ജറുസലേമിലെ ലിഖിതങ്ങള്‍ എട്ടാം നൂറ്റാണ്ടിനു ശേഷമാണ് ക്വുർആനിന്റെ രചന നടന്നതെന്ന് വ്യക്തമാക്കുന്നില്ലെ?

/ജറുസലേമിലെ ലിഖിതങ്ങള്‍ എട്ടാം നൂറ്റാണ്ടിനു ശേഷമാണ് ക്വുർആനിന്റെ രചന നടന്നതെന്ന് വ്യക്തമാക്കുന്നില്ലെ?
/ജറുസലേമിലെ ലിഖിതങ്ങള്‍ എട്ടാം നൂറ്റാണ്ടിനു ശേഷമാണ് ക്വുർആനിന്റെ രചന നടന്നതെന്ന് വ്യക്തമാക്കുന്നില്ലെ?

ജറുസലേമിലെ ലിഖിതങ്ങള്‍ എട്ടാം നൂറ്റാണ്ടിനു ശേഷമാണ് ക്വുർആനിന്റെ രചന നടന്നതെന്ന് വ്യക്തമാക്കുന്നില്ലെ?

എട്ടാം നൂറ്റാണ്ടിനു ശേഷമാണ് ക്വുര്‍ആന്‍ രൂപീകരിക്കപ്പെട്ടു കഴിഞ്ഞതെന്ന് ജറുസലേമിലെ ‘ഖു ബ്ബത്തു സ്‌സ്വഖ്‌റ’യില്‍ രേഖപ്പെടുത്തപ്പെട്ട അറബി ലിഖിതങ്ങൾ തെളിവല്ലേ ? അമവീ ഖലീഫയായിരുന്ന അബ്ദുല്‍ മലി ക്ക് ബ്‌നു മര്‍വാനിന്റെ ഭരണകാലത്ത് നിര്‍മിക്കപ്പെട്ട ഖുബ്ബത്തു സ്‌സ്വഖ്റയിലെ പുറത്തും അകത്തും മൊസൈക്കില്‍ രേഖപ്പെടുത്തപ്പെട്ട അറബി ലിഖിതങ്ങളിൽ ക്വുർആൻ വചനങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത് ഇന്ന് മുസ്ഹഫുകളിൽ കാണുന്ന ക്രമത്തിലല്ല. അത് എഴുതപ്പെടുന്ന കാലത്ത് ക്വുര്‍ആന്‍ പൂര്‍ണമായി രൂപീകരിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ലെന്നല്ലേ ഇത് വ്യക്തമാക്കുന്നത്?

ട്ടാം നൂറ്റാണ്ടിന്റെ തുടക്കം വരെ ക്വുര്‍ആന്‍ പൂര്‍ണമായും രൂപീകരിക്കപ്പെട്ടു കഴിഞ്ഞിരുന്നില്ലെന്നും അത് തലമുറകളെടുത്ത് രൂപീകരിക്കപ്പെട്ട വചനങ്ങളുടെ സമാഹാരമാണെന്നുമാണ് ചില ഓറിയന്റലിസ്റ്റുകളുടെ വാദം. ഇങ്ങനെ വാദിക്കുന്നവര്‍ ജറുസലേമിലെ ‘ഖു ബ്ബത്തു സ്‌സ്വഖ്‌റ’യില്‍ (Dome of the Rock) ല്‍ രേഖപ്പെടുത്തപ്പെട്ട അറബി ലിഖിതങ്ങളാണ് തങ്ങള്‍ക്കുള്ള തെളിവായി അവതരിപ്പി ക്കുന്ന ത് (Patricia Crone & Michael Cook: Hagarism: The Making of the Islamic World, Cambridge, 1980, Page 139-149.)

