ജനിതകമായ തിന്മകൾക്ക് ശിക്ഷ നൽകുന്നതിന്റെ ന്യായമെന്ത്?

/ജനിതകമായ തിന്മകൾക്ക് ശിക്ഷ നൽകുന്നതിന്റെ ന്യായമെന്ത്?
/ജനിതകമായ തിന്മകൾക്ക് ശിക്ഷ നൽകുന്നതിന്റെ ന്യായമെന്ത്?

ജനിതകമായ തിന്മകൾക്ക് ശിക്ഷ നൽകുന്നതിന്റെ ന്യായമെന്ത്?

മനുഷ്യരെല്ലാം ശുദ്ധപ്രകൃതിയിലാണ് ജനിക്കുന്നത് എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. മാതാപിതാക്കളുടെ ജീനുകൾ ലഭിക്കുക വഴി ജനനത്തോട് കൂടിത്തന്നെ അയാളുടെ സ്വഭാവത്തിന്റെ ബഹുഭൂരിപക്ഷവും നിർണയിക്കപ്പെട്ടിട്ടുണ്ടാവുമെന്നാണ് ശാസ്ത്രം പറയുന്നത്. പന്ത്രണ്ട് വയസ്സുവരെയുള്ള Primary Socialization അഥവാ Parenting വഴി ഒരാളുടെ സ്വഭാവത്തിന്റെ മുഴുവൻ രൂപരേഖയും (blue print) വളരെ Concrete ആയിത്തന്നെ രൂപപ്പെടുന്നു. പ്രതികൂലമായ കാലാവസ്ഥയിൽ ജനിക്കുകയും വളരുകയും ചെയ്തവർക്ക് നന്മയിലേക്കുള്ള പാത ദുർഘടമല്ലേ? അവർ സ്വാഭാവികമായും തിന്മയിൽ മുഴുകാനല്ലേ സാധ്യത? ഇങ്ങനെയുള്ളവരെ ശിക്ഷിക്കുന്നതിന്റെ ഇസ്‌ലാമിക യുക്തിയെന്താണ്?

അബിൻ

ശുദ്ധപ്രകൃതി(ഫിത്വറ)യോട് കൂടിയാണ് കുഞ്ഞുങ്ങളെല്ലാം ജനിക്കുന്നതെന്നും അവരെ വ്യത്യസ്ത മതക്കാരാക്കിത്തീർക്കുന്നത് അവരുടെ മാതാപിതാക്കളാണെന്നും മുഹമ്മദ് നബി (സ) പറഞ്ഞതായി അബൂഹുറൈറ(റ)യിൽ നിന്ന് ഇമാമുമാരായ ബുഖാരിയും മുസ്‌ലിമും തങ്ങളുടെ സ്വഹീഹുകളിൽ നിവേദനം ചെയ്തിട്ടുണ്ട്. പാപികളായാണ് മനുഷ്യരെല്ലാം ജനിക്കുന്നതെന്ന ക്രൈസ്തവവിശ്വാസത്തെ നിഷേധിക്കുന്നതാണ് ഈ ഹദീഥ്. ആരും പാപികളായല്ല ജനിക്കുന്നത്, പ്രത്യുത ശുദ്ധപ്രകൃതിയോടെയാണ് എന്നും ജനിച്ച ശേഷമാണ് അവർ വ്യസ്ത്യസ്ത വിഭാഗങ്ങളിൽ പെടുന്നവരെന്നും അതിന് പ്രധാന കാരണം മാതാപിതാക്കളുടെ ഇടപെടലുകളാണെന്നും വ്യക്തമാക്കുകയാണ് ഈ ഹദീഥിലൂടെ പ്രവാചകൻ (സ) ചെയ്യുന്നത്.

