ബീജസങ്കലനത്തെക്കുറിച്ച് നിശബ്ദമായ ക്വുർആനും ഹദീഥുകളും അശാസ്ത്രീയമാണെന്ന് വ്യക്തമല്ലേ?

/ബീജസങ്കലനത്തെക്കുറിച്ച് നിശബ്ദമായ ക്വുർആനും ഹദീഥുകളും അശാസ്ത്രീയമാണെന്ന് വ്യക്തമല്ലേ?
/ബീജസങ്കലനത്തെക്കുറിച്ച് നിശബ്ദമായ ക്വുർആനും ഹദീഥുകളും അശാസ്ത്രീയമാണെന്ന് വ്യക്തമല്ലേ?

ബീജസങ്കലനത്തെക്കുറിച്ച് നിശബ്ദമായ ക്വുർആനും ഹദീഥുകളും അശാസ്ത്രീയമാണെന്ന് വ്യക്തമല്ലേ?

ബീജസങ്കലനമെന്ന പദം ഖുർആൻ പ്രയോഗിച്ചിട്ടില്ലെന്നത് ശരിയാണ്. എന്നാൽ, സ്ത്രീ-പുരുഷ ബീജങ്ങളുടെ സംയോജനത്തിൽ നിന്നാണ് കുഞ്ഞുണ്ടാവുന്നതെന്ന വസ്തുതയിലേക്ക് ക്വുർആൻ വെളിച്ചം വീശിയിട്ടുണ്ട്. ഇവ്വിഷയകമായ ഖുർആൻ പരാമർശങ്ങളുടെ കൃത്യതയും സൂക്ഷ്മതയുമറിയണമെങ്കിൽ അക്കാലത്ത് നിലവിലുണ്ടായിരുന്ന സങ്കൽപ്പങ്ങൾ എന്തൊക്കെയായിരുന്നുവെന്ന് മനസ്സിലാക്കണം.
പുരുഷ ശുക്ലവും ആര്‍ത്തവരക്തവും ചേര്‍ന്നാണ് കുഞ്ഞുണ്ടാവുന്നതെന്ന് കരുതിയ പിപ്പിലാദ ഋഷി മുതല്‍(1) പാലില്‍നിന്ന് തൈരുണ്ടാവുന്നതുപോലെ ശുക്ലദ്രാവകം ഘനീഭവിച്ചാണ് ശിശുനിര്‍മിതി നടക്കുന്നതെന്ന് വിചാരിച്ച ബൈബിളിലെ  ഇയ്യോബ്(2) പുസ്തകത്തിന്റെ കര്‍ത്താവ് വരെയുള്ളവരുടെ വീക്ഷണങ്ങള്‍ വ്യത്യസ്ത അറ്റങ്ങളിലുള്ളവയായിരുന്നു. പുരുഷന്റെയും സ്ത്രീയുടെയും ശുക്ലങ്ങളിലുള്ള ബീജങ്ങള്‍ കൂടിച്ചേര്‍ന്നാണ് കുഞ്ഞുണ്ടാവുന്നതെന്ന് കരുതിയ ഹിപ്പോക്രാറ്റസ്,(3) മാതൃരക്തത്തെ പുരുഷശുക്ലം ഘനീഭവിപ്പിച്ചാണ് ശിശുവുണ്ടാകുന്നതെന്ന് കരുതിയ അരിസ്റ്റോട്ടില്‍,(4) ശുക്ലത്തെ മാതൃരക്തം പരിപോഷിപ്പിക്കുമ്പോഴാണ് അതിന്റെ നിര്‍മിതി നടക്കുന്നതെന്ന് വിചാരിച്ച ഗാലന്‍(5) എന്നിവരുടെ വീക്ഷണങ്ങള്‍ പാശ്ചാത്യന്‍ വൈജ്ഞാനിക മണ്ഡലത്തില്‍ സജീവമായിരുന്ന കാലത്താണ് ക്വുര്‍ആന്‍ അവതരിക്കുന്നത്.

