നബി (സ) നടത്തിയ യുദ്ധങ്ങൾ വർഗീയതക്കു വേണ്ടിയായിരുന്നില്ലേ?

/നബി (സ) നടത്തിയ യുദ്ധങ്ങൾ വർഗീയതക്കു വേണ്ടിയായിരുന്നില്ലേ?
/നബി (സ) നടത്തിയ യുദ്ധങ്ങൾ വർഗീയതക്കു വേണ്ടിയായിരുന്നില്ലേ?

നബി (സ) നടത്തിയ യുദ്ധങ്ങൾ വർഗീയതക്കു വേണ്ടിയായിരുന്നില്ലേ?

വർഗീയതക്കും വിഭാഗീയതക്കുമെതിരെ പോരാടിയയാളാണ് നബി(സ). അദ്ദേഹത്തിന്റെ ജീവിതത്തിലൊരിക്കലും വർഗീയതയുണ്ടാക്കുന്ന എന്തെങ്കിലും ചെയ്തതായി തെളിയിക്കാൻ ആർക്കും കഴിയില്ല. ആദര്‍ശത്തിനുവേണ്ടിയല്ലാത്ത പോരാട്ടങ്ങളൊന്നും അംഗീകരിച്ചുകൂടായെന്ന് മാത്രമല്ല, ഇസ്‌ലാമിനുവേണ്ടി നടക്കുന്ന പോരാട്ടത്തില്‍ പങ്കെടുക്കുമ്പോള്‍പോലും സത്യമതത്തിന്റെ ഔന്നത്യവല്‍ക്കരണമല്ലാത്ത മറ്റ് ലക്ഷ്യങ്ങളൊന്നും ഉണ്ടായിക്കൂടെന്നുകൂടിയാണ് മുഹമ്മദ് നബി (സ) പഠിപ്പിച്ചത്.

”അബൂമൂസല്‍ അശ്അരിയിൽ (റ) നിന്ന്: ഒരു ഗ്രാമീണ അറബി, നബി (സ)യുടെ അടുത്തുവന്ന് പറഞ്ഞു: ‘ദൈവദൂതരേ, ഒരാള്‍ സമരാര്‍ജിത സ്വത്തിനുവേണ്ടി യുദ്ധം ചെയ്യുന്നു. മറ്റൊരാള്‍ കീര്‍ത്തിക്കുവേണ്ടി യുദ്ധം ചെയ്യുന്നു. വേറൊരാള്‍ തന്റെ സ്ഥാനവും ശൂരതയും ജനങ്ങളെ അറിയിക്കാന്‍ യുദ്ധം ചെയ്യുന്നു. ഇവരില്‍ ആരാണ് അല്ലാഹുവിന്റെ മാര്‍ഗത്തില്‍? പ്രവാചകൻ(സ)പ്രതിവചിച്ചു: ‘അല്ലാഹുവിന്റെ വചനം അത്യുന്നതമായിത്തീരാന്‍ യുദ്ധം ചെയ്യുന്നവനാണ് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ (യുദ്ധം ചെയ്യുന്നവന്‍).”(1)

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നടക്കുന്ന യുദ്ധങ്ങളില്‍ പങ്കെടുക്കുമ്പോള്‍പോലും താന്‍ നല്ലൊരു പടയാളിയാണെന്ന് അറിയപ്പെടണമെന്ന ആഗ്രഹമോ മറ്റെന്തെങ്കിലും തരത്തിലുള്ള സ്വാര്‍ഥമായ താല്‍പര്യങ്ങളോ ഉണ്ടായാല്‍ അതുവഴി നരകപ്രവേശമാണുണ്ടാവുകയെന്ന് ഗൗരവതരമായി പ്രവാചകൻ(സ)താക്കീത് ചെയ്തിട്ടുണ്ട്.

