വ്യക്തിസംസ്കരണമോ സമൂഹനന്മയോ എന്താണ് ഇസ്‌ലാമിക നിയമങ്ങളുടെ ലക്ഷ്യം?

/വ്യക്തിസംസ്കരണമോ സമൂഹനന്മയോ എന്താണ് ഇസ്‌ലാമിക നിയമങ്ങളുടെ ലക്ഷ്യം?
/വ്യക്തിസംസ്കരണമോ സമൂഹനന്മയോ എന്താണ് ഇസ്‌ലാമിക നിയമങ്ങളുടെ ലക്ഷ്യം?

വ്യക്തിസംസ്കരണമോ സമൂഹനന്മയോ എന്താണ് ഇസ്‌ലാമിക നിയമങ്ങളുടെ ലക്ഷ്യം?

വ്യക്തി, സമൂഹം തുടങ്ങിയ അമൂര്‍ത്ത സങ്കല്‍പങ്ങളെ ഖുര്‍ആന്‍ നോക്കിക്കാണുന്നത് ഭൗതിക പ്രത്യയശാസ്ത്രങ്ങളുടെ വീക്ഷണത്തില്‍നിന്ന് തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെയാണ്. അത് അതിന്റെ ശിക്ഷാനിയമങ്ങളിലും പ്രകടമാണ്. ജനിച്ചുവളര്‍ന്ന പ്രത്യേക ചുറ്റുപാടുകളുടെയും സാഹചര്യങ്ങളുടെയും സ്വാധീനവലയത്തില്‍നിന്ന് ഒരിക്കലും മോചിതനാകുവാന്‍ കഴിയാത്ത ഒരു കളിപ്പാവ മാത്രമായി മനുഷ്യനെ കാണുന്ന ഫ്രോയിഡിയന്‍ ചിന്താരീതിയുമായി ഇസ്‌ലാം പൊരുത്തപ്പെടുന്നില്ല. സമൂഹത്തിലെ സാമ്പത്തിക മാറ്റങ്ങള്‍ മാത്രമാണ് വ്യക്തിയിലെ അഹംബോധത്തെയും മൂല്യങ്ങളെയുമെല്ലാം നിശ്ചയിക്കുന്നത് എന്ന മാര്‍ക്‌സിയന്‍ വീക്ഷണവും ഇസ്‌ലാമിന് അന്യമാണ്. സ്വതന്ത്രരായി ജനിച്ചവരെ സ്വതന്ത്രമായിത്തന്നെ ജീവിക്കുവാന്‍ അനുവദിക്കുന്നതിലൂടെയാണ് അവരുടെ വ്യക്തിത്വത്തിന്റെ പൂര്‍ണമായ പ്രകാശനം സാധ്യമാവുകയെന്ന മുതലാളിത്തത്തിന്റെ കാഴ്ചപ്പാടിനെയും ഇസ്‌ലാം നിരാകരിക്കുന്നു. സമ്പത്തും സാഹചര്യങ്ങളും ചുറ്റുപാടുകളുമെല്ലാം മനുഷ്യരുടെ വ്യക്തിത്വത്തെ സ്വാധീനിക്കുന്നുവെന്ന വസ്തുത ഇസ്‌ലാം അംഗീകരിക്കുന്നു. എന്നാല്‍ വ്യക്തിയെ സൃഷ്ടിക്കുന്നത് അതൊന്നുമല്ല. വ്യക്തിയിലെ അഹംബോധത്തെ സൃഷ്ടിക്കുന്നതും സാഹചര്യങ്ങള്‍ക്കൊത്ത് തന്റെ നിലപാട് എന്താണെന്ന് തീരുമാനിക്കുവാന്‍ അവനെ പര്യാപ്തനാക്കുന്നതും അവന്റെ മാത്രം സവിശേഷതയായ ആത്മാവാണ്. മനുഷ്യനു മാത്രം നല്‍കപ്പെട്ട ദൈവികദാനമാണത്. നന്മയെയും തിന്മയെയും തെരഞ്ഞെടുക്കുന്നതിനുള്ള കഴിവ് അവന് നല്‍കുന്നത് ഈ ആത്മാവത്രെ.

