ഖുർആൻ പൂർണമായി ലഭിച്ചുവെന്ന് ആരും പറയരുത് !!

/ഖുർആൻ പൂർണമായി ലഭിച്ചുവെന്ന് ആരും പറയരുത് !!
/ഖുർആൻ പൂർണമായി ലഭിച്ചുവെന്ന് ആരും പറയരുത് !!

ഖുർആൻ പൂർണമായി ലഭിച്ചുവെന്ന് ആരും പറയരുത് !!

“ഖുർആൻ തനിക്ക് പൂർണമായും ലഭിച്ചുവെന്ന് ആരും പറയരുത്; ഖുർആനിൽ നിന്ന് കുറെയധികം നഷ്ടപ്പെട്ടിട്ടുണ്ട്” എന്ന ഇബ്നു ഉമറിന്റെ പരാമർശം അവതരിക്കപ്പെട്ട രൂപത്തിൽ തന്നെ ഖുർആൻ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന വാദം ശരിയല്ലന്നല്ലേ വ്യക്തമാക്കുന്നത് ?

ഇമാം സുയൂഥ്വിയുടെ ‘അൽ ഇത്ഖാൻ ഫീ ഉലൂമിൽ ഖുർആൻ’ എന്ന ഗ്രന്ഥത്തിൽ ഉദ്ധരിച്ചിരിക്കുന്ന ഇബ്നു ഉമറിൽ(റ) നിന്നുള്ള ഒരു നിവേദനമാണ് വിമർശനത്തിന് ആധാരം. നിവേദനം ഇങ്ങനെയാണ്: “നിങ്ങളാരും തന്നെ മുഴുവൻ ഖുർആനും എനിക്ക് ലഭിച്ചുവെന്ന് പറയരുത്. അത് മുഴുവനായും അവൻ അറിയുന്നതെങ്ങനെ? ഖുർആനിൽ നിന്ന് കുറെയേറെ നഷ്ടപ്പെട്ടിട്ടുണ്ട്. അതിൽ അവശേഷിച്ചത് എനിക്ക് ലഭിച്ചിരിക്കുന്നു എന്നാണ് അവൻ പറയേണ്ടത് “(അൽ ഇത്ഖൻ 2/ 25; ഇമാം അബൂ ഉബൈദ്: ഫദാഇലുൽ ക്വുര്‍ആന്‍, പേജ് 320).

താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:

ഒന്ന്) ഖുർആൻ സമ്പൂർണമായി സംരക്ഷിക്കുമെന്നത് അല്ലാഹുവിന്റെ വാഗ്ദാനമാണ്. “തീര്‍ച്ചയായും നാമാണ്‌ ആ ഉല്‍ബോധനം അവതരിപ്പിച്ചത്‌. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്‌.” (ഖുർആൻ 15: 9)

മുഹമ്മദ് നബി(സ)ക്കുപോലും ഖുർആനിൽ എന്തെങ്കിലും കൂട്ടുവാനോ എടുത്തുമാറ്റുവാനോ ഉള്ള അവകാശം അല്ലാഹു നൽകിയിട്ടില്ല. “(നബിയേ) പറയുക: എന്‍റെ സ്വന്തം വകയായി അത്‌ ഭേദഗതി ചെയ്യുവാന്‍ എനിക്ക്‌ പാടുള്ളതല്ല. എനിക്ക്‌ ബോധനം നല്‍കപ്പെടുന്നതിനെ പിന്‍പറ്റുക മാത്രമാണ്‌ ഞാന്‍ ചെയ്യുന്നത്‌. തീര്‍ച്ചയായും എന്‍റെ രക്ഷിതാവിനെ ഞാന്‍ ധിക്കരിക്കുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ ഞാന്‍ പേടിക്കുന്നു.” (10:15)

“ഇത്‌ ലോകരക്ഷിതാവിങ്കല്‍ നിന്ന്‌ അവതരിപ്പിക്കപ്പെട്ടതാകുന്നു. നമ്മുടെ പേരില്‍ അദ്ദേഹം (പ്രവാചകന്‍) വല്ല വാക്കും കെട്ടിച്ചമച്ചു പറഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തെ നാം വലതുകൈ കൊണ്ട്‌ പിടികൂടുകയും എന്നിട്ട്‌ അദ്ദേഹത്തിന്‍റെ ജീവനാഡി നാം മുറിച്ചുകളയുകയും ചെയ്യുമായിരുന്നു.” (69: 43- 46)

രണ്ട്) ഖുർആനിൽ ആദ്യം അവതരിപ്പിക്കപ്പെട്ട ചില വചനങ്ങൾ പിന്നീട് ദുർബലപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ഖുർആൻ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.

