പ്രവാചക ശിഷ്യൻ സുബൈർ (റ), ഭാര്യയെ തല്ലുമായിരുന്നുവെന്നോ ?!

/പ്രവാചക ശിഷ്യൻ സുബൈർ (റ), ഭാര്യയെ തല്ലുമായിരുന്നുവെന്നോ ?!
/പ്രവാചക ശിഷ്യൻ സുബൈർ (റ), ഭാര്യയെ തല്ലുമായിരുന്നുവെന്നോ ?!

പ്രവാചക ശിഷ്യൻ സുബൈർ (റ), ഭാര്യയെ തല്ലുമായിരുന്നുവെന്നോ ?!

വിമർശനം:

പ്രവാചക ശിഷ്യൻ സുബൈർ (റ), തന്റെ ഭാര്യയെ സ്ഥിരമായി തല്ലാറുണ്ടായിരുന്നു.

മറുപടി:

സംഭവം സ്ഥിരപ്പെട്ട പരമ്പരയോടെ ഉദ്ധരിക്കപ്പെട്ടിട്ടില്ല. നിവേദനങ്ങളുടെ പരമ്പരകൾ ദുർബലമാണ്.

സുബൈർ (റ) തന്റെ ഭാര്യയായ അസ്മാഅ് ബിൻത്ത് അബൂബക്കറിനെ സ്ഥിരമായി തല്ലാറുണ്ടായിരുന്നു എന്ന് ചില നിവേദനങ്ങൾ പല ഗ്രന്ഥങ്ങളിലും വന്നിട്ടുണ്ടെങ്കിലും എല്ലാ നിവേദനങ്ങളും വളരെ ദുർബലമാണ്.

1. ‘അസ്മാഅ് (റ) തന്റെ ഭർത്താവ് സുബൈറിനെ (റ) സംബന്ധിച്ച് തന്റെ പിതാവിനോട് പരാധിപ്പെട്ടു’ എന്ന് സൂചിപ്പിക്കുന്ന ചില നിവേദനങ്ങൾ ഇബ്നു സഅ്ദ്, ‘ത്വബകാത്തുൽ കുബ്റാ’ യിലും (8:251), ഇബ്നു അസാകിർ, ‘താരീഖു മദീനത്തു ദിമശ്ക്കി'(69:15)ലും അബ്ദുർറസാക് തന്റെ ‘മുസ്വന്നഫി’ലും (20599) ഉദ്ധരിക്കുന്നുണ്ട്. ‘ഇക്‌രിമ’യിൽ നിന്നാണ് സംഭവം നിവേദനം ചെയ്യപ്പെടുന്നത്. എന്നാൽ, ഇക്‌രിമ ഈ സംഭവത്തിന് സാക്ഷിയല്ല. അദ്ദേഹം അബൂബക്കറിനെ (റ) കണ്ടുമുട്ടിയിട്ടില്ല, അസ്മാഇൽ നിന്ന് നേരിട്ട് കേട്ടതാണെന്ന് വ്യക്തമാക്കിയിട്ടുമില്ല. അതിനാൽ നിവേദനം മുർസൽ (المرسل) അഥവാ പരമ്പര മുറിഞ്ഞത് ആകുന്നു. (സിൽസിലത്തു സ്വഹീഹ: 3:276)

ورجاله ثقات لكن عكرمة لم يدرك القصة ولم يتبين لي هل سمع من أسماء أم لا فيتحتمل أنه أخذه منها…

(أرشيف منتدى الألوكة – مسألة ضرب الزوجات وهل أثر الزبير رضي الله عنه صحيحا – المكتبة الشاملة الحديثة )

