കഅബ ശിലാപൂജകക്ഷേത്രമായിരുന്നുവോ ?

/കഅബ ശിലാപൂജകക്ഷേത്രമായിരുന്നുവോ ?
/കഅബ ശിലാപൂജകക്ഷേത്രമായിരുന്നുവോ ?

കഅബ ശിലാപൂജകക്ഷേത്രമായിരുന്നുവോ ?

 മക്കന്‍ ബഹുദൈവാരാധക പാരമ്പര്യത്തില്‍ വികസിച്ചുവന്ന ഒരു ശിലാപൂജക ക്ഷേത്രമായിരുന്നു വാസ്തവത്തില്‍ കഅ്ബ. തെക്കനറേബ്യന്‍ വിഗ്രഹാരാധകരുടെ മുന്‍കയ്യില്‍ ശിലാപൂജക്കുവേണ്ടി സ്ഥാപിക്കപ്പെട്ട ക്ഷേത്രമാണ് കഅ്ബയെന്ന് ചരിത്രരേഖകളും കഅ്ബയില്‍ ഇപ്പോഴും സ്ഥിതിചെയ്യുന്ന ഹജറുല്‍ അസ്‌വദും വ്യക്തമാക്കുന്നുണ്ട്. ഒരു പ്രാകൃത ബഹുദൈവാരാധനാ ശേഷിപ്പിനെയാണ് പ്രവാചകന്‍ മുസ്‌ലിംകളുടെ ക്വിബ്‌ലയായി പ്രഖ്യാപിച്ചത് എന്ന് മനസ്സിലാക്കാനേ അവയുടെ വെളിച്ചത്തില്‍ ചരിത്രാന്വേഷകര്‍ക്ക് കഴിയൂ. കഅ്ബ ഇബ്‌റാഹീമും ഇസ്മാഈലും സ്ഥാപിച്ചതല്ലെന്ന് സമര്‍ഥിക്കാന്‍ ചില ഓറിയന്റലിസ്റ്റുകളും മിഷനറിമാരും ഉന്നയിച്ചിട്ടുള്ള ഈ വാദം ശരിയാണോ?

ല്ല. തെക്കേ അറേബ്യയിലെ വിഗ്രഹാരാധകര്‍ ശിലാപൂജക്കുവേണ്ടി സ്ഥാപിച്ച ആരാധനാലയമാണ് കഅ്ബയെന്ന് ‘ചരിത്രരേഖകള്‍’ വ്യക്തമാക്കുന്നുവെന്ന് അവകാശപ്പെടുന്ന ഇസ്‌ലാം വിമര്‍ശകരൊന്നും തന്നെ ഒരു ‘ചരിത്രരേഖ’യും നാളിതുവരെ ഇവ്വിഷയകമായി ഹാജരാക്കിയിട്ടില്ല എന്നതാണ് സത്യം. ദക്ഷിണ അറേബ്യ എന്ന ഭൂമിശാസ്ത്രപരമായ മേല്‍വിലാസം സ്ഥാപിക്കുന്നതുപോയിട്ട് ഏതെങ്കിലും തരത്തിലുള്ള വിഗ്രഹാരാധനക്കുവേണ്ടി ആരെങ്കിലും നിര്‍മിച്ചതാണ് കഅ്ബയെന്ന് സൂചിപ്പിക്കുകയെങ്കിലും ചെയ്യുന്ന ഒരു ചരിത്രരേഖയും ഇല്ല. വിഖ്യാതനായ ഗ്രീക്ക് ചരിത്രകാരന്‍ ഹെറഡോട്ടസ് ‘അലിലത്’ എന്നുപേരുള്ള ഒരു അറേബ്യന്‍ ദേവതയെക്കുറിച്ച് പരാമര്‍ശിക്കുന്നുവെന്നതാണ് കഅ്ബ വിഗ്രഹാരാധകര്‍ സ്ഥാപിച്ചതാണെന്ന് തെളിയിക്കാന്‍ പല ഇസ്‌ലാം വിമര്‍ശകരും എടുത്തുദ്ധരിച്ചിരിക്കുന്നത്. പ്രവാചകന്റെ കാലത്ത് ത്വാഇഫില്‍ പൂജിക്കപ്പെട്ടിരുന്ന ലാത്ത എന്ന വിഗ്രഹമാണ് ഹെറഡോട്ടസിന്റെ പരാമര്‍ശത്തിന് വിധേയമായതെന്ന് അവരില്‍ ചിലര്‍ വ്യാഖ്യാനിക്കുകയും ചെയ്തിട്ടുണ്ട്.

