ക്വുർആനിലെ പാരായണ വ്യത്യാസങ്ങള്‍ കാണിക്കുന്നത് അതില്‍ കൂട്ടിച്ചേർക്കലുകളുണ്ടായി എന്നല്ലേ?

/ക്വുർആനിലെ പാരായണ വ്യത്യാസങ്ങള്‍ കാണിക്കുന്നത് അതില്‍ കൂട്ടിച്ചേർക്കലുകളുണ്ടായി എന്നല്ലേ?
/ക്വുർആനിലെ പാരായണ വ്യത്യാസങ്ങള്‍ കാണിക്കുന്നത് അതില്‍ കൂട്ടിച്ചേർക്കലുകളുണ്ടായി എന്നല്ലേ?

ക്വുർആനിലെ പാരായണ വ്യത്യാസങ്ങള്‍ കാണിക്കുന്നത് അതില്‍ കൂട്ടിച്ചേർക്കലുകളുണ്ടായി എന്നല്ലേ?

ല്ലാഹു ജിബ്‌രീലിലൂടെ (അ) നബി (സ)ക്ക് ഏഴു ശൈലികളിൽ (ഹർഫുകൾ) ക്വുർആൻ അവതരിപ്പിച്ചതായി സ്വഹീഹായ നിരവധി ഹദീഥുകളാൽ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഏഴ് ശൈലികളിൽ അവതരിപ്പിക്കപ്പട്ട ക്വുര്‍ആന്‍ വചനങ്ങള്‍ പാരായണം ചെയ്യേണ്ട വ്യത്യസ്ത രീതികളും (ഖിറാഅത്ത്) പ്രവാചകന്‍(സ) തന്നെ പഠിപ്പിച്ചിരുന്നു. പ്രവാചകനില്‍(സ) നിന്ന് വ്യത്യസ്തരീതികളിലുള്ള ക്വുര്‍ആന്‍ പാരായണം പഠിച്ച സ്വാഹാബിമാര്‍ ആ രീതികളെല്ലാം അടുത്ത തലമുറയ്ക്കും പഠിപ്പിച്ചു കൊടുത്തതായി കാണാനാവും. ഒരേ ഉഥ്മാനീമുസ്ഹഫ് തന്നെ വ്യത്യസ്ത രീതികളില്‍ പാരായണം ചെയ്യുന്ന സമ്പ്രദായങ്ങള്‍ വളര്‍ന്നുവന്നത് അങ്ങനെയാണ്. പ്രസിദ്ധരും പാരായണ രീതികളെപ്പറ്റി കൃത്യമായി അറിയാവുന്നവരുമായ പാരായണ വിദഗ്ധരിലൂടെയും അതല്ലാത്ത അറിയപ്പെടുന്ന പാരായണക്കാരിലൂടെയുമാണ് പ്രവാചകനില്‍ നിന്ന് നേരിട്ട് ക്വുര്‍ആന്‍ പഠിച്ചിട്ടില്ലാത്തവര്‍ അതിന്റെ പാരായണ രീതി അഭ്യസിച്ചത്. വ്യത്യസ്ത തരം പാരായണ രീതികളില്‍ നിന്ന്,  പ്രവാചകനില്‍ നിന്ന് നിരവധി പേരുള്‍ക്കൊള്ളുന്ന ശൃംഖലകളിലൂടെ നിവേദനം ചെയ്യപ്പെട്ട മുതവാത്തിറായ(നിവേദക ശൃംഖലയിലെ ഓരോ കണ്ണിയിലും നിരവധി പേര്‍ ഉള്‍ക്കൊള്ളുന്ന, അബദ്ധങ്ങള്‍ കടന്നു വരാന്‍ യാതൊരു സാധ്യതയുമില്ലാത്ത നിവേദകന്മാരുടെ പരമ്പരകള്‍ക്കാണ് മുതവാതിര്‍ എന്നു പറയുന്നത്.) രീതികള്‍ മാത്രമാണ് അംഗീകരിക്കപ്പെടുന്നത്. ഇങ്ങനെ അംഗീകരിക്കപ്പെട്ട പത്ത് പാരായണ രീതികളാണുള്ളത്.

