കുഞ്ഞുണ്ടാകുവാൻ പുരുഷശുക്ലം പൂർണമായി വേണമെന്നല്ലേ ഖുർആനും ഹദീഥുകളും പറയുന്നത് ?

/കുഞ്ഞുണ്ടാകുവാൻ പുരുഷശുക്ലം പൂർണമായി വേണമെന്നല്ലേ ഖുർആനും ഹദീഥുകളും പറയുന്നത് ?
/കുഞ്ഞുണ്ടാകുവാൻ പുരുഷശുക്ലം പൂർണമായി വേണമെന്നല്ലേ ഖുർആനും ഹദീഥുകളും പറയുന്നത് ?

കുഞ്ഞുണ്ടാകുവാൻ പുരുഷശുക്ലം പൂർണമായി വേണമെന്നല്ലേ ഖുർആനും ഹദീഥുകളും പറയുന്നത് ?

ല്ല. സ്രവിക്കപ്പെടുന്ന ശുക്ലത്തിന്റെ ചെറിയ ഒരു ഭാഗം മാത്രമായ ഒരേയൊരു ബീജം മാത്രമാണ് കുഞ്ഞിന്റെ നിർമ്മിതിയിൽ പങ്കെടുക്കുന്നതെന്നാണ് ക്വുർആനും നബിവചനങ്ങളൂം വ്യക്തമാക്കുന്നത്.
 പുരുഷ ശുക്ലം ഘനീഭവിച്ചാണ് കുഞ്ഞുണ്ടാകുന്നതെന്ന് ധരിച്ചവരും സ്ത്രീശുക്ലമോ ആര്‍ത്തവരക്തമോ കട്ടിയായാണ് ഭ്രൂണമുണ്ടാകുന്നതെന്ന് കരുതിയവരുമായ പൗരാണികരെല്ലാം വിചാരിച്ചത് ഭ്രൂണനിര്‍മാണത്തില്‍ പങ്കെടുക്കുന്നത് സ്രവം പൂര്‍ണമായിട്ടാണെന്നായിരുന്നുവെന്ന് ഗര്‍ഭോപനിഷത്ത് മുതല്‍ ഗാലന്റെ ഗ്രന്ഥങ്ങള്‍ വരെയുള്ളവ പരിശോധിച്ചാല്‍ വ്യക്തമാവും. പുരുഷ ശുക്ലത്തില്‍ ഒളിഞ്ഞിരിക്കുന്ന കുഞ്ഞിന്റെ പ്രാഗ് രൂപം സ്ത്രീശരീരത്തില്‍നിന്ന് പുറത്തുവരാതെ തങ്ങിനില്‍ക്കുന്ന ആര്‍ത്തവരക്തത്തില്‍നിന്ന് പോഷണങ്ങള്‍ സ്വീകരിച്ച് ഗര്‍ഭാശയത്തില്‍വെച്ച് വളരുകയാണ് ചെയ്യുന്നതെന്ന് വാദിച്ച നടേരൂപകരണ സിദ്ധാന്തക്കാരും (Preformationists) ആര്‍ത്തവരക്തം പുരുഷ ശുക്ലത്താല്‍ പ്രചോദിതമാകുമ്പോള്‍ അത് ഘനീഭവിക്കുകയും അതിനുശേഷം സ്ത്രീ ശരീരത്തില്‍നിന്ന് പോഷണങ്ങള്‍ സ്വീകരിച്ച് അവയവങ്ങള്‍ രൂപീകരിക്കപ്പെടുകയുമാണ് ചെയ്യുന്നതെന്ന് വാദിച്ച സ്വയം ഉല്‍പാദന സിദ്ധാന്തക്കാരും (epigenesists) തമ്മില്‍ നടന്ന ആശയ സംഘട്ടനങ്ങളുടെ പശ്ചാത്തലത്തിലാണ് ആധുനിക ഭ്രൂണശാസ്ത്രം ജനിക്കുന്നത്.  സ്ത്രീയുടെ ശുക്ലത്തില്‍നിന്നോ ആര്‍ത്തവരക്തത്തില്‍നിന്നോ ഏതിൽനിന്നാണ് കുഞ്ഞുണ്ടാവുന്നതെന്ന് തർക്കിച്ചവരെല്ലാം പക്ഷെ, പ്രസ്തുത സ്രവങ്ങളില്‍നിന്ന് പൂര്‍ണമായാണ് കുഞ്ഞിന്റെ സൃഷ്ടി  നടക്കുന്നതെന്ന് തന്നെയാണ് വിചാരിച്ചിരുന്നത്. സ്രവമേതാണെങ്കിലും അത് പൂര്‍ണമായി തന്നെയാണ് ഭ്രൂണനിര്‍മിതിയില്‍ പങ്കെടുക്കുന്നതെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത് എന്നര്‍ത്ഥം. (1)