“നുത്വ്ഫ (ബീജം) യില്‍ നിന്നാണ് കുഞ്ഞുണ്ടാവുന്നതെന്ന് പറഞ്ഞതോടൊപ്പം തന്നെ കൂടിച്ചേര്‍ന്നുണ്ടായ നുത്വ്ഫയാണ് ശിശുനിര്‍മിതിക്ക് നിമിത്തമാവുന്നതെന്നു കൂടി ക്വുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ക്വുര്‍ആന്‍ പറയുന്നത് നോക്കുക: ”നുത്വ്ഫതുന്‍ അംശാജിൽ (കൂട്ടിച്ചെർന്നുണ്ടായ ബീജം) നിന്ന് തീർച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു; നമുക്ക് അവനെ പരീക്ഷിക്കുവാന്‍. അങ്ങനെ നാം അവനെ കേള്‍ക്കുന്നവനും കാണുന്നവനുമാക്കിയിരിക്കുന്നു.’‘(6)

മനുഷ്യസൃഷ്ടി നടന്നത് ‘നുത്വ്ഫതുന്‍ അംശാജി’ല്‍ നിന്നാണെന്നാണ് ഈ വചനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. മീം, ശീന്‍, ജീം അക്ഷരത്രയത്തില്‍നിന്ന് നിഷ്പന്നമായ മാശിജിന്റെ ബഹുവചനമാണ് അംശാജ്. കൂട്ടിച്ചേര്‍ക്കുക, ആശയക്കുഴപ്പത്തിലാക്കുക, ഒന്നിനെ മറ്റൊന്നുമായി ഒന്നിച്ചുചേര്‍ക്കുക എന്നീ അര്‍ത്ഥങ്ങളിലാണ് ഈ അക്ഷരത്രയം ഉപയോഗിക്കാറുള്ളത്.(7) ‘നുത്വ്ഫതുന്‍ അംശാജുന്‍’ എന്നാല്‍ കൂടിച്ചേര്‍ന്നുണ്ടായ നുത്വ്ഫയെന്നാണ് അര്‍ത്ഥമെന്ന് ഇത് വ്യക്തമാക്കുന്നു. ക്വുര്‍ആനില്‍ ഈ വചനത്തിലല്ലാതെ മറ്റൊരിടത്തും ഈ പദം പ്രയോഗിച്ചിട്ടില്ല. പുരുഷബീജവും അണ്ഡവും ചേര്‍ന്ന സിക്താണ്ഡത്തെ കുറിക്കാനാണ് ക്വുര്‍ആന്‍ ഇങ്ങനെ പ്രയോഗിച്ചതെന്നാണ് മനസ്സിലാവുന്നത്.

പുരുഷ-സ്ത്രീ സ്രവങ്ങളുടെ സംയോജനത്തില്‍നിന്നാണ് കുഞ്ഞുണ്ടാവുന്നതെന്ന വസ്തുത പ്രവാചകന്‍(സ) വ്യക്തമാക്കിയിട്ടുണ്ട്. ശിശുനിര്‍മിതിയെക്കുറിച്ച ജൂത ചോദ്യത്തിനുള്ള പ്രവാചക മറുപടിയില്‍ ”പുരുഷസ്രവം വെളുത്തതും സ്ത്രീസ്രവം മഞ്ഞയുമാണ്; അവ രണ്ടും കൂടിച്ചേര്‍ന്നാല്‍…” എന്നു കാണാം.(8) പുരുഷന്റെ നുത്വ്ഫയും സ്ത്രീയുടെ നുത്വ്ഫയും കൂടിച്ചേര്‍ന്നുണ്ടാവുന്ന “നുത്വ്ഫയെക്കുറിച്ചാണ് ക്വുര്‍ആനില്‍ ‘നുത്വ്ഫതിന്‍ അംശാജിന്‍’’എന്ന് പറഞ്ഞിരിക്കുന്നതെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. പ്രത്യുല്‍പാദനത്തെയും കുഞ്ഞിന്റെ ലിംഗനിര്‍ണയം, വിധി എന്നിവയെയുമെല്ലാം കുറിച്ച് പ്രതിപാദിക്കുന്ന ഹദീഥുകളിലും സ്ത്രീ-പുരുഷ സ്രവങ്ങളുടെ സംയോജനത്തെക്കുറിച്ച പരാമര്‍ശങ്ങള്‍ കാണാം. (9)

