പുരുഷന്മാർക്ക് ഹൂറികൾ; സ്ത്രീകൾക്കോ ?

/പുരുഷന്മാർക്ക് ഹൂറികൾ; സ്ത്രീകൾക്കോ ?
/പുരുഷന്മാർക്ക് ഹൂറികൾ; സ്ത്രീകൾക്കോ ?

പുരുഷന്മാർക്ക് ഹൂറികൾ; സ്ത്രീകൾക്കോ ?

സ്വർഗത്തിൽ പുരുഷന്മാർക്ക് ഹൂറികൾ എന്ന ഇണകളുണ്ടെന്ന് പറയുന്ന ക്വുർആൻ എന്ത് കൊണ്ടാണ് സ്ത്രീകൾക്കുള്ള ഇണകളെക്കുറിച്ച് യാതൊന്നും പറയാതിരിക്കുന്നത് ?

ഷെമീർ

പുരുഷനായിരുന്നാലും സ്ത്രീ ആയിരുന്നാലും അവർ സത്യവിശ്വാസം ഉൾക്കൊള്ളുകയും സന്മാർഗനിഷ്ഠരാവുകയും ചെയ്‌താൽ അവർക്ക് സ്വർഗപ്രവേശമുണ്ടെന്നും തങ്ങളുടെ ചെയ്തികൾക്കെല്ലാം തക്കതായ പ്രതിഫലം അവർക്ക് ലഭിക്കുമെന്നും ക്വുർആൻ വ്യക്തമാക്കുന്നുണ്ട്. “(അല്ലാഹുവിന്‌) കീഴ്പെടുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, വിശ്വാസികളായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ഭക്തിയുള്ളവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, സത്യസന്ധരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ക്ഷമാശീലരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, വിനീതരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ദാനം ചെയ്യുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, വ്രതമനുഷ്ഠിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, തങ്ങളുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ധാരാളമായി അല്ലാഹുവെ ഓര്‍മിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍ – ഇവര്‍ക്ക്‌ തീര്‍ച്ചയായും അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു” (33: 35)

സ്വർഗത്തിൽ പ്രവേശിക്കുന്ന സത്യവിശ്വാസികൾക്കിടയിൽ ലിംഗത്തിന്റെ വെളിച്ചത്തിൽ എന്തെങ്കിലും തരത്തിലുള്ള അനീതിയുണ്ടാവുകയില്ലെന്ന വസ്തുതയും ക്വുർആൻ പഠിപ്പിക്കുന്നുണ്ട്. “ആണാകട്ടെ പെണ്ണാകട്ടെ, ആര്‍ സത്യവിശ്വാസിയായിക്കൊണ്ട്‌ സല്‍പ്രവൃത്തികള്‍ ചെയ്യുന്നുവോ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്‌. അവരോട്‌ ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല.” (4:124)

സദ്‌വൃത്തരായ ഇണകളും സന്താനങ്ങളുമെല്ലാം ഇണകളും സന്താനങ്ങളുമായിത്തന്നെ സ്വർഗത്തിൽ ഒരുമിച്ചുകൂടുമെന്നാണ് ക്വുർആൻ മനസ്സിലാക്കിത്തരുന്നത്. “ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക്‌ നീ വാഗ്ദാനം ചെയ്തിട്ടുള്ള സ്ഥിരവാസത്തിനുള്ള സ്വര്‍ഗങ്ങളില്‍ അവരെയും അവരുടെ മാതാപിതാക്കളെയും, ഭാര്യമാര്‍, സന്തതികള്‍ എന്നിവരില്‍ നിന്നു സദ്‌വൃത്തരായിട്ടുള്ളവരെയും നീ പ്രവേശിപ്പിക്കേണമേ. തീര്‍ച്ചയായും നീ തന്നെയാകുന്നു പ്രതാപിയും യുക്തിമാനും.” (40:8)