അമവീ ഖലീഫയായിരുന്ന അബ്ദുല്‍ മലി ക്ക് ബ്‌നു മര്‍വാനിന്റെ ഭരണകാലത്ത് നിര്‍മിക്കപ്പെട്ട സുന്ദരമായൊരു അഷ്ടഭുജ (octagon) കെട്ടിടമാണ് ഖുബ്ബത്തു സ്‌സ്വഖ്ഃ. ഇതിന്റെ പുറ ത്തും അകത്തും മൊസൈക്കില്‍ രേഖപ്പെടുത്തപ്പെട്ട അറബി ലിഖിതങ്ങളെയാണ് അത് എഴുതപ്പെടുന്ന കാലത്ത് ക്വുര്‍ആന്‍ പൂര്‍ണമായി രൂപീകരിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ലെന്നതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആദ്യകാല മുസ്‌ലിം സമ്പ്രദായങ്ങളെ യോ അവര്‍ ക്വുര്‍ആനിനെ ഉപയോഗിച്ച രീതിയെയോ കുറിച്ച് യാതൊന്നും അറിയാത്തതുകൊണ്ടാണ് ഇത്തരം ബാലിശമായ വാദങ്ങള്‍ ഉടലെടുക്കു ന്നത്.

യഥാര്‍ഥത്തില്‍, ഖുബ്ബത്തു സ്‌സ്വഖ്‌റയിലെ അഷ്ടഭുജത്തിന്മേല്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് ക്രമപ്രകാരമുള്ള ക്വുര്‍ആന്‍ വചനങ്ങ ളല്ല. ക്വുര്‍ആന്‍ പഠിപ്പിക്കുകയോ രേഖപ്പെടുത്തുകയോ ചെയ്യുകയെന്ന ലക്ഷ്യത്തോടെ എഴുതപ്പെട്ട രേഖയുമല്ല അത്. പ്രത്യുത ഒരു സന്ദേശ ത്തിന്റെ രേഖീകരണം മാത്രമാണത്. പ്രസ്തുത സന്ദേശത്തിനിടക്ക് ക്വുര്‍ആന്‍ സൂക്തങ്ങളോ അതിന്റെ ഖണ്ഡങ്ങളോ കടന്നു വരുന്നുവെന്ന് മാത്രമേയുള്ളൂ. ഒരു പ്രഭാഷകന്‍ തനിക്കാവശ്യമുള്ള ഉദ്ധരണികള്‍ ഉപയോഗിക്കുന്നതുപോലെ ‘ഖുബ്ബത്തു സ്‌സ്വഖ്‌റാ’യില്‍ സന്ദേശമെഴുതി യവര്‍ അവര്‍ നല്‍കുവാനുദ്ദേശിച്ച ദൂതിന് ഉപോല്‍ബലകമായ ക്വുര്‍ആന്‍ സൂക്തങ്ങളോ ഖണ്ഡങ്ങളോ ഉപയോഗിച്ചുവെന്ന് മാത്രമേയു ള്ളൂ. അഷ്ടഭുജത്തിലെ സന്ദേശം വായിക്കുന്ന ആര്‍ക്കും ബോധ്യപ്പെടുന്ന സരളമായ ഒരു വസ്തുതയാണിത്. പ്രസ്തുത സന്ദേശത്തിന്റെ പരിഭാഷ പരിശോധിക്കുക:

അഷ്ടഭുജത്തിനകത്തെ സന്ദേശം (പരിഭാഷ):

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍; അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവന്‍ ഏകനാണ്. അവന് പങ്കു കാരൊന്നുമില്ല. അവനാണ് എല്ലാ ആധിപത്യവും; അവന്നുതന്നെയാണ് സ്തുതികളും. അവന്‍ ജീവിപ്പിക്കുന്നു; അവന്‍ മരിപ്പിക്കുകയും ചെയ്യുന്നു. അവനാണ് എല്ലാ കാര്യങ്ങളുടെയും മേലുള്ള അധീശത്വം. മുഹമ്മദ് അല്ലാഹുവിന്റെ ദൂതനും ദാസനുമാകുന്നു.

