ബദ്റ് യുദ്ധം നബി(സ)യുടെ അധികാരമോഹമല്ലേ പ്രകടമാക്കുന്നത്?

/ബദ്റ് യുദ്ധം നബി(സ)യുടെ അധികാരമോഹമല്ലേ പ്രകടമാക്കുന്നത്?
/ബദ്റ് യുദ്ധം നബി(സ)യുടെ അധികാരമോഹമല്ലേ പ്രകടമാക്കുന്നത്?

ബദ്റ് യുദ്ധം നബി(സ)യുടെ അധികാരമോഹമല്ലേ പ്രകടമാക്കുന്നത്?

ല്ല. അധികാരമോഹമായിരുന്നില്ല അധികാരമേല്പിക്കപ്പെട്ട നാടിന്റെ സംരക്ഷണമെന്ന ഉത്തരവാദിത്തത്തിൻറെ നിർവഹണമായിരുന്നു ബദർ യുദ്ധത്തിന് കാരണമായിത്തതീർന്നത്.

മുഹമ്മദ് നബി(സ) നേതൃത്വം നല്‍കിയ ആദ്യത്തെ പോരാട്ടമാണ് ബദ്‌റ് യുദ്ധം. തികച്ചും ആകസ്മികമായി ഉണ്ടായ ഒരു യുദ്ധമായിരുന്നു അത്. മദീനയിലെ ഇസ്‌ലാമിക സമൂഹത്തിന്റെ ഭാഗമാകാന്‍ സമ്മതിക്കാതെ മക്കയില്‍ ക്രൂരമായി പിടിച്ചുവെക്കപ്പെട്ട വിശ്വാസികളുടെ മോചനം, പ്രവാചകനെയും അനുയായികളെയും നശിപ്പിക്കുകയും മദീനയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന മുസ്‌ലിം സമൂഹത്തെ തകര്‍ക്കുകയും ചെയ്യുമെന്ന മക്കാമുശ്‌രിക്കുകളുടെ ഭീഷണിക്ക് അറുതിവരുത്തുക, മദീനക്ക് ചുറ്റുമുള്ള അറബ് ഗോത്രങ്ങളുടെ അക്രമങ്ങളില്‍നിന്ന് നാടിനെ രക്ഷിക്കുകയും അവരുമായി സമാധാനസന്ധിയുണ്ടാക്കുകയും ചെയ്യുക. ആദര്‍ശമനുസരിച്ച് ജീവിക്കുവാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി നാടുവിട്ടപ്പോള്‍ മുസ്‌ലിംകള്‍ മക്കയില്‍ ഉപേക്ഷിച്ചുപോന്ന സമ്പത്ത് അതിന്റെ അവകാശികള്‍ക്ക് തിരിച്ച് നല്‍കുന്നതിനുവേണ്ടി പരിശ്രമിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി മുഹമ്മദ് നബി(സ)യുടെ നേരിട്ടുള്ള നേതൃത്വത്തിലും അല്ലാതെയും നടന്ന സൈനിക നീക്കങ്ങളിലൊന്നാണ് ബദ്‌റ് യുദ്ധമായി പരിണമിച്ചത്.

