കാരാഗൃഹ വാസമല്ലേ നല്ല ശിക്ഷാരീതി?

/കാരാഗൃഹ വാസമല്ലേ നല്ല ശിക്ഷാരീതി?
/കാരാഗൃഹ വാസമല്ലേ നല്ല ശിക്ഷാരീതി?

കാരാഗൃഹ വാസമല്ലേ നല്ല ശിക്ഷാരീതി?

കാരാഗൃഹത്തില്‍ അടക്കുന്നതുകൊണ്ടുമാത്രം കുറ്റകൃത്യങ്ങളില്‍നിന്ന് സമൂഹം മുക്തമാവുകയില്ലെന്ന സത്യം ഇന്ന് വ്യത്യസ്ത രാജ്യങ്ങളില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. പണമുണ്ടാക്കുകയും സുഖിക്കുകയുമാണ് ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന് പഠിപ്പിക്കപ്പെടുന്ന യുവതലമുറയെ സംബന്ധിച്ചിടത്തോളം പണമുണ്ടാക്കുവാനുള്ള കുറുക്കുവഴികളാണ് കുറ്റ്യകൃത്യങ്ങള്‍. എല്ലാ ആധുനിക സമൂഹങ്ങളിലും കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരികയാണെന്നാണ് സ്ഥിതി വിവരക്കണക്കുകള്‍ കാണിക്കുന്നത്.

ഇന്ത്യയിലെ സ്ഥിതിതന്നെയെടുക്കുക: കഴിഞ്ഞ ഒരു ദശാബ്ദത്തിനിടക്ക് കുറ്റകൃത്യങ്ങളുടെ നിരക്കില്‍ വമ്പിച്ച വര്‍ധനയാണുണ്ടായിട്ടുള്ളത്. സുഖം നേടാന്‍ വേണ്ടി മല്‍സരിച്ചുകൊണ്ടിരിക്കുന്ന യുവാക്കള്‍ക്കിടയിലെ കുറ്റവാസന ഭീതിദായകമായ രീതിയില്‍ വര്‍ധിച്ചിട്ടുണ്ടെന്ന് ‘ഇന്ത്യാ ടുഡേ‘ തയാറാക്കിയ ഒരു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത് കാണുക: ‘ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ ക്രിമിനോളജി വിഭാഗം കഴിഞ്ഞ ഒരു ദശകത്തില്‍ നടന്ന കുറ്റകൃത്യങ്ങളുടെ രീതിയെക്കുറിച്ച് നടത്തിയ ആഴത്തിലുള്ള പഠനം പൂര്‍ത്തിയായിവരികയാണ്. യുവാക്കള്‍ക്കിടയിലുള്ള കുറ്റകൃത്യങ്ങള്‍ 40ശതമാനം കണ്ട് വര്‍ധിച്ചിരിക്കുന്നു എന്നാണ് ആ പഠനം നല്‍കുന്ന ഭയാനകമായ വിവരം. ഇത്തരം കുറ്റകൃത്യങ്ങള്‍ എല്ലാ വിഭാഗങ്ങളിലും പെട്ട യുവാക്കളും ചെയ്യുന്നുണ്ടെങ്കിലും മധ്യവര്‍ഗ, ഉപരി-മധ്യവര്‍ഗ കുടുംങ്ങളിലെ യുവാക്കള്‍ക്കിടയില്‍ ഇത്തരം ക്രൂരതകള്‍ വര്‍ധിച്ചുവരുന്നുവെന്ന വസ്തുതയാണ് ശ്രദ്ധേയമായിരിക്കുന്നത്. രാജ്യത്ത് നടക്കുന്ന കുറ്റകൃത്യങ്ങളില്‍ 56 ശതമാനത്തിലും ഉത്തരവാദികളായ യുവാക്കള്‍-16-നും 25-നും ഇടയില്‍ പ്രായമുള്ളവരാണെന്ന് നാഷനല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ അതിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നു. മുംബൈയില്‍ കഴിഞ്ഞ 11 മാസങ്ങളില്‍ 551 ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കല്‍ സംഭവങ്ങള്‍ ഉണ്ടായതില്‍ 80 ശതമാനവും ആദ്യമായി ഇത്തരം പ്രവര്‍ത്തിക്കിറങ്ങുന്ന യുവാക്കള്‍ ഉള്‍പ്പെട്ടതാണ്. അവരില്‍ 50ശതമാനവും 20 വയസ്സില്‍ താഴെയുള്ളവരാണ്. ബാംഗ്ലൂരില്‍ കവര്‍ച്ചയും കൊള്ളയും വര്‍ധിച്ചുവരികയാണെന്നും അതില്‍ 60 ശതമാനവും യുവാക്കള്‍ ഉള്‍പ്പെട്ടതാണെന്നും റിപ്പോര്‍ട്ടു ചെയ്യുന്നു. ദല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ക്രൂരമായ കുറ്റകൃത്യങ്ങളില്‍ 93 ശതമാനവും ആദ്യമായി അതിന് ഇറങ്ങിയിരിക്കുന്ന യുവാക്കള്‍ ചെയ്തവയാണ്‘ (ഇന്ത്യാ ടുഡേ, 2-1-1999).