”അബൂഹുറയ്റ(റ)യില്‍നിന്ന്: അന്ത്യദിനത്തില്‍ ആദ്യമായി വിധി കല്‍പിക്കപ്പെടുക രക്തസാക്ഷിത്വം വരിച്ച ഒരാളുടെ കാര്യത്തിലാണ്. അയാളെ കൊണ്ടുവന്ന് അയാള്‍ക്ക് നല്‍കിയ അനുഗ്രഹങ്ങള്‍ അയാളെ ഓര്‍മിപ്പിക്കുകയും അയാള്‍ മനസ്സിലാക്കുകയും ചെയ്യും. അപ്പോള്‍ അല്ലാഹു ചോദിക്കും: ‘അത് നീ എങ്ങനെ വിനിയോഗിച്ചു?’ രക്തസാക്ഷിത്വം വരിക്കുവോളം നിന്റെ മാര്‍ഗത്തില്‍ ഞാന്‍ യുദ്ധം ചെയ്തുവെന്ന് അയാള്‍ പറയും. ഉടനെ അല്ലാഹു പറയും: ‘നീ കളവ് പറയുകയാണ്. ധീരനെന്ന് പറയപ്പെടാന്‍ വേണ്ടിയാണ് നീ യുദ്ധം ചെയ്തത്. അത് പറയപ്പെടുകയും ചെയ്തിട്ടുണ്ടല്ലോ’. പിന്നീട് അയാള്‍ക്ക് ശിക്ഷ വിധിക്കുകയും മുഖം നിലത്തിട്ട് വലിച്ചിഴച്ച് നരകത്തില്‍ എറിയപ്പെടുകയും ചെയ്യും.(2)

”അബൂഹുറയ്റ(റ)ല്‍നിന്ന്: ഒരാള്‍വന്ന് ദൈവദൂതരോട് (സ) ചോദിച്ചു. ‘അല്ലാഹുവിന്റെ ദൂതരേ, ഒരാള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യുന്നതിനോടൊപ്പം ചില ഭൗതിക നേട്ടങ്ങളും ആഗ്രഹിക്കുന്നുവെങ്കില്‍ അയാളുടെ സ്ഥിതിയെന്താണ്?’  പ്രവാചകൻ(സ)മറുപടി പറഞ്ഞു: ‘അയാള്‍ക്ക് യാതൊരുവിധ പ്രതിഫലവുമില്ല’. അയാള്‍ ഇത് മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ച് ചോദിച്ചപ്പോഴും അല്ലാഹുവിന്റെ ദൂതൻ(സ)ഒരേ മറുപടിതന്നെ ആവര്‍ത്തിക്കുകയാണ് ചെയ്തത്.”(3)

”അബ്ദുല്ലാഹിബ്‌നു അംറില്‍്യനിന്ന്: ഞാന്‍ പ്രവാചകനോട് ആവശ്യപ്പെട്ട ‘ജിഹാദിനെയും സൈനിക നടപടികളെയുംപറ്റി എനിക്ക് പറഞ്ഞുതന്നാലും’. അദ്ദേഹം പറഞ്ഞു: ‘ഓ അബ്ദുല്ലാഹിബ്‌നു അംറ്! അല്ലാഹുവില്‍നിന്നുള്ള പ്രതിഫലം കാംക്ഷിച്ചുകൊണ്ടാണ് നീ സഹനത്തോെട പോരാടിയതെങ്കില്‍ അല്ലാഹുവില്‍നിന്നുള്ള നിന്റെ പ്രതിഫലവും പ്രദര്‍ശിപ്പിച്ചുകൊണ്ടായിരിക്കും നീ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക. ആളുകളെ കാണിക്കുവാനും ഭൗതിക വിഭവങ്ങള്‍ ആഗ്രഹിച്ചുംകൊണ്ടാണ് നീ അടരാടുന്നതെങ്കില്‍ അത് പ്രദര്‍ശിപ്പിച്ചുകൊണ്ടായിരിക്കും നീ ഉയര്‍ത്തെഴുന്നേല്‍പിക്കപ്പെടുക. അബ്ദുല്ലാഹിബ്‌നു അംറെ! എന്തൊരു ഉദ്ദേശത്തിനുവേണ്ടിയാണോ നീ പടപൊരുതിയതും കൊല്ലപ്പെട്ടതും. ആ അവസ്ഥയിലായിരിക്കും നീ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക.”(4)