ഇനി ഇബ്നു സഅ്ദ്, ഇബ്നു അസാകിർ,അബ്ദുർറസാക് തുടങ്ങിയവർ ഉദ്ധരിച്ച ഈ നിവേദനങ്ങൾ സ്വഹീഹ് (സ്വീകാര്യതയുടെ മാനദണ്ഡങ്ങൾ പൂർത്തിയായവ) ആണെന്ന് വന്നാൽ തന്നെ സുബൈർ (റ) തന്റെ ഭാര്യയായ അസ്മാഇനെ തല്ലുമായിരുന്നെന്ന് ഈ നിവേദനങ്ങളിൽ പ്രസ്ഥാവിക്കുന്നേ ഇല്ല.!
അസ്മാഅ്, തന്റെ പിതാവ് അബൂബക്കറിന്റെ അടുത്തു വന്ന്, ഭർത്താവ് സുബൈർ തന്നോട് “പാരുഷ്യം കാണിക്കുന്നു എന്ന് പരാധിപ്പെട്ടു” (فشكت شدة الزبير عليها) എന്നാണ് ഈ നിവേദനങ്ങളിൽ പ്രസ്ഥാവിക്കപ്പെട്ടിട്ടുള്ളത്. സുബൈർ (റ) ലൗകിക വിരക്തനായതിനാൽ, സമ്പത്ത് ചെലവഴിക്കുന്നതിലുള്ള അദ്ദേഹത്തിന്റെ കാർക്കശ്യമാണ് ഇവിടെ അസ്മാഅ് പരാധിപ്പെടുന്ന ‘പാരുഷ്യം’ എന്ന് പല പണ്ഡിതന്മാരും വ്യക്തമാക്കിയിട്ടുണ്ട്.

ഭർത്താക്കന്മാരെ സംബന്ധിച്ച് നവ വധുക്കൾ പരാധി പറയുക സാധാരണ കാര്യമാണ്. തന്നെ സ്നേഹിക്കുന്നില്ല, തന്നോട് മോശമായി പെരുമാറുന്നു എന്നൊക്കെ മാതാപിതാക്കളോട് പരാതി പറയുന്നത് എല്ലാം ശരിയാവണമെന്നില്ലല്ലൊ. അവ കേവല ആത്മനിഷ്ടമായ തോന്നലുകൾ ആവാം… നിസ്സാരമായ കാര്യങ്ങളെ പർവ്വതീകരിക്കലുമാവാം… എന്നൊക്കെ പിതാവ് അബൂബക്കർ മകളുടെ പിണക്കത്തെ പറ്റി മനസ്സിലാക്കിയുള്ളു. അതുകൊണ്ട് ദാമ്പത്യ ജീവിതത്തിലെ സംയമനത്തേയും ക്ഷമയേയും പറ്റി മകളെ ഉപദേശിച്ചു. ഭർത്താവായ സുബൈറിനെ ‘സദ്‌വൃത്തനായ ഭർത്താവ്’ (زوج صالح) എന്ന് അബൂബകർ (റ) വിശേഷിപ്പിക്കുകയും ചെയ്തു എന്ന് അതേ നിവേദനത്തിൽ കാണാം.

വളരെ തരള ഹൃദയനായിരുന്നു അബൂബക്കർ (റ). അതുകൊണ്ടു തന്നെ, വളരെ അലിവോടും വാൽസല്യത്തോടു കൂടെയുമാണ് അദ്ദേഹം തന്റെ പെൺമക്കളെ വളർത്തിയത്. അത്ര ലാളനയിലും വാൽസല്യത്തിലും വളർന്ന പെൺകുട്ടികൾക്ക് വിവാഹാനന്തരം ചെറിയ ജീവിത മാറ്റങ്ങൾ തന്നെ അസഹ്യമായി അനുഭവപ്പെടുക സ്വഭാവികമാണ്. അബൂബക്കറിന്റെ(റ) മറ്റൊരു മകളായ ആഇശക്ക്(റ) ഈ മാറ്റം അനുഭവപ്പെടാതിരുന്നത് പിതാവ് അബൂബക്കറിനേക്കാൾ സ്നേഹവും കരുണയും വാൽസല്യവും ഭർത്താവായ പ്രവാചകനിൽ (സ) നിന്ന് ലഭിച്ചതു കൊണ്ടാകാം. പ്രവാചകനെ പോലെ അലിവിന്റെ ഖനിയാവാനും ഭാര്യമാരെ പൂർണമായും തൃപ്തിപ്പെടുത്താനും എല്ലാ ഭർത്താക്കന്മാർക്കും കഴിഞ്ഞെന്നു വരില്ലല്ലൊ. അത്രയെ സുബൈറിന്റെ ‘തെറ്റായി’ ഈ നിവേദത്തിൽ നിന്ന് മനസ്സിലാക്കാനുള്ളു.

