കാള പ്രതിമയുണ്ടാക്കിയത് ശമരിയക്കാരനോ?

/കാള പ്രതിമയുണ്ടാക്കിയത് ശമരിയക്കാരനോ?
/കാള പ്രതിമയുണ്ടാക്കിയത് ശമരിയക്കാരനോ?

കാള പ്രതിമയുണ്ടാക്കിയത് ശമരിയക്കാരനോ?

ഖുര്‍ആനിലെ ഇരുപതാം അധ്യായമായ സൂറത്തുത്വാഹയിലെ 85 മുതല്‍ 97വരെയുള്ള വചനങ്ങളില്‍ മൂസാ (عليهالسلام) തൗറാത്ത് സ്വീകരിക്കുന്നതിന്നായി സീനാമലയില്‍ പോയ സമയത്ത് ഇസ്രായീല്യരില്‍പെട്ട ഒരു സാമിരി അവരുടെ സ്വര്‍ണാഭരണങ്ങളെല്ലാം ശേഖരിച്ച് അതുകൊണ്ട് ഒരു സ്വര്‍ണക്കാളയെ നിര്‍മിക്കുകയും അയാളുടെ നിര്‍ദ്ദേശപ്രകാരം മറ്റുള്ളവര്‍ അതിനെ ആരാധിക്കുവാന്‍ ആരംഭിക്കുകയും ചെയ്ത സംഭവങ്ങള്‍ വിശദീകരിക്കുന്നുണ്ട്.

ഖുര്‍ആനിലെ പ്രസ്തുത കഥാകഥനം കാണുക: ”അവന്‍ (അല്ലാഹു) പറഞ്ഞു: എന്നാല്‍ നീ പോന്ന ശേഷം നിന്റെ ജനതയെ നാം പരീക്ഷിച്ചിരിക്കുകയാണ്. ‘സാമിരി‘ അവരെ വഴിതെറ്റിച്ച് കളഞ്ഞിരിക്കുന്നു. അപ്പോള്‍ മൂസ തന്റെ ജനങ്ങളുടെ അടുത്തേക്ക് കുപിതനും ദുഃഖിതനുമായിട്ട് തിരിച്ചുചെന്നു. അദ്ദേഹംപറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങളുടെ രക്ഷിതാവ് നിങ്ങള്‍ക്ക് ഉത്തമമായ ഒരു വാഗ്ദാനം നല്‍കിയില്ലേ? എന്നിട്ട് നിങ്ങള്‍ക്ക് കാലം ദീര്‍ഘമായിപ്പോയോ? അഥവാ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള കോപം നിങ്ങളില്‍ ഇറങ്ങണമെന്ന് ആഗ്രഹിച്ചുകൊണ്ടുതന്നെ എന്നോടുള്ള നിശ്ചയം നിങ്ങള്‍ ലംഘിച്ചതാണോ? അവര്‍ പറഞ്ഞു: ഞങ്ങള്‍ ഞങ്ങളുടെ ഹിതം അനുസരിച്ച് താങ്കളോടുള്ള നിശ്ചയം ലംഘിച്ചതല്ല. എന്നാല്‍ ജനങ്ങളുടെ ആഭരണചുമടുകള്‍ ഞങ്ങള്‍ വഹിപ്പിക്കപ്പെട്ടിരുന്നു. അങ്ങനെ ഞങ്ങള്‍ അത്(തീയില്‍) എറിഞ്ഞ് കളഞ്ഞു. അപ്പോള്‍ സാമിരിയും അപ്രകാരം അത്(തീയില്‍) ഇട്ടു. എന്നിട്ട് അവര്‍ക്ക് അവന്‍ (ലോഹംകൊണ്ട്) ഒരു മുക്രയിടുന്ന കാളക്കുട്ടിയുടെ രൂപമുണ്ടാക്കിക്കൊടുത്തു. അപ്പോള്‍ അവര്‍ അന്യോന്യംപറഞ്ഞു. നിങ്ങളുടെ ദൈവവും മൂസായുടെ ദൈവവും ഇതുതന്നെയാണ്. എന്നാല്‍ അദ്ദേഹം മറന്നുപോയിരിക്കുകയാണ്. എന്നാല്‍ അതൊരുവാക്കുപോലും അവരോട് മറുപടി പറയുന്നില്ലെന്നും അവര്‍ക്ക് യാതൊരുഉപദ്രവവും ഉപകാരവും ചെയ്യാന്‍ അതിന് കഴിയില്ലെന്നും അവര്‍കാണുന്നില്ലേ? മുമ്പുതന്നെ ഹാറൂന്‍ അവരോട് പറഞ്ഞിട്ടുണ്ടായിരുന്നു: എന്റെ ജനങ്ങളേ, ഇത് (കാളക്കുട്ടി)മൂലം നിങ്ങള്‍ പരീക്ഷിക്കപ്പെടുക മാത്രമാണുണ്ടായത്. തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് പരമകാരുണികനത്രെ. അതുകൊണ്ട് നിങ്ങള്‍ എന്നെ പിന്തുടരുകയും എന്റെ കല്‍പന അനുസരിക്കുകയും ചെയ്യുക. അവര്‍ പറഞ്ഞു: മൂസാ ഞങ്ങളുടെ അടുത്തേക്ക് മടങ്ങിവരുവോളം ഞങ്ങള്‍ ഇതിനുള്ള ആരാധനയില്‍ നിരതരായിതന്നെ ഇരിക്കുന്നതാണ്. അദ്ദേഹം (മൂസ) പറഞ്ഞു: ഹാറൂനേ, ഇവര്‍ പിഴച്ചുപോയതായി നീ കണ്ടപ്പോള്‍ എന്നെ പിന്തുടരാതിരിക്കാന്‍ നിനക്ക് എന്ത് തടസ്സമാണ് ഉണ്ടായത്. നീ എന്റെ കല്‍പനക്ക് എതിര് പ്രവര്‍ത്തിക്കുകയാണോ ചെയ്തത്? അദ്ദേഹം (ഹാറൂന്‍) പറഞ്ഞു: എന്റെ ഉമ്മയുടെ മകനേ നീ എന്റെ താടിയിലും തലയിലും പിടിക്കാതിരിക്കൂ. ‘ഇസ്രാഈല്‍ സന്തതികള്‍ക്കിടയില്‍ നീ ഭിന്നിപ്പുണ്ടാക്കിക്കളഞ്ഞു. എന്റെ വാക്കിന് നീ കാത്തുനിന്നില്ല.’ എന്ന് നീ പറയുമെന്ന് ഞാന്‍ ഭയപ്പെടുകയാണുണ്ടായത് (തുടര്‍ന്ന് സാമിരിയോട്) അദ്ദേഹം പറഞ്ഞു: ഹേ സാമിരി, നിന്റെ കാര്യം എന്താണ്? അവന്‍ പറഞ്ഞു: അവര്‍ (ജനങ്ങള്‍)കണ്ടുമനസ്സിലാക്കാത്ത ഒരു കാര്യം ഞാന്‍ കണ്ടുമനസ്സിലാക്കി. അങ്ങനെ ദൈവദൂതന്റെ കാല്‍പ്പാടില്‍നിന്നും ഞാന്‍ ഒരു പിടിപിടിക്കുകയും എന്നിട്ട് അത് ഇട്ടുകളയുകയും ചെയ്തു. അപ്രകാരം ചെയ്യാനാണ് എന്റെ മനസ്സ് അന്നെ പ്രേരിപ്പിച്ചത്. അദ്ദേഹം (മൂസ) പറഞ്ഞു: എന്നാല്‍ നീ പോ. തീര്‍ച്ചയായും നിനക്ക് ഈ ജീവിതത്തിലുള്ളത് ‘തൊട്ടുകൂടാ‘ എന്ന് പറയലായിരിക്കും. തീര്‍ച്ചയായും നിനക്ക് നിശ്ചിതമായ ഒരു അവധിയുണ്ട്. അത് അതിലംഘിക്കപ്പെടുകയേ ഇല്ല. നീ പൂജിച്ചുകൊണ്ടിരിക്കുന്ന നിന്റെ ആ ദൈവത്തിന്റെ നേരെ നോക്കൂ. തീര്‍ച്ചയായും നാം അതിനെ ചുട്ടെരിക്കുകയും എന്നിട്ട് നാം അത് പൊടിച്ച് കടലില്‍ വിതറിക്കളയുകയും ചെയ്യുന്നതാണ്” (വി.ഖു. 20:85-97)

