ഥിയോക്രസിയാണോ ഇസ്ലാമിക രാജ്യം?

/ഥിയോക്രസിയാണോ ഇസ്ലാമിക രാജ്യം?
/ഥിയോക്രസിയാണോ ഇസ്ലാമിക രാജ്യം?

ഥിയോക്രസിയാണോ ഇസ്ലാമിക രാജ്യം?

സ്‌ലാമികരാഷ്ട്രം എന്ന് പറയുമ്പോള്‍ ഇസ്‌ലാം ഥിയോക്രസി അംഗീകരിക്കുന്നുവെന്ന് തെറ്റിദ്ധരിക്കുവാനിടയുണ്ട്. ഇസ്‌ലാം എല്ലാ അര്‍ഥത്തിലും ഥിയോക്രസിക്ക് എതിരാണ്. ദൈവത്തിന്റെ പേരില്‍ ഒരു പ്രത്യേക മതപുരോഹിത വര്‍ഗം അധികാരം കൈയാളുന്ന വ്യവസ്ഥിതിയാണ് ഥിയോക്രസി. പുരോഹിതന്മാരില്‍ പരിശുദ്ധാത്മാവിന്റെ സാന്നിധ്യമുണ്ടെന്നതിനാല്‍ അവര്‍ തെറ്റുപറ്റാത്തവരാണെന്ന ധാരണയാണ് ഈ വ്യവസ്ഥിതിയുടെ അടിത്തറ. അതു കൊണ്ടുതന്നെ ദൈവത്തിന്റെ പേരില്‍ പുരോഹിതസമൂഹം പറയുന്ന നിയമങ്ങള്‍ ഒരു ഥിയോക്രാറ്റിക് സ്‌റ്റെയിറ്റില്‍ ചോദ്യം ചെയ്യപ്പെടാതെ അംഗീകരിക്കപ്പെടുന്നു. പുരോഹിതന്‍ ദൈവത്തിന്റെപ്രതിനിധിയാണെന്നും ദൈവത്തിന്റെ ഭൂമിയില്‍ ഭരണംനടത്താനും നിയമനിര്‍മാണത്തിന്നും ദൈവപ്രതിനിധിക്കാണ് അധികാരമെന്നുമാണ് ഥിയോക്രസിയുടെ അടിസ്ഥാന തത്ത്വം.

ഇസ്‌ലാം ഭരണാധികാരിക്കോ പുരോഹിതനോ അപ്രമാദിത്വമുണ്ടെന്നോ അവർ ദൈവത്തിന്റെ പ്രതിനിധികളാണെന്നോ പഠിപ്പിക്കുന്നില്ല. ദൈവികനിയമങ്ങള്‍ക്ക നുസരിച്ച് വിധിനടത്തുവാന്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരാള്‍ മാത്രമാണ് ഖലീഫ. അതുകൊണ്ടാണല്ലോ ഖലീഫാ ഉമര്‍(റ)ഒരു പൊതുപ്രസംഗത്തില്‍ താന്‍ തെറ്റായവഴിക്കു നീങ്ങുകയാണെങ്കില്‍ തന്നെ തിരുത്തണമെന്ന് ജനങ്ങളോട് അഭ്യര്‍ഥിച്ചപ്പോള്‍ വാള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ‘ഇതുകൊണ്ട് ഞങ്ങള്‍ താങ്കളെ തിരുത്തും’ എന്ന് നിസ്സങ്കോചം പറയാന്‍ ഒരു സാധാരണ പൗരന്‍ ധൈര്യം കാണിച്ചത്.