പ്രവാചകനില്‍നിന്ന് മതം പഠിച്ച സ്വഹാബിമാര്‍ സ്ത്രീ-പുരുഷ സ്രവങ്ങളുടെ സംയോജനമാണ് “നുത്വ്ഫതിന്‍ അംശാജിന്‍’ എന്നതുകൊണ്ട് മനസ്സിലാക്കിയതെന്ന് ക്വുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ”പുരുഷസ്രവവും സ്ത്രീസ്രവവും; അവ യോജിക്കുമ്പോള്‍”’ എന്നാണ് ഇബ്‌നുഅബ്ബാസ്(റ) ഈ വചനത്തെ വ്യാഖ്യാനിച്ചതെന്ന് ഇമാം ത്വബ്‌രി തന്റെ ജാമിഉല്‍ ബയാന്‍ ഫീ തഫ്‌സീറില്‍ ക്വുര്‍ആനില്‍ സമര്‍ത്ഥിക്കുന്നു.(10) ഇക്‌രിമ(റ)യാകട്ടെ, “”പുരുഷസ്രവവും സ്ത്രീസ്രവവും; അതിലൊന്ന് മറ്റേതുമായി കൂടിച്ചേരുമ്പോള്‍” എന്നാണ് ഈ വചനത്തെ വ്യാഖ്യാനിക്കുന്നത്. റബീഉബ്‌നു അനസ് (റ), ഹസന്‍(റ), മുജാഹിദ്(റ) എന്നിവരും ഇതേപോലെ തന്നെയാണ് ഈ വചനത്തെ വ്യാഖ്യാനിച്ചതെന്ന് ഇമാം ത്വബ്‌രി(റ) വിശദീകരിക്കുന്നുണ്ട്. സ്ത്രീയുടെയും പുരുഷന്റെയും നുത്വ്ഫകളുടെ സംയോജനത്തില്‍നിന്നാണ് കുഞ്ഞുണ്ടാകുന്നതെന്നായിരുന്നു സ്വഹാബിമാരും താബിഉകളുമെല്ലാം മനസ്സിലാക്കിയതെന്ന് ഇമാം റാസി(റ) തന്റെ ക്വുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥമായ മഫാതീഹുല്‍ ഗൈബില്‍, ഈ വചനത്തെ വ്യാഖ്യാനിച്ചുകൊണ്ട് പരാമര്‍ശിക്കുന്നു.(11)

“നുത്വ്ഫതുന്‍ അംശാജുന്‍ എന്നാല്‍ കൂടിച്ചേര്‍ന്നുണ്ടായ ബീജം എന്നു തന്നെയാണ് അര്‍ത്ഥമെന്ന് മുസ്്‌ലിംകളല്ലാത്ത ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പോലും സമ്മതിക്കുന്നതാണ്. നടേ പറഞ്ഞ സൂക്തത്തിന് പതിനെട്ടാം നൂറ്റാണ്ടുകാരനായ ഓറിയന്റലിസ്റ്റ് ക്വുര്‍ആന്‍ പരിഭാഷകന്‍ ജോര്‍ജ് സെയില്‍ നല്‍കുന്ന പരിഭാഷ ”Verily, we have created man of mingled seed of btoh sexes” എന്നാണ്.(12) ഇരുപതാം നൂറ്റാണ്ടുകാരനായ ബ്രിട്ടീഷ് ഓറിയന്റലിസ്റ്റ് എ. ജെ. ആര്‍ബെറി ഈ വചനത്തെ പരിഭാഷപ്പെടുത്തിയിരിക്കുന്നത്  ”we created man of a spermdrop, a mingling” എന്നാണ്.(13) സ്ത്രീയുടെയും പുരുഷന്റെയും ബീജങ്ങളുടെ സങ്കലനത്തില്‍നിന്നാണ് അതുണ്ടാവുന്നതെന്ന് ജോര്‍ജ് സെയില്‍ ഈ വചനത്തില്‍നിന്ന് മനസ്സിലാക്കിയത് ഏതെങ്കിലും ഇസ്്‌ലാമിക പ്രബോധകരുടെ സ്വാധീനം കൊണ്ടല്ല, പ്രത്യുത അറബിഭാഷയിലൂടെ ക്വുര്‍ആന്‍ പഠിച്ചപ്പോള്‍ അദ്ദേഹത്തിന് അങ്ങനെ മനസ്സിലായതാണ്. മുന്‍ധാരണയില്ലാതെ ക്വുര്‍ആനെ സമീപിക്കുന്നവര്‍ക്കെല്ലാം ഈ വചനത്തില്‍നിന്ന് സ്ത്രീ-പുരുഷ ബീജങ്ങളുടെ സംഗമമാണ് കുഞ്ഞുണ്ടാവുന്നതിന് നിമിത്തമാകുകയെന്നാണ് മനസ്സിലാവുകയെന്ന് സെയ്‌ലിന്റെ പരിഭാഷ തെര്യപ്പെടുത്തുന്നുണ്ട്.