മുതവാത്തിറായ പത്ത് തരം പാരായണ രീതികളെക്കുറിച്ചും സമഗ്രമായി വിവരിക്കുന്ന ഗ്രന്ഥമാണ് ഹിജ്‌റ 833-ാം വര്‍ഷം അന്തരിച്ച ഇബ്‌നുല്‍ ജസരിയെന്ന് അറിയപ്പെടുന്ന അല്‍ഹാഫിദ് അബുല്‍ഖൈറ് മുഹമ്മദ് ബ്‌നു മുഹമ്മദ് അല്‍ ദിമശ്ഖിയുടെ അന്നശ്‌റ് ഫില്‍ ക്വിറാആത്തില്‍ അശ്ര്‍ എന്ന ബൃഹത്തായ ഗ്രന്ഥം.(അല്‍ ഹാഫിദ് അബുല്‍ ഖൈര്‍ മുഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ ദിമഷ്ഖി ഇബ്‌നുല്‍ ജസരി: അന്നശ്ര്‍ ഫില്‍ ഖിറാആത്തില്‍ അശര്‍, ബൈറൂത്ത്, ലബനാന്‍.) ഇവ്വിഷയകമായി നിരവധി രചനകള്‍ മുസ്‌ലിം ലോകത്തുണ്ടായിട്ടുണ്ട്; പ്രവാചകന്‍(സ) പഠിപ്പിച്ച എല്ലാ രീതികളിലുമുള്ള പാരായണരീതികളില്‍ ക്വുര്‍ആന്‍ അവസാനനാളുവരെ പാരായണം ചെയ്യപ്പെടുന്ന അവസ്ഥ നിലനില്‍ക്കണമെന്ന് മുസ്‌ലിം സമൂഹം കരുതുന്നതിനാലാണ് ഇത്തരം ഗ്രന്ഥങ്ങളുണ്ടാവുന്നത്. 1994ല്‍ സിറിയയിലെ ദാറുല്‍ മുഹാജിര്‍ പ്രസാധനാലയം പ്രസിദ്ധീകരിച്ച അലവി ബിന്‍ മുഹമ്മദ് ബിന്‍ അഹ്മദ് അല്‍ ഫഖീഹ് യുടെ അല്‍ ക്വിറാഅത്ത് അല്‍ അശറല്‍ മുതവാത്തിറ’എന്ന ഗ്രന്ഥം ഇവ്വിഷയകമായി പുറത്തിറങ്ങിയ താരതമ്യേന പുതിയ ഗ്രന്ഥങ്ങളിലൊന്നാണ്.(അലവി ബിന്‍ മുഹമ്മദ് ബിന്‍ അഹ്മദ് ബില്‍ഫഖീഹ്: അല്‍ ഖിറാആത്തുല്‍ അശ്‌റുല്‍ മുതവാതിറ, ദാറുല്‍ മുഹാജിര്‍, 1994)

നിലനില്‍ക്കുന്ന വ്യത്യസ്ത ഖിറാഅത്തുകള്‍ ക്വുര്‍ആനിന്റെ അഖണ്ഡതയെയും ബാധിക്കുമെന്ന് വിചാരിച്ച് അവയെക്കുറിച്ച അറിവുകള്‍ പൂഴ്ത്തിവെക്കുകയല്ല, അടുത്ത തലുമുറകള്‍ക്ക് പകര്‍ന്നു കൊടുക്കുകയാണ് പ്രസ്തുത വിഷയത്തില്‍ വിവരമുള്ള പണ്ഡിതന്മാര്‍ ചെയ്തുവന്നിട്ടുള്ളതെന്ന് ഈ രചനകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.