ഈ വചനങ്ങളില്‍ ഒരു ‘സാമിരി‘യാണ് സ്വര്‍ണ്ണക്കാളയെ നിര്‍മ്മിച്ചതെന്നാണല്ലോ പറയുന്നത്. ‘സാമിരി‘യെന്നത് ഒരു വ്യക്തിയുടെ പേരല്ലയെന്നാണ് ഖുര്‍ആനിലെ ‘അസ്‌സാമിരി‘യെന്ന പദപ്രയോഗത്തില്‍നിന്ന് മനസ്സിലാകുന്നത്. ശമരിയക്കാരന്‍ (Samiritan) എന്നാണ് ചില ഖുര്‍ആന്‍വ്യാഖ്യാതാക്കള്‍ ‘അസ്‌സാമിരി‘ക്ക് അര്‍ത്ഥം നല്‍കിയിരിക്കുന്നത്. എന്നാല്‍ ശമര്യ പട്ടണമുണ്ടായതു തന്നെ ഏകദേശം ബി.സി. 870ലെ ഇസ്രായേല്‍ ഭരണാധികാരിയായിരുന്ന ഒമ്രിയുടെ കാലത്തായിരുന്നുവെന്നാണ് ബൈബിള്‍ പഴയ നിയമം വ്യക്തമാക്കുന്നത്: ”യഹൂദ രാജാവായ ആസായുടെ വാഴ്ചയുടെ 31-ാം വല്‍സരം ഒമ്‌റി ഇസ്രായീലില്‍ ഭരണം ആരംഭിച്ചു. അയാള്‍ പന്ത്രണ്ട് വല്‍സരം ഭരണം നടത്തി. അതില്‍ ആറ് വല്‍സരം തിറുസായില്‍ ഭരണം നടത്തി. അയാള്‍ രണ്ട് താലന്ത് വെള്ളികൊടുത്ത് ശമര്യാമലശമറിനോട് വാങ്ങി. അയാള്‍ ആ മല കോട്ടകെട്ടി സുരക്ഷിതമാക്കി. മലയുടെ ഉടമയായിരുന്ന ശമറിന്റെ പേരിന് അനുസൃതമായി ആ നഗരത്തിന് ശമര്യായെന്ന് പേരിട്ടു” (1 രാജാ 16:24)

മോശെയ്ക്കുശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ് ‘ശമരിയ‘യെന്ന നഗരമുണ്ടായത്. പിന്നെയെങ്ങനെയാണ് ഒരു ശമരിയക്കാരന്‍ മോശയുടെ കാലത്ത് സ്വര്‍ണം കൊണ്ട് കാളക്കുട്ടിയെയുണ്ടാക്കുക? ബൈബിളില്‍ പറയുന്നതിന് വിരുദ്ധമായി അഹറോണല്ല പ്രത്യുത ‘സാമിരി‘യാണ്സ്വര്‍ണവിഗ്രഹമുണ്ടാക്കിയതെന്ന് മുഹമ്മദ് (ﷺ) പറഞ്ഞത് യഹൂദഗ്രന്ഥമായ പിര്‍ഗ്വി റബ്ബി എലിയെസറിലെ (Pirgey Rabbi Eliezer) ഒരു പ്രയോഗം തെറ്റിദ്ധരിച്ചുകൊണ്ടാണെന്നാണ് മനസിലാകുന്നത്. ഇസ്രായീല്യരിലെ ഒരുവിഭാഗമാണ് ശമരിയക്കാര്‍ എന്ന് മനസിലാക്കിയ മുഹമ്മദ് (ﷺ) യഹൂദഗ്രന്ഥത്തിലെ പരാമര്‍ശങ്ങള്‍ തെറ്റായി മനസിലാക്കിയതിനാലാണ് സാമിരിയാണ് സ്വര്‍ണ വിഗ്രഹമുണ്ടാക്കിയതെന്ന കഥയുണ്ടായത്–ഇവ്വിഷയകമായ വിമര്‍ശനങ്ങളുടെ സംക്ഷിപ്തമാണിത്.

ഈ വിമര്‍ശനത്തെ മൂന്നായി വിഭജിക്കാം.

ഒന്ന്) ബൈബിളില്‍ പറയുന്നതുപോലെ മോശയുടെ സഹോദരനായ അഹറോണാണ് സ്വര്‍ണവിഗ്രഹമുണ്ടാക്കിയത്. സാമിരിയാണെന്ന് മുഹമ്മദ് നബി തെറ്റിദ്ധരിച്ചതാണ്.

രണ്ട്) ‘സാമിരി‘യെന്ന പേര് ലഭിച്ചത് യഹൂദഗ്രന്ഥമായ പിര്‍ഗ്വി റബ്ബി എലിയെസറിലെ ഒരു പരാമര്‍ശം തെറ്റായി മനസ്സിലാക്കിയതുമൂലമാണ്. ഈഗ്രന്ഥമാണ് ഇവ്വിഷയകമായി മുഹമ്മദി(ﷺ)ന്റെ പ്രധാന സ്രോതസ്സ്.

മൂന്ന്). ശമരിയ പട്ടണമുണ്ടായത് മോശയ്ക്കുശേഷം നൂറ്റാണ്ടുകള്‍കഴിഞ്ഞാണ് എന്നിരിക്കെ ശമര്യക്കാരനാണ് സ്വര്‍ണവിഗ്രഹം നിര്‍മിച്ചതെന്ന പരാമര്‍ശം. ചരിത്രപരമായി നോക്കിയാല്‍ ശുദ്ധ വങ്കത്തമാണ്.

ഈ വിമര്‍ശനങ്ങളില്‍ എത്രത്തോളം കഴമ്പുണ്ടെന്ന് പരിശോധിക്കുക.