തീര്‍ച്ചയായും അല്ലാഹുവും മലക്കുകളും പ്രവാചകന്റെ മേല്‍ അനുഗ്രഹങ്ങള്‍ ചൊരിയുന്നു. സത്യവിശ്വാസികളേ നിങ്ങള്‍ അദ്ദേഹത്തി ന്റെ മേല്‍ കാരുണ്യവും ശാന്തിയുമുണ്ടാകുവാന്‍ പ്രാര്‍ഥിക്കുക. അദ്ദേഹത്തിന്റെ മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങളും ശാന്തിയുമു ണ്ടാകട്ടെ.

വേദക്കാരേ, നിങ്ങള്‍ മതകാര്യത്തില്‍ അതിരുകവിയരുത്. അല്ലാഹുവിന്റെ പേരില്‍ വാസ്തവമല്ലാതെ നിങ്ങള്‍ പറയുകയും ചെയ്യരുത്. മര്‍യമിന്റെ മകനായ മസീഹ് ഈസാ അല്ലാഹുവിന്റെ ദൂതനും, മര്‍യമിലേക്ക് അവന്‍ ഇട്ടുകൊടുത്ത അവന്റെ വചനവും, അവങ്കല്‍ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. അത് കൊണ്ട് നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതന്‍മാരിലും വിശ്വസിക്കുക. ത്രിത്വം എന്ന വാക്ക് നിങ്ങള്‍ പറയരുത്. നിങ്ങളുടെ നന്‍മയ്ക്കായി നിങ്ങള്‍ (ഇതില്‍ നിന്ന്) വിരമിക്കുക. അല്ലാഹു ഏക ആരാധ്യന്‍ മാത്രമാകുന്നു. തനിക്ക് ഒരു സന്താനമുണ്ടായിരിക്കുക എന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്റെതാകുന്നു. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി.

അല്ലാഹുവിന്റെ അടിമയായിരിക്കുന്നതില്‍ മസീഹ് ഒരിക്കലും വൈമനസ്യം കാണിക്കുന്നതല്ല. (അല്ലാഹുവിന്റെ) സാമീപ്യം സിദ്ധിച്ച മലക്കുകളും (വൈമനസ്യം കാണിക്കുന്നതല്ല.) അവനെ (അല്ലാഹുവെ) ആരാധിക്കുന്നതില്‍ ആര്‍ വൈമനസ്യം കാണിക്കുകയും, അഹംഭാ വം നടിക്കുകയും ചെയ്യുന്നുവോ അവരെ മുഴുവനും അവന്‍ തന്റെ അടുക്കലേക്ക് ഒരുമിച്ചുകൂട്ടുന്നതാണ്.

അല്ലാഹുവേ, നിന്റെ ദൂതനും നിന്റെ ദാസനുമായ മര്‍യമിന്റെ പുത്രന്‍ മസീഹിനെ നീ അനുഗ്രഹിക്കേണമേ. അദ്ദേഹം ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും അദ്ദേഹത്തിന് സമാധാനം.

അതത്രെ മര്‍യമിന്റെ മകനായ ഈസാ അവര്‍ ഏതൊരു വിഷയത്തില്‍ തര്‍ക്കിച്ച് കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റിയുള്ള യഥാര്‍ഥമായ വാക്കത്രെ ഇത്. ഒരു സന്താനത്തെ സ്വീകരിക്കുക എന്നത് അല്ലാഹുവിന്നുണ്ടാകാവുന്നതല്ല. അവന്‍ എത്ര പരിശുദ്ധന്‍! അവന്‍ ഒരു കാര്യം തീരുമാനിച്ച് കഴിഞ്ഞാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രംചെയ്യുന്നു. അപ്പോള്‍ അതുണ്ടാകുന്നു. (ഈസാ പറഞ്ഞു) തീര്‍ച്ചയായും അല്ലാഹു എന്റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതത്രെ നേരെയുള്ള മാര്‍ഗം.

