മുൻ വേദങ്ങൾ; ക്വുർആനിക വീക്ഷണം.

/മുൻ വേദങ്ങൾ; ക്വുർആനിക വീക്ഷണം.
/മുൻ വേദങ്ങൾ; ക്വുർആനിക വീക്ഷണം.

മുൻ വേദങ്ങൾ; ക്വുർആനിക വീക്ഷണം.

ഖുര്‍ആനിനുമുമ്പ് അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥങ്ങളെയെല്ലാം അത് അംഗീകരിക്കുന്നു. ആകെ എത്ര വേദഗ്രന്ഥങ്ങള്‍ അവതരിപ്പിക്കപ്പെട്ടുവെന്ന് ഖണ്ഡിതമായി ഖുര്‍ആന്‍ പ്രസ്താവിക്കുന്നില്ല. നാല് വേദഗ്രന്ഥങ്ങളുടെ പേര് മാത്രമാണ് ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്. മൂസാ നബി(അ)ക്ക് അവതരിപ്പിക്കപ്പെട്ട തൗറാത്തും ദാവൂദ് നബി(അ)ക്ക് അവതരിപ്പിക്കപ്പെട്ട സബൂറും ഈസാനബി(അ)ക്ക് അവതരിപ്പിക്കപ്പെട്ട ഇന്‍ജീലും മുഹമ്മദ്( ﷺ)ക്ക് അവതരിപ്പിക്കപ്പെട്ട ഖുര്‍ആനുമാണവ. ഈ നാലു വേദഗ്രന്ഥങ്ങള്‍ക്കു പുറമെയും എഴുതപ്പെട്ട രേഖകള്‍ പടച്ചതമ്പുരാനില്‍ നിന്ന് അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് ഖുര്‍ആന്‍ നല്‍കുന്ന സൂചന.

‘നിങ്ങള്‍ പറയുക: അല്ലാഹുവിലും അവങ്കല്‍നിന്ന് ഞങ്ങള്‍ക്ക് അവതരിപ്പിച്ചു കിട്ടിയതിലും ഇബ്‌റാഹീമിനും ഇസ്മായിലിനും ഇസ്ഹാഖിനും യഅ്ഖൂബിനും യഅ്ഖൂബ് സന്തതികള്‍ക്കും അവതരിപ്പിച്ചുകൊടുത്തതിലും മൂസാ, ഈസാ എന്നിവര്‍ക്ക് നല്‍കപ്പെട്ടതിലും സര്‍വപ്രവാചകന്മാര്‍ക്കും അവരുടെ രക്ഷിതാവിങ്കല്‍നിന്ന് നല്‍കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു‘ (2:136)

‘തീര്‍ച്ചയായും ഇത് ആദ്യത്തെ ഏടുകളില്‍തന്നെയുണ്ട്, അഥവാ ഇബ്റാഹീമിന്റെയും മൂസായുടെയും ഏടുകളില്‍ (87:18,19).

മുമ്പുള്ള വേദങ്ങളെ മുഴുവന്‍ ഖുര്‍ആന്‍ സത്യപ്പെടുത്തുന്നു: ‘അവന്‍ ഈ വേദഗ്രന്ഥത്തെ മുന്‍വേദങ്ങളെ ശരിവെക്കുന്നതായിക്കൊണ്ട് സത്യവുമായി നിനക്ക് അവതരിപ്പിച്ചുതന്നിരിക്കുന്നു. മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനത്തിനായി ഇതിനുമുമ്പ് അവന്‍ തൗറാത്തും ഇന്‍ജീലും അവതരിപ്പിച്ചു. ഫുര്‍ഖാനും അവന്‍ അവതരിപ്പിച്ചിരിക്കുന്നു‘ (3:3).

അല്ലാഹുവില്‍നിന്ന് അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥങ്ങളിലെല്ലാം വിശ്വസിക്കേണ്ടത് മുസ്‌ലിമിന്റെ നിര്‍ബന്ധബാധ്യതയാണ്. മുമ്പ് അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥങ്ങളിലേതെങ്കിലും ദൈവികമല്ലെന്ന് വിശ്വസിക്കുന്നത് വലിയൊരു അപരാധമായിട്ടാണ് ഖുര്‍ആന്‍ കാണുന്നത്.

‘സത്യവിശ്വാസികളേ, അല്ലാഹുവിലും അവന്റെ ദൂതനിലും അവന്റെ ദൂതന് അവന്‍ അവതരിപ്പിച്ച ഗ്രന്ഥത്തിലും അവന്‍ മുമ്പ് അവതരിപ്പിച്ച ഗ്രന്ഥത്തിലും നിങ്ങള്‍ വിശ്വസിക്കുവിന്‍. അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ ഗ്രന്ഥങ്ങളിലും അവന്റെ ദൂതന്മാരിലും അന്ത്യദിനത്തിലും വല്ലവനും അവിശ്വസിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ ബഹുദൂരം പിഴച്ചുപോയിരിക്കുന്നു‘ (4:136).

print