ഒന്ന്). അഹറോണാണ് സ്വര്‍ണംകൊണ്ട് കാളക്കുട്ടിയെ നിര്‍മിച്ചതെന്ന് ബൈബിള്‍ പറയുന്നുണ്ടെന്നത് ശരിയാണ്. പുറപ്പാട് പുസ്തകം പറയുന്നത് നോക്കുക: ”മോശെയെ പര്‍വ്വതത്തില്‍നിന്ന് വരാന്‍ വൈകുന്നത് കണ്ട് ജനം അഹറോന്റെ ചുറ്റുംകൂടി പറഞ്ഞു: ‘എഴു ന്നേല്‍ക്കൂ, ഞങ്ങളെ നയിക്കാന്‍ ഞങ്ങള്‍ക്ക് ദേവന്മാരെ ഉണ്ടാക്കിത്തരൂ. ഞങ്ങളെ ഈജിപ്തില്‍നിന്ന്കൊണ്ടുവന്ന ഈ മോശെക്ക് എന്ത് സംഭവിച്ചെന്ന് ഞങ്ങള്‍ക്ക് അറിഞ്ഞുകൂട‘. അപ്പോൾ ‍അഹറോണ്‍ അവരോട് പറഞ്ഞു: ‘നിങ്ങളുടെ ഭാര്യമാരുടെയും പുത്രന്മാരുടെയും പുത്രിമാരുടെയും കാതിലെ സ്വര്‍ണവളയങ്ങള്‍ എടുത്ത് എന്റെ അടുത്ത് കൊണ്ടുവരൂ‘. അതനുസരിച്ച് എല്ലാവരും തങ്ങളുടെ കാതുകളില്‍ ഉണ്ടായിരുന്ന സ്വര്‍ണവളയങ്ങളെടുത്ത് അഹറോണിന്റെ അടുത്ത് കൊണ്ടുവന്നു. അയാള്‍ അവ വാങ്ങി. ഒരു കൊത്തുളികൊണ്ട് രൂപം നല്‍കി ഒരു കാളക്കുട്ടിയെ വാര്‍ത്തുണ്ടാക്കി. അവര്‍ പറഞ്ഞു: ‘ഇസ്രായീലെ, ഇതാ നിന്നെ ഈജിപ്തില്‍നിന്ന് കൊണ്ടുവന്ന നിന്റെ ദേവന്മാര്‍!’. ഇതുകണ്ടപ്പോള്‍ അഹറോണ്‍ കാളക്കുട്ടിയുടെ മുമ്പില്‍ ഒരു ബലിപീഠമുണ്ടാക്കി. അയാള്‍ പ്രഖ്യാപിച്ചു: ‘നാളെ കര്‍ത്താവിന് ഒരു ഉത്‌സവമായിരിക്കും‘. ജനങ്ങള്‍ അടുത്ത ദിവസം രാവിലെ എഴുന്നേറ്റ് ഹോമബലി കഴിക്കുകയും സമാധാന ബലി അര്‍പ്പിക്കുകയും ചെയ്തു. ജനങ്ങളിരുന്ന് തീനും കുടിയും കഴിഞ്ഞു കൂത്താടാന്‍ തുടങ്ങി” (പുറ: 32:1-6).

പ്രവാചകനായ ഹാറൂന്‍ (عليه السلام) വിഗ്രഹാരാധന നടത്തുകയും അത് പ്രോത്‌സാഹിപ്പിക്കുകയും ചെയ്തുവെന്ന ബൈബിള്‍ പരാമര്‍ശം ഖുര്‍ആന്‍ അംഗീകരിക്കുന്നേയില്ല. സാമിരിയുടെ ദുരുപദേശംമൂലം ജനം വഴിപിഴച്ചുപോകുമ്പോള്‍ അവരെ തടഞ്ഞുനിര്‍ത്തി സത്യമാര്‍ഗത്തിലേക്ക് അവരെ ക്ഷണിക്കുന്നവനായാണ് ഹാറൂനി(عليه السلام)നെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്.

”മുമ്പുതന്നെ ഹാറൂന്‍ അവരോട് പറഞ്ഞിട്ടുണ്ടായിരുന്നു: എന്റെ ജനങ്ങളേ, ഇത് (കാളക്കുട്ടി) മൂലം നിങ്ങള്‍ പരീക്ഷിക്കപ്പെടുക മാത്രമാണ് ഉണ്ടായത്. തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് പരമകാരുണികനത്രെ. അതുകൊണ്ട് നിങ്ങള്‍ എന്നെ പിന്തുടരുകയും എന്റെ കല്‍പന അനുസരിക്കുകയും ചെയ്യുക. അവര്‍ പറഞ്ഞു: മൂസാ ഞങ്ങളുടെ അടുത്തേക്ക് മടങ്ങിവരുവോളം ഞങ്ങള്‍ ഇതിനുള്ള ആരാധനയില്‍ നിരതരായി തന്നെ ഇരിക്കുന്നതാണ്” (വി.ഖു. 20:90,91).

യഥാര്‍ത്ഥത്തില്‍ അഹറോണ്‍ വിഗ്രഹാരാധനയെന്ന മഹാപാപം ചെയ്തിട്ടില്ലെന്നുതന്നെയാണ് പുറപ്പാട് പുസ്തകത്തിന്റെ മുപ്പത്തിരണ്ടാം അധ്യായം ഒന്ന് മനസ്സിരുത്തി വായിച്ചാല്‍ നമുക്ക് മനസ്സിലാവുക. താഴെപറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക:

i)വിഗ്രഹാരാധനയെന്ന മഹാപാപം ചെയ്തവര്‍ക്ക് മോശ വിധിച്ച ശിക്ഷയെപ്പറ്റി പുറപ്പാട് പുസ്തകം പറയുന്നത് ഇങ്ങനെയാണ്: ”അഹറോണ്‍ അവരെ കെട്ടഴിച്ചുവിടുകയാല്‍ ശത്രുക്കളുടെ മുമ്പില്‍ പരിഹാസ്യരാകുമാറ് ജനം നിയന്ത്രണംവിട്ടുപോയെന്ന് കണ്ട മോശെ പാളയത്തിന്റെ വാതില്‍ക്കല്‍ നിന്നിട്ടു പറഞ്ഞു: ‘കര്‍ത്താവിന്റെ പക്ഷത്തുള്ളവര്‍ എന്റെ അടുത്ത് വരട്ടെ‘. ലേവിയുടെ പുത്രന്മാരെല്ലാം ഉടനടി മോശെയുടെ ചുറ്റും വന്നുകൂടി. അപ്പോള്‍ അയാള്‍ പറഞ്ഞു: ‘ഇസ്രായീലിന്റെ ദൈവമായ കര്‍ത്താവ് ഇങ്ങനെ അരുള്‍ ചെയ്യുന്നു: ഓരോരുത്തനും തന്റെ വാളുമേന്തി പാളയത്തിലെ കൂടാരവാതിലുകള്‍തോറും ചെന്ന് തന്റെ സഹോദരന്മാരെയും സുഹൃത്തുക്കളെയും അയല്‍ക്കാരെയും കൊന്നുകളയുക.’. ലേവിയുടെ പുത്രന്മാര്‍ മോശെ പറഞ്ഞതുപോലെ പ്രവര്‍ത്തിച്ചു. അന്ന് ജനത്തില്‍ മൂവായിരത്തോളം പുരുഷന്മാര്‍ കൊല്ലപ്പെട്ടു” (പുറ 32:25-28).
പാപം ചെയ്തവരെ കൊന്നുകളയാനാണ് ഇവിടെ മോശ കല്‍പിക്കുന്നത്. എന്നാല്‍ ബൈബിള്‍ പ്രകാരം ഈ പാപത്തിന് കാരണക്കാരനായ അഹറോണ്‍ കൊല്ലപ്പെടുന്നതായി നാം കാണുന്നില്ല. അദ്ദേഹം ഈ സംഭവത്തിനുശേഷവും കുറെനാള്‍ ജീവിച്ചിരുന്നതായി പഴയ നിയമം വ്യക്തമാക്കുന്നു. അഹറോണായിരുന്നു സ്വര്‍ണവിഗ്രഹം നിര്‍മിക്കുകയും അതിന് പ്രേരിപ്പിക്കുകയും ചെയ്തതെങ്കില്‍ അദ്ദേഹം ഒന്നാമതായിത്തന്നെ കൊല്ലപ്പെടുമായിരുന്നു. പാപത്തിന് കാരണക്കാരനായ സ്വന്തം സഹോദരനെ സംരക്ഷിക്കുകയും സഹോദരന്‍ വഴി പാപികളായവരെ കൊന്നൊടുക്കുകയും ചെയ്തുകൊണ്ട് മോശെ അനീതി ചെയ്തുവെന്ന് കരുതാന്‍ നിവൃത്തിയില്ല. അഹറോണ്‍ വിഗ്രഹാരാധനക്ക് നേതൃത്വം കൊടുത്തിരുന്നുവെങ്കില്‍ അദ്ദേഹം കൊല്ലപ്പെടുമായിരുന്നു; തീര്‍ച്ച. മോശയുടെ കല്‍പനപ്രകാരം നടന്ന കൂട്ടക്കൊലയില്‍ അഹ്‌റോണ്‍ ഉള്‍പ്പെട്ടിരുന്നില്ലെന്ന വസ്തുത അദ്ദേഹമല്ല സ്വര്‍ണവിഗ്രഹം നിര്‍മ്മിച്ചതെന്ന് വ്യക്തമാക്കുന്നുണ്ട്.