“ഏതൊരു കൂട്ടര്‍ വിശ്വസിക്കുകയും അവരുടെ സന്താനങ്ങള്‍ വിശ്വാസത്തില്‍ അവരെ പിന്തുടരുകയും ചെയ്തിരിക്കുന്നുവോ അവരുടെ സന്താനങ്ങളെ നാം അവരോടൊപ്പം ചേര്‍ക്കുന്നതാണ്‌. അവരുടെ കര്‍മ്മഫലത്തില്‍ നിന്ന്‌ യാതൊന്നും നാം അവര്‍ക്കു കുറവു വരുത്തുകയുമില്ല. ഏതൊരു മനുഷ്യനും താന്‍ സമ്പാദിച്ച്‌ വെച്ചതിന്‌ (സ്വന്തം കര്‍മ്മങ്ങള്‍ക്ക്‌) പണയം വെക്കപ്പെട്ടവനാകുന്നു.” (52: 21)

“അതായത്‌, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകള്‍. അവരും, അവരുടെ പിതാക്കളില്‍ നിന്നും, ഇണകളില്‍ നിന്നും സന്തതികളില്‍ നിന്നും സദ്‌വൃത്തരായിട്ടുള്ളവരും അതില്‍ പ്രവേശിക്കുന്നതാണ്‌. മലക്കുകള്‍ എല്ലാ വാതിലിലൂടെയും അവരുടെ അടുക്കല്‍ കടന്നുവന്നിട്ട്‌ പറയും:

നിങ്ങള്‍ ക്ഷമ കൈക്കൊണ്ടതിനാല്‍ നിങ്ങള്‍ക്ക്‌ സമാധാനം! അപ്പോള്‍ ലോകത്തിന്‍റെ പര്യവസാനം എത്ര നല്ലത്‌!” (13: 23, 24)

സ്വർഗത്തിൽ പ്രവേശിക്കുന്ന പുരുഷനും സ്ത്രീക്കുമെല്ലാം അവർ ആഗ്രഹിക്കുന്നതെല്ലാം അവിടെയുണ്ടാവുമെന്ന് ക്വുർആൻ അർത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കുന്നുണ്ട്. “എന്‍റെ ദാസന്‍മാരേ, ഇന്ന്‌ നിങ്ങള്‍ക്ക്‌ യാതൊരു ഭയവുമില്ല. നിങ്ങള്‍ ദുഃഖിക്കേണ്ടതുമില്ല.

നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും കീഴ്പെട്ടു ജീവിക്കുന്നവരായിരിക്കുകയും ചെയ്തവരത്രെ(നിങ്ങള്‍)

നിങ്ങളും നിങ്ങളുടെ ഇണകളും സന്തോഷഭരിതരായികൊണ്ട്‌ സ്വര്‍ഗത്തില്‍ പ്രവേശിച്ചു കൊള്ളുക.

സ്വര്‍ണത്തിന്‍റെ തളികകളും പാനപാത്രങ്ങളും അവര്‍ക്ക്‌ ചുറ്റും കൊണ്ടു നടക്കപ്പെടും. മനസ്സുകള്‍ കൊതിക്കുന്നതും കണ്ണുകള്‍ക്ക്‌ ആനന്ദകരവുമായ കാര്യങ്ങള്‍ അവിടെ ഉണ്ടായിരിക്കും. നിങ്ങള്‍ അവിടെ നിത്യവാസികളായിരിക്കുകയും ചെയ്യും.”(43: 68- 71)

