തിന്മകൾ അല്ലാഹുവിൽ നിന്നോ, ചെകുത്താനിൽ നിന്നോ?

/തിന്മകൾ അല്ലാഹുവിൽ നിന്നോ, ചെകുത്താനിൽ നിന്നോ?
/തിന്മകൾ അല്ലാഹുവിൽ നിന്നോ, ചെകുത്താനിൽ നിന്നോ?

തിന്മകൾ അല്ലാഹുവിൽ നിന്നോ, ചെകുത്താനിൽ നിന്നോ?

തിന്മകളെല്ലാം ചെകുത്താനിൽ നിന്നാണ് ഉണ്ടാകുന്നതെന്ന് 38:41 ലും നമ്മിൽ നിന്നു തന്നെയാണെന്ന് 4:79ലും, അല്ലാഹുവിൽ നിന്നാണെന്ന് 4:78 ലും പറയുന്നു. ഇതെല്ലാം ഒരേപോലെ ശരിയാവുന്നതെങ്ങിനെ?

നന്മയുടെ ഫലം നന്മയും തിന്മയുടെ ഫലം തിന്മയുമായിരിക്കും. ഈവ്യവസ്ഥ നിശ്ചയിച്ചിരിക്കുന്നത് അല്ലാഹുവാണ്. നല്ല ഭക്ഷണങ്ങളുപയോഗിക്കുകയും സദ്‌വൃത്തരായി ജീവിക്കുകയും ചെയ്യുന്നവര്‍ പൊതുവെ അരോഗദൃഢഗാത്രരായിരിക്കും. മദ്യപാനവും അധാര്‍മ്മികവൃത്തികളും ജീവിതചര്യയാക്കിയവര്‍ ദു:ഖങ്ങളിലും ദുരിതങ്ങളിലും പ്രയാസപ്പെടേണ്ടിവരും. ഇത് കര്‍മ്മഫലങ്ങളെ കുറിച്ചദൈവിക വിധിയാണ്. ഈ വിധിക്കനുസൃതമായാണ് കാര്യങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഒരാള്‍ അരോഗദൃഢഗാത്രനാകുന്നത് ദൈവ വിധിപ്രകാരമാണ്. പക്ഷേ, ഈ ദൈവ വിധികള്‍ മനുഷ്യര്‍ക്ക് ബാധകമാകുന്നത് അവരുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ്. നന്മയുടെയും തിന്മയുടെയും അടിസ്ഥാനപരമായ ഉറവിടം അല്ലാഹുവാണെന്ന വസ്തുതയാണ് സൂറത്തുന്നിസാഇലെ 78ാം സൂക്തം വ്യക്തമാക്കുന്നത്.

അവര്‍ക്ക് വല്ലനേട്ടവും വന്നുകിട്ടിയാല്‍ അവര്‍പറയും: ഇത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചതാണ് എന്ന്. അവര്‍ക്ക് വല്ല ദോഷവും വന്നുഭവിച്ചാല്‍ അവര്‍ പറയും: അത് നീ കാരണം ഉണ്ടായതാണെന്ന്. പറയുക: എല്ലാം അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ളതാണ്. അപ്പോള്‍ ഈ ആളുകള്‍ക്ക് എന്തുപറ്റി? അവര്‍ ഒരു വിഷയവും മനസ്സിലാക്കാന്‍ ഭാവമില്ല. (4:78)

നന്മതിന്മകളുടെ അടിസ്ഥാനപരമായ കാരണക്കാരന്‍ അല്ലാഹുതന്നെയാണെന്ന് വ്യക്തമാക്കുകയാണ് ഈ ഖുര്‍ആന്‍ സൂക്തം ചെയ്യുന്നത്. എന്നാല്‍ അടിസ്ഥാനപരമായി അല്ലാഹുവിന്റെ സൃഷ്ടികളെല്ലാം നന്മയാകുന്നു. രോഗാണുക്കള്‍പോലും ആത്യന്തികമായി മനുഷ്യരുടെ നന്മക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്ന വസ്തുതയാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. നന്മയായി ഭവിക്കാവുന്ന ദൈവിക സൃഷ്ടികളെ തിന്മയാക്കിത്തീര്‍ക്കുന്നത് മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്. ലൈംഗിക ശേഷിയും അവയവങ്ങളും നല്ലൊരു ഉദാഹരണമാണ്. മനുഷ്യരുടെ സമാധാനപൂര്‍ണമായ ജീവിതത്തിനും സംതൃപ്തമായ കുടുംബാന്തരീക്ഷത്തിനും കെട്ടുറപ്പുള്ള സാമൂഹ്യ ജീവിതത്തിനുമെല്ലാം നിമിത്തമാവുന്ന രീതിയിലാണ് ലൈംഗികാനന്ദം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ലൈംഗികാവയവങ്ങളെ ദൈവിക മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഉപയോഗപെടുത്തിയാല്‍ അത് വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനുമെല്ലാം നന്മ മാത്രമേ വരുത്തൂ. എന്നാല്‍ പ്രസ്തുത അവയവങ്ങള്‍ തന്നെ എയ്ഡ്‌സിനും ഗൊണേറിയക്കും സിഫിലിസിനുമെല്ലാം കാരണമാക്കുന്ന രീതിയിലും ഉപയോഗിക്കുവാന്‍ മനുഷ്യന് സാധിക്കും. ലൈംഗികത കൊണ്ട് ദൈവം നിശ്ചയിച്ചിരിക്കുന്നത് നന്മയാണ്; എന്നാല്‍ അതിനെ തിന്മയാക്കി തീര്‍ക്കുവാന്‍ മനുഷ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുമെന്നര്‍ഥം. ഈ വസ്തുതയിലേക്കാണ് സൂറത്തുന്നിസാഇലെ തൊട്ടടുത്ത സൂക്തം വിരല്‍ ചൂണ്ടുന്നത്.

