാണികളെ എന്തിന് നമ്മള്‍ കൊല്ലണം? അതൊരു വലിയ പാപമാകില്ലേ? എന്റെ ഒരു മുസ്‌ലിം കൂട്ടുകാരനോട് ഇതേപ്പറ്റി ചോദിച്ചപ്പോള്‍ ദൈവത്തിന്റെ കല്‍പനയാണ് ഇതെന്നാണ് പറഞ്ഞത്. ഇബ്‌റാഹീം (അബ്രഹാം) പ്രവാചകനോട് മകനെ ബലി നല്‍കാന്‍ കല്‍പിച്ചുവെന്നും പ്രവാചകന്‍ അത് അനുസരിച്ച് മകനെ അറുക്കുവാന്‍ പോകുമ്പോള്‍ ദൈവം അദ്ദേഹത്തില്‍ സന്തുഷ്ടനായി മകന് പകരം ഒരാടിനെ ബലി നല്‍കുവാന്‍ പറഞ്ഞു എന്നും മറ്റും എന്നോട് പറഞ്ഞു. ഞാന്‍ പ്രതിനിധാനം ചെയ്യുന്ന മതത്തില്‍ ഒരുപാട് ബലികര്‍മങ്ങള്‍ ഉണ്ടായിരുന്നു. കാലാനുസൃതമായി അവയിലെല്ലാം മാറ്റങ്ങള്‍ വരുത്തി. ഇപ്പോഴും മാറ്റങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. അതുപോലെ ഇതും മാറ്റിക്കൂടേ?

ചോദ്യകര്‍ത്താവിന്റെ ദൃഷ്ടിയില്‍ എന്താണ് ക്രൂരത? ഒരു ജീവി മറ്റൊരു ജീവിയെ തിന്നുന്നത് ക്രൂരതയാണോ? ദൈവിക വ്യവസ്ഥയില്‍ (അവിശ്വാസികളുടെ വീക്ഷണ പ്രകാരം പ്രകൃതി വ്യവസ്ഥയില്‍) ഇത് സാര്‍വത്രികമായി കാണപ്പെടുന്നുണ്ട്. ആയിരക്കണക്കിന് ജീവജാതികളുടെ മുഖ്യാഹാരം തന്നെ ഇതര ജന്തുക്കളാണ്. എന്നാല്‍ ഇങ്ങനെ ഇരയാകുന്ന ജന്തുക്കള്‍ക്ക് അതുമൂലം വംശനാശം സംഭവിക്കുന്നില്ല. കാരണം, അവ ഭീമമായ അളവില്‍ ഇവിടെ ജനിച്ച് വളരുന്നുണ്ട്. ജന്തുലോകത്തെ ഈ പ്രതിഭാസംക്രൂരതയാണെന്ന് തോന്നുന്നവര്‍ ഉണ്ടാകാം. പക്ഷേ, അവര്‍ക്ക് പ്രകൃതിയില്‍ വ്യാപകമായി നിലനില്‍ക്കുന്ന ഇരതേടല്‍ വ്യവസ്ഥക്ക് മാറ്റം വരുത്താനാവില്ലല്ലോ.

മനുഷ്യന്‍ മാംസാഹാരം കഴിക്കുന്നതാണ് ക്രൂരതയായി വീക്ഷിക്കുന്നതെങ്കില്‍ നമുക്ക് പറയാനുള്ളത് മാംസഭോജനം ജന്തു പ്രകൃതിയോട് യോജിക്കുന്നതും ലോകരക്ഷിതാവ് അനുവദിച്ചതുമാണ് എന്നാകുന്നു. ”കാലികളെയും അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് അവയില്‍ തണുപ്പകറ്റാനുള്ളതും (കമ്പിളി) മറ്റ് പ്രയോജനങ്ങളുമുണ്ട്. അവയില്‍നിന്ന് തന്നെ നിങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്നു” (വി.ഖു. 16:5). ”അല്ലാഹുവാകുന്നു നിങ്ങള്‍ക്കുവേണ്ടി കന്നുകാലികളെ സൃഷ്ടിച്ച് തന്നവന്‍. അവയില്‍ ചിലതിനെ നിങ്ങള്‍ വാഹനമായി ഉപയോഗിക്കുന്നതിനുവേണ്ടി. അവയില്‍ ചിലതിനെ നിങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്നു” (40:79).

