പ്രവാചകന്റെ(സ) മൂത്രം കുടിക്കാമെന്നോ ?!

/പ്രവാചകന്റെ(സ) മൂത്രം കുടിക്കാമെന്നോ ?!
/പ്രവാചകന്റെ(സ) മൂത്രം കുടിക്കാമെന്നോ ?!

പ്രവാചകന്റെ(സ) മൂത്രം കുടിക്കാമെന്നോ ?!

രാത്രി, പാത്രത്തിൽ ഒഴിച്ചിരുന്ന പ്രവാചകന്റെ(സ) മൂത്രം ഉമ്മു അയ്‌മൻ (റ) കുടിച്ചു എന്ന കഥ.
(മുസ്തദ്റക് ഹാകിം: 70/ 4)

ഹദീസ് വളരെ ദുർബലമാണ്.

കാരണങ്ങൾ:

1, നിവേദകനായ നുബൈഹ് അൽ അനസിയുടേയും ഉമ്മു അയ്‌മന്റേയും ഇടയിൽ നിവേദക പരമ്പര മുറിഞ്ഞതാണെന്ന് ഇമാം ഇബ്‌നു ഹജർ വ്യക്തമാക്കുന്നു.
(അത്തൽഖീസുൽ ഹബീർ ഫീ തഖ്‌രീജി അഹാദീസിർ റാഫിഈ: 1/171)

2. നിവേദക പരമ്പരയിലെ (സനദ്) ‘അബൂമാലിക് അന്നഖഇ’ യുടെ മുഴുവൻ നാമം അബ്ദുൽ മലിക് ഇബ്‌നു ഹുസൈൻ എന്നാണ്. ഇയാൾ ദുർബലനാണെന്ന കാര്യത്തിൽ ഹദീസ് പണ്ഡിതന്മാരെല്ലാം ഏകാഭിപ്രായക്കാരാണ്.

ഇമാം നസാഇ പറഞ്ഞു: അയാൾ കളവ് പറയുന്നവനായി ആരോപിതനാണ്.
ഇമാം അബൂ ഹാതിം പറഞ്ഞു: അയാളുടെ ഹദീസുകൾ ദുർബലമാണ്.
ഇമാം അംറിബ്‌നു അലി പറഞ്ഞു: ദുർബലൻ, വിശ്വസ്ഥരായ നിവേദകർക്കെതിരെ ദുർബലമായ ഹദീസ് ഉദ്ധരിക്കുന്ന വ്യക്തി. ഇമാം നസാഇയുടെ ‘ദുഅഫാഉ വൽ മത്റൂകീൻ’, ഇബ്‌നു അബീഹാതിമിന്റെ ‘ജർഹുവ തഅ്ദീൽ’ എന്നീ ഗ്രന്ഥങ്ങളിൽ ഇത് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.

കൂടാതെ ഇമാം ദാറകുത്നിയും (അൽ ഇലല്: 15 / 415) ഇമാം ഇബ്‌നു ഹജറുൽ അസ്‌കലാനിയും (അത്തൽഖീസുൽ ഹബീർ ഫീ തഖ്‌രീജി അഹാദീസിർ റാഫിഈ: 1/171) ഈ ഹദീസ് മുകളിൽ സൂചിപ്പിച്ച കാരണങ്ങളാൾ ദുർബലമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

3. പ്രവാചകൻ (സ) മലമൂത്ര വിസർജനത്തിന് ശേഷം കണിശതയോടെ അവയവങ്ങൾ വൃത്തിയാക്കിയിരുന്നതായി സ്വഹീഹായ ഒട്ടനവധി ഹദീസുകളിൽ സ്ഥിരപ്പെട്ട കാര്യമാണ്. പ്രവാചകന്റെ മലമൂത്ര വിസർജ്യങ്ങൾ ശുദ്ധമായിരുന്നെങ്കിൽ അദ്ദേഹം അപ്രകാരം ചെയ്യുമായിരുന്നില്ല. ഇത്തരം കാര്യങ്ങളിൽ പ്രവാചകൻ (സ) മറ്റുള്ള മനുഷ്യന്മാരെ പോലെ തന്നെയാണ്. “(നബിയേ,) പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു.” (ഖുർആൻ: 18: 110)

print