നബി(സ)യുടെ കാലത്തേക്ക് മാത്രമുള്ളതല്ലേ ബഹുഭാര്യത്വം?

/നബി(സ)യുടെ കാലത്തേക്ക് മാത്രമുള്ളതല്ലേ ബഹുഭാര്യത്വം?
/നബി(സ)യുടെ കാലത്തേക്ക് മാത്രമുള്ളതല്ലേ ബഹുഭാര്യത്വം?

നബി(സ)യുടെ കാലത്തേക്ക് മാത്രമുള്ളതല്ലേ ബഹുഭാര്യത്വം?

ബഹുഭാര്യത്വം ഇസ്‌ലാം അനുവദിച്ചത് ഉഹ്ദ് യുദ്ധാനന്തരമുള്ള സാഹചര്യത്തിലാണ് എന്ന് പല ഖുര്‍ആന്‍ വ്യാഖ്യാതാക്കളും പറയുന്നുണ്ടെന്നും അതുകൊണ്ട് തന്നെ അത് അക്കാലഘട്ടത്തിലേക്ക് മാത്രമുള്ള ഒരു നിയമമാണെന്നും ചില ബുദ്ധിജീവികള്‍ ഈയിടെ എഴുതിക്കെണ്ടിരിക്കുന്നുണ്ട്. ഖുര്‍ആനിലെ നാലാമത്തെ അധ്യായം: സൂറ: നിസാഇലെ 3-ാം വചനത്തിന്റെ അവതരണപശ്ചാത്തലം ഉഹ്ദ് യുദ്ധത്തിന് ശേഷമുള്ള സാഹചര്യമാണെന്ന് പല പണ്ഡിതന്മാരും പറഞ്ഞിട്ടുണ്ടെന്നത് ശരിയാണ്.

ഇസ്‌ലാം ഒരു നിയമം നടപ്പാക്കുന്നത് പരിശുദ്ധഖുര്‍ആനിന്റെ പദപരമായ വ്യാഖ്യാനത്തിലധിഷ്ഠിതമായിക്കൊണ്ടല്ല. അല്ലാഹുവിന്റെ വചനങ്ങളായി അവതരിപ്പിക്കപ്പെട്ട  ഖുര്‍ആനിന്റെ പ്രായോഗിക വിശദീകരണം നല്‍കിയത് പ്രവാചകൻ (സ) ആണ്. പ്രവാചകനില്‍ നിന്ന് മതം നേരിട്ട് പഠിച്ച സഹാബികള്‍ അത് പ്രയോഗവല്‍ക്കരിച്ച് ലോകത്തിന് മാതൃകയായി. അപ്പോള്‍ ഖുര്‍ആനാകുന്ന പ്രമാണം പ്രവാചകൻ (സ) എങ്ങനെ വിശദീകരിച്ചു, അതനുസരിച്ച് സഹാബികള്‍ എങ്ങനെ ജീവിച്ചു, എന്നതാണ് ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന്റെയും നിയമങ്ങളുടെയും അടിത്തറ. അടിസ്ഥാനസോത്രസ്സ് ഖുര്‍ആന്‍, അതിന്റെ പ്രയോഗവല്‍ക്കരണം പ്രവാചകചര്യ അഥവാ സുന്നത്ത്, ഇവയില്‍ നിന്ന് സഹാബി സമുച്ചയം മനസ്സിലാക്കിയതെന്ത് എന്നീ കാര്യങ്ങള്‍ മൊത്തത്തില്‍ പരിഗണിച്ചുകൊണ്ടാണ് ഇസ്‌ലാമിക നിയമങ്ങള്‍ നിര്‍ധരിക്കപ്പെടുന്നത്.