ഇംഗ്ലീഷ് ജീവശാസ്ത്രജ്ഞനായിരുന്ന റോബര്‍ട്ട് ഹുക്കിന്റെ കോശ നിരീക്ഷണമാണ് ഭ്രൂണ ശാസ്ത്രരംഗത്ത് വഴിത്തിരിവായിത്തീര്‍ന്ന പ്രധാനപ്പെട്ട ഒരു സംഭവം ഓസ്‌കാര്‍ ഹെര്‍ട്്‌വിഗും റിച്ചാര്‍ഡ് ഹെര്‍ട്‌വിഗും കൂടി കടല്‍ച്ചൊരുക്കുകളില്‍ നടക്കുന്ന ബീജസങ്കലനത്തെക്കുറിച്ച് നടത്തിയ വിശദമായ പഠനങ്ങളോടെയാണ് പുരുഷശുക്ലത്തിലെ നിരവധി ബീജങ്ങളിലൊന്ന് മാത്രമാണ് അണ്ഡമായി ചേര്‍ന്ന് കുഞ്ഞുണ്ടാകുന്നതില്‍ പങ്കാളിയാവുന്നതെന്ന് ശാസ്ത്രലോകത്തിന് മനസ്സിലായത്. 1677ല്‍ ആന്റണി വാന്‍ ല്യൂവെന്‍ ഹോക്ക് തന്റെ സൂക്ഷ്മ ദര്‍ശിനിയിലൂടെ ശുക്ലദ്രാവകത്തിനകത്തെ ബീജാണുക്കളെ കണ്ടിരുന്നുവെന്നതിനാല്‍ അദ്ദേഹമാണ് പുരുഷബീജം കണ്ടുപിടിച്ചതെന്നാണ് പൊതുവെ വ്യവഹരിക്കുന്നതെങ്കിലും ശുക്ലദ്രാവകത്തിലെ നിരവധി ബീജാണുക്കളില്‍ ഒരെണ്ണം മാത്രമാണ് ബീജസങ്കലനത്തില്‍ പങ്കെടുക്കുന്നതെന്ന് ശാസ്ത്രലോകം പൂര്‍ണാര്‍ത്ഥത്തില്‍ അംഗീകരിച്ചത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മാത്രമാണ് (2)
സ്ത്രീ ശരീരത്തില്‍ വെച്ചുള്ള കുഞ്ഞിന്റെ നിര്‍മിതിയുടെ പ്രഥമഘട്ടത്തെക്കുറിച്ച് ക്വുര്‍ആന്‍ പറയുന്നത് ‘നിസ്സാരമായ ഒരു ദ്രാവകത്തില്‍നിന്ന്’ എന്നാണ്:
  ”അവന്‍ തന്നെയാണ് വെള്ളത്തില്‍ നിന്ന് മനുഷ്യനെ സൃഷ്ടിക്കുകയും, അവനെ രക്തബന്ധമുള്ളവനും വിവാഹബന്ധമുള്ളവനും ആക്കുകയും ചെയ്തിരിക്കുന്നത്. നിന്റെ രക്ഷിതാവ് കഴിവുള്ളവനാകുന്നു.”(3)
  ”നിസ്സാരമായ ഒരു ദ്രാവകത്തില്‍ നിന്ന് നിങ്ങളെ നാം സൃഷ്ടിച്ചില്ലേ?”(4)
മനുഷ്യനെ ജലത്തില്‍ (മാഅ്) നിന്നാണ് സൃഷ്ടിച്ചതെന്ന സൂറത്തുല്‍ ഫുര്‍ക്വാനിലെ വചനത്തിന്റെ വിശദീകരണമാണ് ‘നിസ്സാരമായ ദ്രാവക'(മാഇന്‍ മഹീന്‍)ത്തില്‍ നിന്നാണ് അത് നിര്‍വഹിച്ചതെന്ന സൂറത്തുല്‍ മുര്‍സലാത്തിലെ വചനം. നിസ്സാരമായ ദ്രാവകമെന്നതുകൊണ്ടുള്ള വിവക്ഷ പുരുഷ ശുക്ലമാണെന്ന് വ്യക്തമാണ്. നിസ്സാരവും വിലയൊന്നുമില്ലാത്തതുമായി പരിഗണിക്കപ്പെടുന്ന ശുക്ല ദ്രാവകത്തെക്കുറിച്ച് ‘മാഇന്‍ മഹീന്‍’ എന്ന് പറഞ്ഞതോടൊപ്പം പ്രസ്തുത ദ്രാവകത്തില്‍നിന്ന് പൂര്‍ണമായല്ല മനുഷ്യ സൃഷ്ടി നടക്കുന്നതെന്ന് ക്വുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.