ii). സ്വര്‍ണവിഗ്രഹമുണ്ടാക്കുകയും അതിനെ ആരാധിക്കുവാന്‍ ജനത്തെ പ്രേരിപ്പിക്കുകയും ചെയ്ത അഹറോണെ രക്ഷിക്കുവാന്‍ മോശ ധൃഷ്ടനായിരുന്നെങ്കില്‍ തന്നെ വിഗ്രഹാരാധനയെന്ന പാപം ചെയ്ത സ്വന്തം സഹോദരങ്ങളെയും അയല്‍ക്കാരെയും കൊന്നൊടുക്കുവാനുള്ള മോശയുടെ കല്‍പന ശിരസാവഹിച്ച ലേവിയര്‍ അദ്ദേഹത്തിന്റെ പക്ഷപാതിത്വത്തെ ചോദ്യം ചെയ്യുമായിരുന്നുവെന്നത് തീര്‍ച്ചയാണ്. തങ്ങളുടെ സഹോദരങ്ങളെയും സ്വന്തക്കാരെയും കൊന്നൊടുക്കുമ്പോള്‍ ഈ പാപത്തിന് യഥാര്‍ത്ഥത്തില്‍ ഉത്തരവാദിയായ മോശയുടെ സഹോദരന്‍ രക്ഷപ്പെടുന്നത് അവര്‍ക്ക് സഹിക്കില്ലെന്നുറപ്പാണ്. അതുകൊണ്ടുതന്നെ അവര്‍ മോശയെ വിമര്‍ശിക്കുമായിരുന്നു. എന്നാല്‍ അത്തരം വിമര്‍ശനങ്ങളോ ചോദ്യംചെയ്യലുകളോ ഒന്നുംതന്നെ ബൈബിള്‍ ഉദ്ധരിക്കുന്നില്ല. അഹറോണല്ല സ്വര്‍ണവിഗ്രഹം നിര്‍മിച്ചതെന്നാണ് ഇതും മനസ്സിലാക്കിത്തരുന്നത്.

iii) കാളക്കുട്ടിയുടെ സ്വര്‍ണവിഗ്രഹം നിര്‍മിക്കുകയും അതിനെ ആരാധിക്കുകയും ചെയ്തവരെക്കുറിച്ചുള്ള ദൈവവിധി ഇങ്ങനെയാണ് പഴയ നിയമം രേഖപ്പെടുത്തിയിരിക്കുന്നത് ”എനിക്കെതിരെ പാപം ചെയ്തവന്റെ പേര്‍ എന്റെ പുസ്തകത്തില്‍നിന്ന് തുടച്ചുനീക്കും” (പുറപ്പാട്32:33). അഹറോന്റെ നാമം ദൈവികഗ്രന്ഥത്തില്‍നിന്ന്ത തുടച്ചുനീക്കിയിട്ടില്ലെന്ന് പഴയനിയമ പുസ്തകങ്ങളിലൂടെ ഒരാവര്‍ത്തിവായിക്കുന്ന ആര്‍ക്കും ബോധ്യപ്പെടും. മാത്രവുമല്ല, ഈ സംഭവത്തിനുശേഷം അഹറോണ് കൂടുതല്‍ ദൈവാനുഗ്രഹങ്ങളും സ്ഥാനമാനങ്ങളും ലഭിക്കുന്നതായാണ് ബൈബിള്‍ മനസിലാക്കിത്തരുന്നത്. ലേവിയരുടെ നേതൃത്വവും വിശുദ്ധ പൗരോഹിത്യത്തിന്റെ പ്രതാപവുമെല്ലാം അഹരോണിലും പുത്ര പാരമ്പര്യത്തിലുമാണ് ദൈവം നിക്ഷിപ്തമാക്കിയത്(സംഖ്യ 18:1-20). ഇതില്‍നിന്നെല്ലാം സ്വര്‍ണവിഗ്രഹം നിര്‍മിക്കുകയെന്നമഹാപാപം ചെയ്തത് അഹരോണായിരിക്കാനിടയില്ലെന്ന് സുതരാംവ്യക്തമാകുന്നു.

രണ്ട്) യഹൂദഗ്രന്ഥമായ പിര്‍ഗ്വി റബ്ബി ഏലിയെസറില്‍ മോശയുടെസമൂഹം കാളക്കുട്ടിയുടെ വിഗ്രഹമുണ്ടാക്കി ആരാധിച്ച കഥ പറയുന്നുണ്ടെന്നത് നേരാണ്. ഈ കഥാകഥനത്തിനിടക്ക് സമ്മായെല്‍ (Sammael)കാളവിഗ്രഹത്തിനകത്ത് ഒളിച്ചിരിക്കുകയും മുക്രശബ്ദം പുറപ്പെടുവിച്ചുകൊണ്ട് ഇസ്രായേലിനെ വഞ്ചിക്കുകയും ചെയ്തു”വെന്ന ഒരു പരാമര്‍ശമുണ്ട്. യഹൂദ വിശ്വാസപ്രകാരം മരണത്തിന്റെ മാലാഖയാണ് ‘സമ്മായെല്‍’. ഈ പരാമര്‍ശം തെറ്റായി മനസ്സിലാക്കിക്കൊണ്ടാണ് ‘സാമിരി‘യാണ് വിഗ്രഹം നിര്‍മിച്ചതെന്ന് മുഹമ്മദ്(ﷺ) പറഞ്ഞതെന്നാണ് ആരോപണം. മുഹമ്മദ് നബി (ﷺ) ‘സമ്മായെലി‘നെസാമിരിയായി തെറ്റിദ്ധരിച്ചതുകൊണ്ടാണ് ഖുര്‍ആനില്‍ സാമിരിയാണ് വിഗ്രഹമുണ്ടാക്കിയതെന്ന കഥയുണ്ടായതെന്നാണ് വിമര്‍ശകരുടെ വാദമെന്നര്‍ത്ഥം.