മത്‌സ്യം ഉള്‍പ്പെടെ യാതൊരു ജീവിയെയും മനുഷ്യന്‍ ഭക്ഷിക്കരുതെന്ന് നിഷ്‌കര്‍ഷിച്ചാല്‍ ജനകോടികളുടെ ഉപജീവനം തന്നെ മുടങ്ങിപ്പോകും. മാംസഭോജികള്‍ക്കുവേണ്ടി ആടുമാടുകളെ വളര്‍ത്തുന്നവരും മത്‌സ്യബന്ധനം കൊണ്ട് ജീവിക്കുന്നവരുമൊക്കെ കഷ്ടത്തിലാകും. മനുഷ്യരോടുള്ള ഈ ക്രൂരതയെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഭക്ഷണത്തിനുവേണ്ടിയുള്ള ജന്തുഹത്യ ഏറെ ഗൗരവമുള്ള വിഷയമല്ല.
ആടുകളെ അറുത്ത് ഭക്ഷിക്കുന്നത് ക്രൂരതയായി കാണുന്നില്ലെങ്കില്‍ അവയെ ദൈവത്തിന് ബലിയര്‍പ്പിക്കുന്നത് ക്രൂരതയാണെന്ന് പറയാന്‍ പ്രത്യേക ന്യായമൊന്നുമില്ല. ദൈവത്തിന് വേണ്ടി വെറുതെ ആടുകളെ കൊന്ന് തള്ളുകയല്ല; ബലിമൃഗത്തിന്റെ മാംസം സ്വയം ഭക്ഷിക്കുകയും പാവങ്ങള്‍ക്ക് ഭക്ഷിക്കാന്‍ കൊടുക്കുകയുമാണ് ചെയ്യുന്നത്. ഇത് സംബന്ധിച്ച് വിശുദ്ധ ഖുര്‍ആനില്‍ പറഞ്ഞിട്ടുള്ളത് ഇപ്രകാരമാകുന്നു: ”അവയുടെ മേല്‍ അല്ലാഹുവിന്റെ നാമം ഉച്ചരിച്ചുകൊണ്ട് നിങ്ങള്‍ ബലിയര്‍പ്പിക്കുക. അങ്ങനെ അവ പാര്‍ശ്വങ്ങളില്‍ വീണുകഴിഞ്ഞാല്‍ അവയില്‍നിന്നെടുത്ത് നിങ്ങള്‍ ഭക്ഷിക്കുകയും, (യാചിക്കാതെ) സംതൃപ്തിയടയുന്നവനും ആവശ്യപ്പെട്ടുവരുന്നവനും നിങ്ങള്‍ ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക, നിങ്ങള്‍ നന്ദി കാണിക്കാന്‍ വേണ്ടി അവയെ നിങ്ങള്‍ക്ക് അപ്രകാരം നാം കീഴ്‌പ്പെടുത്തിത്തന്നിരിക്കുന്നു.” (22:36)

.വിശുദ്ധ ഖുര്‍ആന്‍ അവതരിക്കുന്ന കാലത്ത് അറേബ്യയിലെ ഒരു പ്രധാന വരുമാനമാര്‍ഗമായിരുന്നു കാലിവളര്‍ത്തല്‍. ഇന്നും ലോകത്തിന്റെ നാനാഭാഗങ്ങളില്‍ കോടിക്കണക്കിനാളുകള്‍ കാലിവളര്‍ത്തല്‍ ജീവിതോപാധിയാക്കുന്നുണ്ട്. അല്ലാഹുവിന്റെ അനുഗ്രഹങ്ങളിലൊന്നാണത്. ദാനത്തിലൂടെയോ ബലിയിലൂടെയോ ആണ് അവര്‍ അതിന് അല്ലാഹുവോട് കൃതജ്ഞത പ്രകടിപ്പിക്കേണ്ടത്. ഭുജിക്കാനും ബലിയര്‍പ്പിക്കാനും ജനങ്ങള്‍ ആടുമാടുകളെ ധാരാളമായി വാങ്ങുന്നതിനാലാണ് അവയെ വളര്‍ത്തുന്നത് ആദായകരമായിത്തീരുന്നത്. ആടുമാടുകളെ അറുക്കുന്നത് ക്രൂരതയും അധര്‍മവുമാണെന്ന് വിധി കല്‍പിക്കുകയോ നിയമംമൂലം നിരോധിക്കുകയോ ചെയ്താല്‍ അവയെ വളര്‍ത്താന്‍ ആരും താല്‍പര്യം കാണിക്കുകയില്ല. പാല്‍ ഉല്‍പാദിപ്പിക്കുക എന്ന ലക്ഷ്യത്തിന് വേണ്ടി മാത്രം കാലികളെ വളര്‍ത്തുന്നത് ആദായകരമല്ലാകാവുകയും ക്രമേണ അവയുടെ വംശനാശത്തിന് ഇടയാവുകയും ചെയ്യുന്നപക്ഷം അതായിരിക്കും അവയോടും മാംസ്യം ലഭിക്കേണ്ട മനുഷ്യരോടും കാണിക്കുന്ന ഏറ്റവും വലിയ ക്രൂരത.

അറുക്കപ്പെടുന്ന ജന്തുവിന് പരമാവധി കുറഞ്ഞ വേദന മാത്രം അനുഭവിക്കേണ്ടിവരുന്ന വിധത്തില്‍ നല്ല മൂര്‍ച്ചയുള്ള കത്തികൊണ്ട് വേഗത്തില്‍ അറുക്കണമെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചിട്ടുള്ളത്. കഴുത്തിലെ ധമനി അറ്റുപോകുന്നതോടെ ശരീരവും മസ്തിഷ്‌കവും തമ്മിലുള്ള ബന്ധം വിഛേദിക്കപ്പെടുന്നതിനാല്‍ വേദന അവസാനിക്കുകയും രക്തം ഒഴുകിപ്പോകുന്നതോടെ മാംസം ശുദ്ധമായിത്തീരുകയും ചെയ്യുന്നു. കഴുത്തിലെ ധമനി അറ്റുപോയതിന് ശേഷം ജന്തു പിടയുന്നത് കടുത്ത വേദന അനുഭവിക്കുന്നതിന്റെ ലക്ഷണമല്ല. പേശികളില്‍ അവശേഷിക്കുന്ന ജൈവോര്‍ജത്തിന്റെ പ്രഭാവം മാത്രമാകുന്നു അത്. ചുരുക്കത്തില്‍, മനുഷ്യരോടും ജന്തുജാലങ്ങളോടും നീതിപുലര്‍ത്തുന്ന നിയമ നിര്‍ദേശങ്ങള്‍ മാത്രമെ പ്രപഞ്ചനാഥന്‍ അന്തിമ വേദഗ്രന്ഥത്തിലൂടെ അന്തിമ പ്രവാചകന്‍ മുഖേന അവതരിപ്പിച്ചിട്ടുള്ളൂ.

print