പുരുഷബീജവും അണ്ഡവും കൂടിച്ചേരുന്ന ബീജസങ്കലന(fertilization)മെന്ന പ്രക്രിയയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുമ്പോഴാണ് കൂടിച്ചേര്‍ന്നുണ്ടായ നുത്വ്ഫയെന്ന പ്രയോഗം എത്രമാത്രം കൃത്യമാണെന്ന് ബോധ്യപ്പെടുക. ആര്‍ത്തവചക്രത്തിന്റെ മധ്യത്തില്‍ നടക്കുന്ന അണ്ഡോല്‍സര്‍ജ്ജന(Ovulation)മാണ് പെണ്‍ശരീരത്തില്‍ നടക്കുന്ന ബീജസങ്കലനത്തിലേക്കുള്ള ആദ്യപടി. അണ്ഡോല്‍സര്‍ജ്ജനം കഴിഞ്ഞാല്‍ ഒരു ദിവസത്തിലധികം അണ്ഡം ജീവിച്ചിരിക്കില്ല. അതിനകം ബീജസങ്കലനം നടന്നില്ലെങ്കില്‍ അണ്ഡം നശിച്ചുപോകും. അണ്ഡാശയത്തില്‍നിന്ന് പുറത്തുവന്ന് ഫലോപ്പിയന്‍ നാളിയിലെത്തി ബീജത്തെ പ്രതീക്ഷിച്ചുകൊണ്ട് നില്‍ക്കുന്ന അണ്ഡത്തിനടുത്തെത്തുന്ന ഇരുന്നൂറോളം വരുന്ന പുരുഷബീജങ്ങളില്‍ ഒരെണ്ണത്തിന് മാത്രമാണ് അതിന്റെ ‘ഭിത്തി ഭേദിച്ച് അകത്തുകടക്കാനാവുക. ഒരു തവണ സ്ഖലിക്കുന്ന കോടിക്കണക്കിന് ബീജങ്ങളില്‍നിന്ന് നീന്തി അണ്ഡത്തിനടുത്തെത്തുന്നതില്‍ വിജയിക്കുന്ന ഇരുനൂറോളമെണ്ണത്തില്‍നിന്ന് ഒരേ ഒരെണ്ണത്തിനുമാത്രം! അണ്ഡത്തെ പൊതിഞ്ഞുനില്‍ക്കുന്ന മോളിക്കുളാര്‍ കോശങ്ങളുടെ നിരയായ കൊറോണ റേഡിയാറ്റ(Corona radiata)യിലൂടെ വലിഞ്ഞ് അകത്തുകയറി അണ്ഡഭിത്തിയായ സോണ പെല്ലുസിഡ(zona pellucida)യെ  ഭേദിച്ച് അണ്ഡകോശദ്രവ്യത്തിനകത്തെത്തുവാന്‍ കെല്‍പുള്ള ഒരേയൊരു ബീജത്തിനുമാത്രം ലഭിക്കുന്ന അവസരം! ഇങ്ങനെ ഒരു ബീജാണു അകത്തു കയറിക്കഴിഞ്ഞാല്‍ ഉടന്‍ നടക്കുന്ന കോര്‍ട്ടിക്കല്‍ പ്രതിപ്രവര്‍ത്തനങ്ങള്‍ (cortical  reactions) വഴി പിന്നെയൊരു ബീജവും അണ്ഡത്തിനകത്തേക്ക് കടക്കാത്ത സ്ഥിതി സംജാതമാവുന്നു. അതിനുശേഷമാണ് ബീജകോശകേന്ദ്രത്തിലെ ജനിതക വസ്തുക്കള്‍ അണ്ഡകോശത്തിന്റെ കോശദ്രവ്യത്തില്‍ കലരുകയും