ഗോത്രമഹിമക്കോ അന്ധമായ കക്ഷിമാല്‍സര്യത്തിനോ വേണ്ടിയുള്ള യുദ്ധങ്ങളെയും മുഹമ്മദ് നബി (സ) നിരോധിച്ചു. എന്തിനുവേണ്ടിയാണ് യുദ്ധമെന്ന് കൃത്യമായി മനസ്സിലാക്കാതെ തന്റെ കക്ഷിയാണ് ആയുധമെടുത്തിരിക്കുന്നത് എന്നതിനാല്‍ സായുധരാവുകയും രണഭൂമിയില്‍പോയി മരണപ്പെടുകയും  ചെയ്താല്‍ പ്രസ്തുത മരണം ഇസ്‌ലാമികമല്ലെന്നും അത് ജാഹിലിയ്യത്തിന്റെതാണെന്നുമാണ് നബി (സ) പഠിപ്പിച്ചത്.

”അബൂഹുറയ്റ(റ)യില്‍നിന്ന്: നബി (സ) പ്രസ്താവിച്ചു: ‘അനുസരണം കൈവെടിയുകയും സംഘടനയെ വേര്‍പിരിയുകയും അങ്ങനെ ആ നിലയില്‍ മരിക്കുകയും ചെയ്തവന്റേത് ജാഹിലിയ്യാ മരണമാണ്. ഒരാള്‍ ഒരു പക്ഷത്തിനുവേണ്ടി ദേഷ്യപ്പെേട്ടാ ഒരു പക്ഷത്തേക്ക് ആളുകളെ ക്ഷണിച്ചുകൊണ്ടോ അല്ലെങ്കില്‍ ഒരു പക്ഷത്തെ സഹായിച്ചുകൊണ്ടോ അന്ധമായ കൊടിക്കുപിന്നില്‍ നിന്നുകൊണ്ട് യുദ്ധം ചെയ്യുകയും എന്നിട്ട് വധിക്കപ്പെടുകയും ചെയ്താല്‍ ജാഹിലിയ്യാ മരണമാണ് അയാള്‍ക്ക് സംഭവിച്ചിട്ടുള്ളത്. എന്റെ സമുദായത്തിലെ നല്ലവനെയും തെമ്മാടിയേയും വെട്ടിക്കൊന്ന് അവര്‍ക്കെതിരെ ഇറങ്ങിപ്പുറപ്പെടുകയും അവരിലെ സത്യവിശ്വാസിയുടെ കാര്യം സൂക്ഷിക്കാതിരിക്കുകയും കരാര്‍ ചെയ്തവനോട് ആ കരാര്‍ പാലിക്കാതിരിക്കുകയും ചെയ്തവന്‍ എന്നില്‍പ്പെട്ടവനല്ല; ഞാന്‍ അവനില്‍പ്പെട്ടവനുമല്ല.”(5)

‘ജുന്‍ദബ്ബ്‌നു അബ്ദുല്ല (റ)യില്‍നിന്ന്: അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: വ്യക്തമല്ലാത്ത ഒരു കാരണത്തിനുവേണ്ടി അന്ധമായി ഒരാള്‍ യുദ്ധം ചെയ്യുകയും ഗോത്രവര്‍ഗീയതയെ പ്രതിനിധീകരിക്കുകയും അതിനുവേണ്ടി കോപിഷ്ടനാവുകയും മരണപ്പെടുകയും ചെയ്താല്‍ അയാള്‍ ജാഹിലിയ്യാ മരണമാണ് മരിച്ചിരിക്കുന്നത്’.(6)

അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള, അവന്റെ പ്രീതി മാത്രം ലക്ഷ്യമാക്കിക്കൊണ്ട് മുസ്‌ലിംകള്‍ നടത്തുന്ന യുദ്ധത്തില്‍ അവന്‍ ആഗ്രഹിക്കുകയും പ്രതിക്ഷീക്കുകയും ചെയ്യുന്നത് അല്ലാഹുവിന്റെ സഹായമാണ്.  അതുകൊണ്ടുതന്നെ അത്തരം യുദ്ധങ്ങളില്‍ അണിനിരക്കേണ്ടത് ആദര്‍ശ ശുദ്ധിയുള്ളവര്‍ മാത്രമാകണമെന്ന് പ്രവാചകൻ(സ)നിഷ്‌കര്‍ഷിച്ചതായി കാണാന്‍ കഴിയും. ബദ്‌റിലേക്കുള്ള യാത്രാമധ്യെ നടന്ന ഒരു സംഭവം നോക്കുക.

”നബിപത്‌നി ആഇശയിൽ (റ) നിന്ന്: നബി (സ) ബദ്‌റിന്റെ നേരെ പുറപ്പെട്ടു. ഹര്‍റതുല്‍വബറയിലെത്തിയപ്പോള്‍ ഒരാള്‍ നബി (സ)യെ കാണാനിടയായി. അയാളുടെ ധീരതയും സഹായമനസ്ഥിതിയും പ്രസിദ്ധമാണ്. അയാളെ കണ്ടപ്പോള്‍ നബി (സ)യുടെ അനുചരന്മാര്‍ സന്തോഷിച്ചു. അയാള്‍ നബി്യയുമായി സന്ധിച്ചപ്പോള്‍ പറഞ്ഞു: ‘അങ്ങയെ പിന്തുടരാനും അങ്ങയോടൊപ്പം നേട്ടങ്ങള്‍ കൈവരിക്കാനുമാണ് ഞാന്‍ വന്നിട്ടുള്ളത്.’ അപ്പോള്‍ അവിടുന്ന് ചോദിച്ചു: ‘താങ്കള്‍ അല്ലാഹുവിലും അവന്റെ പ്രവാചകനിലും വിശ്വസിക്കുന്നുണ്ടോ?’ അയാള്‍: ‘ഇല്ല.’ നബി: ‘എങ്കില്‍ തിരിച്ചുപൊയ്‌ക്കൊള്ളുക. ഞാനൊരിക്കലും ബഹുദൈവ വിശ്വാസിയുടെ സഹായം തേടുക യില്ല.’ അവര്‍ (ആഇശ) പറയുകയാണ്: അവിടുന്ന് വീണ്ടും മുന്നോട്ടുപോയി. അങ്ങനെ ഞങ്ങള്‍ അശ്ശജറ’യില്‍ എത്തിയപ്പോള്‍ നബി (സ)യെ ആ മനുഷ്യന്‍ വീണ്ടും കാണാനിടയായി. അപ്പോള്‍ അയാള്‍ നബി (സ)യോട് മുമ്പ്പറഞ്ഞത് ആവര്‍ത്തിച്ചു. നബി (സ)യും പഴയതുതന്നെ ആവര്‍ത്തിച്ചശേഷം പറഞ്ഞു: ‘എങ്കില്‍ നിങ്ങള്‍ തിരിച്ചുപൊയ്‌ക്കൊള്ളുക. ഞാന്‍ ബഹുദൈവ വിശ്വാസിയുടെ സഹായം തേടുകയില്ല.’ അവര്‍ (ആഇശ) പറയുന്നു: പിന്നീട് അയാള്‍ മടങ്ങിവന്നു. അങ്ങനെ മരുഭൂമിയില്‍വെച്ച് അയാള്‍ നബി (സ)യെ കണ്ടുമുട്ടി. അപ്പോഴും അയാളോട് നബി (സ)ആദ്യം ചോദിച്ചതുപോലെ ചോദിച്ചു. ‘താങ്കള്‍ അല്ലാഹുവിലും അവന്റെ പ്രവാചകനിലും വിശ്വസിക്കുന്നുണ്ടോ?’ അദ്ദേഹം പറഞ്ഞു: ‘അതെ, വിശ്വസിക്കുന്നു.’ അപ്പോള്‍ നബി (സ)പറഞ്ഞു: ‘എങ്കില്‍ താങ്കള്‍ ഞങ്ങളുടെകൂടെ പുറപ്പെട്ടുകൊള്ളുക.”(7)

