ചന്ദ്രൻ ഈന്തപ്പനത്തണ്ട് പോലെയാകുന്നുണ്ടെന്ന് ഖുർആനിലുണ്ടോ ?

/ചന്ദ്രൻ ഈന്തപ്പനത്തണ്ട് പോലെയാകുന്നുണ്ടെന്ന് ഖുർആനിലുണ്ടോ ?
/ചന്ദ്രൻ ഈന്തപ്പനത്തണ്ട് പോലെയാകുന്നുണ്ടെന്ന് ഖുർആനിലുണ്ടോ ?

ചന്ദ്രൻ ഈന്തപ്പനത്തണ്ട് പോലെയാകുന്നുണ്ടെന്ന് ഖുർആനിലുണ്ടോ ?

സൂര്യനെക്കുറിച്ചും ചന്ദ്രനെക്കുറിച്ചുമൊന്നും അറബികൾക്കുണ്ടായിരുന്നതിൽ കൂടുതലായ വിവരമൊന്നും ഖുർആൻ രചയിതാവിനുണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കുന്ന നിരവധി വചനങ്ങൾ ഖുർആനിലുണ്ട്. അവയിലൊന്നാണ് 36 ആം അധ്യായത്തിലെ 39 ആം വചനം. ചന്ദ്രന്‍ ഈന്തപ്പനക്കുലയുടെ വളഞ്ഞ തണ്ടു പോലെയായിത്തീരുന്നുവെന്നാണ് ഈ വചനത്തിൽ പറഞ്ഞിരിക്കുന്നത്. യഥാർത്ഥത്തിൽ ചന്ദ്രൻ അങ്ങനെ ആയിത്തീരുന്നില്ലെന്നും സൂര്യപ്രകാശം ചന്ദ്രോപരിതലത്തിൽ പതിക്കുന്നത് ഒരു പ്രത്യേക രീതിയിലായതിനാൽ ഭൂമിയിലുള്ളവർക്ക് അങ്ങനെ തോന്നുക മാത്രമാണ് ചെയ്യുന്നതെന്നുമുള്ള വസ്തുത ഇന്ന് നമുക്കറിയാം. ദൈവീകമായിരുന്നു ഖുർആനെങ്കിൽ ഇത്തരം അബദ്ധ പരാമർശങ്ങൾ ഉണ്ടാകുമായിരുന്നുവോ?

– സുമേഷ് ചന്ദ്രൻ, കരുനാഗപ്പള്ളി

ന്ദ്രന്‍ ഈന്തപ്പനക്കുലയുടെ വളഞ്ഞ തണ്ടു പോലെയായിത്തീരുന്നുവെന്ന ഖുര്‍ആന്‍ സൂറത്ത് യാസീനിലെ മുപ്പത്തിയൊമ്പതാം വചനത്തിലെ പരാമര്‍ശം അശാസ്ത്രീയമാണെന്നാണ് വിമര്‍ശനം.

വിമര്‍ശിക്കപ്പെട്ട ഖുര്‍ആന്‍ വചനം ശ്രദ്ധിക്കുക. ”ചന്ദ്രന് നാം ചില ഘട്ടങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അങ്ങനെ അത് പഴയ ഈന്തപ്പനക്കുലയുടെ വളഞ്ഞ തണ്ടു പോലെ ആയിത്തീരുന്നു.” (36:39)

യഥാര്‍ഥത്തില്‍ ചന്ദ്രന്‍ ഈന്തപ്പനക്കുലയുടെ വളഞ്ഞ തണ്ടു പോലെയായിത്തീരുന്നി ല്ലെന്നും അങ്ങനെ ഭൂമിയിലുള്ള മനുഷ്യര്‍ക്ക് തോന്നുകയാണ് ചെയ്യുന്നതെന്നും അതുകൊണ്ടുതന്നെ ഈ ഖുര്‍ആന്‍ വചനം അശാസ്ത്രീയമാണ് എന്നുമാണ് വാദം. ഈ ഖുര്‍ആന്‍ വചനത്തെ സൂക്ഷ്മമായി അപഗ്രഥിച്ചാല്‍ ഈ വിമര്‍ശനം അടിസ്ഥാനരഹിതമാണെന്ന് ബോധ്യപ്പെടുമെന്നുള്ളതാണ് വസ്തുത.

