നബിജീവിതത്തില്‍ അവിഹിത ബന്ധങ്ങളോ!?

/നബിജീവിതത്തില്‍ അവിഹിത ബന്ധങ്ങളോ!?
/നബിജീവിതത്തില്‍ അവിഹിത ബന്ധങ്ങളോ!?

നബിജീവിതത്തില്‍ അവിഹിത ബന്ധങ്ങളോ!?

വിമര്‍ശനം:

നബിയുടെ മാതൃസഹോദരി ഖൗല ബിന്‍ത് ഹകീം എന്ന സ്ത്രീ സ്വന്തം ശരീരം നബിക്കു ദാനം നല്‍കുകയുണ്ടായി എന്നും അതിനെതിരെ സ്വപത്‌നി ആഇശ പോലും നബിയോട് ‘ഒരു സ്വതന്ത്ര സ്ത്രീ സ്വദേഹം ദാനം ചെയ്യുകയോ’ എന്ന് പ്രതികരിച്ചുവെന്നും ഹദീഥ് ഗ്രന്ഥങ്ങളില്‍ കാണാം. എന്നാല്‍ നബി ഒരിക്കലും അതിനെ മോശമായി കണ്ടിരുന്നില്ല എന്നും ഹദീഥ് ഗ്രന്ഥങ്ങള്‍ തന്നെ മനസ്സിലാക്കി തരുന്നുണ്ട്. സ്ത്രീകളെ കൊണ്ട് സ്വശരീരങ്ങള്‍ തനിക്കായി ദാനം ചെയ്യാന്‍ പ്രേരിപ്പിക്കുകയും സ്വന്തം മാതൃസഹോദരിയെ പോലും അതില്‍ നിന്നും ഒഴിവാക്കാതിരിക്കുകയും ചെയ്ത പ്രവാചക നടപടിയെ അല്‍പമെങ്കിലും ധാര്‍മികബോധമുള്ളവര്‍ക്ക് അംഗീകരിക്കാനാകുമോ?

മാത്രമല്ല, ഉമ്മു ഹറാം, ഉമ്മു സുലൈം എന്നീ സ്ത്രീകളെ നബി സ്വകാര്യ സന്ദര്‍ശനം നടത്താറുണ്ടായിരുന്നെന്നും അവരുടെ മടിയില്‍ പലപ്പോഴും തലവെച്ചു കിടക്കാറുണ്ടായിരുന്നു എന്നും ഹദീഥ് ഗ്രന്ഥങ്ങള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. അവിഹിത ബന്ധങ്ങള്‍ക്ക് പ്രവാചക ജീവിതത്തിലിടമുണ്ടായിരുന്നു എന്നു വ്യക്തമാക്കുന്ന സംഭവങ്ങളാണിതെല്ലാം. ഇത്തരത്തിലുള്ള ഒരു വ്യക്തിയെ എങ്ങനെയാണ് മാര്‍ഗദര്‍ശകനായി സ്വീകരിക്കാനാവുക.!?

മറുപടി:

അറബിയില്‍ ഒരു പഴമൊഴിയുണ്ട് ‘നാട്ടിയത് വളഞ്ഞാല്‍ നിഴല്‍ നേരെയാവുമോ?’. അക്ഷരാര്‍ഥത്തില്‍ ഈ അറേബ്യന്‍ പഴമൊഴിയെ ഓര്‍മപ്പെടുത്തുകയാണീ വിമര്‍ശനങ്ങള്‍. വളഞ്ഞ വസ്തു നാട്ടിയിട്ട് അതിന്റെ നിഴലിനെ നേരെയാക്കാന്‍ നോക്കിയിട്ട് കാര്യമുണ്ടോ!?. നിഴല്‍ നേരെയാകണമെങ്കില്‍ ആദ്യം വസ്തു നേരെയാക്കണം. തലമുടി മുതല്‍ കാല്‍നഖം വരെ ലൈംഗികവൈകൃതം പേറുന്നവരില്‍ ഇസ്‌ലാംവിരോധം ഇണചേര്‍ന്നാല്‍ ഇതല്ല ഇതിനപ്പുറവും നബിജീവിതത്തില്‍ നിന്നും ‘ഉല്‍ഘനനം’ ചെയ്‌തെടുത്തുകളയുമവര്‍. ചികിത്സിക്കേണ്ടത്, ലൈംഗിക വൈകൃതാനുരക്ത ഇസ്‌ലാമോഫോബിക്കുകളുടെ (Sexually Deviant Islamophobes) ഹൃദയങ്ങളില്‍ കട്ടപിടിച്ചു കിടക്കുന്ന ഇസ്‌ലാംവെറുപ്പും ലൈംഗിക വൈകൃതാസക്തിയുമാണ്. അപ്പോള്‍ മാത്രമേ അവരുടെ ഹൃദയങ്ങളില്‍ നിന്നും പ്രതിഫലിപ്പിക്കപ്പെടുന്ന വിമര്‍ശനങ്ങള്‍ക്ക് സത്യസന്ധതയും മാന്യതയുമുണ്ടാവുകയുള്ളൂ. ആരായിരുന്നു പ്രവാചകരെന്നും എന്തായിരുന്നു അവിടുത്തെ ജീവിതവും സന്ദേശവുമെന്നും നേര്‍ക്കുനേരെ ഇസ്‌ലാമിക പ്രമാണങ്ങളില്‍ നിന്നും നിഷ്പക്ഷമായി പഠിക്കാന്‍ തയ്യാറാകാതെ, വെറുപ്പു കച്ചവടത്തിന്റെ വിപണന സാധ്യതകള്‍ മാത്രം തേടി നബിചരിത്രം പരിശോധിക്കുന്നവരില്‍ നിന്നും ഒരിക്കലും സത്യസന്ധമായ ചരിത്ര വായന കേള്‍ക്കാന്‍ സാദ്ധ്യമല്ലെന്ന് ബധിരത ബാധിക്കാത്തവര്‍ക്കെല്ലാം അറിയാവുന്ന വസ്തുതയാണ്.

ഇസ്‌ലാംപൂര്‍വ കാലഘട്ടത്തില്‍ നിലനിന്നിരുന്ന സകല വിധ ലൈംഗിക അധാര്‍മികതകള്‍ക്കും നീചവൃത്തികള്‍ക്കുമെതിരെ സമൂഹത്തെ ബോധവല്‍ക്കരിക്കുകയും വിശുദ്ധമായ ലൈംഗിക ജീവിതത്തിലേക്ക് തന്റെ ജനതയെ വഴിനടത്തുകയും ചെയ്തത് പ്രവാചകരായിരുന്നു എന്ന് അദ്ധേഹത്തിന്റെ സമകാലികരില്‍ – ശത്രു മിത്ര വ്യത്യാസമില്ലാതെ- ഒരാള്‍ പോലും അംഗീകരിക്കാതിരുന്നിട്ടില്ല എന്ന ചരിത്ര വസ്തുതയെങ്കിലും മുന്നില്‍ വെച്ചുകൊണ്ടായിരുന്നു വിമര്‍ശകന്മാര്‍ നബിചരിത്രം വായിക്കേണ്ടിയിരുന്നത്. ബദ്ധശത്രുക്കള്‍ പോലും പ്രവാചകനെതിരെ വ്യഭിചാരാരോപണമോ ലൈംഗികവൈകൃതമോ ഉന്നയിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് നബിവിമര്‍ശകന്മാര്‍ ഏറെ ചിന്തിക്കേണ്ട വസ്തുതയാണ്. ഇന്ന് നബിവൈരികള്‍ ദുര്‍വ്യാഖ്യാനിച്ച് ദുഷിപ്പിച്ചവതരിപ്പിക്കുന്ന ചരിത്ര സന്ദര്‍ഭങ്ങളും ഹദീഥ് നിവേദനങ്ങളും അവര്‍ പ്രചരിപ്പിക്കുന്ന വിധമായിരുന്നുവെങ്കില്‍ എത്രമാത്രം ഒച്ചപ്പാടുകളും ബഹളകോലാഹലങ്ങളും പ്രവാചക കാലഘട്ടത്തില്‍ തന്നെ അതുമൂലം സൃഷ്ടിക്കപ്പെടുമായിരുന്നു. പക്ഷെ ഇസ്‌ലാമിക ചരിത്ര ഗ്രന്ഥങ്ങളിലൊരിടത്തും അത്തരത്തിലുള്ള ഒച്ചപ്പാടുകളെ പറ്റിയോ ബഹളകോലാഹലങ്ങളെ പറ്റിയോ ഉള്ള യാതൊരു സൂചനയും കാണുകയില്ല. നബിയെ പറ്റിയുള്ള വിവരങ്ങള്‍ അന്വേഷിച്ച ഹിര്‍ക്കിലിനെ പേലെയുള്ള ആ കാലഘട്ടത്തിലെ ചക്രവര്‍ത്തിമാരോടും രാജാക്കന്മാരോടും പരമാവധി പ്രവാചകനെ പ്രതികൂലിച്ചു വിവരങ്ങള്‍ പങ്കുവെക്കാന്‍ ശ്രമിച്ച ശത്രുക്കളിലൊരാള്‍ പോലും നബിക്കെതിരെ വ്യഭിചാരാരോപണമോ ലൈംഗികവൈകൃതമോ ഉന്നയിച്ചിട്ടില്ല എന്നതും വളരെ ശ്രദ്ധേയമായ വസ്തുതയാണ്.