അവയും അണ്ഡജനതിക വസ്തുക്കളും തമ്മില്‍ യോജിക്കുകയും ചെയ്യുന്നത്. അണ്ഡകോശത്തിലെ 23 ക്രോമോസോമുകളും ബീജകോശത്തിലെ 23 ക്രോമോസോമുകളും കൂടിച്ചേര്‍ന്ന് 46 ക്രോമോസോമുകളുള്ള ഒരു പൂര്‍ണകോശമായിത്തീരുന്ന പ്രക്രിയയാണ് ബീജസങ്കലനം.

ബീജത്തിന്റെയും അണ്ഡത്തിന്റെയും ന്യൂക്ലിയസ്സുകള്‍ ഒരുമിച്ചുചേര്‍ന്ന് 46 ക്രോമോസോമുകളുള്ള ഒരു പൂര്‍ണ്ണ ന്യൂക്ലിയസ് ആകുന്നതിന് മുമ്പ് അണ്ഡത്തിന്റെ കോശദ്രവ്യത്തിനകത്ത് രണ്ട് പ്രോന്യൂക്ലിയസുകള്‍ (pronuclei) ഉള്ള ഒരു ഘട്ടമുണ്ട്. ആണ്‍ പ്രോന്യൂക്ലിയസും പെണ്‍ പ്രോന്യൂക്ലിയസും അണ്ഡകോശദ്രവ്യത്തിനകത്ത് സ്ഥിതി ചെയ്യുന്ന ഘട്ടം. ഈ സമയത്തെ സംയോജിത കോശത്തിന്റെ പുരുഷ പ്രോന്യൂക്ലിയസ് ഒഴികെയുള്ള ഭാഗങ്ങളെല്ലാം പഴയ അണ്ഡത്തിന്റേതിനു സമാനമായിരിക്കും. ശുക്ലകോശത്തിന്റെ കോശസ്തരം അണ്ഡത്തിന്റെ സ്തരവുമായി ചേര്‍ന്ന് അപ്രത്യക്ഷമാവും. ശുക്ലത്തിന്റെ വാലും കോശദ്രവ്യത്തിലുള്ള മൈറ്റോകോണ്‍ട്രിയയുമെല്ലാം പുരുഷ പ്രോന്യൂക്ലിയസ് ഉണ്ടാകുന്നതോടെ നശിച്ചുപോവും. അതുകൊണ്ടാണ് നമ്മുടെയെല്ലാം -പുരുഷനായാലും സ്ത്രീയായാലും- കോശങ്ങള്‍ക്കകത്തെ മൈറ്റോകോണ്‍ട്രിയ നമുക്ക് മാതാവില്‍നിന്ന് ലഭിച്ചതാണെന്ന് പറയുന്നത്. അഥവാ പുരുഷബീജവും സ്ത്രീബീജവും കൂടിച്ചേര്‍ന്ന് ഒരു മൂന്നാം വസ്തുവുണ്ടാവുകയല്ല, സ്ത്രീ ബീജത്തിനകത്ത് പുരുഷന്റെ ജനിതകവസ്തുവിന്റെ കൂടിച്ചേരല്‍ നടക്കുക മാത്രമാണ് ബീജസങ്കലനത്തില്‍ സംഭവിക്കുന്നത്. അണ്ഡത്തിന്റെ കോശദ്രവ്യവും കോശസ്തരവും മൈറ്റോകോണ്‍ട്രിയയുമെല്ലാം തന്നെയാണ് സിക്താണ്ഡത്തിനുമുണ്ടാവുക. അതിന്റെ ന്യൂക്ലിയസിലേക്ക് പുരുഷബീജത്തിന്റെ ജനിതക വസ്തു കൂടിച്ചേരുക മാത്രമാണ് ബീജസങ്കലനത്തില്‍ നടക്കുന്നത്.