ഭ്രൂണശാസ്ത്രം; ക്വുർആനിന്റെയും ഹദീഥുകളുടെയും കൃത്യത ദുർവ്യാഖ്യാനമോ ?

/ഭ്രൂണശാസ്ത്രം; ക്വുർആനിന്റെയും ഹദീഥുകളുടെയും കൃത്യത ദുർവ്യാഖ്യാനമോ ?
/ഭ്രൂണശാസ്ത്രം; ക്വുർആനിന്റെയും ഹദീഥുകളുടെയും കൃത്യത ദുർവ്യാഖ്യാനമോ ?

ഭ്രൂണശാസ്ത്രം; ക്വുർആനിന്റെയും ഹദീഥുകളുടെയും കൃത്യത ദുർവ്യാഖ്യാനമോ ?

തൊരു വൈജ്ഞാനിക മേഖലയിലേക്കും ക്വുര്‍ആനും ഹദീഥുകളും നല്‍കുന്ന വെളിച്ചത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ നാം പ്രാഥമികമായി മനസ്സിരുത്തേണ്ട വസ്തുത, ശാസ്ത്രത്തെക്കുറിച്ചോ ഭൗതിക വിജ്ഞാനീയങ്ങളെകുറിച്ചോ അറിവു നല്‍കുന്നതിനുവേണ്ടി അവതരിപ്പിക്കപ്പെട്ട വെളിപാടുകളല്ല ഇവയെന്നുള്ളതാണ്. മനുഷ്യരുടെ ജീവിതവിജയത്തിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും മരണാനന്തര ജീവിതത്തിലെ ശാശ്വത ശാന്തിയിലേക്ക് അവരെ നയിക്കുകയുമാണ് വെളിപാടുകള്‍ നിര്‍വഹിക്കുന്ന ധര്‍മം. പ്രസ്തുത ധര്‍മ നിര്‍വഹണത്തിനിടയില്‍, ചുറ്റുപാടുകളെയും തന്നെ തന്നെയും നിരീക്ഷിച്ചുകൊണ്ട് സര്‍വ്വലോക സ്രഷ്ടാവിന്റെ അനുഗ്രഹങ്ങളെയും മാര്‍ഗദര്‍ശനത്തിന്റെ അനിവാര്യതയെയും കുറിച്ച് സ്വയം ബോധ്യപ്പെടുത്തുവാന്‍ മനുഷ്യരോട് ആഹ്വാനം ചെയ്യുന്നതിനിടയിലാണ് ഭൗതിക വിജ്ഞാനീയങ്ങളിലേക്ക് പ്രധാനമായും ക്വുര്‍ആനും ഹദീഥുകളും വെളിച്ചം വീശുന്നത്. തലച്ചോറിന്റെ ഉപയോഗത്തിലൂടെ മനുഷ്യര്‍ നേടിയെടുക്കേണ്ട വിവരങ്ങളോ പ്രസ്തുത വിവരങ്ങളുടെ വെളിച്ചത്തില്‍ വികസിപ്പിച്ചെടുക്കേണ്ട സാങ്കേതികവിദ്യയെയോ കുറിച്ച് പഠിപ്പിക്കുകയല്ല, പ്രത്യുത തലച്ചോറിന് മാത്രമായി മനസ്സിലാക്കിയെടുക്കാനാവാത്ത യഥാര്‍ത്ഥമായ അറിവു നല്‍കുകയാണ് വെളിപാടുകളുടെ ധര്‍മം എന്നതുകൊണ്ടുതന്നെ ഭൗതിക വിജ്ഞാനീയങ്ങളുടെ ഏതെങ്കിലുമൊരു ശാഖയെക്കുറിച്ച പൂര്‍ണമായ വിവരങ്ങളോ വിവരണങ്ങളോ തേടി ക്വുര്‍ആനിലോ ഹദീഥുകളിലോ പരതുന്നത് വിഡ്ഢിത്തമാണ്.