താനല്ലാതെ ഒരു ദൈവവുമില്ലെന്നതിന് അല്ലാഹു സാക്ഷ്യം വഹിച്ചിരിക്കുന്നു. മലക്കുകളും അറിവുള്ളവരും (അതിന്ന് സാക്ഷികളാകുന്നു) അവന്‍ നീതി നിര്‍വഹിക്കുന്നവനത്രെ. അവനല്ലാതെ ദൈവമില്ല. പ്രതാപിയും യുക്തിമാനുമത്രെ അവന്‍. തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ മതം എന്നാല്‍ ഇസ്‌ലാമാകുന്നു. വേദഗ്രന്ഥം നല്‍കപ്പെട്ടവര്‍ തങ്ങള്‍ക്ക് (മതപരമായ) അറിവ് വന്നുകിട്ടിയ ശേഷം തന്നെയാണ് ഭിന്നിച്ചത്. അവര്‍ തമ്മിലുള്ള കക്ഷിമാത്‌സര്യം നിമിത്തമത്രെ അത്. വല്ലവരും അല്ലാഹുവിന്റെ തെളിവുകള്‍ നിഷേധിക്കുന്നുവെങ്കില്‍ അല്ലാഹു അതിവേഗം കണക്ക് ചോദിക്കുന്നവനാകുന്നു.

അഷ്ടഭുജത്തിന് പുറത്തെ സന്ദേശം (പരിഭാഷ):

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവന്‍ ഏകനാണ്. അവന് പങ്കുകാരൊന്നുമില്ല. (നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകു ന്നു. അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്ന് തുല്യനായി ആരും ഇല്ലതാനും മുഹ മ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു. അദ്ദേ ഹത്തില്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങളുണ്ടാകട്ടെ.

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവന്‍ ഏകനാണ്. അവന് പങ്കുകാരൊന്നുമില്ല. മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു. തീര്‍ച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും നബിയോട് കാരുണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍ (അല്ലാഹുവിന്റെ) കാരുണ്യവും ശാന്തിയുമുണ്ടാകാന്‍ പ്രാര്‍ഥിക്കുക.

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവന്‍ ഏകനാണ്. സ്തുതികളെ ല്ലാം അല്ലാഹുവിനാണ് സന്താനത്തെ സ്വീകരിച്ചിട്ടില്ലാത്തവനും, ആധിപത്യത്തില്‍ പങ്കാളിയില്ലാത്തവനും നിന്ദ്യതയില്‍ നിന്ന് രക്ഷിക്കാന്‍ ഒരു രക്ഷകന്‍ ആവശ്യമില്ലാത്തവനുമായ അല്ലാഹുവിന് സ്തുതി! എന്ന് നീ പറയുകയും അവനെ ശരിയാംവണ്ണം മഹത്വപ്പെടുത്തുകയും ചെയ്യുക. മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണ്.

അദ്ദേഹത്തിനു മേലും മലക്കുകളുടെയും പ്രവാചകന്‍മാരുടെയും മേലും അല്ലാഹുവിന്റെ അനുഗ്രഹങ്ങളുണ്ടാവട്ടെ. അദ്ദേഹത്തില്‍മേല്‍ അല്ലാഹുവിന്റെ ശാന്തിയും കാരുണ്യവുമുണ്ടാകട്ടെ. അല്ലാഹുവിന്റെ നാമത്തില്‍, പരമകാരുണികന്‍, കരുണാനിധി. അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവന്‍ ഏകനാണ്. അവന് പങ്കുകാരില്ല.

അവനാണ് എല്ലാ ആധിപത്യവും. അവനാണ് എല്ലാ കാര്യങ്ങളുടെയും മേലുള്ള അധീശത്വം. മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു. അദ്ദേഹത്തിനു മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങളുണ്ടാവട്ടെ. അദ്ദേഹത്തിന്റെ ജനങ്ങള്‍ക്കുമേല്‍ പുനരുത്ഥാന നാളില്‍ അദ്ദേഹം നടത്തുന്ന  ശുപാര്‍ശ അവന്‍ സ്വീകരിക്കട്ടെ.