(14) രണ്ട് അര്‍ധകോശങ്ങള്‍ ചേര്‍ന്ന് പൂര്‍ണകോശമാകുന്ന പ്രക്രിയയെന്ന, ബീജസങ്കലനത്തിന് സാധാരണയായി പറയാറുള്ള നിര്‍വചനത്തിനുപകരം പൂര്‍ണകോശത്തിന്റെ കോശദ്രവ്യവും അര്‍ധന്യൂക്ലിയസുമുള്ള അണ്ഡത്തിലേക്ക് പുരുഷബീജത്തിനകത്തെ അര്‍ധന്യൂക്ലിയസിലെ ജനിതക വസ്തുവിനെ കടത്തിവിട്ട് അതിനെ പൂര്‍ണകോശമാക്കുന്ന പ്രക്രിയയാണ് ബീജസങ്കലനം എന്നു പറയുന്നതാകും കൃത്യമായ നിര്‍വചനം.

ന്യൂക്ലിയസിനെ മാറ്റിനിര്‍ത്തിയാല്‍ അണ്ഡം ഒരു പൂര്‍ണകോശം തന്നെയാണ്. പൂര്‍ണകോശത്തിന്റേതുപോലെയുള്ള ദ്രവ്യവും സ്തരവും മൈറ്റോകോണ്‍ട്രിയയുമെല്ലാമാണ് അണ്ഡകോശത്തിലുമുള്ളത്. അതിനെ പൂര്‍ണകോശമാക്കിതീര്‍ക്കുന്നതിന് ഒരു അര്‍ധന്യൂക്ലിയസ് കൂടി മാത്രം മതി. പ്രസ്തുത അര്‍ധന്യൂക്ലിയസാണ് പുരുഷബീജം നല്‍കുന്നത്. അങ്ങനെ നോക്കുമ്പോള്‍ അണ്ഡത്തിലേക്ക് അര്‍ധന്യൂക്ലിയസ് കൂട്ടിച്ചേര്‍ക്കുന്ന പ്രക്രിയയാണ് ബീജസങ്കലനമെന്ന് പറയാം. സ്ത്രീ നുത്വ്ഫയിലേക്ക് പുരുഷ ജനിതകവസ്തുവിനെ കൂട്ടിച്ചേര്‍ക്കുന്ന പ്രക്രിയ. ഇങ്ങനെ കൂടിച്ചേര്‍ന്നു കഴിഞ്ഞാലും സ്ത്രീ നുത്വ്ഫ, നുത്വ്ഫ തന്നെയായിരിക്കും. അതിന്റെ കോശദ്രവ്യത്തിനോ സ്തരത്തിനോ ആകൃതിക്കോ മാറ്റങ്ങളൊന്നുമുണ്ടാവുകയില്ല. പുരുഷന്റെ ജനിതക വസ്തു കൂടിച്ചേര്‍ന്ന് അംശാജ് ആയിത്തീര്‍ന്നതായിരിക്കും ആ നുത്വ്ഫയെന്നതുമാത്രമാണ് വ്യത്യാസം. മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് നുത്വ്ഫതുന്‍ അംശാജില്‍’ നിന്നാണെന്ന ക്വുര്‍ആന്‍ പരാമര്‍ശത്തിന്റെ കൃത്യതയാണ് നമുക്കിവിടെ ബോധ്യപ്പെടുന്നത്. പുരുഷജനിതക വസ്തു കൂട്ടിച്ചേര്‍ത്ത സ്ത്രീ നുത്വ്ഫയില്‍ നിന്നാണല്ലോ നമ്മുടെയെല്ലാം തുടക്കം. പ്രസ്തുത നുത്വ്ഫ വിഭജിക്കപ്പെട്ടാണ് നമ്മുടെ ശരീരവും ഇന്ദ്രിയങ്ങളുമെല്ലാം ഉണ്ടായിട്ടുള്ളത്.