മക്കയില്‍ മുശ്‌രിക്കുകള്‍ നയിക്കുന്ന വ്യാപാര സംഘങ്ങളെ തടയുകയും നടേ പറഞ്ഞ ലക്ഷ്യങ്ങള്‍ നേടുകയും ചെയ്യുകയെന്ന ഉദ്ദേശത്തോടെ ഹിജ്‌റക്കുശേഷം ഏഴാം മാസം നടത്തിയ സൈഫില്‍ ബഹ്‌റ് മുതലുള്ള സൈനിക നീക്കങ്ങളെപോലെയുള്ള ഒരു നീക്കം മാത്രമായിരുന്നു നബി(സ)യും സ്വഹാബിമാരും ബദ്‌റിലേക്ക് നടത്തിയത്. അതുകൊണ്ടുതന്നെ മദീനയിലുണ്ടായിരുന്ന സ്വഹാബിമാരില്‍ പലരും ബദ്‌റിലേക്ക് പോവുകയോ യുദ്ധത്തില്‍ പങ്കെടുക്കുകയോ ചെയ്തിരുന്നില്ല.(1) മുന്നൂറ്റിപ്പത്തില്‍പരം പേര്‍ മുഹമ്മദ് നബി(സ)യോടൊപ്പം ബദ്‌റില്‍ പങ്കെടുത്തുവെന്ന് ബുഖാരിയും(2) അവരുടെ എണ്ണം എണ്ണൂറ്റിപത്തൊന്‍പതായിരുന്നുവെന്ന് മുസ്‌ലിമും(3) നിവേദനം ചെയ്തിട്ടുണ്ട്. യുദ്ധത്തിന് ഒരുങ്ങിപോയവരല്ലാത്തതിനാല്‍തന്നെ അവരുടെ പക്കല്‍ ആവശ്യത്തിനുള്ള ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ല. അവര്‍ക്ക് പോരാടാനുണ്ടായിരുന്നതാകട്ടെ സര്‍വ്വായുധ സന്നദ്ധരായി യുദ്ധത്തിന് ഒരുങ്ങിവന്ന(4) യുദ്ധസജ്ജരും നിപുണരുമായ ഖുറൈശികളോടായിരുന്നു. രണ്ട് കുതിരകളും എഴുപത് ഒട്ടകങ്ങളും മുന്നൂറിലധികം പേരുമടങ്ങുന്ന മുഹമ്മദ് നബി(സ)യുടെ നേതൃത്വത്തിലുള്ള മുസ്‌ലിം സൈന്യവും നൂറിലധികം കുതിരകളും നിരവധി ഒട്ടകങ്ങളും ആയിരത്തിമുന്നൂറോളം വരുന്ന സായുധസജ്ജരുമടങ്ങുന്ന അബൂജഹ്‌ലിന്റെ നേതൃത്വത്തിലുള്ള ഖുറൈശീ സൈന്യവും തമ്മിലാണ് ബദ്‌റില്‍ ഏറ്റുമുട്ടിയത്.(5) പക്ഷെ, ഇസ്‌ലാമിക ചരിത്രത്തിലെ പ്രഥമ യുദ്ധത്തില്‍ മുസ്‌ലിംകള്‍ വിജയിച്ചു. ബഹുദൈവാരാധകരിലെ നേതാക്കളായ അബൂജഹ്‌ലും ഉമയ്യത്തുബിനു ഖലഫുമടക്കമുള്ള എഴുപത് പേര്‍ മരണപ്പെടുകയും എഴുപത് പേരെ മുസ്‌ലിംകള്‍ ബന്ദികളായി പിടിക്കുകയും െചയ്തപ്പോള്‍(6) പതിനാല് മുസ്‌ലിംകളാണ് ബദ്‌റ് യുദ്ധത്തില്‍ രക്ഷസാക്ഷികളായത്.(7) ചെറിയൊരു സംഘം അല്ലാഹുവിന്റെ സഹായത്താല്‍ വലിയൊരു സംഘത്തെ ജയിച്ചടക്കി. ബദ്‌റിലുണ്ടായ അല്ലാഹുവിന്റെ സഹായത്തെക്കുറിച്ച് വ്യക്തമാക്കുന്ന ക്വുര്‍ആന്‍ സൂക്തങ്ങള്‍ കാണുക: ”നിങ്ങള്‍ ദുര്‍ബലരായിരിക്കെ ബദ്‌റില്‍ വെച്ച് അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങള്‍ നന്ദിയുള്ളവരായേക്കാം. നബി(സ)യേ നിങ്ങളുടെ രക്ഷിതാവ് മൂവായിരം മലക്കുകളെ ഇറക്കികൊണ്ട് നിങ്ങളെ സഹായിക്കുക എന്നത് നിങ്ങള്‍ക്ക് മതിയാവുകയില്ലേ എന്ന് നീ സത്യവിശ്വാസികളോട് പറഞ്ഞിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക)” (3:123,124)