മദീനയില്‍ നാഫിഅ്ബ്‌നു അബ്ദിര്‍റഹ്മാന്‍, മക്കയില്‍ നിന്നുള്ള അബ്ദുല്ലാ ഇബ്‌നു കഥീര്‍ അദ്ദാരി, ദമാസ്‌കസില്‍ നിന്നുള്ള അബ്ദുല്ലാഹിബ്‌നു ആമിര്‍, ബസ്വറയില്‍ നിന്നുള്ള അബൂഅംറിബ്‌നു അലാഅ്, യഅ്ഖൂബ് ബ്‌നു ഇസ്ഹാഖ് അല്‍ ഹദ്‌റമി, കൂഫയില്‍ നിന്നുള്ള ആസ്വിം ബിന്‍ അബി അന്നജൂദ് അല്‍ അസദി, ഹംസബിന്‍ ഹബീബ് അത്തൈമി, അലിബിന്‍ ഹംസ അല്‍ അസദി അല്‍ കിസാഇ, ബസ്വറയില്‍ നിന്നുള്ള അബൂ ജാഫര്‍ യസീദുബ്‌നു അല്‍ഖാഖാ അല്‍ മഖ്‌സൂമി, ബാഗ്ദാദില്‍ നിന്നുള്ള അബൂമുഹമ്മദ് അല്‍ അസദി ഖലഫ് എന്നിവ രാണ് പ്രവാചകനില്‍ നിന്ന് മുതവാത്തിറായി പാരായണരീതികള്‍ നിവേദനം ചെയ്ത പണ്ഡിതന്മാര്‍. ഇവരിലൂടെ അറിയപ്പെടുന്ന പാരായണരീതികള്‍ മുഹമ്മദ് നബി(സ)യില്‍ നിന്ന് നിരവധി അനുചരന്മാരിലൂടെ നിവേദനം ചെയ്യപ്പെടുകയും അവരിലൂടെ നിരവധിപേര്‍ പഠിക്കുകയും അങ്ങനെ ഈ പണ്ഡിതന്മാര്‍ക്കടുത്ത് എത്തിപ്പെടുകയും ചെയ്തതാണ് എന്നര്‍ഥം.

ഉദാഹരണത്തിന് ഏറെ പ്രസിദ്ധമായ വര്‍ഷ്, ഖാലൂന്‍ എന്നീ പാരായണരീതികള്‍ പഠിപ്പിച്ച മദീനക്കാരനായ നാഫിഅ്ബ്‌നു അബ്ദുര്‍റഹ്മാനിന്റെ കാര്യമെടുക്കുക. പ്രവാചകനില്‍(സ) നിന്ന് ഉബയ്യുബ്‌നു കഅ്ബും അദ്ദേഹത്തില്‍ നിന്ന് സ്വഹാബിമാരായ അബൂഹുറയ്‌റ,(റ) ഇബ്‌നുഅബ്ബാസ്‌,(റ) എന്നിവരും പഠിച്ചെടുത്തതാണ് ഈ രീതികള്‍. അവരില്‍ നിന്ന് അബ്ദുല്ലാഹിബ്‌നു അയ്യാശ്ബ്‌നു അബീറബീഅത്ത് അല്‍ മഖ്‌സൂമി, യസീദ്ബ്‌നു അല്‍ ഖഅ്ഖാഅ്, അബ്ദുര്‍റഹ്മാനു ബ്‌നു ഹുര്‍മുസ് അല്‍ അഅ്‌റജ്, മുസ്‌ലിമുബ്‌നു ജുന്‍ദുബ് അല്‍ ഹുദലി, യസീദ്ബ്‌നു റുമാന്‍, ശൈബാബ്ന്‍ നിസ്വാഹ് എന്നീ താബിഉകള്‍ ഈ പാരായണരീതികള്‍ പഠിച്ചിട്ടുണ്ട്. അവരില്‍ നിന്നാണ് ഹിജ്‌റ 70ല്‍ ജനിക്കുകയും 117ല്‍ മരണപ്പെടുകയും ചെയ്ത നാഫിഅ് അല്‍ മദനി ഇത് പഠിച്ചെടുത്തത് (Abu Muhammad Ali Ibn Ahmad Ibn Said Ibn Hazm al-Andalusi(384-456 H):  Ar-Rasa’il al-Khamsah (A Booklet In Magazi-ne Al-Azhar), 1993, p. 7. Quoted by M S M Saifullah: “Versions Of  the Qur’an?”  http://www.islamic-awareness.org)

ഇമാം നാഫിഅ് എഴുപതോളം താബിഉകളില്‍ നിന്ന് പാരായണം നേരിട്ട് പഠിച്ച മഹദ് വ്യക്തിയാണ്.(അന്നശ്‌റ് ഫില്‍ ഖിറാആത്തില്‍ അശ്‌റ് (1/112))

അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടുകയും അദ്ദേഹത്തിലൂടെ നിരവധി പഠിതാക്കള്‍ പഠിച്ചെടുക്കുകയും ചെയ്ത വര്‍ഷ്, ഖാലൂന്‍ പാരായണരീതികള്‍ പ്രവാചകന്‍(സ) തന്നെ പഠിപ്പിച്ചുകൊടുത്തതാണെന്ന വസ്തുത സംശയാതീതമായി തെളിയിക്കാനാവുമെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇതേ പോലെത്തന്നെയാണ് മുതവാത്തിറായ പത്ത് പാരായണ രീതികളുടെയും സ്ഥിതി.