“വല്ല ആയത്തും നാം ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ പകരം അതിനേക്കാള്‍ ഉത്തമമായതോ അതിനു തുല്യമായതോ നാം കൊണ്ടുവരുന്നതാണ്. നിനക്കറിഞ്ഞുകൂടേ, അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണെന്ന്” (2:106).

‘ഒരു വേദവാക്യത്തിന്റെ സ്ഥാനത്ത് മറ്റൊരു വേദവാക്യം നാം പകരം വെച്ചാല്‍-അല്ലാഹുവാകട്ടെ താന്‍ അവതരിപ്പിക്കുന്നതിനെപ്പറ്റി നല്ലവണ്ണം അറിയുന്നവനാണു താനും-അവര്‍ പറയും: നീ കെട്ടിച്ചമച്ചു പറയുന്നവന്‍ മാത്രമാകുന്നു എന്ന്. അല്ല, അവരില്‍ അധികപേരും കാര്യം മനസ്സിലാക്കുന്നില്ല’ (16:101).

മൂന്നു രൂപത്തിലാണ് ഖുർആനിൽ ദുർബലപ്പെടുത്തൽ അഥവാ നസ്ഖ് ഉണ്ടായിട്ടുള്ളത്. പാരായണം നിലനിർത്തിക്കൊണ്ട് നിയമങ്ങൾ ദുർബലപ്പെടുത്തുക, പാരായണം ഇല്ലാതെയായി നിയമങ്ങൾ അവശേഷിക്കുക, പാരായണവും അതിലെ നിയമങ്ങളും ദുർബലപ്പെടുത്തുക എന്നിവയാണവ. അല്ലാഹുവിൽ നിന്നുള്ള ബോധനങ്ങളുടെ അടിസ്ഥാനത്തിൽ മുഹമ്മദ് നബി (സ) തന്നെ നിർദേശിച്ചത് അനുസരിച്ച് നടന്നവയാണ് ഈ ദുർബലപ്പെടുത്തലുകളെല്ലാം. പാരായണവും അതിലെ നിയമങ്ങളും ദുർബലപ്പെടുത്തപ്പെട്ട ചില ആയത്തുകളെക്കുറിച്ചുള്ളതാണ് ഇബ്നു ഉമറിന്റെ(റ) മുകളിൽ ഉദ്ധരിച്ച പരാമർശം. അല്ലാഹു അവതരിപ്പിച്ചവയിൽ അവ കൂടി ഉണ്ടായിരുന്നുവെന്നും എന്നാൽ അവ പിൽക്കാലത്ത് ദുർബലപ്പെടുത്തപ്പെട്ടതിനാൽ വിസ്മരിക്കപ്പെടുകയാണുണ്ടായതെന്നുമാണ് ഇബ്നു ഉമർ (റ) വ്യക്തമാക്കുന്നത്. അത് കൊണ്ട് തന്നെ അവതരിക്കപ്പെട്ട മുഴുവൻ ഖുർആനും തനിക്ക് അറിയാം എന്ന് പറയാൻ ആർക്കും അവകാശമില്ലെന്ന വസ്തുത പഠിപ്പിക്കുകയാണ് ഇവിടെ അദ്ദേഹം ചെയ്യുന്നത്.