അതേ സമയം സുബൈർ മകളെ തല്ലുന്നതായി പരാധിപ്പെട്ടിരുന്നെങ്കിൽ അബൂബക്കർ (റ) മകളെ ദാമ്പത്യ ജീവിതത്തിലെ സംയമനത്തേയും ക്ഷമയേയും പറ്റി ഉപദേശിക്കുകയല്ല, ശക്തമായി തന്നെ പ്രതികരിക്കുകയിരുന്നു ചെയ്യുക. തന്നെ തല്ലുന്നതായി മകൾ പരാധിപ്പെട്ടതായി സ്വഹീഹായ ഒരു നിവേദനത്തിലും കാണുന്നില്ല.

2. സുബൈർ (റ) ഭാര്യയായ അസ്മാഇനെ (റ) “തല്ലിയിരുന്നു” എന്നോ “തല്ലി” എന്നോ സൂചിപ്പിക്കുന്ന നിവേദനങ്ങൾ താഴെ പറയുന്നവയാണ്:

a) ത്വബ്റാനി തന്റെ ‘മുഅ്ജമുൽ കബീറി’ൽ (234) ഉദ്ധരിച്ച കഥയുടെ പരമ്പര:

حَدَّثَنَا أَحْمَدُ بن زَيْدِ بن هَارُونَ، حَدَّثَنَا إِبْرَاهِيمُ بن الْمُنْذِرِ الْحِزَامِيُّ، حَدَّثَنَا عَبْدُ اللَّهِ بن مُحَمَّدِ بن يَحْيَى بن عُرْوَةَ، عَنْ هِشَامِ بن عُرْوَةَ، قَالَ:…

പരമ്പരയിലെ അബ്ദുല്ലാഹിബ്നു മുഹമ്മദിബ്നു യഹ്‌യ എന്ന നിവേദകൻ ദുർബലനാണെന്ന് ഇമാം ഹൈസമി ‘മജ്‌മഉസ്സവാഇദ്’ ൽ വ്യക്തമാക്കിയിരിക്കുന്നു.

وفيه عبد الله بن محمد بن يحيى بن عروة وهو ضعيف

മാലികിൽ നിന്ന് ഇബ്നുൽ അറബി, കുർതുബി എന്നിവർ സുബൈറിന്റെ(റ) ‘അടിയെ’ സൂചിപ്പിക്കുന്ന സംഭവം ഉദ്ധരിച്ചിട്ടുണ്ട്. നിവേദനത്തെ സംബന്ധിച്ച് ‘ഉപോൽബലകമായ നിവേദകസാക്ഷ്യങ്ങളില്ലാത്ത ഒറ്റപ്പെട്ട നിവേദനം’ എന്ന് കാദി അബൂബക്കറും, സംഭവം തന്റെ ഗ്രന്ഥത്തിൽ എടുത്തുദ്ധരിച്ച ഇബ്നുൽ അറബി തന്നെയും വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ നിവേദനം ഉദ്ധരിച്ച മാലിക് കഥക്ക് സാക്ഷിയല്ല എന്നതു കൂടി ചരിത്രത്തിൽ നിന്ന് വ്യക്തമാണ്. കാരണം മാലിക് (ജനനം: ഹിജ്റ: 93) അസ്മാഅ്നെ (മരണം: ഹിജ്റ: 73) ജീവിതത്തിൽ ഒരിക്കലും കണ്ടുമുട്ടിയിട്ടില്ല.
അതിനാൽ തന്നെ പരമ്പര മുറിഞ്ഞതും ദുർബലവുമാണ് എന്ന് വ്യക്തം.