വ്യത്യസ്ത പാരായണ ശൈലികളെയും (ഹര്‍ഫ്) പാരായണ രീതികളെയും (ക്വിറാഅത്ത്) കുറിച്ച തെറ്റുധാരണകൊണ്ടാണ് ചിലര്‍ ക്വുര്‍ആനിന് പാഠഭേദങ്ങളുണ്ടെന്ന് വാദിക്കുന്നത്. ഹര്‍ഫും ക്വിറാഅത്തും ഒന്നു തന്നെയാണെന്നാണ് അവര്‍ തെറ്റുധരിച്ചിരിക്കുന്നത്. ക്വുര്‍ആനിന്റെ വ്യത്യസ്ത ശൈലികളാണ് ഏഴു ഹര്‍ഫുകള്‍. ക്വുര്‍ആന്‍ അവതരിക്കപ്പെട്ടത് ഖുറൈശികളുടെ ഹര്‍ഫിലായിരുന്നുവെന്നും തന്റെ സമുദായത്തിലെ വ്യത്യസ്ത വിഭാഗക്കാര്‍ക്ക് എളുപ്പത്തില്‍ പാരായണം ചെയ്യുന്നതിനുവേണ്ടി, നബി(സ) ആവശ്യപ്പെട്ട് നേടിയെടുത്തതാണ് ഏഴു ഹര്‍ഫുകളിലുള്ള പാരായണമെന്നും സ്വഹീഹായ ഹദീഥുകള്‍ വ്യക്തമാക്കുന്നുണ്ട്.(സ്വഹീഹുല്‍ ബുഖാരി, കിതാബു ഫദാഇലില്‍ ക്വുര്‍ആന്‍; സ്വഹീഹു മുസ്‌ലിം, കിതാബു ഫദാഇലില്‍ ക്വുര്‍ആന്‍ വ മാ യതഅല്ലഖ ബിഹി; സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ ഖുസ്വൂമാത്; സ്വഹീഹുല്‍ ബുഖാരി, കിതാബു ബദ്ഉല്‍ ഖല്‍ഖ്; ജാമിഉ ത്തിര്‍മിദി, കിതാബുല്‍ ക്വിറാആത്; മുസ്‌നദ് ഇമാം അഹ്മദ്, 5/132 ഹദീഥ്: 21523)

വ്യത്യസ്ത ഗോത്രങ്ങളില്‍ നിന്ന് ഇസ്‌ലാം സ്വീകരിച്ച വ്യത്യസ്ത നിലവാരത്തിലുള്ളവര്‍ക്കെല്ലാം ക്വുര്‍ആന്‍ പാരായണത്തിനും മനഃപാഠമാക്കുന്നതിനും എളുപ്പത്തില്‍ സാധിച്ചു. അതോടൊപ്പം തന്നെ ക്വുര്‍ആനിലെ ഒരു അധ്യായത്തിന് തുല്യമായ ഒരു അധ്യായമെങ്കിലും കൊണ്ടുവരാന്‍ സത്യനിഷേധികളെ വെല്ലുവിളിക്കുന്ന ക്വുര്‍ആന്‍ വചനങ്ങളുടെ(ക്വുര്‍ആന്‍ 2:23,24) അര്‍ഥവ്യാപ്തി എല്ലാവര്‍ക്കും മനസ്സിലാക്കുവാനും എല്ലാ ഗോത്രങ്ങളെയും പ്രസ്തുത വെല്ലുവിളിക്ക് വിധേയമാക്കുവാനും അതുവഴി കഴിയുകയും ചെയ്തു. ഒരൊറ്റ ശൈലിയില്‍ മാത്രമായിരുന്നു ക്വുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടതെങ്കില്‍ ചിലര്‍ക്കെങ്കിലും തങ്ങള്‍ക്ക് ഈ വെല്ലുവിളി ബാധകമല്ലെന്നും ഒരൊറ്റ ശൈലിയില്‍ മാത്രമാണ് ക്വുര്‍ആന്‍ സംസാരിക്കുന്നതെന്നും പറഞ്ഞ് രക്ഷപ്പെടാമായിരുന്നു. അന്ന് നിലവിലുണ്ടായിരുന്ന ഗോത്രങ്ങള്‍ക്കൊന്നിനും ഈ വെല്ലുവിളിയുടെ പരിധിയില്‍ നിന്ന് മാറുവാന്‍ കഴിയാത്തവിധം അവരിലെ സത്യനിഷേധികളെ കുരുക്കുന്നതാണ് ഏഴു ഹര്‍ഫുകളിലായുള്ള ക്വുര്‍ആനിന്റെ അവതരണമെന്നര്‍ഥം.