എത്രതന്നെ വീരശൂരനായ പോരാളിയാണെങ്കിലും അയാള്‍ മുസ്‌ലിമാണെന്ന് പ്രഖ്യാപിക്കാത്തിടത്തോളം ആദര്‍ശ സംരക്ഷണത്തിനുവേണ്ടിയുള്ള പടയോട്ടത്തില്‍ അയാളുടെ സഹായം ആവശ്യമില്ലെന്ന് വ്യക്തമാക്കുകയും ഇസ്‌ലാം സ്വീകരിച്ചതോെട അയാളെ പടയണിയില്‍ ചേര്‍ക്കുകയും ചെയ്ത പ്രവാചക നടപടിയില്‍നിന്ന് വര്‍ഗീയതയുടെ ലാഞ്ചനപോലുമില്ലാത്തതാണ് ഇസ്‌ലാം പഠിപ്പിക്കുന്ന യുദ്ധമെന്ന വസ്തുത സുതരാം വ്യക്തമാകുന്നുണ്ട്. ആദര്‍ശത്തിന്റെ പേരില്‍ രണ്ടുതവണ മാറ്റിനിര്‍ത്തപ്പെടുകയും ‘താങ്കള്‍ ബഹുദൈവാരാധകനായതിനാല്‍ താങ്കളുടെ സഹായം ഞങ്ങള്‍ക്കാവശ്യമില്ലാ’യെന്ന് വ്യക്തമാക്കപ്പെടുകയും ചെയ്തയാള്‍ക്കുതന്നെ ഇസ്‌ലാം സ്വീകരിച്ചതോടെ മുസ്‌ലിം പടയണിയില്‍ സ്ഥാനം നല്‍കിയത് അയാളുടെ ആദര്‍ശമാറ്റംകൊണ്ട് മാത്രമാണെന്ന് ആര്‍ക്കും മനസ്സിലാകും. വംശീയതയുടെയും വര്‍ഗീയതയുടെയും പേരിലുള്ള യുദ്ധം ഇസ്‌ലാമിന് അന്യമാണെന്നാണ് ഇത് പഠിപ്പിക്കുന്നതെന്ന് വ്യക്തമാണ്.

  1. സ്വഹീഹു മുസ്‌ലിം, കിതാബുല്‍ ജിഹാദ് വസ്‌സിയാര്‍
  2. സ്വഹീഹു മുസ്‌ലിം, കിതാബുല്‍ ജിഹാദ് വസ്‌സിയാര്‍
  3. സുനനു അബൂദാവൂദ്, കിതാബുല്‍ ജിഹാദ്, ഇതിന്റെ നിവേദക പരമ്പര സ്വീകാര്യമാണെന്ന് (സ്വഹീഹ്) ഇമാം അല്‍ബാനി വ്യക്തമാക്കിയിട്ടുണ്ട്, സുനനു അബീദാവൂദ് ഹദീഥ്: 2516
  4. സുനനു അബൂദാവൂദ്, കിതാബുല്‍ ജിഹാദ്, ഇതിന്റെ നിവേദക പരമ്പര ഹസനാണെന്ന് ഇമാം ഹാക്കിം (2/85)വ്യക്തമാക്കിയിട്ടുണ്ട്, Nasirudheen Al Khattab: English Translation of Sunan Abu Dawud, Riyadh, 2008, Volume 3, Page 215
  5. സ്വഹീഹു മുസ്‌ലിം, കിതാബുല്‍ ഇമാറ
  6. സ്വഹീഹു മുസ്‌ലിം, കിതാബുല്‍ ഇമാറ
  7. സ്വഹീഹു മുസ്‌ലിം, കിതാബുല്‍ ജിഹാദ് വസ്‌സിയാര്‍
print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