സൂറത്തുസ്സജദയിലെ എട്ടാം വചനം നോക്കുക:”പിന്നെ അവന്റെ സന്തതിയെ നിസ്സാരമായ ഒരു വെള്ളത്തിന്റെ സത്തില്‍ നിന്ന് അവന്‍ ഉണ്ടാക്കി.”(5)
‘സുലാലത്തിന്‍ മിന്‍ മാഇന്‍ മഹീന്‍’ എന്ന പ്രയോഗത്തെയാണ് ഇവിടെ ‘നിസ്സാരമായ ഒരു ദ്രാവകത്തിന്റെ സത്തില്‍നിന്ന്’ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ആള്‍ക്കൂട്ടത്തില്‍നിന്ന് വ്യക്തികള്‍ ചോര്‍ന്നുപോവുകയെന്ന അര്‍ത്ഥത്തിലുള്ളതാണ് ഈ പ്രയോഗം. സീന്‍, ലാം, ലാം അക്ഷരത്രയത്തില്‍നിന്ന് നിഷ്പന്നമായ ഇതിന്റെ ക്രിയാധാതു പൊടിയില്‍നിന്ന് മുടിയെടുക്കുന്നതുപോലെയോ ഉറയില്‍നിന്ന് വാള്‍ എടുക്കുന്നതുപോലെയോ വലിയ ഒന്നില്‍നിന്ന് ചെറിയ ഒന്നിനെ പുറത്തെടുക്കുന്നതിനാണ് പൊതുവെ ഉപയോഗിക്കാറുള്ളതെന്നും എന്തെങ്കിലും ഒന്ന് പിഴിഞ്ഞ് അതിന്റെ സത്തെടുക്കുന്നതിനും ഇത് പ്രയോഗിക്കാറുണ്ടെന്നും താജുൽ ഉറൂസിനെപ്പോലെയുള്ള അറബി ശബ്ദതാരാവലികളും (7) ലെയിനിന്റെ അറബി പദവിജ്ഞാനകോശവും വിശദീകരിക്കുന്നുണ്ട്..(8)
ഒരു സാധനത്തിന്റെ സത്ത് എന്നോ അതിന്റെ ഏറ്റവും നല്ല ഭാഗം എന്നോ സംശുദ്ധമായ അതിന്റെ അംശം എന്നോ എല്ലാം സുലാലത്തിന് അര്‍ത്ഥം പറയാം.. പുരുഷന്‍ സ്ഖലിക്കുന്ന രണ്ട് കോടിയോളം വരുന്ന ബീജങ്ങളില്‍ ലക്ഷണമൊത്ത ഒരെണ്ണം, അഥവാ സ്രവത്തിന്റെ ഏറ്റവും അനുയോജ്യമായ അംശം മാത്രമാണ് അണ്ഡവുമായി സംയോജിച്ച് കുഞ്ഞായി തീരുന്നത്. ശുക്ലദ്രാവകത്തില്‍നിന്നുള്ള ഏറ്റവും നല്ല ഭാഗം മാത്രം! ശുക്ല ദ്രാവകത്തിന്റെ ‘സുലാലത്ത്’ അഥവാ സംശുദ്ധമായ സത്ത് തന്നെയാണ് ബീജസങ്കലനത്തില്‍ പങ്കെടുത്ത് കുഞ്ഞിന്റെ ജനനത്തിന് നിമിത്തമായിത്തീരുന്നത്.