നന്മയായിട്ട് നിനക്ക് എന്തൊന്ന് വന്ന് കിട്ടിയാലും അത് അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്. നിന്നെ ബാധിക്കുന്ന ഏതൊരു ദോഷവും നിന്റെ പക്കല്‍നിന്നു തന്നെയുണ്ടാവുന്നതാണ്.(4:79)

സത്യത്തില്‍, ദൈവവിധിയും മനുഷ്യ പ്രവര്‍ത്തനങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പാരസ്പര്യത്തെ അതിസുന്ദരമായി വരച്ചുകാട്ടുകയാണ് സൂറത്തുന്നിസാഇലെ 78, 79 സൂക്തങ്ങളെന്നുള്ളതാണ് വാസ്തവം. അതു മനസ്സിലാക്കാത്തതാണ് ഈ സൂക്തങ്ങള്‍ തമ്മില്‍ വൈരുധ്യമുണ്ടെന്ന് വാദിക്കുന്നതിന് കാരണം. അല്ലാഹുവില്‍ നിന്നുണ്ടാകുന്ന കാര്യങ്ങളെല്ലാം ആത്യന്തികമായി നന്മയാണെന്നും അതാണ് മനുഷ്യ വര്‍ത്തനങ്ങളിലൂടെ നന്മയും തിന്മയുമായി തീരുന്നതെന്നുമുള്ള വസ്്തുതയാണ് ഈസൂക്തങ്ങളിലൂടെ അല്ലാഹു പഠിപ്പിക്കുന്നത്. ധൂര്‍ത്ത് മനുഷ്യരെ പാപ്പരാക്കുന്നു. ഇതു ദൈവവിധിയാണ്. മനുഷ്യ സമൂഹത്തിന്റെ മൊത്തം നിലനില്‍പ്പുമായി ബന്ധപ്പെടുത്തിനോക്കുമ്പോള്‍ വിധിയാണെന്നു പറയുന്നതില്‍ അപാകതയൊന്നുമില്ല. എന്നാല്‍ അയാള്‍ പാപ്പരാകുവാനുള്ള കാരണക്കാരന്‍ അവന്‍ തന്നെയാണ്. വിവാഹേതര ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന പലര്‍ക്കും ഗുരുതരമായ ലൈംഗിക രോഗമുണ്ടാകുന്നു. ഈ രോഗം അതുണ്ടായ വ്യക്തിക്ക് തിന്മയായാണ് അനുഭവപ്പെടുക. എന്നാല്‍ മനുഷ്യസമൂഹത്തിന്റെ ധാര്‍മ്മികവും സദാചാരപരവുമായ പരിപ്രേക്ഷ്യത്തിലൂടെ നോക്കുമ്പോള്‍ ഈ നിയമം പോലും നന്മയാണ്. തോന്നിവാസിയായ ഒരാള്‍ക്ക് എയ്ഡ്‌സ് വരുന്നത് ദൈവിക വിധി പ്രകാരമാണ്. പ്രസ്തുത വിധി മനുഷ്യസമൂഹത്തിന്റെ കെട്ടുറപ്പിന് അനിവാര്യവുമാണ്. അതുകൊണ്ട് തന്നെ അത് നന്മയാണ്. എന്നാല്‍ അയാള്‍ക്ക് എയ്ഡ്‌സ് വരാനുള്ള കാരണക്കാരന്‍ അയാള്‍ തന്നെയാണ്. പ്രസ്തുത തിന്മ വന്നുഭവിക്കുന്നത് അയാളുടെ തന്നെ പ്രവര്‍ത്തനഫലമായാണ് എന്നര്‍ഥം. ഇക്കാര്യമാണ് ഈ സൂക്തങ്ങളിലൂടെ അല്ലാഹു നമ്മെ തെര്യപ്പെടുത്തുന്നത്. ഈ സൂക്തങ്ങള്‍ തമ്മില്‍ വൈരുധ്യമുണ്ടെന്ന് തോന്നുന്നത് ഇത് മനസ്സിലാക്കാത്തതുകൊണ്ടാണ്.