സ്ത്രീകൾക്കും പുരുഷന്മാർക്കുമെല്ലാം അവർ ആഗ്രഹിക്കുന്നതെല്ലാം സ്വർഗത്തിൽ ലഭിക്കുമെന്ന് വ്യക്തമാക്കുന്ന ക്വുർആൻ പക്ഷെ, ധർമ്മനിഷ്ഠ പാലിക്കുന്ന പുരുഷന്മാർക്ക് ഇണകളായി ലഭിക്കുന്ന സ്വർഗസ്ത്രീകളെക്കുറിച്ച് പ്രത്യേകമായി എടുത്ത് പറയുന്നുണ്ട്. “തീര്‍ച്ചയായും ധര്‍മ്മനിഷ്ഠപാലിക്കുന്നവര്‍ സ്വര്‍ഗത്തോപ്പുകളിലും സുഖാനുഗ്രഹങ്ങളിലുമായിരിക്കും. തങ്ങളുടെ രക്ഷിതാവ്‌ അവര്‍ക്കു നല്‍കിയതില്‍ ആനന്ദം കൊള്ളുന്നവരായിട്ട്‌. ജ്വലിക്കുന്ന നരകത്തിലെ ശിക്ഷയില്‍ നിന്ന്‌ അവരുടെ രക്ഷിതാവ്‌ അവരെ കാത്തുരക്ഷിക്കുകയും ചെയ്യും. നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലമായി നിങ്ങള്‍ സുഖമായി തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. വരിവരിയായ്‌ ഇട്ട കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും അവര്‍. വിടര്‍ന്ന കണ്ണുകളുള്ള വെളുത്ത തരുണികളെ നാം അവര്‍ക്ക്‌ ഇണചേര്‍ത്തു കൊടുക്കുകയും ചെയ്യും.” (52: 17 – 20)

“സൂക്ഷ്മത പാലിച്ചവര്‍ തീര്‍ച്ചയായും നിര്‍ഭയമായ വാസസ്ഥലത്താകുന്നു; തോട്ടങ്ങള്‍ക്കും അരുവികള്‍ക്കുമിടയില്‍; നേര്‍ത്ത പട്ടുതുണിയും കട്ടിയുള്ള പട്ടുതുണിയും അവര്‍ ധരിക്കും. അവര്‍ അന്യോന്യം അഭിമുഖമായിട്ടായിരിക്കും ഇരിക്കുന്നത്‌. അങ്ങനെയാകുന്നു (അവരുടെ അവസ്ഥ.) വിശാലമായ നേത്രങ്ങളുള്ള വെളുത്ത സ്ത്രീകളെ അവര്‍ക്ക്‌ ഇണകളായി നല്‍കുകയും ചെയ്യും. സുരക്ഷിതത്വ ബോധത്തോട്‌ കൂടി എല്ലാവിധ പഴങ്ങളും അവര്‍ അവിടെ വെച്ച്‌ ആവശ്യപ്പെട്ടുകൊണ്ടിരിക്കും. (44: 51- 55)

“അവയില്‍ സുന്ദരികളായ ഉത്തമ തരുണികളുണ്ട്‌. അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?; കൂടാരങ്ങളില്‍ ഒതുക്കി നിര്‍ത്തപ്പെട്ട വെളുത്ത തരുണികള്‍!; അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌? അവര്‍ക്ക്‌ മുമ്പ്‌ മനുഷ്യനോ ജിന്നോ അവരെ സ്പര്‍ശിച്ചിട്ടില്ല.” (55: 70- 74)

