ഏകദൈവത്വത്തിനുള്ള തെളിവ് !

/ഏകദൈവത്വത്തിനുള്ള തെളിവ് !
/ഏകദൈവത്വത്തിനുള്ള തെളിവ് !

ഏകദൈവത്വത്തിനുള്ള തെളിവ് !

 ദൈവം ഒന്നേയുള്ളൂ എന്ന ഇസ്‌ലാമിന്റെ വാദം അനാവശ്യമായ ഒരു വാശിയല്ലേ? ദൈവത്തിന്റെ ഏകത്വത്തിന്‌ പ്രപഞ്ചത്തിൽ വല്ല തെളിവുമുണ്ടോ?

  • പ്രാപഞ്ചികപ്രതിഭാസങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് സര്‍വശക്തനായ സ്രഷ്ടാവിന്റെ അസ്തിത്വം സ്ഥാപിക്കുന്ന വിശുദ്ധക്വുര്‍ആന്‍ ബഹുദൈവസങ്കല്‍പത്തിന്റെ നിരര്‍ഥകതയിലേക്കു വിരല്‍ചൂണ്ടുന്നതും പ്രകൃതിയിലെ താളക്രമങ്ങളെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ടാണ്. മനുഷ്യശരീരത്തിലെ ഓരോ വ്യവസ്ഥയും പരസ്പരം ബന്ധപ്പെട്ടാണിരിക്കുന്നത്. വ്യത്യസ്ത ജന്തുജാലങ്ങള്‍ തമ്മിലുള്ള ബന്ധം സുവിദിതമാണല്ലോ. ചെറുതും വലുതുമായ ജന്തുക്കള്‍ പരസ്പരം ആശ്രയിച്ചാണ് ജീവിക്കുന്നത്. ജന്തുക്കളും സസ്യങ്ങളും സ്വന്തം നിലനില്‍പിനുവേണ്ടി പരസ്പരം ആശ്രയിക്കുന്നു. ജന്തുക്കളില്ലെങ്കില്‍ സസ്യങ്ങള്‍ക്കോ സസ്യങ്ങളില്ലെങ്കില്‍ ജന്തുക്കള്‍ക്കോ നിലനില്‍ക്കാന്‍ സാധിക്കാത്ത രീതിയിലാണ് ഭൂമി സംവിധാനിക്കപ്പെട്ടിരിക്കുന്നത്. ഓരോ ജീവിക്കും വ്യത്യസ്ത സ്രഷ്ടാക്കളായിരുന്നുവെങ്കില്‍ അവ തമ്മിലുള്ള പാരസ്പര്യം നിലനില്‍ക്കുമായിരുന്നില്ല. സസ്യങ്ങളുടെ സ്രഷ്ടാവും ജന്തുക്കളുടെ സ്രഷ്ടാവും തങ്ങളിച്ഛിക്കുന്ന രീതിയില്‍ അവയെ നിയന്ത്രിച്ചിരുന്നുവെങ്കില്‍ ആ രണ്ടു വിഭാഗവും നിലനില്‍ക്കുമായിരുന്നില്ല. ഈ വസ്തുതയിലേക്ക് ക്വുര്‍ആന്‍ വെളിച്ചം വീശുന്നത് നോക്കുക: ‘അല്ലാഹു യാതൊരു സന്താനത്തെയും സ്വീകരിച്ചിട്ടില്ല. അവനോടൊപ്പം യാതൊരു ദൈവവുമുണ്ടായിട്ടുമില്ല. അങ്ങനെയായിരുന്നുവെങ്കില്‍ ഓരോ ദൈവവും താന്‍ സൃഷ്ടിച്ചതുമായി പൊയ്ക്കളയുകയും അവരില്‍ ചിലര്‍ ചിലരെ അടിച്ചമര്‍ത്തുകയും ചെയ്യുമായിരുന്നു. നിങ്ങള്‍പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്ര പരിശുദ്ധന്‍’! (23:91)

