ചേലാകർമം സൃഷ്ടിപ്പിലെ ന്യൂനതയാണോ?

/ചേലാകർമം സൃഷ്ടിപ്പിലെ ന്യൂനതയാണോ?
/ചേലാകർമം സൃഷ്ടിപ്പിലെ ന്യൂനതയാണോ?

ചേലാകർമം സൃഷ്ടിപ്പിലെ ന്യൂനതയാണോ?

ഏറ്റവും നല്ല രൂപത്തിലാണ് മനുഷ്യനെ സൃഷ്ടിച്ചതെന്ന് ഖുര്‍ആന്‍ സൂചിപ്പിക്കുന്നു. (95:4) പിന്നെയെന്തിനാണ് കുറ്റമറ്റ ശരീരമുള്ള മനുഷ്യരോട്(പുരുഷന്മാരോട്)ചേലാകര്‍മം ചെയ്യാന്‍ കല്‍പിച്ചത്?
ഇതിന് ഉത്തരമായി ഇത് കൊണ്ടുള്ള നേട്ടം നമുക്ക് അണിനിരത്താന്‍ സാധിക്കുമെങ്കിലും അതിന് ഒരു മറുചോദ്യമുണ്ടാകുന്നു. ചേലാകര്‍മംകൊണ്ട് ഇത്രയും ഉപകാരങ്ങള്‍ ഉണ്ടെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് ചേലാകര്‍മം ചെയ്യാത്ത അവസ്ഥയില്‍ ദൈവം മനുഷ്യനെ സൃഷ്ടിച്ചത്? ദൈവം കുറ്റമറ്റവനും അത്യുന്നതനുമാണ് എന്നതിന് ഇത് ഒരു അപവാദമല്ലേ? അതല്ല, മനുഷ്യന്‍ ഏറ്റവും നല്ല ഘടനയിലല്ലേ സൃഷ്ടിക്കപ്പെട്ടത്?

‘ജന്തുജാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ശരീരത്തിന്റെ ബാഹ്യഘടനയില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്താനുള്ള സ്വാതന്ത്ര്യവും കൂടിയുള്ള നിലയിലാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത്. തലമുടി പൂര്‍ണമായി മുണ്ഡനം ചെയ്യുകയോ, നിശ്ചിത വലിപ്പത്തില്‍ വെട്ടിനിര്‍ത്തുകയോ, ഒന്നും ചെയ്യാതെ ജടപിടിച്ച നിലയില്‍ വിടുകയോ, ചീകിയൊതുക്കുകയോ ചെയ്യാന്‍ അവന് സ്വാതന്ത്ര്യമുണ്ട്. ഒരു പരിധിയില്‍ കവിയാത്തവിധം വെട്ടി ചീകിയൊതുക്കി വെക്കുന്നതാണ് ഇസ്‌ലാം പ്രോത്‌സാഹിപ്പിക്കുന്ന രീതി. മുണ്ഡനം ഒരു ഫാഷനായി സ്വീകരിച്ചവരും ചിലകാലങ്ങളില്‍ ചില നാടുകളില്‍ ഉണ്ടാകാറുണ്ട്. തലയില്‍ ഒട്ടും മുടിവേണ്ടെന്നോ, നിശ്ചിത നീളത്തില്‍മാത്രം വള രുന്ന നിലയില്‍ (ശരീരത്തിന്റെ മറ്റ് പല ഭാഗങ്ങളിലും അങ്ങനെയാണല്ലോ) മതിയെന്നോ ദൈവം തീരുമാനിച്ചിരുന്നെങ്കില്‍ പല അഭിരുചിക്കാര്‍ക്കും അത് അസൗകര്യമായി ഭവിക്കും. നഖത്തിന്റെ കാര്യവും ഏറെ വ്യത്യസ്തമല്ല. നഖം ഒട്ടും മുറിക്കാതെ പലവിധത്തി ല്‍ നീട്ടിവളര്‍ത്തുന്നവര്‍ക്കും വിവിധ ആകൃതികളില്‍ വെട്ടി അല ങ്കരിച്ച് നടക്കുന്നവര്‍ക്കും വിരല്‍ത്തുമ്പിനൊപ്പം മുറിച്ച് ഒഴിവാക്കുന്നവര്‍ക്കും ഒരുപോലെ സൗകര്യപ്രദമായ നിലയിലാണ് ദൈവം സംവിധാനിച്ചിരിക്കുന്നത്.

