ക്വുർആന്‍ എങ്ങനെ സംരക്ഷിക്കപ്പെട്ടുവെന്നാണ് മുസ്‌ലിംകള്‍ അവകാശപ്പെടുന്നത്?

/ക്വുർആന്‍ എങ്ങനെ സംരക്ഷിക്കപ്പെട്ടുവെന്നാണ് മുസ്‌ലിംകള്‍ അവകാശപ്പെടുന്നത്?
/ക്വുർആന്‍ എങ്ങനെ സംരക്ഷിക്കപ്പെട്ടുവെന്നാണ് മുസ്‌ലിംകള്‍ അവകാശപ്പെടുന്നത്?

ക്വുർആന്‍ എങ്ങനെ സംരക്ഷിക്കപ്പെട്ടുവെന്നാണ് മുസ്‌ലിംകള്‍ അവകാശപ്പെടുന്നത്?

വിതകളും കഥാഖ്യാനങ്ങളും തലമുറകളിലേക്ക് സംപ്രേഷണം ചെയ്യപ്പെടുന്ന മനഃപാഠത്തിലൂടെയും വൈജ്ഞാനിക സാഹിത്യങ്ങള്‍ അടുത്ത തലമുറയ്ക്ക് ലഭിക്കുന്ന രേഖീകരണത്തിലൂടെയും ഒരേപോലെ സംരക്ഷിക്കപ്പെട്ട ഗ്രന്ഥമാണ് ക്വുര്‍ആന്‍. ഒന്നും കടത്തിക്കൂട്ടുകയോ എടുത്തൊഴിവാക്കുകയോ ചെയ്യാനാവാത്തവിധം പതിനാലു നൂറ്റാണ്ടുകളായി തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് ഈ രണ്ടു രീതികളിലും ക്വുര്‍ആന്‍ പകര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. വാക്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയോ എടുത്തുമാറ്റുകയോ ചെയ്തുവെന്ന് വസ്തുനിഷ്ഠ തെളിവുകളുടെ വെളിച്ചത്തില്‍ ഒരാള്‍ക്കും ആരോപിക്കപ്പെടാനാവാത്ത നിലയില്‍, ചരിത്രത്തിന്റെ പൂര്‍ണമായ വെളിച്ചത്തിലാണ് ഒന്നര സഹസ്രാബ്ദക്കാലമായി തലമുറകളില്‍ നിന്ന് തലമുറകളിലേക്കുള്ള ഈ സംപ്രേഷണം നടക്കുന്നത്. അങ്ങനെ സംരക്ഷിക്കുമെന്നത് അല്ലാഹുവിന്റെ വാഗ്ദാനമാണ്. (ക്വുര്‍ആന്‍ 15:9)

അവതരിപ്പിക്കപ്പെടുന്ന മുറയ്ക്ക് മുഹമ്മദ് നബി (സ) ക്വുര്‍ആന്‍ ഹൃദിസ്ഥമാക്കിയിരുന്നുവെന്നും ഓരോവര്‍ഷവും റമദാനില്‍ ജിബ്‌രീല്‍ വന്ന് അവതരിപ്പിക്കപ്പെട്ടിടത്തോളമുള്ള വചനങ്ങള്‍ പാരായണം ചെയ്തു കേട്ട് ഉറപ്പുവരുത്തിയിരുന്നുവെന്നും ഇമാം ബുഖാരി തന്റെ സ്വഹീഹിലെ കിതാബു ഫദാഇലില്‍ ഫാത്വിമ(റ)യില്‍ നിന്ന് നിവേദനം ചെയ്യുന്നുണ്ട്.