പുരുഷന്‍ സ്രവിക്കുന്ന ശുക്ലദ്രാവകത്തിന് അറബിയില്‍ പറയുക ‘മനിയ്യ്’ എന്നാണ്. ക്വുര്‍ആനില്‍ ഒരേയൊരു തവണ മാത്രമാണ് ഈ നാമരൂപം പ്രയോഗിച്ചിരിക്കുന്നത്. പ്രസ്തുത പ്രയോഗമിങ്ങനെയാണ്:
”അവന്‍ സ്രവിക്കപ്പെടുന്ന ശുക്ലത്തില്‍ നിന്നുള്ള ഒരു കണമായിരുന്നില്ലേ?”(9)
ഇവിടെ‘മനിയ്യി’ല്‍ നിന്നാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത് എന്നല്ല പറഞ്ഞിരിക്കുന്നതെന്ന വസ്തുത ശ്രദ്ധേയമാണ്. ‘നുത്വ്ഫത്തിന്‍ മിന്‍ മനിയ്യിന്‍ യുമ്‌ന’ യെന്നാണ് സ്ത്രീ ശരീരത്തില്‍വെച്ചുള്ള മനുഷ്യസൃഷ്ടിയുടെ പ്രാഥമിക ഘട്ടത്തെക്കുറിച്ച് അവിടെയുള്ള ക്വുര്‍ആനിക പ്രയോഗം. ‘മനിയ്യിന്‍ യുമ്‌ന’ എന്നാല്‍ സ്രവിക്കപ്പെടുന്ന ശുക്ലമെന്നാണ് അര്‍ത്ഥം. ‘മിന്‍’ എന്ന വിവേചക ഭേദകം ഉപയോഗിക്കാറുള്ളത് ‘ഒന്നില്‍നിന്ന്’ എന്ന അര്‍ത്ഥത്തിലാണ്. ‘ഹുദന്‍ മിന്‍ റബ്ബിഹിം’ എന്ന പ്രയോഗം ക്വുര്‍ആനില്‍ നിരന്തരമായി കാണാം. ‘നിങ്ങളുടെ നാഥനില്‍ നിന്നുള്ള മാര്‍ഗദര്‍ശനം’ എന്നാണ് ഇതിനര്‍ത്ഥം. അതുകൊണ്ടാണ് ‘നുത്വ്ഫത്തിന്‍ മിന്‍ മനിയ്യി’ന് ‘ശുക്ലത്തില്‍നിന്നുള്ള ഒരു കണം’ എന്ന് അര്‍ത്ഥം നല്‍കിയിരിക്കുന്നത്. സ്രവിക്കപ്പെടുന്ന ശുക്ലത്തില്‍നിന്നുള്ള ഒരു നുത്വ്ഫയെന്നാണ് ക്വുര്‍ആന്‍ പറഞ്ഞതെന്ന കാര്യം ശ്രദ്ധിക്കുക. ‘നുത്വ്ഫ’ ഏകവചനമാണ്. നിത്വാഫ്, നുത്വ്ഫ് എന്നിവയാണ് അതിന്റെ ബഹുവചനരൂപങ്ങള്‍. ശുക്ലം നിരവധി നുത്വ്ഫകളുള്ള ദ്രാവകമാണെന്നും അതില്‍നിന്നുള്ള ഒരു നുത്വ്ഫയാണ് ബീജ സങ്കലനത്തില്‍ പങ്കെടുക്കുന്നതെന്നും ‘നുത്വ്ഫത്തിന്‍ മിന്‍ മനിയ്യ്’ എന്ന ക്വുര്‍ആന്‍ പ്രയോഗം വ്യക്തമാക്കുന്നുണ്ട്.
പുരുഷസ്രവത്തില്‍നിന്ന് പൂര്‍ണമായല്ല, അതിന്റെ ചെറിയൊരു ഭാഗത്തുനിന്നാണ് കുഞ്ഞുണ്ടാവുന്നതെന്ന വസ്തുത പ്രവാചകന്‍(സ) കൃത്യമായി പഠിപ്പിച്ചിട്ടുണ്ട്. ഒരു ഹദീഥ് കാണുക:
അബൂസഈദുല്‍ ഖുദ്‌രി(റ) നിവേദനം: നബി(സ)യോട് ചിലർ അസ്‌ലിനെപ്പറ്റി ചോദിച്ചു. . നിങ്ങളാരും അങ്ങനെ ചെയ്യരുത് എന്ന് നബി (സ) പറഞ്ഞില്ല. നബി (സ) പറഞ്ഞു: ‘അല്ലാഹുവല്ലാതെ ആരെയും സൃഷ്ടിക്കുന്നില്ല…..മൊത്തം സ്രവത്തില്‍നിന്നല്ല കുഞ്ഞുണ്ടാവുന്നത്. അല്ലാഹു ഒന്നിനെ സൃഷ്ടിക്കണമെന്ന് ഉദ്ദേശിച്ചാല്‍ അതിനെ ഒന്നും തടയുന്നതല്ല.'(10)