പുരാതനകാലം മുതല്‍ക്കുതന്നെ കഅ്ബ വിഗ്രഹാരാധകരുടെ ദേവാലയമായിരുന്നുവെന്ന് ഹെറഡോട്ടസിന്റെ എഴുത്തുകള്‍ തെളിയിക്കുന്നുവെന്നാണ് വിമര്‍ശകരുടെ വാദം. ഇവിടെ, ഒന്നാമതായി മക്കയെക്കുറിച്ചോ കഅ്ബയെക്കുറിച്ചോ ഹെറഡോട്ടസ് യാതൊരു പ്രസ്താവനയും നടത്തുന്നില്ല എന്നതാണ് സത്യം. ഹെറഡോട്ടസിന്റെ ‘അലിലത്ത്’ ‘ലാത്ത’യാണെങ്കില്‍ ത്വാഇഫിനെക്കുറിച്ചാണ് അദ്ദേഹത്തിന്റെ പരാമര്‍ശം എന്നാണ് വരിക. അങ്ങനെയാണെങ്കിലും അല്ലെങ്കിലും, അറേബ്യയുടെ ഒരു ഭാഗത്ത് ബി.സി. ഇ അഞ്ചാം നൂറ്റാണ്ടില്‍ ഒരു വിഗ്രഹം ദേവതയായി ആരാധിക്കപ്പെടുകയും പൂജിക്കപ്പെടുകയും ചെയ്തിരുന്നുവെന്ന് മാത്രമാണ് അദ്ദേഹത്തിന്റെ വിവരണം തെളിയിക്കുന്നത്. ഇതിന് മക്കയുമായും കഅ്ബയുമായും എന്തു ബന്ധമാണുള്ളത്? കഅ്ബ വിഗ്രഹാരാധനക്കുവേണ്ടി
പടുത്തുയര്‍ത്തപ്പെട്ട ഭവനമാണെന്ന  വാദത്തിന് അതെങ്ങനെയാണ് തെളിവാകുക?

രണ്ടാമതായി, ഹെറഡോട്ടസ് ഇനി സാക്ഷാല്‍ കഅ്ബയെക്കുറിച്ചുതന്നെ ഇതേ കാര്യം എഴുതിയാലും അദ്ദേഹത്തിന്റെ കാലമായപ്പോഴേക്കും കഅ്ബക്കു ചുറ്റുമുള്ള ജനത ദേവതാപൂജ ആരംഭിച്ചുവെന്നല്ലാതെ കഅ്ബ സ്ഥാപിക്കപ്പെട്ടത് അന്നായിരുന്നുവെന്നും അതിനുവേണ്ടിയായിരുന്നുവെന്നും എങ്ങനെയാണ് സ്ഥാപിക്കപ്പെടുക? ഇബ്‌റാഹിം നബി(അ)യാണ് കഅ്ബ സ്ഥാപിച്ചതെന്ന പ്രവാചകാധ്യാപനത്തെ അതെങ്ങനെയാണ് തിരുത്തുക? ബൈബിള്‍ കാലഗണന പ്രകാരം ഹെറഡോട്ടസിന് ഒന്നര സഹസ്രാബ്ദത്തോളം മുമ്പ് ജീവിച്ച ഇബ്‌റാഹിം പ്രവാചകന്‍ സ്ഥാപിച്ച ഒരാരാധനാലയത്തിന്റെ പരിസരത്ത് ഹെറഡോട്ടസിന്റെ കാലമായപ്പോഴേക്കും വിശ്വാസവ്യതിചലനങ്ങളുടെ ഫലമായി വിഗ്രഹങ്ങള്‍ വന്നുചേരുന്നതില്‍ എന്ത് അസാംഗത്യമാണുള്ളത്? കഅ്ബയെ ഇബ്‌റാഹിം നബി (അ) പഠിപ്പിച്ച ഏകദൈവാരാധനാപരമായ മൂല്യങ്ങളില്‍ തന്നെ അറബികള്‍ ചരിത്രത്തിലുടനീളം നിലനിര്‍ത്തി എന്ന് മുഹമ്മദ് നബി(സ)യോ മുസ്‌ലിംകളോ അവകാശപ്പെട്ടിട്ടില്ലെന്നു മാത്രമല്ല, ചരിത്രത്തില്‍ സംഭവിച്ച അപഭ്രംശങ്ങള്‍ വഴി പരിശുദ്ധമായ ആ ദൈവഭവനം പില്‍ക്കാലത്ത് വിഗ്രഹങ്ങള്‍കൊണ്ട് മലിനമായിത്തീര്‍ന്നു എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അത്തരം അപഭ്രംശങ്ങളില്‍ നിന്നു വിമോചിപ്പിച്ച് കഅ്ബയെ അതിന്റെ ആദിമ അബ്രഹാമിക വിശുദ്ധയില്‍ പുനഃസ്ഥാപിക്കുക എന്ന ദൗത്യമാണല്ലോ, മുഹമ്മദ് നബി (സ) ഏഴാം നൂറ്റാണ്ടില്‍ നിര്‍വഹിച്ചത്.