മസ്തിഷ്‌കത്തിന് മനസ്സിലാക്കാനാവുന്ന വസ്തുതകളെ ചൂണ്ടിക്കാണിച്ച് അവയുടെ അപഗ്രഥനത്തിലൂടെ മനസ്സിലാക്കാനാവാത്ത ലോകത്തെക്കുറിച്ച് മനസ്സിലാക്കുവാന്‍ മനുഷ്യരോട് പറയുമ്പോള്‍, പ്രസ്തുത വസ്തുതകളെക്കുറിച്ച പരാമര്‍ശങ്ങളിലൊന്നും അബദ്ധങ്ങള്‍ കടന്നുവരുന്നില്ലെന്നതാണ് ഈ വെളിപാടുകളുടെ സവിശേഷത. എഴുതപ്പെട്ട കാലത്തെ അറിവില്ലായ്മയുടെ സ്വാധീനമില്ലാത്ത മതപരമോ മതേതരമോ ആയ ഗ്രന്ഥങ്ങളൊന്നുമില്ലെന്ന സ്വാഭാവികതയ്ക്ക് അപവാദമാണ് ക്വുര്‍ആനും സ്വഹീഹായ ഹദീഥുകളുമെന്ന വസ്തുത വ്യത്യസ്ത വൈജ്ഞാനിക മേഖലകളെക്കുറിച്ച് ഈ വെൡപാടുകളിലുള്ള പരാമര്‍ശങ്ങളെ ഇന്നു നിലനില്‍ക്കുന്ന തെളിയിക്കപ്പെട്ട യാഥാര്‍ത്ഥ്യങ്ങളുമായി താരതമ്യം ചെയ്താല്‍ സുതരാം ബോധ്യപ്പെടും. തെറ്റുപറ്റാത്തവനില്‍നിന്നുള്ളതാണ് ഈ വെളിപാടുകളെന്ന വസ്തുത വ്യക്തമാക്കുവാന്‍ ഇത്തരം താരതമ്യങ്ങള്‍ നിമിത്തമാകുമെന്നാണ് ഇവ്വിഷയകമായ ഇസ്‌ലാമിക പ്രബോധകരുടെ അവകാശവാദം.

മനുഷ്യരെ സ്വന്തത്തെപ്പറ്റി ചിന്തിക്കുവാന്‍ പ്രേരിപ്പിച്ചുകൊണ്ട് സ്രഷ്ടാവിന്റെ അസ്തിത്വത്തെയും പുനരുത്ഥാനത്തിന്റെ സത്യതയെയും കുറിച്ച് ബോധ്യപ്പെടുത്തുന്ന ക്വുര്‍ആന്‍ സൂക്തങ്ങളിലും താന്‍ പ്രവാചകനാണെന്നുള്ള യാഥാര്‍ത്ഥ്യം വ്യക്തമാക്കിക്കൊണ്ടുള്ള നബിവചനങ്ങളിലുമാണ് മനുഷ്യഭ്രൂണത്തിന്റെ ഉല്‍പത്തിയെയും പരിണാമത്തെയും കുറിച്ച പരാമര്‍ശങ്ങളിലധികവും കടന്നുവരുന്നത്. ക്വുര്‍ആനിലും സ്വഹീഹായ ഹദീഥുകളിലും പ്രതിപാദിക്കപ്പെട്ട ഭ്രൂണശാസ്ത്ര വസ്തുതകളെ ആധുനിക പഠനങ്ങള്‍ വെളിച്ചത്തുകൊണ്ടുവന്ന യാഥാര്‍ത്ഥ്യങ്ങളുമായി താരതമ്യം ചെയ്തു പഠിക്കുന്നവര്‍ക്കൊന്നും തന്നെ ഈ സ്രോതസുകളിലുള്ളത് ദൈവിക വെളിപാടാണെന്ന യാഥാര്‍ത്ഥ്യത്തെ നിഷേധിക്കാനാവുകയില്ല.

അതുകൊണ്ടാണല്ലോ, കാനഡയില്‍ ടൊറന്റോ സര്‍വകലാശാലയിലെ പ്രൊഫസറും അറിയപ്പെടുന്ന ഭ്രൂണശാസ്ത്രജ്ഞനും മെഡിക്കല്‍ കോളേജുകളില്‍ പഠിപ്പിക്കുന്ന ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ ഡോക്ടര്‍ കീത്ത് മൂര്‍ ഇങ്ങനെ പറഞ്ഞത്: ”മനുഷ്യ പ്രത്യുല്‍പാദനത്തെയും ഭ്രൂണവളര്‍ച്ചയെയും സംബന്ധിച്ച് വിവരിക്കുന്ന ക്വുര്‍ആനിലെയും സുന്നത്തിലെയും വചനങ്ങളെ വ്യാഖ്യാനിക്കുവാനായി സുഊദി അറേബ്യയിലെ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് സര്‍വകലാശാലയിലെ ഭ്രൂണശാസ്ത്ര സമിതിയെ സഹായിക്കുവാനും അവരോടൊപ്പം പ്രവര്‍ത്തിക്കുവാനും കഴിഞ്ഞ മൂന്ന് വര്‍ഷമായി എനിക്കു സാധിച്ചു. ഭ്രൂണശാസ്ത്രം തന്നെ സ്ഥാപിക്കപ്പെട്ടിട്ടില്ലാത്ത ക്രിസ്താബ്ദം ഏഴാം നൂറ്റാണ്ടില്‍ രേഖപ്പെടുത്തപ്പെട്ട കാര്യങ്ങളുടെ കൃത്യത കണ്ട് ആദ്യമേ തന്നെ അത്ഭുതപരതന്ത്രനായിതീര്‍ന്നു. ക്രിസ്താബ്ദം പത്താം നൂറ്റാണ്ടില്‍ ജീവിച്ച മുസ്്‌ലിം ശാസ്ത്രജ്ഞന്‍മാരുടെ മഹത്തായ ചരിത്രത്തെക്കുറിച്ചും രോഗശുശ്രൂഷാരംഗത്തെ അവരുടെ സംഭാവനകളെക്കുറിച്ചും എനിക്ക് അറിയാമായിരുന്നുവെങ്കിലും ക്വുര്‍ആനിലും സുന്നത്തിലുമടങ്ങിയിരിക്കുന്ന മതപരമായ കാര്യങ്ങളെപ്പറ്റി എനിക്ക് യാതൊരുവിധ അറിവുമുണ്ടായിരുന്നില്ല.”(L. Keith Moore and Abdul-Majeed al-Zindani: The Developing Human with Islamic Additions, Third Edition, Philadelphia, 1982.)