എന്തുകൊണ്ട് സ്വർഗസ്ത്രീകളെക്കുറിച്ച് മാത്രം ക്വുർആൻ പ്രതിപാദിക്കുന്നുവെന്ന ചോദ്യത്തിനുത്തരം സ്ത്രീസൗന്ദര്യം വലിയൊരു പരീക്ഷണമാവുന്നത് പുരുഷന് മാത്രമാണെന്നും പ്രസ്തുത പരീക്ഷണത്തിൽ വിജയിക്കുന്നവർക്കുള്ള പ്രത്യേകമായ സമ്മാനമാണ് അതെന്നുമാണ്. സ്ത്രീയുടെ ശാരീരികസൗന്ദര്യവും അർദ്ധനഗ്നതയും നഗ്നതയുമെല്ലാം പുരുഷനിൽ കാമാവേശമുണ്ടാക്കുന്നതാണ്. പെണ്ണിനെ അവൻ ഇഷ്ടപ്പെടുന്ന രൂപത്തിൽ കാണുമ്പോൾ തന്നെ അവന്റെ ശരീരം ഉണരുന്നു. ലൈംഗികമായി അവൻ ഉത്തേജിതനായിത്തീരുന്നു; അവന്റെ ശരീരത്തിൽ രതിബന്ധത്തിന് പ്രേരിപ്പിക്കുന്ന ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടുന്നു. അവന്റെ ലിംഗത്തിൽ സ്നേഹദ്രവമെന്ന് വിളിക്കുന്ന കൗപേഴ്സ് സ്രവമുണ്ടാവുന്നു. അതുകൊണ്ട് തന്നെ, ആസ്വദിക്കുന്ന രൂപത്തിൽ അന്യസ്ത്രീകളെ നോക്കരുതെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു; തനിക്ക് ആസ്വദിക്കുവാൻ അർഹതയില്ലാത്തവരുടെ നഗ്നതയോ അർധനഗ്നതയോ കാണരുതെന്ന് ഇസ്‌ലാം പുരുഷനോട് കല്പിക്കുന്നു. നഗ്നതയും അർദ്ധനഗ്നതയും സ്ത്രീസൗന്ദര്യത്തിന്റെ പ്രദർശനവുമെല്ലാം വ്യാപകമായ സമൂഹത്തിൽ പുറത്തിറങ്ങുന്ന പുരുഷനെ സംബന്ധിച്ചിടത്തോളം ഈ വിലക്കുകൾ പാലിക്കുക വളരെ പ്രയാസകരമാണ്. സ്ത്രീസൗന്ദര്യത്തിനു നേരെ കണ്ണുകൾ താഴ്ത്തണമെന്ന ക്വുർആനിക നിർദേശം പാലിക്കുക എളുപ്പമല്ല. പരീക്ഷണങ്ങൾ സഹിച്ച് ഈ ദൈവികനിർദേശം പാലിക്കുന്ന പുരുഷന് ലഭിക്കുന്ന സമ്മാനമാണ് ക്വുർആനിൽ പ്രതിപാദിക്കുന്ന സ്വർഗസ്ത്രീകൾ. അവരെക്കുറിച്ച പ്രതിപാദനങ്ങൾ അന്യസ്ത്രീകളുടെ സൗന്ദര്യം ആസ്വദിക്കുന്നതിൽ നിന്ന് പുരുഷന്മാരെ പൂർണമായും പിന്തിരിപ്പിക്കുന്ന രീതിയിലുള്ളവയാണ്. വിശുദ്ധമായ ദാമ്പത്യജീവിതത്തിൽ മാത്രം തങ്ങളുടെ ലൈംഗികാസ്വാദനം ഒതുക്കുവാൻ അത് പുരുഷന്മാരെ പ്രേരിപ്പിക്കുന്നു.