ബി. സി. ഇ ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ച ഡിയോഡറസ് സിക്കുലസ് (Diodorus Siculus) എന്ന ഗ്രീക്ക് ചരിത്രകാരന്‍ അന്ന് അദ്ദേഹത്തിനറിയാമായിരുന്ന ഭൂപ്രദേശങ്ങളെക്കുറിച്ചെഴുതിയ ബിബഌയോത്തിക്ക ഹിസ്റ്റോറിക്ക (Bibliotheca Historica) എന്ന ഗ്രന്ഥത്തില്‍ മക്കയെ പരമാര്‍ശിച്ചുകൊണ്ട് ”അവിടെ അതിവിശുദ്ധവും എല്ലാ അറബികളും അങ്ങേയറ്റം ആദരിക്കുന്നതുമായ ഒരാരാധനാലയം നിലിവിലുണ്ട്” എന്നെഴുതിയിട്ടുള്ളതാണ് വിമര്‍ശകരുടെ മറ്റൊരു ‘തെളിവ്.’ ഗ്രീക്കുകാര്‍ക്കുപോലും പരിചിതമാകുംവിധമുള്ള പ്രശസ്തി ക്രിസ്തുയേശുവിനു മുമ്പുതന്നെ കഅ്ബ കൈവരിച്ചിരുന്നുവെന്ന് മാത്രമാണ് വാസ്തവത്തില്‍ ഡിയോഡറസിന്റെ ഗ്രന്ഥം തെളിയിക്കുന്നത്. കഅ്ബ ഇബ്‌റാഹിം നബി(അ) സ്ഥാപിച്ചതാണെന്ന യാഥാര്‍ത്ഥ്യത്തെ നിഷേധിക്കുന്ന വിദൂരമായ സൂചനകള്‍പോലും അദ്ദേഹത്തിന്റെ എഴുത്ത് ഉള്‍ക്കൊള്ളുന്നില്ല. കഅ്ബയില്‍ വിഗ്രഹാരാധന നടക്കുന്നതായിത്തന്നെ ഡിയോഡറസിന്റെ എഴുത്തുകള്‍ പറഞ്ഞാല്‍പോലും അദ്ദേഹത്തിനു രണ്ട് സഹസ്രാബ്ദങ്ങള്‍ക്കുമുമ്പ് ഇബ്‌റാഹിം നബി (അ) ഏകദൈവാരാധനക്കുവേണ്ടി സ്ഥാപിച്ചതായിരുന്നു പ്രസ്തുത ഭവനമെന്ന യാഥാര്‍ത്ഥ്യത്തെ അതൊരിക്കലും ബാധിക്കുകയില്ലെന്നതാണ് വാസ്തവം.