”നുത്വ്ഫത്തിന്‍ അംശാജിന്‍” എന്ന പ്രയോഗത്തില്‍നിന്ന് പുരുഷസ്രവത്തിന്റെയും സ്ത്രീസ്രവത്തിന്റെയും സമ്മേളനം വഴിയാണ് കുഞ്ഞുണ്ടാവുന്നതെന്നാണ് സ്വഹാബിമാര്‍ മനസ്സിലാക്കിയതെന്ന് പറയുമ്പോള്‍ അവരാരും തന്നെ ബീജത്തെയും അണ്ഡത്തെയും കുറിച്ച് പറഞ്ഞിട്ടില്ലല്ലോയെന്ന് തര്‍ക്കിക്കുന്നത് ശുദ്ധ അസംബന്ധമാണ്. നുത്വ്ഫയെന്നാല്‍ പുരുഷ സ്രവത്തിന്റെയോ സ്ത്രീ സ്രവത്തിന്റെയോ ഒരു ഒരു തുള്ളിയോ ചെറിയ അളവോയെന്നാണ് അവര്‍ മനസ്സിലാക്കിയിരുന്നതെന്ന് ഹദീഥുകളില്‍ നിന്ന് നമുക്ക് വ്യക്തമായി. അണ്ഡത്തെ വഹിച്ചുകൊണ്ടുള്ള ഫോളിക്കുളാര്‍ ദ്രാവകത്തിന്റെ ചെറിയൊരു അംശമാണ് അണ്ഡമെന്നും ശുക്ലദ്രാവകത്തിന്റെ ചെറിയൊരു അംശമായ ശുക്ലാണുവാണ് അതുമായി യോജിക്കുന്നതെന്നും ഇന്ന് നമുക്കറിയാം. പരീക്ഷണങ്ങളിലൂടെ ആധുനിക മനുഷ്യര്‍ കണ്ടെത്തിയതെല്ലാം പൗരാണികര്‍ക്ക് അറിയാമായിരുന്നുവെന്ന് ആരും വാദിക്കുന്നില്ല. ദിവ്യവെളിപാടുകളുടെ അടിസ്ഥാനത്തില്‍ അന്തിമപ്രവാചകന്‍ പറഞ്ഞതൊന്നുംതന്നെ ആധുനികശാസ്ത്രം കണ്ടെത്തുന്ന വസ്തുതകള്‍ക്ക് എതിരാവുകയില്ലെന്ന് മാത്രമാണ് മുസ്്‌ലിംകളുടെ വാദം. പുരുഷസ്രവത്തിന്റെയോ സ്ത്രീസ്രവത്തിന്റെയോ ചെറിയൊരു അംശമാണ് നുത്വ്ഫയെന്ന് മനസ്സിലാക്കിയവര്‍ നുത്വ്ഫത്തിന്‍ അംശാജിന്‍ എന്ന പ്രയോഗത്തെ വ്യാഖ്യാനിക്കുമ്പോള്‍ സ്ത്രീസ്രവവും പുരുഷസ്രവവും കൂടിച്ചേര്‍ന്നുണ്ടാവുന്ന നുത്വ്ഫയില്‍നിന്നുള്ള മനുഷ്യസൃഷ്ടിയെ കുറിച്ചാണ് ഇവിടെ പറയുന്നതെന്ന് സ്വാഭാവികമായും പരാമര്‍ശിക്കും. അതില്‍നിന്ന് പുരുഷസ്രവവും സ്ത്രീസ്രവവും പൂര്‍ണമായാണ് ശിശുനിര്‍മിതിയില്‍ പങ്കെടുക്കുന്നതെന്നാണ് അവര്‍ മനസ്സിലാക്കിയതെന്ന് കരുതിക്കൂടാത്തതാണ്. സ്ത്രീസ്രവത്തിന്റെ ഭാഗമായ നുത്വ്ഫയും പുരുഷസ്രവത്തിന്റെ ഭാഗമായ നുത്വ്ഫയും കൂടിച്ചേര്‍ന്ന നുത്വ്ഫത്തിന്‍ അംശാജിനില്‍നിന്നാണ് കുഞ്ഞുണ്ടാവുന്നതെന്നാണ് അവര്‍ കരുതിയിരുന്നതെന്നുതന്നെയാണ് അവരുടെ പരാമര്‍ശങ്ങള്‍ വ്യക്തമാക്കുന്നത്.