മാത്രമല്ല, പ്രവാചകനെതിരെ ഈ ലൈംഗിക വൈകൃതാനുരക്ത ഇസ്‌ലാമോഫോബിക്കുകള്‍ (Sexually Deviant Islamophobes) ആരോപിക്കുന്ന വ്യഭിചാരാരോപണങ്ങളും ലൈംഗികവൈകൃതങ്ങളും ഇസ്‌ലാമില്‍ ഹദ്ദ് (ശിക്ഷ) നല്‍കപ്പെടുന്ന കുറ്റകൃത്യങ്ങളാണ്. ഇവര്‍ ആരോപിക്കും വിധം നബി(സ്വ) തന്നെ അത്തരം കുറ്റങ്ങള്‍ ചെയ്‌തെന്നിരിക്കെ എന്തു ന്യായം പറഞ്ഞാണ് ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ പൗരന്മാര്‍ക്കുമേല്‍ പ്രസ്തുത തെറ്റുകള്‍ക്ക് ശിക്ഷ നടപ്പാക്കുക; കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ എങ്ങനെയാണ് പ്രസ്തുത തെറ്റുകള്‍ക്ക് വിധിക്കപ്പെടേണ്ട ശിക്ഷകളെ പറ്റി ചര്‍ച്ച ചെയ്യുക. എന്തിനധികം പറയണം നബി (സ്വ) തന്നെ അത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഭരണാധികാരി എന്ന നിലയില്‍ ഹദ്ദ് (ശിക്ഷ) നല്‍കിയിട്ടുണ്ട്. വിമര്‍ശകര്‍ ആരോപിക്കും വിധമാണ് കാര്യങ്ങളെങ്കില്‍, നബി തന്നെ ചെയ്തിട്ടുള്ള അത്തരം കുറ്റങ്ങളുടെ പേരില്‍ മറ്റുള്ളവരെ ശിക്ഷിക്കാന്‍ എന്തു ന്യായമായിരിക്കും അദ്ധേഹത്തിനു പറയാനുണ്ടാവുക. വ്യഭിചാരത്തിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ട കുറ്റവാളികളില്‍ ഒരാള്‍ പേലും പ്രവാചക ജീവിതത്തെ ചൂണ്ടി കാണിച്ച് തങ്ങളുടെ ചെയ്തികളെ ന്യായീകരിക്കാന്‍ ശ്രമിച്ചിട്ടില്ല. ചൂണ്ടിക്കാണിക്കുവാന്‍ അത്തരം ന്യായങ്ങളുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും അവരതു ചെയ്യുമായിരുന്നു. അത്തരം ചെയ്തികളുടെ പേരില്‍ ശിക്ഷക്കപ്പെട്ടവരില്‍ മുസ്‌ലിംകളും ജൂതന്മാരുമടക്കം നാനാവിധത്തിലുള്ളവരുണ്ടായിരുന്നിട്ടും ഒരാള്‍ പോലും അതു പറഞ്ഞില്ലെങ്കില്‍ അതിനര്‍ഥമെന്താണ്?. നബിവൈരികള്‍ ആരോപിക്കും വിധം ഒരു പുഴുക്കുത്തും നബിജീവിതത്തില്‍ നിന്നും കണ്ടെടുക്കാനാവില്ല എന്നുതന്നെ. ഒരു ചരിത്ര സംഭവത്തിലേക്കു ദൃഷ്ടി തിരിക്കാം നമുക്ക്:

”അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ) നിവേദനം: വ്യഭിചാരത്തിലുള്‍പ്പെട്ട ഒരു യഹൂദനേയും യഹൂദ സ്ത്രീയേയും നബി(സ്വ)യുടെ മുന്നില്‍ ഹാജരാക്കി. നബി (സ്വ) യഹൂദന്മാരുടെ അടുക്കല്‍ ചെന്നു ചോദിച്ചു: ‘വ്യഭിചാരത്തിന്റെ ശിക്ഷ തൗറാത്തില്‍ എങ്ങനെയാണ് കാണുന്നത്?’ അവര്‍ പറഞ്ഞു: ‘അവര്‍ രണ്ടുപേരുടേയും മുഖം കറുപ്പിക്കും. കഴുതപ്പുറത്ത് കയറ്റി പുറം തിരിച്ചിരുത്തും. അവരെ പ്രദക്ഷിണം ചെയ്യിക്കും.’ നബി(സ്വ) പറഞ്ഞു: ‘നിങ്ങള്‍ തൗറാത്ത് കൊണ്ടു വരിക; നിങ്ങള്‍ സത്യം പറയുന്നവരാണെങ്കില്‍.’ അവര്‍ തൗറാത്തുമായി വന്നു വായിക്കാന്‍ തുടങ്ങി. അങ്ങനെ എറിഞ്ഞു കൊല്ലുന്ന ശിക്ഷാവിധി അടങ്ങിയ ഭാഗത്തെത്തിയപ്പോള്‍ അത് വായിച്ചിരുന്ന ചെറുപ്പക്കാരന്‍ ആ വിധികളടങ്ങിയ സൂക്തങ്ങളുടെ മേല്‍ കൈവച്ചു. അതിന്റെ അപ്പുറവും ഇപ്പുറവും വായിച്ചു. നബി(സ്വ)യുടെ കൂടെയുണ്ടായിരുന്ന അബ്ദുല്ലാഹി ബ്‌നു സലാം (റ) പറഞ്ഞു: ‘അയാളോട് കൈ മാറ്റാന്‍ ആവശ്യപ്പെടുക.’ അയാള്‍ കൈ ഉയര്‍ത്തി. അതില്‍ എറിഞ്ഞുകൊല്ലണമെന്ന വിധി അടങ്ങിയ സൂക്തമുണ്ടായിരുന്നു. നബി (സ്വ) അവര്‍ രണ്ടുപേരേയും എറിഞ്ഞുകൊല്ലാന്‍ കല്‍പ്പിക്കുകയും അങ്ങനെ എറിഞ്ഞു കൊല്ലുകയും ചെയ്തു,” (സ്വഹീഹ് മുസ്‌ലിം: 1699)
ഈ ചരിത്ര സംഭവം എന്താണ് നമുക്ക് വിവരിച്ചുതരുന്നത്. വ്യഭിചാരത്തിലേര്‍പ്പെട്ട യഹൂദന്‍ ഉന്നത സ്ഥാനത്തിനുടമയായതുകൊണ്ട് അയാളെ രക്ഷപ്പെടുത്താന്‍ സ്വന്തം വേദഗ്രന്ഥത്തിലുള്ള വിധിപോലും മറച്ചു പിടിച്ച് പ്രവാചകനെ തെറ്റിദ്ധരിപ്പിക്കാന്‍ പരിശ്രമിക്കുകയാണ് യഹൂദന്മാര്‍. പക്ഷെ തൗറാത്ത് നന്നായി അറിയുന്ന, യഹൂദ പണ്ഡിതനായിരുന്ന അബ്ദുല്ലാഹി ബ്‌നു സലാം (റ) അത് കൈയ്യോടെ പിടികൂടുകയും അങ്ങനെ കുറ്റക്കാരനായ യഹൂദനെ രക്ഷിക്കാന്‍ മറ്റു വഴികളില്ലാതെ യഹൂദന്മാര്‍ക്ക് തൗറാത്തിലെ വിധി നടപ്പാക്കേണ്ടി വരികയും ചെയ്യുന്നു. നബിവൈരികള്‍ ആരോപിക്കും വിധം പ്രവാചക ജീവിതം തന്നെ അവിഹിത ബന്ധങ്ങള്‍ നിറഞ്ഞതോ ലൈംഗിക വൈകൃതങ്ങള്‍ പേറിയതോ ആയിരുന്നെങ്കില്‍ യഹൂദന്മാര്‍ നബിയുടെ നിയമനടപടിക്കെതിരെ ആദ്യമായി ഉന്നയിക്കുന്ന തുരുപ്പുചീട്ട് അതാകുമായിരുന്നു. താങ്കള്‍ തന്നെ ചെയ്തുകൊണ്ടിരിക്കുന്ന തെറ്റ് ഞങ്ങളുടെ കൂട്ടത്തില്‍ ഒരാള്‍ ചെയ്‌തെന്നിരിക്കെ അതിനെതിരെ ശിക്ഷാ നടപടി സ്വീകരിക്കാന്‍ താങ്കള്‍ക്കെന്തധികാരം എന്നവര്‍ ചോദിക്കുമായിരുന്നു. പക്ഷെ ഒരു യഹൂദനും അതിനു സാധിച്ചില്ല. നിശബ്ദരായി തൗറാത്തിലെ വിധി നടപ്പാക്കേണ്ടി വന്നു അവര്‍ക്ക്. എന്തുകൊണ്ട്!? ഉത്തരം വളരെ ലളിതമാണ്. നബിവിരോധികള്‍ കച്ചകെട്ടിയുണ്ടാക്കിയ ഈ കളവുകള്‍ അവര്‍ക്കറിയില്ലായിരുന്നു. സ്വന്തം വേദഗ്രന്ഥത്തില്‍ വരെ കളവു കാണിക്കുന്ന യഹൂദനെ പോലും തോല്‍പ്പിക്കുന്ന ഈ പുതിയ കാല മഹാ കള്ളന്മാരെ അന്ന് ആ യഹൂദന്മാര്‍ പരിചയപ്പെട്ടിട്ടില്ലായിരുന്നു.