ക്വുര്‍ആന്‍ മനഃപാഠമാക്കുവാന്‍ സ്വഹാബിമാരെ പ്രവാചകന്‍ (സ) പ്രോത്സാഹിപ്പിക്കുകയും ഹൃദിസ്ഥമാക്കിയ വചനങ്ങള്‍ മറന്നു പോകാനിടയാകരുതെന്ന് പ്രത്യേകം നിഷ്‌കര്‍ഷിക്കുകയും ചെയ്തിരുന്നതായി വ്യക്തമാക്കുന്ന നിരവധി ഹദീഥുകൾ ബുഖാരിയിലും മുസ്ലിമിലും മറ്റു ഹദീഥ് ഗ്രൻഥങ്ങളിലുമെല്ലാം നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. മനഃപാഠമാക്കുന്നതില്‍ വിദഗ്ധരായിരുന്നു അറബികളെന്നതിനാലും പദ്യ-ഗദ്യ സമ്മിശ്രമായ ക്വുര്‍ആനിന്റെ ശൈലി കാണാതെ പഠിക്കുവാന്‍ എളുപ്പവും ഇമ്പവും പ്രധാനം ചെയ്യുന്നതിനാലും സ്വഹാബിമാര്‍ക്ക് ക്വുര്‍ആന്‍ പഠനം ഒരു പ്രയാസമായി അനുഭവപ്പെട്ടതേയില്ല. പരമാവധി മനഃപാഠമാക്കുവാന്‍ ഓരോ സ്വഹാബിയും പരിശ്രമിച്ചു. കൂടുതല്‍ ക്വുര്‍ആന്‍ പഠിച്ചവന്‍ താനാണെന്ന് അഭിമാനത്തോടെ പറയുന്നവരായിരുന്നു സ്വഹാബിമാരെന്ന് ഇബ്‌നു മസ്ഊദി(റ)ൽ നിന്ന് ബുഖാരി നിവേദനം ചെയ്ത ഹദീഥ് വ്യക്തമാക്കുന്നുണ്ട്.

പ്രവാചകന്റെ (സ) കാലത്ത്, മനഃപാഠമാക്കുന്നതോടൊപ്പം തന്നെ, ക്വുര്‍ആന്‍ രേഖീകരിക്കുന്ന പതിവുമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന നിരവധി ചരിത്രരേഖകളുണ്ട്. ഉമറിന്റെ (റ) ഇസ്‌ലാം സ്വീകരണത്തെക്കുറിച്ച ഇബ്‌നു ഇസ്ഹാഖിന്റെ വിവരണത്തില്‍, തന്റെ സഹോദരിയും ഭര്‍ത്താവും ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കി കോപാകുലനായി അവരുടെ വീട്ടിലേക്ക് അദ്ദേഹം കുതിച്ചെത്തിയപ്പോള്‍ അവിടെ അദ്ദേഹത്തിന്റെ സഹോദരിയും ഭര്‍ത്താവും ഖബ്ബാബിനോടൊപ്പമിരുന്ന് ഒരു ചര്‍മപഠത്തിലെഴുതിയ ക്വുര്‍ആനിലെ ത്വാഹാ സൂറത്ത് പാരായണം ചെയ്യുകയായിരുന്നുവെന്നും ഉമര്‍ (റ) പുറത്തു വന്നിട്ടുണ്ടെന്നറിഞ്ഞ സഹോദരി ഫാത്വിമഃ (റ) ആ കയ്യെഴുത്തുരേഖ അവരുടെ തുടയ്ക്ക് താഴെ ഒളിപ്പിച്ചുവെച്ചുവെന്നും പറയുന്നതില്‍ നിന്ന് അന്നുമുതല്‍ തന്നെ ക്വുര്‍ആന്‍ രേഖീകരിച്ചു സൂക്ഷിക്കുന്ന പതിവ് നിലനിന്നിരുന്നുവെന്ന് വ്യക്തമാകുന്നു. ഉമറിന്റെ ഇസ്‌ലാം സ്വീകരണം നടന്ന പ്രവാചകത്വത്തിന്റെ ആറാം വര്‍ഷത്തിനു മുമ്പുതന്നെ ക്വുര്‍ആന്‍ കയ്യെഴുത്ത് രേഖകളിലാക്കി സൂക്ഷിക്കുന്ന പതിവ് മുസ്‌ലിം സമൂഹത്തിലുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ വിവരണം. മക്കയില്‍വെച്ച് അവതരിക്കപ്പെട്ട വചനങ്ങള്‍ മക്കയില്‍വെച്ചുതന്നെ രേഖപ്പെടുത്തിവെച്ചിരുന്നതായി അബ്ദുല്ലാഹിബ്‌നു അബ്ബാസ് (റ) പറഞ്ഞിട്ടുണ്ടെന്ന് മുഹമ്മദ്ബ്‌നു ശിഹാബ് അസ്സുഹ്‌രി സാക്ഷ്യപ്പെടുത്തിയതായി ഇമാം ഇബ്‌നു കഥീര്‍ രേഖപ്പെടുത്തുന്നുണ്ട്. (അല്‍ ബിദായ വ ന്നിഹായ, വാല്യം 5, പുറം 340)