ഉഥ്മാനി(റ)ന്റ ഭരണകാലത്ത് നടന്നത് ഈ ഏഴുഹര്‍ഫുകളെയും ഉള്‍ക്കൊണ്ടുകൊണ്ട്, ഖുറൈശീഭാഷയിലുള്ള മുസ്വ്ഹഫ് പകര്‍ത്തിയെ ഴുത്തായിരുന്നുവെന്നാണ് ഹദീഥുകള്‍ വ്യക്തമാക്കുന്നത്. ഏതെങ്കിലും കാര്യത്തില്‍ നിങ്ങള്‍ വിയോജിക്കുന്നുവെങ്കില്‍ അത് ഖുറൈശീ രീതിപ്രകാരം എഴുതുക; ക്വുര്‍ആന്‍ അവതരിക്കപ്പെട്ടത് ഖുറൈശീ രീതിയിലാണ് (സ്വഹീഹുല്‍ ബുഖാരി, കിതാബു ഫദാഇലില്‍ ക്വുര്‍ആന്‍) എന്ന ഉഥ്മാനുബ്‌നു അഫ്ഫാനി(റ)ന്റ നിര്‍ദേശത്തില്‍ നിന്ന് അതാണ് മനസ്സിലാവുന്നത്. അറബി ആധാര ഭാഷയായ ഖുറൈശീഭാഷയി ലുള്ള മുസ്വ്ഹഫിന്റെ പകര്‍ത്തിയെഴുത്തിനു ശേഷം വ്യത്യസ്ത ഹര്‍ഫുകള്‍ സ്വാഭാവികമായും നിലനിന്നിരുന്നില്ല. വ്യത്യസ്ത ഹര്‍ഫു കളില്‍ ക്വുര്‍ആന്‍ പാരായണം ചെയ്തുവരികയും മനഃപാഠമാക്കുകയും പഠിപ്പിക്കുകയുമെല്ലാം ചെയ്തുവന്നിരുന്ന സ്വഹാബകളിലാരും തന്നെ ഇത്തരമൊരു ഏകീകരണത്തിന് എതിരെ നിന്നിട്ടില്ലെന്ന വസ്തുത ശ്രദ്ധേയമാണ്.. ഖുറൈശീഭാഷയിലുള്ള ഹര്‍ഫുകളുടെ ഏകീക രണം വഴി ക്വുര്‍ആനിലെ ആശയങ്ങള്‍ക്കോ പദവിന്യാസത്തിനോ മാറ്റങ്ങളെന്തെങ്കിലുമുണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ അതിനു സമ്മതിക്കില്ലാ യിരുന്നു. സ്വഹാബിമാരുടെ ഐകകണ്ഠമായ അംഗീകാരത്തോടെ പകര്‍ത്തിയെഴുതിയ മുസ്വ്ഹഫുകളാണ് ഉഥ്മാനി(റ)ന്റ കാലം മുതല്‍ ഇന്നുവരെ ലോകത്തെല്ലായിടത്തും ഉപയോഗിച്ചുവന്നിട്ടുള്ളത്.