കഅ്ബ ഇബ്‌റാഹിം പ്രവാചകനും പുത്രന്‍ ഇസ്മാഈല്‍ പ്രവാചകനും ചേര്‍ന്ന് പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുവാന്‍വേണ്ടി പടുത്തുയര്‍ത്തിയതാണെന്ന ഇസ്‌ലാമിക നിലപാടിനെ നിരാകരിക്കുകയോ ബഹുദൈവാരാധകര്‍ സ്ഥാപിച്ചതോ ബഹുദൈവാരാധനയ്ക്കുവേണ്ടി സ്ഥാപിക്കപ്പെട്ടതോ ആയ ദേവാലയമാണ് അത് എന്നു സൂചിപ്പിക്കുകയോ ചെയ്യുന്നില്ല വിമര്‍ശകരുടെ കൈവശമുള്ള ‘ചരിത്രരേഖ’കളൊന്നും തന്നെ എന്ന് നമുക്ക് വ്യക്തമായി. കഅ്ബയെ ശിലാപൂജയുമായി ബന്ധിപ്പിക്കുവാന്‍ ഇസ്‌ലാം വിമര്‍ശകര്‍ പിന്നീട് ആശ്രയിക്കുന്നത് ഹജറുല്‍ അസ്‌വദ് എന്ന, കഅ്ബയുടെ ചുമരില്‍ പരിരക്ഷിക്കപ്പെടുന്ന കറുത്ത കല്ലിനെയാണ്. വാസ്തവത്തില്‍, അങ്ങേയറ്റം പരിഹാസ്യമായ ഒരു വാദമാണിത്. ഹജറുല്‍ അസ്‌വദ് എന്ന അറബി വാക്കിനര്‍ത്ഥം കറുത്ത കല്ല് എന്നു മാത്രമാണ്. ആരാധനാലയങ്ങളുടെ ചുമരുകള്‍ നിര്‍മിക്കപ്പെടുക സ്വാഭാവികമായും കല്ലുപയോഗിച്ചു തന്നെയാണ്. കഅ്ബ പടുത്തുയര്‍ത്തുവാനാരംഭിച്ചപ്പോള്‍ മൂലശിലയായി ഇബ്‌റാഹിമും ഇസ്മാഈലും ഉപയോഗിച്ച കറുത്ത കല്ലാണ് ഹജറുല്‍ അസ്‌വദ് എന്ന പേരില്‍ വിശ്രുതമായിത്തീര്‍ന്നത്. ചരിത്രത്തിന്റെ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ നടന്ന പുനര്‍നിര്‍മാണ വേളകളില്‍ ഈ മൂലശില എടുത്തുമാറ്റപ്പെടാതെ പരിരക്ഷിക്കപ്പെട്ടുവെന്നതാണ് അതിന്റെ ചരിത്രപരമായ പ്രാധാന്യം.