അബ്ദില്ലാഹിബ്‌നു സഅ്ദ്ബ്‌നു അബീ സര്‍ഹിനെയായിരുന്നു നബി(സ)യില്‍ നിന്ന് ക്വുര്‍ആന്‍ കേള്‍ക്കാനും അത് അന്ന് ഉപലബ്ധമായ എഴുത്തുവസ്തുക്കളില്‍ എഴുതി രേഖപ്പെടുത്തുവാനുമായി മക്കയില്‍വെച്ച് നബി (സ) ഏല്‍പിച്ചത്. ഖാലിദ്ബ്‌നു സഈദ്ബ്‌നുല്‍ ആസ്വ് ആയിരുന്നു നബി(സ)യുടെ നിര്‍ദേശാനുസരണം ക്വുര്‍ആന്‍ രേഖപ്പെടുത്തിയിരുന്നു മറ്റൊരാള്‍. ‘ക്വുര്‍ആന്‍ അല്ലാതെ മറ്റൊന്നും നിങ്ങള്‍ എന്നില്‍നിന്ന് എഴുതി സൂക്ഷിക്കരുത്'(സ്വഹീഹു മുസ്‌ലിം, കിതാബു സ്‌സുഹുദു വര്‍ റഖാഇഖ്) എന്ന പ്രവാചകനിര്‍ദേശത്തില്‍ നിന്ന് നിരവധി പേര്‍ ക്വുര്‍ആന്‍ രേഖപ്പെടുത്തിവെക്കാറുണ്ടെന്ന് വ്യക്തമാകുന്നുണ്ട്. മദീനയില്‍ നിന്നെത്തിയവരുമായി പ്രവാചകന്‍ (സ) അഖബയില്‍വെച്ചുണ്ടാക്കിയ ഉടമ്പടിയില്‍ പങ്കെടുത്ത റാഫിഉബ്‌നു മാലിക് അല്‍ അന്‍സ്വാരിക്ക് അതുവരെ അവതരിക്കപ്പെട്ട എല്ലാ ക്വുര്‍ആന്‍ വചനങ്ങളും രേഖപ്പെടുത്തിയ ഒരു കയ്യെഴുത്ത് രേഖ നല്‍കിയതായും തന്റെ നാട്ടിലെത്തിയശേഷം ഗോത്രത്തിലുള്ളവരെയെല്ലാം വിളിച്ചുകൂട്ടി അത് അദ്ദേഹം വായിച്ചു കേള്‍പ്പിച്ചതായും വ്യക്തമാക്കുന്ന രേഖകളുണ്ട്.