മൂന്ന്) ഇമാം സുയൂഥ്വി തന്റെ രണ്ട് ഗ്രന്ഥങ്ങളിൽ ഇബ്നു ഉമറിൽ നിന്നുള്ള ഈ അഥർ ഉദ്ധരിക്കുന്നുണ്ട്. ഒന്ന് നേരത്തെ സൂചിപ്പിച്ച അൽ ഇത്ഖാനിലാണ്. രണ്ടാമത്തേത് “മുഅതരിഖ് അൽ അർഖാൻ ഫീ അഅജാസിൽ ഖുർആൻ”(വാല്യം 1, പുറം 95) എന്ന ഗ്രന്ഥത്തിലാണ്. രണ്ടിലും ഖുർആനിലെ ആയത്തുകളെ ദുർബലപ്പെടുത്തുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്നിടത്താണ് ഇത് ഉദ്ധരിച്ചിരിക്കുന്നത്. അൽ ഇത്ഖാനിൽ “ദുർബലപ്പെടുത്തലിനെയും ദുർബലപ്പെടുത്തിയവയെയും കുറിച്ച്” എന്ന തലക്കെട്ടിലുള്ള നാല്പത്തിയേഴാമത്തെ ഭാഗത്ത് ഈ അഥർ ഉദ്ധരിച്ചിരിക്കുന്നത് കാണാനാവും. ഹിജ്‌റ 228ൽ മരണപ്പെട്ട അബു ഉബൈദിന്റെ ‘ഫദാ’ഇലിൽ ഖുർആൻ’ എന്ന ഗ്രന്ഥത്തിൽ നിന്നാണ് ഇമാം സുയൂഥ്വി ഈ അഥർ ഉദ്ധരിച്ചിരിക്കുന്നത് (വാല്യം 1, പുറം 320). “വെളിപ്പെട്ടതിനു ശേഷം ഖുർആനിൽ നിന്ന് ദുർബലപ്പെടുത്തിയതും മുസ്ഹഫിൽ ഉൾപ്പെടുത്താത്തതുമായ കാര്യങ്ങളെപ്പറ്റി”എന്ന അധ്യായത്തിലെ ഒന്നാമത്തെ നിവേദനമായാണ് അബു ഉബൈദ് ഇത് ഉദ്ധരിച്ചിരിക്കുന്നത്. ഇത് ഉദ്ധരിച്ച പണ്ഡിതന്മാരെല്ലാം ഖുർആനിലെ ദുർബലപ്പെടുത്തപ്പെട്ട വചനങ്ങളെക്കുറിച്ചാണ് ഇബ്നു ഉമർ ഇങ്ങനെ പറഞ്ഞതെന്നാണ് മനസ്സിലാക്കിയിരുന്നത് എന്ന സത്യമാണ് ഇവ വ്യക്തമാക്കുന്നത്. ഇതേ അഥറിന്റെ തന്നെ ഇബ്നു ഹജറിന്റെ നിവേദനം കാര്യങ്ങൾ കൂടുതൽ വ്യക്തമാക്കുന്നതാണ്. അത് ഇങ്ങനെയാണ്: “ഇബ്നു ഉമറിൽ നിന്നുള്ള ഇബ്നു ദ്ദുറൈസിന്റെ ഒരു നിവേദനത്തിൽ ‘ഞാൻ ഖുർആൻ മുഴുവനായി പാരായണം ചെയ്‍തു’വെന്ന് പറയുന്നതിനെ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല എന്ന് കാണാൻ കഴിയും. അദ്ദേഹം പറയുമായിരുന്നു: നാം പാരായണം ചെയ്തിരുന്ന ചിലവ ഉയർത്തപ്പെട്ടിരിക്കുന്നുവല്ലോ.” (ഫത്ഹുൽ ബാരി വാല്യം 9, പുറം 65)

ഇബ്നു അബ്ബാസ് (റ) നിവേദനം ചെയ്ത ഉബയ്യു ബ്നു കഅ്ബിന്റെ ഇതേ വിഷയത്തിലുള്ള മറ്റൊരു അഥർ കാര്യങ്ങൾ കൂടുതൽ വ്യക്തമാക്കാനുതകുന്നതാണ്: ഉബയ്യിനോട് ഒരാൾ ഇങ്ങനെ പറഞ്ഞു: ‘ഓ അബ്ദുൽ മുൻസർ, ഖുർആൻ മുഴുവനായും ഞാൻ പഠിച്ചെടുത്തിരിക്കുന്നു’. ഉബയ്യ് മറുപടി പറഞ്ഞു: ‘അത് മുഴുവനായും താങ്കൾക്കറിയില്ല. ഖുർആനിൽ നിന്ന് പലതും ദുർബലപ്പെടുത്തിയിട്ടുണ്ട്; അതിന് ശേഷം അവ വിസ്മരിക്കപ്പെട്ടതാണ്.” (അൽ ബാഖിലാനി: അൽ ഇൻതിസാർ ലിൽ ഖുർആൻ, പുറം 406)