മാതാപിതാക്കളുടെ എല്ലാ ദുസ്വഭാവങ്ങളും ജീനുകളിലൂടെ മക്കൾക്ക് പകർന്നു ലഭിക്കുന്നുണ്ട് എന്നാണ് ആധുനിക ശാസ്ത്രം പറയുന്നത് എന്നാണ് ചോദ്യകർത്താവ് തെറ്റിദ്ധരിച്ചിരിക്കുന്നത് എന്ന് തോന്നുന്നു. എന്നാൽ വസ്തുതയതല്ല. മനുഷ്യന്റെ പെരുമാറ്റങ്ങളിലുള്ള ജീനുകളുടെ സ്വാധീനത്തെ കുറിച്ച പഠനമാണ് പെരുമാറ്റ ജനിതകം. ബോധപൂര്‍വ്വമല്ലാതെയോ സ്വാഭാവികമായോ ബോധോദയത്താലോ ഉണ്ടാവുന്ന നിരീക്ഷണയോഗ്യമായ പ്രവൃത്തികളോ വികാരങ്ങളോ താല്‍പര്യങ്ങളോ ആണ് ‘പെരുമാറ്റം’ (behaviour) കൊണ്ടുള്ള വിവക്ഷ. ജീനുകള്‍ എങ്ങനെയാണ് സാഹചര്യങ്ങള്‍ക്കകത്ത് പ്രവര്‍ത്തിച്ചുകൊണ്ട് പെരുമാറ്റത്തെ സ്വാധീനിക്കുന്നതെന്ന പഠനമാണ് പെരുമാറ്റജനിതകത്തിനടുത്ത് നടക്കുന്നത്. പെരുമാറ്റത്തെ സ്വാധീനിക്കുന്ന ജനിതക ഘടകങ്ങളേയും സാഹചര്യങ്ങളേയും ഒരേപോലെ പരിഗണിക്കുന്ന ശാസ്ത്രശാഖയാണിത്. ജീനുകളോ സാഹചര്യങ്ങളോ ഏതെങ്കിലൊന്ന് സര്‍വ്വശക്തമാണെന്നോ അതു മാത്രമാണ് പെരുമാറ്റത്തെ സ്വാധീനിക്കുന്നത് എന്നോ ഉള്ള ധാരണയല്ല പെരുമാറ്റ ജനിതക ശാസ്ത്രജ്ഞന്മാര്‍ക്കുള്ളത്; ഓരോന്നോ രണ്ടും കൂടിയോ പെരുമാറ്റത്തെ സ്വാധീനിക്കാവുന്നതാണ് എന്നാണ്‌ പെരുമാറ്റജനിതകം പറയുന്നത്‌. ജീനുകള്‍ കൂടാതെ പെരുമാറ്റത്തെ സാഹചര്യങ്ങള്‍ കൂടി സ്വാധീനിക്കുന്നുവെന്ന് പറയുമ്പോള്‍ എന്താണ് സാഹചര്യം കൊണ്ട് വിവക്ഷിക്കുന്നതെന്ന ചോദ്യമുയരാവുന്നതാണ്. ജനിതകമല്ലാത്ത എല്ലാ സ്വാധീനങ്ങളേയും സാഹചര്യം (environment) എന്നാണ് വിളിക്കുന്നത്. അത് ബാക്ടീരിയ, വൈറസ്, മരുന്നുകള്‍, പോഷകങ്ങള്‍ തുടങ്ങിയ ആന്തരികമായി പ്രവര്‍ത്തിക്കുന്ന വസ്തുക്കളാവാം; അതല്ലെങ്കില്‍ രക്ഷാകര്‍ത്തൃത്വം, കുടുംബജീവിതം, സമപ്രായക്കാര്‍, മാധ്യമങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍, കാലാവസ്ഥാമാറ്റങ്ങള്‍, രോഗം, യുദ്ധം എന്നീ ബാഹ്യമായി സ്വാധീനിക്കുന്ന കാര്യങ്ങളുമാകാം. മൊത്തത്തില്‍ മനുഷ്യപെരുമാറ്റങ്ങളെ എങ്ങനെ ജീനുകളും എല്ലാതരം ബാഹ്യവും ആന്തരികവുമായ സാഹചര്യങ്ങളും കൂടി സ്വാധീനിക്കുന്നുവെന്ന് പഠിക്കുകയാണ് പെരുമാറ്റജനിതകം ചെയ്യുന്നതെന്ന് പറയാം.