മദീനയില്‍ എത്തിയതോടെ പ്രവാചകന്‍ (സ) കൂടുതല്‍ അനുയായികള്‍ ഉണ്ടായിരുന്നതുകൊണ്ടുതന്നെ കൂടുതല്‍ ക്വുര്‍ആന്‍ എഴുത്തുകാരുമുണ്ടായി. അബ്ദുബ്‌നു സഈദ് അബൂ ഉമാമ, അബൂഅയ്യൂബല്‍ അന്‍സ്വാരി, അബൂബക്ര്‍ സിദ്ദീഖ്, അബൂഹുദൈഫ, അബൂസുഫ്‌യാന്‍, അബൂസലമ, അബൂ അബസ്, ഉബയ്യ്ബ്‌നു കഅബ്, അല്‍അര്‍ഖം, ഉസൈദ്ബ്‌നുല്‍ ഹുദൈര്‍, ഔസ്, ബുറൈദ, ബഷീര്‍, ഥാബിത്ബ്‌നു ഖൈസ്, ജഅ്ഫര്‍ബിന്‍ അബീത്വാലിബ്, ജഹ്മ്ബ്‌നു സഅദ്, ജുഹൈം, ഹാതിബ്, ഹുദൈഫ, ഹുസൈന്‍, ഹന്‍ദല, ഹുവൈതിബ്, ഖാലിദ്ബ്‌നു സഈദ്, ഖാലിദ്ബ്‌നു വലീദ്, അസ്സുബൈറ്ബ്‌നു അവ്വാം, സുബൈറ്ബ്‌നു അര്‍ഖം, സൈദ്ബ്‌നു ഥാബിത്, സഅ്ദ്ബ്‌നു റബീഅ്, സഅ്ദ്ബ്‌നു ഉബാദ, സഈദ്ബ്‌നു സഈദ്, കുറഹ്ബില്‍ ബിന്‍ ഹസ്‌ന, ത്വല്‍ഹ, ആമിര്‍ ബിന്‍ ഫുഹൈറ, അബ്ബാസ്, അബ്ദുല്ലാഹിബ്‌നുല്‍ അര്‍ഖം, അബ്ദുല്ലാഹിബ്‌നു അബീബക്ര്‍, അബ്ദുല്ലാഹിബ്‌നു റവാഹ, അബ്ദുല്ലാഹിബ്‌നു സൈദ്, അബ്ദുല്ലാഹിബ്‌നു സഅദ്, അബ്ദുല്ലാഹിബ്‌നു അബ്ദില്ല, അബ്ദുല്ലാഹിബ്‌നു അംറ്, ഉഥ്മാനുബ്‌നു അഫ്ഫാന്‍, ഉഖ്ബ, അല്‍ അലാഅ് അല്‍ ഹദ്‌റമി, അല്‍ അലാഅ്ബ്ന്‍ ഉഖ്ബ, അലിയ്യുബിന്‍ അബീത്വലിബ്, ഉമറുബ്‌നുല്‍ ഖത്വാബ്, അംറുബ്‌നുല്‍ ആസ്വ്, മുഹമ്മദ്ബ്‌നു മസ്‌ലമ, മുആദ്ബ്‌നു ജബല്‍, മുആവിയ, മഅ്‌നുബ്‌നു, അദിയ്യ്, മുഐഖിബ്, മുന്‍ദിര്‍, മുഹാജിര്‍, യസീദിബ്‌നു അബീസുഫ്‌യാന്‍ (റ) എന്നിങ്ങനെ വ്യത്യസ്ത സന്ദര്‍ഭങ്ങളിലായി പ്രവാചകനില്‍ (സ) നിന്ന് ക്വുര്‍ആന്‍ വചനങ്ങള്‍ കേട്ടെഴുതിയ അറുപത്തഞ്ച് അനുചരന്‍മാരുടെ പട്ടിക ഡോ. മുഹമ്മദ് മുസ്തഫ അല്‍ അഅ്ദ്വമി തന്റെ പഠനത്തില്‍ വിവരിക്കുന്നുണ്ട്.(M.M Al Azami, “The History Of The Quranic Text – From Revelation To Compilation, A Comparative Study with the Old and New Testaments, Leicester, 2003, Page 68.)

വഹ്‌യ് അവതരിക്കപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ ഉടന്‍ തന്നെ പ്രാപ്തനായ ഒരു അനുചരനെ വിളിച്ച് അത് എഴുതിവെക്കാനാവശ്യപ്പെടുക മുഹമ്മദ് നബി(സ)യുടെ പതിവായിരുന്നു. പ്രവാചകന്റെ (സ) പള്ളിക്കടുത്ത് താമസിച്ചിരുന്നതിനാല്‍ സൈദ്ബ്‌നു ഥാബിത്തിന് (റ) പലപ്പോഴും പ്രവാചകനില്‍ (സ) നിന്ന് വഹ്‌യ് എഴുതിവെക്കുവാന്‍ കൂടുതല്‍ അവസരമുണ്ടായിരുന്നതായി അദ്ദേഹം തന്നെ അനുസ്മരിക്കുന്നുണ്ട്. എഴുതാന്‍ കഴിയാത്ത പ്രവാചകാനുചരന്‍മാര്‍ തോല്‍ച്ചുരുളുകളും ചര്‍മപടങ്ങളുമായി വന്ന് എഴുതാന്‍ കഴിയുന്നവരെക്കൊണ്ട് ക്വുര്‍ആന്‍ വചനങ്ങള്‍ എഴുതിപ്പിച്ച് വാങ്ങുന്ന പതിവുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന നിവേദനങ്ങളുണ്ട്.