ഇബ്നു ഉമറും ഉബയ്യു ബ്നു കഅ്ബുമെല്ലാം പറഞ്ഞത് ഒരേ കാര്യം തന്നെയാണ്: ഖുർആനായി അവതരിക്കപ്പെട്ടത് മുഴുവൻ തനിക്ക് ലഭിച്ചിട്ടുണ്ടെന്നോ താൻ മനഃപാഠമാക്കിയിട്ടുണ്ടെന്നോ പറയാൻ ആർക്കും അവകാശമില്ല; അവതരിക്കപ്പെട്ട ചില വചനങ്ങൾ പ്രവാചകന്റെ(സ) കാലത്ത് തന്നെ ദുർബലപ്പെടുത്തപ്പെട്ടിട്ടുണ്ട്. അത് കൊണ്ട് തന്നെ മനഃപാഠമാക്കിയവരൊന്നും അവ മനഃപാഠമാക്കുകയോ എഴുത്തുകാരൊന്നും അവ എഴുതിവെക്കുകയോ ചെയ്തിട്ടില്ല. പിൽക്കാലത്തുള്ള ആർക്കും തന്നെ പ്രസ്തുത വചനങ്ങളെപ്പറ്റി അറിയുകയില്ല. അത് കൊണ്ടാണ് ഖുർആൻ മുഴുവനായി തനിക്ക് ലഭിച്ചിരിക്കുന്നുവെന്ന് പറയുന്നതിനെ പ്രമുഖരായ സ്വഹാബിമാർ നിരുത്സാഹപ്പെടുത്തിയത്. മുഹമ്മദ് നബി (സ) പൂർത്തിയാക്കിത്തന്ന ഖുർആനിൽ നിന്ന് അദ്ദേഹത്തിന് ശേഷം വല്ലതും നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് ഒരു സ്വഹാബിയും മനസ്സിലാക്കിയിട്ടില്ല. അങ്ങനെ മനസ്സിലാക്കിയെന്ന് വ്യക്തമാക്കുന്ന യാതൊരു പ്രമാണവുമില്ല.

നാല്) ഉബയ്യു ബ്നു കഅ്ബിൽ നിന്ന് നേരത്തെ പറഞ്ഞത് നിവേദനം ചെയ്ത ഇബ്നു അബ്ബാസിൽ(റ) നിന്ന് ബുഖാരി ഉദ്ധരിച്ചിരിക്കുന്ന അഥർ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതയുണ്ടാക്കുന്നതാണ്. അതിങ്ങനെയാണ്: “അബ്ദുൽ അസീസ് ബ്നു രുഫാഇയിൽ നിന്ന് നിവേദനം: ശദ്ദാദ് ബിൻ മഅഖിലും ഞാനും കൂടി ഇബ്നു അബ്ബാസിന്റെ അടുത്ത് പോയി. ശദ്ദാദ് ബിൻ മഅഖിൽ അദ്ദേഹത്തോട് ചോദിച്ചു: (ഖുർആനിനോടൊപ്പം) മറ്റു വല്ലതും പ്രവാചകൻ (സ) അവശേഷിപ്പിച്ചിട്ടുണ്ടോ? അദ്ദേഹം പറഞ്ഞു: (ഖുർആനിന്റെ) രണ്ട് ചട്ടകൾക്കുള്ളിൽ ഉള്ളതല്ലാത്ത മറ്റൊന്നും തന്നെ പ്രവാചകൻ (സ) അവശേഷിപ്പിച്ചിട്ടില്ല. പിന്നീട് ഞങ്ങൾ മുഹമ്മദ് ബിൻ അൽഹനഫിയ്യയുടെ അടുക്കലും പോയി ഇതേ ചോദ്യം ആവർത്തിച്ചു. അദ്ദേഹം പറഞ്ഞു: (ഖുർആനിന്റെ) രണ്ട് ചട്ടകൾക്കുള്ളിൽ ഉള്ളതല്ലാത്ത മറ്റൊന്നും തന്നെ പ്രവാചകൻ (സ) അവശേഷിപ്പിച്ചിട്ടില്ല.” (സ്വഹീഹുൽ ബുഖാരി, കിത്താബു ഫദാഇലിൽ ഖുർആൻ, ബാബു മൻ ഖാല ലം യത്റുഖി നബിയ്യു(സ) ഇല്ലാ മാ ബൈന ദ്ദഫതൈനി)