ഖുറൈശീഭാഷയില്‍ രേഖീകരിക്കപ്പെട്ട വിശുദ്ധ ക്വുര്‍ആനിന്റെ വ്യത്യസ്ത പാരായണങ്ങളാണ് ക്വിറാഅത്തുകള്‍. നടേ സൂചിപ്പിച്ച മുതവാത്തിറായ പത്തു ക്വിറാഅത്തുകളില്‍ ഏഴെണ്ണമാണ് ഏറെ പ്രസിദ്ധമായവ. നാഫിഅ് അല്‍ മദനി, ഇബ്‌നുകഥീര്‍ അല്‍മക്കി, അബൂ അംറുബ്‌നുല്‍ അലാഅ് അല്‍ ബസ്വ്‌രി, ഇബ്‌നു ആമിര്‍ അദ്ദിമശ്ക്കി, ആസിം അല്‍ കൂഫി, ഹംസാ അല്‍ കൂഫി, അല്‍ കിസാഈ അല്‍ കൂഫി എന്നിവരുടേതാണ് അവ. പ്രസിദ്ധമായ ക്വിറാഅത്തുകളുടെ എണ്ണവും ഹര്‍ഫുകളുടെ എണ്ണവും ഏഴ് ആയതുകൊണ്ടാണെന്ന് തോന്നുന്നു, ഹര്‍ഫും ഖിറാഅത്തും ഒന്നു തന്നെയാണെന്ന് ചിലരെല്ലാം തെറ്റുധരിച്ചിട്ടുണ്ട്. വ്യത്യസ്ത ഹര്‍ഫുകളെ ഉള്‍ക്കൊണ്ടുകൊണ്ട് ഖുറൈശീഭാഷയില്‍ ഉഥ്മാന്‍ (റ)ക്രോഡീകരിച്ച ക്വുര്‍ആനിന്റെ വ്യത്യസ്തങ്ങളായ പാരായണ രീതികളാണ് ക്വിറാഅത്തുകള്‍.

നബി(സ)യില്‍ നിന്ന് മുതവാത്തിറായി നിവേദനം ചെയ്യപ്പെട്ട പത്ത് ഖിറാഅത്തുകളില്‍ കാണപ്പെടുന്ന സൂക്ഷ്മമായ വ്യതിരിക്തതകള്‍, വ്യത്യസ്ത ഹര്‍ഫുകളിലുള്ള അടിസ്ഥാന വ്യത്യാസങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടു തന്നെയാണ് ഉഥ്മാനി(റ)ന്റ മുസ്ഹഫ് പകര്‍ത്തിയെ ഴുത്ത് നടന്നതെന്ന് വ്യക്തമാക്കുന്നുണ്ട്. ഹര്‍ഫുകളിലെ ഗോത്രഭാഷാപ്രയോഗങ്ങളെ ഏകീകരിച്ച് ഖുറൈശീഭാഷയില്‍ ക്വുര്‍ആന്‍ ക്രോഡീകരിച്ച് ഗ്രന്ഥരൂപത്തിലാക്കിയപ്പോള്‍ തന്നെ വ്യത്യസ്തങ്ങളായ ക്വിറാഅത്തുകളിലൂടെ ഹര്‍ഫുകളിലുള്ള ആശയ വ്യത്യാസമുള്ള പ്രയോഗങ്ങളുടെ ആശയങ്ങള്‍ നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ടെന്നാണ് ഇതില്‍ നിന്ന് മനസ്സിലാവുന്നത്. ക്വുര്‍ആനിലെ പ്രഥമാധ്യായമായ സൂറത്തുല്‍ ഫാത്തിഹയിലെ നാലാം വചനത്തിലെ വ്യത്യസ്ത പാരായണങ്ങള്‍ ഉദാഹരണമായെടുക്കുക. ‘മാലിക്കി യൗമിദ്ദീന്‍’ എന്നും ‘മലിക്കി യൗമിദ്ദീന്‍’ എന്നും രണ്ടു പാരായണഭേദങ്ങളുണ്ട് ഈ വചനത്തിന്. ‘പ്രതിഫല നാളിന്റെ ഉടമസ്ഥന്‍’ എന്ന് ആദ്യത്തേതിനും, ‘പ്രതിഫലനാളിന്റെ രാജാവ്’ എന്ന് രണ്ടാമത്തേതിനും യഥാക്രമം അര്‍ഥം പറയാം. ഈ രണ്ടു രൂപത്തിലുമുള്ള പാരായണത്തിന് പ്രവാചകന്റെ (സ) അംഗീകാരമുണ്ട് എന്നതിനാല്‍ ഇവ രണ്ടും ദൈവിക വെളിപാടുകളാണെന്ന് വ്യക്തമാണ്. വ്യത്യസ്ത ഖിറാഅത്തു കളിലുള്ള ഇത്തരം വ്യത്യാസങ്ങള്‍ വ്യതിരിക്തമായ ഹര്‍ഫുകളിലുണ്ടായിരുന്ന വ്യത്യാസത്തെക്കൂടി ഉള്‍ക്കൊള്ളുന്നതാണ്.