ഒരു ഥിയോക്രാറ്റിക്‌സ്‌റ്റേറ്റില്‍ പൂരോഹിതന്‍ ദൈവപ്രതിനിധിയായിട്ടാണ് പരിഗണിക്കണപ്പെടുന്നതെന്നതിനാല്‍ തന്നെ അയാള്‍ പറയുന്നത് ചോദ്യംചെയ്യാതെ അംഗീകരിക്കപ്പെടുന്നു. ഇസ്‌ലാമിക രാഷ്ട്രത്തിലാവട്ടെ, ദൈവികവിധിവിലക്കുകള്‍ പ്രകാരം ഭരിക്കുവാനായി തെരഞ്ഞെടുക്കപ്പെട്ട ഒരു സാധാരണക്കാരനാണ് ഖലീഫ യെന്നതിനാല്‍ അയാളുടെ പ്രവര്‍ത്തനങ്ങളെയും വിജ്ഞാപനങ്ങളെയും മതത്തിന്റെ മൂലപ്രമാണങ്ങളുപയോഗിച്ച് വിമര്‍ശിക്കുവാന്‍ ഓരോ പൗരനും അവകാശമുണ്ട്. വരന്‍ വധുവിന് നല്‍കേണ്ട വിവാഹമൂല്യം (മഹ്ര്‍) വര്‍ധിച്ചുവരുന്നത് കണ്ട ഖലീഫ അതിന് പരിധി നിശ്ചയിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഒരു പൊതുപ്രസം ഗത്തില്‍ വ്യക്തമാക്കി. സദസ്സില്‍നിന്ന് ഒരു സ്ത്രീ എഴുന്നേറ്റുനിന്ന് പ്രമാണങ്ങളുടെ അടിസ്ഥാനത്തിലുള്ള ന്യായങ്ങളുദ്ധരിച്ച് അതിനെ എതിര്‍ത്തു. ന്യായങ്ങള്‍ ശരിയാണെന്ന് ബോധ്യപ്പെട്ട ഖലീഫാ ഉമര്‍(റ)മഹ്ര്‍ നിയന്ത്രിക്കുവാനുള്ള തന്റെ തീരുമാനം പിന്‍വ ലിച്ചു. ഖലീഫയുടെ തീരുമാനങ്ങളെയും വിജ്ഞാപനങ്ങളെയും ഏതൊരു സാധാരണ പൗരനും വിമര്‍ശിക്കാന്‍ കഴിയുന്ന ഇസ്ലാമിക ഭരണസംവിധാനം ഥിയോക്രസിക്ക് തികച്ചും വിപരീതമാണ്.

ഖലീഫയുടെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് പോലും ചോദ്യംചെയ്യുവാനുള്ള അവകാശം ഇസ്‌ലാമികരാഷ്ട്രത്തിലെ പൗരന്മാര്‍ക്കുണ്ട്. ഒരിക്കല്‍ ഖലീഫാഉമര്‍(റ)ഒരു പൊതുപ്രസംഗം നടത്തിക്കൊണ്ടിരിക്കെ സദസ്സില്‍ നിന്നൊരാള്‍ എഴുന്നേറ്റ് നിന്ന് ‘താങ്കള്‍ അണിഞ്ഞ മേലങ്കിയുടെ തുണി എവിടെ നിന്ന് ലഭിച്ചുവെന്ന് അറിയുന്നതുവരെ താങ്കള്‍ പറയുന്നത് കേള്‍ക്കാന്‍ ഞങ്ങള്‍ തയാറല്ല’ എന്ന് പറഞ്ഞു. ജനങ്ങള്‍ക്ക് പൊതുഖജനാവില്‍ നിന്ന് വസ്ത്രം വിതരണംചെയ്ത സന്ദര്‍ഭമായിരുന്നു അത്. എല്ലാവരെയും പോലെ ഭരണാധികാരിക്കും ലഭിക്കേണ്ടത് തുല്യ ഓഹരിയാണെന്നും പ്രസ്തുത ഓഹരി ഉപയോഗിച്ച് ഉമറിനേ് ഉടുപ്പ് തയ്ക്കുവാനാവില്ലെന്നും മനസ്സിലാക്കിയ ആളായിരുന്നു ചോദ്യകര്‍ത്താവ്. അയാളുടെ വിമര്‍ശനത്തിന്റെ ഉന്നം മനസ്സിലാക്കിയ ഉമര്‍(റ)തന്റെപുത്രനായ അബ്ദുല്ല(റ)യെ വിളിച്ച് ആ ചോദ്യത്തിന് ഉത്തരം നല്‍കാനാവശ്യപ്പെട്ടു. തനിക്ക് ലഭിച്ച ഓഹരികൂടി താന്‍ പിതാവിന് നല്‍കിയെന്നും പ്രസ്തുത രണ്ട് ഓഹരികള്‍ കൂട്ടിച്ചേര്‍ത്താണ് തന്റെ പിതാവ് വസ്ത്രം തയ്ച്ചതെന്നും അബ്ദുല്ലയെവിശദീകരിച്ച ശേഷമാണ് ചോദ്യകര്‍ത്താവ് അടങ്ങിയിരുന്ന് ഖലീഫയുടെ പ്രസംഗം തുടരുവാനനുവദിച്ചത്.