ഈ വാദത്തിന്റെ നിരര്‍ത്ഥകത മനസ്സിലാക്കാന്‍ പിര്‍ഗ്വി റബ്ബിഏലിയെസരിനെക്കുറിച്ച് യഹൂദ വിജ്ഞാനകോശം എന്താണ് പറയുന്നതെന്ന് പരിശോധിച്ചാല്‍ മാത്രം മതി. ഈ പുസ്തകത്തെക്കുറിച്ച് ദി ജ്യൂയിഷ് എന്‍സൈക്‌ളോപീഡിയ എഴുതുന്നത് കാണുക. ”പതിമൂന്നാം അധ്യായത്തിന്റെ അവസാനത്തില്‍ രചയിതാവ് അറേബ്യയിലെയും സ്‌പെയിനിലെയും റോമിലെയും മുഹമ്മദന്‍ വിജയങ്ങളുടെ മൂന്ന് ഘട്ടങ്ങളെക്കുറിച്ച് സ്പഷ്ടമായി പ്രതിപാദിച്ചതില്‍നിന്നും ഇശ്മയേലിന്റെ പേരിനോടൊപ്പം ഫാത്തിമയുടെയും ആയിഷയുടെയും പേരുകള്‍ നല്‍കിയതില്‍നിന്നും ജോഷാണ് ഏഷ്യാ മൈനറില്‍ ഇസ്‌ലാം പ്രബലമായിരുന്ന കാലത്താണ് ഈ ഗ്രന്ഥം രചിക്കപ്പെട്ടതെന്ന അഭിപ്രായം ആദ്യമായി അവതരിപ്പിച്ചത്. മുപ്പത്തിയാറാം അധ്യായത്തില്‍ മിശിഹയുടെ ആഗമനത്തിന് മുമ്പുള്ള രണ്ട് സഹോദരന്മാരുടെ ഒന്നിച്ചുള്ള ഭരണത്തെക്കുറിച്ച് പരാമര്‍ശിച്ചതില്‍ നിന്ന് ഈ രചന നടന്നത് ഒമ്പതാംനൂറ്റാണ്ടില്‍ ഹാറൂണ്‍ അര്‍റഷീദിന്റെ രണ്ട് പുത്രന്മാര്‍-അല്‍ അമീനും അല്‍മഅ്മൂനും–ഇസ്‌ലാമിക സാമ്രാജ്യം ഭരിക്കുന്ന കാലത്തായിരിക്കാമെന്നും ഊഹിക്കാവുന്നതാണ്” (The Jewish Encyclopaedia 1905, Funk & Wangnalls Company Vol X Page 59)

മുഹമ്മദ് നബി (ﷺ)ക്ക് ശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞ് രചിക്കപ്പെട്ട ഒരുപുസ്തകത്തിലെ പരാമര്‍ശം അബദ്ധത്തില്‍ മനസ്സിലാക്കിയാണ് സാമിരിയെന്ന പദം അദ്ദേഹം ഖുര്‍ആനില്‍ പ്രയോഗിച്ചതെന്ന വിമര്‍ശനം എന്തുമാത്രം വലിയ വങ്കത്തമാണ്! കിട്ടുന്ന ആയുധമെല്ലാമെടുത്ത് ഖുര്‍ആനിനെതിരെ പ്രയോഗിക്കാന്‍ ശ്രമിക്കുമ്പോള്‍ അവ എത്രത്തോളം വസ്തുനിഷ്ഠമാണെന്നുപോലും നോക്കാന്‍ വിമര്‍ശകര്‍ സന്നദ്ധരാകാറില്ലെന്നതിനുള്ള പല ഉദാഹരണങ്ങളിലൊന്നാണിത്.

മൂന്ന്) ‘ശോമറോനിം‘ എന്ന ഹിബ്രു പദമാണ് ശമരിയക്കാര്‍ എന്ന് മലയാളത്തിലും Samaritans എന്ന് ഇംഗ്ലീഷിലും പരിഭാഷപ്പെടുത്തപ്പെടുന്നത്. ആരാണ് ശമരിയക്കാര്‍? ബൈബിള്‍ നിഘണ്ടു പറയുന്നത് കാണുക:

”ഇവര്‍ ക്രി.മു. 722ല്‍ സര്‍ഗോന്‍ രാജാവ് ശമര്യയെ കീഴടക്കി തന്റെ ദേശത്തിലേക്ക് നാടുകടത്തിയ ഇസ്രായീല്യര്‍ക്ക് പകരം കുടിപാര്‍പ്പിട്ട വിദേശീയരുടെ സന്തതികളാകുന്നു. ഈ അന്യരായ അശ്യൂര്യര്‍ ആദ്യംവന്നപ്പോള്‍ അശൂര്‍ ദേശത്തില്‍ ആരാധിച്ചതുപോലെ അവരുടെ പഴയദേവതകളെതന്നെ ശമര്യയിലും ആരാധിച്ചു. എന്നാല്‍ ഇവര്‍ക്ക് പല കഷ്ടതകള്‍ സംഭവിച്ചപ്പോള്‍ യഹോവയാണ് കാനാന്‍ ദേശത്തിലെ പരദേവതയെന്ന് വിചാരിച്ച് പ്രവാസത്തില്‍നിന്ന് കൊണ്ടുവരപ്പെട്ട ഒരു പുരോഹിതന്റെ ഉപദേശപ്രകാരം യഹോവയെ ആരാധിച്ചുതുടങ്ങി. ഇവര്‍ ഇതിനായി പുരോഹിതന്മാരെ നിയമിച്ചു. അത് നിമിത്തം യഹൂദന്മാര്‍ ഇവരെ വളരെദോഷിച്ചു. 1: രാജാ 17:33. പിന്നീട് ഏകദേശം 80 സംവല്‍സരങ്ങള്‍ക്ക് ശേഷം അശ്യൂര്‍ രാജാവ് വീണ്ടും പല അന്യജാതിക്കാരെ ശമര്യയില്‍ കുടിപാര്‍പ്പിച്ചു. യസ്ര 4:10. ക്രി. മു 536 യഹൂദന്മാര്‍ പ്രവാസത്തില്‍ നിന്ന് മടങ്ങിവന്നതോടുകൂടി അവരും ശമര്യരും തമ്മില്‍ വിരോധമുണ്ടായി. എസ്ര4:7 നെഹ 4:7. ശമര്യയര്‍ അനന്തരകാലത്ത് ഗരീസി മലയില്‍ ഒരു വലിയദേവാലയം പണിതു. അതുമൂലം യഹൂദന്മാര്‍ക്ക് ഇവരോട് വൈര്യംജ്വലിച്ചു. ഈ വൈര്യം പുതിയ നിയമകാലത്ത് വര്‍ദ്ധമാനമായിരുന്നു” (ബൈബിള്‍ നിഘണ്ടു പുറം 586, 587)

ശമരിയക്കാരെക്കുറിച്ച് ഡോ. ഡി. ബാബു പോള്‍ തന്റെ ‘വേദശബ്ദരത്‌നാകരത്തില്‍’ അല്‍പം വിശദമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്: ”ശമരിയക്കാര്‍: ശമരിയാ പ്രവിശ്യയില്‍ വസിക്കുന്നവര്‍. ശേഖേമില്‍ പാര്‍ത്ത് എബ്രായരുടെ ദൈവത്തെതന്നെ ആരാധിച്ചവരാണ് തങ്ങള്‍ എന്ന അവകാശവാദം യഹൂദന്മാര്‍ അംഗീകരിക്കുന്നില്ല. അവരുടെ അഭിപ്രായത്തില്‍ രണ്ട് രാജാ 17:24ല്‍ പറയുന്ന കുടിയേറ്റക്കാരാണ് ശമരിയക്കാരുടെ മുന്‍ഗാമികള്‍. യരൂശലേമില്‍നിന്ന് നിഷ്‌കാസിതരായ പുരോഹിതന്മാര്‍ കര്‍മ്മിതരായിരുന്ന ഗെരിസിം ദേവാലയം യവനസ്വാധീനത്തിന് വശഗമായിരുന്നു എന്നും യഹൂദര്‍ ആരോപിക്കുന്നു.