വിശുദ്ധ ക്വുര്‍ആനിന്റെ അവതരണവും സംരക്ഷണവും മാത്രമല്ല ക്രോഡീകരണവും വിശദീകരണവുമെല്ലാം സര്‍വശക്തനായ അല്ലാഹു തന്നെ നിര്‍വഹിക്കുമെന്ന് സ്വയം പ്രഖ്യാപിച്ചിട്ടുള്ളതാണ്. ”തീര്‍ച്ചയായും അതിന്റെ (ക്വുര്‍ആന്റെ) സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു. അങ്ങനെ നാം അത് ഓതിത്തന്നാല്‍ ആ ഓത്ത് നീ പിന്തുടരുക. പിന്നീട് അത് വിവരിച്ചുതരലും നമ്മുടെ ബാധ്യതയാകുന്നു.” (ക്വുര്‍ആന്‍ 75:17-19) വ്യത്യസ്ത സാഹചര്യങ്ങളില്‍ അവതരിപ്പിക്കപ്പെടുന്ന അല്ലാഹുവിന്റെ വചനങ്ങള്‍ ക്വുര്‍ആനിലെ ഏത് അധ്യായത്തില്‍ എത്രാമത്തെ വചനങ്ങളായാണ് രേഖപ്പെടുത്തേണ്ടതെന്നുകൂടി ദൈവിക ബോധനത്തിന്റെ അടിസ്ഥാനത്തില്‍ നബി (സ) തന്നെ തന്റെ എഴുത്തുകാര്‍ക്ക് പറഞ്ഞുകൊടുക്കുമായിരുന്നു. സൂറത്തുകളെയും അവയിലെ ആയത്തുകളെയും അവയുടെ സ്ഥാനത്തെയുമെല്ലാം കുറിച്ച് പ്രവാചകാനുചരന്‍മാര്‍ക്ക് കൃത്യമായ ബോധ്യമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന നിരവധി നിവേദനങ്ങളുണ്ട്. ഓരോ വചനവും അവതരിക്കപ്പെടുമ്പോള്‍ തന്റെ അനുയായികളായ ക്വുര്‍ആന്‍ എഴുത്തുകാരെ വിളിച്ച് അവ പാരായണം ചെയ്തു കേള്‍പ്പിക്കുകയും ഏത് അധ്യാത്തില്‍ എത്രാമത്തെ വചനമായാണ് അത് ചേര്‍ക്കേണ്ടതെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നതായി നബി(സ)യുടെ ക്വുര്‍ആന്‍ എഴുത്തുകാരില്‍ പ്രധാനിയായ സൈദ്ബ്‌നു ഥാബിത് (റ) വ്യക്തമാക്കുന്നുണ്ട്.(ജാമിഉത്തിര്‍മിദി, കിതാബു തഫ്‌സീറില്‍ ക്വുര്‍ആന്‍, സുനനു അബീദാവൂദ്, കിതാബുസ്സ്വലാത്)