മനുഷ്യനെ സംബന്ധിച്ചിടത്തോളം ജീനുകളാല്‍ മാത്രം നിശ്ചയിക്കപ്പെടുന്ന ചില അടിസ്ഥാനസ്വഭാവങ്ങളുണ്ട്. കണ്ണിന്റെ നിറം ഉദാഹരണം. എന്നാല്‍ പെരുമാറ്റങ്ങളില്‍ മിക്കതും ജീനുകളാല്‍ സ്ഥാപിക്കപ്പെട്ടതും സാഹചര്യങ്ങളാല്‍ തീരുമാനിക്കപ്പെടുന്നതുമാണ്. നല്ല പേശീബലവും ഉയര്‍ന്ന ശ്വാസകോശക്ഷമതയും ഒരാള്‍ നല്ല കായികതാരമായിത്തീരുന്നതിന് കാരണം അയാളുടെ ജീനുകളാണെന്ന് വേണമെങ്കില്‍ പറയാവുന്നതാണ്. എന്നാല്‍ അയാള്‍ ഒരു ഓട്ടക്കാരനോ, നീന്തല്‍ക്കാരനോ കളിക്കാരനോ ആവുന്നതില്‍ പ്രധാനമായും സാഹചര്യങ്ങളുടെ സ്വാധീനമാണുള്ളത്. അയാളുടെ മാതാപിതാക്കള്‍ ദരിദ്രരും കുട്ടികളെ സ്‌കൂളിലയക്കാന്‍ കഴിവില്ലാത്തവരുമാണെങ്കില്‍ അയാള്‍ക്ക് ആവശ്യമായ പരിശീലനം കിട്ടാതെ പോവുകയും അതുവഴി ഒരു കിലോമീറ്റര്‍പോലും ഓടാന്‍ കഴിയാത്തവനായി അയാള്‍ മാറുകയും ചെയ്‌തേക്കാനും സാധ്യതയുണ്ട്. പ്രകൃതിയും പരിസ്ഥിതിയും കൂടിച്ചേര്‍ന്ന് (Nature and Nurture) വ്യക്തിയുടെ സ്വഭാവങ്ങളും പെരുമാറ്റങ്ങളും നിര്‍ണയിക്കുന്നതെന്നാണ് പെരുമാറ്റജനിതകം പൊതുവായി പഠിപ്പിക്കുന്നത്.

പ്രസിദ്ധ പെരുമാറ്റ മനഃശാസ്ത്രജ്ഞനായ സി. ബേക്കര്‍ എഴുതുന്നത് കാണുക: ‘ഉയരം, തൂക്കം, രക്തസമ്മര്‍ദ്ദം, ദഹനശേഷി തുടങ്ങിയ ഒരു വിധം ഭൗതിക സവിശേഷതകളും അവസ്ഥകളുമെല്ലാം ജീനുകളില്‍ നിന്ന് ഉല്‍ഭവിക്കുകയും സാഹചര്യങ്ങളുടെ പശ്ചാത്തലങ്ങള്‍ക്കനുസരിച്ച് പ്രവൃത്തിപഥത്തില്‍ വ്യതിരിക്തത പുലര്‍ത്തുകയും ചെയ്യുന്നവയാണ്. ഇതുതന്നെയാണ് എല്ലാ സങ്കീര്‍ണമായ മാനസിക-സാമൂഹികപെരുമാറ്റങ്ങളുടേയും അവസ്ഥ. വ്യത്യസ്ത ജീനുകള്‍ വ്യത്യസ്ത സാഹചര്യങ്ങളുടെ സ്വാധീനവുമായി കൂട്ടിമുട്ടുമ്പോഴാണ് ഒരോ പെരുമാറ്റങ്ങളും പുറത്തുവരുന്നത്… നിര്‍ഭാഗ്യവശാല്‍ പലരും ഇതില്‍ നിന്ന് വ്യത്യസ്തമായ ധാരണയുമായി കഴിയുന്നവരാണ്. ഒരോ സ്വഭാവസവിശേഷതകളേയും ഒരോ ജീനുകള്‍ നിയന്ത്രിക്കുന്നുവെന്നാണ് അവരുടെ ധാരണ. ഒരു ജീവിയുടെ വളര്‍ച്ചയെ പൂര്‍ണമായും നിശ്ചയിക്കുന്നത് ജീനുകളാണെന്ന ഈ വിശ്വാസത്തിനാണ് ജനിതക നിര്‍ണയവാദം (genetic determinism) എന്നുപറയുന്നത്. ജനിതക നിര്‍ണയവാദം തെറ്റായ ഒരു ധാരണയാണ്. ശാസ്ത്രീയ ഗവേഷണങ്ങളെ ശരിയായി മനസ്സിലാക്കാത്തതില്‍ നിന്നാണ് ഈ ധാരണയുണ്ടാവുന്നത്… എതെങ്കിലുമൊരു ജീനിനേയും സങ്കീര്‍ണമായ ഏതെങ്കിലുമൊരു മനുഷ്യ സ്വഭാവത്തേയും തമ്മില്‍ നേര്‍ക്കുനേരെ ബന്ധിപ്പിക്കാന്‍ കഴിയുന്ന യാതൊരു വിധശാസ്ത്രീയ ഗവേഷണഫലവും ഇതേവരെ ഉണ്ടായിട്ടില്ലെന്നതാണ് വാസ്തവം. നിരവധി ജീനുകള്‍ നിരവധി സാഹചര്യങ്ങളുടെ സ്വാധീനത്തിനു നടുവില്‍ പ്രവര്‍ത്തനനിരതമാവുമ്പോഴാണ് ഏതെങ്കിലുമൊരു പെരുമാറ്റമുണ്ടാവുന്നത്.”(C. Baker: Behavioral Genetics: An Introduction to How Genes and Environments in treat through Development to Shape Difference in Mood, Personality and Intelligence (2004) Page 17,18)