വ്യത്യസ്ത ക്വിറാഅത്തുകളിലുള്ള സൂക്ഷ്മമായ വ്യത്യാസങ്ങള്‍ ചൂണ്ടിക്കാണിച്ച് ക്വുര്‍ആനിന് പാഠഭേദങ്ങളുണ്ടെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് ഹര്‍ഫും ഖിറാഅത്തും അല്ലാഹു തന്നെ അവതരിപ്പിച്ചതാണെന്ന ഇസ്‌ലാമിക പാഠത്തെക്കുറിച്ച് മനസ്സിലാക്കാത്തതു കൊണ്ടാണ്. മനുഷ്യരുടെ കരവിരുതുകളാല്‍ പാഠഭേദങ്ങളുണ്ടായ ബൈബിള്‍ പുസ്തകങ്ങളുടെ അവസ്ഥയല്ല ക്വുര്‍ആനിന്റേത്. അത് അവതരിക്കപ്പെട്ട രൂപത്തില്‍ തന്നെ നിലനില്‍ക്കുന്നുണ്ട്. വ്യത്യസ്ത പാരായണങ്ങളിലൂടെ പടച്ചവന്‍ അവതരിപ്പിച്ച വ്യതിരിക്തതകള്‍ പോലും ഇന്നും നിലനില്‍ക്കുന്നു; ക്വുര്‍ആനിലുള്ള പാരായണ വ്യത്യാസങ്ങളാവട്ടെ വളരെ പരിമിതവും അതിന്റെ അര്‍ഥഘടനയെ ഒരുതരത്തിലും ബാധിക്കാത്തതുമാണെന്ന് തദ്‌വിഷയകമായി പഠനം നടത്തിയിട്ടുള്ള ഓറിയന്റലിസ്റ്റ് പണ്ഡിതന്മാര്‍ പോലും സമ്മതിച്ചിട്ടുള്ളതുമാണ്. അതാണ് ഓറിയന്റലിസത്തിന്റെ പിതാക്കളിലൊരാളായ സര്‍ വില്യം മ്യൂറിന്റെ വാക്കുകളില്‍ നാം കണ്ടത്. (William Muir: Opt. Cit., Pages xxii-xxiii.)

ഏറ്റവുമധികം പ്രചാരത്തിലിരിക്കുന്ന രണ്ട് ക്വുര്‍ആന്‍ ക്വിറാഅത്തുകളായ ഹഫ്‌സിനെയും വര്‍ഷിനെയും കുറിച്ച് ഗവേഷണം നടത്തിയ യോര്‍ക്ക് സെന്റ് ജോണ്‍ യൂനിവേഴ്‌സിറ്റിയിലെ ഫാക്കല്‍ടി ഓഫ് എഡ്യുക്കേഷന്‍ ആന്റ് തിയോളിജിയുടെ പ്രിന്‍സിപള്‍ ലക്ചറും പ്രസിദ്ധ ഓറിയന്റലിസ്റ്റുമായ ഡോക്ടര്‍ ആഡ്രിയന്‍ ബ്രോക്കറ്റ് എഴുതുന്നു. ‘ഹഫ്‌സ് നിവേദനത്തിലും വര്‍ഷ് നിവേദനത്തിലുമുള്ള വ്യത്യാസങ്ങള്‍, പാരായണത്തിലുള്ളതാണെങ്കിലും രേഖീകരണത്തിലുള്ളതാണെങ്കിലും വചനങ്ങളുടെ അര്‍ഥത്തെ സാരമായി ബാധിക്കുന്നില്ല എന്നത് ഒരു ലളിതമായ യാഥാര്‍ഥ്യമാണ്. പല വ്യതിരിക്തതകളും അതിന്റെ അര്‍ഥത്തില്‍ യാതൊരുവിധ മാറ്റവുമുണ്ടാക്കുന്നില്ല. രേഖകളുടെ പശ്ചാത്തലത്തില്‍ മാത്രം ചെറിയ അര്‍ഥവ്യത്യാസമുണ്ടാക്കുന്ന മറ്റു ചില വ്യതിരിക്തതകളാവട്ടെ മുസ്‌ലിം ചിന്തയെ ഏതെങ്കിലും തരത്തില്‍ ബാധിക്കാവുന്ന തരത്തില്‍ സ്വാധീനമുണ്ടാക്കുന്നവയല്ല താനും.'(Adrian Brockett: “The Extent To Which The Differences Affect The Sense”, in Andrew RÆpin (Ed.): Approaches Of The History of Interpretation Of The Qur’an, Oxford, 1988, Page 37.)