മാത്രമല്ല, ലൈംഗിക വിശുദ്ധിയുമായി ബന്ധപ്പെട്ട നബിയുടെ ഉപദേശങ്ങള്‍ അതീവ കാര്‍ക്കശ്യ സ്വഭാവമുള്ളവയാണെന്ന് അതില്‍ നിന്നും അല്‍പമെങ്കിലും കേട്ടിട്ടുള്ളവര്‍ക്കെല്ലാം അറിയാവുന്ന വസ്തുതയാണ്. ഒരു സ്ത്രീയും പുരുഷനും ഒറ്റക്കായാല്‍ മൂന്നാമന്‍ പിശാചാണ്, അന്യ സ്ത്രീയുടെ നേര്‍ക്കുള്ള രണ്ടാമത്തെ നേട്ടം പുരുഷനു നിഷിദ്ധമാണ്, അന്യസ്ത്രീയെ സ്പര്‍ശിക്കുന്നതിനേക്കാള്‍ പുരുഷനു നല്ലത് തലയില്‍ ഇരുമ്പാണി തറക്കുന്നതാണ്, മനുഷ്യരെ ഏറ്റവുമധികം നരകാര്‍ഹരാക്കുന്നത് നാവിന്റെയും ലൈംഗികാവയവങ്ങളുടെയും വിശുദ്ധിയില്ലായ്മയാണ്, ആര്‍ ലൈംഗികാവയവങ്ങളെ കാത്തു സൂക്ഷിക്കുന്നുവേ അവനു ഞാന്‍ സ്വര്‍ഗം ജാമ്യം നില്‍ക്കുന്നു, ലൈംഗിക വിശുദ്ധി കാത്തു സൂക്ഷിക്കുവാനായി വിവാഹം ചെയ്യാന്‍ കഴിവില്ലാത്തവന്‍ വ്രതമനുഷ്ഠിക്കട്ടെ, വ്രതം ലൈംഗിക വിശുദ്ധിയുടെ പരിചയാണ്, അന്യസ്ത്രീയാല്‍ ആകര്‍ഷിക്കപ്പെട്ടവന്‍ സ്വന്തം ഭാര്യയുടെ അരികില്‍ പേകട്ടെ കാരണം അവള്‍ക്കുള്ളതു തന്നെയാണ് ഇവള്‍ക്കുള്ളതും, വൃദ്ധനായ വ്യഭിചാരിയോട് ദൈവം മുഖം തിരിക്കും, അത്തരക്കാര്‍ക്ക് ദൈവത്തിന്റെ കാരുണ്യ കടാക്ഷം ലഭിക്കില്ല, അയല്‍ വാസിയുടെ ഭാര്യയെ വ്യഭിചരിക്കല്‍ വന്‍ പാപമാകുന്നു, ദമ്പധിമാര്‍ കിടപ്പറ രഹസ്യങ്ങള്‍ പരസ്യപ്പെടുത്തുന്നത് പാപമാണ്, കുടുംബത്തെ മ്ലേഛ വൃത്തിക്കു കൂട്ടികൊടുക്കുന്നവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല, പരപുരുഷന്മാരെ വശീകരിക്കാനായി സുഖന്ധമുപയോഗിക്കുന്ന സ്ത്രീകള്‍ നരകത്തിലാണ്; അവളെ നോക്കുന്ന കണ്ണുകളും നരകത്തിലാണ്, സ്വവര്‍ഗ സംഭോഗിയെ അല്ലാഹു ശപിച്ചിരിക്കുന്നു, മൃഗരതിയിലേര്‍പ്പെടുന്നവനെയും മൃഗത്തെയും വധിക്കണം, വിവാഹിതനായ വ്യഭിചാരിയെ ചാട്ടവാറുകൊണ്ട് നൂറടിയടിക്കണം; എറിഞ്ഞുകൊല്ലണം, അവിവാഹിതനായ വ്യഭിചാരിയെ ചാട്ടവാറുകൊണ്ട് നൂറടിയടിക്കണം; നാടുകടത്തണം തുടങ്ങി പാരാവാരം കണക്കെ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു ലൈംഗിക വിശുദ്ധിയുടെ നബിപാഠങ്ങള്‍. വിമര്‍ശകര്‍ ആരോപിക്കും വിധം അവിഹിത ബന്ധങ്ങളും ലൈംഗികവൈകൃതങ്ങളും നിറഞ്ഞതായിരുന്നു നബിജീവിതമെങ്കില്‍ പിന്നെ എങ്ങനെയാണ് പ്രവാചകന്‍ തന്റെ ജനതക്ക് ഇത്രമാത്രം ലൈംഗിക വിശുദ്ധിയുടെ ജീവിത പാഠങ്ങള്‍ പകര്‍ന്നു നല്‍കിയത്. പ്രവാചകനില്‍ നിന്നും വിശുദ്ധിയുടെ ജീവിത പാഠങ്ങള്‍ കേട്ട് സ്വജീവിതത്തെ അതിനനുസൃതമായി ചിട്ടപ്പെടുത്താന്‍ അങ്ങേയറ്റത്തെ ത്യാഗ പരിശ്രമങ്ങള്‍ നടത്തിയ ഒരു ജനത, തങ്ങള്‍ക്കു നല്‍കിയ ഉപദേശങ്ങള്‍ക്കു കടക വിരുദ്ധമായി ജീവിക്കുന്ന ഉപദേശകനെ ജീവനേക്കാള്‍ അധികമായി സ്‌നേഹിച്ചുവെന്ന് കരുതാന്‍ ബുദ്ധിഭ്രമം പിടിപെടുക തന്നെ വേണം. സ്വന്തം ജീവനും ജീവിതവും സമ്പാദ്യവും സന്തോഷവുമെല്ലാം ആ ഉപദേശകന്റെ കാല്‍കീഴില്‍ കൊണ്ടു സമര്‍പ്പിക്കുവാന്‍ ആ ജനത തയ്യാറായത്, കേട്ട ഉപദേശങ്ങളെക്കാള്‍ മഹത്തരമായ ജീവിതത്തെ നേരില്‍ കണ്ടതുകൊണ്ടാണെന്ന് തിരിച്ചറിയാന്‍ സത്യസന്ധതക്ക് ജീവിതത്തില്‍ ചെറിയ ഒരിടം കൊടുത്താല്‍ മാത്രം മതി.