ആരാധനാലയങ്ങളുടെ ചുമരുകളില്‍ കല്ലുകളുണ്ടാകുന്നതിന്റെ പേരല്ല ശിലാപൂജ, മറിച്ച് ചുമരിലോ അല്ലാതെയോ ഉള്ള ഏതെങ്കിലും കല്ല് പൂജിക്കപ്പെടുന്നതിന്റെ പേരാണ്. അറബികള്‍ ഇബ്‌റാഹിമീ ഏകദൈവ വിശ്വാസത്തില്‍നിന്ന് പല രീതിയിലും വ്യതിചലിച്ചു പോവുകയും മുഹമ്മദ് നബി (സ)യുടെ കാലമായപ്പോഴേക്കും കടുത്ത വിഗ്രഹാരാധകരായി മാറുകയും ചെയ്തിരുന്നു. എന്നാല്‍ അവരുടെ പൂജാവസ്തുക്കളില്‍ ഒരിക്കല്‍പോലും ഹജറുല്‍ അസ്‌വദ് ഉള്‍പ്പെട്ടിരുന്നില്ലെന്നതാണ് വാസ്തവം. ചരിത്രത്തിന്റെ ഒരു സന്ദര്‍ഭത്തിലും ആരാധിക്കപ്പെട്ടിട്ടില്ലാത്ത, കഅ്ബയുടെ മൂലശിലയെന്ന നിലയില്‍ അപ്പടി നിലനിര്‍ത്തപ്പെടുക മാത്രം ചെയ്തിട്ടുള്ള ഒരു കല്ലാണത്. കഅ്ബയെ ശിലാപൂജയുടെ കേന്ദ്രമായി അവതരിപ്പിക്കാനാഗ്രഹമുള്ള മിഷനറിമാര്‍ക്കും ഓറിയന്റലിസ്റ്റുകള്‍ക്കുമൊന്നും ഹജറുല്‍ അസ്‌വദിനെ അറബികള്‍ പൂജിച്ചിരുന്നുവെന്ന് കാണിക്കുന്ന ഒരു ചരിത്രരേഖയും ഉദ്ധരിക്കാന്‍ കഴിയാത്തത് അതുകൊണ്ടാണ്. കഅ്ബക്കകത്തുപോലും വിഗ്രഹങ്ങള്‍ സ്ഥാപിക്കപ്പെട്ടപ്പോഴും അറബികള്‍ ഹജറുല്‍ അസ്‌വദിനെ ആരാധനാമൂര്‍ത്തിയായി സ്വീകരിച്ചില്ലെന്ന് പറയുമ്പോള്‍ ഹജറുല്‍ അസ്‌വദിനെ ചൂണ്ടിക്കാണിച്ച് ‘ശിലാപൂജ’ സമര്‍ത്ഥിക്കുവാന്‍ ശ്രമിക്കുന്നത് എത്രമേല്‍ ബാലിശമാണെന്ന് ആര്‍ക്കും വ്യക്തമാകും.

ഭക്തി സമര്‍പ്പിക്കപ്പെടുകയോ നിവേദ്യങ്ങള്‍ നേരപ്പെടുകയോ കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായ ഉപകാരോപദ്രവങ്ങള്‍ പ്രതീക്ഷിക്കപ്പെടുകയോ ഭരമേല്‍പിക്കപ്പെടുകയോ സഹായമഭ്യര്‍ത്ഥിക്കപ്പെടുകയോ പ്രാര്‍ത്ഥിക്കപ്പെടുകയോ ഒന്നും ചെയ്തിട്ടില്ലാത്ത ഹജറുല്‍ അസ്‌വദ്, പ്രപഞ്ചനാഥനുള്ള ആരാധനയായി കഅ്ബയെ വലം വെക്കുന്നവര്‍ക്ക് (ത്വവാഫ്) അത് തുടങ്ങുവാനുള്ള സ്ഥലം അടയാളപ്പെടുത്തുന്ന നാട്ടക്കുറിയായാണ് ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍ നിലനില്‍ക്കുന്നത്. ഇസ്‌ലാം പൂര്‍വ അറബികള്‍ക്കിടയിലും അതങ്ങനെ മാത്രമാണ് നിലനിന്നത്. ഹജറുല്‍ അസ്‌വദിനെ ആരാധിക്കുന്ന യാതൊരു കര്‍മവും ഹജ്ജോ ഉംറയോ ഉള്‍ക്കൊള്ളുന്നില്ല, ഉള്‍ക്കൊണ്ടിട്ടുമില്ല. ചരിത്രത്തില്‍ നിന്നോ കഅ്ബയുടെ നിര്‍മാണരീതിയില്‍ നിന്നോ കഅ്ബയ്ക്ക് ഇബ്‌റാഹിം നബി (അ)യുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം നിഷേധിക്കാനാവശ്യമായ യാതൊരു തെളിവും ഹാജരാക്കാനാവില്ല എന്നു ചുരുക്കം.