ഇതേപോലെത്തന്നെയാണ് പാരന്റിംഗിന്റെയും അവസ്ഥ. പന്ത്രണ്ട് വയസ്സുവരെയുള്ള ഒരാളുടെ അനുഭവങ്ങളും അയാളുടെ ആശയവിനിമയങ്ങളുമാണ് ഒരാളുടെ അടിസ്ഥാനവ്യക്തിത്വം രൂപീകരിക്കുന്നത് എന്ന് പാരന്റിംഗ് വിദഗ്ദർ പറയാറുണ്ടെന്നത് ശരിയാണ്. അക്കാര്യം തന്നെയാണ് ആദ്യം പറഞ്ഞ ഹദീഥിൽ പ്രവാചകൻ (സ) സൂചിപ്പിച്ചിരിക്കുന്നത്. ചെറുപ്പത്തിലുള്ള മാതാപിതാക്കളുടെ പെരുമാറ്റങ്ങളും മാതൃകയും മറ്റുള്ളവരുമായി നടത്തുന്ന ആശയവിനിമയങ്ങളുമാണ് ഒരാളുടെ അടിസ്ഥാനവ്യക്തിത്വം തീരുമാനിക്കുന്നത് എന്ന് പറഞ്ഞാൽ അതിനർത്ഥം അയാളുടെ വ്യക്തിത്വത്തിൽ പിന്നെ മാറ്റമൊന്നും കഴിയുകയില്ല എന്നല്ല. ബോധപൂർവ്വമല്ലാതെയുള്ള വ്യക്തിത്വരൂപീകരണമാണ് കൗമാരപ്രായത്തിലെത്തുമ്പോൾ പൂർത്തിയാവുന്നത്. ബോധപൂർവമായ വ്യക്തിത്വമാറ്റം നടക്കുന്നത് യഥാർത്ഥത്തിൽ കൗമാരത്തിനു ശേഷമാണ്. ബോധപൂർവ്വമായ വ്യക്തിത്വമാറ്റത്തിനാവശ്യം ബോധ്യവും സന്നദ്ധതയുമാണ്. മതബോധനങ്ങളും ധാർമ്മികനിയമങ്ങളുമെല്ലാം വ്യക്തിയിൽ സ്വാധീനം ചെലുത്തുന്നത് ഇക്കാലത്താണ്. അത് വഴിയുള്ള ബോധപൂവ്വമായ വ്യക്തിത്വമാറ്റമാണ് ഇസ്‌ലാം മനുഷ്യരോട് ആവശ്യപ്പെടുന്നത്.

കുഞ്ഞുങ്ങളുടെ വ്യക്തിത്വരൂപീകരണത്തിൽ പങ്കാളിത്തമുള്ളവരായതുകൊണ്ട് തന്നെ അവരെ നന്മയുൾക്കൊള്ളുന്നവരായി വളർത്തുവാൻ ഇസ്‌ലാം മാതാപിതാക്കളെ അനുശാസിക്കുന്നുണ്ട്. അത് അവരുടെ ഉത്തരവാദിത്തമാണ്. പ്രസ്തുത ബാധ്യത യഥാരൂപത്തിൽ നിർവ്വഹിച്ചില്ലെങ്കിൽ അവർ ചോദ്യം ചെയ്യപ്പെടും. എന്നാൽ മാതാപിതാക്കൾ എങ്ങനെ വളർത്തിയവരാണെങ്കിലും സ്വയം ബോധത്തോടെ ശരിയും തെറ്റും തെരെഞ്ഞെടുക്കുവാൻ വ്യക്തികൾക്ക് കഴിയും. പ്രസ്തുത തെരെഞ്ഞെടുപ്പിനാണ് അവർ ദൈവികമായ മാർഗ്ഗദർശനങ്ങൾ ഉപയോഗപ്പെടുത്തേണ്ടത്. ജനിതകമായി ലഭിച്ച സവിഷേതകളുടെ പേരിലോ മാതാപിതാക്കളുണ്ടാക്കിയ വ്യക്തിത്വത്തിന്റെ പേരിലോ അല്ല ഒരാളുടെ രക്ഷയും ശിക്ഷയുമൊന്നും തീരുമാനിക്കപ്പെടുന്നത്. അയാൾ സ്വയം തെരെഞ്ഞെടുത്ത മാർഗത്തിന്റെ അടിസ്ഥാനത്തിലാണ്. ഭൗതികമായ കോടതികളും ശിക്ഷ വിധിക്കുന്നത് കുറ്റവാളിയുടെ സ്വന്തമായ തെരെഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിലാണല്ലോ.

print