ഇമാം അഹ്‌മദ്‌ മുസ്‌നദിലും (5/256) ത്വബ്‌റാനി മുഅ്ജമുല്‍ കബീറിലും (8/162, 183) ബൈഹക്വി ശുഅ്ബുല്‍ ഈമാനിലും (4/362(5415)) ഉദ്ദരിച്ച ഒരു ഹദീഥ് കാണുക: ”അബൂ ഉമാമഃ(റ)യില്‍ നിന്നും നിവേദനം: ഒരു യുവാവ് നബി(സ്വ)യുടെ അടുക്കലേക്ക് വന്നു. എന്നിട്ടവന്‍ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരെ എനിക്കു വ്യഭിചരിക്കാന്‍ അനുവാദം നല്‍കിയാലും. അപ്പോള്‍ ജനങ്ങള്‍ അയാളുടെ അടുത്തു ചെന്ന് അയാളെ തടഞ്ഞുകൊണ്ട് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ നബി(സ്വ) പറഞ്ഞു: അദ്ധേഹത്തെ എന്റടുത്തേക്ക് വിടൂ. അപ്പോള്‍ ആ യുവാവ് നബി(സ്വ)യുടെ അരികിലേക്ക് വന്നിരുന്നു. എന്നിട്ട് നബി(സ്വ) അയാളോട് ചോദിച്ചു:

‘നിന്റെ മാതാവിനു നീ അത് (വ്യഭിചാരം) ഇഷ്ടപ്പെടുന്നുണ്ടോ? അയാള്‍ പറഞ്ഞു: ഇല്ല. അല്ലാഹുവാണേ, അല്ലാഹു എന്നെ താങ്കള്‍ പ്രായശ്ചിത്തമാക്കട്ടെ. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ജനങ്ങളും അവരുടെ മാതാക്കള്‍ക്ക് അത് (വ്യഭിചാരം) ഇഷ്ടപ്പെടുന്നില്ല.’
‘നബി(സ്വ) ചോദിച്ചു: നിന്റെ മകള്‍ക്ക് നീ അത് (വ്യഭിചാരം) ഇഷ്ടപ്പെടുന്നുണ്ടോ? അയാള്‍ പറഞ്ഞു: ഇല്ല. അല്ലാഹുവാണേ, അല്ലാഹു എന്നെ താങ്കള്‍ പ്രായശ്ചിത്തമാക്കട്ടെ. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ജനങ്ങളും അവരുടെ പുത്രിമാര്‍ക്ക് അത് (വ്യഭിചാരം) ഇഷ്ടപ്പെടുന്നില്ല.’
‘എന്നിട്ട് വീണ്ടും നബി(സ്വ) അയാളോട് ചോദിച്ചു: നിന്റെ സഹോദരിക്ക് നീ അത് (വ്യഭിചാരം) ഇഷ്ടപ്പെടുന്നുണ്ടോ? അയാള്‍ പറഞ്ഞു: ഇല്ല. അല്ലാഹുവാണേ, അല്ലാഹു എന്നെ താങ്കള്‍ പ്രായശ്ചിത്തമാക്കട്ടെ. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ജനങ്ങളും അവരുടെ സഹോദരിമാര്‍ക്ക് അത് (വ്യഭിചാരം) ഇഷ്ടപ്പെടുന്നില്ല.’

‘നബി(സ്വ) വീണ്ടും ചോദിച്ചു: നിന്റെ അമ്മായിക്ക് നീ അത് (വ്യഭിചാരം) ഇഷ്ടപ്പെടുന്നുണ്ടോ? അയാള്‍ പറഞ്ഞു: ഇല്ല. അല്ലാഹുവാണേ, അല്ലാഹു എന്നെ താങ്കള്‍ പ്രായശ്ചിത്തമാക്കട്ടെ. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ജനങ്ങളും അവരുടെ അമ്മായിമാര്‍ക്കും അത് (വ്യഭിചാരം) ഇഷ്ടപ്പെടുന്നില്ല.’

‘വീണ്ടും അവിടുന്ന് ചോദിച്ചു: നിന്റെ മാതൃസഹോദരിക്ക് നീ അത് (വ്യഭിചാരം) ഇഷ്ടപ്പെടുന്നുണ്ടോ? അയാള്‍ പറഞ്ഞു: ഇല്ല. അല്ലാഹുവാണേ, അല്ലാഹു എന്നെ താങ്കള്‍ പ്രായശ്ചിത്തമാക്കട്ടെ. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ജനങ്ങളും അവരുടെ മാതൃസഹോദരിമാര്‍ക്കും അത് (വ്യഭിചാരം) ഇഷ്ടപ്പെടുന്നില്ല.’

എന്നിട്ട് നബി (സ്വ) അദ്ധേഹത്തിന്റെ കൈകള്‍ അയാളുടെ ശരീരത്തില്‍ വെച്ചുകൊണ്ട് പ്രാര്‍ഥിച്ചു: ‘അല്ലാഹുവേ ഇദ്ധേഹത്തിന്റെ പാപം നീപൊറുത്തുകൊടുക്കുകയും ഹൃദയം ശുദ്ധീകരിക്കുകയും ലൈംഗികാവയവങ്ങളെ സംരക്ഷിക്കുകയും ചെയ്യേണമേ.’ അതിനു ശേഷം ആ യുവാവ് ഒന്നിലേക്കും (ലൈംഗികമായ ദുര്‍വൃത്തിയിലേക്ക്) തിരിഞ്ഞു നോക്കിയിരുന്നില്ല.”

വ്യഭിചാരത്തിന് അനുവാദം നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രവാചക സന്നിധിയിലേക്ക് കടന്നു വന്ന ഒരു യുവാവിനെ മനഃശാസ്ത്രപരമായി സമീപിക്കുകയാണിവിടെ പ്രവാചകന്‍ (സ്വ). അവനോടായി അദ്ധേഹം പറയുകയാണ്, നിന്റെ മാതാവും മകളും സഹോദരിയും അമ്മായിയും മാതൃസഹോദരിയുമൊക്കെ വ്യഭിചരിക്കുന്നത് നീ ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ നീ വ്യഭിചരിക്കുന്ന സ്ത്രീയാകട്ടെ തീര്‍ച്ചയായും മറ്റൊരുവന്റെ മാതാവോ മകളോ സഹോദരിയോ അമ്മായിയോ മാതൃസഹോദരിയോ ആയിരിക്കും. അവനും നിന്നെപ്പോലെ സ്വന്തം മാതാവും മകളും സഹോദരിയും അമ്മായിയും മാതൃസഹോദരിയുമൊക്കെ വ്യഭിചരിക്കുന്നത് ഇഷ്ടപ്പെടുന്നവനല്ല. സ്വന്തക്കാരായ സ്ത്രീകള്‍ വ്യഭിചരിക്കുന്നത് വെറുക്കുന്ന നീ മറ്റുള്ളവരുടെ സ്വന്തക്കാരായ സ്ത്രീകളെ വ്യഭിചരിക്കാനനുവാദം ചോദിക്കുന്നത് എത്രമാത്രം അക്രമമാണ്. അയാള്‍ക്ക് ബോധോദയമുണ്ടായി ആ നികൃഷ്ഠമായ ആഗ്രഹം വെടിഞ്ഞ് വിശുദ്ധമായ ജീവിതം അയാള്‍ തിരഞ്ഞെടുത്തു. ഇനി നാം ചിന്തിക്കുക, നബിവൈരികള്‍ ആരോപിക്കും വിധം പ്രവാചക ജീവിതം തന്നെ വ്യഭിചാരബന്ധങ്ങള്‍ നിറഞ്ഞതോ ലൈംഗികവൈകൃതങ്ങള്‍ പോറിയതോ ആയിരുന്നെങ്കില്‍ ആ യുവാവിനെ നബി എങ്ങനെയാണ് ഉപദേശിക്കുക. അയാള്‍ അത് എങ്ങനെയാണ് ഉള്‍കൊള്ളുക. എന്നെ നന്മയും സദാചാരവും ഉപദേശിക്കാന്‍ താങ്കള്‍ക്കെന്തര്‍ഹത എന്നയാള്‍ തിരിച്ചു ചോദിക്കുമായിരുന്നില്ലേ.? എന്തുകൊണ്ടയാള്‍ അതു ചോദിച്ചില്ല.! കാരണം അയാള്‍ നബിയെ പഠിച്ചതും അറിഞ്ഞതും അനുഭവങ്ങളില്‍ നിന്നും നേര്‍ക്കുനേരെയായിരുന്നു; അല്ലാതെ എതെങ്കിലും നവനാസ്തിക ഞരമ്പുരോഗികളില്‍ നിന്നോ മിഷണറി നുണഫാക്ടറികളില്‍ നിന്നോ ഷോവനിസ്റ്റ് ചാണക പുരകളില്‍ നിന്നോ ആയിരുന്നില്ല.

ഇത്രയും നാം പറഞ്ഞത്, ലൈംഗികവൈകൃതാനുരക്ത ഇസ്‌ലാമോഫോബിക്കുകള്‍ (Sexually Deviant Islamophobes) നബിജീവിതത്തിനെതിരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഏതൊരു ആരോപണത്തെയും പഠനവിധേയമാക്കുന്നതിനു മുമ്പ് ചിന്തയിലേക്ക് കൊണ്ടുവരേണ്ട ആമുഖ ചിന്താധാരകളെ പറ്റിയാണ്. കല്ലുവെച്ച കള്ളങ്ങള്‍ മാത്രമാണ് ഏതൊരു നബിനിന്ദാ പ്രമേയങ്ങളുമെന്ന ബോധ്യം പകര്‍ന്നു നല്‍കാന്‍ പര്യാപ്തമാണ് ആ വിശുദ്ധ ജീവിതത്തെപ്പറ്റിയുള്ള പ്രാഥമിക ചരിത്രപാഠങ്ങള്‍ പോലും. ഇനി നമുക്കു പരിശോധിക്കുവാനുള്ളത് ഉന്നയിക്കപ്പെട്ട ആരോപണങ്ങളുടെ നിജസ്ഥിതികളാണ്. അക്കമിട്ടു നമുക്കതു പരിശോദിക്കാം.