ശുക്ലസ്ഖലനത്തിനുമുമ്പ് യോനിയില്‍നിന്ന് ലിംഗം പിന്‍വലിച്ച് പുറത്തുകളയുന്ന മൈഥുനവിരാമ (coitus Interruptus/അസ്ല്‍)ത്തെക്കുറിച്ച ചോദ്യത്തിന് പ്രവാചകന്‍ (സ) നല്‍കിയ മറുപടിയാണ് ഈ ഹദീഥിലുള്ളത്. ലിംഗം യോനിയില്‍നിന്ന് പിന്‍വലിക്കുന്നതിനിടയില്‍ സംഭവിച്ചേക്കാവുന്ന സ്ഖലനത്തിനിടയില്‍ ശുക്ലദ്രാവകത്തിന്റെ അല്‍പമെങ്കിലും ജനനേന്ദ്രിയത്തില്‍ പതിക്കാനിടയായാല്‍ അത് ബീജസങ്കലനത്തിനും അതുവഴി കുഞ്ഞിന്റെ ജനനത്തിനും കാരണമായേക്കാം എന്ന വസ്തുതയാണ് പ്രവാചകന്‍ (സ) ഇവിടെ പഠിപ്പിക്കുന്നത്. ‘മൊത്തം സ്രവത്തില്‍നിന്നല്ല കുഞ്ഞുണ്ടാവുന്നത്’ ( മാ മിന്‍ കുല്ലില്‍ മാഇ യകൂനുല്‍ വലദു) എന്നാണ് ഇവിടുത്തെ പ്രവാചക പ്രയോഗം. പുരുഷ സ്രവത്തിന്റെ ചെറിയ ഒരു അംശം സ്ത്രീ ജനനേന്ദ്രിയത്തില്‍ പതിച്ചാലും കുഞ്ഞുണ്ടാവുമെന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം ശിശുനിര്‍മിതിക്ക് നിദാനമായതെന്താണെങ്കിലും അത് ശുക്ലദ്രാവകത്തില്‍ പരന്നുകിടക്കുകയാണെന്നതാണ്. അങ്ങനെ പരന്നുകിടക്കുന്ന വസ്തുക്കളെയാണ് ക്വുര്‍ആന്‍ നുത്വ്ഫയെന്ന് വിളിക്കുന്നത്.
‘നുത്വ്ഫത്തിന്‍ മിന്‍ മനിയ്യിന്‍ യുമ്‌ന’യെന്ന ക്വുര്‍ആനിക പ്രയോഗത്തിനുള്ള വിശദീകരണം ഈ ഹദീഥ് നല്‍കുന്നുണ്ട്. സ്രവിക്കപ്പെടുന്ന മനിയ്യിന്റെ ചെറിയൊരു അംശമെങ്കിലും സ്ത്രീ ജനനേന്ദ്രിയത്തില്‍ പതിച്ചാല്‍ അതില്‍നിന്ന് കുഞ്ഞുണ്ടാവുമെങ്കില്‍ അതിന്നര്‍ത്ഥം പ്രസ്തുത അംശത്തില്‍ കുഞ്ഞിന്റെ നിര്‍മിതിക്കാവശ്യമായ നുത്വ്ഫയുണ്ടെന്നാണ്. സ്രവത്തിന്റെ ചെറിയൊരംശത്തിലും നുത്വ്ഫയുണ്ടാകുമെന്ന് പറഞ്ഞാല്‍ ദ്രാവകാംശങ്ങളിലെല്ലാം നുത്വ്ഫകളുടെ സാന്നിധ്യമുണ്ടാകുമെന്നും ഇത്തരം കുറേ നുത്വ്ഫകള്‍ അടങ്ങിയതാണ് ശുക്ല ദ്രാവകമെന്നുമാണ് സാരം. സ്രവിക്കപ്പെടുന്ന ശുക്ലദ്രാവകത്തില്‍ നിരവധി നുത്വ്ഫകളുണ്ടെന്നും അതില്‍ ഒരു നുത്വ്ഫയാണ് ബീജ സങ്കലനത്തില്‍ പങ്കെടുക്കുന്നതെന്നും നടേ പറഞ്ഞ ക്വുര്‍ആന്‍ വചനങ്ങളും ഹദീഥും കൂട്ടി വായിച്ചാല്‍ കൃത്യമായി ബോധ്യപ്പെടുന്നുണ്ട്.