വ്യത്യസ്ത സാദ്ധ്യതകളോടെ മുടിയും നഖവും സൃഷ്ടിച്ചത് ദൈവത്തിന്റെ കഴിവിന്റെ തെളിവാണെങ്കില്‍, മുറിച്ചു നീക്കുകയോ നിലനിര്‍ത്തുകയോ ചെയ്യാനുള്ള സാധ്യതയോടെ അഗ്രചര്‍മം സൃ ഷ്ടിച്ചത് എങ്ങനെയാണ് കഴിവുകേടോ അപൂര്‍ണതയോ ആകുന്നത്? പുരുഷ ശരീരത്തിലെ ഏറ്റവും മൃദുലവും ‘സെന്‍സിറ്റീവും’ ആയ ഭാഗമാണ് ലൈംഗികാവയവത്തിന്റെ അഗ്രഭാഗം. വസ്ത്രം ധരിക്കാത്ത അവസ്ഥയില്‍ പരിക്കേല്‍ക്കാന്‍ കൂടുതല്‍ സാധ്യതയുള്ള ആ ഭാഗത്തിന് ഒരു പ്രത്യേക ചര്‍മാവരണം സൃഷ്ടികര്‍ത്താവ് നല്‍കിയത് അവന്റെ കരുതലും കാരുണ്യവും മൂലമാണ്. എന്നാല്‍ വസ്ത്രം ധരിക്കുകയും ശ്രദ്ധയോടെ ജീവിക്കുകയും ചെയ്യുന്നയാളുടെ അവയവത്തിന് അഗ്രചര്‍മം മുഖേനയുള്ള സംരക്ഷണം ആവശ്യമായിവരുന്നില്ല. പ്രായപൂര്‍ത്തിയാകുന്നതോടെ ആ ചര്‍മത്തിന്റെ ഉള്‍ഭാഗം എപ്പോഴും മാലിന്യമുക്തമായി സൂക്ഷിക്കുക പ്രയാസമായിരിക്കും. പലതരം ശരീരദ്രാവകങ്ങളുടെ അംശങ്ങള്‍ ചെറിയ അളവിലെങ്കിലും ആഭാഗത്ത് അവശേഷിക്കുന്നത് അവയവത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നത് ഇന്ന് ആരോഗ്യശാസ്ത്രജ്ഞന്മാര്‍ക്കിടയില്‍ തര്‍ക്കമില്ലാത്ത വിഷയമാകുന്നു. ദൈവിക മതം ചേലാകര്‍മം അനുശാസിച്ചതിന്റെ പ്രസക്തി നമുക്ക് ഇവിടെ വ്യക്തമാകുന്നു.

ശരീരഘടനയില്‍ വിവിധ സാധ്യതകള്‍ ഉള്‍പ്പെടുത്തുകയും ചിന്തിക്കുന്ന മനുഷ്യര്‍ക്ക് അവയുമായി ബന്ധപ്പെട്ട ഏറ്റവും ഉത്തമമായ സമീപനം കൈക്കൊള്ളാന്‍ മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്ത ദൈവം എല്ലാം അറിയുകയും എല്ലാം പരിഗണിക്കുകയും ചെയ്യുന്നുവെന്നത്രെ ഇതില്‍നിന്നൊക്കെ ഗ്രഹിക്കാവുന്നത്. ശരീരത്തിലെവിടെയും ബാഹ്യചര്‍മത്തിന് മീതെ മറ്റൊരു ചര്‍മമില്ലാതിരിക്കെ പ്രത്യുല്‍പാദന അവയവത്തിന്റെ അഗ്രഭാഗത്ത് മാത്രം ഒരു ചര്‍മ്മാവരണം നല്‍കപ്പെട്ടത് ഘടനാപരമായ ന്യൂനതയ്ക്കല്ല സൂക്ഷ്മതക്കാണ് തെളിവാകുന്നത്.

print