ഈ താളക്രമം പ്രാപഞ്ചികവ്യവസ്ഥയിലുടനീളം കാണപ്പെടുന്നുവെന്നതാണ് വസ്തുത. പദാര്‍ഥത്തിന്റെ ഏറ്റവും ചെറിയ കണമായ ആറ്റത്തിനകത്തെ ഇലക്‌ട്രോണുകളും പ്രോട്ടോണുകളും ന്യൂട്രോണുകളും മീസോണുകളും പോസിട്രോണുകളുമെല്ലാം തമ്മിലുള്ള പാരസ്പര്യം വിസ്മയാവഹമാണ്. സ്ഥൂലപ്രപഞ്ചത്തിന്റെ കാര്യത്തിലും സ്ഥിതി ഇതുതന്നെ. പ്രാപഞ്ചിക നിയമങ്ങളുടെ ഐക്യ രൂപ്യം അവയെയെല്ലാം സൃഷ്ടിച്ചത് ഒരേ സ്രഷ്ടാവ് തന്നെയാണെന്ന വസ്തുത വ്യക്തമാക്കുന്നു. വ്യത്യസ്ത ദൈവങ്ങളായിരുന്നു പ്രപഞ്ചത്തിലെ വ്യത്യസ്ത പ്രതിഭാസങ്ങള്‍ക്കു പിന്നിലെങ്കില്‍ അവ തമ്മില്‍ താളപ്പൊരുത്തം ഉണ്ടാവുന്നതെങ്ങനെയാണ്്? സ്ഥലകാലനൈരന്തര്യത്തില്‍ ദ്രവ്യമുണ്ടാക്കുന്ന വളവുകളാണ് പ്രപഞ്ചത്തില്‍ ഇന്നു കാണപ്പെടുന്ന പ്രതിഭാസങ്ങളുടെയെല്ലാം അടിസ്ഥാനകാരണമെന്ന ഐന്‍സ്റ്റയിന്റെ ആപേക്ഷികതാസിദ്ധാന്തം അംഗീകരിച്ചാല്‍ വ്യത്യസ്ത പ്രാപഞ്ചികവസ്തുക്കളെയെല്ലാം പ്രസ്തുത നിയമത്തിന് വിധേയനാക്കിയ ഏകനായ സ്രഷ്ടാവിന്റെ അസ്തിത്വം അംഗീകരിക്കേണ്ടിവരും. ഒരൊറ്റ പ്രാപഞ്ചികവസ്തു പോലും പ്രസ്തുത നിയമത്തിനതീതമല്ലെന്നാണല്ലോ ഐന്‍സ്റ്റയിന്‍ സിദ്ധാന്തിച്ചത്. വ്യത്യസ്ത ആകാശഗോളങ്ങള്‍ക്ക് വ്യത്യസ്ത സ്രഷ്ടാക്കളായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ അവ തമ്മില്‍ കൂട്ടിയിടിച്ചു എന്നോ നശിച്ചുപോകുമായിരുന്നു. പ്രപഞ്ചത്തിന്റെ ആധിപത്യത്തില്‍ ഒന്നിലേറെ ശക്തികള്‍ക്ക് പങ്കുണ്ടായിരുന്നുവെങ്കില്‍ അവരുടെ താല്‍പര്യങ്ങള്‍ തമ്മിലുള്ള സംഘട്ടനംപ്രപഞ്ചത്തിന്റെയാകെ നാശത്തിന് കാരണമാകുമായിരുന്നു. ഈ വസ്തുതയിലേക്ക് വിശുദ്ധ ക്വുര്‍ആന്‍ സൂചന നല്‍കുന്നത് ശ്രദ്ധിക്കുക: ‘ആകാശ ഭൂമികളില്‍ അല്ലാഹുവല്ലാത്ത ദൈവങ്ങളുണ്ടായിരുന്നുവെങ്കില്‍ അത് രണ്ടും തകരാറാകുമായിരുന്നു. അപ്പോള്‍ സിംഹാസനത്തിന്റെന്‍നാഥനായ അല്ലാഹു, അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധനാകുന്നു!’ (21:22)

print