എന്താണീ നുത്വ്ഫ? നൂന്, ത്വ, ഫ എന്നീ അക്ഷരത്രയങ്ങളില്‍ നിന്നുള്ള ക്രിയാധാതു മൃദുവായി ഒഴുക്കുക, പുറംതള്ളുക, സ്രവിക്കുക, വിയര്‍ക്കുക, ഉറ്റിവീഴുക, നിര്‍ഗളിക്കുക, ഒലിച്ചിറങ്ങുക എന്നീ അര്‍ത്ഥങ്ങളിലാണ് പ്രയോഗിക്കാറുള്ളത്. നുത്വ്ഫയെന്ന ഏകവചനനാമത്തിന് ശുദ്ധജലം, ജലകണം, ചെറിയ മുത്ത് എന്നിങ്ങനെയാണ് സാധാരണ നിഘണ്ടുക്കള്‍ അര്‍ത്ഥം പറഞ്ഞുവരുന്നത്.(11) നെറ്റിയില്‍ നിര്‍ഗളിക്കുന്ന വിയര്‍പ്പുകണങ്ങള്‍ക്ക് ‘നിത്വാഫ്’ എന്ന നുത്വ്ഫയുടെ ബഹുവചനമുപയോഗിക്കും. ചെറിയ അളവ് വെള്ളത്തിനോ വെള്ളം നിറക്കുന്ന പാത്രത്തില്‍ അവശേഷിക്കുന്ന അല്‍പം ജലത്തിനോ നുത്വ്ഫയെന്നു പറയുമെന്ന് പ്രസിദ്ധമായ ‘ലിസാനുല്‍ അറബ്’ അറബി ശബ്ദതാരാവലി വ്യക്തമാക്കുന്നുണ്ട്. (12) ജലപാത്രത്തിലുള്ള ചെറിയ അളവ് വെള്ളത്തെ സൂചിപ്പിച്ചുകൊണ്ട് ‘നുത്വ്ഫ’യെന്ന സ്വഹീഹു മുസ്്‌ലിമിലുള്ള ഒരു ഹദീഥില്‍ പ്രയോഗിച്ചിട്ടുണ്ട്.(13) മൊത്തം ദ്രാവകവുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറിയൊരു അംശം ദ്രാവകത്തെ ഉദ്ദേശിച്ചുകൊണ്ടാണീ പ്രയോഗമെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.
പ്രസിദ്ധമായ ലെയിനിന്റെ അറബി- ഇംഗ്ലീഷ് ലെക്‌സിക്കണ്‍ നുത്വ്ഫക്ക് നല്‍കുന്ന അര്‍ത്ഥം Sperma of a man or a woman എന്നാണ്.(14) ലാറ്റിനില്‍ Sperma എന്നാല്‍ വിത്ത് അല്ലെങ്കില്‍ ബീജമെന്നാണ് അര്‍ത്ഥം. സ്ത്രീശരീരത്തില്‍ വെച്ചുള്ള കുഞ്ഞിന്റെ നിര്‍മിതിയുടെ പ്രഥമ ഘട്ടത്തെക്കുറിച്ച് നുത്വ്ഫയെന്ന് ക്വുര്‍ആനില്‍ നിരവധി തവണ പ്രയോഗിച്ചിട്ടുണ്ട്:
”മനുഷ്യനെ അവന്‍ ഒരു നുത്വ്ഫയില്‍ നിന്ന് സൃഷ്ടിച്ചു. എന്നിട്ട് അവനതാ വ്യക്തമായ എതിര്‍പ്പുകാരനായിരിക്കുന്നു.”(15)
”അവന്റെ ചങ്ങാതി അവനുമായി സംവാദം നടത്തിക്കൊണ്ടിരിക്കെ പറഞ്ഞു: മണ്ണില്‍നിന്നും അനന്തരം നുത്വ്ഫയില്‍ നിന്നും നിന്നെ സൃഷ്ടിക്കുകയും, പിന്നീട് നിന്നെ ഒരു പുരുഷനായി സംവിധാനിക്കുകയും ചെയ്തവനില്‍ നീ അവിശ്വസിച്ചിരിക്കുകയാണോ?”(16)
”മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്‍പിനെ പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ (ആലോചിച്ച് നോക്കുക:) തീര്‍ച്ചയായും നാമാണ് നിങ്ങളെ മണ്ണില്‍നിന്നും, പിന്നീട് നുത്വ്ഫയില്‍ നിന്നും, പിന്നീട് ഭ്രൂണത്തില്‍നിന്നും, അനന്തരം രൂപം നല്‍കപ്പെട്ടതും രൂപം നല്‍കപ്പെടാത്തതുമായ മാംസപിണ്ഡത്തില്‍നിന്നുംസൃഷ്ടിച്ചത്.”(17)
”അല്ലാഹു നിങ്ങളെ മണ്ണില്‍ നിന്നും പിന്നീട് നുത്വ്ഫയില്‍ നിന്നും സൃഷ്ടിച്ചു. പിന്നെ അവന്‍ നിങ്ങളെ ഇണകളാക്കി……”(18)