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവന്‍ ഏകനാണ്. അവന് പങ്കുകാരില്ല. മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു. അദ്ദേഹത്തിനു മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങളുണ്ടാവട്ടെ. ഈ കുംഭഗോ പുരം നിര്‍മിച്ചത് ദൈവദാസനായ അബ്ദുല്ലാ അല്‍ ഇമാം അല്‍ മഅ്മൂനാണ്; വിശ്വാസികളുടെ നേതാവ്. എഴുപത്തി രണ്ടാം വര്‍ഷത്തില്‍. അല്ലാഹു അദ്ദേഹത്തില്‍ നിന്ന് ഇത് സ്വീകരിക്കുകയും അദ്ദേഹത്തില്‍ സംപ്രീതനാവുകയും ചെയ്യട്ടെ, ആമീന്‍. സര്‍വലോകരക്ഷിതാവായ, അല്ലാഹുവിന് സ്തുതി”.

ഇത് വായിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്ന യാഥാര്‍ഥ്യമാണ് ക്വുര്‍ആന്‍ അധ്യായക്രമത്തില്‍ രേഖപ്പെടുത്തിയതല്ല ഇത് എന്നുള്ള വസ്തുത. അല്ലാഹുവിനെ പരിചയപ്പെടുത്തുന്ന ആമുഖത്തില്‍ വ്യത്യസ്ത ക്വുര്‍ആന്‍ സൂക്തങ്ങളില്‍ പ്രയോഗിച്ചിരിക്കുന്ന അല്ലാഹുവി ന്റെ നാമ-ഗുണവിശേഷണങ്ങള്‍  പ്രസ്താവിച്ചിരിക്കുന്നുവെന്ന് മാത്രമെയുള്ളൂ. അത് ഉദ്ധരിച്ചുകൊണ്ട് അത് അന്നു നിലനിന്നിരുന്ന ക്വുര്‍ആന്‍ സൂക്തമായിരുന്നുവെന്നും പിന്നീടാണ് അതിലെ ദൈവഗുണ, വിശേഷണങ്ങളെ വേര്‍തിരിച്ചുകൊണ്ടുള്ള സൂക്തങ്ങള്‍ ഇതില്‍ നിന്ന് പരിണമിച്ചുണ്ടായത് എന്നും വാദിക്കുന്നത് മുസ്‌ലിംകള്‍ നടത്തുന്ന പ്രഭാഷണങ്ങളെയും സന്ദേശപ്രചരണത്തെയും കുറിച്ച അജ്ഞത കൊണ്ടാണ്. അല്ലാഹുവിന്റെ നാമത്തില്‍ ആരംഭിക്കുന്ന മുസ്‌ലിം സന്ദേശങ്ങളില്‍ അല്ലാഹുവിനെ സ്തുതിക്കുകയും, അവന്റെ മഹത്വം ഉദ്‌ഘോഷിക്കുകയും മുഹമ്മദ്‌നബിലയുടെ മേല്‍ അനുഗ്രഹങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്ത ശേഷമാണ് മറ്റു കാര്യങ്ങള്‍ പരാമര്‍ശിക്കാറുള്ളത്. ഈ സന്ദേശത്തിലും അങ്ങനെത്തന്നെയാണുള്ളത്. ക്രിസ്ത്യാനികള്‍ താമസിക്കുന്ന സ്ഥലത്താണ് ഖുബ്ബത്തു സ്‌സ്വഖ്‌ റാ നിര്‍മിക്കപ്പെട്ടത് എന്നതിനാല്‍ യേശു ക്രിസ്തുവിനെ സംബന്ധിച്ച ഇസ്‌ലാമിക നിലപാട് വ്യക്തമാക്കുകയും ക്രൈസ്തവ നിലപാടിനെ വിമര്‍ശിക്കുകയും ചെയ്യുന്ന വചനങ്ങള്‍ പ്രസ്തുത സന്ദേശത്തിന്റെ ഭാഗമായത് സ്വാഭാവികമാണ്.