3. “അല്ലാഹുവിന്റെ ദൂതൻ (സ) തന്റെ കൈ കൊണ്ട് ഒരു സ്ത്രീയെ പോലും ഒരിക്കലും അടിച്ചിട്ടില്ലെന്ന്…” (സ്വഹീഹു മുസ്‌ലിം: 2328) പത്നി ആഇശ (റ) പറയുന്നു.
“അല്ലാഹുവിന്റെ അടിയാത്തികളെ നിങ്ങൾ അടിക്കരുത്…” (لَا تَضْرِبُوا إِمَاءَ اللَّهِ) എന്നാണ് പ്രവാചകൻ (സ) തന്റെ ശിഷ്യന്മാരെ ഉപദേശിച്ചത്. (അബൂദാവൂദ്: 2146)
“നാണമില്ലേ നിങ്ങള്‍ക്ക്? അടിമയെ അടിക്കുന്നതുപോലെ സ്വന്തം ഭാര്യയെ അടിക്കാന്‍; പിന്നെ അവളോടൊത്ത് ശയിക്കാനും” (സ്വഹീഹുൽ ബുഖാരി: 4908, മുസ്വന്നഫ് അബ്ദുർറസാക്ക്) എന്ന് ഭാര്യമാരെ അടിക്കുന്ന ചിലരുടെ നിലപാടിനെ പ്രവാചകൻ (സ) ശക്തമായി അപലപിച്ചു.

അതുകൊണ്ടു തന്നെ, പ്രവാചകന്റെ(സ) മാതൃകയെ കണിശമായി പിന്തുടരുന്ന, അദ്ദേഹത്തിന്റെ കൽപനയെ സമ്പൂർണമായും ശിരസാവഹിക്കുന്ന പ്രവാചകാനുചരന്മാർ ഒരിക്കലും തങ്ങളുടെ ഭാര്യമാരെ ഗാർഹിക പീഢനങ്ങൾക്ക് വിധേയമാക്കില്ലെന്നത് തീർച്ചയാണ്. വിശിഷ്യാ പ്രവാചകന്റെ(സ) സന്ധത സഹചാരിയായ സുബൈർ (റ) തന്റെ ഭാര്യയെ സ്ഥിരമായി തല്ലുകയെന്നത് അസംഭവ്യമാണ്.

4. അതിഗുരുതരമായ സ്വഭാവദൂഷ്യങ്ങൾ ഭാര്യമാരിൽ നിന്ന് പ്രകടമാകുന്ന സന്ദർഭത്തിൽ ഭാര്യമാരെ ഉപദേശിച്ച് മര്യാദ പഠിപ്പിക്കാനും, അതുകൊണ്ടും കാര്യമില്ലെന്ന് കണ്ടാൽ കിടപ്പറയിൽ വിട്ടു കിടന്ന് പിണക്കം പ്രകടിപ്പിക്കാനും, അതുകൊണ്ടും ഫലമില്ലെങ്കിൽ ‘തല്ലാനും’ ക്വുർആൻ (സൂറത്തു ന്നിസാഅ്: 34) അനുവാദം നൽകുന്നുണ്ടെങ്കിലും ആ തല്ല് ശാരീരികമായി വേദനപ്പിക്കുന്നതാവരുത്, ആ തല്ലിലൂടെ തന്റെ ശക്തമായ പ്രതിഷേധമറിയിക്കാനുള്ള ഒരു അടയാളം മാത്രമാകണമെന്നാണ് പ്രവാചകൻ (സ) വ്യഖ്യാനിച്ചത്. “വേദനിപ്പിക്കാത്ത അടി” (ضربا غير مبرح) എന്നു തന്നെ പ്രവാചകൻ (സ) ആ അടിയെ വിശേഷിപ്പിക്കുകയും ചെയ്തു. (സ്വഹീഹു മുസലിം: 2138)