വിയോജിക്കുവാനും വിമര്‍ശിക്കുവാനുമുള്ള സ്വാതന്ത്ര്യം ഇസ്‌ലാമിക രാഷ്ട്രത്തിലെ പൗരന്മാരുടെ മൗലി കാവകാശമാണെന്ന് മനസ്സിലാക്കാന്‍ ഇയൊരു സംഭവം തന്നെ ധാരാളമാണ്. ഇത്തരം സംഭവങ്ങള്‍ ഇസ്‌ലാമിക ചരിത്രത്തിലുടനീളം കാണാം. എന്നാല്‍ ദൈവികനിയമങ്ങളുടെയും നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ ഭരണനിര്‍വഹണം നടത്തുന്ന ഖലീഫയെ അനുസരിക്കാന്‍ രാഷ്ട്രത്തിലെ പൗരന്മാരെല്ലാം ബാധ്യസ്ഥരാണ്. കൈകാര്യകര്‍ത്താക്കള്‍ (ഉലുല്‍അംറ്) എന്ന് ക്വുര്‍ആന്‍ വിശേഷിപ്പിച്ചിരിക്കുന്നത് ഇത്തരം ഭരണകര്‍ത്താക്കളെയാണ്. ക്വുര്‍ആന്‍ പറയുന്നത് കാണുക: ‘സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും (ഉലുല്‍അംറ്) നിങ്ങള്‍ അനുസരിക്കുക’.

അല്ലാഹുവിന്റെയും ദൂതന്റെയും നിയമനിര്‍ദേശങ്ങള്‍ക്ക് വിധേ യമായി പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമെ ഈ അനുസരണം ബാധ്യസ്ഥമാവുന്നുള്ളൂന്നെ് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. ‘വിരൂപനായ ഒരു അടിമയാണ് നിങ്ങളുടെ നേതാവെന്നിരിക്കിലും ദൈവത്തിന്റെ ഗ്രന്ഥമനുസരിച്ച് നിങ്ങളെ നയിക്കുന്നിടത്തോളം അയാളെ നിങ്ങള്‍ അനുസരിക്കണമെന്ന് നിഷ്‌കര്‍ഷിച്ച പ്രവാചകന്‍ തന്നെ ‘നന്മയില്‍ പഠിപ്പിച്ചിട്ടുണ്ട്. ഇവയില്‍ നിന്ന് ഇസ്‌ലാമികരാഷ്ട്രത്തിന്റെ ഖലീഫ ദൈവത്തിന്റെ പ്രതിനിധിയായി അവരോധിതനായി തന്നിഷ്ടം പ്രവര്‍ത്തിക്കേണ്ടവനല്ലെന്നും അങ്ങനെ ചെയ്യുന്നുവെങ്കില്‍ അയാളെ അനുസരിക്കേണ്ട ബാധ്യത വിശ്വാസികള്‍ക്കില്ലെ ന്നും വ്യക്തമായി മനസ്സിലാക്കാന്‍ കഴിയുന്നു.