പുരുഷന്റെ സൗന്ദര്യം സ്ത്രീയെയും ആകർഷിക്കുമെങ്കിലും അത് അവളിൽ രതിത്വരയുണ്ടാക്കുന്നില്ല. അവളിൽ അത്തരമൊരു ത്വരയുണ്ടാവണമെങ്കിൽ ആദ്യം പുരുഷൻ അവൾക്ക് ഇഷ്ടപ്പെട്ടവനാവണം. തനിക്ക് ഇഷ്ടപ്പെട്ട പുരുഷന്റെ ശൃംഗാരവും വർത്തമാനങ്ങളും സ്പർശവുമാണ് സ്ത്രീയിൽ രതിമോഹം ഉണർത്തുന്നത്. സ്ത്രീസൗന്ദര്യം ആസ്വദിക്കുമ്പോൾ പുരുഷനിലുണ്ടാവുന്ന തരത്തിലുള്ള ഹോർമോൺ ഉത്പാദനവും സ്രവങ്ങളുമെല്ലാം സ്ത്രീയിൽ ഉണ്ടാവുന്നത് തനിക്ക് ഇഷ്ടപ്പെട്ട പുരുഷന്റെ തലോടലേൽക്കുമ്പോഴാണ്. അങ്ങാടിയിൽ വ്യാപകമായ സൗന്ദര്യപ്രദർശനമോ നഗ്നതയുടെയും അർധനഗ്നതയുടെയും വിളയാട്ടങ്ങളോ സ്ത്രീക്ക് വലിയൊരു പരീക്ഷണമാവുന്നില്ല. തനിക്ക് ഇഷ്ടപ്പെട്ട പുരുഷന്റെ സൗന്ദര്യവും നഗ്നതയും മാത്രമേ അവളിൽ രതിത്വരയുണ്ടാക്കുന്നുള്ളൂ. പുരുഷസൗന്ദര്യം പെണ്ണിന് ഒരു പരീക്ഷണമേയല്ല എന്ന സാരം. അതുകൊണ്ടുതന്നെ ആ രംഗത്ത് അവൾക്ക് നൽകുന്ന പ്രത്യേകമായ സമ്മാനങ്ങളെക്കുറിച്ച് എടുത്ത് പറയേണ്ടതില്ല. എന്നാൽ അവൾക്ക് അവൾ ആഗ്രഹിക്കുന്ന തരത്തിലുള്ള എല്ലാ ആസ്വാദനങ്ങളും സ്വർഗ്ഗത്തിലുണ്ടാവുമെന്നും അവളോട് യാതൊരു വിധ അനീതിയുമുണ്ടാവുകയില്ലെന്നും പ്രത്യേകം പറയുകയും ചെയ്തിരിക്കുന്നു. സ്വർഗസ്ത്രീകളെക്കുറിച്ച പരാമർശങ്ങളിൽ നിന്ന് പുരുഷന്മാർക്ക് ഉണ്ടാവുന്നത് പോലെയുള്ള, അധാർമികകാഴ്ചകളിൽ നിന്ന് അകന്നു നിൽക്കാൻ വേണ്ടിയുള്ള പ്രചോദനം സ്വർഗപുരുഷന്മാരെക്കുറിച്ച പ്രതിപാദനം വഴി സ്ത്രീകളിൽ ഉണ്ടാക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെയായിരിക്കണം ആണിനേയും പെണ്ണിനേയും കൃത്യമായി അറിയാവുന്ന അല്ലാഹു അത്തരം പരാമർശങ്ങൾ നടത്താതിരുന്നത്.

പുരുഷനെയും പെണ്ണിനേയും സന്മാർഗ്ഗനിഷ്ഠരാകുവാൻ പ്രചോദിപ്പിക്കുന്ന സ്വർഗ്ഗത്തെക്കുറിച്ച ചില വചനങ്ങളുടെ സാരം കാണുക: “അന്നേ ദിവസം യാതൊരാളോടും അനീതി ചെയ്യപ്പെടുകയില്ല. നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനല്ലാതെ നിങ്ങള്‍ക്ക്‌ പ്രതിഫലം നല്‍കപ്പെടുകയുമില്ല. തീര്‍ച്ചയായും സ്വര്‍ഗവാസികള്‍ അന്ന്‌ ഓരോ ജോലിയിലായിക്കൊണ്ട്‌ സുഖമനുഭവിക്കുന്നവരായിരിക്കും.അവരും അവരുടെ ഇണകളും തണലുകളില്‍ അലംകൃതമായ കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും.അവര്‍ക്കവിടെ പഴവര്‍ഗങ്ങളുണ്ട്‌, അവര്‍ക്ക്‌ തങ്ങള്‍ ആവശ്യപ്പെടുന്നതല്ലാമുണ്ട്‌.സമാധാനം! അതായിരിക്കും കരുണാനിധിയായ രക്ഷിതാവിങ്കല്‍ നിന്ന്‌ അവര്‍ക്കുള്ള അഭിവാദ്യം. (36: 54- 58)

print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