”മനുഷ്യവളര്‍ച്ചയെക്കുറിച്ച ക്വുര്‍ആന്‍ പരാമര്‍ശങ്ങളെ വ്യക്തമാക്കുവാനായി സഹായിക്കാനാവുകയെന്നത് എന്നെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരമാണ്. ക്വുര്‍ആനില്‍ പറഞ്ഞ ഈ വിജ്ഞാനങ്ങളില്‍ ഭൂരിഭാഗവും അതിന്റെ അവതരണത്തിന് ശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞുമാത്രം കണ്ടുപിടിക്കപ്പെട്ടവയാണ് എന്നതുകൊണ്ടുതന്നെ അവ മുഹമ്മദിന് ദൈവത്തില്‍നിന്ന് അഥവാ അല്ലാഹുവില്‍നിന്ന് ലഭിച്ചതായിരിക്കുവാനേ നിര്‍വാഹമുള്ളു. മുഹമ്മദ് ദൈവത്തിന്റെ അഥവാ അല്ലാഹുവിന്റെ ദൂതന്‍ തന്നെയാണെന്ന കാര്യമാണ് ഇത് സമര്‍ത്ഥിക്കുന്നത്.”(Abdul-Majeed al-Zindani: This is the Truth (video tape).)

ഭ്രൂണത്തിന്റെ ഉല്‍പത്തിയെയും പരിണാമത്തെയും കുറിച്ച് ആധുനികശാസ്ത്രം നമുക്ക് നല്‍കുന്ന അറിവുകളുടെ വെളിച്ചത്തില്‍ ഈ പരാമര്‍ശങ്ങള്‍ പഠനവിധേയമാക്കുമ്പോള്‍ ഇതിലെ കൃത്യതയും സൂക്ഷ്മതയും ആരെയും ആശ്ചര്യഭരിതരാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഏതെങ്കിലുമൊരു മനുഷ്യന്റെ തലച്ചോറിനകത്ത് രൂപീകരിക്കപ്പെട്ട ആശയങ്ങളുടെ സമാഹാരമാണ് ക്വുര്‍ആനെങ്കില്‍ മുഹമ്മദ് നബി (സ)യുടെ കാലത്ത് നിലനിന്നിരുന്ന അബദ്ധധാരണകളിലേതെങ്കിലും ക്വുര്‍ആനില്‍ ഉണ്ടാവേണ്ടിയിരുന്നു. അത്തരം അബദ്ധങ്ങളൊന്നുമില്ലെന്നു മാത്രമല്ല, ആധുനിക യന്ത്രങ്ങളുടെ സഹായത്തോടെ മാത്രം നാം മനസ്സിലാക്കിയ കാര്യങ്ങള്‍ പോലും വളരെ കൃത്യമായി ക്വുര്‍ആനിലും ഹദീഥുകളിലും പരാമര്‍ശിക്കപ്പെടുന്നുവെന്ന വസ്തുത എന്തുമാത്രം അത്ഭുതകരമല്ല! ആധുനികഭ്രൂണശാസ്ത്രത്തിന്റെ കണ്ണടയിലൂടെ ക്വുര്‍ആനിലും ഹദീഥുകളിലും പരാമര്‍ശിക്കപ്പെട്ട ഭ്രൂണഘട്ടങ്ങളെ നോക്കുന്ന സത്യസന്ധരായ ആര്‍ക്കും ഈ സ്രോതസുകളുടെ ദൈവികത നിഷേധിക്കാനാവില്ല. അതുകൊണ്ടാണല്ലോ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രഗത്ഭനായ ഡോ. കീത്ത് മൂറിനെപ്പോലുള്ള ഒരു ഭ്രൂണശാസ്ത്രജ്ഞനുപോലും അത് സമ്മതിക്കേണ്ടിവന്നത്!

print