ക്വുർആനിലെ പതിനേഴാം അധ്യായത്തിന്റെ 111ാം വചനം രേഖപ്പെടുത്തിയപ്പോള്‍ പ്രസ്തുത വചനത്തിന്റെ തുടക്കത്തിലുള്ള ‘നീ പറയുക’ (വഖുലി) യെന്ന ഭാഗം ഖുവ്വത്തു സ്‌സ്വഖ്‌റായുടെ പടിഞ്ഞാറ് ഭാഗത്ത് രേഖപ്പെടുത്തിയിട്ടില്ലെന്നതാണ് ഇതെഴുതുമ്പോള്‍ ക്വുര്‍ആന്‍ പൂര്‍ണമായിരു ന്നില്ലെന്ന് വാദിക്കുന്നവര്‍ക്കുള്ള സുപ്രധാനമായ ഒരു ‘തെളിവ്’. ഒരു സന്ദേശത്തിന്റെ ഭാഗമെന്ന നിലയ്ക്ക് ക്വുര്‍ആന്‍ വചനങ്ങള്‍ ഉദ്ധരിക്കുമ്പോള്‍ ‘നീ പറയുക’ പോലെയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കി വചനത്തിലെ ആശയപ്രധാനമായ ഭാഗം മാത്രം പരാമര്‍ശിക്കുന്ന സമ്പ്രദായം ഇന്നത്തേതുപോലെ മുസ്‌ലിം സമൂഹത്തില്‍ അന്നും നില നിന്നിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ രേഖ; അതല്ലാതെ, ക്വുര്‍ആന്‍ പരിണമിച്ചു ണ്ടായതാണെന്നതിന് അത് തെല്ലും തെളിവു നല്‍കുന്നില്ല.

ഖുബ്ബത്തു സ്‌സ്വഖ്‌റായുടെ പുറത്ത് തെക്ക് ഭാഗത്ത് പൂര്‍ണമായി രേഖപ്പെടുത്ത പ്പെട്ട ക്വുര്‍ആനിലെ നൂറ്റി പന്ത്രണ്ടാം അധ്യായത്തിലെ ‘നീ പറയുക’ (ഖുല്‍) എന്ന ഭാഗം ഒഴിവാക്കികൊണ്ടാണ് അബ്ദുല്‍മലിക്കു ബ്‌നു മര്‍വാനിന്റെ കാലത്തും ശേഷവും നിര്‍മിക്കപ്പെട്ട നാണയങ്ങളില്‍ ഈ സൂക്തം മുദ്രീകരിക്കപ്പെട്ടിരിക്കുന്നത് എന്ന വസ്തുത പതിനേഴാം അധ്യായം 111ാം വചനത്തില്‍ ‘നീ പറയുക’ യെന്ന ഭാഗം ഒഴിവാക്കിക്കൊണ്ട് രേഖപ്പെടുത്തിയത് ക്വുര്‍ആനിന്റെ രൂപീകരണം പില്‍ക്കാല ത്താണ് നടന്നതെന്നതിന് തെളിവാക്കുന്നവരുടെ മുഴുവന്‍ വാദങ്ങളെയും തകര്‍ത്തുകളയുന്നുവെന്ന് പ്രമുഖ ഓറിയന്റലിസ്റ്റായ എസ്‌റ്റെല്ലേ വെലാന്‍ വ്യക്തമാക്കുന്നുണ്ട്. (Estelle Whelan: “Forgotten Witness: Evidence for the Early Codification of the Qur’an”; Journal of American Oriental Society, 1998, Vol. 118, P. 1-14) സമകാലിക രേഖകളെയോ സമ്പ്രദായങ്ങളെയോ കുറിച്ച് പഠിക്കാതെ, ക്വുര്‍ആനിന്റെ ചരിത്രപരതയെ നിഷേധിക്കുവാന്‍ കിട്ടിയ വടികളെല്ലാമെടുത്ത് എറിയാന്‍ ശ്രമിക്കുന്നവരുടെ ‘തെളിവുകള്‍’ അവരുടെ തന്നെ ബൗദ്ധികസത്യസന്ധതക്കു നേരെ തിരിച്ചു വരുന്ന ബൂമറാംഗുകളായിത്തീരുന്നതാണ് നാം ഇവിടെ കാണുന്നത്.

