ദൈവമല്ലാത്തവരെ ആരാധിച്ചാലും ഗുണങ്ങളുണ്ടാവുന്നുണ്ടല്ലോ?

/ദൈവമല്ലാത്തവരെ ആരാധിച്ചാലും ഗുണങ്ങളുണ്ടാവുന്നുണ്ടല്ലോ?
/ദൈവമല്ലാത്തവരെ ആരാധിച്ചാലും ഗുണങ്ങളുണ്ടാവുന്നുണ്ടല്ലോ?

ദൈവമല്ലാത്തവരെ ആരാധിച്ചാലും ഗുണങ്ങളുണ്ടാവുന്നുണ്ടല്ലോ?

പുണ്യപുരുഷന്മാരെയും ആള്‍ദൈവങ്ങളെയുമെല്ലാം ആരാധിക്കുന്നവര്‍ പ്രസ്തുത ആരാധനമൂലം തങ്ങള്‍ക്ക് ഗുണം ലഭിക്കുന്നുണ്ടെന്ന് അവകാശപ്പെടാറുണ്ട്. ആത്യന്തികമായി മനുഷ്യര്‍ക്ക് ഗുണം ചെയ്യാന്‍ അല്ലാഹുവിന് മാത്രമേ കഴിയൂ. നാം പരസ്പരം ചെയ്യുന്ന ഉപകാരങ്ങളെല്ലാംതന്നെ അല്ലാഹു നമുക്ക് നല്‍കിയ അനുഗ്രഹത്തില്‍നിന്നുള്ള പരസ്പര സഹായം മാത്രമാണ്. അല്ലാഹു ഉപകാരം ചെയ്യാനുദ്ദേശിച്ചവനില്‍നിന്ന് അത് നീക്കിക്കളയുവാനോ ഉദ്ദേശിക്കാത്തവന് അത് നല്‍കുവാനോ ആര്‍ക്കും കഴിയില്ല. ഓരോരുത്തര്‍ക്കും എന്തെല്ലാമാണ് ഗുണകരമായി ഭവിക്കുകയെന്നും ദോഷകരമായി ത്തീരുകയെന്നുമെല്ലാം കൃത്യവും സൂക്ഷ്മവുമായി അറിയുന്നവനും അല്ലാഹു മാത്രമാണ്. അതുകൊണ്ടുതന്നെ ഉപകാരത്തിനും ഉപദ്രവങ്ങള്‍ നീങ്ങിപ്പോകുവാനുമെല്ലാം നാം പ്രാര്‍ഥിക്കേണ്ടത് അവനോട് മാത്രമാണ്. കാര്യകാരണബന്ധങ്ങള്‍ക്കതീതമായ രീതിയിലുള്ള ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ അവര്‍ക്കാര്‍ക്കുംതന്നെ കഴിയില്ല. ഖുര്‍ആന്‍ പറയുന്നത് കാണുക:

”അല്ലാഹുവിനു പുറമെ നിനക്ക് ഉപകാരം ചെയ്യാത്തതും, നിനക്ക് ഉപദ്രവം ചെയ്യാത്തതുമായ യാതൊന്നിനോടും നീ പ്രാര്‍ഥിക്കരുത്. നീ അപ്രകാരം ചെയ്യുന്നപക്ഷം തീര്‍ച്ചയായും നീ അക്രമികളുടെ  കൂട്ടത്തിലായിരിക്കും. നിനക്ക് അല്ലാഹു വല്ല ദോഷവും ഏല്‍പിക്കുന്നപക്ഷം അവനൊഴികെ അത് നീക്കം ചെയ്യാന്‍ ഒരാളുമില്ല.  അവന്‍ നിനക്ക് വല്ല ഗുണവും ഉദ്ദേശിക്കുന്നപക്ഷം അവന്റെ അനുഗ്രഹം  തട്ടിമാറ്റാന്‍ ഒരാളുമില്ല. തന്റെ ദാസന്മാരില്‍നിന്ന് താന്‍ ഇച്ഛിക്കുന്നവര്‍ക്ക് അത് (അനുഗ്രഹം) അവന്‍ അനുഭവിപ്പിക്കുന്നു. അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ” (10:106,107).

”(നബിയേ), പറയുക: അല്ലാഹുവിനു  പുറമെ നിങ്ങള്‍ (ദൈവങ്ങളെന്ന്) വാദിച്ചുപോന്നവരെ നിങ്ങള്‍ വിളിച്ചുനോക്കു. നിങ്ങളില്‍നിന്ന് ഉപദ്രവം നീക്കുവാനോ (നിങ്ങളുടെ സ്ഥിതിക്ക്) മാറ്റം വരുത്തുവാനോ ഉള്ള കഴിവ് അവരുടെ അധീനത്തിലില്ല” (17:56).

മരണപ്പെട്ടുപോയവരെ ആരാധിക്കുന്നവര്‍ അവര്‍ യഥാര്‍ഥത്തില്‍ മരിച്ചിട്ടില്ലെന്നും ജീവിച്ചിരിക്കുന്നവര്‍ സഹായിക്കുന്നതുപോലെ നമ്മെ സഹായിക്കാന്‍ അവര്‍ക്കു കഴിയുമെന്നും വാദിക്കാറുണ്ട്. മരണപ്പെട്ടവര്‍ മരണപ്പെട്ടവര്‍തന്നെയാണ്. ജീവിച്ചിരിക്കുന്നവര്‍ ചെയ്യുന്നതുപോലെയുള്ള പരസ്പര സഹായങ്ങള്‍ ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല. അവര്‍ക്ക് സഹായിക്കാനാകുമെന്ന് കരുതുകയാണെങ്കില്‍ അവര്‍ ചെയ്യുന്നത് അഭൗതികമായ രീതിയില്‍, കാര്യകാരണബന്ധങ്ങള്‍ക്ക് അതീതമായ രീതിയിലുള്ള സഹായമായിരിക്കണം. അങ്ങനെ സഹായിക്കുവാന്‍ അല്ലാഹുവിന്നല്ലാതെ മറ്റാര്‍ക്കും കഴിയില്ല. മരണപ്പെട്ടവരാകട്ടെ, സ്വന്തം ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാള്‍ എന്നാണെന്നു വരെ അറിയാനാവാത്തവരാണ്. പിന്നെയെങ്ങനെ പ്രാര്‍ഥിക്കുന്നവന്റെ മനസ്സറിയാന്‍ അവര്‍ക്ക് കഴിയും? ഖുര്‍ആനിന്റെ ഉല്‍ബോധനം ശ്രദ്ധിക്കുക:

”അല്ലാഹുവിന് പുറമെ അവര്‍ ആരെയൊക്കെ വിളിച്ചു പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരുമാണ്. അവര്‍ (പ്രാര്‍ഥിക്കപ്പെടുന്നവര്‍) മരിച്ചവരാണ്. ജീവനുള്ളവരല്ല. ഏതു സമയത്താണ് അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്ന് അവര്‍ അറിയുന്നുമില്ല”(16:20-21).

print