ഇസ്‌ലാമികരാഷ്ട്രം ഥിയോക്രാറ്റിക് അല്ലെങ്കില്‍ ഡമോക്രാറ്റിക് ആണോയെന്ന ചോദ്യം പ്രസക്തമാണ്. ജനങ്ങള്‍ക്ക് അഭിപ്രായം പറയുവാനും നീതിനേടിയെടുക്കുവാനുമുള്ള സംവിധാനങ്ങള്‍ നിലനില്‍ക്കുന്ന രാജ്യത്തിന്നാണ് ഡെമോക്രാറ്റിക് എന്നു പറയു ന്നതെങ്കില്‍ ഇസ്‌ലാമികരാഷ്ട്രം നൂറുശതമാനവും ഡമോക്രാറ്റിക് ആണെന്ന് പറയാവുന്നതാണ്. എന്നാല്‍ ജനഹിതത്തിന്റെ പേരില്‍ അധാര്‍മികതകളും അനാശാസ്യപ്രവര്‍ത്തനങ്ങളും അനുവദിക്കപ്പെടുകയെന്നാണ് ഡമോക്രസി അര്‍ഥമാക്കുന്നതെങ്കില്‍ അതിന്ന് ഇസ്‌ലാം നൂറുശതമാനം എതിരാണ്. ഇസ്‌ലാമിക മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമെ രാഷ്ട്രത്തില്‍ ജനഹിതം നടപ്പാക്കപ്പെടുകയുള്ളൂവെന്ന് സാരം. ഭൂരിപക്ഷം ജനങ്ങള്‍ വ്യഭിചാരം സാര്‍വത്രികമാക്കണമെന്ന് അഭിപ്രായം പറഞ്ഞാലും ഇസ്‌ലാമികരാഷ്ട്ര ത്തില്‍ വ്യഭിചാരം അനുവദിക്കപ്പെടുകയില്ല. കാരണം, അത് വിശുദ്ധ ക്വുര്‍ആന്‍ പ്രദാനംചെയ്യുന്ന മൂല്യസങ്കല്‍പത്തിന് വിരുദ്ധമാണ്. ഭൂരിപക്ഷത്തിന്റെ പിന്തുണ നേടിയെടുക്കാന്‍ വേണ്ടി അവര്‍ക്കാവശ്യമുള്ളതെല്ലാം ചെയ്തുകൊടുക്കുകയെന്ന ജനായത്തരാഷ്ട്രീയത്തിന്റെ കറുത്ത മുഖം ഇസ്‌ലാമിക രാഷ്ട്രത്തിനുണ്ടാവില്ല. അവിടെ ജനഹിതം പരിശോധിക്കപ്പെടുന്നത് വ്യക്തമായ ധാര്‍മിക നിയമങ്ങളുടെ വെളിച്ചത്തിലായിരിക്കും. അതുകൊണ്ടുതന്നെ ഭൂരിപക്ഷത്തിനു വേണ്ടി എന്തു തോന്നിവാസവും ചെയ്യുവാന്‍ ഇസ്‌ലാമികരാഷ്ട്രത്തിലെ ഭരണാധികാരികള്‍ക്ക് കഴിയില്ല.

ഈ അര്‍ഥത്തില്‍, ഇസ്ലാമിക രാഷ്ട്രം ഥിയോക്രസിക്കും ഡമോക്രസിക്കും മധ്യെയാണെന്നു പറയാം. ഈ രണ്ടു മീമാംസകളിലെയും നല്ല വശങ്ങള്‍ ഇസ്‌ലാമികരാഷ്ട്രം ഉള്‍ക്കൊള്ളുന്നുണ്ടെന്നു സാരം.

print