1, നബിയുടെ മാതൃസഹോദരി ഖൗല ബിന്‍ത് ഹകീം എന്ന സ്ത്രീ സ്വന്തം ശരീരം നബിക്കു ദാനം നല്‍കുകയുണ്ടായി എന്നും അതിനെതിരെ സ്വപത്‌നി ആഇശ പോലും നബിയോട് ‘ഒരു സ്വതന്ത്ര സ്ത്രീ സ്വദേഹം ദാനം ചെയ്യുകയോ’ എന്ന് പ്രതികരിച്ചുവെന്നും ഹദീഥ് ഗ്രന്ഥങ്ങളില്‍ കാണാം. എന്നാല്‍ നബി ഒരിക്കലും അതിനെ മോശമായി കണ്ടിരുന്നില്ല എന്നും ഹദീഥ് ഗ്രന്ഥങ്ങള്‍ തന്നെ മനസ്സിലാക്കി തരുന്നുണ്ട്. സ്ത്രീകളെ കൊണ്ട് സ്വശരീരങ്ങള്‍ തനിക്കായി ദാനം ചെയ്യാന്‍ പ്രേരിപ്പിക്കുകയും സ്വന്തം മാതൃസഹോദരിയെ പോലും അതില്‍ നിന്നും ഒഴിവാക്കാതിരിക്കുകയും ചെയ്ത പ്രവാചക നടപടിയെ അല്‍പമെങ്കിലും ധാര്‍മികബോധമുള്ളവര്‍ക്ക് അംഗീകരിക്കാനാകുമോ?

നാം നിരൂപണവിധേയമാക്കേണ്ട വിമര്‍ശനങ്ങള്‍ ഇവയാണ്:

a) എന്താണ് ശരീരദാനം കൊണ്ട് ഉദ്ദേശിക്കുന്നത്? വിമര്‍ശകന്മാര്‍ ജല്‍പ്പിക്കും പ്രകാരം സ്വന്തം ശരീരത്തെ ഒരു സ്ത്രീ ലൈംഗികാസ്വാദനത്തിനായി നബി(സ്വ)ക്ക് സമര്‍പ്പിക്കുന്ന ഏര്‍പ്പാടാണോ അത്. അല്ലേ അല്ല.!! നാസ്തിക/മിഷനറി/ഷോവനിസ്റ്റ് ഞരമ്പുരോഗികളുടെ ശിഫക്കായി (ശമനം) നമുക്കതു മന്ത്രിച്ചു കൊടുക്കാം.

വിശുദ്ധ ക്വുര്‍ആന്‍ പറഞ്ഞു: ”സത്യവിശ്വാസിയായ സ്ത്രീ സ്വന്തത്തെ പ്രവാചകന് ദാനം ചെയ്യുകയും അവളെ വിവാഹം കഴിക്കാനുദ്ദേശിക്കുകയുമാണെങ്കില്‍ അതിനും വിരോധമില്ല.” (ക്വുര്‍ആന്‍: 33: 50)

‘വിവാഹം കഴിക്കാനുദ്ദേശിക്കുകയുമാണെങ്കില്‍’ എന്നാണ് ക്വുര്‍ആന്‍ ഇവിടെ പരാമര്‍ശിച്ചിരിക്കുന്നത്. അഥവാ വിമര്‍ശകന്മാര്‍ ആരോപിക്കും വിധം ലൈംഗികാസ്വാദനത്തിനായി നബി(സ്വ)ക്ക് ഒരു സ്ത്രീ സ്വശരീരത്തെ സമര്‍പ്പിക്കുന്ന ഏര്‍പ്പാടല്ല ഇത്. മറിച്ച് വിവാഹത്തിനായി സ്വന്തത്തെ സമര്‍പിക്കലാണ്. അഥവാ സാധാരണ വിവാഹത്തില്‍ നിന്നും വ്യത്യാസമായി ഇവിടെ സ്ത്രീ മഹ്ര്‍ ഒഴിവാക്കും. ‘ഹിബത്ത്’ വിവാഹം എന്നാണ് ഇതറിയപ്പെടുന്നത്. ഇത് പ്രവാചകനു മാത്രം ബാധകമായ നിയമമാണ്. എല്ലാ പണ്ഡിതന്മാരും അതു വ്യക്തമാക്കിയിട്ടുണ്ട്.

”സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക് ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും (അനുവദിച്ചിരിക്കുന്നു.)” അഥവാ മഹ്ര്‍ ഇല്ലാതെ വിവാഹം ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍. ഹിബത്ത് (സ്വദേഹം ദാനം ചെയ്യുന്നു) എന്ന പദം ഉപയോഗിച്ച് മഹ്ര്‍ ഇല്ലാത്ത നിക്കാഹാണ് ഇവിടെ ഉദ്ദേശം.” (തഫ്‌സീറുല്‍ ജലാലൈനി: 33:50 ന്റെ വ്യാഖ്യാനം)

”ഇബ്‌നു അബ്ബാസ് (റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്റെ പത്‌നിമാരില്‍ സാധാരണ ചടങ്ങിലൂടെയൊ വലങ്കൈ ഉടമപ്പെടുത്തിയതോ അല്ലാതെ ആരും ഉണ്ടായിരുന്നില്ല. ഹിബത്ത് (സ്വദേഹം ദാനം ചെയ്യുന്നു) എന്ന പദം ഉപയോഗിച്ച് മഹ്ര്‍ ഇല്ലാത്ത നിക്കാഹിന് തയ്യാറായ ഒരു സ്ത്രീയേയും പ്രവാചകന്‍ (സ) സ്വീകരിക്കരിച്ചിട്ടില്ല. അവരില്‍ പെട്ട ആരും പ്രവാചകന് (സ) ഉണ്ടായിരുന്നില്ല.” (തഫ്‌സീറുല്‍ കുര്‍തുബി: 33:50 ന്റെ വ്യാഖ്യാനം)

”മഹ്ര്‍ കൂടാതെ, എന്നെ വിവാഹം ചെയ്യണോ എന്ന വിധി താങ്കള്‍ക്ക് ഞാന്‍ ഇഷ്ടദാനം ചെയ്യുന്നു.” (അല്‍ മുഫ്ഹിം: ഇമാം കുര്‍ത്തുബി: പേജ്: 4/128)

”ഹിബത്ത് (സ്വദേഹം ദാനം ചെയ്യുന്നു) എന്ന പദം ഉപയോഗിച്ച് മഹ്ര്‍ ഇല്ലാത്ത നിക്കാഹിന് തയ്യാറായ സ്ത്രീകളെ വിവാഹം ചെയ്യല്‍ പ്രവാചകന് അനുവദിക്കപ്പെട്ടിട്ടും പ്രവാചകന്‍ (സ) അതു ചെയ്തില്ല എന്നാണ് ഇബ്‌നു അബ്ബാസ് (റ) പറയുന്നത്.” (ഫത്ഹുല്‍ ബാരി: 8:526)

”ഞാന്‍ എന്നെ താങ്കള്‍ക്കു മുമ്പില്‍ വിവാഹത്തിനായി ഇഷ്ടദാനം ചെയ്യുന്നു’ എന്ന വാചകത്തില്‍ ഒരു മുള്വാഫ് (Possession) (ഭാഷാ പരമായ ഭംഗിക്കായി) വിട്ടുകളഞ്ഞതാണ്. യഥാർത്ഥത്തില്‍ വാചകത്തിന്റെ വിവക്ഷ ഇപ്രകാരമാണ്: ‘ഞാന്‍ എന്നെ അഥവാ എന്റെ വിവാഹ കാര്യത്തെ താങ്കള്‍ക്കു മുമ്പില്‍ ഇഷ്ടദാനം ചെയ്യുന്നു’. കാരണം ഒരു സ്വതന്ത്ര്യ സ്ത്രീ ഉടമപ്പെടുത്തപ്പെടുകയോ ദാനം ചെയ്യപ്പെടുകയോ ഇല്ലല്ലോ. മഹ്ര്‍ ഇല്ലാതെ തന്നെ താങ്കളെ വിവാഹം ചെയ്യാന്‍ ഞാന്‍ തയ്യാറാണ് എന്നാണ് ആ സ്ത്രീ പറഞ്ഞതിന്റെ വിവക്ഷ.” (ഫത്ഹുല്‍ ബാരി: 9/112, ഫത്ഹുല്‍ മുന്‍ഇം: 5/540)