വ്യത്യസ്ത സ്ഥലങ്ങളില്‍ രൂപാന്തരപ്പെട്ട വ്യത്യസ്ത ക്വുര്‍ആനുകള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്ന മട്ടിലാണ് ഇസ്‌ലാം വിമര്‍ശകര്‍ വ്യത്യസ്ത ക്വിറാഅത്തുകളെക്കുറിച്ച് പരാമര്‍ശിക്കാറുള്ളത്. മുസ്‌ലിം ലോകത്ത് ആദ്യകാലം മുതല്‍ തന്നെ വ്യത്യസ്ത പാരായണങ്ങളെക്കുറിച്ചറി യാവുന്നവരുണ്ടായിരുന്നു. നടേ പറഞ്ഞ നാടുകളില്‍ പ്രചാരത്തിലിരിക്കുന്ന വര്‍ശ് പാരായണ രീതിയുടെയും ലിബിയ, ടുണീഷ്യ, ഖത്തര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിലനില്‍ക്കുന്ന ഖാലൂന്‍ പാരായണരീതിയുടെയും ഗുരുവായി അറിയപ്പെടുന്നത് നാഫിഅ് അല്‍ മദനി തന്നെയാണ്. മുസ്‌ലിം ലോകത്ത് പൊതുവെ പ്രചാരത്തിലിരിക്കുന്ന ഹഫ്‌സ് പാരായണ രീതിയുടെ ഗുരുനാഥനായ ആസ്വിം അല്‍ കൂഫി തന്നെയാണ് ശുഅ്ബയെന്ന് അറിയപ്പെടുന്ന പാരായണരീതിയുടെയും ഗുരു. പത്തു ഖിറാഅത്തുകളെയും വിശദീകരിക്കുന്ന അല്‍ഖിറാആത്തുല്‍ അശറല്‍ മുതവാത്തിറഃയെന്ന ഗ്രന്ഥത്തില്‍ അതു തയാറാക്കുവാന്‍ സഹായിച്ച, പത്ത് ക്വിറാഅത്തുകളിലും പ്രാവീണ്യവും അവയിലെല്ലാം ക്വുര്‍ആന്‍ മനഃപാഠവുമുള്ള മുഹമ്മദ് ഫഹദ് ഖറൂഫിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട് (അലവി ബിന്‍ മുഹമ്മദ് ബിന്‍ അഹ്മദ് ബല്‍ഫഖീഹ്: അല്‍ ഖിറാആത്തുല്‍ അശ്‌റുല്‍ മുതവാതിറ, പുറം ചട്ടയുടെ പിന്‍ഭാഗം) എല്ലാ ക്വിറാഅത്തുകളിലും പ്രാവീണ്യമുള്ളവര്‍ എക്കാലത്തും മുസ്‌ലിം ലോകത്ത് ജീവിച്ചിരുന്നുവെന്ന വസ്തുത വ്യക്തമാക്കുന്നതാണ്, പത്തു ക്വിറാഅത്തുകളിലും പ്രാവീണ്യമുള്ളവര്‍ പതിനാലു നൂറ്റാണ്ടുകള്‍ കഴിഞ്ഞും ജീവിച്ചിരിക്കുന്നുവെന്ന യാഥാര്‍ഥ്യമെന്നതില്‍ സംശയമില്ല.

print