ക്വുർആന്‍ ക്രോഡീകരിച്ചത് എപ്പോഴാണ്?

/ക്വുർആന്‍ ക്രോഡീകരിച്ചത് എപ്പോഴാണ്?
/ക്വുർആന്‍ ക്രോഡീകരിച്ചത് എപ്പോഴാണ്?

ക്വുർആന്‍ ക്രോഡീകരിച്ചത് എപ്പോഴാണ്?

ഖുര്‍ആന്‍ അവതരണത്തോടൊപ്പംതന്നെ ക്രോഡീകരണവും നടന്നിരുന്നു. വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ച പടച്ചതമ്പുരാന്‍തന്നെ അതിന്റെ ക്രോഡീകരണം തന്റെ ബാധ്യതയായി ഏറ്റെടുത്തിരിക്കുന്നുവെന്നതാണ് വാസ്തവം. അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും അതിന്റെ (ഖുര്‍ആന്റെ) സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു. അങ്ങനെ നാം അത് ഓതിത്തന്നാല്‍ ആ ഓത്ത് നീ പിന്തുടരുക” (75:17,18).

മുഹമ്മദി(സ)ന് ഓരോ സൂക്തവും അവതരിപ്പിക്കപ്പെടുമ്പോള്‍ അത് എത്തിച്ചുകൊടുക്കുന്ന ജിബ്‌രീല്‍(റ)തന്നെ അത് ഏത് അധ്യായത്തില്‍ എത്രാമത്തെ വാക്യമായി ചേര്‍ക്കേണ്ടതാണെന്നുകൂടി അദ്ദേഹത്തെ അറിയിച്ചിരുന്നു. ഖുര്‍ആന്‍ എഴുതിവെക്കുന്നതിനുവേണ്ടി സന്നദ്ധ രായ പ്രവാചകാനുചരന്മാര്‍ ‘കുത്താബുല്‍ വഹ്‌യ്’ (ദിവ്യബോധനത്തിന്റെ എഴുത്തുകാര്‍) എന്നാണ് അറിയപ്പെട്ടിരുന്നത്. അന്‍സാറുക ളില്‍പെട്ട ഉബയ്യ്ബ്‌നു കഅ്ബ്, മുആദുബ്‌നു ജബല്‍, സൈദുബ്‌നുസാബിത്ത്, അബൂസൈദ്(റ) എന്നിവരായിരുന്നു അവരില്‍ പ്രധാനികള്‍. തുകല്‍ കഷ്ണങ്ങളിലായിരുന്നു അവര്‍ പ്രധാനമായും ഖുര്‍ആന്‍ എഴുതിവെച്ചിരുന്നത്. പ്രവാചക(സ)ന്ന് ഏതെങ്കിലും സൂക്തം അവതരിപ്പിക്കപ്പെട്ടാല്‍ അദ്ദേഹം ഈ എഴുത്തുകാരെ വിളിക്കും. ജിബ്‌രീല്‍ അദ്ദേഹത്തോട് നിര്‍ദേശിച്ച ക്രമം അദ്ദേഹം എഴുത്തുകാരോട് പറയും. അഥവാ ഈ സൂക്തങ്ങള്‍ ഏത് അധ്യായത്തില്‍ എത്രാമത്തെ വചനങ്ങളായി ചേര്‍ക്കണമെന്നും നിര്‍ദേശം നല്‍കും. ഇതു പ്രകാരം അവര്‍ എഴുതിവെക്കും. ഇങ്ങനെ, പ്രവാചക(സ)ന്റെ കാലത്തുതന്നെ -ഖുര്‍ആന്‍ അവതരണത്തോടൊപ്പം തന്നെ- അതിന്റെ ക്രോഡീകരണവും നടന്നിരുന്നുവെന്നതാണ് വാസ്തവം.

ഇവ്വിഷയകമായി നിവേദനം ചെയ്യപ്പെട്ട ഏതാനും ഹദീസുകള്‍ കാണുക: ഉസ്മാന്‍(റ) നിവേദനം ചെയ്യുന്നു: ”ദൈവദൂതന് (സ) ഒരേ അവസ രത്തില്‍ വിവിധ അധ്യായങ്ങള്‍ അവതരിക്കാറുണ്ടായിരുന്നു. അങ്ങനെ അവതരിപ്പിക്കപ്പെട്ടാല്‍ അദ്ദേഹം എഴുത്തുകാരെ വിളിച്ച് ഈ ആയത്തുകള്‍ ഇന്ന വിഷയം പ്രതിപാദിക്കുന്ന ഇന്ന സൂറത്തില്‍ രേഖപ്പെടുത്തുകയെന്ന് കല്‍പിക്കുമായിരുന്നു” (തുര്‍മുദി, അഹ്മദ്).

”ജിബ്‌രീല്‍ എല്ലാ വര്‍ഷവും പ്രവാചക(സ)ന് ഒരു പ്രാവശ്യം ഖുര്‍ആന്‍ കേള്‍പ്പിക്കാറുണ്ടായിരുന്നു. അദ്ദേഹം മരണപ്പെട്ട വര്‍ഷത്തിലാകട്ടെ രണ്ടു പ്രാവശ്യം കേള്‍പ്പിക്കുകയുണ്ടായി” (ബുഖാരി).

ഓരോ സൂക്തവും അവതരിപ്പിക്കപ്പെടുമ്പോള്‍തന്നെ അത് ഏത് സൂറത്തിലെ എത്രാമത്തെ വാക്യമാണെന്ന ദൈവിക നിര്‍ദേശമുണ്ടാവുന്നു. അത് പ്രകാരം എഴുതിവെക്കാന്‍ പ്രവാചകന്‍(സ) എഴുത്തുകാരോട് നിര്‍ദേശിക്കുന്നു. എല്ലാ വര്‍ഷവും ജിബ്‌രീല്‍(റ) വന്ന് അതുവരെ അവതരിപ്പിക്കപ്പെട്ട സൂക്തങ്ങള്‍ ക്രമത്തില്‍ ഓതിക്കേള്‍പ്പിക്കുന്നു. അത് പ്രവാചകന്‍ (സ) കേള്‍ക്കുന്നു. ശേഷം പ്രവാചകന്‍ ജിബ്‌രീലിനെ ഓതികേള്‍പ്പിക്കുന്നു. അങ്ങനെ ഖുര്‍ആനിന്റെ ക്രമത്തിന്റെ കാര്യത്തിലുള്ള ദൈവിക നിര്‍ദേശം പൂര്‍ണമായി പാലിക്കാന്‍ പ്രവാചകന് (സ) സാധിച്ചിരുന്നു. ‘തീര്‍ച്ചയായും അതിന്റെ സമാഹരണവും പാരായണവും നമ്മുടെ ബാധ്യതയാകുന്നു”(75:17)വെന്ന ദൈവിക സൂക്തത്തിന്റെ സത്യസന്ധമായ പുലര്‍ച്ചയാണ് നമുക്കിവിടെ കാണാന്‍ കഴിയുന്നത്.

print