നബി(സ്വ)ക്ക് ലൈംഗികാസ്വാദനത്തിനായി സ്ത്രീകള്‍ അവരുടെ ശരീരം ദാനം ചെയ്യുന്ന ഏര്‍പാടല്ല ‘ഹിബത്ത്’. മറിച്ച് മഹ്ര്‍ (വിവാഹ മൂല്യം) ഇല്ലാതെ തന്നെ അവരെ വിവാഹം ചെയ്യാനുള്ള അവകാശം പ്രവാചകനു സമര്‍പിച്ചുകൊണ്ട് നടത്തപ്പെടുന്ന വിവാഹ രീതിയാണത്. നബി(സ്വ)യുടെ പത്‌നിപദം ആഗ്രഹിച്ചുകൊണ്ടാണവര്‍ അപ്രകാരമുള്ള വിവാഹത്തിനു സന്നദ്ധത അറിയിക്കുന്നത്. എന്നാല്‍ അത്തരത്തിലുള്ള ‘ഹിബത്ത്’ വിവാഹം നബി (സ്വ) ഒരിക്കലും ചെയ്തിട്ടില്ലെന്നാണ് പ്രവാചക ശിഷ്യനും സന്നദ്ധസഹചാരിയുമായ ഇബ്‌നു അബ്ബാസ് (റ) പറയുന്നത്. എങ്കില്‍ എന്തുകൊണ്ടാണ് പ്രവാചക പത്‌നി ആഇശ (റ) ‘ഒരു സ്വതന്ത്ര സ്ത്രീ സ്വദേഹം ദാനം ചെയ്യുകയോ’?! എന്ന് പ്രവാചകനോട് പ്രതികരിച്ചത്? ഒരു സ്വതന്ത്ര സ്ത്രീയുടെ കുലീനതക്കു യോജിച്ച കാര്യമായി അവര്‍ക്കതിനെ ഉള്‍കൊള്ളാന്‍ പ്രയാസം തോന്നിയതുകൊണ്ടു മാത്രമാണ് അവരപ്രകാരം നബി(സ്വ)യോടു പ്രതികരിച്ചത്. കാരണം മഹ്ര്‍ എന്നത് സ്ത്രീയുടെ കുലീനതയുടെ ഭാഗമായാണ് അന്നും ഇന്നും അറേബ്യന്‍ സ്ത്രീകള്‍ കണക്കാക്കി പോരുന്നത്. അതിനാല്‍ സ്വാഭാവികമായും ഉണ്ടായ ഒരാശ്ചര്യം പ്രകടിപ്പിക്കുക മാത്രമായിരുന്നു അവര്‍. എന്നാല്‍ നബി (സ്വ) അത് മോശമായി കാണാതിരുന്നത് ‘ഹിബത്ത്’ വിവാഹത്തിന് സന്നദ്ധരായ സ്ത്രീകള്‍ അതുകൊണ്ടാഗ്രഹിച്ചത് പ്രവാചകന്റെ പത്‌നിപദം മാത്രമാണെന്ന് അവിടുത്തേക്ക് അറിയാവുന്നതു കൊണ്ടായിരുന്നു. ആദര്‍ശ പ്രണയമാണ് ശരീര പ്രണയമല്ല അതിനു പിറകിലുള്ള ചേദോവികാരമെന്ന് പ്രവാചകന് അറിയാമായിരുന്നു.

b) ‘നബിയുടെ മാതൃസഹോദരി ഖൗല ബിന്‍ത് ഹകീം എന്ന സ്ത്രീ സ്വന്തം ശരീരം നബിക്കു ദാനം നല്‍കുകയുണ്ടായി’. വിമര്‍ശനമിതാണ്; സ്വന്തം മാതൃസഹോദരിയെ കൊണ്ടു പോലും ശരീരം ദാനം (ഹിബത്ത്) ചെയ്യപ്പിച്ചു പ്രവാചകന്‍.!! ആരായിരുന്നു വാസ്തവത്തില്‍ ഖൗല ബിന്‍ത് ഹകീം എന്ന സ്ത്രീ. നബിയുടെ മാതൃസഹോദരിയായിരുന്നോ?. അല്ല. മറിച്ച് അവര്‍ പ്രസിദ്ധ താബിഈയായ (പ്രവാചകാനുചരന്മാരുടെ ശിഷ്യന്‍) സഈദിബ്‌നുല്‍ മുസ്വയ്യിബി(റ)ന്റെ മാതൃസഹോദരിയായിരുന്നു. പിന്നെ എന്തുകൊണ്ടാണവര്‍ നബിയുടെ മാതൃസഹോദരിയാണെന്ന തെറ്റിദ്ധാരണയുണ്ടായി?. ആദ്യം നാം പരിശോധിക്കുന്നത് അവര്‍ സഈദിബ്‌നുല്‍ മുസ്വയ്യിബി(റ)ന്റെ മാതൃസഹോദരിയായിരുന്നു എന്ന വസ്തുതയാണ്. അതോടൊപ്പം, എന്തുകൊണ്ടാണവര്‍ നബിയുടെ മാതൃസഹോദരിയാണെന്ന തെറ്റിദ്ധാരണയുണ്ടായതെന്നും പരിശോധിക്കാം.

”അബുല്‍ വലീദ് അത്ത്വയാലിസി പറഞ്ഞു: ശുഅ്ബ നമ്മോട് പറഞ്ഞു: അതാഅ് അല്‍ ഖുറാസാനിയില്‍ നിന്ന്, അദ്ദേഹം പറഞ്ഞു: സഈദിബ്‌നുല്‍ മുസ്വയ്യിബ് പറയുന്നതായി ഞാന്‍ കേട്ടു: ‘എന്റെ മാതൃസഹോദരി’ ഖൗല ബിന്‍ത്ത് ഹകീം അസ്സുലമിയ്യ അല്ലാഹുവിന്റെ തിരുദൂതരോട് സ്ത്രീകളുടെ സ്‌കലനത്തെ സംബന്ധിച്ച് ചോദിച്ചു. അപ്പോള്‍ അത് സംഭവിച്ചാല്‍ കുളിക്കുവാന്‍ പ്രവാചകന്‍ കല്‍പ്പന നല്‍കി.” (സുനനു ദാരിമി: 762)

എന്നാല്‍ ഇതേ ഹദീഥിന്റെ ചില നിവേദനങ്ങളില്‍ പ്രവാചകന്റെ മാതൃസഹോദരിയാണ് ഖൗല ബിന്‍ത്ത് ഹകീം എന്ന് വന്നത് ഹദീസ് നിവേദകന് സംഭവിച്ച ഓര്‍മ പിശക് മാത്രമാണ്. നിവേദക പരമ്പരയിലെ ശുഅ്ബ എന്ന നിവേദകനാണ് ഈ ഓര്‍മ പിശക് സംഭവിച്ചത് എന്നും ചില പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. (https://al-maktaba.org/book/31621/19145#p35)

നിവേദക പരമ്പരയിലെ ‘അതാഅ് അല്‍ ഖുറാസാനി’ യില്‍ നിന്ന് പലപോഴും ഹദീഥിന്റെ പദപ്രയോഗങ്ങളില്‍ വഹ്‌മ് അഥവാ ധാരണ പിശക് സംഭവിക്കാറുണ്ട്. (സിയറു അഅ്‌ലാമിന്നുബലാഅ്: 6/140, തക്‌രീബു തഹ്ദീബ്: 1/392, തഹ്ദീബുല്‍ കമാല്‍: 20/107)

അത്തരത്തില്‍ സംഭവിച്ച ധാരണ പിശകാണ്, സഈദിബ്‌നുല്‍ മുസ്വയ്യിബ്, തന്റെ മാതൃസഹോദരിയാണ് ഖൗല ബിന്‍ത്ത് ഹകീം എന്ന് പറഞ്ഞത് പ്രവാചകന്റെ മാതൃസഹോദരിയാണ് ഖൗല ബിന്‍ത്ത് ഹകീം എന്ന് തെറ്റായി മനസ്സിലാക്കിയത്.
ഇസ്ഹാകിബ്‌നു റാഹൂയ പറഞ്ഞു: ഖൗല ബിന്‍ത്ത് ഹകീം വഴി അല്ലാഹുവിന്റെ ദൂതനില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ഹദീഥ്. അബൂ യഅ്കൂബ് പറഞ്ഞു: ഖൗല ബിന്‍ത്ത് ഹകീം, സഈദിബ്‌നു മുസ്വയ്യിബിന്റെ മാതൃസഹോദരിമാരില്‍ ഒരാളാണ്. (മുസ്‌നദു ഇസ്ഹാകിബ്‌നു റാഹൂയ: 5:44: ഹദീസ് നമ്പര്‍: 2147)

ഇനി നാം പരിശോധിക്കുന്നത് നബി(സ്വ)യുടെ മാതാവ് ആമിനയുടേയും ഖൗല ബിന്‍ത്ത് ഹകീമിന്റേയും കുടുംബ പരമ്പരകളാണ്. അപ്പോള്‍ വ്യക്തമാകുന്ന കാര്യമാണ് ഖൗല ബിന്‍ത്ത് ഹകീം നബി(സ്വ)യുടെ മാതൃസഹോദരിയല്ലെന്ന വസ്തുത.