മനുഷ്യര്‍ക്ക് അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളെയും പ്രകൃതിയിലുള്ള ദൃഷ്ടാന്തങ്ങളെയും കുറിച്ച് വിവരിക്കുന്നതിനിടയിലാണ് സൂറത്തു യാസീനില്‍ ചന്ദ്രന് അല്ലാഹു കണക്കാക്കിയ ഘട്ടങ്ങളെ ക്കുറിച്ച് പരാമര്‍ശിക്കുന്നത്. ‘ചന്ദ്രന്‍’ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത് ‘ഖമര്‍’ എന്ന അറബി പദത്തെയാണ്. ചന്ദ്രൻ പ്രകാശമാണെന്നാണ് ഖുര്‍ആനിലുടനീളം പറഞ്ഞിട്ടുള്ളത്. നൂര്‍, മുനീര്‍ എന്നിങ്ങനെ ചന്ദ്രനെ വിശേഷിപ്പിക്കുവാന്‍ ഖുര്‍ആന്‍ ഉപയോഗിച്ച പദങ്ങളെല്ലാം പ്രതിഫലിപ്പിക്കപ്പെടുന്ന പ്രകാശത്തെ ദ്യോതിപ്പിക്കുന്നവയാണ്. ഖമര്‍ (ചന്ദ്രന്‍) എന്നതുകൊണ്ടുള്ള വിവക്ഷ ആകാശത്തു നിലനില്‍ക്കുന്ന ഖരഗോളമെന്നതിലുപരിയായി ഭൂമിയിൽ നിന്ന് കാണുന്നതെന്താണോ അതാണെന്ന് ഇത് വ്യക്തമാക്കുന്നു.

ഖമറിന്റെ രൂപ വ്യത്യാസങ്ങള്‍ക്കനുസരിച്ച് ഹിലാല്‍ (ചന്ദ്രക്കല), ബദ്‌ർ (പൂര്‍ണ ചന്ദ്രന്‍) എന്നിങ്ങനെയുള്ള പ്രയോഗങ്ങളും അറബിയിലുണ്ട്. ചന്ദ്രന് ഘട്ടങ്ങളെ നിര്‍ണയിച്ചതായും അത് ഈന്തപ്പന ക്കുലയുടെ വളഞ്ഞ തണ്ടുപോലെ ആയിത്തീരുന്നതുമായുള്ള ഖുര്‍ആന്‍ പരാമര്‍ശങ്ങള്‍ ഭൂമിക്ക് ആപേക്ഷികമായി നടക്കുന്ന ചന്ദ്രപ്രതിഭാസങ്ങളെ കുറിക്കുന്നവയാണ്. ഖമര്‍ തന്നെയാണ് ബദ്‌ർ; ഖമര്‍ തന്നെയാണ് ഹിലാല്‍. ”ഖമര്‍ ഹിലാലായിത്തീരുന്നു”വെന്ന പരാമര്‍ശം ഒരു സാധാരണ അറബി പ്രയോഗമാണ്. ഹിലാലിന്റെ ഉപമാലങ്കാരമാണ് ”ചന്ദ്രന്‍ പഴയ ഈന്തപ്പനയുടെ വളഞ്ഞ തണ്ടുപോലെ” ആയിത്തീരുകയെന്നത്. ”ഖമറിന്റെ ആദ്യഘട്ടമാണ് ഹിലാല്‍” എന്ന പരാമര്‍ശം അശാസ്ത്രീയമല്ലാത്തതു പോലെത്തന്നെ ഈ ഉപമാലങ്കാരത്തിലും യാതൊരുവിധ അശാസ്ത്രീയതകളുമില്ല. ചന്ദ്രനിലെ ഖരപദാർത്ഥം വളഞ്ഞ ഈത്തപ്പനത്തണ്ട് പോലെയാകുന്നുവെന്നോ ഓരോ ചാന്ദ്രഘട്ടത്തിലും ചന്ദ്രൻ എന്ന ഖരവസ്തുവിനാണ് മാറ്റമുണ്ടാവുന്നതെന്നോ ഈ വചനത്തിൽ നിന്ന് സ്വഹാബിമാർ മുതൽ ഇന്ന് വരെയുള്ള വിശ്വാസികളൊന്നും മനസ്സിലാക്കിയിട്ടില്ല.

print