പുറജാതിക്കാരുമായി സമ്മിശ്രപ്പെട്ടാണ് ശമരിയായിലെ യഹൂദര്‍ നിലകൊണ്ടത് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ പുറജാതിക്കാരുടെ ദേവന്മാരെ അവര്‍ ആരാധിച്ചുവെന്ന് സ്ഥാപിക്കാവതല്ല. പുറത്തുനിന്ന് കൊണ്ടുവന്ന ദേവന്മാര്‍ക്ക് വലിയ ആയുസ് ആ മണ്ണില്‍ കിട്ടിയെന്ന് തോന്നുന്നില്ല.പ്രവാസത്തില്‍ നിന്ന് മടങ്ങിയവര്‍ യരൂശലേം ദേവാലയം പുനരുദ്ധരിക്കാന്‍ ശ്രമിച്ചപ്പോള്‍ ശമരിയക്കാര്‍ക്ക് സഹകരിക്കണമെന്നുണ്ടായിരുന്നു. അതിന് കഴിയാതെ വന്നപ്പോഴാണ് ‘എന്നാല്‍ കാണിച്ചുതരാം‘ എന്ന മട്ടില്‍ ശമരിയക്കാര്‍ പരാതിയുമായി ഇറങ്ങിയത്. യഹൂദരും ശമരിയക്കാരും തമ്മില്‍ ഇണയില്ലാ പിണക്കം തുടങ്ങുന്നത് ഈ ഘട്ടം മുതലാണ്. യഹൂദര്‍വംശീയ വിശുദ്ധി തെളിയിക്കാന്‍ വംശാവലിക്ക് പ്രാധാന്യം നല്‍കിത്തുടങ്ങിയതും ശമരിയക്കാരെ അകറ്റിനിര്‍ത്താന്‍വേണ്ടി കൂടെയായിരുന്നുവെന്ന് കരുതാവുന്നതാണ്. മഖാബിയ വിപ്ലവകാലത്ത് ശമരിയക്കാര്‍ യഹൂദരുടെ കൂടെയല്ല നിലയുറപ്പിച്ചത്. യരൂശലേം ദേവാലയം അശുദ്ധമാക്കാന്‍ ശമരിയക്കാര്‍ ശ്രമിച്ചതിനെക്കുറിച്ച് ജോസിഫസ് എഴുതിയിട്ടുണ്ട്. ക്രി.പി. 35ല്‍ ശമരിയക്കാര്‍ ഒരു ‘മിശിഹാ‘ യെ കണ്ടെത്തി. പൊന്തിയോസ് പിലാത്തോസ് മശിഹയുടെ ‘ഓശാന യാത്ര‘ അലങ്കോലപ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ കലാപങ്ങളാണ് പിലാത്തോസിന്റെ സ്ഥാനചലനത്തിലേക്ക് നയിച്ചത് എന്ന് തോന്നുന്നു.

യഹൂദരുടെ പഴയ നിയമം ഇന്നത്തെ രൂപം കൈവരിക്കുംമുമ്പെ ശമരിയക്കാര്‍ പിണങ്ങിയിരുന്നു. അതുകൊണ്ടാണല്ലോ അവര്‍ പഞ്ചഗ്രന്ഥി മാത്രം അംഗീകരിക്കുന്നത്. ഒരു മഹാപുരോഹിതനാണ് ശമരിയക്കാരുടെ നേതാവ്: ആത്മീയമായും ഭൗതികമായും ന്യായപ്രമാണത്തിന് വിശദീകരണവും വ്യാഖ്യാനവും കൊടുക്കുന്നതില്‍ അവര്‍ പരീശന്മാരെപോലെയായിരുന്നു. മശിഹയുടെ ആഗമനം അവരും പ്രതീക്ഷിച്ചിരുന്നു. ‘നേരെയാക്കുന്നവന്‍’ എന്ന് അര്‍ത്ഥമുള്ള താഹേബ് എന്ന പദമാണ് അവര്‍ ഉപയോഗിച്ചിരുന്നത്. പെസഹാ ഉള്‍പ്പെടെ എല്ലാ അനുഷ്ഠാനങ്ങളിലും യഹൂദരില്‍നിന്ന് വ്യതിരിക്തമാണ് ശമര്യാ രീതികള്‍. ശമര്യക്കാര്‍ ഇപ്പോഴുമുണ്ട്: ഏകദേശം നാനൂറ് കുടുംബങ്ങള്‍” (വേദശബ്ദരത്‌നാകരം പുറം 634).

ശമരിയക്കാരെക്കുറിച്ച യഹൂദരുടെയും ക്രൈസ്തവരുടെയും പരമ്പരാഗത വാദമാണിത്. എന്നാല്‍ ശമരിയക്കാര്‍ ഈ വാദം അംഗീകരിക്കുന്നില്ല. ഹാര്‍പേഴ്‌സ് ബൈബിള്‍ ഡിക്ഷ്ണറി എഴുതുന്നത് കാണുക: ”ഒരു മതവിഭാഗമെന്ന നിലക്ക് ശമരിയക്കാര്‍ വളരെയേറെ നിഷ്ഠയുള്ളവരും തോറ പ്രകാരം ജീവിക്കുന്നവരും അവരുടെ മതപാരമ്പര്യത്തില്‍ അഭിമാനിക്കുന്നവരുമാണ്. യഹൂദന്മാരല്ല, തങ്ങളാണ് മോശ പഠിപ്പിക്കുകയും പുരാതന കാലത്ത് ഗരിസിം മലയില്‍ അനുഷ്ഠിച്ചുവരികയും ചെയ്ത പൗരാണിക ഇസ്രായീലിന്റെ യഥാര്‍ത്ഥ വിശ്വാസമുള്‍ക്കൊള്ളുന്നവരെന്നാണ് അവരുടെ വാദം. അവര്‍ തങ്ങളെ വിളിക്കുന്നത് ഷാമറിം (Shamerim) എന്നാണ്. ”(തോറ). പ്രകാരം ജീവിക്കുന്നവര്‍” എന്നാണ് ഈ പദത്തിനര്‍ത്ഥം. യഹൂദന്മാര്‍ യഹൂദായുടെ പിന്‍മുറക്കാരാണെന്നതുപോലെ പുരാതന ഇസ്രായേലിലെ യോസഫിന്റെ പിന്‍മുറക്കാരായ ജനവിഭാഗമാണ് തങ്ങളെന്നാണ് അവര്‍ മനസ്സിലാക്കുന്നത്. ഷിലോഹില്‍ ഒരു സമാന്തര ദേവാലയമുണ്ടാക്കിയെന്ന് കരുതപ്പെടുന്ന ഏലിയെന്ന പുരോഹിതനാണ് യഥാര്‍ത്ഥ വിശ്വാസത്തില്‍ നിന്ന് പിഴച്ചുകൊണ്ട് യഹൂദ മതമുണ്ടാക്കിയത്. യഹൂദ ബൈബിളിലെ രണ്ടും മൂന്നും ഭാഗങ്ങളില്‍ പറയുന്ന ഇസ്രായേലിന്റെ വിശ്വാസത്തെക്കുറിച്ച ചരിത്രം വിശുദ്ധമല്ലെന്നും മതഭ്രംശം സംഭവിച്ചവയാണെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. ശമരിയക്കാര്‍ വിശുദ്ധ ഗ്രന്ഥമായി അംഗീകരിക്കുന്നത് അവരുടെ സവിശേഷമായ സംേശാധനയ്ക്ക് വിധേയമാക്കപ്പെട്ട പഞ്ചഗ്രന്ഥിയെ മാത്രമാണ്” (Harpers Bible Dictionary Page 899)