നബി(സ്വ)യുടെ മാതാവ് ആമിനയുടെ കുടുംബ പരമ്പര കാണുക:

സഹ്‌റയുടെ പുത്രന്‍ അബ്ദു മനാഫിന്റെ പുത്രന്‍ വഹബിന്റെ പുത്രി ആമിന. അബ്ദു യഗൂസിബ്‌നു വഹബ് എന്ന ഒരു മാതൃസഹോദരന്‍ മാത്രമേ പ്രവാചകന് ഉണ്ടായിരുന്നുള്ളു. (അസ്സികാത്ത്: ഇബ്‌നു ഹിബ്ബാന്‍: 1/26)

ഖൗല ബിന്‍ത്ത് ഹകീമിന്റെ കുടുംബ പരമ്പര കാണുക: സുലൈമിന്റെ പുത്രന്‍ ബഹ്തയുടെ പുത്രന്‍ ഇംറുല്‍ കൈസിന്റെ പുത്രന്‍ ദക്വാന്റെ പുത്രന്‍ സഅ്‌ലബയുടെ പുത്രന്‍ ഫാലിജിന്റെ പുത്രന്‍ ഹിലാലിന്റെ പുത്രന്‍ മുര്‍റയുടെ പുത്രന്‍ അവ്കസിന്റെ പുത്രന്‍ ഉമയ്യയുടെ പുത്രന്‍ ഹകീമിന്റെ പുത്രി ഖൗല. (ത്വബകാത്തു ഇബ്‌നു സഅ്ദ്: 8/158)

ഇനി നബിയുടെ മാതാവ് ആമിനയുടെയും സഈദിബ്‌നുല്‍ മുസ്വയ്യിബി(റ)ന്റെ മാതൃസഹോദരിയായ ഖൗല ബിന്‍ത്ത് ഹകീം അസ്സുലമിയ്യയുടെയും മാതാക്കളുടെ പരമ്പരയും കൂടി കാണുക:

“ആമിനയുടെ മാതാവ്, ‘ബർറ’ ബിൻത്ത് അബ്ദുൽ ഉസ്സായാണ്; കിലാബിന്റെ മകൻ കുസ്വയ്യിന്റെ മകൻ അബ്ദുദ്ദാറിന്റെ മകൻ ഉസ്മാന്റെ മകൻ അബ്ദുൽ ഉസ്സായുടെ മകൾ ബർറ. (ത്വബകാതുൽ കുബ്റാ: ഇബ്നു സഅ്ദ്: 1:59, സീറത്തു ഇബ്നു ഹിശാം: 1:110)

ഖൗലയുടെ മാതാവ് ‘ദഈഫ’യാണ്. അബ്ദുശ്ശംസിന്റെ മകൻ ഉമയ്യയുടെ മകൻ ആസിന്റെ മകൾ ദഈഫ. (ത്വബകാതുൽ കുബ്റാ: ഇബ്നു സഅ്ദ്: 8:158, സിയറു അഅ്ലാമിന്നുബലാഅ്: 1:164)

ഇനി സാക്ഷാല്‍ ഖൗല ബിന്‍ത്ത് ഹകീമില്‍ നിന്ന് ഹദീഥ് ഉദ്ധരിച്ച സഈദിബ്‌നുല്‍ മുസ്വയ്യിബിന്റെ മാതാവ് ആരാണെന്ന് കാണുക:

അവ്കസിന്റെ പുത്രന്‍ ഉമയ്യയുടെ പുത്രന്‍ ഹകീമിന്റെ പുത്രി ഉമ്മു സഈദ്. (ത്വബകാത്തു ഇബ്‌നു സഅ്ദ്: 5/119)

സഈദിബ്‌നുല്‍ മുസ്വയ്യിബിന്റെ മാതാവും ഖൗല ബിന്‍ത്ത് ഹകീമും ഉപ്പയും ഉമ്മയുമൊത്ത സഹോദരിമാരാണ്. അല്ലാതെ നബി(സ്വ)യുടെ മാതൃസഹോദരിയല്ല ഖൗല ബിന്‍ത്ത് ഹകീം എന്നര്‍ഥം.

നബി(സ്വ)യോട് ‘ഹിബത്ത്’ വിവാഹത്തിന് താല്‍പര്യമറിയിച്ച ഖൗല ബിന്‍ത്ത് ഹകീമിന്റെ പിതാവിന്റെ പേര് ഹകീം എന്നാണെങ്കില്‍ നബി(സ്വ)യുടെ മാതാവ് ആമിനയുടെ പിതാവിന്റെ പേര് വഹബ് എന്നാണ്. അഥവാ ഖൗല ബിന്‍ത്ത് ഹകീം ആമിന ബിന്‍ത്ത് വഹബിന്റെ സഹോദരിയല്ല. അതുകൊണ്ടു തന്നെ നബിയുടെ മാതുലയുമല്ല. ഇസ്‌ലാമിക ചരിത്ര രേഖകളില്‍ വളരെ വ്യക്തമായി ഇതു രേഖപ്പെടുത്തപ്പെട്ടിട്ടും പ്രവാചകനു മേല്‍ ബന്ധുരതി (Incest) ആരോപിക്കുവാന്‍ പരിശ്രമിക്കുന്നവരില്‍ നിന്നും ഒരു നന്മയും നാം പ്രതീക്ഷിക്കേണ്ടതില്ല. ഹദീഥുകളെയും ഇസ്‌ലാമിക ചരിത്രത്തെയും പച്ചയായി ദുര്‍വ്യാഖ്യാനിച്ച് പ്രവാചകനെ തെറിയഭിഷേകം ചെയ്യുന്നവര്‍, ക്രൂരമായ മതനിന്ദയാണോ നിര്‍വഹിക്കുന്നത് അതല്ല വിമര്‍ശന സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തുകയാണോ ചെയ്യുന്നതെന്ന് മാന്യതയുള്ളവര്‍ മൂന്നുവട്ടം ആലോചിക്കട്ടെ. ആവിഷ്‌കാര സ്വാതന്ത്ര്യമെന്നത് തെറിവിളിക്കാനുള്ള സ്വാതന്ത്ര്യമായി പരിണമിച്ചാല്‍ പരിക്കേല്‍ക്കുന്നത് നാം പടുത്തുയര്‍ത്തിയ നമ്മുടെ ബഹുസ്വര സംസ്‌കാരത്തിനു മേലായിരിക്കും. അതുതന്നെയാണ് ഈ മനോരോഗികളുടെ ലക്ഷ്യമെന്ന് വിവരമുള്ളവരെല്ലാം തിരിച്ചറിയേണ്ടിയിരിക്കുന്നു. സ്വന്തം മാതുലയെ തനിക്കു വേണ്ടി ശരീരം ദാനം ചെയ്യാന്‍ പ്രേരിപ്പിച്ച വ്യക്തിയായി പ്രവാചകനെ ചിത്രീകരിക്കാന്‍ പരിശ്രമിച്ചവര്‍ വായിക്കേണ്ട ഒരു ഹദീഥ് ഇവിടെ കുറിക്കട്ടെ.