ഹിജ്‌റ 72ലേതാണെന്ന് ഉറപ്പുള്ള ഒരു രേഖയില്‍ ക്വുര്‍ആനിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നെടുത്ത് ഒരേ വിഷയത്തിലുള്ള വചനങ്ങള്‍ ഉദ്ധരിക്കപ്പെട്ടിരിക്കുന്നുവെന്നത് അക്കാലത്ത് ക്വുര്‍ആനിന്റെ കയ്യെഴുത്ത് പ്രതികള്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നുവെന്നതിന് തെളിവാണെന്നാണ് എസ്‌റ്റെല്ലെ വെലാന്‍ സമര്‍ഥിക്കുന്നത്. (Ibid.) ഒരു ഗ്രന്ഥത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന ഒരേ വിഷയസംബന്ധിയായ വചനങ്ങള്‍ ഒരു പ്രത്യേക സന്ദര്‍ഭത്തിലോ രേഖയിലോ ഉദ്ധരിക്കണമെങ്കില്‍ പ്രസ്തുത ഗ്രന്ഥം പൂര്‍ണരൂപ ത്തില്‍ ഉപലബ്ധമായിരിക്കണമെന്നത് സാമാന്യയുക്തിയാണെന്നാണ് അദ്ദേഹത്തിന്റെ വാദം. അബ്ദുല്ലാ അല്‍ മഅ്മൂനാണ് ഖുബ്ബത്തു സ്‌സ്വഖ്‌റാ നിര്‍മിച്ചതെന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിലും അത് വ്യാജമാണെന്നും അബ്ദുല്‍മലിക്ക് ബ്‌നു മര്‍വാനിന്റെ പേര് മായ്ച്ചു കൊണ്ടാണ് മഅ്മൂനിന്റെ പേര് രേഖപ്പെടുത്തിയിട്ടുള്ളതെന്നും രേഖയില്‍ നിന്നു തന്നെ വ്യക്തമാണ്.   സ്വഹാബിമാരുടെ കാലത്ത് ക്വുര്‍ആന്‍ പൂര്‍ണ രൂപത്തില്‍ നിലനിന്നി രുന്നില്ല എന്നതിനുള്ള തെളിവായി കൊട്ടിഘോഷിക്കപ്പെട്ട ഖുബ്ബത്തുസ്‌സ്വഖ്‌റായിലെ ക്വുര്‍ആന്‍ രേഖകള്‍ വിമര്‍ശകര്‍ക്കെതിരായ തെളി വാണ് നല്‍കുന്നതെന്നര്‍ഥം.

അതുകൊണ്ടുതന്നെയായിരിക്കണം പാട്രിഷിയോ ക്രോണിന്റെയും മിഖയേല്‍ കുക്കിന്റെയും വാദങ്ങളെ സമര്‍ഥിക്കുവാന്‍ പാടുപെട്ട് ശ്രമിക്കുന്ന പിന്‍ഗാമികള്‍ പോലും ഖുബ്ബത്തു സ്‌സ്വഖ്‌റായിലെ ക്വുര്‍ആന്‍ ആലേഖനങ്ങളെ ക്വുര്‍ആനിന്റെ ചരിത്രപരതയെ സംശയാസ്പദമാക്കുന്ന തെളിവുകളുടെ കൂടെ പെടുത്താന്‍ മടിക്കുന്നത്. ‘ബുദ്ധിപരമായി സംഭവിക്കാനാവാത്ത വാദങ്ങ ളാല്‍ നിബിഡവും ബാലിശമായ തെളിവുകള്‍ മാത്രമുള്ളതു (Micheal G Morony: Journal of Near Eastern Studies, Volume 41, No:2, April 1982, Page 157-159.) മെന്ന് കോണും കുക്കും ചേര്‍ന്നെഴുതിയ ഗ്രന്ഥത്തെ ആധുനിക ഓറിയന്റലിസ്റ്റുകളില്‍ പ്രമുഖനായ മിക്കയേല്‍ ജെ മൊറോണി വിശേഷിപ്പിച്ചതും മറ്റൊന്നുകൊണ്ടുമല്ല.

print