ചെകുത്താനാണ് മനുഷ്യര്‍ക്ക് ദുരിതങ്ങളെല്ലാം ഉണ്ടാക്കുന്നതെന്ന് ഖുര്‍ആനില്‍ ഒരിടത്തും പറയുന്നില്ല. സൂറത്തുസ്വാദിലെ (38:41)വൈരുധ്യമാരോപിക്കപ്പെട്ടിരിക്കുന്ന സൂക്തം അത്തരമൊരു തത്വം പഠിപ്പിക്കുവാന്‍ വേണ്ടി അവതരിപ്പിക്കപ്പെട്ടതുമല്ല. പ്രവാചകനായ അയ്യൂബി(അ)ന്റെ ഒരു പ്രാര്‍ഥനയാണ് ഈ സൂക്തത്തിലുള്ളത്. പിശാച് എനിക്ക് അവശതയും പീഡനവുമേല്‍പ്പിച്ചിരിക്കുന്നു എന്ന് തന്റെര ക്ഷിതാവിനെ വിളിച്ച് അദ്ദേഹം പറഞ്ഞ സന്ദര്‍ഭം… (38:41) സ്മരിക്കുവാനാവശ്യപ്പെടുന്നതാണ് ഈ സൂക്തം. അയ്യൂബ് നബി (അക്കുണ്ടായരോഗങ്ങളെല്ലാം പിശാചിന്റെ സൃഷ്ടിയാണെന്ന് ഈ സൂക്തം പഠിപ്പിക്കുന്നില്ല. ദുരിതങ്ങള്‍ അകറ്റുവാന്‍ അല്ലാഹുവിനോട് അര്‍ഥിച്ചുകൊണ്ടുള്ള അയ്യൂബ് നബി(അ)യുടെ പ്രാര്‍ത്ഥന സൂറത്തുല്‍ അമ്പിയാഇല്‍ ഉദ്ധരിക്കുന്നുണ്ട്. അതിങ്ങനെയാണ്:

എനിക്കിതാ കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു. നീ കാരുണികരില്‍ വെച്ച് ഏറ്റവും കരുണയുള്ളവനാണല്ലോ. (21:83).

ഈ പ്രാര്‍ഥനയിലെവിടെയും പിശാചാണ് തന്റെ ദുരിതങ്ങളുടെ കാരണക്കാരനെന്ന സൂചന പോലുമില്ല. പിന്നെ, പിശാച് എനിക്ക് അവശതയും പീഡനവുമേല്‍പിച്ചിരിക്കുന്നു(38:41) എന്ന അയൂബ്(അ)ന്റെസംസാരം എന്താണര്‍ഥമാക്കുന്നത്?. രോഗത്തിന്റെ കാഠിന്യവും സാമ്പത്തിക ഞെരുക്കങ്ങളും കുടുംബക്കാരുടെയും ബന്ധുക്കളുടെയുമെല്ലാം അവഗണനയും സൃഷ്ടിക്കുന്ന പ്രയാസങ്ങളേക്കാള്‍ ദൈവത്തെ കൈവിട്ടുകളയുവാനും അവനോട് കൃതഘ്‌നനാകുവാനും അവന്റെ കാരുണ്യത്തെ കുറിച്ച് നിരാശനാകുവാനും വേണ്ടിയുള്ള പൈശാചിക ദുര്‍ബോധനങ്ങളാണ് തനിക്ക് ദുരിതമായി തീര്‍ന്നിട്ടുള്ളതെന്നാണ് അയ്യൂബ് (അ) അല്ലാഹുവിനോട് ആവലാതിപ്പെടുന്നത്. ശാരീരികവും മാനസികവുമായ ദുരിതങ്ങളോടൊപ്പമുള്ള പിശാചിന്റെ ദുര്‍മന്ത്രണം മൂലം ആത്മാവ് അവശമായി തീരുമോ എന്ന ഭയമാണ് ആ ദൈവദാസന്റെ വചനങ്ങളില്‍ പ്രകടമായി കാണാന്‍ കഴിയുന്നത്. ഈ സൂക്തം (38:41) ഖുര്‍ആനിലെ മറ്റേതെങ്കിലും ഒരു സൂക്തവുമായി വൈരുധ്യം പുലര്‍ത്തുന്നതായി കാണാന്‍ കഴിയുന്നില്ല.

print