ക്രൈസ്തവർക്ക് സ്വർഗം നിഷിദ്ധമാകുന്നതെങ്ങനെ?

/ക്രൈസ്തവർക്ക് സ്വർഗം നിഷിദ്ധമാകുന്നതെങ്ങനെ?
/ക്രൈസ്തവർക്ക് സ്വർഗം നിഷിദ്ധമാകുന്നതെങ്ങനെ?

ക്രൈസ്തവർക്ക് സ്വർഗം നിഷിദ്ധമാകുന്നതെങ്ങനെ?

ക്രൈസ്തവർക്ക് യാതൊന്നും ഭയപ്പെടുകയോ ദുഖിക്കുകയോ വേണ്ടി വരികയില്ലെന്ന് 5:69 ൽ പറയുന്നു. ഇതിന് വിരുദ്ധമായി അവർക്ക് സ്വർഗം നിഷിദ്ധമാണെന്ന് 5:72 ലും പറയുന്നു. ഇതിലേതാണ് ശരി?

ജന്‍മമല്ല, വിശ്വാസവും കര്‍മവുമാണ് മനുഷ്യരുടെ മോചനത്തിനുള്ള മാര്‍ഗമെന്ന് വ്യക്തമാക്കുന്നതാണ് സൂറത്തുല്‍ മാഇദയിലെ 69-ാം വചനം. ഈ വചനം തന്നെ 2:62 ലും ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്.

പ്രസ്തുത വചനത്തിന്റെ സാരം ഇങ്ങനെയാണ്:

സത്യവിശ്വാസികളോ യഹൂദരോ സാബികളോ ക്രൈസ്തവരോ ആരാകട്ടെ അവരില്‍ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദു:ഖിക്കേണ്ടി വരികയുമില്ല.”

ഈ സൂക്തത്തില്‍ മോക്ഷത്തിനുള്ള മാര്‍ഗമായി നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത് മൂന്ന് കാര്യങ്ങളാണ്. (ഒന്ന്) അല്ലാഹുവിലുള്ള വിശ്വാസം. (രണ്ട്) അന്ത്യദിനത്തിലുള്ള വിശ്വാസം. (മൂന്ന്) സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുക. ഏത് വിഭാഗത്തില്‍ പെട്ടവരായിരുന്നാലും ഈ മൂന്നു കാര്യങ്ങളുമുണ്ടെങ്കില്‍ സ്വര്‍ഗപ്രവേശം ലഭിക്കുമെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹു ഏകനും അദ്വിതീയനും അതുല്യനുമാണെന്ന് വിശ്വസിക്കുകയും അവന്നു മാത്രം ആരാധനകള്‍ അര്‍പ്പിക്കുകയും ചെയ്യുന്നവനാണ് അല്ലാഹുവില്‍ വിശ്വസിച്ചവന്‍ എന്നാലര്‍ത്ഥം. മരണാനന്തര ജീവിതത്തില്‍ അടിയുറച്ച് വിശ്വസിക്കുകയും കര്‍മ്മങ്ങള്‍ക്കുള്ള പ്രതിഫലം പരലോകത്ത് വെച്ച് ലഭിക്കണമെന്ന് കാംക്ഷിക്കുകയുമാണ് അന്ത്യദിനത്തിലുള്ള വിശ്വാസം കൊണ്ട് വിവക്ഷിക്കുന്നത്. ദൈവികമെന്ന് ഉറപ്പുള്ള വിജ്ഞാന സ്രോതസ്സുകളില്‍ പരാമര്‍ശിക്കപ്പെട്ട നന്‍മകള്‍ ചെയ്യുകയും തിന്‍മകളില്‍നിന്ന് അകന്ന് നില്‍ക്കുകയും ചെയ്യുന്നവനാണ് സല്‍കര്‍മങ്ങള്‍ ചെയ്യുന്നവന്‍. ഇക്കാര്യങ്ങള്‍ ജീവിതത്തിലുള്ള ഒരാള്‍ക്ക് ദു:ഖിക്കേണ്ടി വരികയില്ലെന്ന സുവിശേഷമറിയിക്കുകയാണ് മുകളില്‍ വിവരിക്കപ്പെട്ട സൂക്തം ചെയ്യുന്നത്.

ക്രിസ്തുവിനെ അനുധാവനം ചെയ്തുകൊണ്ട് മോക്ഷത്തിന്റെ മാര്‍ഗത്തിലെത്തിച്ചേരേണ്ട ക്രൈസ്തവര്‍ അദ്ദേഹത്തിന്റെ ഉപദേശങ്ങളെ അവഗണിച്ചുകൊണ്ട് നരകത്തിന്റെ പാതയിലെത്തിച്ചേര്‍ന്നതിനെ വിമര്‍ശിക്കുകയാണ് 5:72 മുതല്‍ 75 വരെ സൂക്തങ്ങളില്‍ ഖുര്‍ആന്‍ ചെയ്യുന്നത്. യേശു തന്നെയാണ് ദൈവമെന്നും ത്രിയേകത്വത്തിലെ ഒരു വ്യക്തിമാത്രമാണ് അല്ലാഹുവെന്നും വിശ്വസിക്കുന്ന ക്രൈസ്തവര്‍ മോക്ഷത്തിലെത്തിച്ചേരുവാന്‍ 5:69ല്‍ നിര്‍ദേശിക്കപ്പെട്ട ഒന്നാമത്തെ കാര്യത്തില്‍ തന്നെ പിഴച്ചുപോവുകയാണ് ചെയ്തിട്ടുള്ളതെന്നും അതിനാല്‍ അവര്‍ക്ക് സ്വര്‍ഗം നിഷിദ്ധമാണെന്നും വ്യക്തമാക്കുകയുമാണ് ഈസൂക്തങ്ങളില്‍ ചെയ്യുന്നത്. ഇവ 5:69 ന്റെ അനുപൂരകമായ സൂക്തങ്ങളാണ് എന്നര്‍ഥം. ത്രിയേക വിശ്വാസത്തില്‍ നിന്ന് രക്ഷപ്പെട്ട് കൊണ്ട് ഏകദൈവാരാധനയിലേക്ക് കടന്നുവരികയും ദൈവികമെന്ന് ഉറപ്പ് പറയാവുന്ന ഖുര്‍ആനിലും അതിന്റെ പ്രായോഗിക ജീവിത മാതൃകയായ നബിചര്യയിലും വിശദീകരിക്കപ്പെട്ട സല്‍കര്‍മ്മങ്ങള്‍ ചെയ്യുകയും പരലോകമോക്ഷത്തിനു വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്താല്‍ ക്രൈസ്തവരടക്കമുള്ള സകല മനുഷ്യര്‍ക്കും സമാധാനത്തിന്റെ ഭവനമായ സ്വര്‍ഗത്തില്‍ പ്രവേശനം കിട്ടുമെന്നാണ് 5:69 ല്‍ പറയുന്നത്. ക്രൈസ്തവരുടെ വിശ്വാസാചാരങ്ങളെ വിമര്‍ശിക്കുകയും വേദഗ്രന്ഥത്തിലെ തിരുത്തലുകളെ വ്യക്തമാക്കുകയും ചെയ്യുന്ന ഒട്ടനവധി സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ട്. ഇവയുമായി യാതൊരു രീതിയിലും 5:69 സൂക്തം വൈരുധ്യം പുലര്‍ത്തുന്നില്ല.

print