താനിഷ്ടപ്പെടുന്ന ഒരു പെണ്‍കുട്ടിയുമായി കറങ്ങി നടന്ന സഹപാഠിയെയും കൂട്ടുകാരനെയും കൊന്ന കല്‍ക്കത്തയിലെ പതിനൊന്നാം ക്ലാസുകാരന്‍; പണമുണ്ടാക്കാനായി ചുരുങ്ങിയത് 23പേരെയെങ്കിലും തലയ്ക്കടിച്ച് കൊന്ന ശ്യാമും രവിയും (രണ്ടു പേര്‍ക്കും 24 വയസ്സ്); സ്‌നേഹിതന്റെ മാതാവിനെ കൊന്ന് പണം കൊള്ളയടിച്ച എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ഥി; കൂട്ടുകാരന്റെ വീടുകൊള്ളയടിക്കാനായി അവന്റെ അമ്മയെയും സഹോദരിയെയും കൊന്ന 21-കാരന്‍; നാലു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയും ഒന്നിലധികം പേരെ കൊലപ്പെടുത്തുകയും ചെയ്ത കുബേര പുത്രന്‍ (26 വയസ്സ്); 98 കൊലപാതകക്കേസുകളില്‍ പ്രതിയായ 25-കാരന്‍. ഇങ്ങനെ ഇന്ത്യാ ടുഡേയില്‍ വിവരിക്കുന്ന കുറ്റവാളികളുടെ നിര വളരെ നീണ്ടതാണ്.

എന്തുകൊണ്ട് ഈ കുറ്റകൃത്യങ്ങളുണ്ടാകുന്നു? ഒന്നാമതായി,പ്രപഞ്ചനാഥനിലും മരണാനന്തര ജീവിതത്തിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടത്. രണ്ടാമതായി, പണമുണ്ടാക്കുകയും പരമാവധി സുഖിക്കുകയുമാണ് മനുഷ്യജീവിതത്തിന്റെ ലക്ഷ്യമെന്ന് പഠിപ്പിക്കപ്പെട്ടത്. മൂന്നാമതായി, എന്തു കുറ്റംചെയ്താലും തങ്ങള്‍ പിടിക്കപ്പെടുകയില്ലെന്നും അഥവാ പിടിക്കപ്പെട്ടാല്‍തന്നെ സ്വാധീനങ്ങളുപയോഗിച്ചുകൊണ്ട് ശിക്ഷയില്‍നിന്ന് രക്ഷപ്പെടാമെന്നും ഇനി ശിക്ഷിക്കപ്പെട്ടാല്‍തന്നെ ഏതാനും മാസത്തെ ജയില്‍വാസത്തിനുശേഷം സുഖമായി ജീവിക്കാമെന്നുള്ള വിചാരം. മുതലാളിത്തമൂല്യങ്ങള്‍ നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ ഈ വിചാരം നിലനിലനില്‍ക്കുന്നത് കുറ്റകൃത്യങ്ങളുടെ ഭീതിദമായ വളര്‍ച്ചക്ക് നിമിത്തമാകും. ആധുനികമെന്ന് സ്വയം വിശേഷിപ്പിക്കുന്ന രാഷ്ട്രങ്ങളിലെല്ലാം ഈ പ്രശ്‌നം സാമൂഹിക ശാസ്ത്രജ്ഞന്മാരെ അലട്ടിക്കൊണ്ടിരിക്കുന്നുവെന്നതാണ് സത്യം.