ക്വുര്‍ആനിലെ പതിനാറാമത്തെ അധ്യായമായ സൂറത്തുന്നഹ്‌ലിലെ തൊണ്ണൂറാമത്തെ വചനം പാരായണം ചെയ്തുകൊണ്ട് ജിബ്‌രീല്‍ ഇപ്പോള്‍ എന്റെയടുക്കല്‍ വന്ന് ഈ വചനം സൂറത്തുന്നഹ്‌ലില്‍ തൊണ്ണൂറാം സൂക്തമായി ചേര്‍ക്കണമെന്നു നിര്‍ദേശിച്ചതായി അപ്പോള്‍ പ്രവാചകനോടൊപ്പമുണ്ടായിരുന്ന ഉഥ്മാനുബ്‌നു അബില്‍ ആസ്വിനോട് പറഞ്ഞതായി മുസ്‌നദ് അഹ്മദ് നിവേദനം ചെയ്യുന്ന ഹദീഥ് ഓരോ സൂക്തങ്ങളും എവിടെ ചേര്‍ക്കണമെന്ന ദൈവിക നിര്‍ദേശമുണ്ടായിരുന്നുവെന്ന വസ്തുത വെളിപ്പെടുത്തുന്നതാണ്. ‘സൂറത്തുനിന്നാഇലെ അവസാനത്തെ വചനങ്ങള്‍ താങ്കള്‍ക്ക് മതിയാവുന്നതാണ്’ എന്ന് ഉമറി(റ)നോട് പ്രവാചകന്‍ (സ) പറഞ്ഞതില്‍നിന്നും.സ്വഹീഹു മുസ്‌ലിം, കിതാബുല്‍ ഫറാഇദ് “സൂറത്തുല്‍ ബക്വറഃയിലെ അവസാനത്തെ രണ്ടു വചനങ്ങള്‍ രാത്രിയില്‍ പാരായണം ചെയ്യുന്നവര്‍ക്ക് അത് മതിയാകുന്നതാണ്’ എന്ന അബൂ മസ്ഊദ് അല്‍ബദ്‌രി (റ) നിവേദനം ചെയ്ത നബിവചനത്തില്‍ നിന്നും(സ്വഹീഹുല്‍ ബുഖാരി, കിതാബു ഫദാഇലില്‍ ക്വുര്‍ആന്‍ എന്റെ അമ്മായിയായ മൈമൂന(റ)യുടെ വീട്ടില്‍ താമസിക്കുമ്പോള്‍ പ്രവാചകന്‍ (സ) രാത്രി ഉറക്കത്തില്‍ നിന്നെണീറ്റ് സൂറത്തു ആലുംറാനിലെ അവസാനത്തെ പത്തു വചനങ്ങള്‍ പാരായണം ചെയ്യുന്നതായി ഞാന്‍ കേട്ടുവെന്ന ഇബ്‌നു അബ്ബാസിന്റെ അനുഭവവിവരണത്തില്‍ നിന്നും(സ്വഹീഹു മുസ്‌ലിം, കിതാബുല്‍ വിദ്വൂഅ്, സ്വഹീഹു മുസ്‌ലിം, കിതാബുല്‍ മുസാഫിരീന്‍) വ്യക്തമാവുന്നത് ഏതെല്ലാം അധ്യായങ്ങളില്‍ എത്രാമത്തെ സൂക്തമാണ് ഓരോ ക്വുര്‍ആന്‍ സൂക്തങ്ങളുമെന്ന് സ്വഹാബിമാര്‍ക്കെല്ലാം കൃത്യമായി അറിയാമായിരുന്നുവെന്നാണ്.

മദീനാ ഇസ്‌ലാമിക രാഷ്ട്രത്തില്‍ ക്വുര്‍ആന്‍ മനഃപാഠമുള്ളവര്‍ ധാരാളമായി ഉണ്ടായിരുന്നതുപോലെ ക്വുര്‍ആന്‍ കയ്യെഴുത്ത് പ്രതികളും ധാരാളമായി ഉപയോഗിക്കപ്പെട്ടിരുന്നു. അതുകൊണ്ടാണല്ലോ ശത്രുക്കളുടെ നാട്ടിലേക്ക് ക്വുര്‍ആനുമായി യാത്ര ചെയ്യുന്നത് നബി (സ) നിരോധിച്ചത്.(സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ ജിഹാദ്’) മദീനയിലെ മുസ്‌ലിംകളില്‍ പലരുടെയും പക്കല്‍ ക്വുര്‍ആന്‍ രേഖപ്പെടുത്തിയ ചുരുളുകളുണ്ടായിരുന്നുവെന്നും അതുമായി ശത്രുനാട്ടിലേക്കു പോകുന്ന പതിവ് സ്വഹാബിമാര്‍ക്കുണ്ടായിരുന്നുവെന്നുമാണ് അബ്ദുല്ലാഹിബ്‌നു ഉമര്‍ (റ) നിവേദനം ചെയ്ത ഈ ഹദീഥ് വ്യക്തമാക്കുന്നത്. മദീനയില്‍ ക്വുര്‍ആന്‍ കയ്യെഴുത്ത് രേഖകള്‍ വ്യാപകമായിരുന്നുവെന്ന് തന്നെയാണ് ഇത് മനസ്സിലാക്കിത്തരുന്നത്.

അവതരിക്കപ്പെട്ട മുറയിൽ കാണാതെ പഠിച്ചും ലഭ്യമായ ചുരുളുകളിൽ എഴുതി സൂക്ഷിച്ചും എഴുത്ത് രൂപത്തിലും മനഃപാഠമായും സംരക്ഷിക്കപ്പെട്ട ഗ്രൻഥമാണ് ഖുർആൻ എന്നർത്ഥം. അന്ന് മുതൽ ഇന്ന് വരെ ഈ രണ്ട് രുപത്തിലും ക്വുർആൻ സംരക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

print