”മനുഷ്യന്‍ കണ്ടില്ലേ; അവനെ നാം ഒരു നുത്വ്ഫയില്‍ നിന്നാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന്? എന്നിട്ട് അവനതാ ഒരു പ്രത്യക്ഷമായ എതിര്‍പ്പുകാരനായിരിക്കുന്നു.”(19)
”മണ്ണില്‍നിന്നും, പിന്നെ നുത്വ്ഫയില്‍നിന്നും, പിന്നെ ഭ്രൂണത്തില്‍ നിന്നും നിങ്ങളെ സൃഷ്ടിച്ചത് അവനാകുന്നു. പിന്നീട് ഒരു ശിശുവായി നിങ്ങളെ അവന്‍ പുറത്തുകൊണ്ടുവരുന്നു.”(20)
”ആണ്‍, പെണ്‍ എന്നീ രണ്ട് ഇണകളെ അവനാണ് സൃഷ്ടിച്ചതെന്നും; ഒരു നുത്വ്ഫ സ്രവിക്കപ്പെടുമ്പോള്‍ അതില്‍ നിന്ന്.”(21)
”ഏതൊരു വസ്തുവില്‍ നിന്നാണ് അല്ലാഹു അവനെ സൃഷ്ടിച്ചത്? ഒരു നുത്വ്ഫയില്‍ നിന്ന് അവനെ സൃഷ്ടിക്കുകയും, എന്നിട്ട് അവനെ വ്യവസ്ഥപ്പെടുത്തുകയും ചെയ്തു.”(22)
പുരുഷസ്രവമായ മനിയ്യിന്റെ ഒരു അംശമായ നുത്വ്ഫയെക്കുറിച്ചാണ് ഈ വചനങ്ങളിലെല്ലാം  പറഞ്ഞിരിക്കുന്നതെന്നാണ് ക്വുര്‍ആനിന്റെ പ്രഥമ സംബോധിതര്‍ മനസ്സിലാക്കിയതെന്ന് വ്യക്തമാക്കുന്ന രേഖകളുണ്ട്. ആദ്യകാല ക്വുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ പ്രമുഖനായ ഇമാം ത്വബ്‌രി തന്റെ ഹിജ്‌റ 270ല്‍ (ക്രിസ്താബ്ദം 883) പൂര്‍ത്തിയാക്കിയ ക്വുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥത്തില്‍ സൂറത്തുല്‍ കിയാമയിലെ 37ാം വചനത്തെ വ്യാഖ്യാനിച്ചുകൊണ്ട് പറയുന്നത്് ‘പുരുഷ അരക്കെട്ടുകളില്‍നിന്നുള്ള ശുക്ലത്തിലെ (മനിയ്യ്) വളരെ കുറഞ്ഞ അളവിലുള്ള ദ്രാവകം’ (മാഉന്‍ ഖലീലുന്‍ ഫീ സ്വുല്‍ബിര്‍റജുലി മിന്‍ മനിയ്യി) എന്നാണ്.(23)
ഇരുപതാം നൂറ്റാണ്ടിലെ ആദ്യപാതിയില്‍ ജീവിച്ച പ്രസിദ്ധ ഓറിയന്റലിസ്റ്റ് ക്വുര്‍ആന്‍ വിവര്‍ത്തകനായ ആര്‍തര്‍ ജോണ്‍ ആര്‍ബെറി നുത്വ്ഫക്ക്  നല്‍കുന്ന പരിഭാഷ sperm drop എന്നാണ്.(24) ജൂത വിവര്‍ത്തകനായ എന്‍. ജെ. ദാവൂദ് ‘നുത്വ്ഫത്തുന്‍ മിന്‍ മനിയ്യിന്‍ യുമ്‌ന’ക്ക് നല്‍കുന്ന പരിഭാഷ മ drop of ejaculated semen എന്നാണ്.(25) ഒരുവിധം എല്ലാ ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും ഈ വചനത്തിലെ നുത്വ്ഫക്ക് നല്‍കുന്ന അര്‍ത്ഥം ഒരു തുള്ളിയെന്നോ ഒരു കണം എന്നോ ആണ്. സ്രവിക്കപ്പെടുന്ന ശുക്ലദ്രാവകത്തിന്റെ ഒരു തുള്ളിയില്‍ നിന്നോ ഒരു കണത്തില്‍നിന്നോ ആണ് ബീജസങ്കലനവും അങ്ങനെ കുഞ്ഞിന്റെ നിര്‍മിതിയും നടക്കുന്നതെന്നായിരുന്നു ക്വുര്‍ആനില്‍നിന്നും ഹദീഥുകളില്‍നിന്നുമെല്ലാം അവര്‍ മനസ്സിലാക്കിയിരുന്നതെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.