” അബൂസുഫ്‌യാന്റെ പുത്രി ഉമ്മുഹബീബ പറയുന്നു: ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, അബൂസുഫ്‌യാന്റെ പുത്രിയായ എന്റെ സഹോദരിയെക്കൂടി അങ്ങ് വിവാഹം കഴിച്ചാലും’. നബി ചോദിച്ചു: ‘നിനക്ക് അതിഷ്ടമാണോ?’ ഞാന്‍ പറഞ്ഞു: ‘അതേ. ഞാന്‍ അങ്ങയുടെ ഏക പത്‌നിയല്ല. നന്മകളില്‍ എന്നോടൊപ്പം പങ്കുകൊള്ളുന്നത് എന്റെ സഹോദരി ആയിരിക്കുന്നതാണ് എനിക്കേറ്റവും ഇഷ്ടം’. നബി പറഞ്ഞു: ‘അത് എനിക്ക് അനുവദനീയമല്ല’……’നിങ്ങളുടെ പെണ്‍കുട്ടികളെയും സഹോദരിമാരെയും വിവാഹം കഴിക്കാന്‍ നിങ്ങള്‍ എന്നോടാവശ്യപ്പെടരുത്.” (സ്വഹീഹുല്‍ ബുഖാരി: 1755)
ഇനി അടുത്ത ആരോപണത്തിന്റെ നിജസ്ഥിതികൂടി നമുക്കു പരിശോദിക്കാം.

2, ‘ഉമ്മു ഹറാം, ഉമ്മു സുലൈം എന്നീ സ്ത്രീകളെ നബി സ്വകാര്യ സന്ദര്‍ശനം നടത്താറുണ്ടായിരുന്നെന്നും അവരുടെ മടിയില്‍ പലപ്പോഴും തലവെച്ചു കിടക്കാറുണ്ടായിരുന്നു എന്നും ഹദീഥ് ഗ്രന്ഥങ്ങള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. അവിഹിത ബന്ധങ്ങള്‍ക്ക് പ്രവാചക ജീവിതത്തിലിടമുണ്ടായിരുന്നു എന്നു വ്യക്തമാക്കുന്ന സംഭവങ്ങളാണിതെല്ലാം.’

ആരായിരുന്നു ഉമ്മു ഹറാമും, ഉമ്മു സുലൈമും.? സ്വകാര്യ സന്ദര്‍ശനം നടത്താനും മടിയില്‍ തലവെച്ചു കിടക്കാനും മാത്രം എന്തു ബന്ധമായിരുന്നു പ്രവാചകന് അവരോടുണ്ടായിരുന്നത്.? നമുക്കു പരിശോധിക്കാം.

ഉമ്മു സുലൈം, യഥാർത്ഥ നാമം സഹ്‌ല. ജുന്‍ദുബിന്റെ പുത്രന്‍ ഹറാമിന്റെ പുത്രന്‍ സൈദിന്റെ പുത്രന്‍ ഖാലിദിന്റെ പുത്രന്‍ മല്‍ഹാന്റെ പുത്രിയാണ് ഉമ്മു സുലൈം. അനസ് ഇബ്‌നു മാലികിന്റെ മാതാവ്. (അല്‍ ഇസ്വാബ: 8/227)

ഉമ്മു ഹറാം ബിന്‍ത്ത് മല്‍ഹാന്‍, ഉമ്മു സുലൈമിന്റെ സഹോദരി, അനസ് ഇബ്‌നു മാലികിന്റെ മാതൃസഹോദരി. (തഹ്ദീബുല്‍ കമാല്‍: 35/338: നമ്പര്‍: 7962)

ഇമാം നവവി പറഞ്ഞു: അവര്‍ പ്രവാചകന് വിവാഹം നിഷിദ്ധമായ കുടുംബക്കാരായിരുന്നു എന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഏകാഭിപ്രായമുണ്ട്. എന്നാല്‍ ഈ കുടുംബ ബന്ധം ഏത് രൂപത്തിലാണ് എന്നതില്‍ മാത്രമാണ് അഭിപ്രായ വ്യത്യാസം. ഇബ്‌നു അബ്ദുല്‍ ബിര്‍റും മറ്റു പണ്ഡിതന്മാരും പറഞ്ഞത് പ്രവാചകന്റെ മുലകുടി ബന്ധത്തിലെ മാതൃസഹോദരിയാണ് അവര്‍ എന്നാണ്. മറ്റു പല പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത്, അവര്‍ പ്രവാചകന്റെ പിതാവിന്റെയൊ പിതാമഹന്റെയൊ മാതൃസഹോദരിയാണ് എന്നാണ്. കാരണം പ്രവാചകന്റെ പിതാമഹന്‍ അബ്ദുല്‍മുത്വലിബിന്റെ മാതാവ് ബനൂനജ്ജാര്‍ ഗോത്രത്തില്‍ നിന്നാണ്. (ഉമ്മു ഹറാം, ഉമ്മു സുലൈം എന്നിവരും ബനൂനജ്ജാറുകാരാണ്). (ശര്‍ഹുന്നവവി അലാ മുസ്ലിം: 13/50, ഔനുല്‍ മഅ്ബൂദ്: 7/122, സിറാജുല്‍ വഹ്ഹാജ്: 4/332, ഫത്ഹുല്‍ ബാരി: 11/78, തന്‍വീറുല്‍ ഹവാലിക്: 1/309, ശര്‍ഹു സുയൂതി: 4/505, ഇര്‍ശാദുസ്സാരി: 5/36, നള്‌റത്തു നഈം: 1/549, മിര്‍കാത്തുല്‍ മഫാത്തീഹ്: 9/3478)

താബിഉകളിലെ (പ്രവാചകാനുചരന്മാരുടെ ശിഷ്യര്‍) ഇളതലമുറക്കാരുമായി സഹവസിച്ചിട്ടുള്ള ഇബ്‌നു വഹബ് പറയുന്നു: ഉമ്മു ഹറാം പ്രവാചകന്റെ മുല കുടിബന്ധത്തിലെ മാതൃസഹോദരിയാണ്. (ഫത്ഹുല്‍ ബാരി: 11/78)

നബി(സ്വ)യുടെ മാതൃസഹോദരിമാരാണ് ഉമ്മു ഹറാമും, ഉമ്മു സുലൈമും. അവരെ മകനായ പ്രവാചകന്‍ സന്ദര്‍ശിച്ചതിനെയും ആ മാതാക്കളുടെ മടിയില്‍ തലവെച്ചു കിടന്നതിനെയുമാണ് നബിവൈരികള്‍ ലൈംഗിക ഛായം പൂശിയവതരിപ്പിച്ചത്. എത്രമാത്രം നികൃഷ്ഠമാണ് നബിവിമര്‍ശകന്മാരുടെ അന്തരംഗം. മാതൃ-പുതൃ ബന്ധങ്ങളില്‍ പോലും അശ്ലീലതകള്‍ തിരയുന്നവരെ ഏതു മുക്കാലിയില്‍ കെട്ടിയിട്ടാണാവോ അടിക്കേണ്ടത്. മൃഗരതിയും ശവരതിയും സ്വവര്‍ഗരതിയും ബന്ധുരതിയും ശിശുരതിയുമെല്ലാം അവകാശവും സ്വാതന്ത്ര്യവുമായി ഉദ്‌ഘോഷിക്കുന്ന, അതിനു വേണ്ടിയുള്ള പോരാട്ടങ്ങളെ ആക്ടിവിസമായി നെറ്റിയിലൊട്ടിച്ചു നടക്കുന്ന നവനാസ്തികരില്‍ നിന്നും ഇത്രയൊന്നും പ്രതീക്ഷിച്ചാല്‍ പോരാ. ഇതിലും വലിയ വൃത്തികേടുകള്‍ക്ക് അടയിരിക്കുന്നവരാണവര്‍. വിശുദ്ധരും സ്വാത്തികരുമായവര്‍ക്കെതിരെ ഇനിയുമെന്തെല്ലാം വൃത്തികേടുകള്‍ അവരില്‍ നിന്നും കേള്‍ക്കാനിരിക്കുന്നു. കാരണം അവര്‍ക്ക് വെറുപ്പ് വെളിച്ചത്തിലേക്ക് വിളിച്ചവരോടാണ്. വിശുദ്ധിയിലേക്ക് നയിച്ചവരോടാണ്. മാനവികതക്ക് ജീവിത മൂല്ല്യങ്ങളിലേക്ക് വഴിവെട്ടിയവരോടാണ്. പക്ഷെ മോക്ഷത്തെപ്പറ്റിയും വിശുദ്ധിയെപ്പറ്റിയും മൂല്ല്യങ്ങളെപ്പറ്റിയും നിരന്തരം ഗിരിപ്രഭാഷണങ്ങളും സുവിശേഷഭാഷണങ്ങളും നടത്തുന്ന ഹിന്ദുത്വ വാദികളും മിഷനറിമാരും, ഇസ്‌ലാമിനും പ്രവാചകനുമെതിരെയാണെങ്കില്‍ ഏതു നവനാസ്തുക ഞരമ്പുരോഗിയേയും പേറുമെന്നാണെങ്കില്‍ വിസ്മരിക്കുരുത്; നാറിയവനെ പേറിയാല്‍ പേറിയവനും നാറുമെന്ന യാഥാര്‍ഥ്യത്തെ.

print