ആദര്‍ശത്തിന്റെ സംരക്ഷണത്തിനായി അന്തിമ പ്രവാചകനും അനുയായികളും തോളോട് തോളുരുമ്മി പടവെട്ടിയപ്പോള്‍ അവിടെ അല്ലാഹുവിന്റെ സഹായമുണ്ടായി. അല്ലാഹുവിന്റെ തൃപ്തി മാത്രം കാംക്ഷിച്ചുകൊണ്ടാണ് മുസ്‌ലിംകള്‍ പടവെട്ടിയതെന്ന വസ്തുത വ്യക്തമാക്കുന്നതാണ് നടേ വിവരിച്ച സംഭവം. അധികാരവും യുദ്ധാര്‍ജ്ജിത സമ്പത്തും അങ്ങനെ ലഭിക്കുന്ന അടിമപ്പെണ്‍കൊടികളുമൊത്തുള്ള ശയനവുമായിരുന്നു മുസ്‌ലിംകളെ യുദ്ധത്തിന് പ്രചോദിപ്പിച്ചതെന്ന വിമര്‍ശനത്തിന്റെ നട്ടെല്ലൊടിക്കുന്ന ഇത്തരം നിരവധി സംഭവങ്ങള്‍ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ചുകൊണ്ടും അവന്റെ സഹായം പ്രതീക്ഷിച്ചുകൊണ്ടും വിശ്വാസികള്‍ പടപൊരുതിയപ്പോള്‍ അല്ലാഹു അവരെ സഹായിച്ചു. യുദ്ധത്തില്‍ മുസ്‌ലിംകള്‍ വിജയിച്ചത് അല്ലാഹുവിന്റെ സഹായം കൊണ്ടാണ്. കൂടാരത്തില്‍ പ്രാര്‍ഥനാനിമഗ്‌നനായിരുന്ന പ്രവാചകൻ(സ) ഇടയ്ക്ക് പുറത്തുവന്നുകൊണ്ട് അബൂബക്കറിനോട്‌ (റ)പറഞ്ഞു: ‘സന്തോഷവാര്‍ത്തയുണ്ട് അബൂബക്ര്‍. അല്ലാഹുവിന്റെ സഹായം വന്നെത്തിയിരിക്കുന്നു. തലപ്പാവ് വെച്ചുകൊണ്ട് തന്റെ കുതിരയെ നയിച്ച് ഇതാ ജിബ്‌രീല്‍ എത്തിക്കഴിഞ്ഞു. അദ്ദേഹത്തിന്റെ കുതിരയുടെ പല്ലില്‍ പൊടി പിടിച്ചിട്ടുണ്ട്. അല്ലാഹു വാഗ്ദാനം ചെയ്ത സഹായം ഇതാ വന്നെത്തിയിരിക്കുന്നു'(8)