പുരുഷ ശരീരത്തില്‍നിന്ന് സ്രവിക്കപ്പെടുന്ന നിസ്സാരമായ ഒരു ദ്രാവകത്തിന്റെ സത്തില്‍നിന്നാണ് മനുഷ്യ സൃഷ്ടി നടക്കുന്നതെന്നും ശുക്ലദ്രാവകത്തിലുള്ള നിരവധി നുത്വ്ഫകളില്‍ ഒരു നുത്വ്ഫയാണ് ഭ്രൂണനിര്‍മ്മാണത്തില്‍ പങ്കെടുക്കുന്നതെന്നും ക്വുര്‍ആന്‍ വചനങ്ങളും ഹദീഥുകളും സൂചിപ്പിക്കുന്നത് പതിനാലു നൂറ്റാണ്ടുകള്‍ക്കുമുമ്പാണെന്ന് നാം ഓര്‍ക്കണം. ശുക്ലത്തില്‍നിന്നോ ആര്‍ത്തവരക്തത്തില്‍നിന്നോ ഏതില്‍ നിന്നാണ് കുഞ്ഞുണ്ടാവുന്നതെന്ന് തത്ത്വജ്ഞാനികള്‍ തര്‍ക്കിച്ചിരുന്ന കാലത്താണീ സൂചന നല്‍കുന്നത്. പുരുഷസ്രവത്തിന്റെ പൂര്‍ണതയെ ദ്യോതിപ്പിക്കുന്ന മനിയ്യ് മുഴുവനായിട്ടാണ് ശിശുനിര്‍മിതിയില്‍ പങ്കാളിയാവുന്നതെന്ന ഒരു സൂചന പോലും ക്വുര്‍ആനിലോ ഹദീഥുകളിലോ കാണാനാവുന്നില്ല.
കുറിപ്പുകള്‍:
1. Stephen Ruffenach: Caspar Friedrich Wolff (1734-1794), The Embryo Project Encyclopedia,  (http://embryo.asu.edu/)
2. Professor Scott Gilbert (Ed.): A Conceptual History of Modern Embryology,  Maryland,1994, 8-21
3. വിശുദ്ധ ക്വുര്‍ആന്‍ 25:54
4. വിശുദ്ധ ക്വുര്‍ആന്‍ 77:20
5. വിശുദ്ധ ക്വുര്‍ആന്‍ 32:8
6. വിശുദ്ധ ക്വുര്‍ആന്‍ 24:63
7. താജല്‍ അറൂസ്:  https://archive.org
8. Edward William Lane: Arabic-English Lexicon,London,1863, Volume 4, Page1397
9. വിശുദ്ധ ക്വുര്‍ആന്‍ 75:37
10. സ്വഹീഹുമുസ്‌ലിം
11. താജല്‍ അറൂസ്
12. ലിസാനുല്‍ അറബ്
13. സ്വഹീഹുമുസ്‌ലിം, കിതാബുലുക്തത്
14. Lane’s Arabic-English Lexicon, Page 2810
15. വിശുദ്ധ ക്വുര്‍ആന്‍ 16: 4.
16. വിശുദ്ധ ക്വുര്‍ആന്‍ 18: 37.
17. വിശുദ്ധ ക്വുര്‍ആന്‍ 22: 5.
18. വിശുദ്ധ ക്വുര്‍ആന്‍ 35: 11.
19. വിശുദ്ധ ക്വുര്‍ആന്‍ 36: 77.
20. വിശുദ്ധ ക്വുര്‍ആന്‍ 40: 67.
21. വിശുദ്ധ ക്വുര്‍ആന്‍ 53: 45, 46.
22. വിശുദ്ധ ക്വുര്‍ആന്‍ 80:18, 19.
23. ഇമാംറാസി: ജാമിഉല്‍ബയാന്‍ ഫീ തഫ്‌സീറില്‍ ഖുര്‍ആന്‍ (http://www.altafsir. com/)
24. Arthur John Arberry: The Koran Interpreted, Page 352
25. N.J. Dawood:The Koran, Page 380
26. വിശുദ്ധ ക്വുര്‍ആന്‍ 53:3,4
print
വിഷയവുമായി ബന്ധപ്പെട്ട വീഡിയോ