ഈ രീതിശാസ്ത്രപ്രകാരം ഖുര്‍ആനിലെ 4:3ന്റെ അവതരണശേഷം പ്രവാചകന്‍ എന്തു നിലപാട് സ്വീകരിച്ചു. പ്രവാചകനില്‍ നിന്ന് മതം പഠിച്ച സഹാബിമാര്‍ എന്തു നിലപാട് സ്വീകരിച്ചു, ഇതാണ് പരിശോധനാവിധേയമാക്കേണ്ടത്. അവ നമ്മെ അറിയിക്കുന്ന സത്യം,  ഈ ഖുര്‍ആനികവചനമിറങ്ങിയതോടു കൂടി നാലിലധികം ഭാര്യമാരുണ്ടായിരുന്ന ആളുകളോട് നാലില്‍ പരിമിതപ്പെടുത്തുവാന്‍ റസൂൽ (സ) നിഷ്‌കര്‍ഷിച്ചുവെന്നതാണ്. അതായത്, യുദ്ധത്തിന് ശേഷമുള്ള സാഹചര്യങ്ങളിലും യുദ്ധമില്ലാത്ത സാഹചര്യങ്ങളിലുമെല്ലാം ഒന്നിലധികം ഭാര്യമാരെ വേള്‍ക്കുന്നത് പ്രവാചകൻ (സ) നിരോധിച്ചില്ല; എതിര്‍ത്തില്ല. സഹാബിമാരില്‍ ഒരുവിധമെല്ലാവര്‍ക്കും ഒന്നിലധികം ഭാര്യമാരുണ്ടായിരുന്നു. അവരെല്ലാവരും യുദ്ധസാഹചര്യത്തിലൊന്നുമല്ല കല്യാണം കഴിച്ചത്. യുദ്ധസാഹചര്യത്തില്‍ വിവാഹിതരായിട്ടുണ്ട്; അതല്ലാത്തപ്പോഴും വിവാഹം കഴിച്ചിട്ടുണ്ട്. അപ്പോള്‍ ഇതില്‍ നിന്ന് ഒരു നിയമം എന്ന നിലക്ക് അടിസ്ഥാനസ്രോതസ്സ്, അതിന്റെ വിശദീകരണം, അതിന്റെ പ്രയോഗവല്‍ക്കരണം, ഇവ മൂന്നും കൂടി വെച്ചുനോക്കുമ്പോള്‍ മനസ്സിലാകുന്നത് ഖുര്‍ആന്‍ പറഞ്ഞ ബഹുഭാര്യത്വത്തിനുള്ള അനുവാദം യുദ്ധസാഹചര്യത്തില്‍ മാത്രമല്ലയെന്നാണ്.

ഇനി, ബഹുഭാര്യത്വമനുവദിച്ചത് യുദ്ധസാഹചര്യത്തില്‍ മാത്രമാണെന്ന് വിചാരിച്ചാല്‍ തന്നെ, ഇസ്‌ലാമിക നിയമങ്ങള്‍ ഇപ്പോള്‍ പ്രയോഗവല്‍ക്കരിക്കാന്‍ കഴിയുന്നതല്ലെന്ന് നമുക്കെങ്ങനെ പറയാന്‍ പറ്റും? എങ്ങനെ ഈ നിയമം വേണ്ട എന്നു പറയാന്‍ പറ്റും? യുദ്ധസാഹചര്യം എപ്പോഴും ഉണ്ടാകാമല്ലോ? യുദ്ധസാഹചര്യത്തില്‍ ഇറങ്ങിയതാണ്; അത്‌കൊണ്ട് ഇന്ത്യയില്‍ ബഹുഭാര്യത്വം നിരോധിക്കണമെന്നാണ് ചില ബുദ്ധിജീവികളുടെ വാദം. ഇന്ത്യയിലത് വിരോധിക്കപ്പെട്ടുവെന്ന് കരുതുക ബഹുഭാര്യത്വം അനുവദിച്ച യുദ്ധസാഹചര്യം ഇന്ന് ഉണ്ടായാല്‍ എന്തുചെയ്യും?  യുദ്ധത്തിന്റെ ഫലമെന്താണ്? അവിടെ അനാഥകളുടെ പ്രശ്‌നമുണ്ടാകും, യുദ്ധത്തില്‍ വിധവകളുണ്ടാകും. കാരണം, പുരുഷന്മാരാണ് യുദ്ധത്തില്‍ നേര്‍ക്കുനേരെ പങ്കെടുക്കുന്നവര്‍. ഇസ്‌ലാമികസമൂഹത്തില്‍ പുരുഷന്മാര്‍ തന്നെയാണ് ഭൂരിപക്ഷവും യുദ്ധത്തില്‍ പങ്കെടുക്കുന്നത്. അങ്ങനെ പങ്കെടുക്കുമ്പോള്‍ സ്വാഭാവികമായും സ്ത്രീകളുടെ വൈധവ്യം, കുട്ടികളുടെ അനാഥത്വം എന്നിവയുണ്ടാകും. ആ സമയത്ത് മാത്രമുള്ള ഒരു നിയമമാണെങ്കില്‍ പോലും ആ നിയമം ഇന്നും പ്രസക്തമാണ്. ഏതു സമയത്തും യുദ്ധമുണ്ടാകാറുണ്ട്. ഏത് സമയത്തും യുദ്ധം മൂലമുള്ള പ്രയാസങ്ങളുണ്ടാകാം. ഏത് സമയത്തും സ്ത്രീകളുടെ എണ്ണം കൂടുന്ന അവസ്ഥയുണ്ടാകാം. അതിനുള്ള സാഹചര്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അങ്ങനെയാകുമ്പോള്‍ ഈ നിയമം അപ്രസക്തമാണ്; അപരിഷ്‌കൃതമാണ് എന്നു പറയുന്നതിൽ ന്യായമില്ല.

print