വ്യക്തികളാണ് സമൂഹത്തെ സൃഷ്ടിക്കുന്നത്. വ്യക്തിയെ വിമലീകരിക്കുന്നത് ദൈവിക നിയമങ്ങളാണ്. ധാര്‍മിക നിയമങ്ങള്‍ അനുസരിക്കുന്ന വ്യക്തികള്‍ ഉള്‍ക്കൊള്ളുന്ന സമൂഹം സമാധാനപൂര്‍ണവും നന്മ ഉള്‍ക്കൊള്ളുന്നതുമായിരിക്കുമെന്നുറപ്പാണ്. ഈ നിയമങ്ങള്‍ സ്വമേധയാ അനുസരിക്കുകയാണ് വ്യക്തി ചെയ്യേണ്ടത്. അതുവഴി മാത്രമേ ആത്മസംസ്‌കരണം സാധ്യമാകൂ. എന്നാല്‍, ഏതൊരു സമൂഹത്തിലും ധാര്‍മിക നിയമങ്ങളില്‍നിന്ന് വ്യതിചലിക്കുവാന്‍ ശ്രമിക്കുന്ന ചിലരെങ്കിലുമുണ്ടാകും. അവരെ തടഞ്ഞുനിര്‍ത്തിയിട്ടില്ലെങ്കില്‍ സമൂഹത്തില്‍ തിന്മകള്‍ വ്യാപിക്കുന്നതിനും അതുവഴി അരാജകത്വത്തിനും നിമിത്തമാവും. ഇങ്ങനെ തിന്മകള്‍ വ്യാപിക്കുന്നത് തടഞ്ഞുനിര്‍ത്തുന്നതിനായുള്ളതാണ് ശിക്ഷാനിയമങ്ങള്‍.

വ്യക്തിയെയും സമൂഹത്തെയും പരിശുദ്ധമായി നിലനിര്‍ത്തുകയാണ് ഖുര്‍ആനിലെ ശിക്ഷാനിയമങ്ങളുടെ ലക്ഷ്യം. വ്യക്തിയെ സമൂഹത്തിനുവേണ്ടിയോ സമൂഹത്തെ വ്യക്തിക്കുവേണ്ടിയോ ബലികൊടുക്കണമെന്ന വീക്ഷണം ഇസ്‌ലാം ഉള്‍ക്കൊള്ളുന്നില്ല. വ്യക്തിസ്വാതന്ത്ര്യത്തിന്മേല്‍ സമൂഹത്തിന്റെ നേരിയ കൈകടത്തല്‍പോലും അക്ഷന്തവ്യമായിക്കരുതുന്ന മുതലാളിത്ത വീക്ഷണവും സമൂഹത്തിനുവേണ്ടി വ്യക്തിയുടെ സഹജവികാരങ്ങളെപ്പോലും ബലികൊടുക്കേണ്ടതുണ്ടെന്ന കമ്യൂണിസ്റ്റ് വീക്ഷണവും ഇസ്‌ലാമിന് അന്യമാണ്. വ്യക്തിയും സമൂഹവും തമ്മില്‍ നിലനില്‍ക്കേണ്ടത് സംഘട്ടനാത്മകമായ ബന്ധമല്ലെന്നതാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. അവയെ ഉദ്ഗ്രഥിതമാക്കുന്നത് മൂല്യങ്ങളാണ്. ഇൗ മൂല്യങ്ങളെ സംരക്ഷിക്കുന്നതുവഴി വ്യക്തിയെയും സമൂഹത്തെയും വിമലീകരിക്കുകയാണ് ഖുര്‍ആനിലെ ശിക്ഷാനിയമങ്ങള്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെ അവ വ്യക്തികേന്ദ്രീകൃതമോ സമൂഹകേന്ദ്രീകൃതമോ അല്ല, പ്രത്യുത മൂല്യകേന്ദ്രീകൃതമാണ് എന്നു പറയുന്നതാവും ശരി.

print