എന്താണൊരു പരിഹാരം? കുറ്റകൃത്യങ്ങള്‍ക്ക് കഠിനമായ ശിക്ഷ നല്‍കുക. പ്രസ്തുത ശിക്ഷ പരസ്യമായി നടപ്പാക്കുക. കൊള്ള നടത്തിയാല്‍ കരം ഛേദിക്കെപ്പടുമെന്നും കൊല ചെയ്താല്‍ തന്റെ ജീവന്‍ നഷ്ടപ്പെടുമെന്നുമെല്ലാമുള്ള സ്ഥിതിയുണ്ടായാല്‍ കുറ്റകൃത്യങ്ങള്‍ കുറയുമെന്നുറപ്പാണ്. ഇതിന് ജീവിക്കുന്ന ഉദാഹരണമാണല്ലോ ഇസ്‌ലാമിക ശിക്ഷാവിധികള്‍ നടപ്പാക്കുന്ന രാഷ്ട്രങ്ങള്‍. പരേതനായ അബ്ദുല്‍ അസീസ് രാജാവിന്റെ കാലത്ത് നീണ്ട 25വര്‍ഷക്കാലത്തിനുള്ളില്‍ 16 കരഛേദങ്ങള്‍ മാത്രമേ സഊദി അറേബ്യയില്‍ വേണ്ടിവന്നിട്ടുള്ളൂ. അഥവാ 16 മോഷണങ്ങളേ 25വര്‍ഷത്തിനിടക്ക് നടന്നുള്ളൂവെന്നര്‍ഥം. മോഷ്ടിച്ചവന് കൈ നഷ്ടപ്പെടുമെന്ന അവസ്ഥയുണ്ടാവുമ്പോള്‍, മോഷ്ടിച്ചതു വഴി കൈ നഷ്ടപ്പെട്ടവര്‍ ജീവിക്കുന്ന സമൂഹത്തില്‍ പിന്നെ ആ കുറ്റകൃത്യം ചെയ്യുവാന്‍ പെട്ടെന്നൊന്നും ആരും മുതിരുകയില്ലെന്നുറപ്പാണ്. എന്തെന്തു പ്രലോഭനങ്ങളുണ്ടായാലും കഠിനമായ ശിക്ഷ ഭയപ്പെട്ട് കുറ്റത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നവരായിരിക്കും ഭൂരിപക്ഷം. ഈ വസ്തുത ഭൗതികവാദികള്‍ പോലും സമ്മതിക്കുന്നതാണ്. ഇ.എസ്. ഗംഗാധരന്‍ എഴുതി: ‘കൊള്ള, കൊല, കളവ്, വഞ്ചന, വ്യഭിചാരം, അടിപിടികള്‍ എന്നിവക്കെതിരായ കഠിന ശിക്ഷ നല്‍കുന്ന ഇസ്‌ലാമിക നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതില്‍ ദയാദാക്ഷിണ്യങ്ങളില്ല. അറബ് നാടുകളില്‍ അതിനാല്‍ കലഹകാരണങ്ങളും ദുര്‍നടപടികളും കുറവാണ്‘ (ദേശാഭിമാനി വാരിക 11. 3.1979).

എന്നാല്‍ ജയില്‍വാസത്തിന്റെ സ്ഥിതിയോ? അത് മറ്റുള്ളവരില്‍ യാ തൊരുവിധ സ്വാധീനവുമുണ്ടാക്കുന്നില്ല. കുറ്റവാളിയില്‍ വല്ല മാറ്റവുമുണ്ടാക്കുന്നുവോ? അതും ഇല്ലെന്നതാണല്ലോ സത്യം. ജയില്‍ ശിക്ഷയനുഭവിച്ച് പുറത്തുവരുന്നവര്‍ പലപ്പോഴും പ്രൊഫഷനല്‍ കുറ്റവാളികളായി മാറുന്നതാണല്ലോ നാം കാണുന്നത്. കാരാഗൃഹവാസം കഴിഞ്ഞ് പുറത്തുവരുന്ന കുറ്റവാളികളില്‍ പലരും തങ്ങളുടെ പാപപങ്കിലമായ ജീവിതം പൂര്‍വാധികം വാശിയോടെയും നിര്‍ഭയമായും തുടര്‍ന്നത് കാണിക്കുന്നത് എന്താണ്? ശിക്ഷാ നിയമത്തിന്റെ ധര്‍മം കാരാഗൃഹവാസമെന്ന ശിക്ഷ നിര്‍വഹിക്കുന്നില്ലെന്നുതന്നെ.

print