ആരാധിക്കപ്പെടുന്ന കല്ലുകള്‍ ദൈവത്തിന്റെ പ്രവാചകന്‍മാര്‍ സ്ഥാപിക്കുകയില്ലെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ സാക്ഷാല്‍ ദൈവത്തെ ആരാധിക്കുവാനുള്ള സ്ഥലം അടയാളപ്പെടുത്താന്‍വേണ്ടി ദൈവനിര്‍ദേശപ്രകാരം കല്ലുകള്‍ വെക്കുക പ്രവാചകന്‍മാരുടെ സമ്പ്രദായം തന്നെയാണ്. കഅ്ബയുടെ കാര്യത്തില്‍ ഇബ്‌റാഹിം നബി(അ) ചെയ്തത് അതുമാത്രമാണ്. ആരാധനാലയത്തിന്റെ നിര്‍മാണം തുടങ്ങാന്‍വേണ്ടി ഉപയോഗിച്ച കല്ലിനെ ചൂണ്ടിക്കാണിച്ച് കഅ്ബ അബ്രഹാമികമല്ലെന്ന് ‘സമര്‍ത്ഥിക്കുന്നവര്‍’, ഈ രീതി പ്രവാചകന്‍മാര്‍ക്കുണ്ടായിരുന്നുവെന്ന് ബൈബിള്‍ തന്നെ വ്യക്തമാക്കുന്നുണ്ടെന്ന വസ്തുതയെ വളരെ സമര്‍ത്ഥമായി മറച്ചുവെക്കുകയാണ് ചെയ്യുന്നത്. അബ്രഹാമിന്റെ പുത്രന്‍ ഇസ്ഹാഖിന്റെ പുത്രനും ഇസ്രാഈല്‍ ഗോത്രങ്ങളുടെ പിതാവുമായ യാക്കോബ് പ്രവാചകന്റെ ജീവിതത്തില്‍ നിന്ന് ബൈബിള്‍ പഴയ നിയമം ഉദ്ധരിക്കുന്ന ഒരു സംഭവം നോക്കുക: ”യാക്കോബ് ബേര്‍ഷെബായില്‍ നിന്ന് ഹാരാനിലേക്ക് പുറപ്പെട്ടു. സൂര്യന്‍ അസ്തമിച്ചപ്പോള്‍ അവന്‍ വഴിക്ക് ഒരിടത്തു തങ്ങുകയും രാത്രി അവിടെ ചെലവഴിക്കുകയും ചെയ്തു. ഒരു കല്ലെടുത്ത് തലയ്ക്കുകീഴെ വെച്ച് അവന്‍ ഉറങ്ങാന്‍ കിടന്നു. അവന് ഒരു ദര്‍ശനം ഉണ്ടായി; ഭൂമിയില്‍ ഉറപ്പിച്ചിരുന്ന ഒരു ഗോവണി, അതിന്റെ അറ്റം ആകാശത്തു മുട്ടിയിരിക്കുന്നു. ദൈവദൂതന്‍മാര്‍ അതിലൂടെ കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടിരുന്നു. ഗോവണിയുടെ മുകളില്‍ നിന്നുകൊണ്ട് കര്‍ത്താവ് അരുളി ചെയ്തു: ഞാന്‍ നിന്റെ പിതാവായ അബ്രഹാമിന്റെയും ഇസ്ഹാഖിന്റെയും ദൈവമായ കര്‍ത്താവാണ്. നീ കിടക്കുന്ന ഈ മണ്ണ് നിനക്കും നിന്റെ സന്തതികള്‍ക്കും ഞാന്‍ നല്‍കും. നിന്റെ സന്തതികള്‍ ഭൂമിയിലെ പൂഴിപോലെ എണ്ണമറ്റവരായിരിക്കും. കിഴക്കോട്ടും പടിഞ്ഞാറോട്ടും തെക്കോട്ടും വടക്കോട്ടും നിങ്ങള്‍ വ്യാപിക്കും. നിന്നിലൂടെയും നിന്റെ സന്തതികളിലൂടെയും ഭൂമിയിലെ ഗോത്രങ്ങളെല്ലാം അനുഗ്രഹിക്കപ്പെടും. ഇതാ, ഞാന്‍ നിന്നോടു കൂടെയുണ്ട്. നീ പോകുന്നിടത്തെല്ലാം ഞാന്‍ നിന്നെ കാത്തുരക്ഷിക്കും. നിന്നെ ഈ നാട്ടിലേക്ക് തിരികെ കൊണ്ടുവരും. നിന്നോട് പറഞ്ഞതൊക്കെ നിറവേറ്റുന്നതുവരെ ഞാന്‍ നിന്നെ കൈവിടുകയില്ല. അപ്പോള്‍ യാക്കോബ് ഉറക്കില്‍ നിന്നുണര്‍ന്നു. അവന്‍ പറഞ്ഞു: തീര്‍ച്ചയായും കര്‍ത്താവ് ഈ സ്ഥലത്തുണ്ട്. എന്നാല്‍, ഞാന്‍ അതറിഞ്ഞില്ല. ഭീതിപൂണ്ട് അവന്‍ പറഞ്ഞു; ഈ സ്ഥലം എത്ര ഭയാനകമാണ്! ഇത് ദൈവത്തിന്റെ ഭവനമല്ലാതെ മറ്റൊന്നുമല്ല. സ്വര്‍ഗത്തിന്റെ കവാടമാണിവിടം. യാക്കോബ് അതിരാവിലെ എഴുന്നേറ്റ് തലയ്ക്കുകീഴെ വെച്ചിരിക്കുന്ന കല്ലെടുത്ത് ഒരു തൂണായി കുത്തിനിര്‍ത്തി അതിന്‍മേല്‍ എണ്ണയൊഴിച്ചു. അവന്‍ ആ സ്ഥലത്തിന് ബഥേല്‍ എന്നു പേരിട്ടു. ലൂസ് എന്നായിരുന്നു ആ പട്ടണത്തിന്റെ ആദ്യത്തെ പേര്. അതുകഴിഞ്ഞ് യാക്കോബ് ഒരു പ്രതിജ്ഞ ചെയ്തു. ദൈവമായ കര്‍ത്താവ് എന്റെ കൂടെ ഉണ്ടായിരിക്കുകയും, ഈ യാത്രയില്‍ എന്നെ സംരക്ഷിക്കുകയും, എനിക്ക് ഉണ്ണാനും ഉടുക്കാനും തരികയും, എന്റെ പിതാവിന്റെ വീട്ടിലേക്ക് സമാധാനത്തോടെ ഞാന്‍ തിരിച്ചെത്തുകയും ചെയ്താല്‍ കര്‍ത്താവായിരിക്കും എന്റെ ദൈവം. തൂണായി കുത്തി നിര്‍ത്തിയിരിക്കുന്ന ഈ കല്ല് ദൈവത്തിന്റെ ഭവനമായിരിക്കും. അവിടുന്ന് എനിക്ക് തരുന്നതിന്റെയെല്ലാം പത്തിലൊന്ന് ഞാന്‍ അവിടുത്തേക്ക് സമര്‍പ്പിക്കുകയും ചെയ്യും.” (ഉല്‍പത്തി 28 : 10-22).