അധികാരമോഹവും അധീശത്വ സ്വപ്നങ്ങളുമാണ് മുഹമ്മദ് നബി(സ)യെ ആയുധമെടുക്കുവാന്‍ പ്രചോദിപ്പിച്ചത് എന്ന് പറയുന്നവര്‍ക്ക് ബദ്‌റില്‍വെച്ച് അദ്ദേഹം മറ്റെന്ത് ചെയ്യണമെന്നാണ് നിര്‍േദശിക്കുവാനുള്ളതെന്ന് അറിയുവാന്‍ കൗതുകമുണ്ട്. മുസ്‌ലിംകള്‍ക്കെതിരെ പടപൊരുതിക്കൊണ്ട് തങ്ങളുടെ യശസ്സ് അറബ് ലോകത്തെ അറിയിക്കണമെന്ന് അഹങ്കരിക്കുന്ന അബൂജഹ്‌ലിന്റെ നേതൃത്വത്തിലുള്ള ഒരു വന്‍സൈന്ന്യം അതിക്രമങ്ങള്‍ക്കൊരുങ്ങി ബദ്‌റില്‍ തമ്പടിച്ചപ്പോള്‍ അവര്‍ക്കെതിരെ സായുധസന്നാഹം നടത്താതിരിക്കണമെന്ന് പറയുവാന്‍ രാഷ്ട്രതന്ത്രത്തിന്റെ ബാലപാഠമെങ്കിലും അറിയുന്നവര്‍ സന്നദ്ധമാകുമോ? അത് നടന്നിട്ടില്ലായിരുന്നുവെങ്കില്‍ പ്രസ്തുത സൈന്യം മദീനയിലേക്ക് മാര്‍ച്ച് ചെയ്യുകയും മദീനാപട്ടണം തന്നെ നാമാവശേഷമാകുന്ന സ്ഥിതി ഉണ്ടാവുകയും ചെയ്യുമായിരുന്നുവെന്ന് സംഭവങ്ങളെ നിരീക്ഷിക്കുന്ന ആര്‍ക്കാണ് മനസിലാക്കാന്‍ കഴിയാത്തത്! യുദ്ധത്തിന് ഒരുങ്ങിവന്ന ശത്രുക്കളില്‍നിന്ന് നാടിനെയും നാട്ടുകാരെയും സംരക്ഷിക്കുകയും അങ്ങനെ സമാധാനപൂര്‍ണമായി ഇസ്‌ലാമിക ജീവിതം നയിക്കുവാനും അതിലേക്ക് ആളുകളെ ക്ഷണിക്കുവാനുമുള്ള സാഹചര്യങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുവാന്‍ വേണ്ടിയാണ് ബദ്‌റ് യുദ്ധം നടത്തണമെന്ന വസ്തുത സത്യസന്ധമായി ചരിത്രപഠനം നിര്‍വഹിക്കുന്നവര്‍ക്കൊന്നും നിഷേധിക്കാനാവില്ല, തീര്‍ച്ച.

  1. സ്വഹീഹുല്‍ ബുഖാരി, കിത്താബുല്‍ മഗാസി
  2. സ്വഹീഹുല്‍ ബുഖാരി, കിത്താബുല്‍ മഗാസി
  3. സ്വഹീഹു മുസ്‌ലിം, കിത്താബുല്‍ ജിഹാദ്, വസ്സിയീര്‍
  4. സ്വഹീഹു മുസ്‌ലിം, കിത്താബുല്‍ ജിഹാദ്, വസ്സിയീര്‍
  5. ഇമാം ഇബ്‌നുകഥീര്‍ തന്റെ അല്‍ ബിദായയില്‍ (3/284-285) മുര്‍സലായി നിവേദനം ചെയ്തത്. Mahdi Rizqulla Ahmed: A Biography of the Prophet of Islam; Riyadh 2005, page 391
  6. സ്വഹീഹു മുസ്‌ലിം, കിത്താബുല്‍ ജിഹാദ് വസ്സിയീര്‍
  7. ഇമാം ഇബ്‌നു കഥീര്‍ അല്‍ ബിദായയില്‍ (3/230) മൂസബ്‌നു ഉഖ്ബയില്‍ (റ) നിന്ന് നിവേദനം ചെയ്തത് M.R. Ahmad Opt.cit page 414
  8. സ്വഹീഹു മുസ്‌ലിം, കിത്താബുല്‍ ജിഹാബു വസ്സയീര്‍
  9. ഇബ്‌നു കഥീര്‍ അല്‍ബിദായയില്‍ ഹസനായി നിവേദനം ചെയ്തത് (ഇമാം അല്‍ബാനി: ഫിഖ്ഹുസ്‌സീറക്ക് എഴുതിയ അടിക്കുറിപ്പുകള്‍ പുറം 243)
print