എന്‍സൈക്ലോപീഡിയ ബ്രിട്ടാണിക്ക എഴുതുന്നത് ഇങ്ങനെയാണ്: ‘ശമരിയക്കാര്‍ അവരെ സ്വയം വിളിക്കുന്നത് ബനൂ ഇസ്രായീല്യര്‍ (ഇസ്രായേല്‍ സന്തതികള്‍) എന്നും ഷാമെറിം (ആചരിക്കുന്നവന്‍) എന്നുമാണ്. കാരണം അവരുടെ മതാനുഷ്ഠാനങ്ങളുടെയെല്ലാം പൂര്‍ണമായ പ്രമാണം പഞ്ചഗ്രന്ഥി (പഴയ നിയമത്തിലെ ആദ്യത്തെ അഞ്ച് പുസ്തകങ്ങള്‍)യാണ്. മറ്റ് യഹൂദന്മാര്‍ അവരെ ശൊമോറിം (Shomorim) അഥവാ ശമരിയക്കാര്‍ എന്നാണ് വിളിക്കുന്നത്. തല്‍മൂദില്‍ (നിയമത്തിന്റെയും സിദ്ധാന്തത്തിന്റെയും വ്യാഖ്യാനത്തിന്റെയും റബ്ബിമാരുടെ സംഗ്രഹഗ്രന്ഥം) അവരെ കുത്തിം(Kutim) എന്നാണ് വിളിച്ചിരിക്കുന്നത്. അസീറിയന്‍ വിജയത്തിനുശേഷം ശമരിയയില്‍ കുടിയേറിയ മെസപ്പെട്ടോമിയന്‍ കുത്തിയന്മാരുടെ (Cuthaeans)പിന്‍മുറക്കാരാണ് ഇവര്‍ എന്ന സങ്കല്‍പത്തിലാണ് ഈ അഭിസംബോധന” (“Samiritan” Encyclopaedia Brittanica CD 99 Standard Edition)

തങ്ങള്‍ യോസഫിന്റെ പിന്‍മുറക്കാരാണെന്നാണ് ശമരിയക്കാരുടെ വാദമെന്നും ഈ വാദത്തിന് ഉപോല്‍ബലകമായ പൂര്‍ണമായും തള്ളിക്കളയാന്‍ പറ്റാത്ത തെളിവുകളുണ്ടെന്നുമുള്ള വസ്തുതകള്‍ എന്‍സൈക്ലോപീഡിയ ജൂദായിക്കയും സമ്മതിക്കുന്നുണ്ട്. ശമരിയക്കാര്‍ എന്നപേരില്‍നിന്ന് വളരെകുറച്ച് കാര്യങ്ങള്‍ മാത്രമെ മനസ്സിലാക്കാന്‍ കഴിയുന്നുള്ളൂ. 2 രാജാക്കന്മാര്‍ 17:29ല്‍ ഒരു തവണ മാത്രമാണ് ബൈബിള്‍ ”ഷൊറോണിം” എന്ന് പ്രയോഗിച്ചിരിക്കുന്നത്. ഇതിന് ഇംഗ്ലീഷില്‍ Samaritansഎന്നതിനേക്കാള്‍ Samarians എന്ന് ഭാഷാന്തരം ചെയ്യുന്നതാണ് ശരി. ശമരിയക്കാര്‍ ഈ പേര് സ്വയം ഉപയോഗിക്കുന്നില്ലെന്നതാണ് ഒന്നാമത്തെകാര്യം. ദീര്‍ഘകാലമായി അവര്‍ സ്വയം വിളിക്കുന്നത് ഷാമെറിന്‍ (Shamerin)എന്നാണ്. ”സത്യം ആചരിക്കുന്നവര്‍” അല്ലെങ്കില്‍ ”സത്യത്തിന്റെ സംരക്ഷകര്‍” എന്നാണ് ഇതിന്നര്‍ത്ഥം……..

ശമരിയയില്‍ ജീവിച്ചിരുന്നവരുടെയും അസ്സീറിയക്കാരുടെ ശമരിയാവിജയ (722/1 B.C.E) ത്തിന്റെ കാലത്തുണ്ടായിരുന്ന മറ്റുള്ളവരുടെയും മിശ്രണത്തില്‍ നിന്നാണ് ശമരിയക്കാര്‍ ഉണ്ടായതെന്ന വിശ്വാസമായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ മധ്യംവരെ പൊതുവായി നിലനിന്നിരുന്നത്. രാജാക്കന്മാരുടെ രണ്ടാം പുസ്തകത്തിലെ 17ാം അധ്യായമായിരുന്നു ശമരിയക്കാരുടെ ഉല്‍പത്തിയെക്കുറിച്ച് നമുക്ക് അറിവ് നല്‍കുന്ന പ്രധാനപ്പെട്ട ഒരു സ്രോതസ്സ്. എന്നാല്‍ ഈ ബൈബിള്‍ ഭാഗം പുനഃപരിശോധനക്ക് വിധേയമാക്കിയപ്പോള്‍ ശമരിയക്കാരുടെ തന്നെ പുരാവൃത്താന്തങ്ങള്‍ക്കും ചരിത്രങ്ങള്‍ക്കും കൂടുതല്‍ പരിഗണന നല്‍കുന്നതിലേക്ക് നാം നയിക്കപ്പെട്ടിരിക്കുകയാണ്. സെഫര്‍ ഹ യാമീം (Sefer ha-Yamim) എന്ന രണ്ടാം ദിനവൃത്താന്ത (Chronicle II) ത്തിന്റെ പ്രസിദ്ധീകരണത്തോടെ ശമരിയക്കാരുടെ ചരിത്രത്തെക്കുറിച്ച അവരുടെതന്നെ വീക്ഷണം പൂര്‍ണമായും വെളിവായിരിക്കുകയാണ്. ദിനവൃത്താന്തങ്ങളും ശമരിയക്കാരുടേതല്ലാത്ത മറ്റ് പല കാര്യങ്ങളുമെല്ലാം ഇതിലുണ്ട്.