ഇബ്നു കസീർ പറഞ്ഞു: “അവളെ അടിക്കുക എന്ന് ക്വുർആൻ പറഞ്ഞത് ഉപദേശം കൊണ്ടോ പിണക്കം കൊണ്ടോ പരിഹാരമില്ലാത്ത സന്ദർഭത്തിലാണ്. അതു തന്നെ ശക്തമല്ലാത്ത അടിയാണ് അനുവദിച്ചത്… ഹസനുൽ ബസ്വരി പറഞ്ഞു: “പാടൊ അടയാളമൊ പതിയാത്ത അടിയാണിത്.” കർമ്മശാസ്ത്ര പണ്ഡിതർ പറഞ്ഞു: അവയവങ്ങൾക്ക് മുറിവോ വേദനയോ, അടയാളമോ ഒന്നും ഉണ്ടാകാത്ത അടിയാണ് ഉദ്ദേശ്യം.”
(തഫ്സീറു ഇബ്നുകസീർ: 2:293)

ഇമാം കുർത്തുബി പറഞ്ഞു: “ഉപദേശം കൊണ്ടും പിണക്കം കൊണ്ടുമാണ് പ്രശ്നപരിഹാരത്തിനുള്ള ശ്രമം ആരംഭിക്കേണ്ടത്. എന്നിട്ടും പരിഹാരമില്ലാത്ത സന്ദർഭത്തിലാണ് അടി… ആയത്തിൽ പറയുന്ന അടി മര്യാദയുടെ അടിയാണ്. വേദനാജനകമായ അടിയല്ല. ആ അടി മൂലം അസ്ഥി ഒടിയുകയോ അവയവത്തിന് മുറിവോ ചതവോ വരുകയോ തുടങ്ങിയവയൊന്നും സംഭവിക്കരുത്. ആ അടി കൊണ്ടുള്ള ഉദ്ദേശം ദാമ്പത്ത്യത്തിന്റെ നന്മ മാത്രമാകണം.”
(ജാമിഉൽ അഹ്‌കാം: 5:172)

ഇമാം നവവി (റ) പറഞ്ഞു: ” ‘വേദനിപ്പിക്കാത്ത അടി’ (ضربا غير مبرح) എന്നു പ്രവാചകൻ (സ) പറഞ്ഞതിലെ ഉദ്ദേശം ശക്തമോ ശാരീരിക പ്രയാസമോ ഉണ്ടാക്കാത്ത അടിയാണ്. ‘അൽ ബർഹ്’ (البَرْح) എന്നാൽ ‘ശാരീരിക പ്രയാസം’ (المشقة) എന്നാണ് അർത്ഥം. അൽ മുബർരിഹ് (المبرِّح) എന്നാൽ ശാരീരിക പ്രയാസം സൃഷ്ടിക്കുന്നത്. അത്തരം അടിയാകരുത് അത് എന്നാണ് പ്രവാചകൻ (സ) ഹദീസിൽ പ്രസ്ഥാവിച്ചത്.”
(ശർഹു മുസ്‌ലിം: 8:184)

ഇനി, ഇത്തരം സന്ദർഭങ്ങളിൽ, മൃദുലമായ അടി അനുവദിച്ചപ്പോഴും “ഭാര്യയുടെ മുഖത്ത് അടിക്കുകയോ അപമാനിക്കുകയോ ചെയ്യരുത്” എന്നും “ജനങ്ങൾക്കിടയിൽ പിണക്കം പ്രകടിപ്പിക്കുകയോ അവമതിക്കുകയോ ചെയ്യരുത്” എന്നും പ്രവാചകൻ (സ) പ്രത്യേകം ഉപദേശിച്ചതു കൂട (സ്വഹീഹു അബൂദാവൂദ്: 2143 ) ചേർത്തു വായിക്കുക.

print