ദൈവം തന്റെ ജനതക്ക് നല്‍കിയ വാഗ്ദത്ത വിശുദ്ധഭൂമിയില്‍ ദൈവനിര്‍ദേശപ്രകാരം ആരാധനാലയമടയാളപ്പെടുത്താന്‍ കല്ലുനാട്ടിയ യാക്കോബ് ചെയ്തുവെന്ന്  ബൈബിള്‍ പറയുന്നതിലധികമൊന്നും അബ്രഹാമും ഇശ്മയേലും മക്ക എന്ന വാഗ്ദത്ത വിശുദ്ധ ഭൂമിയില്‍ ഹജറുല്‍ അസ്‌വദ് എന്ന മൂലശില കൊണ്ട് കഅ്ബയുടെ നിര്‍മാണമാരംഭിച്ചപ്പോള്‍ സംഭവിച്ചിട്ടില്ല എന്നതാണ് സത്യം. ഹജറുല്‍ അസ്‌വദ് ചൂണ്ടിക്കാണിച്ച് കഅ്ബയുടെ അബ്രഹാമിക പ്രവാചകപാരമ്പര്യം നിഷേധിക്കുന്നത് അതിനാല്‍ തന്നെ, എല്ലാ അര്‍ത്ഥത്തിലും അടിസ്ഥാനരഹിതമാണ്.

print