പുരുഷബീജത്തെയും അണ്ഡത്തെയും കുറിച്ച് നുത്വ്ഫയെന്ന് പ്രയോഗിച്ച ക്വുര്‍ആന്‍ സിക്താണ്ഡത്തെ (zygote) കുറിക്കാന്‍ “നുത്വ്ഫത്തിന്‍ അംശാജിന്‍’ എന്നാണ് പ്രയോഗിച്ചതെന്ന വസ്തുത ശ്രദ്ധേയമാണ്. സ്ത്രീയുടെ നുത്വ്ഫയിലേക്ക് പുരുഷ ജനിതകവസ്തുവിനെ കൂട്ടിച്ചേര്‍ക്കുന്ന പ്രക്രിയയാണ് ബീജസങ്കലനമെന്ന് നാം മനസ്സിലാക്കി. പ്രസ്തുത പ്രക്രിയ കഴിഞ്ഞ ശേഷമുള്ള ബീജത്തെ കുറിക്കാന്‍ ഏറ്റവും കൃത്യമായ പദം തന്നെയാണ് ക്വുര്‍ആന്‍ ഉപയോഗിച്ചിരിക്കുന്നത്. കൂട്ടിച്ചേര്‍ക്കപ്പെട്ട ബീജം-നുത്വ്ഫത്തിന്‍ അംശാജിന്‍! സര്‍വജ്ഞനായ അല്ലാഹുവിനല്ലാതെ ആര്‍ക്കാണ് ഇത്ര കൃത്യമായി പദങ്ങള്‍ പ്രയോഗിക്കാന്‍ കഴിയുക!

  • കുറിപ്പുകള്‍:
  1. ഗര്‍ഭോപനിഷത്ത്, വചനങ്ങള്‍ 2,3; ഉപനിഷദ്‌സര്‍വസ്വം, തൃശൂര്‍, 2001, പുറം 63-68.
  2. ഇയ്യോബ് 10: 9-11.
  3. Hippocrates: ‘The Seed’, Sections 5-7, Hippocratic Writings, Page 319-320.
  4. Aristotle: On the Generation of Animals, Montana, 2004, page 3-229.
  5. Phillip de Lacy: Corpus Medicorum Graecorum: Galeni de Semine (Galen: On Semen) (Greek text with Englisht yrans), Akademie Verlag, 20-Nov-1992, section I: 9:1-10, page 107-109.
  6. വിശുദ്ധ ഖുര്‍ആന്‍ 76: 2.
  7. ലിസാനുല്‍ അറബ്.
  8. സ്വഹീഹു മുസ്‌ലിം, കിതാബുല്‍ ഹൈദ്വ്.
  9. സ്വഹീഹു മുസ്‌ലിം, കിതാബുണ്‍ ക്വദ്യ്യ.
  10. തഫ്‌സീര്‍ അത്ത്വബ്‌രി 76: 2.
  11. ഇമാം റാസി: ജാമിഉല്‍ ബയാന്‍ ഫീ തഫ്‌സീറില്‍ ഖുര്‍ആന്‍ (http://www.altafsir.com/)
  12. George Sale : The Koran (Al-Qur’an) (http://www.gutenberg.org/).
  13. Arthur John Arberry: The Koran Interpreted, Page 315.
  14. Elaine N. Marieb& Katja Hoehn: Anatomy & Physiology,  London, 2012, Pages 1119- 1121.
print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