ഖുർആനിലുണ്ടാകണമെന്ന രൂപത്തിൽ പ്രവാചകൻ (സ) പഠിപ്പിച്ചതൊന്നും തന്നെ പിൽക്കാലത്ത് നഷ്ടപ്പെട്ടിട്ടില്ലെന്ന സത്യം ഇബ്നു അബ്ബാസിന്റെയും മുഹമ്മദ് ബിൻ അൽഹനഫിയ്യയുടെയും ഈ സാക്ഷ്യത്തിൽ നിന്ന് സുതരാം വ്യക്തമാവുന്നുണ്ട്. നഷ്ടപ്പെട്ടതായി ഇബ്നു ഉമറും ഉബയ്യു ബ്നു കഅ്ബുമെല്ലാം പറഞ്ഞത് പ്രവാചകന്റെ(സ) കാലത്ത് അദ്ദേഹം തന്നെ ദൈവികബോധനത്തിന്റെ അടിസ്ഥാനത്തിൽ ദുർബലപ്പെടുത്തിയവയാണ്. ഉബയ്യു ബ്നു കഅ്ബിൽ നിന്ന് ഖുർആനിൽ നിന്ന് കുറെ ഭാഗങ്ങൾ വിസ്മരിക്കപ്പെട്ടിട്ടുണ്ടെന്ന കാര്യം നിവേദനം ചെയ്ത ഇബ്നു അബ്ബാസു(റ) തന്നെയാണ് അബൂബക്കറിന്റെ(റ) കാലത്ത് ക്രോഡീകരിച്ച മുസ്ഹഫിന്റെ രണ്ട് ചട്ടകൾക്കുളിലുള്ള വചനങ്ങൾ മാത്രമാണ് പ്രവാചകൻ (സ) ഖുർആനായി അവശേഷിപ്പിച്ചത് എന്ന് പറയുന്നതെന്നു കാര്യം ശ്രദ്ധേയമാണ്. ഉബയ്യു ബ്നു കഅ്ബ് ഉദ്ദേശിച്ചത് നസ്ഖ് ചെയ്യപ്പെട്ട ഖുർആൻ വചങ്ങളെക്കുറിച്ചാണെന്നാണ് ഇബ്നു അബ്ബാസ് മനസ്സിലാക്കിയതെന്ന് ഇതിൽ നിന്ന് കൃത്യമായി മനസ്സിലാവുന്നുണ്ട്. ഇക്കാര്യം ബുഖാരിയുടെ വ്യാഖ്യാതാവായ ഇബ്നു ഹജർ പറയുന്നുണ്ട്. “ഖുർആൻ അറിയാമായിരുന്നവരുടെ മരണം വഴി കുറെയേറെ ഖുർആൻ വചനങ്ങൾ നഷ്ടപ്പെട്ടുവെന്ന ഊഹത്തെ തിരസ്കരിക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ അദ്ധ്യായം” (ഫത്ഹുൽ ബാരി, വാല്യം9, പുറം 65) എന്നാണ് ബുഖാരിയുടെ ഇക്കാര്യം നിവേദനം ചെയ്യുന്ന ഉപാധ്യായത്തെപ്പറ്റി അദ്ദേഹം പറയുന്നത്. ഇബ്നു ഉമറിന്റെയും ഉബയ്യു ബ്നു കഅബിന്റെയുമെല്ലാം അഭിപ്രായപ്രകടനങ്ങൾ ഖുർആനിലെ നസ്ഖ് ചെയ്യപ്പെട്ട വചങ്ങളെക്കുറിച്ചാണെന്നാണ് അവരെല്ലാം മനസ്സിലാക്കിയത് എന്ന് സാരം.

print