പുതിയ വഹ്‌യ് പഴയ വഹ്‌യിനെ ശരിവെക്കുന്നുവോ; അതല്ല പകരം വെക്കുന്നുവോ ?

/പുതിയ വഹ്‌യ് പഴയ വഹ്‌യിനെ ശരിവെക്കുന്നുവോ; അതല്ല പകരം വെക്കുന്നുവോ ?
/പുതിയ വഹ്‌യ് പഴയ വഹ്‌യിനെ ശരിവെക്കുന്നുവോ; അതല്ല പകരം വെക്കുന്നുവോ ?

പുതിയ വഹ്‌യ് പഴയ വഹ്‌യിനെ ശരിവെക്കുന്നുവോ; അതല്ല പകരം വെക്കുന്നുവോ ?

പുതിയ വെളിപാട് പഴയ വെളിപാടുകളെ ശരിവെക്കുന്നുവെന്ന് 2:97 ലും പകരം വെക്കുന്നുവെന്ന് 16:101 ലും പറയുന്നു. ഇവ തമ്മില്‍ വൈരുധ്യമില്ലേ?

മുന്‍ വേദങ്ങളെയെല്ലാം ശരിവെച്ചുകൊണ്ടാണ് അവസാനത്തെ വേദഗ്രന്ഥമായ ഖുര്‍ആന്‍ അവതരിക്കപ്പെട്ടിട്ടുള്ളത്. ഇക്കാര്യം വ്യക്തമാക്കുന്ന ഒരു ഖുര്‍ആന്‍ സൂക്തം കാണുക:

(നബിയേ), നിനക്കിതാ സത്യപ്രകാരം വേദഗ്രന്ഥം അവതരിപ്പിച്ചുതന്നിരിക്കുന്നു. അതിന്റെ മുമ്പിലുള്ള വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നതും അവയെ കാത്തുരക്ഷിക്കുന്നതുമത്രെ അത് (5:48).

ഈ സൂക്തത്തില്‍ മുന്‍ വേദഗ്രന്ഥങ്ങളെ കാത്തു രക്ഷിക്കുന്ന (മുഹൈമിന്‍) ഗ്രന്ഥമായാണ് ഖുര്‍ആനിനെ പരിചയപ്പെടുത്തിയിരിക്കുന്നത്. മനുഷ്യരുടെ കൈകടത്തലുകള്‍ക്ക് വിധേയമായ പൂര്‍വ്വവേദങ്ങളെ അവയുടെ കളങ്കമില്ലാത്ത രൂപത്തില്‍ സംരക്ഷിക്കുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍ എന്നര്‍ഥം. പൂര്‍വ്വവേദങ്ങളിലെ അടിസ്ഥാന ആശയങ്ങളോടെല്ലാം ഖുര്‍ആന്‍ യോജിക്കുന്നു. അവ അവതരിക്കപ്പെട്ട രൂപത്തില്‍ പൂര്‍ണമായും ദൈവികമായിരുന്നുവെന്ന് അംഗീകരിക്കുകയും അതുകൊണ്ട് തന്നെ പൂര്‍വ്വവേദങ്ങളെ സത്യപ്പെടുത്തുകയുമാണ് ഖുര്‍ആന്‍ ചെയ്യുന്നത്.

പൂര്‍വ്വവേദങ്ങളെ സത്യപ്പെടുത്തുക എന്ന് പറഞ്ഞാല്‍ അവയുടെ പേരില്‍ ഇന്ന് നിലനില്‍ക്കുന്ന ഗ്രന്ഥങ്ങളെ അംഗീകരിക്കുക എന്ന് അര്‍ഥമില്ല. ഇന്ന് നിലനില്‍ക്കുന്ന ഖുര്‍ആനൊഴിച്ചുള്ള വേദഗ്രന്ഥങ്ങളെല്ലാം മാനുഷിക കൃത്രിമങ്ങള്‍ കൊണ്ട് വികൃതമാക്കപ്പെട്ടവയാണ്. അവയിലെ ദൈവികവചനങ്ങളെയും മനുഷ്യവചനങ്ങളേയും വേര്‍തിരിച്ചെടുക്കാന്‍ വയ്യാത്തവണ്ണം അവ കൂടികുഴഞ്ഞിരിക്കുന്നു. അവയുടെ ഒന്നിന്റെയും ഒറിജിനല്‍ പ്രതി ഇന്ന് ലഭ്യമല്ലതാനും. അതുകൊണ്ട് തന്നെ ഖുര്‍ആനിന്റെ അവതരണത്തോടെ പൂര്‍വീക ഗ്രന്ഥങ്ങളെല്ലാം ദുര്‍ബലപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഈ ദുര്‍ബലപ്പെടുത്തല്‍ പോലും അവയെ കാത്തുരക്ഷിക്കുന്നതിന്റെ ഭാഗമാണ് എന്നുള്ളതാണ് വസ്തുത. മനുഷ്യവചനങ്ങളും ദൈവികവചനങ്ങളും കൂടിക്കലര്‍ന്ന് സ്ഥിതിചെയ്യുന്ന വേദഗ്രന്ഥങ്ങള്‍ യഥാര്‍ഥത്തില്‍ അവയുടെ അവതരണ ഉദ്ദേശ്യത്തിന് വിരുദ്ധമായ ഫലമാണ് ഉളവാക്കുന്നത്. അതിനാല്‍ അവയെ ദുര്‍ബലപ്പെടുത്തുകയും അവയുടെ മൗലികമായ ആശയങ്ങളെ മനുഷ്യകൈകടത്തലുകളില്ലാതെ വ്യക്തമാക്കുകയും ചെയ്യുന്നതിലൂടെ ഖുര്‍ആന്‍ പൂര്‍വ്വവേദങ്ങളിലെ അടിസ്ഥാന ആശയങ്ങളെ സംരക്ഷിക്കുകയാണ് യഥാര്‍ഥത്തില്‍ ചെയ്യുന്നത്.

അതിനാല്‍ ഖുര്‍ആന്‍ പൂര്‍വ്വവേദങ്ങളെ ദുര്‍ബലപ്പെടുത്തിയതും സത്യപ്പെടുത്തിയതും അവയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ്. പുതിയ വെളിപാട് പഴയ വെളിപാടുകളെ സത്യപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് പറയുന്ന ഖുര്‍ആന്‍ വാക്യം അവയെ ദുര്‍ബലപെടുത്തുകയാണ് ചെയ്തിട്ടുള്ളതെന്ന വാക്യവുമായി യാതൊരു വിധ വൈരുധ്യവും പുലര്‍ത്തുന്നില്ല. ഒരു വാക്യം മറ്റേ വാക്യത്തിന്റെ വിശദീകരണമായിട്ടാണ് നിലകൊള്ളുന്നത്.

print