പരലോകത്ത് എത്ര സ്വർഗങ്ങൾ ? ഒന്നോ പലതോ?

/പരലോകത്ത് എത്ര സ്വർഗങ്ങൾ ? ഒന്നോ പലതോ?
/പരലോകത്ത് എത്ര സ്വർഗങ്ങൾ ? ഒന്നോ പലതോ?

പരലോകത്ത് എത്ര സ്വർഗങ്ങൾ ? ഒന്നോ പലതോ?

പരലോകത്ത് എത്ര സ്വർഗമാണുള്ളത്? ഖുര്‍ആനിലെ ചില സൂക്തങ്ങളിൽ ഒരു സ്വർഗമെന്നും (ഉദാ: 39:73, 41:30, 57:21, 79:41) മറ്റു ചിലവയിൽ ധാരാളം സ്വർഗങ്ങളെന്നും (ഉദാ: 18:31, 22:23, 35:33, 78:32) പരാമര്ശിച്ചിട്ടുണ്ടല്ലോ. ഇത് വൈരുധ്യമല്ലേ?

മരണാനന്തര ജീവിതത്തെക്കുറിച്ച് പ്രതിപാദിക്കുമ്പോള്‍ ഖുര്‍ആനില്‍ സ്വര്‍ഗ്ഗം (ജന്നത്ത്) എന്നും സ്വർഗങ്ങള്‍ (ജന്നാത്ത്) എന്നും പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. രണ്ടു പ്രയോഗങ്ങള്‍ക്കും ഓരോ ഉദാഹരണങ്ങള്‍കാണുക.

തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ചു ജീവിച്ചവര്‍ സ്വർഗത്തിലേക്ക് കൂട്ടം കൂട്ടമായി നയിക്കപ്പെടും. അങ്ങനെ അതിന്റെ കവാടങ്ങള്‍ തുറന്നുവെക്കപ്പെട്ടനിലയില്‍ അവര്‍ അതിനടുത്ത് വരുമ്പോള്‍ അവരോട് അതിന്റെ കാവല്‍ക്കാര്‍ പറയും: നിങ്ങള്‍ക്ക് സമാധാനം നിങ്ങള്‍ സംശുദ്ധരായിരിക്കുന്നു. അതിനാല്‍ നിത്യവാസികളെന്ന നിലയില്‍ നിങ്ങള്‍ അതില്‍ പ്രവേശിച്ചുകൊള്ളുക. (39:73)

അക്കൂട്ടര്‍ക്കാകുന്നു സ്ഥിരവാസത്തിനുള്ള സ്വർഗത്തോപ്പുകള്‍. അവരുടെ താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകികൊണ്ടിരിക്കുന്നതാണ്.(18:31)

ഈ പ്രയോഗങ്ങള്‍ തമ്മില്‍ യാതൊരു വൈരുധ്യവുമില്ല. സത്യവിശ്വാസികള്‍ കൂട്ടം കൂട്ടമായി ആനയിക്കപ്പെടുന്നത് സ്വർഗലോകത്തിലേക്കാണ്. ആ സ്വർഗലോകത്ത് ഒരുപാട് സ്വർഗങ്ങളുണ്ട്. ഓരോരുത്തരുടെയും സല്‍കര്‍മ്മങ്ങളുടെ തോതനുസരിച്ച് വ്യത്യസ്ത സ്വർഗങ്ങളിലായിരിക്കും പ്രവേശിപ്പിക്കപ്പെടുകയെന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്. ഒരു തോട്ടത്തിനകത്ത് തന്നെ വിവിധ തരം തോട്ടങ്ങളുള്ളത് നമുക്ക് പരിചയമുള്ളതാണ്. റോസാചെടിയുടെ തോട്ടവും ഡാലിയയുടെ തോട്ടവും മല്ലികാ തോട്ടവും ഓര്‍ക്കിഡുകളുടെ തോട്ടവുമെല്ലാം ഉള്‍ക്കൊള്ളുന്ന സ്ഥലത്തെ നാം തോട്ടം (ഗാര്‍ഡന്‍) എന്നു തന്നെയാണ് പറയുക. ഒരു തോട്ടത്തില്‍ തന്നെ അനേകം തോട്ടങ്ങളുണ്ടാകുമെന്നര്‍ത്ഥം. ഇതേപോലെത്തന്നെ സ്വർഗലോകത്ത് അനേകം സ്വർഗത്തോപ്പുകളുണ്ട്. ഒരേയൊരു സ്വർഗത്തിനകത്തു തന്നെയുള്ള സ്വർഗത്തോപ്പുകളെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ഖുര്‍ആന്‍ ബഹുവചനവും മൊത്തം സ്വര്‍ഗലോകത്തെപ്പറ്റി പറയുമ്പോള്‍ ഏകവചനവും ഉപയോഗിക്കുന്നു എന്നുമാത്രമേയുള്ളൂ. ഇതില്‍ യാതൊരുവിധ വൈരുധ്യവുമില്ല.

print