ഇതുപ്രകാരം യോസേഫിന്റെ ഗോത്രങ്ങളായ എഫ്രയീമിന്റെയും മനാശ്ശെയുടെയും നേരിട്ടുള്ള പിന്‍ഗാമികളാണ് ശമരിയക്കാര്‍. അഹറോണില്‍ നിന്ന് തുടങ്ങി എലിസറിലൂടെയും ഫിനെഹാസിലൂടെയുമുള്ള മഹാപൗരോഹിത്യവും ക്രിസ്താബ്ദം പതിനേഴാം നൂറ്റാണ്ടുവരെ അവര്‍ അവകാശമാക്കിയിരുന്നു. ഫലസ്തീന്റെ കേന്ദ്രഭാഗത്തുള്ള പുരാതന ഭൂപ്രദേശത്ത് മറ്റ് ഇസ്രായീലി ഗോത്രങ്ങളുമായി സമാധാനത്തില്‍ കഴിയുകയായിരുന്നു ശമരിയക്കാരെന്നും ശേഖേമില്‍നിന്ന് ശിലോഹിലേക്ക് മാറ്റിക്കൊണ്ട് ഉത്തര ഉപാസനാരീതികളെ തകിടം മറിക്കുകയും ചില ഉത്തര ഇസ്രായേലികളെ തന്റെ പുതിയ ആരാധനാ സമ്പ്രദായത്തിലേക്ക് മാറ്റുകയും ചെയ്ത ഏലിയുടെ കാലംവരെ ഇത് തുടര്‍ന്നുവെന്നുമാണ് അവര്‍ വാദിക്കുന്നത്. ശമരിയക്കാരെ സംബന്ധിച്ചിടത്തോളം ഇത് ഒരു വലിയ മാര്‍ഗഭ്രംശമാണ്” (“Samaritans” The Encyclopaedia Judaica CD Rom Edition)

ശമരിയക്കാര്‍ തങ്ങള്‍ യോസഫിന്റെ പിന്‍മുറക്കാരാണെന്നാണ് അവകാശപ്പെടുന്നതെന്നും ഈ അവകാശവാദം അപ്പടി നിഷേധിക്കുവാന്‍ സാധ്യമല്ലെന്നാണ് പുതിയ ഗവേഷണങ്ങള്‍ വ്യക്തമാക്കുന്ന തെന്നുമുള്ള വസ്തുതകള്‍ യഹൂദ വിജ്ഞാനകോശംപോലും സമ്മതിക്കുന്നുവെന്നര്‍ത്ഥം. ഒരു വിഭാഗത്തിന്റെ ഉല്‍പത്തിയെയും വിശ്വാസങ്ങളെയും കുറിച്ച് അവരുടെ ശത്രുക്കള്‍ നല്‍കുന്ന അറിവിന്റെ അടിസ്ഥാനത്തിലല്ല വിലയിരുത്തേണ്ടതെന്ന് സാമാന്യ മര്യാദയുടെ വെളിച്ചത്തില്‍ നോക്കുമ്പോള്‍ ശമരിയക്കാരുടെ ഉല്‍പത്തിയെക്കുറിച്ച യഹൂദ വീക്ഷണം തള്ളപ്പെടേണ്ടതാണെന്ന് നമുക്ക് ബോധ്യപ്പെടുന്നു. ശമരിയക്കാരില്‍ ഇന്നും അവശേഷിക്കുന്ന നാനൂറോളം കുടുംബങ്ങള്‍ വിശ്വസിക്കുന്നത് തങ്ങള്‍ യോസേഫിന്റെ പിന്‍മുറക്കാരാണെന്നാണ്. ആ വിശ്വാസത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മാത്രവുമല്ല, പ്രസ്തുത വിശ്വാസത്തില്‍ അല്‍പമെല്ലാം കഴമ്പുണ്ടെന്നു തന്നെയാണ് പുതിയ ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത്. പ്രസ്തുത ഗവേഷണങ്ങളാകട്ടെ ഇരുപതാം നൂറ്റാണ്ടില്‍നടന്നവയുമാണ്.

ഇതില്‍നിന്ന് ഒരുകാര്യം നമുക്ക് സുതരാം വ്യക്തമാവുന്നു. മൂസാ (عليه السلام)യുടെ കാലത്ത് സ്വര്‍ണവിഗ്രഹം നിര്‍മിക്കുകയും അതിനെ ആരാധിക്കുവാന്‍ ഇസ്രായീല്യരെ പ്രചോദിപ്പിക്കുകയും ചെയ്തത് ഒരു ശമരിയക്കാരനാണെന്ന (അസ്‌സാമിരി) ഖുര്‍ആനിക പ്രസ്താവനയില്‍ ചരിത്രവിരുദ്ധമായി യാതൊന്നുമില്ലെന്ന വസ്തുതയാണത്. ശമരിയക്കാര്‍ യോസഫിന്റെ പിന്‍മുറക്കാരാണെങ്കില്‍ മൂസാ (عليه السلام)യുടെ കാലത്ത് അവരുണ്ടായിരിക്കുമെന്ന് തീര്‍ച്ചയാണ്. തങ്ങളാണ് ഇസ്രാഈല്‍ സന്തതികളുടെ യഥാര്‍ത്ഥ വിശ്വാസാനുഷ്ഠാനങ്ങളുടെ വക്താക്കള്‍ എന്ന് ഇന്നും അവകാശപ്പെടുന്ന അവരുടെ മുന്‍ഗാമികളും സ്വാഭാവികമായിമൂസ(عليه السلام)യോടൊപ്പം കടല്‍ കടന്ന് എത്തിയിരിക്കുമല്ലോ. അവരില്‍ പെട്ടഒരാളായിരിക്കണം സ്വര്‍ണ വിഗ്രഹം നിര്‍മ്മിച്ചുകൊണ്ട് ഇസ്രായീല്യരെ വഴിതെറ്റിച്ചത്. ഖുര്‍ആന്‍ പറഞ്ഞത് പൂര്‍ണമായും സത്യസന്ധമാണെന്ന വസ്തുതയാണ് ഇവിടെ അനാവൃതമാവുന്നത്.

സ്വര്‍ണവിഗ്രഹം നിര്‍മിച്ചത് അഹറോണാണെന്ന ബൈബിള്‍ പരാമര്‍ശം അടിസ്ഥാനരഹിതമാണെന്ന് പുറപ്പാട് പുസ്തകം തന്നെ വ്യക്തമാക്കുന്നു. ഒരുസാമിരിയാണ് കുറ്റവാളിയെന്ന ഖുര്‍ആനിക പരാമര്‍ശത്തിന് ഉപോല്‍ബലകമായ തെളിവുകളാണ് പുതിയ ഗവേഷണ ഫലങ്ങളിലൂടെ വെളിവായിക്കൊണ്ടിരിക്കുന്നത്. ബൈബിളില്‍ മാനുഷിക കരവിരുതുകള്‍ നടന്നിട്ടുണ്ടെന്നും ഖുര്‍ആന്‍ തെറ്റുപറ്റാത്ത ദൈവിക ഗ്രന്ഥമാണെന്നുമുള്ള വസ്തുതകള്‍ തന്നെയാണ് ഖുര്‍ആനിനെതിരെയുള്ള വിമര്‍ശനങ്ങളോരോന്നും വെളിച്ചത്തുകൊണ്ടുവരുന്നത്.

print